Friday, April 29, 2016

സ്വപ്‌നങ്ങൾ

എന്‍റെ ജീവിതം കയ്പ്പും മാധുര്യവും നിറഞ്ഞതായിരുന്നു..... 
ഒരുപാട് കയ്പ്പുകളും സമ്മാനിക്കുമ്പോഴും ഒരുതരി മധുരം അവശേഷിക്കുന്ന ജീവിതമായിരുന്നു എന്‍റെ ജീവിതമെന്ന കടങ്കഥ.  അതെ എന്‍റെ ജീവിതത്തെ കടങ്കഥയെന്നു പറയാമെന്നെനിക്ക് തോന്നുന്നു കാരണം ഉത്തരം ഇല്ലാത്ത കുറേ ചോദ്യങ്ങള്‍ മാത്രമാക്കുന്ന ജീവിതം....... 

കല്ലും ,ചില്ലും ,ചളിയും ,മുള്ളും നിറഞ്ഞ വഴിയിലൂടെയായിരുന്നു ഞാൻ ഏറെ മുൻപോട്ട് പോയിരിന്നത്, പാതിവഴിയിൽ എവിടെയോ എന്‍റെ പാതയിൽ വസന്തകാലവും ഉണ്ടായിരുന്നു...... 
ആ യാത്രയിൽ ഞാൻ വാരിയെടുത്ത ഓരോ മൊട്ടുകളും , പൂക്കളും , മുത്തുമണികളും എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടവയായിരുന്നു... അതെല്ലാം എന്‍റെ ജീവിതത്തിന്‍റെ പച്ചയായ നിറഭേദങ്ങൾ എനിക്ക് കാണിച്ചു തന്നവയാണ്....... 
അവയിലൊന്നിൽ  ഒളിപ്പിച്ച് വെച്ച കാക്ക കറുപ്പിന്‍റെ കാപട്യം ഞാന്‍ തിരിച്ചറിഞ്ഞു....... 
നിറങ്ങൾ വാരി വിതറിയെറിഞ്ഞ വഴിവക്കിലൂടെ ഓരോ കാലടികൾ കഴിയുന്തോറും ഇനി വരാൻ പോകുന്ന  നിറഭേദങ്ങൾ മാത്രം...... മുന്നിലെ പടികൾ ഓരോന്നായി ചവിട്ടിക്കയറുമ്പോൾ ഇടറി വീഴാൻ തുടങ്ങിയപ്പോൾ ഒരു കൈ സഹായത്തിനായി ഞാൻ പരതി...... 
കൂർത്ത കല്ലുകളിലും , ചില്ലുകളിലും തട്ടി കാലിൽ ചോര പൊടിഞ്ഞിട്ടും.....
കുണ്ടിലും. കുഴിയിലും പലവട്ടം വീണിട്ടും ഞാൻ തോറ്റ് കൊടുത്തില്ല....... 
ഉള്ളു നീറുമ്പോഴും കുളിരുള്ള സ്വപ്‌നങ്ങളെയും കെട്ടിപ്പിടിച്ച് ഓർമ്മകളുടെ ഭാണ്ഡസഞ്ചിയിലെ തുടിക്കുന്ന ഓർമ്മകളെ താരാട്ടി ഞാൻ ഉറങ്ങി...... 

തോൽക്കരുതെന്ന് പലവട്ടം ആശിച്ചിട്ടും പലവട്ടം എന്നോടു തന്നെ സ്വയം പറഞ്ഞിട്ടും......
തീകനലുകൾക്കിടയിലൂടെ ജീവിതത്തിന്‍റെ മധ്യകാലത്തിലേക്കുള്ള യാത്രയില്‍ എനിക്ക് ജീവിത യാത്രയുടെ 
തുടക്കത്തില്‍ തിരിച്ചറിയാതെ പോയ യാഥാര്‍ത്ഥ്യങ്ങളെയും , ഞാൻ നെയ്തെടുത്ത എന്റെ നിറമുള്ള സ്വപ്‌നങ്ങളെയും.... ജീവിതയാത്രയുടെ ഓരോ നിമിഷത്തിലും ഞാൻ പെറുക്കിയെടുത്ത മണിമുത്തുകളെ, ഓരോന്നായി വഴിവക്കിൽ. ജീവിതമെന്ന മഹാ പാഠപുസ്തകതിൽ നിന്നും മനസിലാക്കിയ നെല്ലിക്കയുടെ കയ്പ്പും പുളിപ്പുമാര്‍ന്ന ജീവിതമെന്ന യാത്രയിൽ എന്‍റെ ബാല്യത്തിൽ ഞാൻ പഠിച്ച സഹനം എന്നുമെനിക്ക് തുണയുമായി.....

ഏതു പരിതഃസ്ഥിതിയിലും അതിജീവനം ഞാൻ ശീലമാക്കി....... 
കാലിടറാതെ പടികൾ കയറുമ്പോഴും കണ്മുൻപിൽ ശൂന്യതയും , ഇരുട്ടും നിറഞ്ഞുനിന്നു....... 
വിജയത്തിലെത്താൻ പറ്റുമെന്ന് വെറുതെയെങ്കിലും ആശിച്ചു വിജയകൊടുമുടിക്കരികിൽ എത്തിയപ്പോൾ, കൊടുമുടിക്ക് ഉയരത്തിലെത്തിയപ്പോൾ ആണ് ഒരു സത്യം ഞാന്‍ തിരിച്ചറിഞ്ഞത്....... 
എന്‍റെ ജീവിത യാത്രയുടെ തുടക്കത്തിൽ എന്നെ പിന്തുടർന്ന വെളിച്ചം പാതി വഴിയിലെവിടെയോ , ആരൊക്കയൊ , എനിക്കൊപ്പൊം ഉണ്ടെന്ന ഒരു തോന്നലിലൂടെ ആയിരുന്നു....... 
അതെന്‍റെ വെറും തോന്നൽ മാത്രമായിരുന്നു.....!!

പരാജയങ്ങളുടെ ചതുപ്പു കുഴിയിൽ വീണ് തോൽക്കാൻ എനിക്ക് മനസ്സില്ലെന്ന് പറയുമ്പോഴും അസ്വസ്ഥമാകുന്ന മനസ്സ് ,ഏകനും ,ദരിദ്രനും ആയപ്പോൾ ശാരീരിക സ്വസ്ത്യതകൾ കൊണ്ടു ഞാൻ വീണ്ടും സമ്പന്നനായി.......!!! 

ഇന്നെന്‍റെ സ്വപ്നങ്ങൾക്കു ജീവന്‍റെ തുടിപ്പില്ല......!!
ജീവിതമെന്ന നെല്ലിക്കയുടെ കയ്പ്പ്നീർ മാത്രം.......!! 

ഇന്ന് ഞാൻ പാതാളത്തോളം ആഴമുള്ള ഗർത്തങ്ങൾക്കു അടിത്തട്ടിലെവിടെയോ ആണ്......!!! 
എനിക്കർഹിക്കുന്ന ലാളനയും , സ്നേഹവും , എന്‍റെ പ്രതീക്ഷകളൊക്കെയും വളരാതെ പോയപ്പോൾ നിരാശ എന്ന അർബുദം എന്നിൽ  വ്യാപൃതമയി...!!
എന്‍റെ സ്വപ്ങ്ങളെല്ലാം ശ്വാസം മുട്ടി പിടഞ്ഞു ഇല്ലാതാകുന്നതും കൂരിരുട്ടിലാണത്രേ....!!
എല്ലാം അറിഞ്ഞിട്ടും ഒന്നുമറിയാത്തതു പോലെ ഞാനെന്‍റെ കണ്ണുകൾ തുറന്നിരിക്കുകയാണ്.......!!!

മഴ


ന്‍റെ സ്വപ്നങ്ങളെ മഴയിൽ ഒളിപ്പിച്ചു വെച്ചപ്പോൾ അറിഞ്ഞിരുന്നില്ല ഞാൻ ആ മഴ ഒരിക്കൽ തോരുമെന്നു.....

ആത്മാവ്


കൂലിയില്ലാതെ ദേഹം ചുമന്ന് നടക്കുന്ന ചുമട്ടുതൊഴിലാളിയാണ് ഞാനെന്ന് 'ആത്മാവ്'

ഒരു സെൽഫി കഥ


ആത്മഗതം : 'ഒരു സെൽഫി കഥ'
28/03/2016 - വിനയൻ. 
**********************************************
പതിവുപോലെ ഉച്ചയ്ക്ക് നുമ്മടെ അമ്മയുടെ വീട്ടിൽ ഭക്ഷണം കഴിക്കാൻ പോയി. അമ്മച്ചി ദേഷ്യത്തിലാ ഈസ്റ്റർ ആയിട്ട് ചിക്കൻ കറിയും ബീഫും എല്ലാം വെച്ചിട്ട് 'ഞാൻ' കഴിക്കാൻ ചെല്ലാത്തതിന്റെ പരിഭവം പതിവ് തെറിയിൽ ഒതുങ്ങി. നല്ല സുഭിക്ഷമായി കഴിച്ചതിന് ശേഷം കൈകഴുകി വന്നപ്പോൾ 2 മാമ്പഴവും കൂടി ചെത്തി കൊണ്ടുവന്നു അമ്മ.... അതും കഴിച്ചിട്ട് അവിടന്നിറങ്ങി നേരെ ജോലിസ്ഥലത്തേക്ക് പോകും വഴി മൊബൈൽ കരയുന്ന ശബ്ദം.....
പോക്കറ്റിൽ നിന്നും നുമ്മടെ സാംസണെ പുറത്തെടുത്തു അവനല്ലല്ലോ ഇത്.....
പക്ഷെ , 
അതേ റിംഗ് ടോൺ.....
ചുറ്റുപാടും ഒന്നു പരതി ഒന്നും കണ്ടില്ല.....
കോളും കട്ടായി...
'ഞാൻ' നടക്കാൻ തുടങ്ങിയപ്പോൾ വീണ്ടും റിംഗ് ടോൺ അടിക്കാൻ തുടങ്ങീ...
ഇത്തവണ നുമ്മ കണ്ടുപിടിച്ചു റോഡിൽ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോമറിന്റെ ചുറ്റുപാടും പുല്ലുപിടിച്ചു നിൽക്കുന്നതിനിടയിൽ നിന്നുമാണ് ശബ്ദം വരുന്നത്......
ശബ്ദം കേട്ട് പുല്ലു വകഞ്ഞു നോക്കിയപ്പോൾ ഒരു പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ ഒരു പേഴ്സ് അതിനുള്ളിൽ ഒരു സാംസങ്ങ് S7582 മൊബൈലും 1600 ഉം ചില്ലറയും പിന്നെ ഒരു സ്വർണ്ണ മോതിരവും....
മൊബൈലിൽ സെബു കോളിംഗ്......

ഫോൺ അറ്റൻഡ് ചെയ്യാൻ പോയപ്പോൾ കട്ടായി......
തിരിച്ചു വിളിച്ചു.....
ഒരു പ്രായമായ സ്ത്രീയുടെ കരച്ചിൽ......
"മോനെ ഈ ഫോൺ മോനെവിടെന്നു കിട്ടി.....ഉമ്മ ആശുപത്രിയിൽ പോയപ്പോൾ ബസ് സ്റ്റോപ്പിൽ മറന്നുവെച്ചതാണ്..... അതിനോടൊപ്പം ഒരു പേഴ്സും അതിൽ ഉമ്മാന്റെ മരുന്ന് ചീട്ടും മോതിരവും കുറച്ചു കാശുമുണ്ട്.... ഉമ്മയ്ക്ക് മോനാ മൊബൈൽ മാത്രം തന്നാൽ മതി........ ബാക്കി എല്ലാം മോനെടുത്തോ.... ഉമ്മാന്റെ മക്കള് വിളിച്ചാൽ ഉമ്മായ്ക്ക് സംസാരിക്കാൻ മറ്റൊരു മാർഗവുമില്ല...... ഉമ്മയിപ്പോൾ പെരുമ്പടപ്പിലാണ് മോൻ ഇവിടെ വരെ കൊണ്ട് വന്നു തരുമോ ? എന്നിങ്ങനെയുള്ള കുറേ വിഷമങ്ങളും ചോദ്യങ്ങളും"

അതെ ,
ഉമ്മ ഇത് എനിക്ക് കിട്ടിയത് ബസ് സ്റ്റോപ്പിൽ നിന്നല്ല...... ബസ് സ്റ്റോപ്പിൽ നിന്നും ഒരു കാൽ കിലോമീറ്റർ ദൂരെ നിന്നുമാണ് കിട്ടിയത്.... സെബു ഉമ്മാന്റെ ബന്ധത്തില്ലുള്ള ചേച്ചിയാ മോനേ ഞങ്ങൾ 3:30 മണിയാകുമ്പോൾ ആ ബസ് സ്റ്റോപ്പിൽ വരാം മോൻ കൊണ്ട് വന്നു തരുമോ ?
തരാമെന്ന ഉറപ്പും ഞാനും നൽകി ഫോൺ കട്ട് ചെയ്തു.......

3:30ന് വീണ്ടും കോൾ വന്നു 
ഉമ്മ : ഞങ്ങ ബസ് സ്റ്റോപ്പിലുണ്ട് മോനെ......

ഞാൻ : ദേ വരുന്നൂ.....
അവിടെ ചെന്നതും അവരുടെ മുഖത്തെ സന്തോഷം ഒന്ന് കാണണം.....
എന്റെ കൈയൊക്കെ പിടിച്ചു ഒരുപാട് സ്നേഹപ്രകടനം.....
ഒരുപാട് അനുഗ്രഹവും നല്ല വാക്കുകളും തന്നു......

സംഭവം : ബസ് സ്റ്റോപ്പിൽ ബസ് കാത്തിരുന്ന ഉമ്മയും ബന്ധുവും... ബസ് വരാൻ താമസിച്ചപ്പോൾ ഉമ്മ ബസ് സ്റ്റോപ്പിൽ ഇരുന്നു...കൈയിലിരുന്ന പേഴ്സ് താഴെ വെച്ചു....ബസ് വന്ന തിരക്കിൽ പേഴ്സ് എടുക്കാതെ കേറി പെരുമ്പടപ്പിലേക്ക് പോയി.. തൊട്ടടുത്തിരുന്ന 2 കുട്ടികൾ അവന്മാർക്ക് കുരുട്ടു ബുദ്ധി ഇല്ലാതിരുന്നത് ഭാഗ്യം. അവന്മാര് ഈ പേഴ്സ് ഒരു കവറിലാക്കി ട്രാൻസ്ഫോമറിനടുത്തുള്ള പുല്ലിനിടയിൽ ഒളിച്ചുവെച്ചു...... പൊട്ടന്മാര് മൊബൈൽ സ്വിച്ച് ഓഫ് ചെയ്യാനും മറന്നു.... പിന്നീട് വന്നെടുക്കാമെന്ന പ്രതീക്ഷയിൽ പോയി....
അങ്ങനയത് എന്‍റെ കൈയിൽ അങ്ങനെ കിട്ടുകയായിരുന്നു.....

ഉമ്മ പറഞ്ഞത് ഞങ്ങ ആ വഴി വന്നട്ടേയില്ല മോനെ എന്നാണു.....
ആ രണ്ടു ചെറിയ ചെക്കന്മാരായിരിക്കും എടുത്തോണ്ട് പോയത്....
എന്തായാലും മോനെ പടച്ചോൻ അനുഗ്രഹിക്കട്ടേ എന്ന് പറഞ്ഞു പേഴ്സിൽ നിന്നും 1000 രൂപ എനിക്ക് തന്നു......
'ഞാൻ' പറഞ്ഞു 1000 രൂപയേക്കാൾ ഉമ്മാന്‍റെ സന്തോഷവും ഈ അനുഗ്രഹവും മതിയെനിക്ക്....
ബുദ്ധിമുട്ടില്ലെങ്കിൽ ഞാനൊരു ഫോട്ടം പിടിച്ചോട്ടെ എന്ന് പറഞ്ഞു.....
അതിനെന്താ ഈയ്യെന്‍റെ മോനല്ലേ എടുത്തോ പറഞ്ഞു.....
ഒരു ക്ലിക്ക്.....
'ഇതുപോലെ ഓരോ ചിരിക്കുമുണ്ടാകും ഒരുപാട് കഥകൾ പറയാൻ'....

എന്‍റെ പ്രണയം

രാത്രിയിലെ ആകാശ തോപ്പിലെ
നക്ഷത്രങ്ങൾ ചിരിക്കും പോലെയാണ്
എന്‍റെ സ്വപ്നങ്ങളിൽ
പലപ്പോഴും നീ കടന്നു വരുന്നതും.....
എന്‍റെ ചുണ്ടുകൾ ദാഹിച്ചു വലയുന്നത്
സ്നേഹത്തിന്‍റെ സ്തന്യം ദർശിക്കുമ്പോളാണ്  
എങ്കിലും വിങ്ങുമാ മാറിൽ
എന്‍റെ പ്രണയം മിടിക്കുന്നതറിയുന്നൂ 'ഞാൻ'.....

മോഹം


വർഷങ്ങളായി മനസ്സിലിട്ടു കുഴിച്ചുമൂടിയ ഒരു മുഖം ഇന്നലെ പെയ്തൊഴിഞ്ഞ മഴയിൽ വീണ്ടും കിളിർത്ത് തുടങ്ങി. വീണ്ടുമൊരിക്കൽ കൂടി അവളെ മാറോട് ചേർക്കുവാനൊരു മോഹം...

നീ


നീ..............

പറഞ്ഞാലും തീരാത്ത..............
പറഞ്ഞു തീർക്കാനാവാത്ത ഒന്ന്..............

നിന്നിൽ  നിന്നും തുടങ്ങാത്ത..............
നിന്നിലേക്കവസാനിക്കാത്ത..............
ഒന്നുമേ ശേഷിക്കുന്നില്ലല്ലോ എന്നിൽ..............!!

നിന്‍റെ ഇഷ്ടങ്ങളോട് ഇന്നെനിക്ക്
നിനക്കുള്ളതിനെക്കാൾ ഇഷ്ടം..............!!

എന്‍റെ പ്രണയം നിന്നിൽ പൂർണമാകുന്നു..............!!

ഒടുവിൽ നിന്നിൽ അറിയാതെ അലിഞ്ഞുച്ചേർന്നു ഞാൻ 
നീയായി മാറുകയായിരുന്നു..............!! 
അതെ..............
ഞാൻ നീയാണ്..............!!

വയലറ്റ്


ഞാവൽ പഴം എനിക്കൊരോർമയാണ്..... 
കുറച്ചു ചവർപ്പും കുഞ്ഞി-മധുരവും ഉള്ള വയലറ്റ് ഓർമ്മ.....

പ്രണയത്തിനു ശേഷം


അവൻ.....
ഇത്തിൾകണ്ണിയെ പോലെ എന്നെ..... 
വരിഞ്ഞു മുറുക്കി ശ്വാസം മുട്ടിക്കുന്നു.....

ഞാൻ.....
തലയുയർത്തി 
മേഘങ്ങളെ ചുംബിക്കുന്നതല്ല.....

മണ്ണിലേക്കെന്‍റെ....
കൈവേരുകൾ നീട്ടി തിരയുന്നു.....
ഞാനാ പൊക്കിൾക്കൊടിയെ.....

മറച്ചുവെയ്ക്കുന്നു..... 
ഞാനീ ത്വക്കിനിടയിൽ..... 
ചിലരെയെങ്കിലും..... 

പുതച്ച ഇലകൾ മറച്ച..... 
ഇതളുകളിൽ നിന്നും അവനിൽ നിന്നും..... 
മറ്റൊരുവനിലേക്ക് ചുംബിച്ചുറങ്ങുന്നൂ.....

"പ്രണയത്തിനു ശേഷം'"

ജലം ജീവാമൃതം

മമ്മദ് : തെക്കേ വീട്ടിലെ കിണറ്റിൽ കുറച്ച് വെള്ളമുണ്ടെന്നാ കേട്ടത്.....
ഇന്ന് രാത്രി തന്നെ കിട്ടാവുന്നത്രയും വെള്ളം മോഷ്ട്ടിക്കണം........

സ്കറിയ :  അതിനു കിണറ്റിനു ചുറ്റും സെക്യൂരിറ്റീസ് അല്ലേ ?

ഗോപൻ : എല്ലാത്തിനെയും കൊന്നു തള്ളിയിട്ടാണേലും അത് നമ്മൾ സ്വന്തമാക്കും......

എന്നത്തേയും പോലെ


കത്തിയെരിഞ്ഞ വിറകുകളിൽ 
കനലെരിയുന്നുണ്ട് 
കാറ്റൊന്നു ആഞ്ഞു വീശി 
കത്തിക്കണമെന്ന് കരയുന്ന അടുപ്പ്.........

എന്നോ തുറന്നിട്ടൊരു വാതിൽപ്പാളി
എന്നും കാത്തിരിക്കുന്നു 
എനിക്ക് വേണ്ടി 
എന്നിലേക്കൊന്നു ചേർന്ന് നിൽക്കാൻ.........

ചുമരിൽ നിന്നടർന്ന കുമ്മായം 
ചന്നം ചിന്നം 
ചിതറി കരയുന്നു ആരോടും 
ചെവിയിൽ പറയില്ലെന്ന് ആശ്വസിപ്പിക്കുന്നുണ്ട്......... 

കിളികൾ
മരങ്ങൾ 
തോടുകൾ 
കല്ലുകൾ 
വഴികൾ 
പടവുകൾ 
ദേ.........നോക്കൂ.........
വീട്ടിലേക്കുള്ള ഓരോ ചുവടും 
കേഴുന്നു എന്നമതൻ 
വിളികേൾക്കാൻ കൊതിച്ചു 
നിശബ്ദതയോടെ 
നിലവിളിക്കുന്നുണ്ടെൻ മനവും......... 

ഇനിയീ 
കാഴ്ച്ചകളൊന്നും 
കാണുവാൻ കഴിയുന്നില്ലെങ്കിൽ 
ദേ......... നോക്കൂ......... 
നേരോം കാലോം തെറ്റാതെ കുടിക്കാൻ 
കുറച്ചു വെള്ളമെങ്കിലും കിട്ടിയാൽ 
കൊള്ളാമെന്നു നിലവിളിക്കുന്ന 
ഒരു ചാരുകസേരയുണ്ട് ഉമ്മറത്ത്......... 

ഇനിയുമെന്താ 
മിണ്ടാത്തത്... ?
പ്രേതങ്ങൾ കേൾക്കില്ലെന്ന്
നുണ പറഞ്ഞതാരാണ്... ? 
'നീയാണോ......... ?
ഹേയ്......
'ഞാനല്ല'...........!

കാത്തിരിപ്പിനൊടുവിൽ

അർത്ഥശൂന്യമായ കാത്തിരിപ്പ് 
ഇനിയും തുടരുവാനാകില്ലയെനിക്ക്
നിലാവിന്‍റെ മറവിലൊളിക്കുന്ന 
നിഴലിന്‍റെ പിന്നിലും 
മൂകത ഗർജിക്കുന്ന 
നിശയുടെ മടിത്തട്ടിലും 
മയങ്ങുവാനാകില്ല ഇനിയെനിക്ക്
കത്തിതീർന്ന കാലചക്രത്തിൽ
വീണ്ടുമെരിയാൻ തുടിക്കുന്ന സമയങ്ങൾ
എന്നെതന്നെ നോക്കി നിൽക്കുന്നൂ
ഇനിയുമേറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്
ദുർഗന്ധം വമിക്കുന്ന 
അഴുക്ക് ചാലിലൂടെയും 
സുഗന്ധമുള്ള പാതകളിലൂടെയും 
കാലുകൾ ഇടറി ശബ്ദം 
നിലച്ചുപോയ എന്നിൽ നിന്നും   
ഒരു വാക്കുപോലും മൊഴിയാനാവാതെ
തൊണ്ടയിടറി മുരണ്ടുപോകുമ്പോൾ 
ഉച്ചത്തിൽ പൊട്ടിച്ചിരിക്കാം 
വേണമെങ്കിൽ നിനക്ക്
ഓർമകളെ 
ചുട്ടുചാമ്പലാക്കിയ ചാരം
എന്‍റെ കണ്ണിൽ നിന്നുതിരുന്ന 
അവസാന തുള്ളിയിലേക്ക് 
അലിഞ്ഞുചേരട്ടെ 
ഇടറുന്ന നാദത്തിൽ 
താളാത്മക സംഗീതം 
മീട്ടിയേക്കാം 'ഞാൻ'
ഹൃദയത്തിലുണ്ടായ മുറിവുകളിലൂടെ 
പൊടിഞ്ഞു തുടങ്ങിയ ചുടുരക്തം 
ഒഴുകിയെത്തും മസ്തിഷക്കത്തിലേക്ക്  
നിന്നോടെനിക്ക് അപേക്ഷിക്കുവാനുള്ളത് 
ഓർമകളുടെ താളുകളിൽ 
നിന്നെനെ പറിച്ചെറിയുന്ന 
ഞാനാകുന്ന ശൂന്യതയെ 
ഓർക്കാൻ മറക്കരുത്
ആ ഒരു നിമിഷത്തിൽ.......

എന്‍റെ 'പ്രണയം'

കാപട്യമില്ലാത്ത ലോകത്തേക്ക്....
ചേക്കേറുവാന്‍ കൊതിച്ചവനാണ് 'ഞാൻ'....
മരിച്ചു മണ്ണോടലിഞ്ഞു ചേരുന്നവരെയും.... 
ഒരിക്കലും നിലയ്ക്കാത്ത എന്‍റെ 'പ്രണയം'.... 
നിന്നോട് മാത്രമായിരിക്കും....