Wednesday, January 3, 2018

വിട പറയുമ്പോൾ


വിട പറയുമ്പോൾ 
!!^!^!!^^!!^!!!!^!^!!
പുറത്ത് കാലവർഷത്തെ തോൽപ്പിക്കാനെന്നുള്ള പുറപ്പാടിൽ മഴ താണ്ഡവനൃത്തമാടുകയാണ്‌. നല്ല ഇടിയും മിന്നലുമുണ്ട് ആനമ്മയ്ക്ക് മഴയെ ഒരുപാട് ഇഷ്ടമായിരുന്നതുകൊണ്ടാവും ഇന്നുതന്നെ മഴ തോരാതെ പെയ്യുന്നതെന്നോർത്ത് ജാൻസി മുറിയുടെ കോണിലിരുന്നു ജനാലയിലൂടെ ആനമ്മയുടെ കുഴിമാടത്തിലേക്ക് കണ്ണുകളോടിച്ചു വിതുമ്പുകയാണ്. 

റബ്ബർമരങ്ങളാൽ ചുറ്റപ്പെട്ട ഗ്രിഗറി ബംഗ്ളാവിൽ വെളിച്ചമില്ല. മഴപെയ്താൽ അങ്ങനെയാണ് ഏതെങ്കിലും റബർ മരം ചാഞ്ഞു വൈദ്യുതിലൈൻ വിച്ഛേദിക്കപ്പെടും. കുഴിമാടത്തിനു മുകളിലെ ഇനിയും ഉണങ്ങാത്ത പൂക്കളും മണ്ണുകളുമെല്ലാം മഴവെള്ളത്തിന്‍റെ കുത്തൊഴുക്കിൽ ഒലിച്ചുപോകുന്നുണ്ടായിരുന്നു. 
കുഴിമാടത്തിനുള്ളിലും തണുപ്പനുഭവപ്പെടാൻ തുടങ്ങി, അതിനുള്ളിൽ ആനമ്മയുടെ ശരീരം തണുത്ത് വിറങ്ങലിച്ചു കിടക്കുകയാണ്. തന്‍റെ അടക്കം കഴിഞ്ഞിട്ട് കുറച്ചുമണിക്കൂറുകളെ ആയിട്ടുള്ളൂ, ആനമ്മ എന്ന ആൻസിയുടെ മരവിച്ച മനസ്സിൽ ഒരു കൊള്ളിയാനേറ്റതുപോലെ പേടിച്ചവൾ കണ്ണ് തുറന്നപ്പോൾ കണ്ടത്ത് തന്‍റെ അടുത്ത് കിടക്കുന്ന അവളെ  തന്നെയായിരുന്നു. 

"ഭയപ്പെടേണ്ട ആനി ഞാൻ നിന്‍റെ ആത്മാവാണ്, ദുർമരണം സംഭവിച്ച നിന്‍റെ ശരീരം വിട്ടു പോകാൻ എനിക്കിതുവരെ കഴിഞ്ഞിട്ടില്ല."   

"എനിക്ക് ഭയമില്ല, ഞാൻ മരിച്ചവളല്ലേ ....മരിച്ചവർക്കെന്തു ഭയം...എനിക്കെന്‍റെ അനിയത്തിയെ ഓർത്താണ് ഭയം..അനിയത്തിയായിട്ടല്ല ഞാനവളെ വളർത്തിയത് അമ്മയെ പോലെയായിരുന്നു..... അവളുടെ സ്വന്തം ആനമ്മ."

"എന്തിനാ നീയിപ്പോൾ അവളെ ഓർത്ത് വേവലാതിപ്പെടുന്നത്?"

"അവൾക്ക് ഇരുട്ടിനെ ഭയമാണ്.. ഇന്നലെ വരെ എന്നെ കെട്ടിപിടിച്ചു കിടന്ന പെണ്ണാ... ഇന്ന് ഞാനില്ലാതെ അവളെങ്ങനെയാ കിടന്നുറങ്ങുക എന്നോർത്താ എന്‍റെ ഭയം."

ഗ്രിഗറി ബംഗ്ളാവിലെ പടിക്കെട്ടുകളിലൂടെ മുകളിലേക്ക് ആരോ നടന്നുവരുന്ന ശബ്ദം ജാൻസിയുടെ മനസ്സിലെ ഭയം വർധിപ്പിച്ചു. മെഴുകുതിരി വെളിച്ചവുമായി വേലക്കാരി സ്റ്റെല്ല കതക് തുറന്നു മുറിയിലേക്ക് കയറി. മുറിയുടെ ഒരു കോണിൽ പേടിച്ചരണ്ടിരിക്കുന്ന ജാൻസിയോടവർ ആക്രോശിച്ചു... 

"നാശം പിടിച്ചവൾ, ബാക്കിയുള്ളവർക്ക് പണിക്കൂട്ടാനായി ഇങ്ങനെയൊരെണ്ണമുണ്ടായാൽ മതിയല്ലോ. ദേ...നോക്കിയേ...മെഴുകുതിരി വെളിച്ചമുണ്ട്. ഇവിടെ കിടന്ന് പേടിച്ചു നിലവിളിച്ചു ബാക്കിയുള്ളവരുടെ ഉറക്കം കളയാനാണ് ഭാവമെങ്കിൽ നിന്നെ ഞാൻ നിന്‍റെ ചേച്ചിക്കൊപ്പം പറഞ്ഞയക്കും."

ഒരക്ഷരം ഉരിയാടാതെ സ്റ്റെല്ലയെ രൂക്ഷമായി ഒന്ന് നോക്കി പേടിപ്പിച്ചു ജാൻസി. അവരെ ഒന്നും ചെയ്യാൻ കഴിയില്ലല്ലോ എന്ന നിസ്സഹായതയുമുണ്ടായിരുന്നു ആ കണ്ണുകളിൽ. 

കുഴിമാടത്തിന് മുകളിൽ പെരുമഴ തകർത്തു പെയ്യുകയാണ് മഴവെള്ളം ഭൂമിയിലേക്ക് ആഴ്ന്നിറങ്ങി ആറടി മണ്ണിനുളളിൽ മരവിച്ചു കിടക്കുന്ന  ആൻസിയുടെ ശരീരത്തെ നനയ്ക്കുമോ എന്ന ഭയത്തോടെ ആത്മാവ് പറഞ്ഞു,

"നീ വിഷമിക്കാതെ ആൻസി, ഞാൻ പോയി ജാൻസി മോളെ ഒന്ന് നോക്കിയേച്ചും വരാം."

കുഴിമാടത്തിന് പുറത്ത് കടന്ന ആത്മാവ് ജാൻസിയുള്ള മുറിയിലേക്ക് പറന്നു. മെഴുതിരി വെളിച്ചത്തിൽ ജാൻസി ഒരു മൂലയ്ക്കിരുന്നു കരയുകയാണ്, മെഴുതിരിയുടെ തീനാളത്തിലേക്ക് ഈയാംപാറ്റകൾ വട്ടമിട്ടു പറന്നു കരിഞ്ഞു വീഴുന്നുണ്ടായിരുന്നു. ആ കാഴ്ച്ച കണ്ടിട്ടെന്നപോലെ ജാൻസി മെഴുകുതിരി വെളിച്ചം ഊതി കിടത്തി. ഒരു മൂലയിൽ വീണ്ടും ചുരുണ്ടുകൂടിയിരിക്കുന്ന കാഴ്ച്ചയാണ് ആത്മാവിന് കാണാൻ സാധിച്ചത്.

"ആൻസി, നീയല്ലേ പറഞ്ഞത് അവൾക്ക് ഇരുട്ടിനെ ഭയമാണെന്ന്...എന്നിട്ടവൾ സുഖമായി മെഴുകുതിരി അണച്ച് ഇരുട്ടിൽ ഒറ്റയ്ക്കിരിക്കുകയാണല്ലോ."

"അങ്ങനെ സംഭവിക്കാൻ സാധ്യതയില്ലല്ലോ?"

"ദേ..നീ കണ്ടുനോക്ക്."

ഇരുട്ടടഞ്ഞ കുഴിമാടത്തിനുള്ളിൽ മണ്ണിനു മുകളിലായി  സിനിമാ കോട്ടയിലിരുന്നു സിനിമ കാണുമ്പോലെ ഒരു ദൃശ്യവിസ്മയം തീർത്തു. ആത്മാവ് കണ്ട കാഴ്ച്ചകൾ ആൻസിയുടെ ചലനമറ്റ ശരീരത്തിന് കാണിച്ചു കൊടുത്തു.

"കണ്ടില്ലേ, മെഴുകുതിരിയുടെ തീ നാളത്തിന് ചുറ്റും വട്ടമിട്ടു പറക്കുന്ന അൽപ്പായുസുകാരായ ഈയാംപാറ്റകളെ അവയുടെ ആയുസ്സിനു ദൈർഘ്യം കൂട്ടുകായണ്‌ അവൾ ചെയ്തത്."

"അതെന്തിന്."

"അവൾക്ക് പത്ത് വയസ്സുള്ളപ്പോൾ ഇതുപോലെ വെളിച്ചമില്ലാതിരുന്ന ഒരു രാത്രിയിൽ മെഴുകുതിരി വെളിച്ചത്തിൽ കരിഞ്ഞു നിലത്ത് വീണിഴയുന്ന ഈയാംപാറ്റകളെ കൈയിലെടുത്ത് അവൾ അവയെ വീണ്ടും തീയിലേക്കിട്ട് കരിക്കുമായിരുന്നു, അന്ന് ഞാനവളോട് പറഞ്ഞതോർത്ത് കാണും..."

"എന്തായിരുന്നു നീ അവളോട് പറഞ്ഞത് ?"

"സൂര്യനോടുള്ള അടങ്ങാത്ത പ്രണയമായിരുന്നു ഈയാംപാറ്റകൾക്ക്. പക്ഷെ അവയ്ക്ക് ഉയരത്തിലേക്ക് പറന്ന് അധിക നാൾ സഞ്ചരിച്ച് സൂര്യനരികിലെത്താൻ കഴിയുകയില്ല കാരണം അവയ്ക്ക് അധികമായുസ്സില്ല. വെളിച്ചം ഭൂമിയിൽ എവിടെ കണ്ടാലും സൂര്യൻ ആണെന്ന് കരുതി അവർ ആ പ്രകാശത്തിലേക്ക് കുതിക്കും അതല്ലേ മോളെ അവ തീനാളമായിട്ടും തൊട്ടാൽ  ചാകുമെന്നറിഞ്ഞിട്ടും അവ വട്ടമിട്ടു പറന്നരികിലെത്തി പ്രകാശത്തെ തൊട്ടുരുമി ജീവൻ വെടിയുന്നതും. നമ്മളായിട്ട് അവയെ കൊല്ലാൻ ഒരു കാരണമാകരുതെന്നും പറഞ്ഞിരുന്നു."

"ഓഹ്, അങ്ങനെയാണോ?"

"എന്‍റെ ശരീരത്തിൽ നിന്നും വേര്പിരിഞ്ഞിട്ടും നീ എന്തിനാണ് എന്നോടൊപ്പം കഴിയുന്നത്??? ഞാൻ കേട്ടിട്ടുള്ളത്  ഇങ്ങനെയല്ലല്ലോ...!  മരിച്ചു കഴിഞ്ഞാൽ ആത്മാവ് പരലോകത്തേക്ക് യാത്ര തിരിക്കുമെന്നാണല്ലോ ? പിന്നെന്താ നീ മാത്രം എന്നെ വിട്ടു പോകാത്തത്?"

"ആൻസി, എനിക്കൊരു കാര്യം അറിയണം... നിന്‍റെ ശരീരത്തിൽ നിന്നും എനിക്ക് വേർപിരിയേണ്ടി വന്നതെന്തിനായിരുന്നു. ഒരേ ശരീരവും ആത്മാവുമായിരുന്നില്ലേ നമ്മൾ ? ഇനി നിന്‍റെ ശരീരത്തിലേക്ക് ഒരു പ്രവേശനം എനിക്ക് സാധ്യമല്ല. പക്ഷെ സംഭവിച്ചതെന്താണെന്ന് അറിയാനുള്ള ആഗ്രഹമെനിക്കുണ്ട് അതറിഞ്ഞാൽ മാത്രമേ എനിക്ക് മോക്ഷം ലഭിച്ച് പരലോകത്തേക്ക് യാത്രയാകാൻ കഴിയൂ. നിന്‍റെത് ദുർമരണമായിരുന്നില്ലേ അതുകൊണ്ടാണ്."

"ഞാനും നീയും ഒന്നായിരുന്നില്ലേ, എന്നിട്ടും നിനക്ക് അതെന്താണെന്നറിയില്ലേ ?"

"ആത്മാക്കൾക്ക് ചിന്താശക്തിയില്ല. പുതിയ പിറവിയിൽ  ശരീരത്തിൽ ജീവാത്മമായി കുടികൊള്ളാൻ  മാത്രമുള്ള കഴിവേ ഞങ്ങൾക്കുള്ളൂ."

"നിന്നെ പറഞ്ഞുവിടാൻ എനിക്ക് തോന്നുന്നില്ല, നീ കൂടെ ഉള്ളപ്പോൾ മരിച്ചിട്ടും ഞാൻ മരിക്കാത്ത പോലെ എനിക്ക് തോന്നുന്നു.. എനിക്കൊരു കൂട്ടുള്ളത് പോലെ."

"പറഞ്ഞാലും പറഞ്ഞില്ലെങ്കിലും മൂന്ന് ദിവസം മാത്രമേ എനിക്ക് നിന്നോടൊപ്പം കഴിയാൻ സാധിക്കുകയുള്ളൂ. ശരീരത്തിൽ നിന്നും വേർപ്പെട്ട ആത്മാക്കളും ഈയാംപാറ്റകളെ പോലെയാണ് അൽപ്പായുസാണ് ഞങ്ങൾക്കും ആൻസി. മോക്ഷം കിട്ടിയാൽ എനിക്ക് മറ്റൊരു സൃഷ്ടിയിലേക്ക് വീണ്ടും പ്രവേശിക്കാം അല്ലെങ്കിൽ തീച്ചൂളയിൽ പോയി സ്വയം കത്തിയെരിയേണ്ടി വരും."

"ഞാൻ കാരണം നിനക്ക് അങ്ങനെ സംഭവിക്കേണ്ടി വരില്ല."

ആൻസി പറഞ്ഞുതുടങ്ങി,

"ജാൻസി മോൾക്കുള്ള ടിഫിൻ ബോക്സ് പാക്ക് ചെയ്തു അവളെ സ്‌കൂളിലേക്ക് യാത്രയാക്കി. ഞാനും സ്റ്റെല്ലയും കൂടി അടുക്കളജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ കോളിംഗ്ബെൽ മുഴങ്ങുന്ന ശബ്ദം കേട്ട്  കതക് തുറന്നപ്പോൾ പപ്പയായിരുന്നു. പപ്പയെന്നാൽ സ്വന്തം പപ്പയല്ല ഞങ്ങളുടെ മമ്മയെ രണ്ടാമത് വിവാഹം കഴിച്ച എസ്റ്റേറ്റ് മാനേജർ റോയിച്ചൻ ആയിരുന്നു അത്, എനിക്ക് അന്ന് എട്ട് വയസും ജാൻസിമോൾക്ക് രണ്ടു വയസുമായിരുന്നു പ്രായം. സ്വന്തം മമ്മയുടെ വിവാഹം നേരിൽ കാണാൻ വിധിക്കപ്പെട്ട രണ്ടു ജന്മങ്ങളായിരുന്നു ഞങ്ങൾ. ആദ്യമൊക്കെ നല്ല സ്നേഹത്തിലായിരുന്നവർ തമ്മിൽ, പിന്നീട് ഞങ്ങളുടെ വീട്ടിലേക്ക് സ്റ്റെല്ലയെ ജോലിക്ക് കൊണ്ടു വന്ന പപ്പ സ്റ്റെല്ലയുമായി അടുപ്പത്തിലായി.  ഇതിനെചൊല്ലി മമ്മയും പപ്പയും എന്നും വഴക്കും അടിയുമായി. ഒരു ദിവസം രാവിലെ മമ്മയുടെ മുറിയിലേക്ക് പോയപ്പോൾ ഫാനിൽ സാരിത്തലപ്പിൽ തൂങ്ങിനിന്ന മമ്മയെയാണ് കണ്ടത്. കൊന്ന് കെട്ടി തൂക്കിയതാണോ അതോ ജീവിതം മടുത്ത് മമ്മ സ്വയം ചെയ്തതാണോ എന്ന് എനിക്കറിയില്ല.  പിന്നീടുള്ള ഞങ്ങളുടെ ജീവിതം ഊഹിക്കാമല്ലോ."

"എന്നിട്ട്?"

"വാതിൽ തുറന്ന് ആ മനുഷ്യനെ കണ്ടതും ഞാൻ പേടിച്ച് മുറിയിൾ കയറി വാതിലടച്ചിരുന്നു. വന്നു കഴിഞ്ഞാൽ മദ്യസേവയും സ്റ്റെല്ലയുമായുള്ള തട്ടും മുട്ടും കണ്ടിരിക്കാനെനിക്ക് താല്പര്യമില്ലായിരുന്നു. പക്ഷേ അന്ന് പതിവിന് വിപരീതമായി സ്റ്റെല്ല ഡോറിൽ വന്ന് മുട്ടി വിളിച്ചുപറഞ്ഞു പപ്പ വിളിക്കുന്നു എന്ന്. താഴോട്ടിറങ്ങി ഞാൻ പപ്പയുടെ മുറിയിൽ പോയപ്പോൾ വെള്ളമടിച്ചിരിക്കുന്നതാണ് കണ്ടത്." 

"എന്നിട്ടെന്തു സംഭവിച്ചു?"

ബെഡിൽ നിരത്തിയിട്ട തുണികളിലേക്ക് വിരൽചൂണ്ടി അയാൾ പറഞ്ഞു,
"ആൻസി മോളെ, നിനക്ക് കുറച്ചു ഡ്രസ്സ് ഞാൻ വാങ്ങിയിട്ടുണ്ട്, അതിൽ മോൾക്കിഷ്ടപ്പെട്ടത് ധരിച്ചുവേണം രണ്ടു ദിവസം കഴിഞ്ഞു നിന്നെ പെണ്ണ് കാണാൻ വരുന്നവരുടെ മുന്നിൽ വന്നു നിൽക്കേണ്ടത്."

ഞാൻ ദേഷ്യത്തിൽ പറഞ്ഞു
"എനിക്കിപ്പോൾ കല്യാണമൊന്നും വേണ്ട."

"അത് തീരുമാനിക്കേണ്ടത് നീയല്ല, ഞാനാണ് എന്‍റെ വകയിലൊരു ചെക്കൻ തന്നെയാണ് നിന്നെ കാണാൻ വരുന്നത്. ഇത് നടക്കും.... നടത്തിയിരിക്കും ഞാൻ..... എന്‍റെ സ്വഭാവം നിനക്കറിയാലോ ?"

"ആരായാലും എനിക്ക് താല്പര്യമില്ല."
എന്‍റെ മറുപടി കേട്ട് ദേഷ്യത്തിൽ അയാളെഴുന്നേറ്റെന്‍റെ കഴുത്തിന് കുത്തിപിടിച്ചു മതിലിനോട് ചേർത്തു നിറുത്തി പറഞ്ഞു,

"പറഞ്ഞത് കേട്ടില്ലെങ്കിൽ നിന്‍റെ മമ്മയെ കെട്ടി തൂക്കിയതുപോലെ നിന്നെയും ഞാൻ കൊന്നു കെട്ടി തൂക്കും."

"അപ്പോൾ ആൻസിയുടെ മമ്മയെ ആ ദുഷ്ടൻ കൊന്നതാണല്ലേ."      

"അതെ."

"എന്നിട്ടെന്തുണ്ടായി?"

ആൻസി വീണ്ടും പറഞ്ഞുതുടങ്ങി,
"പേടിച്ചു വിറച്ച എന്‍റെ ചുണ്ടുകളിൽ അയാളുടെ കൈവിരകൾ കൊണ്ട് പിടിച്ചു. നീ വളർന്നു വലുതായിരിക്കുന്നു നിന്നെ ആർക്കും കെട്ടിച്ചു കൊടുക്കുന്നില്ല. നീ എന്നോടൊപ്പം ഇവിടെ കഴിഞ്ഞാൽ മതിയെന്ന് പറഞ്ഞയാളെന്നെ വട്ടം ചുറ്റിവരിഞ്ഞു കഴുത്തിലും കവിളുകളിലും ചുംബിക്കാൻ തുടങ്ങി. ഞാൻ അയാളെ തള്ളിയിട്ട് കുതറി ഓടാൻ ശ്രമിച്ചപ്പോൾ സ്റ്റെല്ല മുന്നിൽ വന്നു എന്നെ പിടിച്ചു നിറുത്തി."

"എന്നിട്ട് ?"

"നീ ഇറങ്ങി ഓടുമല്ലേടീ ബ്ലഡി ബിച്ചെന്നും പറഞ്ഞു അയാളെന്നെ തല്ലി താഴെയിട്ടു. ബോധംകെട്ടുവീണ എനിക്ക് പിന്നീടെന്ത് സംഭവിച്ചെന്ന് ഓർമയില്ല . മരിച്ചെന്നു കരുതിയാകും അവരെന്നെ കെട്ടി തൂക്കിയത്. ശ്വാസം മുട്ടിയപ്പോൾ കണ്ണ് തുറന്ന ഞാൻ ശ്വാസത്തിന് വേണ്ടി കിടന്നു പിടഞ്ഞു."

“ആ സമയം നിന്‍റെ ശരീരത്തിൽ നിന്നും വേര്പെടാതിരിക്കാന്‍ ഞാന്‍ കഴിവതും ശ്രമിച്ചതാണ് ദീർഘശ്വാസം വലിച്ചു നീ  എന്നെ പിരിയാതിരിക്കാൻ ആവതും ശ്രമിച്ചതാണല്ലോ അല്ലേ.... വിഷമിക്കാതെ ഇതായിരിക്കും നിന്‍റെ വിധി ഇരുപതാം വയസിൽ നമ്മൾ പിരിയണമെന്നുള്ളത് ദൈവഹിതം ആയിരിക്കും."

"സ്വാധീനവും പണവും ഉപയോഗിച്ചയാൾ കൊലപാതകത്തെ ആത്മഹത്യയാക്കി മാറ്റും, പണ്ട് മമ്മയുടെ കൊലപാതകത്തിൽ ചെയ്തതുപോലെ....
എനിക്ക് ജാൻസിയുടെ കാര്യമോർക്കുമ്പോൾ നല്ല ഭയമുണ്ട്. ആ വൃത്തികെട്ടവൻ ഇനി അവളെയും  എന്തെങ്കിലും ചെയ്യുമോ? 
എനിക്ക് അവളോടെങ്കിലും സത്യാവസ്ഥ തുറന്നുപറയണമായിരുന്നു .........അവളെ അറിയിക്കണമായിരുന്നു ഞാൻ മരിച്ചതല്ല എന്നെ കൊന്നതാണെന്നും അതിനുള്ള കാരണങ്ങളും,  അവളെങ്കിലും രക്ഷപ്പെട്ടിരുന്നെങ്കിൽ.... അതിന് നീ എന്നെ സഹായിക്കണം."      

"ജീവനില്ലാത്ത നിനക്കോ, നിന്‍റെ ശരീരം നഷ്‌ടമായ എനിക്കോ മനുഷ്യരുമായി ആശയവിനിമയം നടത്താൻ കഴിയില്ല.....ദൈവം അവൾക്ക് തുണയുണ്ടാകും."

"എന്നിട്ടെനിക്കുണ്ടായില്ലല്ലോ തുണയായി ഈ ദൈവം."

"ചിലതൊക്കെ വിധിച്ചതുപോലെ നടക്കും...വിധിയെ തടുക്കാൻ കഴിയില്ലല്ലോ ആൻസി."

"നാളെ ജാൻസിമോളുടെ പിറന്നാൾ ആണ്...ഇനി ഒരിക്കലും അവളോടൊപ്പം ആഘോഷിക്കാൻ കഴിയില്ല എന്നോർക്കുമ്പോൾ......!"

"ഇനി നിനക്ക് ആഘോഷമൊന്നുമില്ല ആൻസി, ജീവിച്ചിരിക്കുന്നവർക്കല്ലേ ആഘോഷം നീയിപ്പോൾ ജീവനില്ലാത്ത ശരീരം മാത്രമാണ്. ഞാൻ കൂടെയുള്ളത് കൊണ്ട് മാത്രമായിരുന്നു നിനക്കിത്രയും നേരം എന്നോടൊപ്പം സംസാരിക്കാൻ കഴിഞ്ഞതു തന്നെ ഇനി അതിനും സാധിക്കില്ല. എനിക്ക് യാത്രയാകാൻ സമയമായി ആനി, ഇനി നീ പുഴുക്കൾക്ക് ഭക്ഷണമായി തീർന്നു ഈ മണ്ണോടിഴുകി ചേരുക. നിന്‍റെ ശരീരം മാത്രമേ നഷ്ടമാകുന്നുള്ളൂ അതിൽ നീ ഒരിക്കലും വിഷമിക്കരുത്. പരലോകത്തിൽ നിന്നും എനിക്ക് വീണ്ടും നല്ലൊരു മനുഷ്യജന്മം കിട്ടുമെന്ന പ്രതീക്ഷയുമുണ്ട്. ഭൂമിയിൽ തെറ്റ് ചെയ്യാതെ ആഗ്രഹങ്ങൾ ബാക്കിവെയ്ക്കുന്ന മനുഷ്യരുടെ ആത്മാക്കൾക്ക് വീണ്ടും പിറവിയെടുക്കാൻ കാത്തിരിക്കുന്ന മനുഷ്യ ശരീരത്തിലേക്ക് പ്രവേശിക്കാൻ കഴിയും."

മനസ്സില്ലാമനസ്സോടെ ആൻസി അവളുടെ ആത്മാവിനോട് യാത്രപറഞ്ഞു,

"ഞാൻ പോകുന്നു ആൻസി.....ഇനി സ്വസ്ഥമായി നീയുറങ്ങുക എന്നന്നേക്കുമായി..."

ആൻസിയുടെ  കണ്ണുകൾ അടഞ്ഞു...
കുഴിയിലേക്ക് വെള്ളം ആഴ്ന്നിറങ്ങി തുടങ്ങിയിരിന്നു, എന്നന്നേക്കുമായി തന്‍റെ ശരീരത്തെ ഉപേക്ഷിച്ച് ആത്മാവ്, കുഴിമാടം വിട്ടു മുകളിലേക്ക് ആകാശഗംഗയിലേക്ക് പറന്നുയർന്നു........

"മോളെ ജാൻസി....."

പപ്പയുടെ വിളിക്കേട്ടവൾ ഞെട്ടിയുണർന്നു. കൈയിലിരുന്ന ലൈറ്ററിൽ നിന്നും മെഴുകുതിരി കത്തിച്ചയാൾ ജാൻസിയേയും കൂട്ടി കട്ടിലിൽ ഇരുന്നിട്ടവളോട് പറഞ്ഞു,

"വിഷമിക്കാതെ മോളെ നല്ലവരെ ദൈവം നേരത്തെ വിളിക്കും എന്നല്ലേ...ആദ്യം മമ്മ ഇപ്പോൾ ആൻസി...എന്നാലും എന്തിനുവേണ്ടി അവൾ ഇങ്ങനെ ചെയ്തതെന്ന് മാത്രം ഈ  പപ്പയ്ക്ക് മനസിലാകുന്നില്ല... മോൾക്ക് പേടിയല്ലേ വാ... ഇന്ന് മോളോടൊപ്പം പപ്പ കൂട്ട് കിടക്കാം."

അയാൾ ജാൻസിയെ നെഞ്ചോട് ചേർത്താശ്വസിപ്പിച്ചു.
ഈയാംപാറ്റകൾ അപ്പോഴും കൂട്ടമായി ആ മെഴുതിരി വെളിച്ചത്തിന് ചുറ്റും വട്ടമിട്ടു പറന്ന് കരിഞ്ഞു വീഴുന്നുണ്ടായിരുന്നു...

No comments: