Wednesday, May 17, 2017

വൈശാലി


വരണ്ടുണങ്ങിയ മണ്ണിലേക്ക് മഴപെയ്യിക്കാൻ ഋഷ്യശൃംഗനെ വശീകരിച്ച് കൊണ്ടുവരാൻ താതന്‍റെ രാജ്യരക്ഷയ്ക്കായി സ്വയം മറന്നഭിനയിച്ചവൾ 'വൈശാലി'..... 
ആടിയും പാടിയും കൂടെ കൂട്ട് കൂടിയും സ്ത്രീ സാമിപ്യമറിയാത്ത നിഷ്കളങ്കനായ വിഭാണ്ഡക പുത്രനെ അംഗരാജ്യത്തിലെത്തിച്ചവൾ 'വൈശാലി'....

ദുന്ദുഭി നാദത്തിന്‍റെ അകമ്പടിയിൽ പെയ്ത മഴയിൽ 
ആനന്ദത്താൽ നൃത്തമാടുന്ന അംഗരാജ്യപ്രജകളെ കണ്ടു മതിമറന്ന ലോമപാദൻ
മോഹങ്ങൾ ബലികൊടുത്ത മകളെ മറന്നതോ അതോ ദാസിയായ മാലിനിയിൽ പിറന്ന മകളെ അംഗരാജ്യ പ്രജകളോട് വിളംബരം ചെയ്തു അംഗീകരിക്കാൻ ഉള്ള മനഃസാക്ഷിക്കുത്തോ ? 

ഉടമ്പടിയിൽ പറഞ്ഞ വാക്കു പാലിക്കാത്ത ലോമപാദാ, നിങ്ങൾ ചതിയനാണ്. ദാസിയിൽ പിറന്നതെങ്കിലും നാടിനു വേണ്ടി മോഹങ്ങൾ ബലികൊടുത്ത വൈശാലിയെ മറക്കരുതായിരുന്നു. സ്വന്തം അഭിമാനം നഷ്ടപ്പെടാതിരിക്കാൻ നിങ്ങളവളെ ഭംഗിയായി തഴഞ്ഞു. എല്ലാവരും ആനന്ദത്താൽ മതി മറന്നാടിയപ്പോൾ നിങ്ങളുടെ ചതിയുടെ നോവും പേറി അവളും കരയുന്നുണ്ടായിരുന്നു. കണ്ടിട്ടും നിങ്ങൾ കാണാത്ത ഭാവം നടിച്ചു. മഴയിൽ  കുതിർന്നു അവളുടെ ആത്മാവും കണ്ണീർ ഒഴുക്കിയിരുന്നു....
ഒടുവിൽ അവളാ മണ്ണിൽ അലിഞ്ഞുചേർന്നു...

കാലങ്ങൾ എത്ര കഴിഞ്ഞാലും ലോമപാദാ നിന്‍റെ അംഗരാജ്യത്തിന്‍റെ കണ്ണുകളിൽ നീ സമ്മാനിച്ച നോവും പേറിയവൾ വെണ്ണീറായ കഥ കാലം ഒരിക്കൽ തിരുത്തും.

നാടിനു വേണ്ടി സ്വയം മറന്ന് അഭിനയിച്ചപ്പോഴും നിനക്ക് അവനോട് പ്രണയം തോന്നിയിരുന്നില്ലേ 'വൈശാലി' ? 

സ്ത്രീസാമിപ്യമറിയാത്തവനോട് സ്ത്രീത്വത്തെയും  മാതൃത്വത്തെയും സ്ത്രീശരീരത്തെയും വർണ്ണിച്ചപ്പോഴും നിനക്കവനോട് പ്രണയം തോന്നിയിരുന്നില്ലേ 'വൈശാലി' ? 

ഒരുപക്ഷെ ലോമപാദൻ നിന്നെ പുത്രിയായി അംഗീകരിക്കുമ്പോൾ അംഗരാജ്യത്തോട് വിളിച്ചുപറയാൻ മാറ്റി വെച്ചതായിരുന്നോ നിന്‍റെ പ്രണയം ? അതുകൊണ്ടാണോ അവനോട്  നീ അനുരാഗവതിയായിട്ടും നിന്‍റെ പേര് കോറിയിടാൻ മറന്നത് ? 

താതൻ നിനക്കേകിയ ചതിയറിയാതെ രാജരഥത്തിൽ യാത്രയാകുമ്പോഴും ഇന്ദ്രനീലിമ കണ്ണുകൾ നിന്നെ തിരയുന്നുണ്ടായിരുന്നില്ലേ വൈശാലി ? 

ആ സമയമെങ്കിലും നിനക്ക് അവനോടു പറയാമിയിരുന്നില്ലേ 'വൈശാലി'.... നിന്‍റെ പ്രണയം അവനോട് ? 

ആ മഴയിൽ സ്വയം അലിഞ്ഞു ഇല്ലാതായി    കുതിർന്നു നീ മണ്ണിൽ വീണുകിടക്കുമ്പോഴും നിനക്കവനിരികിലേക്ക് ഓടിചെല്ലാമായിരുന്നില്ലേ വൈശാലി ?

ചിലപ്പോൾ അതിൻ പൊരുൾ എനിക്കേതും അറിയില്ലായിരിക്കും.......

മഞ്ഞുതുള്ളികളെ പോലും കുളിരണിയിപ്പിച്ച പ്രണയമ

മഞ്ഞുതുള്ളികളെ പോലും 
കുളിരണിയിപ്പിച്ച പ്രണയമഴയിൽ നനഞ്ഞ പക്ഷിയാണ്‌ എന്‍റെ പ്രണയിനി.....

അസ്ഥിക്ക് പിടിച്ച പ്രണയം.


ഞാൻ പലപ്പോഴും എന്നോട് തന്നെ ചോദിക്കാറുള്ള ഒരു ചോദ്യമുണ്ട് "വേറൊരിടത്തും പിടിക്കാതെ ഈ പ്രണയം എന്തിനാ അസ്ഥിക്ക് മാത്രം പിടിക്കുന്നത്." 

ഞാൻ ആണെങ്കിൽ അവളുടെ അസ്ഥിക്ക് പിടിക്കാനും മറന്നുപോയി.....

"ചില ചോദ്യങ്ങള്‍ക്ക് അര്‍ത്ഥമുണ്ടാകില്ല അല്ലേ..ചിലതിനാവട്ടെ ഉത്തരങ്ങളും......."