Saturday, November 21, 2015

മകൾക്ക്

ഒരു തുള്ളി ബീജത്തിൽ നിന്ന-
മ്മതൻ ഉദരത്തിൽ കുരുത്തൊരാ ജീവനേ 
സ്വന്തം ചോരയാണെന്നറിഞ്ഞിട്ടും 
കൊല്ലാന്‍ ശ്രമിച്ച നിഷ്ഠൂരനോ നിന്നച്ഛന്‍
മകളേ...
കൊല്ലാന്‍ ശ്രമിച്ച നിഷ്ഠൂരനോ നിന്നച്ഛന്‍...!!

കണ്ണിൽ ചോരയില്ലാത്തൊരുവൻ
സ്വയം കണ്ണടച്ചിരുട്ടാക്കി കാഴ്ച്ച മറച്ചവൻ 
തൻ ചോരയെ തിരിച്ചറിയാൻ കഴിയാത്ത
നിന്നെ മകളായി കാണുവാനാകുമോ ?
മകളേ....
നിന്നെ മകളായി കാണുവാനാകുമോ ?

അപ്പോത്തിക്കിരി തൻ പൊടികൈകളിൽ നിന്ന-
മ്മതൻ നിനക്കാദ്യം രക്ഷയേകി പിന്നെയ-
മ്മതൻ അച്ഛനുമമ്മയും നിനക്ക് തുണയായി 
വന്നൊരാശ്വാസമായി 
മകളേ...
നിന്നമ്മയ്ക്ക് തുണയായി രക്ഷയേകി....

പെറ്റമ്മതൻ നെഞ്ചിലെ ചൂടേറ്റു 
വളരുമ്പോഴാദ്യമായി നിന്നെ കണ്ടമാത്രയിൽ
പാൽ പുഞ്ചിരി തൂകിയെൻ മനം 
കവർന്നൊരാ പൈതലെ ഞാനന്ന് 
വിളിച്ചാദ്യമായി മകളേയെന്ന്

നിൻ കളിചിരി കൊഞ്ചലുമായി
കണ്ടു കണ്ടിനിയും മതിയായില്ലിന്നിതുവരെ  
കുസൃതികൾ തൻ മധുരവുമായി
കണ്ടും കേട്ടും ഞാൻ നിനക്കച്ഛനായി മാറി 
മകളേ...
ഞാൻ നിനക്കച്ഛനായി മാറി.....!

ചോരയ്ക്ക് ചോരയെ തിരിച്ചറിയാനിന്നു
രക്തബന്ധങ്ങളൊന്നും വേണ്ടാ.... (2)

വീഴ്ച്ചയിൽ ചുവടുകൾ പതറുമ്പോൾ 
നിന്നരികെ കൈ പിടിച്ച് നിന്നോടൊപ്പം 
പിച്ചവെച്ചു നടക്കുവാൻ കൊതിച്ചതിനു 
കഴിയാത്തതിൻ കഥനം ഇടനെഞ്ചിലൊരു 
കനലായി കൊണ്ട് നടക്കുന്നൊരച്ഛൻ തൻ 
കണ്മുന്നിലൂടെ ഓടി വളരുകയാണ് നീ 
മകളേ...
കണ്മുന്നിലൂടെ ഓടി വളരുകയാണ് നീ......!

നീ നീയെന്നും ഞാൻ ഞാനെന്നും 
ചോരയ്ക്ക് ചോരയെ തിരിച്ചറിയും 
കാലം വരേയ്ക്കും 
ഞാനാകുന്നു നിനക്കച്ഛൻ
മകളേ...
ഞാനാകുന്നു നിനക്കച്ഛൻ....!

ചോരയ്ക്ക് ചോരയെ തിരിച്ചറിയാനിന്നു
രക്തബന്ധങ്ങളൊന്നും വേണ്ടാ.... (2)

എന്നിലും നിന്നിലും ഓടുന്ന 
ചോരയ്ക്കൊരു നിറമെന്നോർക്കേണം (2)

ഉദരത്തിൽ കുരുത്തൊരാ  
ഒരു തുള്ളി ബീജത്തിൻ കണക്ക് ചോദിച്ചീ-
വളർത്തച്ഛനെ ആരുമല്ലാതാക്കരുതേ.... 
മകളേ.... 
വളർത്തച്ഛനെ ആരുമല്ലാതാക്കരുതേ.... !

No comments: