Wednesday, January 3, 2018

രാത്രിമഴ

രാത്രിമഴ

ഈയിടയായി രാത്രികളിൽ നിദ്രയെന്നെ തീരെ തഴുകുന്നില്ല. മുൻപത്തെ പോലെ രാത്രിയുടെ സൗന്ദര്യവും ആസ്വദിക്കാൻ കഴിയുന്നില്ല, സുന്ദരമായ രാത്രികളോട് എന്തെന്നില്ലാത്ത വിരക്തിയാണിന്നെനിക്ക്. 

എല്ലാവരുമുണ്ടായിട്ടും ആരുമില്ല എന്നൊരു തോന്നൽ. ചുറ്റും ഏകാന്തത വട്ടമിട്ടു പറക്കുന്നു. മുറിയിൽ ഫാനിന്റെയും ശ്വസനത്തിന്റെയും കാറ്റ് മൂളുന്ന ശബ്ദം ഏകാന്തയ്ക്ക് കൂട്ടായുണ്ട്. പുറത്ത് രാത്രി പക്ഷികളുടെ അടക്കിയുള്ള സംസാരം കേൾക്കാം കാതോർത്താൽ. അയൽവാസികളിൽ കുറച്ചുപേർ ഇനിയും കിടന്നട്ടില്ലെന്ന് തോന്നുന്നു. പാത്രങ്ങൾ അടുക്കിവെയ്ക്കുന്ന ശബ്ദവും അതിനോടൊപ്പം ആരൊക്കെയോ കുടിച്ചുകൂത്താടുന്നുമുണ്ട് അതിൽ നിന്നുമുയരുന്ന ചില അശ്ലീലങ്ങൾ കേൾക്കാം. അന്തരീക്ഷത്തിലൂടെ ബീഡി പുകമണവും ഒഴുകി വരുന്നുണ്ട്. ഞാൻ അനുഭവിക്കുന്ന ശൂന്യതയ്ക്ക് കൂട്ടായി അവയൊന്നും എന്നെ അലോസരപ്പെടുത്തുന്നുമില്ല. പിന്നെ താരാട്ട് പാട്ടും കുട്ടികളുടെ കരച്ചിലുകളും കേൾക്കുമ്പോൾ മാത്രം അടുത്ത് കിടന്നുറങ്ങുന്ന പിഞ്ചോമനകളെ ഞാനൊന്ന് ചേർത്ത് പിടിക്കും...

കിടക്കവിരികൾ ചുളിയാതായിട്ടും എന്റെ മുഖം ചുളിഞ്ഞിട്ടും നാളുകളെത്ര കഴിഞ്ഞിരിക്കുന്നു. പഴകുന്തോറും വീര്യമേറുന്ന വൈനിനെ പോലെയാണ് താനെന്ന് മനസ്സിലാക്കാത്ത ഒരുവൻ ആറിയ കഞ്ഞി പഴങ്കഞ്ഞിയായി പോലും കാണാതെ ശവത്തെ പോലെ കിടന്നുറക്കമായി. എന്നിലെ സ്ത്രീ ആളികത്തുന്നത് പോലുമറിയാതെ...

സംതൃപ്ത്തയുടെ മുഖം മൂടി ധരിച്ചു ഞാൻ രാത്രിയിലെ ഏകാന്തതയ്ക്ക് വിരാമമിടാൻ ഓരോന്നും കുത്തി കുറിക്കുമ്പോൾ ചാവാലി നായ്ക്കൾ കന്നിമാസത്തിലെന്ന പോലെ എന്നിലേക്കും ആർത്തിയോടെ ഇടയ്ക്കിടയ്ക്ക് കുരയ്ക്കുന്നുണ്ട് ഇൻബോക്സിൽ വന്നു. അവർ ഓളിയിടുന്നു കാമം തീർക്കാനായി. എനിക്കവർ വേണ്ട ഞാൻ ഇനിമുതൽ ഉറങ്ങുമ്പോൾ എന്നിലെ ആത്മം ഉണർന്നു അവനിലേക്ക് യാത്രയാകും.... 
അവനോടൊത്ത് സംസാരിക്കാൻ.... അവനോടൊപ്പം രാത്രി മഴ നനയാൻ.....
അവന്റെ മാറിലെ ചൂടേറ്റുറങ്ങാൻ.... 
എന്റെ മഴയുടെ കാമുകനൊപ്പം ഇനി ഞാനും നനയട്ടെ..... 

രാവിലെ ഉറക്കമുണരുമ്പോൾ തിരികെയെത്താം ഉത്തമയായ ഭാര്യയായി, കുഞ്ഞുങ്ങളുടെ അമ്മയായി....

എന്റെ മഴയുടെ കാമുകന് ഹൃദയപൂർവ്വം ചുംബനങ്ങൾ അർപ്പിക്കുമ്പോൾ മഴ പെയ്യുന്നത് നിനക്ക് എന്നോടുള്ള പ്രണയമാണെന്നും ഞാൻ തിരിച്ചറിയുന്നു.....

ഒരു സ്ത്രീ എന്ന നിലയിൽ ഇനിയെനിക്ക് ഇയാളോടൊപ്പം ജീവിക്കാൻ തോന്നുന്നില്ല....
ജീവിതം ഒരു അഭിനയമാണ് എന്ന സത്യം ഞാനും തിരിച്ചറിയുന്നു.... 
പുതിയതായി ഓരോ വേഷങ്ങൾ സ്വീകരിക്കാനും അഭിനയിക്കാനും തുടങ്ങുന്നു... എന്നെ അങ്ങനെ ആക്കിയതാണ്......
എനിക്കതിൽ കുറ്റബോധമോ ചെയ്യുന്നത് തെറ്റായോ തോന്നുന്നില്ല....
എങ്കിലും എന്നോട് പൊറുകണേ....

No comments: