Saturday, January 9, 2016

കുരുത്തം കെട്ടവന്‍



ആത്മഗതം : കുരുത്തം കെട്ടവന്‍
എന്‍റെ തമാശകൾ  
================
ഇതൊരു രസകരമായ സംഭവം ആണോ ? അല്ലയോ ? എന്നൊന്നും എനിക്കറിയില്ല....!!
സംഭവം നടക്കുന്നത് എനിക്കു പത്ത് വയസ്സുള്ളപ്പോൾ ആണ്....!!
മമ്മി പറയുമായിരുന്നു "കൊച്ചിയിലെ പിള്ളേരിൽ കണ്ടതിൽ വെച്ചു ഏറ്റവും വലിയ കുരുത്തം കെട്ടവൻ 'ഞാൻ' ആണെന്ന്" 

അങ്ങനെ പറഞ്ഞതിന്‍റെ കാരണം, 
നിങ്ങൾക്കറിയാൻ വേണ്ടി ചെറുതായിട്ട് ഞാനൊന്ന് വിശദീകരിക്കാം...

വായിൽ സ്വർണ്ണ കരണ്ടിയുമായി ജനിച്ചവനൊന്നുമല്ല 'ഞാൻ'....
സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്നവനാണ്...!!
എന്നാലും അതിന്‍റെ അഹങ്കാരം ഒന്നും എനിക്കില്ലായിരുന്നു....
കാരണം ഒരല്ലല്ലും ഇല്ലാതെയാണ് എന്നെ വളർത്തിയത് എന്ന് പറയുന്നതിനേക്കാളും വഷളാക്കിയത് എന്ന് പറയുന്നതാകും സത്യം...!!

നവംബർ 14 
ശിശുദിനത്തിൽ സ്കൂളിൽ നിന്നും റാലിക്ക് വരിവരിയായി മാർച്ച് ചെയ്തു റോഡിലൂടെ പോകുകയാണ്...
പോകുന്ന വഴി റോഡിലെ കല്ലുകളിൽ മാറഡോണയും പെലയുമൊക്കെ ജനിച്ചു ഒരുപാട് ഗോളുകൾ തെക്ക് വടക്ക് അടിച്ചു (ലെഫ്റ്റ് റൈറ്റ് അടിച്ചു നടന്നു)...

കൂട്ടത്തിലുണ്ടായവരിൽ മുൻപിൽ മാർച്ച് ചെയ്ത പോയ ഒരുത്തൻ,
ഒരു ചെറിയ കല്ല്‌ കൈയിൽ എടുത്ത് മുകളിലേക്ക് പൊക്കിയിട്ടു കാലിലെ ഷൂസ് കൊണ്ട് പുറകിലോട്ടു ഒരു സിസർ കട്ട് അടിച്ചു......

ഇത് കണ്ട 'ഞാൻ' ഒരു വലിയ കരിങ്കൽ എടുത്തു പൊക്കിയിട്ട് ഒരു സിസർ കട്ട് അടിച്ചു......
പക്ഷെ ,
അത് ഗ്ലാസ് കട്ട് ആയെന്നു മാത്രം.....

കാലിലെ ഷൂസിൽ നിന്നും അടി വാങ്ങിയ കല്ല്‌ അന്തരീക്ഷത്തിൽ ഉയർന്നു രണ്ടു മൂന്നു സെക്കന്റ് അമ്മാനമാടിയതിനു ശേഷം  നേരെ കല്ല്‌ ചെന്ന് വീണത്, ചീറി പാഞ്ഞു വന്ന Daewoo Cielo കാറിന്‍റെ മുൻവശത്തെ ചില്ലിലും...

കാർ ബ്രേക്കിട്ടു ചവിട്ടി നിറുത്തി....
'ഞാൻ' ശിശുദിന റാലിയിൽ നിന്നും ഓടിയത് വീട്ടിലേക്കും.....
വീട്ടിൽ ഓടി ചെന്ന് കട്ടിലിൽ കമിഴ്ന്നടിച്ചു കിടന്നു.....

പന്തിക്കേട്‌ തോന്നിയ മമ്മി എത്ര ചോദിച്ചിട്ടും ഞാൻ ഒന്നും പറഞ്ഞില്ല....
അത്രയ്ക്കും പേടിച്ചു പകച്ചു പോയി എന്‍റെ ബാല്യം....!!
എന്തോ കുരുത്തക്കേട്‌ ഒപ്പിച്ചെന്നു കരുതി,,,,
മമ്മിയും വഴക്ക് പറയാൻ തുടങ്ങി.....

സീൻ വഷളായി....
സ്കൂളിൽ നിന്നും ടീച്ചർമാരും ആ കാറുകാരനും വീട്ടുമുറ്റത്ത്‌ എത്തി....
അവരും പേടിച്ചു പോയി.....
കൊച്ചിനെ റാലിയിൽ നിന്നും മിസ്സ്‌ ആയതിനു.....

വീട്ടിലെങ്ങാനും വന്നോ എന്നറിയാൻ തിരക്കി വന്നതാണ്‌ ടീച്ചർമാരും , കാറുകാരനും....

ഭാഗ്യത്തിന് കാറിന്‍റെ ചില്ലിനു ഒരു പോറൽ പോലും വീണില്ല.... 
ആരോ ചെയ്ത മുജന്മ സുകൃതം എന്നൊക്കെ പറയുന്നത് അന്നെനിക്ക് മനസിലായി അതൊക്കെ സത്യമാണെന്ന്...
മമ്മി അയാളോടും , ടീച്ചർമാരോടും ഒരുപാട് മാപ്പ് പറഞ്ഞു....
എങ്ങനെയൊക്കെയോ പ്രശ്നം ഒത്തു തീർപ്പാക്കി....

പിന്നെ മുറിയിലേക്ക് വന്നു എന്നെ പൊതിരെ കൈയിൽ കിട്ടിയതെല്ലാം വെച്ചു തലങ്ങും വിലങ്ങും അടിച്ചു പതം വരുത്തി.... അപ്പോൾ പറഞ്ഞതാണ് ഈ വാക്യങ്ങൾ "കൊച്ചിയിലെ പിള്ളേരിൽ കണ്ടതിൽ വെച്ചു ഏറ്റവും വലിയ കുരുത്തം കെട്ടവൻ 'ഞാൻ' ആണെന്ന്" 

ആാഹ്....!!
ഇപ്പോൾ നുമ്മ എങ്ങനെയുള്ളവൻ ആണെന്ന് നിങ്ങൾക്ക് ഒരു ചെറിയ അറിവായി....!!
ഇനി നുമ്മ ഒരു കഥ പറയാം.....
സ്വന്തം കഥ തന്നെയാണ്.... 

ഉച്ചയ്ക്കത്തെ ലഞ്ച് ബ്രേക്കിന് വീട്ടിൽ നിന്നും മമ്മി സ്റ്റീലിന്‍റെ വട്ട പാത്രത്തിൽ ചോറും ചമ്മന്തിയും ഏതെങ്കിലും ഒരു തോരനും (കൂടുതലും ബീറ്റ്റൂട്ട് ആകും ഉണ്ടാകുക എനിക്കതിന്‍റെ ചുവന്ന നിറം ചോറിൽ കുഴച്ച് കഴിക്കാൻ ഒരുപാടിഷ്ട്ടമായിരുന്നു) മൊട്ട പൊരിച്ചതും വെച്ചു നീളൻ കർച്ചീഫിൽ കെട്ടി തന്നു വിടുന്നത് ബഞ്ചിലോ , മതിലിലോ ഇടിച്ചു തുറന്ന് പെട്ടെന്ന് വാരി വലിച്ചു തിന്നും..... 
എന്നിട്ട് പാത്രം പോലും കഴുകി വെക്കാതെ വട്ട പാത്രം മൂടിവെച്ചു ഓടും.... 
എന്നത്തേയും പോലെ കൂട്ടുകാരുമൊത്തു കളിക്കാൻ വേണ്ടി.......

രംഗം
[സ്കൂളിന്‍റെ മുൻപിൽ ഒരു പാണ്ടി ലോറി പാർക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു , ഡ്രൈവറും കിളിയും  ഉച്ച ഭക്ഷണം കഴിഞ്ഞു റെസ്റ്റ് എടുക്കുകയായിരുന്നു.... ]

'ഞാനും' കൂട്ടുകാരും ലോറിക്കടിയിലൂടെ ഓടി നടന്നു കളിക്കാൻ തുടങ്ങി.... 

തമിഴൻ (പാണ്ടി) ഡ്രൈവർ വഴക്ക് പറഞ്ഞപ്പോൾ കൂട്ടുകാരെല്ലാം പേടിച്ച് ഓടി... 
എന്നാൽ 'ഞാൻ' ഡ്രൈവെറോട്  "നീ പോടാ പാണ്ടി" എന്ന് പറഞ്ഞു വീണ്ടും കളിയിൽ മുഴുകി.... 
എന്‍റെ കളി കണ്ടു വഴക്ക് കേട്ട് ഓടിയ കൂട്ടുകാരെല്ലാം വീണ്ടും വന്നു.... 
ഡ്രസ്സിലും മുഖത്തുമെല്ലാം ഗ്രീസ് നന്നായിട്ട് ആയിട്ടുണ്ട്‌ ......

അത് വഴി...
ഓഫീസ് ലഞ്ച് ടൈമിന് ഊണ് കഴിക്കാൻ വീട്ടിലേക്ക് സ്കൂട്ടറിൽ പോകുന്ന ഒരാൾ.... 
നിറുത്തിയിട്ടിരിക്കുന്ന ലോറിക്കടിയിലൂടെ ഒരു കുട്ടിയും കുറച്ചു കൂട്ടാളികളും ചേർന്ന് ലോറിയുടെ അടിയിലൂടെ ഓടിയും ചാടിയും തൂങ്ങിയുമൊക്കെ  കളിക്കുന്നത് കണ്ടു സ്കൂട്ടർ നിറുത്തി...

കിളിയോട്...ലോറികട വെച്ചിട്ടുണ്ടോ ? എന്ന് ചോദിച്ചു....

കിളി : വെച്ചിട്ടുണ്ട്.... 
ഡ്രൈവർ എല്ലാത്തിനെയും ഓടിച്ചു പക്ഷേ ഒരു 'നായിന്‍റെ മോൻ' മാത്രം പോകുന്നില്ലാ സാർ....

സ്കൂട്ടർ യാത്രികൻ : എന്‍റെ മോനും ഇവിടെയാ പഠിക്കുന്നത് , എന്‍റെ മോനൊന്നും ഇങ്ങനെ കാണിക്കില്ലാ.... അവനെ ഞങ്ങൾ അങ്ങനെയാ വളർത്തുന്നത്....

യാത്രികനെ കണ്ട കുട്ടി....
ഡാഡി.....ഡാഡി എന്നും വിളിച്ച് ഓടി സ്കൂട്ടറിനടുത്തേക്ക് ഓടി ചെന്നു....

കിളി : ഇവൻ താൻ സാർ നാൻ സൊന്ന അന്ത പയ്യൻ....

കുട്ടി : ഡാഡി....

കിളി : ഇത് ഉങ്ക പയ്യനാ സാർ..... മന്ദിക്കണം സാർ.........

ബെല്ലടിച്ചു....
ഞാൻ സ്കൂളിലേക്കും പോയി.....

[അന്ന് സ്കൂളിൽ നിന്നും വീട്ടിൽ ചെന്നപ്പോൾ, തന്തയ്ക്ക് പറയിപ്പിച്ചപ്പോൾ സന്തോഷമായല്ലോടാ കുരുത്തം കെട്ടവനെ എന്ന് പറഞ്ഞായിരുന്നു അന്നത്തെ തല്ലിന് മമ്മി തുടക്കം കുറിച്ചത്] 

"മരിക്കുന്നത് വരെ എന്നെ ഒന്ന് നുള്ളി നോവിപ്പിക്കുക പോലും ചെയ്യാത്ത എന്‍റെ അച്ഛനെ അന്നവരെ കൊണ്ട്  പറയിപ്പിച്ചപ്പോൾ അന്നതിന്‍റെ ഗൗരവം എനിക്കറിയില്ലായിരുന്നു എങ്കിലും ഇന്നതൊക്കെ ആലോചിക്കുമ്പോൾ വിഷമം തോന്നാറുണ്ട്"...... :(

No comments: