Friday, October 23, 2015

യാത്രാമൊഴി - ലോല

[കഥകളുടെ ഗന്ധർവ്വൻ പപ്പേട്ടൻ എഴുതി നിർത്തിയിടത്തു നിന്നും എന്‍റെ ഭാവനയിൽ ഞാൻ കണ്ടെടുത്ത ലോലയെ യാത്രാമൊഴിയിലൂടെ ഒരു പുനരാവിഷ്ക്കരണം] 

യാത്രാമൊഴി





















"ചുംബിച്ച ചുണ്ടുകൾക്ക് വിട തരൂ 'ലോലെ'...
വീണ്ടുമൊരു കണ്ടുമുട്ടൽ ഇനിയുണ്ടായെന്നു വരില്ല , ഞാൻ മരിച്ചതായി നീയും നീ മരിച്ചതായി ഞാനും കരുതി ഇനിയുള്ള കാലം നമ്മുക്ക് വേർപിരിഞ്ഞു കഴിയാം".... എന്ന് പറഞ്ഞു ലോലയുടെ ജീവിതത്തിൽ നിന്നും അവളുടെ പ്രണയത്തിൽ നിന്നും യാത്ര പറഞ്ഞ് പിരിയുമ്പോഴും....
എനിക്ക്‌ അറിയാമായിരുന്നു ഒന്നുകിൽ അവൾ ലഹരിക്കടിമയാകും അതുമല്ലെങ്കിൽ  ലോലയും മെർലിനെ പോലെ ഒരു വിഡ്ഢിയാകുമോ ? 

'കണക്കറ്റു ദുഃഖിക്കുമ്പോൾ ഒരു വേള അവളും ആത്മഹത്യ ചെയ്യുമോ' മെർലിനെ പോലെ ?

ലോലയെ ഒരു കുല പൂവിന്‍റെ പശ്ചാത്തലത്തിൽ ക്യാമറയിലേക്ക് അവസാനത്തെ ചിത്രം ഒപ്പിയെടുത്തപ്പോൾ അവൾ പറഞ്ഞതും അതാണ്‌...

'ഞാനും ആ വിഡ്ഢിത്തം കാട്ടും , മെർലിൻ കാട്ടിയ ആ വിഡ്ഢിത്തം'

ആത്മഹത്യ.....!!

കഷ്ട്ടപ്പാടുകൾക്കും വീട്ടിലെ പ്രശ്നങ്ങൾക്കുമിടയിൽ കിടന്നു നീറിയ എനിക്ക് , അവളിൽ നിന്നും ഒഴിഞ്ഞു മാറേണ്ടത് അത്യാവശ്യമായിരുന്നു.... 
അവളെ സന്തോഷപ്പെടുത്താൻ വേണ്ടിയാണെങ്കിലും , ഞാൻ ചെയ്യ്തതും തെറ്റല്ലേ ?
മനസ്സും , ശരീരവും , പ്രണയവും പങ്കുവെക്കരുതായിരുന്നു.....
ആശ നൽകരുതായിരുന്നു....

ലഹരിയിലേക്കോ ? ആത്മഹത്യയിലേക്കോ ?
ലോല വഴിതെറ്റി പോകുമെന്ന അവസ്ഥയിൽ അവളെ ദുഃഖത്തിന്‍റെ കാണാകയത്തിലേക്കല്ലോ ഞാൻ അറിഞ്ഞു കൊണ്ട് തള്ളിയിടുന്നതെന്ന നിസംഗതയോടെ യാത്രയാകുമ്പോഴും കുറ്റബോധം കൊണ്ടെന്‍റെ മനസ്സ് പുകയുന്നുണ്ടായിരുന്നു......

ലോലയുടെ കരഞ്ഞ് കലങ്ങിയ കണ്ണുകൾക്ക് 'പറന്നു പോയ പ്രണയത്തെ' അവ്യക്തമായി മാത്രമേ കാണാൻ കഴിഞ്ഞുള്ളു....
ലാജോളായിലെ കൊടുമുടികളിൽ കടലിനു മുകളിലേക്ക് തള്ളിനില്ക്കുന്ന വീട്ടിലിരിക്കുമ്പോഴും ആ കണ്ണുകളിൽ നിന്നും വിശ്രമമില്ലാതെ കണ്ണീർ മഴ പെയ്യുകയായിരുന്നു...

മാസങ്ങൾ പൊഴിഞ്ഞു പോയി....
ലോലയുടെ ചിന്തകളെ  ലഹരിയുടെ പക്ഷികൾ കൊത്തി വലിക്കാൻ തുടങ്ങി....

നാട്ടിലെ തിരക്കുകൾക്കിടയിലും ഞാൻ ലോലയെ എന്നുമോർത്തിരുന്നു...
തെക്കൻ കാലിഫോർണിയയിലെ മണൽക്കാടുകളിലെ ചൂടുള്ള കാറ്റ് ഹരിപ്പാട്ടെ എന്‍റെ വീട്ടുമുറ്റത്തും മുറിയിലും എന്നും വീശുന്നുണ്ടായിരുന്നു....
ആ രാത്രികളിലെല്ലാം ലോല സ്വപ്നങ്ങളിൽ എന്‍റെ വിരലുകളെയും ചുണ്ടുകളെയും  ചുംബിക്കുകയും ചെയ്യ്തിരുന്നു....

അമ്മ പറഞ്ഞ പെണ്ണിനെ വിവാഹം ചെയ്യാൻ സമ്മതം മൂളിയപ്പോഴും...!!
വിവാഹ നിശ്ചയത്തിനു വേണ്ടി ക്യാമറയിലെ ഫിലിം കഴുകിയെടുത്തപ്പോഴും....!
'ലജ്ജാ ശീലയായ ലോല' 
അവളെ ഞാൻ മുപ്പതടിയോളം ഉയരത്തിൽ നിൽക്കുന്ന ഭീമാകൃതിയിലുള്ള ജ്വോഷ്വാവൃക്ഷങ്ങളുടെ കീഴിൽ ഒറ്റയായും , കുലയായും കാറ്റ് വീശുമ്പോൾ കൊമ്പുലഞ്ഞാടി അടർന്നു വീണ ഒരു കുല പൂവിന്‍റെ പശ്ച്ച്ചാത്തലത്തിൽ ഒപ്പിയെടുത്ത ഫോട്ടോ , അതിലവൾ മനോഹരമായി ചിരിച്ചു എന്നെ നോക്കി നിൽക്കുന്നു...

ഞാൻ സ്നേഹിതന്‍റെ വീട്ടിൽ നിന്നും I.S.D കോൾ ബുക്ക്‌ ചെയ്തു ലോലയെ വിളിച്ചു...
ലോലയുടെ സ്നേഹിത അമാൻഡയാണ് ഫോണ്‍ എടുത്തത്‌...
അമാൻഡ പറഞ്ഞതിങ്ങനെ :-

"ലഹരിയുടെ പക്ഷികൾ അവളെയും റാഞ്ചി ലാജോളായിലെ കൊടുമുടിയിൽ നിന്നും താഴെ കടലിലേക്കിട്ടു" 
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ലോല 'ഗർഭിണിയുമായിരുന്നു'.....

ലോലയുടെ ഓർമകളിൽ നിന്നും ഓടിയൊളിക്കാൻ കഴിയാതെ , ഞാൻ ഒരു ഭ്രാന്തനെ പോലെ ചിന്തകളിൽ അലഞ്ഞു നടന്നു. 
ഭാരതത്തിലേക്ക് വരണമെന്നായിരുന്നു അവളുടെ ആശ.....
ലോല ഒരു ചുടു നിശ്വാസമായിരുന്നു....
ചിന്തകളിൽ നിന്നും ഞാൻ ലോലയ്ക്ക് പുതു ജീവൻ നൽകി....

ലോല ഒരു കുളിരായി ക്ലാരയിലൂടെ പുനർജനിച്ചു.....
അതെ ,
സത്യമാണ്...!!

" ലോല തന്നെയാണ് ക്ലാര "
ഞാനിന്നും ലോലയെ സ്നേഹിക്കുന്നു....
ക്ലാരയെ അതിലേറെ സ്നേഹിക്കുന്നതും 'ലോലയാണെന്ന്' അറിഞ്ഞു കൊണ്ട് തന്നെ.....

No comments: