Tuesday, January 31, 2017

മഴയെ പ്രണയിച്ചവൾ

കോരിച്ചൊരിയുന്ന മഴയത്ത് ബൈക്കിൽ യാത്ര ചെയ്യുന്ന ഒരു സുഖമുണ്ട് അതെത്ര പറഞ്ഞാലും തീരാത്ത ഒരനുഭൂതിയാണ്. നല്ല തണുത്ത കാറ്റിന്‍റെയും മഴയുടെയും കുളിരും നെഞ്ചിലേറ്റി വാങ്ങിയാണ് ഞാൻ വീട്ടിലെത്തിയത്. നേരെ ബാത്ത്റൂമിൽ കയറി നനഞ്ഞ വസ്ത്രങ്ങൾ മാറ്റി നല്ലൊരു കുളിയും പാസാക്കി ബർമൂഡയും ധരിച്ച്, തോർത്തും മേലിലിട്ട് പുറത്തേക്കിറങ്ങിയപ്പോൾ നല്ല തണുത്ത കാറ്റ് ജനലുകൾ വഴി നിയന്ത്രണമില്ലാതെ കടന്നുവന്നതും വീണ്ടും ദേഹമാസകലം കുളിരുകയായിരുന്നു. പിന്നെ ഒരു ബനിയനെടുത്തിട്ട് കൈയിൽ ഒരു പുസ്തകവുമായി കട്ടിലിൽ കയറി കിടന്നു, വായിക്കുവാൻ വേണ്ടി...

കവർ ഫോട്ടോയിൽ മനോഹരമായ ഒരുവൾ മഴയത്ത് മഴത്തുള്ളികളോട് കിന്നാരം പറയുന്നത് കണ്ടപ്പോൾ കൗതുകം തോന്നി. ഞാനാ സുന്ദരിയുടെ മുഖത്തേക്ക് സൂക്ഷ്മതയോടെ നോക്കി. എന്‍റെ സങ്കൽപ്പത്തിലെ ക്ലാരയെ പോലൊരുവളെ അതേപോലെ പറിച്ചെടുത്ത് വെച്ചത് പോലുണ്ട്. മനസ്സിൽ ക്ലാര ഒരു കുളിരുപോലെയുള്ളത് കൊണ്ടാണോ അതോ ഇപ്പോൾ നോക്കിയപ്പോൾ കണ്ട കൗതുകമാണോ എന്നൊന്നുമറിയില്ല, എന്തായാലും മനസ്സ് എന്നിൽ നിന്നും കൈവിട്ട് പോയിരുന്നു മറ്റെവിടെയോ കറങ്ങി തിരിഞ്ഞ മനസ്സിനെ എനിക്ക് തിരിച്ചെടുക്കാൻ കഴിഞ്ഞിരുന്നില്ല എന്ന് പറയുന്നതാവും സത്യം. ഒടുവിൽ എന്‍റെ മനസ്സ് അവളെയും കൊണ്ട് മടങ്ങിവരുകയായിരുന്നു........

കുറച്ച് വർഷങ്ങൾക്ക് മുൻപ് ബസിൽ ചാടി കയറാൻ ശ്രമിക്കുമ്പോൾ തലയടിച്ചു നിലത്ത് വീണു ഹോസ്പിറ്റലിൽ കിടക്കേണ്ടി വന്നപ്പോൾ, തൊട്ടരികിലെ ബെഡിലുണ്ടായിരുന്ന കാർന്നോരെ കാണാൻ വന്നവരുടെ ഇടയിൽ നിന്നുമെന്നെ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയും അതിന്‍റെ തനിയാവർത്തനം പോലെ മിഴികൾ തമ്മിലൊരു സൗഹൃദബന്ധം ഉടലെടുക്കുകയായിരുന്നു.......

കരിയെഴുതിയ മിഴികൾ....
അധരങ്ങളിലെ നനവുമുള്ള വിസ്താരമുള്ള നെറ്റിത്തടമുള്ള ഒരു സുന്ദരിപെണ്ണ് എന്‍റെ പ്രിയപ്പെട്ടവളെ പോലുള്ള ഒരുവൾ. അവളെന്‍റെ മനസ്സിലെ സങ്കൽപ്പങ്ങൾക്ക് മാറ്റ് കൂട്ടുകയാണല്ലോ കർത്താവേ. ആ സുന്ദരി അന്നവിടെ നിന്നിരുന്നെങ്കിലെന്ന് ഞാനും നന്നേ ആശിച്ചു.

കാർന്നോരെ കാണാൻ വന്നവർ കൊടുത്തതിൽ നിന്നും ഒരു ഓറഞ്ച് എനിക്ക് നല്കിയപ്പോളായിരുന്നു വന്നുപോയവരെ കുറിച്ച് ഞാൻ ചോദിച്ചത് ? സംസാര പ്രിയനയാ കാർന്നോരിൽ നിന്നും വന്നവരെ കുറിച്ചെല്ലാം അറിയാൻ കഴിഞ്ഞു അവളൊഴിക്കെ എല്ലാരെയും പറ്റി കാർന്നോര് വ്യകതമായി പറഞ്ഞു മനസിലാക്കിയെന്നെ. അടയാളങ്ങളോടെ ഞാൻ കാർന്നോരോട് ഭവ്യമായി അവളെ കുറിച്ച് ചോദിച്ചപ്പോൾ അങ്ങേര് തെല്ല് വിഷമത്തോടെ പറയാൻ തുടങ്ങി.....

മഴയോട് പ്രണയമായിരുന്നവൾക്ക്....
മഴക്കാലത്ത് ആയിരുന്നു അവളുടെ വിവാഹവും.....
വിവാഹം കഴിഞ്ഞു ഹണിമൂണിന് യാത്ര പോകുമ്പോൾ മഴ പെയ്യുകയും ചെയ്തിരുന്നു...
അന്നേ ഞാൻ പറഞ്ഞതാ പോകേണ്ട ഇപ്പോൾ മഴയാണെന്ന്.....
മഴയോടുള്ള പ്രണയം ആയിരുന്നില്ലേ അവൾക്ക്.....
ആ മഴയത്ത് അവർ എവിടെയെങ്കിലും കേറി നിന്നാലെങ്കിലും മതിയായിരുന്നു....
വഴിമദ്ധ്യേ ഉണ്ടായ ബൈക്ക് ആക്സിഡന്റിൽ നടന്ന വിധിയുടെ വിളയാട്ടത്തെ കുറിച്ച്.....

മരണമടഞ്ഞവനോടുള്ള ദുഃഖത്തേക്കാൾ ജീവിച്ചിരിക്കുന്ന വിധവയായ അവളോട് എനിക്ക് മാത്രമല്ല തൊട്ടപ്പറമുള്ള രോഗിയും ദുഃഖം അറിയിച്ചു. എപ്പോഴും വായനയിൽ മുഴുകിയും സംസാരപ്രിയനുമായാ ആ കാർന്നോര് പറഞ്ഞ കഥ കേട്ട് ഒരു നിമിഷം ഞാനും മൗനത്തിലായിരുന്നു. ആ മൗനം വെടിഞ്ഞപ്പോൾ ഞാൻ വർഷങ്ങൾക്കപ്പുറത്ത് നിന്നും എന്‍റെ മുറിയിലെത്തിയിരുന്നു...
അതെ അവളെ പോലെ തന്നെയാണ് ഇവളും.....
എന്‍റെ ഭാവനയിൽ അവളൊരു തിരമാല ഇരമ്പും പോലെ...
ഗദ്ഗദത്തിന്‍റെ ചായം തേച്ച ആ സുന്ദരിയുടെ കഥയിലെ രക്തത്തിന്‍റെ നിറം പകര്‍ന്നതാരെന്നുള്ള ഒരായിരം ചോദ്യങ്ങൾ സ്വയം ഞാൻ ഉന്നയിച്ച്, സ്വയം ഒരുത്തരത്തിൽ എത്തുകയായിരുന്നു ഒരാശ്വാസത്തിനു വേണ്ടി.....

"മഴയെ പ്രണയിച്ചവൾ"
അവളുടെ കഥ ഞാൻ എഴുതുകയായിരുന്നു.....
മഴയെ പ്രണയിച്ചവളുടെ കഥയിൽ ആരും അറിയാതെ മാറി നിൽക്കുന്ന കാമുകന് എന്‍റെ മുഖച്ഛായയുണ്ടായിരുന്നു......

No comments: