Tuesday, May 26, 2020

Singarajan (സിംഗരാജൻ സിരിക്കണ്)

സിംഗരാജൻ  സിരിക്കണ്

സിംഗരാജൻ  സിരിക്കണ്

 

കേട്ടു കേട്ടു കാടകം

വിറയ്ക്കണേ  വിറക്കണൂ...

 

എട്ടു നാടും കിടങ്ങണ്

സിംഗരാജൻ  സിരിക്കണ്....

മാമലകൾ മറിയണേറ്റു,

സിംഗരാജൻ  സിരിക്കണ്....

 

തേറ്റ  നീട്ടി ചീറി പാഞ്ഞു,

വന്ന കാട്ടുപന്നിയെ.... (2)

 

വീശിയെറിഞ്ഞാലും

കൊമ്പൊരഞ്ചോടിഞ്ഞതോർക്കണം..

 

ഒരു കൈ വീശുമവനൊരായിരം 

കൈ വീഴുന്നേ.... (2)

 

ഒരു കാൽ ഉയരുമവനൊരായിരം

കാൽ അമരുന്നേ....

 

ആരിവൻ  സൂര്യപുത്രനായ

കർണ്ണ ദേവനോ (2)

ആരിവൻ വാസുദേവ പുത്രനായ

കണ്ണനോ ? (2)

 

എട്ടു ദിക്കും പൊട്ടുമാറോരൊറ്റ

വാളുയർന്നതും (2)

 

പത്തുതലയുള്ള രാവണന്മാർ

അറ്റുവീണതും....(2)

 

ആറാറു തടയിടുവാൻ

നൂറാണ്ടവ പൊരുളവൻ

ആടാടി താണ്ഡവമായി

ആടുകെന്റെ വീരനെ....

 

കാടാണു കാടും

നാടും നെടുകെന്റെ

വീരനെ.... (2)

 

വെട്ടി വെട്ടി തിളങ്ങുന്നൊരാ

കണ്ണുകളിൽ തീമഴ... (2)

 

ചീറ്റപുലിയെ പിളർന്നു

നെഞ്ചിൽ ചോര പൂമഴ

 

കാടിളക്കി കടലിളക്കി

കരയിളകി കുതി കുതിച്ചു....(2)

 

കാറ്റു കൊടുങ്കാറ്റുപോലെ ആർത്തിരമ്പി

വരുമിവൻ (2)


Wednesday, January 3, 2018

വിട പറയുമ്പോൾ


വിട പറയുമ്പോൾ 
!!^!^!!^^!!^!!!!^!^!!
പുറത്ത് കാലവർഷത്തെ തോൽപ്പിക്കാനെന്നുള്ള പുറപ്പാടിൽ മഴ താണ്ഡവനൃത്തമാടുകയാണ്‌. നല്ല ഇടിയും മിന്നലുമുണ്ട് ആനമ്മയ്ക്ക് മഴയെ ഒരുപാട് ഇഷ്ടമായിരുന്നതുകൊണ്ടാവും ഇന്നുതന്നെ മഴ തോരാതെ പെയ്യുന്നതെന്നോർത്ത് ജാൻസി മുറിയുടെ കോണിലിരുന്നു ജനാലയിലൂടെ ആനമ്മയുടെ കുഴിമാടത്തിലേക്ക് കണ്ണുകളോടിച്ചു വിതുമ്പുകയാണ്. 

റബ്ബർമരങ്ങളാൽ ചുറ്റപ്പെട്ട ഗ്രിഗറി ബംഗ്ളാവിൽ വെളിച്ചമില്ല. മഴപെയ്താൽ അങ്ങനെയാണ് ഏതെങ്കിലും റബർ മരം ചാഞ്ഞു വൈദ്യുതിലൈൻ വിച്ഛേദിക്കപ്പെടും. കുഴിമാടത്തിനു മുകളിലെ ഇനിയും ഉണങ്ങാത്ത പൂക്കളും മണ്ണുകളുമെല്ലാം മഴവെള്ളത്തിന്‍റെ കുത്തൊഴുക്കിൽ ഒലിച്ചുപോകുന്നുണ്ടായിരുന്നു. 
കുഴിമാടത്തിനുള്ളിലും തണുപ്പനുഭവപ്പെടാൻ തുടങ്ങി, അതിനുള്ളിൽ ആനമ്മയുടെ ശരീരം തണുത്ത് വിറങ്ങലിച്ചു കിടക്കുകയാണ്. തന്‍റെ അടക്കം കഴിഞ്ഞിട്ട് കുറച്ചുമണിക്കൂറുകളെ ആയിട്ടുള്ളൂ, ആനമ്മ എന്ന ആൻസിയുടെ മരവിച്ച മനസ്സിൽ ഒരു കൊള്ളിയാനേറ്റതുപോലെ പേടിച്ചവൾ കണ്ണ് തുറന്നപ്പോൾ കണ്ടത്ത് തന്‍റെ അടുത്ത് കിടക്കുന്ന അവളെ  തന്നെയായിരുന്നു. 

"ഭയപ്പെടേണ്ട ആനി ഞാൻ നിന്‍റെ ആത്മാവാണ്, ദുർമരണം സംഭവിച്ച നിന്‍റെ ശരീരം വിട്ടു പോകാൻ എനിക്കിതുവരെ കഴിഞ്ഞിട്ടില്ല."   

"എനിക്ക് ഭയമില്ല, ഞാൻ മരിച്ചവളല്ലേ ....മരിച്ചവർക്കെന്തു ഭയം...എനിക്കെന്‍റെ അനിയത്തിയെ ഓർത്താണ് ഭയം..അനിയത്തിയായിട്ടല്ല ഞാനവളെ വളർത്തിയത് അമ്മയെ പോലെയായിരുന്നു..... അവളുടെ സ്വന്തം ആനമ്മ."

"എന്തിനാ നീയിപ്പോൾ അവളെ ഓർത്ത് വേവലാതിപ്പെടുന്നത്?"

"അവൾക്ക് ഇരുട്ടിനെ ഭയമാണ്.. ഇന്നലെ വരെ എന്നെ കെട്ടിപിടിച്ചു കിടന്ന പെണ്ണാ... ഇന്ന് ഞാനില്ലാതെ അവളെങ്ങനെയാ കിടന്നുറങ്ങുക എന്നോർത്താ എന്‍റെ ഭയം."

ഗ്രിഗറി ബംഗ്ളാവിലെ പടിക്കെട്ടുകളിലൂടെ മുകളിലേക്ക് ആരോ നടന്നുവരുന്ന ശബ്ദം ജാൻസിയുടെ മനസ്സിലെ ഭയം വർധിപ്പിച്ചു. മെഴുകുതിരി വെളിച്ചവുമായി വേലക്കാരി സ്റ്റെല്ല കതക് തുറന്നു മുറിയിലേക്ക് കയറി. മുറിയുടെ ഒരു കോണിൽ പേടിച്ചരണ്ടിരിക്കുന്ന ജാൻസിയോടവർ ആക്രോശിച്ചു... 

"നാശം പിടിച്ചവൾ, ബാക്കിയുള്ളവർക്ക് പണിക്കൂട്ടാനായി ഇങ്ങനെയൊരെണ്ണമുണ്ടായാൽ മതിയല്ലോ. ദേ...നോക്കിയേ...മെഴുകുതിരി വെളിച്ചമുണ്ട്. ഇവിടെ കിടന്ന് പേടിച്ചു നിലവിളിച്ചു ബാക്കിയുള്ളവരുടെ ഉറക്കം കളയാനാണ് ഭാവമെങ്കിൽ നിന്നെ ഞാൻ നിന്‍റെ ചേച്ചിക്കൊപ്പം പറഞ്ഞയക്കും."

ഒരക്ഷരം ഉരിയാടാതെ സ്റ്റെല്ലയെ രൂക്ഷമായി ഒന്ന് നോക്കി പേടിപ്പിച്ചു ജാൻസി. അവരെ ഒന്നും ചെയ്യാൻ കഴിയില്ലല്ലോ എന്ന നിസ്സഹായതയുമുണ്ടായിരുന്നു ആ കണ്ണുകളിൽ. 

കുഴിമാടത്തിന് മുകളിൽ പെരുമഴ തകർത്തു പെയ്യുകയാണ് മഴവെള്ളം ഭൂമിയിലേക്ക് ആഴ്ന്നിറങ്ങി ആറടി മണ്ണിനുളളിൽ മരവിച്ചു കിടക്കുന്ന  ആൻസിയുടെ ശരീരത്തെ നനയ്ക്കുമോ എന്ന ഭയത്തോടെ ആത്മാവ് പറഞ്ഞു,

"നീ വിഷമിക്കാതെ ആൻസി, ഞാൻ പോയി ജാൻസി മോളെ ഒന്ന് നോക്കിയേച്ചും വരാം."

കുഴിമാടത്തിന് പുറത്ത് കടന്ന ആത്മാവ് ജാൻസിയുള്ള മുറിയിലേക്ക് പറന്നു. മെഴുതിരി വെളിച്ചത്തിൽ ജാൻസി ഒരു മൂലയ്ക്കിരുന്നു കരയുകയാണ്, മെഴുതിരിയുടെ തീനാളത്തിലേക്ക് ഈയാംപാറ്റകൾ വട്ടമിട്ടു പറന്നു കരിഞ്ഞു വീഴുന്നുണ്ടായിരുന്നു. ആ കാഴ്ച്ച കണ്ടിട്ടെന്നപോലെ ജാൻസി മെഴുകുതിരി വെളിച്ചം ഊതി കിടത്തി. ഒരു മൂലയിൽ വീണ്ടും ചുരുണ്ടുകൂടിയിരിക്കുന്ന കാഴ്ച്ചയാണ് ആത്മാവിന് കാണാൻ സാധിച്ചത്.

"ആൻസി, നീയല്ലേ പറഞ്ഞത് അവൾക്ക് ഇരുട്ടിനെ ഭയമാണെന്ന്...എന്നിട്ടവൾ സുഖമായി മെഴുകുതിരി അണച്ച് ഇരുട്ടിൽ ഒറ്റയ്ക്കിരിക്കുകയാണല്ലോ."

"അങ്ങനെ സംഭവിക്കാൻ സാധ്യതയില്ലല്ലോ?"

"ദേ..നീ കണ്ടുനോക്ക്."

ഇരുട്ടടഞ്ഞ കുഴിമാടത്തിനുള്ളിൽ മണ്ണിനു മുകളിലായി  സിനിമാ കോട്ടയിലിരുന്നു സിനിമ കാണുമ്പോലെ ഒരു ദൃശ്യവിസ്മയം തീർത്തു. ആത്മാവ് കണ്ട കാഴ്ച്ചകൾ ആൻസിയുടെ ചലനമറ്റ ശരീരത്തിന് കാണിച്ചു കൊടുത്തു.

"കണ്ടില്ലേ, മെഴുകുതിരിയുടെ തീ നാളത്തിന് ചുറ്റും വട്ടമിട്ടു പറക്കുന്ന അൽപ്പായുസുകാരായ ഈയാംപാറ്റകളെ അവയുടെ ആയുസ്സിനു ദൈർഘ്യം കൂട്ടുകായണ്‌ അവൾ ചെയ്തത്."

"അതെന്തിന്."

"അവൾക്ക് പത്ത് വയസ്സുള്ളപ്പോൾ ഇതുപോലെ വെളിച്ചമില്ലാതിരുന്ന ഒരു രാത്രിയിൽ മെഴുകുതിരി വെളിച്ചത്തിൽ കരിഞ്ഞു നിലത്ത് വീണിഴയുന്ന ഈയാംപാറ്റകളെ കൈയിലെടുത്ത് അവൾ അവയെ വീണ്ടും തീയിലേക്കിട്ട് കരിക്കുമായിരുന്നു, അന്ന് ഞാനവളോട് പറഞ്ഞതോർത്ത് കാണും..."

"എന്തായിരുന്നു നീ അവളോട് പറഞ്ഞത് ?"

"സൂര്യനോടുള്ള അടങ്ങാത്ത പ്രണയമായിരുന്നു ഈയാംപാറ്റകൾക്ക്. പക്ഷെ അവയ്ക്ക് ഉയരത്തിലേക്ക് പറന്ന് അധിക നാൾ സഞ്ചരിച്ച് സൂര്യനരികിലെത്താൻ കഴിയുകയില്ല കാരണം അവയ്ക്ക് അധികമായുസ്സില്ല. വെളിച്ചം ഭൂമിയിൽ എവിടെ കണ്ടാലും സൂര്യൻ ആണെന്ന് കരുതി അവർ ആ പ്രകാശത്തിലേക്ക് കുതിക്കും അതല്ലേ മോളെ അവ തീനാളമായിട്ടും തൊട്ടാൽ  ചാകുമെന്നറിഞ്ഞിട്ടും അവ വട്ടമിട്ടു പറന്നരികിലെത്തി പ്രകാശത്തെ തൊട്ടുരുമി ജീവൻ വെടിയുന്നതും. നമ്മളായിട്ട് അവയെ കൊല്ലാൻ ഒരു കാരണമാകരുതെന്നും പറഞ്ഞിരുന്നു."

"ഓഹ്, അങ്ങനെയാണോ?"

"എന്‍റെ ശരീരത്തിൽ നിന്നും വേര്പിരിഞ്ഞിട്ടും നീ എന്തിനാണ് എന്നോടൊപ്പം കഴിയുന്നത്??? ഞാൻ കേട്ടിട്ടുള്ളത്  ഇങ്ങനെയല്ലല്ലോ...!  മരിച്ചു കഴിഞ്ഞാൽ ആത്മാവ് പരലോകത്തേക്ക് യാത്ര തിരിക്കുമെന്നാണല്ലോ ? പിന്നെന്താ നീ മാത്രം എന്നെ വിട്ടു പോകാത്തത്?"

"ആൻസി, എനിക്കൊരു കാര്യം അറിയണം... നിന്‍റെ ശരീരത്തിൽ നിന്നും എനിക്ക് വേർപിരിയേണ്ടി വന്നതെന്തിനായിരുന്നു. ഒരേ ശരീരവും ആത്മാവുമായിരുന്നില്ലേ നമ്മൾ ? ഇനി നിന്‍റെ ശരീരത്തിലേക്ക് ഒരു പ്രവേശനം എനിക്ക് സാധ്യമല്ല. പക്ഷെ സംഭവിച്ചതെന്താണെന്ന് അറിയാനുള്ള ആഗ്രഹമെനിക്കുണ്ട് അതറിഞ്ഞാൽ മാത്രമേ എനിക്ക് മോക്ഷം ലഭിച്ച് പരലോകത്തേക്ക് യാത്രയാകാൻ കഴിയൂ. നിന്‍റെത് ദുർമരണമായിരുന്നില്ലേ അതുകൊണ്ടാണ്."

"ഞാനും നീയും ഒന്നായിരുന്നില്ലേ, എന്നിട്ടും നിനക്ക് അതെന്താണെന്നറിയില്ലേ ?"

"ആത്മാക്കൾക്ക് ചിന്താശക്തിയില്ല. പുതിയ പിറവിയിൽ  ശരീരത്തിൽ ജീവാത്മമായി കുടികൊള്ളാൻ  മാത്രമുള്ള കഴിവേ ഞങ്ങൾക്കുള്ളൂ."

"നിന്നെ പറഞ്ഞുവിടാൻ എനിക്ക് തോന്നുന്നില്ല, നീ കൂടെ ഉള്ളപ്പോൾ മരിച്ചിട്ടും ഞാൻ മരിക്കാത്ത പോലെ എനിക്ക് തോന്നുന്നു.. എനിക്കൊരു കൂട്ടുള്ളത് പോലെ."

"പറഞ്ഞാലും പറഞ്ഞില്ലെങ്കിലും മൂന്ന് ദിവസം മാത്രമേ എനിക്ക് നിന്നോടൊപ്പം കഴിയാൻ സാധിക്കുകയുള്ളൂ. ശരീരത്തിൽ നിന്നും വേർപ്പെട്ട ആത്മാക്കളും ഈയാംപാറ്റകളെ പോലെയാണ് അൽപ്പായുസാണ് ഞങ്ങൾക്കും ആൻസി. മോക്ഷം കിട്ടിയാൽ എനിക്ക് മറ്റൊരു സൃഷ്ടിയിലേക്ക് വീണ്ടും പ്രവേശിക്കാം അല്ലെങ്കിൽ തീച്ചൂളയിൽ പോയി സ്വയം കത്തിയെരിയേണ്ടി വരും."

"ഞാൻ കാരണം നിനക്ക് അങ്ങനെ സംഭവിക്കേണ്ടി വരില്ല."

ആൻസി പറഞ്ഞുതുടങ്ങി,

"ജാൻസി മോൾക്കുള്ള ടിഫിൻ ബോക്സ് പാക്ക് ചെയ്തു അവളെ സ്‌കൂളിലേക്ക് യാത്രയാക്കി. ഞാനും സ്റ്റെല്ലയും കൂടി അടുക്കളജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ കോളിംഗ്ബെൽ മുഴങ്ങുന്ന ശബ്ദം കേട്ട്  കതക് തുറന്നപ്പോൾ പപ്പയായിരുന്നു. പപ്പയെന്നാൽ സ്വന്തം പപ്പയല്ല ഞങ്ങളുടെ മമ്മയെ രണ്ടാമത് വിവാഹം കഴിച്ച എസ്റ്റേറ്റ് മാനേജർ റോയിച്ചൻ ആയിരുന്നു അത്, എനിക്ക് അന്ന് എട്ട് വയസും ജാൻസിമോൾക്ക് രണ്ടു വയസുമായിരുന്നു പ്രായം. സ്വന്തം മമ്മയുടെ വിവാഹം നേരിൽ കാണാൻ വിധിക്കപ്പെട്ട രണ്ടു ജന്മങ്ങളായിരുന്നു ഞങ്ങൾ. ആദ്യമൊക്കെ നല്ല സ്നേഹത്തിലായിരുന്നവർ തമ്മിൽ, പിന്നീട് ഞങ്ങളുടെ വീട്ടിലേക്ക് സ്റ്റെല്ലയെ ജോലിക്ക് കൊണ്ടു വന്ന പപ്പ സ്റ്റെല്ലയുമായി അടുപ്പത്തിലായി.  ഇതിനെചൊല്ലി മമ്മയും പപ്പയും എന്നും വഴക്കും അടിയുമായി. ഒരു ദിവസം രാവിലെ മമ്മയുടെ മുറിയിലേക്ക് പോയപ്പോൾ ഫാനിൽ സാരിത്തലപ്പിൽ തൂങ്ങിനിന്ന മമ്മയെയാണ് കണ്ടത്. കൊന്ന് കെട്ടി തൂക്കിയതാണോ അതോ ജീവിതം മടുത്ത് മമ്മ സ്വയം ചെയ്തതാണോ എന്ന് എനിക്കറിയില്ല.  പിന്നീടുള്ള ഞങ്ങളുടെ ജീവിതം ഊഹിക്കാമല്ലോ."

"എന്നിട്ട്?"

"വാതിൽ തുറന്ന് ആ മനുഷ്യനെ കണ്ടതും ഞാൻ പേടിച്ച് മുറിയിൾ കയറി വാതിലടച്ചിരുന്നു. വന്നു കഴിഞ്ഞാൽ മദ്യസേവയും സ്റ്റെല്ലയുമായുള്ള തട്ടും മുട്ടും കണ്ടിരിക്കാനെനിക്ക് താല്പര്യമില്ലായിരുന്നു. പക്ഷേ അന്ന് പതിവിന് വിപരീതമായി സ്റ്റെല്ല ഡോറിൽ വന്ന് മുട്ടി വിളിച്ചുപറഞ്ഞു പപ്പ വിളിക്കുന്നു എന്ന്. താഴോട്ടിറങ്ങി ഞാൻ പപ്പയുടെ മുറിയിൽ പോയപ്പോൾ വെള്ളമടിച്ചിരിക്കുന്നതാണ് കണ്ടത്." 

"എന്നിട്ടെന്തു സംഭവിച്ചു?"

ബെഡിൽ നിരത്തിയിട്ട തുണികളിലേക്ക് വിരൽചൂണ്ടി അയാൾ പറഞ്ഞു,
"ആൻസി മോളെ, നിനക്ക് കുറച്ചു ഡ്രസ്സ് ഞാൻ വാങ്ങിയിട്ടുണ്ട്, അതിൽ മോൾക്കിഷ്ടപ്പെട്ടത് ധരിച്ചുവേണം രണ്ടു ദിവസം കഴിഞ്ഞു നിന്നെ പെണ്ണ് കാണാൻ വരുന്നവരുടെ മുന്നിൽ വന്നു നിൽക്കേണ്ടത്."

ഞാൻ ദേഷ്യത്തിൽ പറഞ്ഞു
"എനിക്കിപ്പോൾ കല്യാണമൊന്നും വേണ്ട."

"അത് തീരുമാനിക്കേണ്ടത് നീയല്ല, ഞാനാണ് എന്‍റെ വകയിലൊരു ചെക്കൻ തന്നെയാണ് നിന്നെ കാണാൻ വരുന്നത്. ഇത് നടക്കും.... നടത്തിയിരിക്കും ഞാൻ..... എന്‍റെ സ്വഭാവം നിനക്കറിയാലോ ?"

"ആരായാലും എനിക്ക് താല്പര്യമില്ല."
എന്‍റെ മറുപടി കേട്ട് ദേഷ്യത്തിൽ അയാളെഴുന്നേറ്റെന്‍റെ കഴുത്തിന് കുത്തിപിടിച്ചു മതിലിനോട് ചേർത്തു നിറുത്തി പറഞ്ഞു,

"പറഞ്ഞത് കേട്ടില്ലെങ്കിൽ നിന്‍റെ മമ്മയെ കെട്ടി തൂക്കിയതുപോലെ നിന്നെയും ഞാൻ കൊന്നു കെട്ടി തൂക്കും."

"അപ്പോൾ ആൻസിയുടെ മമ്മയെ ആ ദുഷ്ടൻ കൊന്നതാണല്ലേ."      

"അതെ."

"എന്നിട്ടെന്തുണ്ടായി?"

ആൻസി വീണ്ടും പറഞ്ഞുതുടങ്ങി,
"പേടിച്ചു വിറച്ച എന്‍റെ ചുണ്ടുകളിൽ അയാളുടെ കൈവിരകൾ കൊണ്ട് പിടിച്ചു. നീ വളർന്നു വലുതായിരിക്കുന്നു നിന്നെ ആർക്കും കെട്ടിച്ചു കൊടുക്കുന്നില്ല. നീ എന്നോടൊപ്പം ഇവിടെ കഴിഞ്ഞാൽ മതിയെന്ന് പറഞ്ഞയാളെന്നെ വട്ടം ചുറ്റിവരിഞ്ഞു കഴുത്തിലും കവിളുകളിലും ചുംബിക്കാൻ തുടങ്ങി. ഞാൻ അയാളെ തള്ളിയിട്ട് കുതറി ഓടാൻ ശ്രമിച്ചപ്പോൾ സ്റ്റെല്ല മുന്നിൽ വന്നു എന്നെ പിടിച്ചു നിറുത്തി."

"എന്നിട്ട് ?"

"നീ ഇറങ്ങി ഓടുമല്ലേടീ ബ്ലഡി ബിച്ചെന്നും പറഞ്ഞു അയാളെന്നെ തല്ലി താഴെയിട്ടു. ബോധംകെട്ടുവീണ എനിക്ക് പിന്നീടെന്ത് സംഭവിച്ചെന്ന് ഓർമയില്ല . മരിച്ചെന്നു കരുതിയാകും അവരെന്നെ കെട്ടി തൂക്കിയത്. ശ്വാസം മുട്ടിയപ്പോൾ കണ്ണ് തുറന്ന ഞാൻ ശ്വാസത്തിന് വേണ്ടി കിടന്നു പിടഞ്ഞു."

“ആ സമയം നിന്‍റെ ശരീരത്തിൽ നിന്നും വേര്പെടാതിരിക്കാന്‍ ഞാന്‍ കഴിവതും ശ്രമിച്ചതാണ് ദീർഘശ്വാസം വലിച്ചു നീ  എന്നെ പിരിയാതിരിക്കാൻ ആവതും ശ്രമിച്ചതാണല്ലോ അല്ലേ.... വിഷമിക്കാതെ ഇതായിരിക്കും നിന്‍റെ വിധി ഇരുപതാം വയസിൽ നമ്മൾ പിരിയണമെന്നുള്ളത് ദൈവഹിതം ആയിരിക്കും."

"സ്വാധീനവും പണവും ഉപയോഗിച്ചയാൾ കൊലപാതകത്തെ ആത്മഹത്യയാക്കി മാറ്റും, പണ്ട് മമ്മയുടെ കൊലപാതകത്തിൽ ചെയ്തതുപോലെ....
എനിക്ക് ജാൻസിയുടെ കാര്യമോർക്കുമ്പോൾ നല്ല ഭയമുണ്ട്. ആ വൃത്തികെട്ടവൻ ഇനി അവളെയും  എന്തെങ്കിലും ചെയ്യുമോ? 
എനിക്ക് അവളോടെങ്കിലും സത്യാവസ്ഥ തുറന്നുപറയണമായിരുന്നു .........അവളെ അറിയിക്കണമായിരുന്നു ഞാൻ മരിച്ചതല്ല എന്നെ കൊന്നതാണെന്നും അതിനുള്ള കാരണങ്ങളും,  അവളെങ്കിലും രക്ഷപ്പെട്ടിരുന്നെങ്കിൽ.... അതിന് നീ എന്നെ സഹായിക്കണം."      

"ജീവനില്ലാത്ത നിനക്കോ, നിന്‍റെ ശരീരം നഷ്‌ടമായ എനിക്കോ മനുഷ്യരുമായി ആശയവിനിമയം നടത്താൻ കഴിയില്ല.....ദൈവം അവൾക്ക് തുണയുണ്ടാകും."

"എന്നിട്ടെനിക്കുണ്ടായില്ലല്ലോ തുണയായി ഈ ദൈവം."

"ചിലതൊക്കെ വിധിച്ചതുപോലെ നടക്കും...വിധിയെ തടുക്കാൻ കഴിയില്ലല്ലോ ആൻസി."

"നാളെ ജാൻസിമോളുടെ പിറന്നാൾ ആണ്...ഇനി ഒരിക്കലും അവളോടൊപ്പം ആഘോഷിക്കാൻ കഴിയില്ല എന്നോർക്കുമ്പോൾ......!"

"ഇനി നിനക്ക് ആഘോഷമൊന്നുമില്ല ആൻസി, ജീവിച്ചിരിക്കുന്നവർക്കല്ലേ ആഘോഷം നീയിപ്പോൾ ജീവനില്ലാത്ത ശരീരം മാത്രമാണ്. ഞാൻ കൂടെയുള്ളത് കൊണ്ട് മാത്രമായിരുന്നു നിനക്കിത്രയും നേരം എന്നോടൊപ്പം സംസാരിക്കാൻ കഴിഞ്ഞതു തന്നെ ഇനി അതിനും സാധിക്കില്ല. എനിക്ക് യാത്രയാകാൻ സമയമായി ആനി, ഇനി നീ പുഴുക്കൾക്ക് ഭക്ഷണമായി തീർന്നു ഈ മണ്ണോടിഴുകി ചേരുക. നിന്‍റെ ശരീരം മാത്രമേ നഷ്ടമാകുന്നുള്ളൂ അതിൽ നീ ഒരിക്കലും വിഷമിക്കരുത്. പരലോകത്തിൽ നിന്നും എനിക്ക് വീണ്ടും നല്ലൊരു മനുഷ്യജന്മം കിട്ടുമെന്ന പ്രതീക്ഷയുമുണ്ട്. ഭൂമിയിൽ തെറ്റ് ചെയ്യാതെ ആഗ്രഹങ്ങൾ ബാക്കിവെയ്ക്കുന്ന മനുഷ്യരുടെ ആത്മാക്കൾക്ക് വീണ്ടും പിറവിയെടുക്കാൻ കാത്തിരിക്കുന്ന മനുഷ്യ ശരീരത്തിലേക്ക് പ്രവേശിക്കാൻ കഴിയും."

മനസ്സില്ലാമനസ്സോടെ ആൻസി അവളുടെ ആത്മാവിനോട് യാത്രപറഞ്ഞു,

"ഞാൻ പോകുന്നു ആൻസി.....ഇനി സ്വസ്ഥമായി നീയുറങ്ങുക എന്നന്നേക്കുമായി..."

ആൻസിയുടെ  കണ്ണുകൾ അടഞ്ഞു...
കുഴിയിലേക്ക് വെള്ളം ആഴ്ന്നിറങ്ങി തുടങ്ങിയിരിന്നു, എന്നന്നേക്കുമായി തന്‍റെ ശരീരത്തെ ഉപേക്ഷിച്ച് ആത്മാവ്, കുഴിമാടം വിട്ടു മുകളിലേക്ക് ആകാശഗംഗയിലേക്ക് പറന്നുയർന്നു........

"മോളെ ജാൻസി....."

പപ്പയുടെ വിളിക്കേട്ടവൾ ഞെട്ടിയുണർന്നു. കൈയിലിരുന്ന ലൈറ്ററിൽ നിന്നും മെഴുകുതിരി കത്തിച്ചയാൾ ജാൻസിയേയും കൂട്ടി കട്ടിലിൽ ഇരുന്നിട്ടവളോട് പറഞ്ഞു,

"വിഷമിക്കാതെ മോളെ നല്ലവരെ ദൈവം നേരത്തെ വിളിക്കും എന്നല്ലേ...ആദ്യം മമ്മ ഇപ്പോൾ ആൻസി...എന്നാലും എന്തിനുവേണ്ടി അവൾ ഇങ്ങനെ ചെയ്തതെന്ന് മാത്രം ഈ  പപ്പയ്ക്ക് മനസിലാകുന്നില്ല... മോൾക്ക് പേടിയല്ലേ വാ... ഇന്ന് മോളോടൊപ്പം പപ്പ കൂട്ട് കിടക്കാം."

അയാൾ ജാൻസിയെ നെഞ്ചോട് ചേർത്താശ്വസിപ്പിച്ചു.
ഈയാംപാറ്റകൾ അപ്പോഴും കൂട്ടമായി ആ മെഴുതിരി വെളിച്ചത്തിന് ചുറ്റും വട്ടമിട്ടു പറന്ന് കരിഞ്ഞു വീഴുന്നുണ്ടായിരുന്നു...

അപ്സരസ്

അപ്സരസ് 

പ്രതീക്ഷിക്കാത്ത നേരത്തായിരിക്കും ചിലപ്പോളൊക്കെ മഴ പെയ്യുക. രാവിലെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നുമിറങ്ങിയപ്പോൾ പെട്ടെന്നൊരു പെരുമഴ. മഴ നനയാൻ ഇഷ്ടമുള്ള ഞാൻ ഇത്തവണ കുട ചൂടി ബാഗിൽ ഇതുവരെ പഠിച്ചു നേടിയ സർട്ടിഫിക്കറ്റുകൾ നനയാതിരിക്കാനായി. ഇരുവശങ്ങളിലുമായി നിരനിരയായി സ്ഥിതി ചെയ്യുന്ന ചെറുകടകളുടേയും ടാർപോളിൻ ഷീറ്റുകൾ വലിച്ചുകെട്ടിയ തട്ടുകടകളിലേയും ഓരങ്ങളിൽ യാത്രക്കാരിൽ കുറച്ചുപേർ അഭയാർത്ഥികളെ പോലെ മഴയിൽ നിന്നും രക്ഷനേടി മഴ തോരുന്നതും നോക്കി കാത്ത് നിൽപ്പാണ്. മഴക്കാലമാണെന്ന് അറിഞ്ഞിട്ടും കുടയെടുക്കാത്തവരെ പുച്ഛഭാവത്തോടെ നോക്കികൊണ്ട് കൈയിൽ കുട കരുതിയവരൊക്കെ അവരുടെ മുൻപിലൂടെ അഹങ്കാര ഭാവത്തിൽ നടന്നുപോകുന്നു.

ട്രെയിൻ വന്നിറങ്ങിയ തിരക്കും ഓഫീസ് ടൈമും എല്ലാം കൂടി റെയിവേ സ്റ്റേഷന് മുന്നിൽ ചെറിയൊരു ഗതാഗത കുരുക്കും സമ്മാനിച്ചു, കുടയിൽ മഴ നനയാതെ നടക്കുമ്പോഴും  ഇഴഞ്ഞു നീങ്ങുന്ന വാഹങ്ങളുടെ പുറത്ത് വീഴുന്ന മഴനൂലുകൾ ചിതറിയും പിന്നെ കാറ്റിനെ പ്രണയിച്ച് പാറി വരുന്ന മഴത്തുള്ളികളും എന്നെ നനയ്ക്കുന്നുണ്ടായിരുന്നു. ഫുട്പാത്തിലൂടെ കയറി നടക്കുന്നതാണ് ഉത്തമമെന്ന് കരുതി നടക്കുമ്പോൾ ആമിന ഹോട്ടലിന് മുന്നിൽ മഴ നനയാതിരിക്കാൻ കയറി നിൽക്കുന്നവരുടെ കൂട്ടത്തിൽ നിന്നും രണ്ടു കണ്ണുകൾ പ്രത്യാശയോടെ എന്നെ നോക്കി നിൽക്കുന്നതുപോലെ തോന്നി. മഴയിൽ നനഞ്ഞു കുതിർന്ന ഒരു അപ്സരസിനെ പോലൊരുവൾ. അവളിൽ കണ്ണുടക്കിയ എനിക്ക് ആ കണ്ണുകളിലെ പ്രതീക്ഷ നഷ്ടപ്പെടുത്താൻ തോന്നിയില്ല. എന്‍റെ കുടയിൽ മഴ നനയാതെ സഞ്ചരിക്കാൻ അവൾക്കും ഞാനൊരു അവസരം കൊടുത്തു, ചിലപ്പോൾ ബസ് സ്റ്റോപ്പിലേക്കായിരിക്കും അതുമല്ലെങ്കിൽ ശ്രീ നാരായണ ലേഡീസ് ഹോസ്റ്റലിലേക്കായിരിക്കും എവിടേയ്ക്കണേലും ആ സുന്ദരിയെ കൊണ്ടുവിടാമെന്ന് ചിന്തിച്ച് അവളെയും കൂട്ടി ഞാൻ നടന്നു.

തകർത്തുപെയ്യുന്ന മഴ കുടയിലൂടെ ഒലിച്ചിറങ്ങി അവളുടെ വസ്ത്രങ്ങളെ നനയ്ക്കുന്നുണ്ടായിരുന്നു. കൂടുതലായി നനയാതിരിക്കാൻ വേണ്ടി അവളെന്നോട് ചേർന്നൊട്ടി നടന്നപ്പോൾ മനസ്സിൽ എത്ര ലഡ്ഡു പൊട്ടിയെന്നെനിക്കറിയില്ലായിരുന്നു എണ്ണാനും സമയം കിട്ടിയില്ല. ആൾക്കൂട്ടങ്ങളിൽ നിന്നും കുറേ കണ്ണുകൾ എന്നെ തുറിച്ചുനോക്കുന്നതുപോലെ തോന്നി. അല്ലെങ്കിലും മലയാളികൾ അങ്ങനെയാണല്ലോ അസൂയാലുക്കൾ അപ്സരസിനെ പോലൊരുവൾ തന്നോടൊപ്പം കയറി നടന്നത് ഇവർക്ക് ഇഷ്ടമായി കാണില്ല. പക്ഷെ ഇത് കുട ചൂടി നടക്കുന്നവരുമൊക്കെ എന്നെ നോക്കുന്നു. സത്യം പറഞ്ഞാൽ റോഡിലുള്ളവരൊക്കെ എന്നെ ശ്രദ്ധിക്കാൻ തുടങ്ങി. ആനയെ എഴുന്നള്ളിച്ച് നടക്കുന്ന  പാപ്പാനെ പോലെ ആ സുന്ദരിയേയും കൂട്ടി അവരുടെയെല്ലാം മുൻപിലൂടെ ഗമയോടെ ഞാനും നടന്നു.

മഴ പ്രണയഭാവമായി മനസ്സിലേക്ക് പെയ്തിറങ്ങാൻ തുടങ്ങി, പുറത്തും അകത്തും കുളിര് കോരുന്നതുപോലെ അറിയാതവളുടെ കഴുത്തിലേക്ക് നോക്കിയപ്പോൾ ആ കുളിര് ഇറ്റിറ്റു അവളുടെ മാറിൻ തുഞ്ചത്തിലേക്ക് വീഴുന്നതുപോലെ. ഇതുവരെയും അവളോടൊന്നും സംസാരിച്ചില്ല, എങ്ങോട്ട് പോകണമെന്നും ചോദിച്ചില്ല എന്നോർത്ത് ഞാൻ അവളോട് തിരക്കി,

"എവിടേക്കാണ് പോകേണ്ടത് ? ബസ് സ്റ്റോപ്പിലേക്കാണോ....?"

ഒന്നും മിണ്ടാതെ അവളെനിക്ക് വശ്യമായൊരു പുഞ്ചിരി സമ്മാനിച്ചു. പിന്നെയും പൊട്ടിയ ലഡ്ഡുകൾ ഓരോന്നും കൃത്യമായി എണ്ണി ഞാനും അവളും ബസ് സ്റ്റോപ്പിനടുത്തേക്ക് നടന്നു.

"പറഞ്ഞില്ല എവിടേക്കാണെന്ന് ?"

"എനിക്ക് ജോസ് ജംഗ്‌ഷനിലേക്കാണ് പോകേണ്ടത്...."
ആ അപ്‌സരസിന്റെ ശബ്ദം കേട്ടതും 'കുട്ടി മാമ ഞാൻ ശരിക്കും ഞെട്ടി മാമ' എന്ന സ്റ്റൈലിൽ ഇപ്പോഴാണ് ശരിക്കിനും ലഡ്ഡു പൊട്ടിയത്. ധീം തരികിട തോം....ആൺ ശബ്ദം....  വേഗം തന്നെ കൈയിലെ കുട മടക്കി റോഡ് ക്രോസ് ചെയ്തു പന്തം കണ്ട പെരുച്ചാഴിയെ പോലെ ഞാൻ വേഗത്തിൽ നടന്നുപോയി......

പുഞ്ചിരി

പുഞ്ചിരി 
*************
മനസ്സ് മടുക്കുന്ന സന്ദർഭങ്ങളിൽ ചെറിയ യാത്രകൾ , ഒരു സിനിമ കാണുക അതുമല്ലെങ്കിൽ കടപ്പുറത്ത് പോയിരിക്കുക ഇതൊക്കെ എന്‍റെ പതിവാണ്. മനസ്സിനെ ശാന്തമാക്കാനുള്ള സ്വയം ചില കണ്ടെത്തലുകൾ അല്ലെങ്കിൽ ഒരുതരം കിറുക്ക് എന്നുവേണമെങ്കിലും പറയാം.

ആർഭാടങ്ങളുടെയോ ആഘോഷങ്ങളുടെയോ മേമ്പൊടികൾ ഒന്നും തന്നെയില്ലാതെ കൊഴിഞ്ഞുപോയ  ജന്മദിനത്തിൽ അടുത്തുള്ള പള്ളിയിൽ പോയി പ്രാർത്ഥിച്ചു. തിരിച്ചുമടങ്ങുന്ന വഴിയിൽ ബസിൽ നിന്നും 'ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേവുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം..' എന്ന ഗാനം കാതുകളിലേക്ക് ഒഴുകിയെത്തിയപ്പോൾ മുതൽ മനസ്സ് അസ്വസ്ഥമായി തുടങ്ങി ഒന്ന് മുതൽ അഞ്ച് വരെ പഠിച്ച ആംഗ്ലോ ഇന്ത്യൻ സ്‌കൂൾ വരെ ഒന്ന് പോണമെന്ന്. അവിടുന്ന് ഇറങ്ങിയതിന് ശേഷം പിന്നീട് ഇതുവരെയും ഞാൻ തിരിഞ്ഞുനോക്കിയിട്ടില്ല എന്ന കുറ്റബോധവും സ്നേഹനിധിയായ ഷിമ്മി ടീച്ചർ പിന്നെ കൂട്ടുകാരായിരുന്ന നിഷ റോഡ്രിഗസ് , ഫാബി , എബിൻസൺ , അനീഷ് , ഊർമിള , മറീന , ഹൈമ , വിപിൻ , ഗ്ലിന്റി എന്നിങ്ങനെ ഓർമ്മയിൽ ഇന്നും സൂക്ഷിക്കുന്ന സൗഹൃദങ്ങളെയൊക്കെ കാണണം എന്നിങ്ങനെയുള്ള ചിന്തകൾ  മനസ്സിനെ വല്ലാതെ അലട്ടി.

ഈ കൂട്ടുകാരിൽ അനീഷിനെ വർഷങ്ങൾക്ക് ശേഷം കണ്ടുകിട്ടി തിരുവനതപുരത്ത് ഞാൻ പഠിക്കുന്ന സ്‌കൂളിൽ അവനും എറണാകുളത്ത് നിന്ന് വന്നുചേർന്നു. നിഷയേയും ഹൈമയെയും ഫേസ്ബുക്കിലൂടെ കണ്ടുകിട്ടി. ഫാബിയെ കാണാനും ഷിമ്മി ടീച്ചറെ കാണാനുമുള്ള ആഗ്രഹം ഇന്നുമൊരു വേദനയായി മനസ്സിലലട്ടുന്നു. ഒന്നുമാലോചിച്ചില്ല നേരെ ബസ് കയറി വടുതലയ്ക്ക് ടിക്കറ്റെടുത്ത് ബസിലിരുന്ന് ഓർമ്മകളെ അയവിറക്കി കാഴ്ചകൾ കണ്ടിരുന്ന് യാത്രതുടങ്ങി. മുക്കാൽ മണിക്കൂർ ആയപ്പോൾ വടുതലയിലെത്തി, നേരെ സ്‌കൂൾ ലക്ഷ്യമാക്കി ഓർമ്മകളിലെ വഴിയിലൂടെ നടന്ന് പഴയ വിദ്യാലയത്തിലെത്തി. 

നൊസ്റ്റാൾജിയ മനസ്സിൽ കിടന്നങ്ങനെ നുരഞ്ഞു പൊങ്ങുകയാണ്. പഴയതുപോലെ ഒന്നുമല്ല സ്‌കൂളിന്റെ സ്ട്രക്ച്ചർ അടിമുടി മാറി ഹൈ ടെക്ക് ആയിരിക്കുന്നു. കുറച്ചു നേരം അങ്ങനെ നോക്കി നിന്നു, എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നി. പിന്നെ കളിച്ചുനടന്ന വഴികളിലൂടെ ഒരു അപരിചിതനെ പോലെ സഞ്ചരിച്ചു. എല്ലാം മാറിയിരിക്കുന്നു...... മനസ്സിലുള്ള പഴയ വഴികളും വീടുകളും കുരിശുവരകളുമൊക്കെ കാലം മാറിയതനുസരിച്ച് കോലവും മാറിയിരിക്കുന്നു. തിരിച്ചു പോകാം നൊസ്റ്റാൾജിയക്ക് വേണ്ടി വെയില് കൊണ്ടത് മാത്രം മെച്ചമുണ്ടായി.

തിരിച്ചു ബസ് കയറാൻ സ്റ്റോപ്പിലെത്തിയപ്പോൾ പഴയ പെട്ടിക്കട രൂപകൽപ്പനയിൽ മാറ്റമൊന്നും സംഭവിക്കാതെ നിൽക്കുന്നു. വര്ഷങ്ങളുടെ കാലപ്പഴക്കം കടയെ അൽപ്പമൊന്ന് തളർത്തിയിട്ടുണ്ട്. ഒരു സിഗററ്റ് വലിക്കാമെന്ന് കരുതി നേരെ കടയിലേക്ക് ചെന്ന് പെട്ടെന്നാണ് ഓർത്തത് ഇനി വലിക്കില്ല എന്ന് സത്യം ചെയ്തു കൊടുത്തതാണല്ലോ ? വലിച്ചാലും പറയാതിരുന്നാൽ മതിയല്ലോ എന്നിങ്ങനെയുള്ള ചിന്തകൾ പുകച്ചുരുളുകൾ പോലെ പുറത്തേക്ക്. വേണ്ട വാക്ക് പറഞ്ഞാൽ പഴയ ചാക്ക് പോലെയാകരുതെന്ന് കരുതി ഒരു സോഡാസർബത്ത് പറഞ്ഞു, 

മഞ്ഞ കളറിലുള്ള പ്ലാസ്റ്റിക്ക് പാത്രത്തിനുള്ളിലെ കലങ്ങിയ വെള്ളത്തിലിട്ട് ഗ്ലാസ് കഴുകി കടക്കാരൻ സോഡാ സർബത്ത് റെഡിയാക്കി തന്നു. അതും കുടിച്ചു നിൽക്കുമ്പോളായിരുന്നു ബസ് സ്റ്റോപ്പിലേക്ക് വന്നവരിൽ മൂക്കുളയും ഒലിപ്പിച്ചു പെട്ടിക്കടയിലെ ചില്ല് കുപ്പികളിലിരിക്കുന്ന മിഠായികളെ നോക്കി അത് വാങ്ങി തരാൻ അച്ഛനോട് വാശിപിടിച്ച് കരയുന്ന ഒരു കുസൃതി കുടുക്ക.  നിവൃത്തിക്കേട് കൊണ്ടയാൾ അവനുമായി കടയിലേക്ക് വന്നു. 

അവൻ എല്ലാ കുപ്പിയിലും ചൂണ്ടി കാണിച്ചു എല്ലാം വേണമെന്ന് പറയുകയാണ്. അയാൾ കടക്കാരനോട് ചോദിച്ചു,

"ഇതിനെത്ര രൂപയാണ്."

"അഞ്ചു രൂപ."

"ഒരെണ്ണം തരൂ."

"ചില്ലറയുണ്ടെങ്കിൽ തരണം ബാക്കി തരാൻ ഇവിടെ ചില്ലറയില്ല..."

കൈയിലുണ്ടായിരുന്ന ഇരുപത് രൂപ നോട്ടെടുത്ത് അയാൾ കടക്കാരന് നേരെ നീട്ടി, മനുഷ്യത്വമില്ലാതെ 
കുപ്പിയിൽ നിന്നുമെടുത്ത മഞ്ച് അയാൾ തിരിച്ചിട്ടുകൊണ്ട് കടക്കാരൻ പറഞ്ഞു,

"നിങ്ങളോട് ഞാൻ ആദ്യമേ പറഞ്ഞതല്ലേ, ബാക്കി തരാൻ ചില്ലറയില്ല എന്ന്.."

ഷർട്ടിന്‍റെ പോക്കറ്റിൽ തപ്പിയ ശേഷം അയാൾ, അടുത്തു നിന്നിരുന്ന മെല്ലിച്ച സ്ത്രീയോട് ചോദിച്ചു,

"എടീ കൈയിൽ ചില്ലറ വല്ലതുമുണ്ടോ ?"

നിർവികാരതയോടെ ഇല്ലെന്നവർ തലയാട്ടി കാണിച്ചു. സ്ത്രീയുടെ അടുത്തുണ്ടായിരുന്ന പത്ത് വയസ് പ്രായം വരുന്ന പെൺകുട്ടിയേയും ഞാൻ ശ്രദ്ധിച്ചു അവളുടെ കഴുത്തിലണിഞ്ഞിരിക്കുന്ന മുത്തുമാലകളുടെ വർണ്ണം നഷ്ടപ്പെട്ടിരിക്കുന്നു.  

രണ്ടു മിഠായി വാങ്ങിയാൽ പോരെ പ്രശ്നം തീർന്നല്ലോ ? രണ്ടു പിള്ളേർക്കും കൊടുക്കുകയും ചെയ്യാം എന്നൊക്ക വിചാരിച്ചു ഞാനങ്ങനെ സർബത്ത് കുടിച്ചു കൊണ്ടിരിക്കുമ്പോൾ അയാൾ ഒന്നും വാങ്ങാതെ അവിടെന്ന് ബസ് സ്റ്റോപ്പിലേക്ക് പോകുകയാണ് ചെയ്തത്. രണ്ടെണ്ണം വാങ്ങിച്ചാൽ കൈയിലുള്ള വണ്ടിക്കൂലി കുറയുമെന്ന് ചിന്തിച്ച നിസ്സഹായതയുടെ മുഖം മൂടിയണിഞ്ഞ ഒരച്ഛനെയാണ് ഞാനയാളിൽ കണ്ടത്.

ആ കുസൃതി കുടുക്കയുടെ മുഖം ഇരുണ്ടു അവൻ ഏങ്ങലോടെ കരയാൻ തുടങ്ങി..... 
സർബത്ത് കുടിച്ച ഗ്ലാസ് താഴെ വെച്ച് ഞാൻ വേഗം കുപ്പി തുറന്ന് രണ്ട് ചോക്ലേറ്റുമെടുത്ത് കടക്കാരന് കാശും നൽകി അവർക്കരികിലേക്ക് ചെന്നു. 

"അയ്യോ വേണ്ടാ ചേട്ടാ..." ആ സ്വരത്തിൽ ദയനീയത നിഴലിച്ചു നിൽക്കുന്നുണ്ടായിരുന്നു....

ഞാനാ ചോക്ലേറ്റ്‌സ് അയാളുടെ കൈയിൽ നിർബന്ധിച്ചു കൊടുത്ത്. എന്നിട്ട് പറഞ്ഞു, ഞാനും ഇതുപോലെ ഒരു കുട്ടിയായിരുന്നു പണ്ട്...... അവരുടെ ഹൃദയം നിറഞ്ഞുള്ള പുഞ്ചിരിയും സ്വന്തമാക്കി സന്തോഷത്തോടെ ബസിൽ കയറി യാത്രയായി.... 

ജീവിതത്തിൽ കിട്ടിയിട്ടുള്ള ഹൃദയവിശാലതയോടെയുള്ള ചുരുക്കം ചില പുഞ്ചിരികളുടെ കൂട്ടത്തിൽ അവരേയും ചേർത്തുവെച്ചു. ഇത്തരത്തിലുള്ള പുഞ്ചിരികൾ നിങ്ങൾക്കും സ്വന്തമാക്കാൻ കഴിയണം എങ്കിലേ ജീവിതത്തിന് ഒരർത്ഥമുണ്ടാകുകയുള്ളൂ.....
ഈ ജന്മദിനത്തിൽ എനിക്ക് കിട്ടിയ ഈ പുഞ്ചിയാണ് ഏറ്റവും വലിയ പിറന്നാൾ സമ്മാനവും....

ഒറ്റമന്ദാരം

ഒറ്റമന്ദാരം

പറയാതെ പോയതെല്ലാം ഓർത്തെടുതത്
ഒരു നാൾ നിന്നോട് ചൊല്ലുവാനായി 
പറയാതെ പോയ വാക്കുകൾ
പിടഞ്ഞിരുന്നു നിന്നെയും കാത്ത്...

കരഞ്ഞിരുന്നതിന്
സാക്ഷിയായിരുന്നു 
പൂമുഖത്ത് വിരിഞ്ഞ ഒറ്റമന്ദാരം....

നിനക്കായി കുറിച്ചിട്ട വാക്കുകൾ 
ഇന്നും കാണാം
കുന്നിന്മേലെയുള്ള മാഞ്ചുവട്ടിൽ.....

താമര കുളത്തിൽ നീരാടുമ്പോൾ 
നിന്‍റെ പേരും ചൊല്ലി 
മീനുകളിപ്പോഴും കിന്നാരം പറഞ്ഞുവരും...

നിദ്രയിലാകുമ്പോഴെല്ലാം 
നഖങ്ങൾക്കിടയിൽ സൂചികുത്തും 
വേദനയിൽ 
എന്‍റെ കിനാവുകളും ഞാനും പിടയുന്നുണ്ടിന്നും......

എന്‍റെ വാക്കുകൾ 
തുരുമ്പിക്കുകയില്ലെങ്കിലും 
അവയെ ഇല്ലാതാക്കാൻ കാലത്തിന് കഴിയുമല്ലോ....
എനിക്കത് സഹിക്കാൻ കഴിയില്ല...

ഭദ്രമായി 
ഞാനവയെ മറച്ചുവെയ്ക്കാം 
ഇനിയൊരു ജന്മമുണ്ടെങ്കിൽ 
അന്നവയെ നിനക്കേകാൻ 
നിന്‍റെ കണ്ണുകളിൽ 
ഒളിപ്പിക്കാം......

പറയാതെ ബാക്കി വെച്ചെതെല്ലാം 
അന്ന് വാചാലമാകും 
തോരാതെ മൂടിയും 
ഒഴുകാതെ കെട്ടിയും 
നിറുത്താനാകില്ലന്ന്.....

ഏതാനും നിമിഷങ്ങൾ കൂടി 
വിരഹത്തിന്‍റെ പക്ഷികൾ 
ഹൃദയം കൊത്തിപ്പറിക്കുന്ന 
വേദന സഹിക്കണം....
പിന്നെ ഞാനും 
മരിച്ചവനല്ലോ......

രാത്രിമഴ

രാത്രിമഴ

ഈയിടയായി രാത്രികളിൽ നിദ്രയെന്നെ തീരെ തഴുകുന്നില്ല. മുൻപത്തെ പോലെ രാത്രിയുടെ സൗന്ദര്യവും ആസ്വദിക്കാൻ കഴിയുന്നില്ല, സുന്ദരമായ രാത്രികളോട് എന്തെന്നില്ലാത്ത വിരക്തിയാണിന്നെനിക്ക്. 

എല്ലാവരുമുണ്ടായിട്ടും ആരുമില്ല എന്നൊരു തോന്നൽ. ചുറ്റും ഏകാന്തത വട്ടമിട്ടു പറക്കുന്നു. മുറിയിൽ ഫാനിന്റെയും ശ്വസനത്തിന്റെയും കാറ്റ് മൂളുന്ന ശബ്ദം ഏകാന്തയ്ക്ക് കൂട്ടായുണ്ട്. പുറത്ത് രാത്രി പക്ഷികളുടെ അടക്കിയുള്ള സംസാരം കേൾക്കാം കാതോർത്താൽ. അയൽവാസികളിൽ കുറച്ചുപേർ ഇനിയും കിടന്നട്ടില്ലെന്ന് തോന്നുന്നു. പാത്രങ്ങൾ അടുക്കിവെയ്ക്കുന്ന ശബ്ദവും അതിനോടൊപ്പം ആരൊക്കെയോ കുടിച്ചുകൂത്താടുന്നുമുണ്ട് അതിൽ നിന്നുമുയരുന്ന ചില അശ്ലീലങ്ങൾ കേൾക്കാം. അന്തരീക്ഷത്തിലൂടെ ബീഡി പുകമണവും ഒഴുകി വരുന്നുണ്ട്. ഞാൻ അനുഭവിക്കുന്ന ശൂന്യതയ്ക്ക് കൂട്ടായി അവയൊന്നും എന്നെ അലോസരപ്പെടുത്തുന്നുമില്ല. പിന്നെ താരാട്ട് പാട്ടും കുട്ടികളുടെ കരച്ചിലുകളും കേൾക്കുമ്പോൾ മാത്രം അടുത്ത് കിടന്നുറങ്ങുന്ന പിഞ്ചോമനകളെ ഞാനൊന്ന് ചേർത്ത് പിടിക്കും...

കിടക്കവിരികൾ ചുളിയാതായിട്ടും എന്റെ മുഖം ചുളിഞ്ഞിട്ടും നാളുകളെത്ര കഴിഞ്ഞിരിക്കുന്നു. പഴകുന്തോറും വീര്യമേറുന്ന വൈനിനെ പോലെയാണ് താനെന്ന് മനസ്സിലാക്കാത്ത ഒരുവൻ ആറിയ കഞ്ഞി പഴങ്കഞ്ഞിയായി പോലും കാണാതെ ശവത്തെ പോലെ കിടന്നുറക്കമായി. എന്നിലെ സ്ത്രീ ആളികത്തുന്നത് പോലുമറിയാതെ...

സംതൃപ്ത്തയുടെ മുഖം മൂടി ധരിച്ചു ഞാൻ രാത്രിയിലെ ഏകാന്തതയ്ക്ക് വിരാമമിടാൻ ഓരോന്നും കുത്തി കുറിക്കുമ്പോൾ ചാവാലി നായ്ക്കൾ കന്നിമാസത്തിലെന്ന പോലെ എന്നിലേക്കും ആർത്തിയോടെ ഇടയ്ക്കിടയ്ക്ക് കുരയ്ക്കുന്നുണ്ട് ഇൻബോക്സിൽ വന്നു. അവർ ഓളിയിടുന്നു കാമം തീർക്കാനായി. എനിക്കവർ വേണ്ട ഞാൻ ഇനിമുതൽ ഉറങ്ങുമ്പോൾ എന്നിലെ ആത്മം ഉണർന്നു അവനിലേക്ക് യാത്രയാകും.... 
അവനോടൊത്ത് സംസാരിക്കാൻ.... അവനോടൊപ്പം രാത്രി മഴ നനയാൻ.....
അവന്റെ മാറിലെ ചൂടേറ്റുറങ്ങാൻ.... 
എന്റെ മഴയുടെ കാമുകനൊപ്പം ഇനി ഞാനും നനയട്ടെ..... 

രാവിലെ ഉറക്കമുണരുമ്പോൾ തിരികെയെത്താം ഉത്തമയായ ഭാര്യയായി, കുഞ്ഞുങ്ങളുടെ അമ്മയായി....

എന്റെ മഴയുടെ കാമുകന് ഹൃദയപൂർവ്വം ചുംബനങ്ങൾ അർപ്പിക്കുമ്പോൾ മഴ പെയ്യുന്നത് നിനക്ക് എന്നോടുള്ള പ്രണയമാണെന്നും ഞാൻ തിരിച്ചറിയുന്നു.....

ഒരു സ്ത്രീ എന്ന നിലയിൽ ഇനിയെനിക്ക് ഇയാളോടൊപ്പം ജീവിക്കാൻ തോന്നുന്നില്ല....
ജീവിതം ഒരു അഭിനയമാണ് എന്ന സത്യം ഞാനും തിരിച്ചറിയുന്നു.... 
പുതിയതായി ഓരോ വേഷങ്ങൾ സ്വീകരിക്കാനും അഭിനയിക്കാനും തുടങ്ങുന്നു... എന്നെ അങ്ങനെ ആക്കിയതാണ്......
എനിക്കതിൽ കുറ്റബോധമോ ചെയ്യുന്നത് തെറ്റായോ തോന്നുന്നില്ല....
എങ്കിലും എന്നോട് പൊറുകണേ....

എന്തെന്നാൽ ഞാൻ പരേതനല്ലൊ...


പുതുമണം
വിട്ടുമാറാത്ത കുപ്പായമണിഞ്ഞു
ആരോ ചുംബിച്ചുറക്കിയ
ഒരു ചെറുപുഞ്ചിരിയോടെ
സ്വപ്നത്തിന്റെ ആലസ്യത്തിൽ
മൗനമായി കിടന്നുറങ്ങണം....

മഴയെന്നോ..
പ്രണയമെന്നോ...
വിരഹമെന്നോ....
ജോലിയെന്നോ.....
കുടുംബമെന്നോ......
ബന്ധുമിത്രാദികളെന്നോ......
ചിന്തകളെന്നെ അലട്ടാതെ
ഞാൻ കിടന്നുറങ്ങുന്നത്
കാണുന്നവരുടെ കണ്ണീര് തോരാത്തത്
അസൂയകൊണ്ടായിരിക്കും...

അർത്ഥശൂന്യമായ വരികളിൽ പതറി
വിറങ്ങലിച്ചു കിടക്കുമ്പോൾ
ഒരാശ്വാസം തോന്നുന്നത്
ഇനിയാരും
വിമർശിക്കാൻ വരില്ലല്ലോ....

ഹൃദയം പൊട്ടിയൊലിക്കുന്ന
പ്രണയത്തെ നോക്കി
മിഴികൾ നിറഞ്ഞൊഴുകുന്നതു
കാണുമ്പോൾ സത്യമായും
അസൂയയുണ്ടാകും.....

ആരും കുറ്റപ്പെടുത്തരുത്
ഒരു യാത്രപോലും
പറയാതെ പോയല്ലോ
'നീ' എന്നും പറഞ്ഞെന്നേ....
വീണ്ടും,
വേദനിപ്പിക്കരുത്.....
അങ്ങനെ പറയുന്നവരെ
തേടി ഞാൻ വരും
യാത്ര പറയാൻ...

നിങ്ങൾക്കെന്നെ
കേൾക്കാൻ കഴിയുമോ
എന്തെന്നാൽ
ഞാൻ
പരേതനല്ലൊ...

പ്രതീക്ഷ....


പ്രതീക്ഷയോടെ....

ഞാൻ നൽകിയ സ്നേഹത്തിനു മുകളിൽ ഇവൻ പറന്നട്ടേയില്ല..
എന്നോടൊപ്പം നീണ്ട ഏഴ് വർഷം ഇവനുണ്ടായിരുന്നു.....
ഇവനെ ബന്ധനസ്ഥനാക്കുകയോ ചിറകുകൾ വെട്ടിയിടുകയോ ഞാൻ ചെയ്തട്ടില്ല.....
എന്നെ കൊത്തുകയോ കൂർത്ത നഖങ്ങളാൽ വേദനിപ്പിക്കുകയോ അവനും ചെയ്തട്ടില്ല....
ഞാൻ പുറത്തോട്ട് ഇറങ്ങിയാൽ എനിക്ക് കാവലായി വട്ടമിട്ട് പറക്കുമായിരുന്നു....

ഇവനെ സ്വന്തമാക്കാൻ പലരും വന്നു പലതും ഓഫർ ചെയ്തു....
പണത്തിന് വേണ്ടി വിട്ടുകൊടുക്കാൻ സ്നേഹത്തിന് കഴിയില്ലല്ലോന്ന് പറഞ്ഞു വന്നവരെയെല്ലാം നിരാശരാക്കി വിടുകയല്ലാതെ മറ്റൊരു വഴിയും എനിക്ക് മുൻപിൽ ഇല്ലായിരുന്നു.....
എന്റെ സൈക്കിളിനു മുകളിലും ചാമ്പയിലുമായി അവൻ ഒരു കാവലായി നിലയുറപ്പിച്ചു....
ഒരു ദിവസം രാത്രിയിൽ ആരൊക്കെയോ ചേർന്നു അവനെ എന്നിൽ നിന്നും അകറ്റി...
ഒരുപാട് തിരഞ്ഞു....
കണ്ടുകിട്ടിയില്ല....
ഞാൻ പുറത്തിറങ്ങുമ്പോൾ മാനത്തോട്ട് വെറുതെ നോക്കുമായിരുന്നു പ്രതീക്ഷയോടെ....

കുറച്ചുദിവസങ്ങൾക്ക് ശേഷം...
രാവിലെ ഗേറ്റിനകത്ത് ഒരു ചാക്ക്...
വേഗം പോയി തുറന്നുനോക്കിയപ്പോൾ....
ചിറകുകൾ വെട്ടി അവശനായ കിട്ടുവിനെയാണ് കണ്ടത്....

നിറഞ്ഞ കണ്ണുകളുമായി ഞാനവനെ എടുത്ത് വെള്ളം കൊക്കിൽ ഇറ്റിച്ചുകൊടുത്തു....
നേരെ മൃഗാശുപത്രിയിലെത്തിച്ചു...
ഡോക്ടർ പറഞ്ഞു,
ഒന്നും കഴിച്ചട്ടില്ല കുറച്ചുദിവസമായി പിന്നെ ഒരുപാട് പരുക്കുകൾ ഉണ്ട്....
നെഞ്ചിൽ നല്ല പരിക്കുണ്ട്..
നന്നായി ഉപദ്രവിച്ചതുപോലുണ്ട്....
ട്രിപ്പ് കൊടുക്കാം...
രക്ഷപ്പെടുമെന്നു പറയാൻ പറ്റില്ല....

കലങ്ങിയ നെഞ്ചകവുമായി വൈകുന്നേരം വീട്ടിൽ വന്നു...
രാവിലെ എഴുന്നേറ്റപ്പോൾ അവൻ മരവിച്ചുകിടന്നു ഒരിക്കലും എഴുന്നേൽക്കാതെ....
സ്നേഹിക്കുന്നവരെ ഒരിക്കലും അകറ്റരുത്.... എന്നിൽ നിന്നും മോഷ്ടിച്ചവർ ഒന്ന് മനസ്സിലാക്കിയില്ല.....
ഞങ്ങളുടെ സ്നേഹത്തിന്റെ ആഴം....
അവൻ എന്നിൽ നിന്നും മാത്രമേ കഴിക്കുകയുള്ളൂ അതും അവനിഷ്ടമുള്ള ചിക്കനും ബീഫും മാത്രം....
നിങ്ങൾ കൂട്ടിലിടച്ചു അവനു ഭക്ഷണവും വെള്ളവും നൽകി....
അവൻ ഒന്നും കഴിക്കാതെ വന്നപ്പോൾ ഉപദ്രവിച്ചുനോക്കി....
എന്നിട്ടും അവൻ കഴിക്കാതെ ആയപ്പോൾ തിരിച്ചെനിലേക്ക് അവനെ വലിച്ചെറിഞ്ഞു....
രക്ഷിക്കാനായില്ല......
ഒരിക്കലും എന്നോട് ചെയ്ത ഈ ക്രൂരത മറ്റാരും ആരോടും ചെയ്യാതിരിക്കട്ടെ.....

സ്നേഹിച്ച പെണ്ണുപോലും ലജ്ജിക്കും ഇവന് എന്നോടുള്ള സ്നേഹം.....
നീ പോയതിൽ ഞാൻ വേദനിക്കുന്നു....
അവൾ പോയതിൽ ഞാൻ വിഷമിക്കുന്നു.....
നിന്നോടെനിക്ക് സ്നേഹവും....
അവളോടെനിക്ക് പുച്ഛവും.....
വെറുതെയെങ്കിലും മഴമേഘങ്ങളെ കാത്ത് ഞാൻ ഇന്നും നോക്കിനിൽക്കും നീ വീണ്ടുമെന്നിലേക്ക് വരുമെന്ന പ്രതീക്ഷയിൽ.....

കറുപ്പ്

പ്രകാശത്തിലായാലും ഇരുട്ടിലായാലും അതെത്ര ആഴത്തിലായാലും മറവി മരിക്കും വരെ എന്നെ പിന്തുടരുന്ന നിൻ സാമിപ്യത്തിൻ നിറമായി മാറിയ നിന്നെ 'ബ്ലാക്ക്' എന്നല്ലാതെ  മറ്റൊരു പേര് നൽകാനാകില്ലെനിക്ക്.

എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട നിറവും കറുപ്പായിരുന്നു...

ആദ്യമായി നിന്നെ കണ്ടതും കറുപ്പ് വസ്ത്രമണിഞ്ഞായിരുന്നു. ഭീതിയുടെയും ദുഃഖത്തിന്റെയും നിറമായി എല്ലാവരും വർണ്ണിച്ച നിന്നെ ചിലർ ഏഴഴകായും പ്രതിപാദിക്കുമ്പോൾ, സ്നേഹത്തിൻ ഒരൊറ്റ നിറമായി മാത്രമേ എനിയ്ക്ക് വർണ്ണിക്കാനാകൂ...

എന്തെന്നാൽ,

കറുത്ത സ്വപ്നങ്ങളുടെ കരിംപാറ കെട്ടുകളിലേക്ക് സ്നേഹത്തിൻ മെഴുതിരി തെളിച്ചു നീ വന്നതും കറുപ്പിലായിരുന്നു...