Monday, December 21, 2015

സർപ്രൈസ് ഗിഫ്റ്റ്

സർപ്രൈസ് ഗിഫ്റ്റ് 
(ഒരു പെണ്ണിന്‍റെ കഥ)
===================

ശുഭദിനം നേർന്ന് കൊണ്ടാണ് അവൾ എനിക്ക് ഇന്ന് സന്ദേശം അയച്ചത്. അവൾ പാർവതി (പേര് സാങ്കല്പ്പികം) വയസ്സ് 25. ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ അക്കൗണ്ടന്റ് ആയിട്ട് ജോലി ചെയ്യുന്നു.... 
പാർവതി വളരെ സന്തോഷവതിയാണ് വീട്ടിലെ അച്ഛനേയും അമ്മയേയും സഹോദരിയേയും നല്ല രീതിയിൽ നോക്കി അവരെ ഒരല്ലലും ഇല്ലാതെ കൊണ്ട് നടക്കുന്നു. വീട് മോഡി പിടിപ്പിക്കുന്ന തിരക്കിലാണവൾ.  മോഡി പിടിപ്പിക്കൽ എന്നത് കൊണ്ട് ഉദേശിച്ചത് ചെറിയ രീതിയിൽ ഒരു പൊളിച്ചു പണിയും പിന്നെ വൈറ്റ് വാഷുമാണ് കാരണം അവളുടെ കല്യാണമാണ്..അത് ക്ഷണിക്കാൻ വിളിച്ചതാണ്....

3 കൊല്ലങ്ങൾക്ക് മുൻപ്....
(ഞാൻ അവളെ പരിചയപ്പെടുമ്പോൾ)
സൗദിയിൽ താമസമായിട്ട് അവൾ 1 കൊല്ലമായി, 4 കൊല്ലം  മുൻപ് അവളുടെ വിവാഹം കഴിഞ്ഞതാണ് ആലോചിച്ച് ഉറപ്പിച്ച വിവാഹം ആയിരുന്നു. വിദേശത്ത് സൗദിയിൽ ജോലി ചെയ്യുന്ന ഭർത്താവ്. ഭർത്തവിന്‍റെ അമ്മ സ്വന്തം അമ്മയെ പോലെ അവളെ സ്നേഹിച്ചു. പാർവതി അവളൊരു ഇരുനിറമുള്ള ശാലീന സുന്ദരിയായിരുന്നു . 20 ദിവസത്തെ സ്നേഹം മാത്രമേ അവൾക്ക് ഭർത്താവിന്‍റെ അമ്മയിൽ  നിന്നും ലഭിച്ചുള്ളൂ.... 20 ദിവസങ്ങൾക്ക് ശേഷം അവളെയും കൂട്ടി അയാൾ സൗദിയിലേക്ക് പറന്നു.

സൗദിയിലെ ജീവിതം....
ഭർത്താവിൽ നിന്നും അവൾ കൊതിച്ചിരുന്ന  സ്നേഹം , കരുതൽ  , ലാളന ഇതൊന്നും കിട്ടിയിരുന്നില്ല പകരം അവൾക്ക്  ലഭിച്ചിരുന്നത് അവഗണനയും , ശാസനയും മാത്രം. അവരിരുവരും കിടപ്പിറ പങ്കിട്ടു എന്ന് പറയുന്നത്     പോലും അതിശയമാണ്. അവളവിടെ നരകിച്ച് ഒറ്റപ്പെട്ടു ഒരു വീട്ടുജോലിക്കാരിയെ പോലെ കഴിഞ്ഞു കൂടി. എല്ലാം ഇട്ടെറിഞ്ഞു പോകണമെന്ന് അവൾ ആശിച്ചു , വീട്ടിൽ അച്ഛനേയും അമ്മയേയും എല്ലാം അറിയിക്കണമെന്ന് പലപ്പോഴും അവൾ ആഗ്രഹിച്ചതുമാണ് , എന്നിട്ടും അവളതു ചെയ്തില്ല കാരണം സുന്ദരനായ ഭർത്താവിനെ അവൾ സ്നേഹിച്ചിരുന്നു അത് സുന്ദരൻ ആയതുകൊണ്ടല്ല  ,എന്നെങ്കിലും അയാളുടെ മനസ്സ് മാറുമെന്നു വിചാരിച്ചു കാത്തിരുന്നു അതുമല്ലെങ്കിൽ അവളുടെ അച്ഛൻ ഒരു ഹൃദ്രോഗിയായത് കൊണ്ടും അവളുടെ അനിയത്തിയുടെ ഫ്യൂച്ചറും കരുതി മാത്രമാണ് ...

എല്ലാം സഹിക്കാൻ കഴിവുള്ളവൾ ആണല്ലോ സ്ത്രീ എന്ന വിശ്വാസത്തിൽ അവളെല്ലാം സഹിച്ചു. പലരുടെയും ചോദ്യങ്ങൾ വന്നു തുടങ്ങി കല്യാണം കഴിഞ്ഞിട്ടും എന്താ കുട്ടി ആകാത്തതു ?? ഇനി എന്തെങ്കിലും കുഴപ്പമുണ്ടോ ? ഉണ്ടെങ്കിൽ ആരുടെയാ കുഴപ്പം ? എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ ?
അവൾക്കീ ലോകത്തോട് വിളിച്ച് പറയണമെന്നുണ്ടായിരുന്നു കല്യാണം കഴിഞ്ഞിട്ടും ഒരു കട്ടിലിൽ ഒരുമിച്ചു ഭർത്താവുമായി കിടന്നിട്ടും താനിന്നും കന്യകയാണെന്ന സത്യം....!!

അവളുടെ സങ്കടങ്ങളിൽ നിന്നും ഓടിയൊളിക്കാൻ ഇന്റെർനെറ്റ് അവൾക്ക് ഒരാശ്വാസമായിരുന്നു . അങ്ങനെയാണ് പാർവതിയും ഞാനും ആദ്യമായി സോഷ്യൽ മീഡിയായിൽ കണ്ടുമുട്ടുന്നത്. പരിചയപ്പെടുമ്പോൾ അവളിത്രെയും നൊമ്പരം ഉള്ളിൽ ഒതുക്കിയിരുന്നെന്നു എനിക്കുമറിയില്ലായിരുന്നു. എന്‍റെ എഴുത്തുകളെ അവളൊരിക്കലും ഇഷ്ട്ടപ്പെട്ടിരുന്നില്ല  എന്‍റെ എല്ലാ എഴുത്തുകളേയും പാറു വിമർശിച്ചിരുന്നു കാരണം വിരഹവും , ദുഃഖവും , ദുരന്തവും മാത്രമായിരുന്നത് കൊണ്ട്......

ഞാൻ പാറുവിന്‍റെ മനസ്സിനെ തേടിയുള്ള യാത്രയിൽ അവൾ സഞ്ചരിച്ച വഴിയിലൂടെ കുറച്ച് നടന്നപ്പോൾ , അവളുപേക്ഷിച്ച് പോയ ഒരുപാട് ദുഃഖങ്ങളും , ദുരന്തങ്ങളും , വിരഹവും , സ്നേഹവും , വേർപാടും അങ്ങനെയെല്ലാമെല്ലാം കുറേശ്ശേ എനിക്ക് കണ്ടെടുക്കാൻ കഴിഞ്ഞു. പിന്നീട് ഞാനും പാർവതിയും നല്ല സുഹൃത്തുക്കളായി ഞങ്ങൾ ഒരുപാട് സംസാരിക്കുമായിരുന്നു. പിന്നീട് എപ്പോഴോ അവളുടെ ആശ്വാസം ഞാനായി മാറുകയായിരുന്നു....!!

എന്നും കരഞ്ഞു കൊണ്ട് മെസ്സേജും , ഫോണും വിളിച്ച് പറയും....
ഇന്നും ഭർത്താവ് തല്ലി , ചോറെടുത്തെറിഞ്ഞു..... 
അവളെ ദേഹോപദ്രം ചെയ്തു എന്നൊക്കെ പറഞ്ഞു കരയുന്ന അവളെ ആശ്വസിപ്പിക്കാൻ ഞാൻ നന്നേ പാടുപ്പെട്ടു... 
പാർവതിയോട് ഞാൻ കുറച്ചു ചോദ്യങ്ങൾ ഭർത്താവിനോട് ചോദിക്കാൻ പറഞ്ഞു പഠിപ്പിച്ചു.... എന്നിട്ട്  ധൈര്യമായി നീ ചോദിക്കെന്നും പറഞ്ഞു വിട്ടു....
എന്താണ് നിങ്ങളെനെ സ്നേഹിക്കാത്തത് ? 
എന്താണ് നിങ്ങൾ എനിക്ക് ഒരു കുഞ്ഞിനെ സമ്മാനിക്കാത്തത് ? 
എന്താണ് നിങ്ങൾ എന്നെ പുറത്തു കൊണ്ട് പോകാത്തത് ?
എന്നെയെന്തിനു നിങ്ങളിങ്ങനെ അവഗണിക്കുന്നു ?
എന്നെ വേണ്ടെങ്കിൽ എന്നെ ഈ നരകത്തിൽ നിന്നും ഒന്നും രക്ഷപ്പെടുത്താമോ ?
എന്നെ വേണ്ടെങ്കിൽ എനിക്ക് വിവാഹ മോചനം തരണം ?

ഇതിനുത്തരം ....
ഭർത്താവ് നൽകിയത് :- അവളെ സ്നേഹിക്കാൻ അയാൾകാകില്ല , അയാൾക്ക് മറ്റൊരുവളുമായി ബന്ധമുണ്ടെന്നും , അയാൾ അവരെ കല്യാണം കഴിച്ചു അതിൽ കുട്ടികളുണ്ടെന്നും.... അത് മാത്രമല്ല നിനക്ക് സൗന്ദര്യം പോരാത്രേ മറ്റുള്ളവരുടെ മുന്നില് കെട്ടിയൊരുക്കി നടത്താൻ നാണക്കേടാണത്രേ... അയാൾക്ക് അയാളുടെ ഭാര്യയെ ചതിക്കാൻ കഴിയില്ലത്രേ....അമ്മയുടെ നിർബന്ധത്തിന് വഴങ്ങി കൊടുത്തതാണത്രേ....ഒന്ന് രണ്ട് കൊല്ലം കഴിയുമ്പോൾ നീ പോകുമെന്നും വിചാരിച്ചത്രേ....

പിന്നെയെന്തിന് നിങ്ങൾ എന്നെ ചതിച്ചു ? 
എന്നെ വിവാഹം ചെയ്തു ?
എന്നിങ്ങനെയുള്ള പാർവതിയുടെ ചോദ്യങ്ങൾ മുള്ള് വെച്ചതായിരുന്നു....
അതിനൊന്നും ഉത്തരം പറയാതെ ഉത്തരം മുട്ടിയപ്പോൾ , അസഭ്യം മാത്രമായിരുന്നു അയാൾ നൽകിയത് , അന്നത്തെ ഇരുവരുടെയും വഴക്കിൽ അയാളവളുടെ താലി പൊട്ടിച്ചെടുത്ത് അവിടെന്നിറങ്ങി പോയി... അവളുടെ വിസ എത്രെയും പെട്ടെന്ന് ശരിയാക്കി അവളെ നാട്ടിലേക്കയച്ചു....!!

അവളിൽ നിന്നും വീട്ടുകാരുടെ ഫോണ്‍ നമ്പർ പണ്ടേ കരസ്ഥമാക്കിയിരുന്ന ഞാൻ ,
അവളുടെ അമ്മയേയും , അനിയത്തിയേയും വിവരങ്ങൾ അറിയിച്ചിരുന്നു.... അവരിൽ  നിന്നും പതുക്കെ അച്ഛനിലേക്കും....
അവളുടെ വീട്ടുക്കാരെ വിളിച്ചു ഞാൻ ശാന്തതയോടെയും , വ്യകതമായും കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയിരുന്നത് കൊണ്ട് പ്രത്യേകിച്ചു പ്രശ്നങ്ങൾ ഒന്നുമുണ്ടായില്ല.......
പിന്നീടെല്ലാം സാധാരണ പോലെ.... കോടതി....കേസ്....വക്കീൽ.... കഴിഞ്ഞ വർഷം ഡിവോഴ്സ് ആയി.....!!

പിന്നീടവളെനെ വിളിച്ചത്....
വിനയേട്ടന്‍റെ ദുഃഖം ഇതുവരെ മാറിയില്ലേ ? ജീവിത നെട്ടോട്ടത്തിൽ ആയിരുന്നു.... അതാ എപ്പോഴും വിളിക്കാൻ കഴിയാഞ്ഞത്... പോസ്റ്റുകൾ വായിക്കും....വാട്ട്സ് ആപ്പിൽ മെസ്സേജ് ഇട്ടാൽ നോക്കില്ലലോ....തിരുമോന്ത കാണണമെങ്കിൽ ഫേസ്ബുക്കിൽ വരണമല്ലോ.....അനിയത്തിയുടെ കല്യാണം കഴിഞ്ഞു..... നാട്ടിൽ കണ്ണൂർ ആണ് കെട്ടിച്ചയച്ചതു....എന്നെ പോലെയാകില്ല അവളുടെ ജീവിതം..... സ്നേഹമുള്ള ഭർത്താവ് ആണ്...... എനിക്ക് കല്യാണം നോക്കുന്നുണ്ട് വിനയേട്ടാ....

വിനയൻ : നല്ല കാര്യം...

പാർവതി : എനിക്ക് , എന്നെ അറിയുന്ന ഒരാളെയാണ് വേണ്ടത് വിനയേട്ടാ....

വിനയൻ : ഉറപ്പായും കിട്ടും..

പാർവതി : ജാതിയും മതവും ഒന്നും നോക്കുന്നില്ല....

വിനയൻ : നല്ല ഒരു മനുഷ്യനാണോ ? എന്ന് മാത്രം നീ , നോക്കിയാൽ മതി ?

പാർവതി : വിനയേട്ടന്‍റെ കല്യാണം കഴിഞ്ഞോ ?

വിനയൻ : ഇല്ല...

പാർവതി : എനിക്ക് രണ്ടാമത് വിവാഹം നോക്കുന്നുണ്ട്.....

വിനയൻ : എത്രെയും പെട്ടെന്ന് കിട്ടും നല്ലൊരു ചെക്കനെ... ഞാൻ പ്രാർത്ഥിക്കാം....പാർവതി 

പരിഭവത്തോടെയാണേലും അവളന്ന് കോൾ കട്ട് ചെയ്തു.....
എന്‍റെ മനസ്സിലും എന്തൊക്കെയോ അലതല്ലി കൊണ്ടിരുന്നു......

കുറച്ചു കാലങ്ങൾക്ക് ശേഷം....
വീണ്ടും അവളെന്നെ വിളിച്ചു......

നവംബര് 20ന്‌ വിളിച്ചു :-

പാർവതി : വിനയേട്ടാ കല്യാണം കഴിഞ്ഞോ ?

വിനയൻ : ഇല്ല...

പാർവതി : എന്‍റെയും കഴിഞ്ഞില്ല....

വിനയൻ : ഞാൻ നോക്കി തരട്ടേ,  നല്ല ചുള്ളൻ ഹിന്ദു ചെക്കന്മാരെ...

പാർവതി : എനിക്ക് ജാതിയും മതവും പ്രശ്നമല്ല.....

വിനയൻ : ഓകെ , എത്രെയും പെട്ടെന്ന് ഒരെണ്ണം റെഡിയാക്കാം....

പാർവതി : എന്നാൽ പിന്നെ വിനയേട്ടന് എന്നെ കല്യാണം കഴിച്ച് കൂടെ..... എന്നെ നന്നായിട്ട് അറിയാമല്ലോ വിനയേട്ടനു ? എന്‍റെ  എല്ലാ പ്രശ്നങ്ങളും അറിയാലോ ? വിനയേട്ടനും കല്യാണം കഴിക്കാതെ ജീവിതം നശിപ്പിക്കുന്നു..... മാറ്റാരേക്കാളും വിനയേട്ടനു എന്നെ മനസിലാക്കാൻ കഴിയും , സ്നേഹിക്കാൻ കഴിയും എന്ന വിശ്വാസമെനിക്കുണ്ട്.....

വിനയൻ : പക്ഷെ....!! 
പാർവതി വിനയൻ എന്ന വ്യക്തിയെ മനസിലാക്കിയിട്ടില്ല...!! 
പാർവതി അറിഞ്ഞ വിനയൻ എഴുത്തിലൂടെയുള്ള വിനയനെയാണ്... എന്നെ പറ്റി ഒന്നും ചോദിച്ചിട്ട് പോലുമില്ല..... അതുകൊണ്ട് തന്നെ ഞാൻ എന്നെ കുറിച്ചൊന്നും പറഞ്ഞിട്ടുമില്ല.....എനിക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്.... എന്‍റെ പ്രശ്നങ്ങൾ തീരുമ്പോൾ കുഴിയിലോട്ട് എടുക്കേണ്ട സമയവും വരും.... അതുകൊണ്ട് വേണ്ടാ.....
[നീണ്ട ഒരു ചാറ്റിംഗിലൂടെ അവളെ പറഞ്ഞു മനസിലാക്കി, സ്നേഹത്തോടെ യാത്ര പറഞ്ഞു ചാറ്റിംഗ് അവസാനിപ്പിച്ചു]

ഇന്നവൾ വീണ്ടും വിളിച്ചു :-

പാർവതി : വിനയേട്ടാ എന്‍റെ  വിവാഹമാണ് ഫെബ്രുവരിയിൽ , ചെക്കൻ എന്‍റെ ക്ലാസ്മേറ്റ് തന്നെയാണ്..... അവനു പണ്ട് മുതലേ എന്നെ ഇഷ്ട്ടമായിരുന്നു. അവൻ വീട്ടിൽ വന്നു എന്നെ ചോദിക്കുകയായിരുന്നു... എന്‍റെ എല്ലാ കാര്യങ്ങളും അറിഞ്ഞു കൊണ്ട് തന്നെ.... വീട്ടുകാരും സമ്മതിച്ചു.... വിനയേട്ടൻ കല്യാണത്തിനു വരണം..... പ്ലീസ്... 

വിനയൻ : തീർച്ചയായും വരാം.....

പാർവതി : ഓകെ വിനയേട്ടാ..... ബാലൻസ് ഇല്ല , ഞാൻ പിന്നെ വിളിക്കാം....

വിനയൻ : ഓകെ....
[അവൾ അറിയുന്നില്ലല്ലോ... അവളുടെ മനസ്സിനെ അറിയാൻ അവൾ സഞ്ചരിച്ച വഴിയിലൂടെ നടന്നപ്പോൾ വീണു കിട്ടിയ ക്ലാസ്മേറ്റിനെ , ഇനിയവൻ അവളോട്‌ എല്ലാം തുറന്നു പറയും , അവരുടെ ആദ്യരാത്രിയിൽ അവൾക്കൊരു "സർപ്രൈസ്‌ ഗിഫ്റ്റ്" ആയിട്ട്....
ഞാൻ എല്ലാം അവനോടു സംസാരിച്ചിരുന്നെന്നും , അവളെന്നെ ആഗ്രഹിച്ചതും , ഞാൻ ഉപദേശിച്ചതും... അവനെ കൊണ്ട് അവളെ കല്യാണം കഴിപ്പിക്കാൻ മുൻകൈയെടുത്തതും , വീട്ടുകാരോട് ഞാൻ രഹസ്യമായി ചെക്കനെ കുറിച്ച് പറഞ്ഞതുമെല്ലാം....അറിയുമ്പോൾ അവളെങ്ങനെ അത് ഉൾകൊള്ളുമെന്ന് എനിക്കറിയില്ല.....]

ശുഭം.....

No comments: