Wednesday, January 3, 2018

എന്തെന്നാൽ ഞാൻ പരേതനല്ലൊ...


പുതുമണം
വിട്ടുമാറാത്ത കുപ്പായമണിഞ്ഞു
ആരോ ചുംബിച്ചുറക്കിയ
ഒരു ചെറുപുഞ്ചിരിയോടെ
സ്വപ്നത്തിന്റെ ആലസ്യത്തിൽ
മൗനമായി കിടന്നുറങ്ങണം....

മഴയെന്നോ..
പ്രണയമെന്നോ...
വിരഹമെന്നോ....
ജോലിയെന്നോ.....
കുടുംബമെന്നോ......
ബന്ധുമിത്രാദികളെന്നോ......
ചിന്തകളെന്നെ അലട്ടാതെ
ഞാൻ കിടന്നുറങ്ങുന്നത്
കാണുന്നവരുടെ കണ്ണീര് തോരാത്തത്
അസൂയകൊണ്ടായിരിക്കും...

അർത്ഥശൂന്യമായ വരികളിൽ പതറി
വിറങ്ങലിച്ചു കിടക്കുമ്പോൾ
ഒരാശ്വാസം തോന്നുന്നത്
ഇനിയാരും
വിമർശിക്കാൻ വരില്ലല്ലോ....

ഹൃദയം പൊട്ടിയൊലിക്കുന്ന
പ്രണയത്തെ നോക്കി
മിഴികൾ നിറഞ്ഞൊഴുകുന്നതു
കാണുമ്പോൾ സത്യമായും
അസൂയയുണ്ടാകും.....

ആരും കുറ്റപ്പെടുത്തരുത്
ഒരു യാത്രപോലും
പറയാതെ പോയല്ലോ
'നീ' എന്നും പറഞ്ഞെന്നേ....
വീണ്ടും,
വേദനിപ്പിക്കരുത്.....
അങ്ങനെ പറയുന്നവരെ
തേടി ഞാൻ വരും
യാത്ര പറയാൻ...

നിങ്ങൾക്കെന്നെ
കേൾക്കാൻ കഴിയുമോ
എന്തെന്നാൽ
ഞാൻ
പരേതനല്ലൊ...

No comments: