Friday, September 4, 2015

10th - B


പത്താം തരത്തിൽ രാജാ കേശവ് ദാസ്‌ നായർ സർവീസ് സൊസൈറ്റി സ്കൂളിൽ പഠിക്കുന്ന കാലത്ത് (R.K.D.N.S.S.H.S.S Sasthamanagalam Tvm-10) എനിക്ക് ബ്രേക്ക് ഡാൻസിന്‍റെ കമ്പം ഉണ്ടായിരുന്നു ( സ്വന്തമായി പോക്കറ്റ് മണി ഉണ്ടാക്കുക എന്ന ലക്ഷ്യം ). ചെറിയ ചെറിയ പരിപാടികളിലും , ഉത്സവ പരിപാടികളിൽ ഒക്കെ രാത്രിയിൽ സ്റ്റേജ് ഷോ ചെയ്തു പണം ഉണ്ടാക്കും. രാത്രിയിൽ ഉറങ്ങാത്തതിന്‍റെ ക്ഷീണവും പേറി ആണ് പിറ്റേന്ന് സ്കൂളിൽ വരുന്നത്.

രാവിലത്തെ മൂന്ന് സബ്ജെക്ട്ടും പിന്നെ ലഞ്ച് ബ്രേക്കും കഴിഞ്ഞാൽ കണ്ണ് അനുസരണമില്ലാതെ താന്നെ അടഞ്ഞു പോകുന്നു. ബയോളജി ട്ടീച്ചർ വന്നു പഠിപ്പിക്കാൻ തുടങ്ങി ഇന്നലത്തെ ഉറക്ക ക്ഷീണം കാരണം മയങ്ങി പോയി. പെട്ടെന്ന് മുതുകത്ത് ഏകദേശം വലത്തേ തോളിൽ ചൂരൽ കഷായം കിട്ടിയപ്പോൾ ഇഞ്ചി കടിച്ച കുരങ്ങനെ പോലെ ഞെട്ടി എഴുന്നേറ്റു നിന്നു.

ട്ടീച്ചർ പറഞ്ഞു വിനയൻ ഗ്രൗണ്ടിൽ ഒരു മൂന്ന് റൗണ്ട് ഓടിയിട്ടു വരൂ. നട്ടുച്ചയ്ക്ക് ഉച്ചന്‍റെ കീഴിൽ ട്ടീച്ചറിന്‍റെ ഇരട്ട പേരും  ( ഒട്ടകം - കുറച്ച് കൂനുണ്ടായിരുന്നു ടീച്ചർക്ക് ) വിളിച്ചു ഏതാണ്ടുമൊക്കെ തെറിയും വിളിച്ചോടി കിതച്ചു വിയർത്തൊലിച്ചു വന്നു. 

ട്ടീച്ചർ പറഞ്ഞു നോക്കു വിനയന്‍റെ ഹൃദയമിടിപ്പ്‌ എത്ര വേഗത്തിലാണ്..
എനിക്കപ്പഴും ഒന്നുമങ്ങട്ട് കത്തിയില്ല.... 
ബയോളജി വിഷയത്തിൽ ഹൃദയമിടിപ്പിനെ കുറിച്ചെന്തെങ്കിലുമായിരിക്കാം ട്ടീച്ചർ പഠിപ്പിച്ചതും എന്നെ അതിൽ ഒരു ഡെമൊണ്‍സ്ട്രെറ്റർ ആക്കുകയുമായിരുന്നു എന്ന്.... . 

പിന്നെ ട്ടീച്ചർ പറഞ്ഞു ഇപ്പോൾ ഉറക്കവും പോയില്ലേ ? 

എന്നാലൊന്നു ഇന്നലെ കളിച്ച ഡാൻസിന്‍റെ രണ്ടു സ്റെപ്പ് കൂടി കാണിക്കൂ. (ട്ടീച്ചർ കണ്ടായിരുന്നു എന്‍റെ ഇന്നലത്തെ ഡാൻസ് പരിപാടി ആറ്റുകാൽ അമ്പലത്തിൽ വെച്ചു) 
ഞാൻ കളിച്ചു ട്ടീച്ചർ എല്ലാവരുടെയും മുന്നിൽ എന്നെ പ്രശംസിക്കാനും മറന്നില്ല. 
സ്വയം അധ്വാനിച്ചു പണം ഉണ്ടാകുന്നത് നല്ലതാണ് പക്ഷേ പഠിക്കേണ്ട സമയത്ത് ഡാൻസ് കളിച്ചു നടന്നാൽ ജീവിതവും അതുപോലെ കളിച്ചു നടക്കേണ്ടി വരുമെന്നും പറഞ്ഞു.

സത്യത്തിൽ പഠിത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചില്ല , ഡാൻസിൽ ശ്രദ്ധിച്ചു...
ഒടുവിൽ ഡാൻസും ഒരു പ്രായം കഴിഞ്ഞപ്പോൾ നശിച്ചു. നന്നായി പഠിക്കാത്തത് കൊണ്ട് നല്ലൊരു ജോലിയും കിട്ടിയില്ല. ട്ടീച്ചർ പറഞ്ഞ വാക്കുകൾ മനസ്സിനെ വല്ലാതെ അലട്ടുന്നു.
അതിനേക്കാൾ ഏറെ അന്ന് സ്കൂൾ ഗ്രൗണ്ടിൽ ട്ടീച്ചറിനെ തെറി വിളിച്ചോടിയതോർത്തു ഒരുപാട് വേദനിക്കുന്നു.

ട്ടീച്ചർ ഇന്ന് ജീവിച്ചിരിപ്പില്ല...
ട്ടീച്ചറിന് കോടിപ്രണാമം നേരുന്നു....

എന്‍റെ ബയോളജി ട്ടീച്ചറിന് വേണ്ടി സമർപ്പിക്കുന്നു ഞാൻ ഈ അദ്ധ്യാപക ദിനം ഒപ്പം മറ്റെല്ലാ ഗുരുക്കന്മാർക്കും...

No comments: