Friday, April 29, 2016

കാത്തിരിപ്പിനൊടുവിൽ

അർത്ഥശൂന്യമായ കാത്തിരിപ്പ് 
ഇനിയും തുടരുവാനാകില്ലയെനിക്ക്
നിലാവിന്‍റെ മറവിലൊളിക്കുന്ന 
നിഴലിന്‍റെ പിന്നിലും 
മൂകത ഗർജിക്കുന്ന 
നിശയുടെ മടിത്തട്ടിലും 
മയങ്ങുവാനാകില്ല ഇനിയെനിക്ക്
കത്തിതീർന്ന കാലചക്രത്തിൽ
വീണ്ടുമെരിയാൻ തുടിക്കുന്ന സമയങ്ങൾ
എന്നെതന്നെ നോക്കി നിൽക്കുന്നൂ
ഇനിയുമേറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്
ദുർഗന്ധം വമിക്കുന്ന 
അഴുക്ക് ചാലിലൂടെയും 
സുഗന്ധമുള്ള പാതകളിലൂടെയും 
കാലുകൾ ഇടറി ശബ്ദം 
നിലച്ചുപോയ എന്നിൽ നിന്നും   
ഒരു വാക്കുപോലും മൊഴിയാനാവാതെ
തൊണ്ടയിടറി മുരണ്ടുപോകുമ്പോൾ 
ഉച്ചത്തിൽ പൊട്ടിച്ചിരിക്കാം 
വേണമെങ്കിൽ നിനക്ക്
ഓർമകളെ 
ചുട്ടുചാമ്പലാക്കിയ ചാരം
എന്‍റെ കണ്ണിൽ നിന്നുതിരുന്ന 
അവസാന തുള്ളിയിലേക്ക് 
അലിഞ്ഞുചേരട്ടെ 
ഇടറുന്ന നാദത്തിൽ 
താളാത്മക സംഗീതം 
മീട്ടിയേക്കാം 'ഞാൻ'
ഹൃദയത്തിലുണ്ടായ മുറിവുകളിലൂടെ 
പൊടിഞ്ഞു തുടങ്ങിയ ചുടുരക്തം 
ഒഴുകിയെത്തും മസ്തിഷക്കത്തിലേക്ക്  
നിന്നോടെനിക്ക് അപേക്ഷിക്കുവാനുള്ളത് 
ഓർമകളുടെ താളുകളിൽ 
നിന്നെനെ പറിച്ചെറിയുന്ന 
ഞാനാകുന്ന ശൂന്യതയെ 
ഓർക്കാൻ മറക്കരുത്
ആ ഒരു നിമിഷത്തിൽ.......

No comments: