Friday, June 16, 2017

അവിചാരിതം.


രക്തം പുരണ്ട കൈയുറകൾ കൊണ്ട് കത്തിയിലെ ചോര കഴുകിയതിന് ശേഷം കണ്ണാടിയിൽ നോക്കിയ ദിവ്യ ഒരു നിർവൃതിയോടെ മുറിയിൽ നിന്നുമിറങ്ങി ജനലിലൂടെ പുറത്തേയ്ക്ക് നോക്കി. ആരുമില്ലെന്ന് ഉറപ്പ് വരുത്തി തന്‍റെ ബാഗിൽ സൂക്ഷിച്ചിരുന്ന നല്ല വസ്ത്രമെടുത്തണിഞ്ഞു. ബാഗിൽ നിന്നുമെടുത്ത കുപ്പിയിലെ മണ്ണെണ്ണ മുറിയിലും പരിസരങ്ങളിലും കുറച്ചു തൂവിയതിന് ശേഷം അവൾ കതകടച്ച് പുറത്തേക്കിറങ്ങി. പുറത്തും വാതിലിലും കുറച്ച് മണ്ണെണ്ണ കൂടി തൂവിയിട്ട് സാധാരണക്കാരെ പോലെ  നടന്നകലുമ്പോഴും മുറിയിൽ ഹരിപ്രസാദ് കഴുത്തിന് പിന്നിൽ കുത്തേറ്റ് ചോരവാർന്ന് അനക്കമറ്റ് കിടക്കുകയായിരുന്നു.

പോകുന്ന വഴിയിൽ ആളൊഴിഞ്ഞ സ്ഥലം നോക്കി ബാഗിൽ സൂക്ഷിച്ചിരുന്ന ചെരിപ്പുകൾ എടുത്തണിഞ്ഞവൾ പഴയ ചെരിപ്പിലേക്ക് മണ്ണെണ്ണ ഒഴിച്ചതിന് ശേഷം കുപ്പിയും അവിടെയിട്ട് ലൈറ്ററിൽ നിന്നും തീ കൊളുത്തി. ബാഗിൽ നിന്നും ചോരപുരണ്ട വസ്ത്രങ്ങളും തീയിൽ എടുത്തിട്ടതിന് ശേഷം കൈയുറകളും അതിലേക്കിട്ട് അവ മുഴുവനായും കത്തി ചാമ്പലായെന്ന് ഉറപ്പ് വരുത്തി, അവിടെ നിന്നും ഇടവഴിയിലൂടെ നടന്ന് പ്രധാന റോഡിലേക്ക് പ്രവേശിച്ച് റെയിൽവേ സ്റ്റേഷനിലേക്ക് നടക്കുമ്പോളായിരുന്നു ഷാർജയിൽ നിന്നും പതിവില്ലാതെ അരുണേട്ടന്‍റെ കോൾ വന്നത്,

"നീ ഇതെവിടെയാണ് ദിവ്യ, പുറത്താണോ ?"

"അതെ അരുണേട്ടാ....  ഞാൻ മോൾക്ക് കോളേജ് ഡേയ്ക്ക് ഉടുക്കാൻ ഒരു സാരി വാങ്ങാൻ ഇറങ്ങിയതാണ്...."

"അടുത്ത ആഴ്ച്ച ഞാൻ വീട്ടിലേക്ക് വരുന്നുണ്ട് പത്ത് ദിവസത്തെ ലീവ് കിട്ടിയിട്ടുണ്ട്..."

ഭർത്താവ് നാട്ടിലേക്ക് വരുന്ന സന്തോഷ വാർത്ത അറിയിക്കാൻ വിളിച്ചതാണ്. കള്ളം പറഞ്ഞതാണെങ്കിലും മോൾക്ക് ഒരു സാരി മേടിക്കാനും മറന്നില്ല. സമയം പന്ത്രണ്ട് ആകുന്നു, വേഗം ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിലെത്തി തിരക്കിനിടയിലൂടെ ബാഗിൽ നിന്നും ക്യാഷെടുത്ത് എറണാകുളത്തേക്ക് ഒരു ടിക്കറ്റ് എടുത്തു. നേരെ പ്ലാറ്റ് ഫോമിലേക്ക് പോയി ആളൊഴിഞ്ഞ സീറ്റിൽ ഇരുന്നു. താൻ ചെയ്ത കുറ്റഭാരം അവളുടെ കണ്ണുകളെ ഈറനണിയിപ്പിച്ചു.. ഭർത്താവും മകളുമുള്ള താൻ ഒരിക്കലും തുടരാൻ പാടില്ലാത്ത ഒരു ബന്ധം അതിരുകടക്കുമെന്നുള്ളത് അറിഞ്ഞിരുന്നില്ല, ബോറടിച്ചിരിക്കുന്ന സമയം ഉല്ലാസഭരിതമാക്കാനായിരുന്നു താൻ ഫേസ്ബുക്കിൽ അഭയം പ്രാപിച്ചത്. തന്‍റെ സ്റ്റാറ്റസുകളിലെ കമന്റുകളിലൂടെ വളർന്ന ഒരു സൗഹൃദം മാത്രമായിരുന്നു ഹരിപ്രസാദുമായി ഉടലെടുത്തത്. ആ ബന്ധം സൗഹൃദത്തിന്‍റെ വേലിക്കെട്ടുകൾ തകർത്ത് ഫോൺ വിളിയിലായി പിന്നീട് അതൊരു രഹസ്യബന്ധമായ പ്രണയമായി വളർന്നു പന്തലിച്ചു പുഷ്പ്പിക്കാൻ തുടങ്ങിയിരുന്നു. 

വിധി ഇന്നലെ സമ്മാനിച്ചത് മറ്റൊന്നായിരുന്നു, 
ഹരിപ്രസാദിന്‍റെ പോസ്റ്റുകളിൽ മകളുടെ കമന്റുകൾ കണ്ട സംശയത്തിൽ അവളെ ശ്രദ്ധിക്കാൻ തുടങ്ങിയപ്പോളാണ് ഹരിപ്രസാദുമായി അവളും തെറ്റായ എന്തോ ബന്ധമുണ്ടെന്ന് മനസിലാക്കാൻ കഴിഞ്ഞത്. മകളുടെ മുറിയിൽ നിന്നും പതിഞ്ഞ സ്വരത്തിൽ അവളാരോടോ സംസാരിക്കുന്നത് കേട്ടാണ് താൻ ഹരിയുടെ ഫോണിൽ വിളിച്ചു നോക്കിയത്. 

[നമ്പർ ബിസി.......മറ്റൊരു കോളിൽ ആണ്.]

"മോളെ അഞ്ജലി.....മോളെ....."

"എന്താ അമ്മേ... മോളുടെ ഫോൺ ഒന്ന് തന്നേ, അമ്മ മേമയെ ഒന്ന് വിളിച്ചിട്ട് തരാം..."

മനസ്സില്ലാ മനസ്സോടെ അഞ്ജലി മേമയെ വിളിച്ചു കൊടുത്തു. ദിവ്യ സംസാരിച്ചു അകത്തേക്ക് പോയി ഫോൺ കട്ട് ചെയ്തതിന് ശേഷം അവളുടെ വാട്ട്സ് ആപ്പ് എടുത്ത് നോക്കിയപ്പോൾ ഹരിയുമായുള്ള ചാറ്റിംഗ് കണ്ടു. പെട്ടെന്ന് ഹരിയുടെ കോളും വന്നു, നമ്പർ സെയിം ആണ്, പക്ഷേ സേവ് ചെയ്തിരിക്കുന്ന പേര് ഹരിതയെന്നും...

"മോളെ ഹരിത വിളിക്കുന്നു.."

അവളോടി വന്ന് ഫോൺ വാങ്ങി....

"എക്‌സാമിന് വേണ്ട കുറച്ചു നോട്സ് പറയാനാണ് അമ്മേ...." എന്നും പറഞ്ഞവൾ മുറിയിലേക്ക് കയറി കതകടച്ചു. അന്ന് രാത്രി കിടന്നിട്ട് തനിക്ക് ഉറക്കം വന്നില്ല, ഹരി വിളിക്കുകയും ചെയ്തു. ഒന്നുമറിയാത്ത രീതിയിൽ ഹരിയുമായി സംസാരിച്ച് നേരം വെളുപ്പിച്ച് ആ കോൾ കട്ട് ചെയ്യുന്നതിന് മുൻപായി പറഞ്ഞു,

"ഹരി ഇപ്പോൾ കണ്ടിട്ട് അഞ്ചാറ് ദിവസമായില്ലേ ? നിനക്ക് എന്നെ ഇപ്പോൾ കാണണമെന്നില്ലേ.."

"ദിവ്യക്കുട്ടി കുറച്ചു തിരക്കിലായത് കൊണ്ടല്ലേ മോളൂ.... ഞാൻ നാളെ വീട്ടിലേക്ക് വരാം...."

"വേണ്ട, വേണ്ടാ ഞാൻ അങ്ങോട്ട് വരാം.... ഇവിടെ എപ്പോളും വന്നാൽ അയൽവാസികൾക്ക്  സംശയമാകും..അതുകൊണ്ട് ഞാനങ്ങോട്ട് വരാം..."

"ഓകെ എങ്കിൽ ഇങ്ങട് പോര്, ഞാൻ ഒറ്റയ്ക്കാണ് സുഹൃത്ത് നാട്ടിൽ പോയേക്കുകയാ രണ്ടു ദിവസം കഴിഞ്ഞേ വരികയുള്ളൂ..."

"ഓകെ...നാളെ കാണാം എന്നാൽ ...എന്‍റെ കുട്ടനുറങ്ങിക്കോ...."

ഒരുമ്മയും കൊടുത്തവൾ കിടന്നുറങ്ങി. എന്നിട്ടിപ്പോൾ താൻ ഹരിയെ കൊലപ്പെടുത്തിയ ഒരു കുറ്റവാളിയുടെ  രൂപത്തിൽ ഇരിക്കുന്നു. പെട്ടെന്നാണ് അവൾ ബാഗ് പരതിയത് ഹരിയുടെ ഫോൺ കാണുന്നില്ല മുറിയിൽ നിന്നും എടുത്തത് നല്ല ഓർമ്മയുമുണ്ട്. കണ്ണുകളിൽ ഇരുട്ട് കയറുന്നതുപോലെ,  ടിക്കറ്റ് എടുക്കാൻ ക്യാഷെടുത്തപ്പോൾ  താഴെ വീണോ ? 
അതോ ഡ്രസ്സ് എടുക്കാൻ കയറിയ ഷോപ്പിൽ മറന്ന് വെച്ചോ ? അവൾ അവിടെയെല്ലാം മൊബൈൽ അന്വേഷിച്ച് നടന്നു. വേഗം സ്റ്റേഷനിൽ നിന്നും ഒരു ഓട്ടോ പിടിച്ചു ഷോപ്പിലേക്ക് പോയി. അവിടെയൊന്നും കണ്ടില്ല , സെയിൽസ് ഗേൾസിനും കിട്ടിയില്ല എന്നറിയാനാണ് കഴിഞ്ഞത്. തളർന്ന മനസ്സുമായി വീണ്ടും സ്റ്റേഷനിലെത്തി. തന്‍റെ കൈയിലുള്ള ബാഗും മാറോട് ചേർത്തവൾ ശബ്ദമില്ലാതെ കരയുകയായിരുന്നു, നിറഞ്ഞൊഴുകിയ കണ്ണുകള്‍ തുടക്കാന്‍ കയ്യിലെ തൂവാല പോരായിരുന്നു. ആരുടേയെങ്കിലും നോട്ടം തന്നിലേക്ക് നീളുന്നുണ്ടോ എന്ന് അറിയാന്‍  അവൾ ചുറ്റും ഒന്ന്കണ്ണോടിച്ചു. 

കാഴ്ചയില്‍ മാന്യനെന്ന് തോന്നിയ ഒരാള്‍ തന്നെ നോക്കുന്നുണ്ടെന്ന തിരിച്ചറിവ് അവളില്‍ ഞെട്ടലുണ്ടാക്കി. അവൾ വേഗം കണ്ണുകൾ തുടച്ചു. അടുത്ത് വന്നിരുന്ന ഒരാളോട് എറണാകുളത്തേക്കുളള അടുത്ത ട്രെയിൻ എപ്പോഴാണ് എന്ന ഒരു പാഴ് ചോദ്യം അവളില്‍ നിന്ന് ഉയര്‍ന്നു. ഇപ്പോൾ വരുമെന്ന് പറഞ്ഞയാളോട് നന്ദി പറഞ്ഞ് അവൾ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് പ്ലാറ്റ് ഫോമിൽ നിന്നുകൊണ്ട് ട്രെയിൻ വരുന്നത് നോക്കിനിൽക്കുമ്പോൾ. ആ മാന്യനായ വ്യക്തിയുടെ കണ്ണുകൾ തന്നെ നോക്കി നിൽക്കുകയാണ്. അയാൾ അവള്കരികിലേക്ക് വന്നു. 

"മാഡം ഇത് നിങ്ങളുടെ മൊബൈൽ ആണോ ?"

"അതെ, ഇതന്വേഷിച്ചു നടക്കുകയായിരുന്നു ഞാൻ.." എന്നവൾ പറഞ്ഞപ്പോൾ അയാൾ ആ മൊബൈൽ അവൾക്ക് നൽകി.. 

"മാഡത്തിന് പുറകിലായിരുന്നു ഞാൻ നിന്നത്, ബാഗിൽ നിന്നും മൊബൈൽ വീഴുന്നത് കണ്ടു എടുത്തതാണ്...സെക്യൂരിറ്റി കോഡ് ഉള്ളത് കൊണ്ട് ആരെയും കോൺടാക്ട് ചെയ്യാൻ പറ്റിയില്ല.... മാഡത്തിനെ നോക്കിയിട്ട് കണ്ടതുമില്ല.... സ്റ്റേഷൻ മാസ്റ്റർക്ക് കൊടുത്തിട്ട് പോകാമെന്ന് കരുതിയപ്പോൾ ആണ് മാഡം വരുന്നത് കണ്ടതും...."

ദൈവത്തോടെന്ന പോലെ അയാളോട് നന്ദി പറഞ്ഞവൾ, ട്രെയിൻ കയറി പോകുമ്പോഴും അവൾ പ്രാർത്ഥിച്ചിരുന്നത് ഹരിയുടെ കൊലപാതകി താനായിരുന്നുവെന്ന് പുറംലോകം ഒരിക്കലും അറിയരുതേ എന്നായിരുന്നു....

Wednesday, June 14, 2017

മെർലിൻ.


രാവിലെ മനോരമ പത്രം വായിക്കുന്നതിനിടയിലാണ് ഫോട്ടോയിൽ കണ്ട പെൺകുട്ടിയെ എവിടെയോ കണ്ടതുപോലെ തോന്നിയത്, സൂക്ഷ്മതയോടെ ഞാൻ വീണ്ടും നോക്കിയപ്പോളാണ് മനസിലായത് അത് മെർലിൻ ആണെന്നുള്ളത്. പത്രത്തിൽ കണ്ട ഫോട്ടോയും വാർത്തയും അത്ര സുഖകരവുമല്ല. പ്രശസ്ത സിനിമാ നടിയുടെ ഒപ്പം അനാശാസ്യത്തിന് എറണാകുളത്തെ സ്റ്റാർ ഹോട്ടലിൽ അറസ്റ്റിലായ ഫോട്ടോ ആണ് കണ്ടത്. മനസ്സ് വല്ലാതെ കലുഷിതമായിരിക്കുന്നല്ലോ, വീണ്ടും ഒരു കൂടിക്കാഴ്ച്ച ഇങ്ങനെയാകുമെന്ന് ഞാനും പ്രതീക്ഷിച്ചിരുന്നില്ല. 

പത്ത് വർഷങ്ങൾക്ക് മുൻപ്... 

ജോൺ ബ്രിട്ടാസിന്‍റെ ബാംഗ്ളൂർ ബേസ്ഡ് ഡാൻസ് കമ്പനിയിൽ ആയിരുന്നു ഞാനും പെർഫോം ചെയ്തിരുന്നത്. രണ്ടാഴ്ച്ചയോ ഒരു മാസമോ ഉണ്ടാകും പ്രാക്ടീസ്. അത്രയും ദിവസം ഞാൻ താമസിക്കുക ബാഗ്ളൂരിലെ അശോക് നഗറിലെ ഔട്ടർ റിംഗ് റോഡിലെ S.S അപ്പാർട്മെന്റിൽ താമസിച്ചിരുന്ന എന്‍റെ ആത്മസുഹൃത്ത് രഞ്ജിത്തിനൊപ്പമാണ്.  രഞ്ജിത്തിനെ കുറിച്ച് പറയുകയാണെങ്കിൽ ഹോട്ടൽ മാനേജമെന്റ് ഡിഗ്രി ഒക്കെ കഴിഞ്ഞു കബ്ബൺ പാർക്കിനടുത്തുള്ള താജ് റെസിഡൻസിയിൽ ബുക്കിംഗ് സെക്ഷനിൽ വർക്ക് ചെയ്യുന്നു.  ജോലി ചെയ്യേണ്ട ആവശ്യമൊന്നും അവനില്ലായിരുന്നു അച്ഛനും അമ്മയും കുവൈത്തിൽ ആണ് ജോലി ചെയ്യുന്നത് അവർ രണ്ടാളും അയച്ചു കൊടുക്കുന്ന ക്യാഷ് മാത്രം മതി അടിച്ചുപൊളിച്ചു ജീവിക്കാൻ. നാട്ടിൽ ആണെങ്കിൽ രണ്ടു വീട് വാടകയ്ക്ക് കൊടുത്തിട്ടുണ്ട് അത് വഴി കിട്ടുന്ന വക വേറെയും. പിന്നെന്തിന് ജോലിക്ക് പോകുന്നു എന്ന് ചോദിച്ചാൽ.... വലിയും , കുടിയും കുറയ്ക്കണം... പിന്നെ ഒരു ടൈം പാസുമായല്ലോ. 

നല്ലൊന്നാന്തരം പ്ലേ ബോയിയും ആണ് രഞ്ജിത്ത്. ഞാനും അവനും കൂടിയാൽ  പിന്നെ ഒരുത്സവമായിരിക്കും അവന്‍റെ അപ്പാർട്മെന്റിൽ അരങ്ങേറുക.  അവന്‍റെ ഗേൾ ഫ്രണ്ട്സും അവരുടെ കൂട്ടുകാരും എല്ലാം വരും. പിന്നെ കള്ളും കഞ്ചാവുമായി നേരം വെളുക്കുവോളം ഡാൻസ് പാർട്ടിയാകും. ഉച്ചയാകുമ്പോൾ ഓരോർത്തർക്കും ബോധം വരുന്നതിനനുസരിച്ച് കളം വിടുകയായിരുന്നു പതിവ്. ഏറ്റവും അവസാനം എഴുന്നേൽക്കുന്നത് ഞാനും രഞ്ജിത്തുമാകും പിന്നെ ഫ്രഷ് ആയി താഴോട്ടിറങ്ങും. ഫ്ലാറ്റ് ക്ളീൻ ചെയ്യാനുള്ള  പണവും , ചാവിയും റിസപ്‌ഷനിൽ ഏല്പിച്ചിട്ട് ആണ് പുറത്തേക്കിറങ്ങുക. നേരെ ഏതേലും ഹോട്ടലിൽ പോയി നന്നായി ഭക്ഷണം കഴിച്ചതിനു ശേഷം നേരെ എസ്റ്റീം മാളിലേക്ക് പോകും. അവിടെയാണ് ഞങ്ങളുടെ വായ്നോട്ടം ആക്റ്റിവിറ്റിസ് നടക്കുക.

ഒരു ദിവസം,
പതിവ് പോലെ വായ്നോട്ടമെല്ലാം മതിയാക്കി. ഞങ്ങൾ ബൊമ്മണഹള്ളിയിലുള്ള നൈറ്റ് അറ്റ് ടെൻ ഡാൻസ് ബാറിലേക്ക് പോയത്. ഞങ്ങൾ ഇരുവരും ബിയറും കുടിച്ചു സുന്ദരിമാരുടെ അംഗലാവണ്യവും ചുവടുകളും നോക്കി രസിച്ചിരിക്കുമ്പോളായിരുന്നു വ്യത്യസ്തമായ രീതിയിൽ നൃത്തച്ചുവടുകൾ ചെയ്യുന്ന പെൺകുട്ടിയെ ഞാൻ ശ്രദ്ധിച്ചത്.

"ഡാ രഞ്ജി...നീയാ പെൺകുട്ടിയെ കണ്ടോ?"

"ഏത് ?"

"എടാ ആ നീല ടോപ്പും ബ്ലാക്ക് ജീൻസുമിട്ട കുട്ടി"

"ആഹ് കൊള്ളാം.."

"അവൾ മലയാളി ആണെന്ന് എനിക്ക് തോന്നുന്നെടാ"

"അതെന്താ ഇപ്പൊ അങ്ങനെ തോന്നാൻ"

"അവളുടെ ചുവടുകളും മുദ്രകളുമൊക്കെ ഒരു മോഹിനി ആട്ടക്കാരിയുടെ പോലുണ്ട്"

"ബാംഗ്ലൂരിൽ ഒരുവിധപ്പെട്ട ഡാൻസ് ബാറുകളിലൊക്ക ഞാൻ കയറി ഇറങ്ങിയിട്ടുണ്ട്. അവിടെയെല്ലാം നിന്നെയും കൊണ്ടുപോയിട്ടുമുണ്ട് ഇന്നുവരെ ഒരു മലയാളി പെണ്ണിനേയും ഞാൻ കണ്ടിട്ടില്ല." 

വെയിറ്ററിനെ വിളിച്ചു അഞ്ഞൂറ് രൂപയുടെ നോട്ട് ചില്ലറയാക്കി തരാൻ പറഞ്ഞു. പത്തിന്റെയും  അൻപതിന്റെയും നോട്ടുകൾ ഞാൻ അവൾക്ക് നേരെ നീട്ടി അത് വാങ്ങുവാൻ അവൾ വരുമ്പോഴും ആ കണ്ണുകൾ ഞാൻ നോക്കി മനസിലാക്കിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. ഉച്ചത്തിൽ ഉള്ള ഹിന്ദി പാട്ടുകളുടെ റീമിക്സ് ശബ്ദകോലാഹലത്തിനിടയിൽ അവളുടെ മുഖത്തോട് ചേർന്നു ആ ചെവിയിൽ ഞാൻ ചോദിച്ചു. "വാട്സ് യുവർ ഗുഡ് നെയിം"

"സോണിയ" 

"ആർ യു കേരളൈറ്റ്"

"നോ ഐ ആം ഫ്രം പൂനൈ"

അങ്ങനെ പെട്ടെന്നൊന്നും അവള് പിടി തരുന്ന കോളില്ല എന്നും മനസിലായി. ഒട്ടും നിരാശനാകാതെ ദിവസവും നൈറ്റ് അറ്റ് ടെൻ ഡാൻസ് ബാറിൽ ഞാനും രഞ്ജിത്തും പോകുമായിരുന്നു. അവിടെയിരുന്നു കിംഗ് ഫിഷർ ബിയർ ബോട്ടിൽ ചുണ്ടുകളോട് ചേർത്ത് കുടിക്കുമ്പോഴും മുൻപിലൂടെ നൃത്തം വെയ്ക്കുന്ന തരുണീമണികളുടെ മേൽ ആയിരുന്നില്ല നോട്ടം. അടുത്ത ഊഴത്തിനായി കാത്തിരിക്കുന്ന അവളുടെ കണ്ണിലേക്കായിരുന്നു. ആ നോട്ടം പലപ്പോഴും അലോസരപ്പെടുത്തുന്നതായും ചിലപ്പോൾ ആ നോട്ടം അവൾ ആസ്വദിക്കുന്നതായും തോന്നി. ഡാൻസ് ബാറിലെ സപ്ലയർ ചേട്ടന്മാർക്ക് കൈമടക്ക് കൊടുത്ത് സ്വാധീനിക്കാൻ ശ്രമിച്ചപ്പോഴൊക്ക അവരും പറഞ്ഞത് അവൾ പൂനൈക്കാരിയാണെന്നാണ്.  അവളുടെ ഊഴമെത്തുമ്പോൾ അവളെ പ്രലോഭിപ്പിക്കുക എന്ന ലക്ഷ്യവുമായി എണ്ണി നോക്കാതെ എത്രയോ നൂറിന്റെ നോട്ടുകൾ കൊണ്ട് ഞാനവളെ അഭിഷേകം ചെയ്തിരിക്കുന്നു. വശ്യമോഹത്തോടു കൂടിയുള്ള ഒരു പുഞ്ചിരി, ചിലപ്പോൾ ഒരു ഹസ്തദാനം, മറ്റു ചിലപ്പോൾ കവിളിൽ അവളുടെ കവിളുകൾ വന്ന് മുട്ടിയുരുമ്മി ചെവിയിൽ നന്ദി പറയും.

ആഴ്ച്ചകൾ കടന്നുപോയി ഒരു രക്ഷയുമില്ല, 
അവൾ മലയാളി ആണെന്ന് തോന്നിയതാകും എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ തുടങ്ങി. കൈയിലെ ക്യാഷ് പോയത് മിച്ചമെന്നല്ലാതെ കാര്യായിട്ട് ഒന്നും നടന്നതുമില്ല, അങ്ങനെ ഞാനും രഞ്ജിത്തും നൈറ്റ് അറ്റ് ടെനിൽ പോകുന്നത് നിറുത്തലാക്കി. ഓൾഡ് മദ്രാസ് റോഡിനടുത്തുള്ള സ്വതന്ത്ര നഗറിലുള്ള ബ്രിട്ടാസ് ഡാൻസ് അക്കാദമിയിൽ പ്രാക്ടീസിനു പോകുമ്പോൾ സോണിയയും അവിടെയുണ്ടായിരുന്നു. കൂടെ കളിക്കുന്ന മംഗലാപുരംകാരിയും മലയാളിയുമായ സ്വപ്നയോട് ഞാൻ ചോദിച്ചു ,

"ഇവൾ സോണിയ അല്ലേ ഇവൾ എന്താ ഇവിടെ ഡാൻസിന് വന്നേക്കുന്നത് ?"

"അത് സോണിയ ഒന്നുമല്ല, മെർലിൻ എന്നാണ് ആ കുട്ടിയുടെ പേര് മലയാളി ആണ്. അവരുടെ കോളേജിലേക്ക് വേണ്ടി പെർഫോം ചെയ്യാൻ ഡാൻസ് പഠിക്കാൻ വന്നതാണ്."

ഓഹോ, തേടിയ വള്ളി കാലിൽ ചുറ്റിയ സന്തോഷത്തോടെ ഞാൻ നേരെ സോണിയയുടെ അടുക്കലേക്ക് ഓടി.

"വാട് എ സർപ്രൈസ്. നൈസ് റ്റു മീറ്റ് യു സോണിയ"

അവൾ ആകെ അവിടെ നിന്നു  പരുങ്ങുന്നതായി എനിക്ക് തോന്നി.
" നിന്റെ പേര് മെർലിൻ ആണെന്നും നീ മലയാളി ആണെന്നുമൊക്കെ ഞാനറിഞ്ഞു എന്തായാലും ദൈവം എന്ന് പറയുന്ന ആളുണ്ടെന്ന് എനിക്കിപ്പോൾ വിശ്വാസമായി". 

അങ്ങനെ അവിടെ വെച്ച് ഞങ്ങൾ പര്സപരം ഫ്രണ്ട്സായി.  മൂന്ന് ദിവസം മെർലിനും ഫ്രണ്ട്സും ഡാൻസ് പഠിക്കാൻ വന്നിരുന്നു, അവൾ തിരിച്ചുപോകുമ്പോൾ അവളുടെ ഫോൺ നമ്പറും ഞാൻ വാങ്ങിയിരുന്നു.. പിന്നെ ഫോൺ വിളിയിലൂടെ അടുത്തറിഞ്ഞപ്പോളാണ് അവൾ പറഞ്ഞത് നേഴ്സിംഗ് വിദ്യാർത്ഥിനിയായ അവൾക്ക് ഫീസ് അടയ്ക്കാനും ഹോസ്റ്റൽ ഫീ അടയ്ക്കാനുമുള്ള ബുദ്ധിമുട്ട് കൊണ്ട് പഠനം നിറുത്തേണ്ടി വരുന്ന അവസ്ഥയിലായപ്പോഴാണ് കൂട്ടുകാരിയുടെ ഒപ്പം ഡാൻസ് ബാറിലേക്ക് നൃത്തം ചെയ്യാൻ നിർബന്ധിതയായതെന്ന്. ഇത്തരം കഥകളൊക്കെ ബാംഗ്ലൂരിൽ സർവ്വസാധാരണമാണ്. അശോക് നഗറിലെ അപ്പാർട്ട്മെന്റിലേക്ക് ഞാനവളെ എന്നും ക്ഷണിച്ചിരുന്നു, പക്ഷെ അവൾ വരാൻ കൂട്ടാക്കിയിരുന്നില്ല. 

അവളെ കാണണമെന്ന് തോന്നുമ്പോഴൊക്കെ ഡാൻസ് ബാറിൽ പോയി അവളെ കണ്ടു കണ്ണുകൾ കൊണ്ട് സംസാരിക്കുമായിരുന്നു അതുകഴിഞ്ഞാൽ  ഫോണിലെ സംസാരവും..... നിർബന്ധം സഹിക്കാൻ വയ്യാതെ അവൾ രണ്ടുദിവസം അപ്പാർട്ട്മെന്റിലേക്ക് വന്നു താമസിക്കാമെന്ന് സമ്മതം മൂളി. അവളെ വരവേൽക്കുന്നതിന്റെ ഭാഗമായി ഞാനും രഞ്ജിത്തും മുറികളൊക്കെ വൃത്തിയാക്കി  അലങ്കരിച്ചു മനോഹരമാക്കി. അവൾ വന്നു ഞങ്ങൾ മൂന്നാളും നല്ല സുഹൃത്തുക്കളെ പോലെ കഴിഞ്ഞു ഒരുമിച്ചിരുന്നു ബിയർ കുടിച്ചു.... പെണ്ണല്ലേ രണ്ട് ബിയർ കുടിച്ചതും ഫീലിംഗ്സ് പറയാൻ തുടങ്ങി.... ഞാൻ അവളെ അനുനയിപ്പിച്ച് മുറിയിൽ കൊണ്ടുപോയി കിടത്തി.......

അവൾ ഉറങ്ങാൻ കൂട്ടാക്കിയില്ല, അവൾ പറയാൻ തുടങ്ങി....
"നിനക്കറിയുമോ ഞാൻ നശിച്ചവളാണ്. എന്നെ ഈ നഗരം അങ്ങനെ ആക്കിയെടുത്തതാണ്. നേഴ്‌സിംഗിന് വന്നപ്പോൾ സീനിയേഴ്സ് റാഗിങ്. ശരീരത്തിൽ മാറിടം കൂടുതലുള്ളവരെ  അവർ നോട് ചെയ്തു വെക്കും. അവന്മാർക്ക് പിടിക്കാൻ നിന്നുകൊടുത്തില്ലെങ്കിൽ അവർ മറ്റെന്തെങ്കിലും ചെയ്യുമോ എന്ന ഭയമാണ്. സെമസ്റ്റർ ജയിക്കുമെന്ന് ഉറപ്പുണ്ടെങ്കിലും ചില  സാറുമാർ മനഃപൂർവ്വം തോൽപ്പിക്കും അവന്മാർക്ക് കിടന്നു കൊടുക്കാൻ വേണ്ടി.  ഇങ്ങനെയൊക്കെയായിട്ടും പിടിച്ചു നിന്നു, ഒടുവിൽ പറ്റാത്തെ വന്നപ്പോൾ പഠനം മതിയാക്കി തിരിച്ചുപോയാലോ എന്ന് ചിന്തിച്ചു. നാട്ടിലെ കർഷകരായ അപ്പച്ചന്റെയും അമ്മച്ചിയുടെയും ആഗ്രഹം സാധിക്കാതെ വരുമല്ലോ എന്നോർത്തപ്പോൾ അവർ കടമെടുത്ത വായ്പ്പകളും മറ്റും തിരിച്ചടക്കാൻ സാധിക്കാത്ത അവസ്ഥയെല്ലാം ചിന്തിച്ചു  ഞാൻ ഇങ്ങനെയൊക്കെ ആയി. അവളെന്നെ കെട്ടിപ്പുണർന്നു കരഞ്ഞു... സാരമില്ല എന്ന ഭാവത്തിൽ ഞാൻ എങ്ങനെയൊക്കെയോ അവളുടെ പിടിയിൽ നിന്നും സ്വതന്ത്രനായി അവളെ കിടത്തിയുറക്കി. പിറ്റേന്ന് എഴുന്നേൽക്കുമ്പോൾ ഒരു സോറിയും ഞാൻ കുറച്ചു ഓവർ ആയിപ്പോയെന്നും പറഞ്ഞു ഫ്രഷ് ആയി അവൾ പോയി. 

അങ്ങനെ അവൾ ഞങ്ങളുടെ അപ്പാർട്ട്മെന്റിൽ എല്ലാ വെള്ളിയാഴ്ച്ചയും വരും തിങ്കൾ പോകുകയും ചെയ്യും. അങ്ങനെ വരുമ്പോൾ ഒക്കെ അവളുടെ വയനാടൻ കഥകളും ഹോസ്റ്റൽ കഥകളും പറഞ്ഞു ഞങ്ങൾക്കുള്ള ഭക്ഷണവും വെച്ച് വിളമ്പി തരുമായിരുന്നു മെർലിൻ. ഒരു ദിവസം അവൾ രാവിലെ കയറി വന്നു എന്നോട് പറഞ്ഞു കുടിക്കാൻ ബിയർ വേണമെന്ന്. ഫ്രിഡ്ജിൽ ഉണ്ടായിരുന്ന  ബിയർ ഞാനവൾക്ക് കൊടുത്തു. അത് കുടിച്ചു തീർന്നതും അവൾക്ക് വീണ്ടും ബിയർ വേണമെന്ന് ആവശ്യപ്പെട്ടു, ഇത്തവണ ഞാൻ പുറത്തു പോയി ഒരു കേസ് ബിയർ വാങ്ങി വന്നു ഫ്രിഡ്ജിൽ വെച്ചു. ഓരോന്നെടുത്തു ഞാനും  അവളും കുടിച്ചു കൊണ്ടിരുന്നു.

"എന്ത് പറ്റി മെർലിൻ? നീയിന്ന് ഒരുപാട് കുടിക്കുന്നല്ലോ?"

"നിനക്കറിയില്ലേ ഇപ്പൊഴായപ്പോൾ എനിക്ക് കുടിക്കാതെ കഴിയുന്നില്ല" 

അവളുടെ ശബ്ദത്തിൽ നിരാശയുടെ വേദന നിറഞ്ഞിട്ടുണ്ടായിരുന്നു. അവള്‍ സോഫായിൽ നിന്നെഴുന്നേറ്റു ജനാലയ്ക്കരുകിലേക്ക് നീങ്ങി കുറെ നേരം പുറത്തേക്കു നോക്കി നിന്നു. ജനാലയിലൂടെ അകത്തേക്ക് വീശിയ തണുത്ത കാറ്റ് അവളെ വട്ടം പിടിച്ചു.  ഇടയ്ക്കിടെ റിംഗ് റോഡിലൂടെ കുതിച്ചു പായുന്ന വാഹനങ്ങളുടെ ഇരമ്പലുകളും ആൾക്കൂട്ടങ്ങളുടെ ശബ്ദവും ഒരു അധികപ്പറ്റായി മാറിയപ്പോൾ അവൾ ജനാലയടച്ചു. 

"ഇവിടെ വരുമ്പോൾ നിങ്ങളുമായി അടുത്തിടപഴകുമ്പോൾ മാത്രമാണ് ഞാനിപ്പോൾ ഒരു പെണ്ണാകുന്നത്. അല്ലാത്ത സമയങ്ങളിലൊക്കെ ഒരു തരം അഭിനയം മാത്രമാണ്. വല്ലവന്റെയും വിയർപ്പിന്റെ ഉപ്പുരസം രുചിക്കേണ്ടി വരുന്ന ഒരുതരം നാടകമായി പോകുന്നു ജീവിതം.."

മെർലിനോട് എന്തുപറയണമെന്നറിയാതെ വാക്കുകൾ കിട്ടാതെ വന്നപ്പോൾ, ഞാനവളെ എന്നിലേക്ക് തിരിച്ചു നിറുത്തി അവളുടെ കണ്ണുകളിൽ നിന്നും പൊടിഞ്ഞ കണ്ണുനീർ തട്ടി തെറിപ്പിച്ചു എന്റെ കരവലയത്തിലൊതുക്കി മാറോട് ചേർത്ത് ആശ്വസിപ്പിച്ചു. മുഖമുയർത്തി അവൾ വീണ്ടും തുടർന്നു....

ഡാൻസ് ബാർ നടത്തിപ്പുകാരുടെ ബ്ളാക്ക് മെയിലിംഗ് ഒട്ടു സഹിക്കാനാവുന്നില്ല. വലിയ മറ്റവന്മാരൊക്കെ ബുക്ക് ചെയ്തിട്ട് പോകും പിറ്റേ ദിവസം അവന്റെ ഫ്‌ളാറ്റിൽ ചെന്ന് അവനോടു സഹകരിച്ചില്ലെങ്കിൽ കൊന്നുകളയുമെന്ന ഭീഷണിയും... ശാരീരികമായി വയ്യാത്ത ആർത്തവ സമയങ്ങളിൽ പോലും ബന്ധപ്പെടേണ്ടതായി വന്നിട്ടുണ്ട്.... ചോര വരാതിരിക്കാൻവേണ്ടി  പഞ്ഞി ഉള്ളിലേക്കു തിരുകി വെച്ചിട്ടു വരെ കസ്റ്റമറിനെ ത്രിപ്ത്തിപ്പെടുത്തേണ്ടി വന്നിട്ടുണ്ട്.....എല്ലാം ഇട്ടെറിഞ്ഞു ഓടി രക്ഷപ്പെടണമെന്നുണ്ട്, നേഴ്സിംഗ് കഴിഞ്ഞിരുന്നെങ്കിൽ എനിക്ക് എങ്ങനെയും രക്ഷപ്പെടാമായിരുന്നു.... ഡാൻസ് ബാറിൽ ചെന്ന് പെട്ടതാണ് നാശമായത്. പലപ്പോഴും ഞാൻ ആഗ്രഹിക്കാറുണ്ട് നിന്റെ സ്നേഹം സത്യമായിരുന്നെങ്കിൽ....എന്നെ നീ മനസിലാക്കുമെങ്കിൽ.......  വൃത്തികെട്ട ഈ ജീവിതം ഉപേക്ഷിച്ച് നിന്റെ കൂടെ ജീവിക്കാമായിരുന്നു എന്നൊരു ആഗ്രഹം തോന്നി തുടങ്ങിയിട്ടുണ്ട്... നിന്നെ പരിചയപ്പെട്ടു സംസാരിക്കുമ്പോഴും ഇവിടെ നിങ്ങളോടൊപ്പം ഒരാളായി ജീവിക്കുമ്പോഴും ഞാനറിയാതെ എന്നിൽ പൂവിട്ട പ്രണയമായിരുന്നു നീ.....

എനിക്കറിയാം നിനക്ക് എന്നോട് പ്രണയമില്ല. എന്നോടുള്ള താല്പര്യം എന്നോടൊപ്പം കിടക്കാൻ വേണ്ടിയാണെന്ന് നിന്നേക്കാൾ നന്നായിട്ടു എനിക്കറിയാമായിരുന്നു. അവളുടെ വാക്കുകളും കണ്ണുനീരിന്റെ നനവും  എന്റെ നെഞ്ചിലാകെ പടർന്നു ഹൃദയത്തിനു പൊള്ളലേൽക്കുന്ന അവസ്ഥയിലായി. നീ വിഷമിക്കാതെ നിന്നെ എനിക്ക് മനസിലാകും അങ്ങനെയൊരു ആഗ്രഹമുണ്ടായിട്ടും അവസരങ്ങൾ ലഭിച്ചിട്ടും നീ എന്നെ തൊട്ട് നോവിച്ചതുപോലുമില്ല... പക്ഷെ നിന്റെ കൂട്ടുകാരൻ രഞ്ജിത്ത് എന്നോട് ചോദിച്ചു നീ പോയി കഴിയുമ്പോൾ ഇവിടെ വന്നു രണ്ടുദിവസത്തേക്ക് അവനെ സന്തോഷിപ്പിക്കണമെന്ന്, അതിനായി അൻപതിനായിരം രൂപയും ഓഫർ ചെയ്തു എനിയ്ക്ക്....

നീ ഇന്ന് പോകുകയല്ലേ അതാണ് ഞാൻ നേരത്തെ വന്നത്, പിന്നെ രഞ്ജിത്ത് ജോലിക്കു പോകുമെന്നും എനിക്കറിയാല്ലോ..... നിനക്ക് ഇന്ന് വൈകുന്നേരം വരെ എന്നിൽ ആനന്ദം കണ്ടെത്താം.... 
പതിവില്ലാതെ പാഞ്ഞെത്തിയ മഴത്തുള്ളികൾ ജനാലയിലേക്കും സിറ്റ് ഔട്ടിലെ പ്ലാസ്റ്റിക്ക് കസേരയിലും തല തല്ലി കരയുന്ന ശബ്ദം എനിക്ക് കേൾക്കാമായിരുന്നു..... സോഫയിലേക്ക് എന്നെ തള്ളിയിട്ട് മെർലിൻ എന്റെ നെഞ്ചത്ത് ചാരികിടന്നു.....അവളുടെ ശ്വാസത്തിന് ബിയറിന്റെ ഗന്ധമുണ്ടായിരുന്നു, ആ ശ്വാസം എന്നിലേക്ക് കൂടുതലായി തുളച്ചുകയറാൻ തുടങ്ങിയപ്പോൾ പരിസരബോധം വീണ്ടെടുത്ത് ഞാൻ എഴുന്നേറ്റു......

"മെർലിൻ നീ പറഞ്ഞത് ശരിയാണ്. മാന്യതയുടെ മുഖംമൂടി ധരിച്ച് നിന്നെ പരിചയപ്പെട്ടു, അടുത്തു... നീ പറഞ്ഞതെല്ലാം സത്യം തന്നെയാണ്..... പക്ഷെ നിന്റെ വിഷമങ്ങൾ അറിഞ്ഞതോടെ എനിക്ക് നിന്നോട് അങ്ങനെയൊരു വികാരം തോന്നിയിട്ടേയില്ല..... നീ എന്റെ നല്ലൊരു സുഹൃത്താണ്.... അതിൽ കവിഞ്ഞൊരു ആഗ്രഹവും എനിക്കിപ്പോൾ നിന്നോടില്ല..... ഞാനിന്ന് വൈകുന്നേരം പോകും.  ഇനി അടുത്ത പ്രോഗ്രാമിന് എന്നെ വിളിക്കുമ്പോൾ മാത്രമാകും ഞാനിവിടെ വരിക....... ഏതായാലും നീ നേഴ്സിംഗ് കഴിയുന്നത് വരെ പിടിച്ചുനിൽക്കുക... അതല്ലെങ്കിൽ എന്നോടൊപ്പം പുറപ്പെടുക പഠിത്തം വേണ്ടെന്നു വെച്ച് വയനാട്ടിലേക്ക് മടങ്ങുക......."

"അയ്യോ അത് പറ്റില്ല, എന്റെ അപ്പച്ചന്റെയും അമ്മച്ചിയുടെയും സ്വപ്നമാണ്. ഇനി ഒരു സെമസ്റ്റർ കൂടിയുണ്ട്... പിന്നെന്തിനാണ് ഞാൻ ഇത്രയും കഷ്ട്ടപ്പെട്ടത്."

"അതല്ല നിനക്ക് അവരുടെ റാക്കറ്റിൽ നിന്നും രക്ഷപ്പെടാൻ ആകില്ല. ഇപ്പോൾ സംഭവിച്ചത് സംഭവിച്ചു ഇനി കൂടുതലായി അബദ്ധത്തിൽ ചെന്ന് സ്വയം വീഴണോ?"

"ഇല്ല.. ഒരു വർഷത്തിനുള്ളിൽ ഞാൻ രക്ഷപ്പെടും ഇവിടുന്നു..."

അന്ന് വൈകുന്നേരം,
രഞ്ജിത്ത് വന്നതിനു ശേഷം മെർലിനും രഞ്ജിത്തും എന്നെ ബസ് സ്റ്റാൻഡിലേക്ക് ഡ്രോപ്പ് ചെയ്യാൻ വന്നു. അന്നവിടെ വെച്ചാണ് അവസാനമായി ഞാനവളെ കാണുന്നതും ഹഗ് ചെയ്തു പിരിയുന്നതും. പിന്നീട് എനിക്ക് ബാംഗ്ലൂരിൽ പോകേണ്ടി വന്നില്ല. പപ്പയുടെ പെട്ടെന്നുണ്ടായ മരണം ഞങ്ങളുടെ കുടുംബത്തെ തളർത്തുകയായിരുന്നു. ഇടയ്ക്കിടയ്ക്ക് മെർലിനുമായി സംസാരിക്കുമായിരുന്നു പിന്നീട് അവളുടെ നമ്പർ ചേഞ്ച് ആയി... രഞ്ജിത്തിനെ വിളിച്ചു അന്വേഷിച്ചു അവനും കാണാറില്ല..... നൈറ്റ് അറ്റ് ടെനിലും മെർലിനെ കണ്ടില്ലെന്നാണ് അവനും പറഞ്ഞത്..........

പിന്നീട് വർഷങ്ങൾക്ക് ശേഷം മെർലിനെ കാണുന്നത് ഈ പത്രവാർത്തയിലാണ്. കുറച്ചു ദിവസം കഴിഞ്ഞു....അവളുടെ ഫോട്ടോ വീണ്ടും കണ്ടു... അതും പത്രത്തിൽ തന്നെയായിരുന്നു....ചരമ കോളത്തിൽ....സ്വന്തം ജീവിതം ഒരു മുഴം കയറിൽ അവൾ തീർക്കുകയായിരുന്നു..... 

എന്‍റെ പ്രണയിനി.


മഞ്ഞുതുള്ളികളെ പോലും
കുളിരണിയിപ്പിച്ച പ്രണയമഴയിൽ നനഞ്ഞ പക്ഷിയാണ്‌ എന്‍റെ പ്രണയിനി.....

ഇതും ഒരു അമ്മ.


ചെറുപ്പത്തിന്‍റെ ചോരത്തിളപ്പിൽ അല്പസ്വൽപ്പം കഞ്ചാവും  വെള്ളമടിയും കൂട്ടുകെട്ടുമായി ചെന്നൈയിൽ വഴിതെറ്റി തലേമെതലതെറിച്ചു പിഴച്ചുനടക്കുന്ന കാലം... എല്ലാ തരത്തിലും നമ്പർ വൺ താന്തോന്നി അങ്ങനെ പറയുന്നതിനേക്കാൾ..... തറ.... അല്ലേൽ ....കൂതറ..... എന്ന് പറയുന്നതാണ് എനിക്കിഷ്ട്ടം..... 
ഏതോ ഒരു ദിവസം രാത്രിയിൽ കൂട്ടുകാരുമൊത്ത് ടാസ്മാക്കിൽ നിന്നും വെള്ളമടിയെല്ലാം കഴിഞ്ഞു യാത്ര പറഞ്ഞിറങ്ങിയ ശേഷം വിള്ളിവാക്കമെന്ന കൊച്ചു  നഗരത്തിലൂടെ ഏകനായി നടക്കുകയായിരുന്നു ഞാൻ,  
വഴിയിലവിടെയിവിടെയായി ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളിൽ  നിന്നുമൊക്കെ പലതരം ശബ്ദങ്ങൾ കേട്ടു നടന്നു..…

ചില ശബ്ദങ്ങൾക്ക് വിശപ്പിന്‍റെ ദയനീയ ഭാവവും മറ്റു ചിലതിനാണെങ്കിൽ  രതിയുടെ ശീല്കാര ഭാവവും....
എന്‍റെ ശ്രദ്ധ അങ്ങനെ കേൾക്കുന്ന പല ശബ്ദങ്ങളിലും മാറി... മാറി... മനസ്സ് സഞ്ചരിക്കുമ്പോളാണ് പെട്ടെന്ന്, പിന്നിൽ  നിന്നുമൊരു വിളി ഞാൻ കേൾക്കുന്നത് …..അതും ഒരു സ്ത്രീശബ്ദം….....

"സാർ ….1000 രൂപ മതി..... പ്ലീസ്  സാർ.....ഈ ഒരു രാത്രി മുഴുവനും നിങ്ങൾക്ക് കിട്ടും....... വളരെ സേഫ് ആണ്…
സാറിന് വേണോ  എന്നെ ?"

ഞാൻ പിന്തിരിഞ്ഞു നോക്കിയപ്പോൾ മുപ്പത്തിയഞ്ചു വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീ ... തനിക്ക് സ്വമേധയാ വിലയിട്ടിറങ്ങിയേക്കുന്നു….
എന്തായാലും കൊള്ളാം ഇങ്ങനെയൊരു അനുഭവം ജീവിതത്തിൽ ഉണ്ടായിട്ടില്ല...സിനിമയിൽ മാത്രമാണ് കണ്ടിട്ടുള്ളതും.....

ഉള്ളിലെ വീര്യം തിളച്ചുമറിഞ്ഞു കൊണ്ടിരിക്കുന്ന സമയമായതു കൊണ്ട്  ഞാനവരെ സൂക്ഷ്മമായി അടിമുടിയൊന്ന് നോക്കി… കാഴ്ചയിൽ അത്ര തരക്കേടില്ല......എന്നാൽ അതി സുന്ദരിയൊന്നുമല്ല ..1000 രൂപയ്ക്ക് താരതമ്യേന തരക്കേടില്ലാത്ത നല്ലൊരു ഡീലായിട്ടാണ് എനിക്ക് തോന്നിയത്...
തമിഴുനാട്ടുകാരി തന്നെ …എങ്കിലും കാഴ്ച്ചയിൽ എവിടെയൊക്കെയോ ഒരു മലയാളി തനിമയും  കാണുന്നുണ്ട്...... അല്ലാപിന്നെ ഇതിനിപ്പോ എന്തോന്നു മലയാളി ..എന്ത് തമിഴ് ....  പാവം അവരായിട്ടു വന്ന് വിളിച്ചതല്ലേ അവരെ വിഷമിപ്പിക്കാൻ മനസ്സ് അനുവദിച്ചില്ല ഡീൽ ഞാൻ ഉറപ്പിച്ചു... ആ സ്ത്രീ എന്നെ അവരുടെ വീട്ടിലേക്ക് ക്ഷണിച്ചു.....തലയാട്ടി ഞാനും അവരുടെ പുറകിൽ ആടിയാടി പതിയെ നടന്നു..

ആ സ്ത്രീയുടെ  വീട് എന്ന് പറയുന്ന കൂരയ്ക്ക് അടുത്ത് എത്താറായി .. നഗരത്തിന്‍റെ നടുവിൽ  തന്നെയുള്ള  വേറൊരു  ലോകം ..അഴുക്കുചാലുകളും വിഴുപ്പുകളും വന്ന് ചേരുന്ന ചേരിയിൽ അടുത്തടുത്ത് തിങ്ങി നിറഞ്ഞു നിൽക്കുന്ന  കൊച്ചു കൊച്ചു വീടുകൾ.. .... ഇങ്ങനെയുള്ള നഗരത്തിലും കൃമികളായി ജീവിക്കേണ്ടി വരുന്നവരുടെ  ഇടം....

ആ സ്ത്രീയുടെ കൊച്ചു കൂരയ്ക്ക് മുന്നിലെത്തിയപ്പോൾ ഉള്ളിലെ വീര്യമെല്ലാം ഒലിച്ചിറങ്ങി ഞാൻ ആകെ തകർന്നുപോയി.  വിശന്നു തളർന്നുറങ്ങുന്ന രണ്ട് കൊച്ചുപിള്ളേരെയാണ്  ഞാൻ ആദ്യം കണ്ടത്....
രണ്ട് പട്ടിണിക്കോലങ്ങൾ…സോമാലിയയോ ഉഗാണ്ടയോ അല്ലാത്ത നമ്മുടെ സ്വന്തം നാട്ടിൽ തന്നെ …
ഇന്നത്തെ രാത്രിക്ക് എന്നോട് വിലപറഞ്ഞവളുടെ മക്കൾ....എനിക്ക് സ്വയം വെറുപ്പും പുച്ഛവും തോന്നിയ നിമിഷമായിരുന്നു അത്…പക്ഷെ ആ സ്ത്രീ അപ്പോഴും എനിക്കായി....  കിടക്ക വിരിക്കുന്ന തിരക്കിലായിരുന്നു….അവരുടെ മക്കൾക്ക് ഒരു നേരത്തെ ആഹാരത്തിന് വേണ്ടി ആയിരിക്കും ….

ആ സ്ത്രീയുടെ അരികിലേക്ക് ഞാൻ ചെന്നു ചോദിച്ചു 
"ഈ പിള്ളേരുടെ അച്ഛൻ..?"

"ഉണ്ടായിരുന്നു ആറ് മാസങ്ങൾക്ക് മുൻപ് ടൈഫോയിഡ് പിടിച്ചു മരിച്ചു …കൂലിപ്പണിയായിരുന്നു… നേരത്തെ 
 ഞാൻ ജോലിക്ക് പോയ്ക്കൊണ്ടിരുന്ന തീപ്പട്ടി കമ്പനിയും ലൈസൻസിന്‍റെ പേരിൽ പൂട്ടിപോയി..പിന്നെ മുഴുപ്പട്ടിണിയായി അതാ ഞാൻ  ഈ പണിക്ക്‌ ഇറങ്ങിയത'....സാറിനറിയാമോ കടം പറഞ്ഞിട്ട് പോണ ചിലവന്മാര് വരെ ഉണ്ട് ഇവിടെ… എന്‍റെ മക്കൾ വിശന്ന് കരയുമ്പോൾ  ഞാനെന്തു ചെയ്യണം സാറേ…വിഷം മേടിച്ചു കൊടുത്തു അവരെ കൊല്ലാൻ എനിക്ക് മനസ് വരുന്നില്ല സാർ ഞാൻ അവരുടെ അമ്മയല്ലേ... അവരെ നൊന്തു പ്രസവിച്ച അമ്മയല്ലേ ഞാൻ... എന്‍റെ മക്കളെ കൊല്ലാനോ ആത്മഹത്യ ചെയ്യാനോ ഉള്ള ധൈര്യം എനിക്കില്ല....... കക്കാനുള്ള ധൈര്യവുമില്ല.... അതൊക്കെ പോട്ടെ സാർ വാ".....

ആ സ്ത്രീയുടെ തൊണ്ട ഇടറിയിരുന്നു…കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു...
ആശ്വാസ വാക്കുകൾക്കായി ഞാൻ തിരഞ്ഞു.... എനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല ..... ആ സ്ത്രീയുടെ വാക്കുകൾക്ക്  മുൻപിൽ തകർന്നുപോയി അതാണ് സത്യം...…'ഇതും ഒരു അമ്മയാണ് എന്നെ പെറ്റു വളർത്തിയതുപോലെ തന്നെ ഒരു അമ്മ'… ഞാൻ നിശബ്ദനായി നിന്ന നിൽപ്പിൽ അങ്ങനെ നിന്നൂ..... അമ്മയായ ഒരു സ്ത്രീയോട് അവർ ശരീരത്തിന് വിലയിട്ട് എന്നെ വിളിച്ചിട്ടാണെങ്കിൽ കൂടി ഡീൽ ഉറപ്പിച്ചു കൂടെ പോയ താനും കുറ്റക്കാരനല്ലേ..... ആ സ്ത്രീയെ സ്വന്തം അമ്മയെ പോലെ കണ്ടിരുന്നെങ്കിൽ വിലയുറപ്പിച്ച് കൂടെ പോകുകയുമില്ലായിരുന്നു.......ഉള്ളിലെ വീര്യമുള്ള വിഷം പറ്റിച്ച പണി.......

ഞാൻ വേഗം ചിന്തയിൽ നിന്നുമുണർന്ന്...പോക്കറ്റിൽ നിന്നും പേഴ്സെടുത്ത് വാടക കൊടുക്കാനിരുന്ന പണത്തിൽ നിന്നും അഞ്ചായിരം രൂപ അവർക്ക് നേരെ നീട്ടി "ആദ്യം ചേച്ചി  ഈ കൊച്ചുങ്ങൾക്ക്  എന്തെങ്കിലും വാങ്ങി  കൊടുക്ക്‌.....അവരുടെ വിശപ്പ്‌ മാറട്ടെ …  എനിക്കായി വിരിച്ച പായയിൽ നിങ്ങൾ തന്നെ കിടന്ന് സ്വസ്ഥമായി ഉറങ്ങുക.. എന്നിട്ട് നന്നായി ചിന്തിക്കുക, കഴിയുമെങ്കിൽ ഇനിയാർക്കുവേണ്ടിയും പായ വിരിക്കാതിരിക്കുക."

നിറഞ്ഞ കണ്ണുകളോടെ സന്തോഷത്തോടെ ആ സ്ത്രീ  ഞാൻ കൊടുത്ത നോട്ടുകൾ വാങ്ങി..പിന്നെ നന്ദിയോടെ എന്നെ നോക്കി…ആ കണ്ണുകൾ അപ്പോഴും നിറഞ്ഞുകവിയുന്നുണ്ടായിരുന്നു......
ദൈവത്തിന്‍റെ കോടതി മുൻപാകെ മനസ് കൊണ്ട് ഞാൻ ആ കുട്ടികളുടെ അമ്മയോട് ഒരായിരം മാപ്പ് പറഞ്ഞുകൊണ്ട് അവർക്ക് നല്ലത് വരുത്തണേയെന്നും പ്രാർത്ഥിച്ചു ഞാൻ അവിടെ നിന്നും ഇറങ്ങി നടന്നു....

കടലമ്മ കള്ളിയല്ല.


കടലമ്മയുടെ മടിത്തട്ടിലേക്ക് ചുംബിച്ചുറങ്ങാൻ തയ്യാറെടുക്കുന്ന അസ്തമയ സൂര്യന്‍റെ പ്രണയം കണ്ടു നാണത്തോടെ ഞാൻ ഏകനായി നോക്കെത്താ ദൂരത്ത് കണ്ണുകളോടിച്ചു കടലോരക്കാഴ്ച്ചകളിൽ മുഴുകിയിരുന്നു. ഇന്നത്തെ അസ്തമയം എന്നെ അസ്വസ്ഥനാകുന്നു, നിന്‍റെ കൂടെ തോളോടുരുമ്മി ഇങ്ങനെ കടലോരക്കാഴ്ച്ചകൾ കണ്ടിരിക്കുമ്പോൾ മനസ്സിന് എന്തെന്നില്ലാത്ത ഒരു കുളിർമയും സന്തോഷവും അനുഭവപ്പെടുമെന്ന് അവൾ എപ്പോഴും പറയുമായിരുന്നു. 

എന്‍റെ ജീവിത്തത്തിലെ പ്രണയവും ഇന്നിവിടെ അസ്തമിക്കുകയാണെന്നുള്ള സത്യം ഉൾക്കൊള്ളാൻ ഇനിയുമെനിക്ക് കഴിയുന്നില്ല. നടപ്പാതയിലെ വഴിവിളക്കുകൾ പ്രകാശപൂരിതമാകുന്നു പക്ഷെ കണ്ണിലേക്കും മനസ്സിലേക്കും ഇരുട്ട് മാത്രമാണ് കയറിവരുന്നത്, എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്....? ഇരമ്പിവരുന്ന തിരമാലയെ പോലെ, എന്‍റെ ഹൃദയത്തിൽ തട്ടിത്തെറിച്ച്‌ ആ ചോദ്യത്തിന് ഉത്തരം നൽകാനാകാതെ മടങ്ങിപ്പോകുകയാണല്ലോ മനസ്സും. 

വഴിവിളക്കിലെ പ്രകാശത്തിന് ചുറ്റും തലതല്ലി കരയുന്ന ഈയാംപാറ്റകളിൽ ചിലതെല്ലാം ചിറകുകൾ കൊഴിഞ്ഞു എന്‍റെ ചുറ്റും വീണ് ഇഴയുന്നവയോട് ഞാനും പറഞ്ഞു, "നിങ്ങളെപോലെയാണ് ഞാനും നിങ്ങൾക്ക് ചിറകില്ലാതെ പറക്കാനും കഴിയില്ല എനിക്ക് അവളില്ലാതെ ജീവിക്കുവാനും. "
ആരുമില്ലാത്തവർക്ക് കടലമ്മയുണ്ടെന്നുള്ള വിശ്വാസത്തിൽ ഞാൻ കടലമ്മയുടെ അരികിലേക്ക് എന്‍റെ സങ്കടം പറയാൻ അവളോടൊരുമിച്ച് നടന്ന നടപ്പാതയിലൂടെ ഒറ്റയ്ക്ക് നടന്നിറങ്ങി. 

അമ്മേ.... മറ്റാരേക്കാളും നിനക്കറിയാലോ ആരുമില്ലാത്ത എന്നെ വളർത്തി വലുതാക്കിയത് നീയാണെന്ന്, കൈയിൽ പണമില്ലാത്തത് കൊണ്ടാണ് ഇന്ന് ഞാനാ വലിയ മണ്പാത്രം ഉടച്ചത്. മുക്കുവനായ എന്നെ മൂന്ന് വർഷങ്ങൾക്ക് മുൻപ് അവൾ പ്രണയിക്കുമ്പോൾ നൽകിയ സമ്മാനമായിരുന്നു ആ വലിയ മണ്പാത്രം. അതൊരിക്കലും പൊട്ടിക്കരുത് നമ്മുടെ വിവാഹശേഷം ആദ്യരാത്രിയിൽ നമ്മുക്കൊരുമിച്ചിരുന്നു പൊട്ടിച്ച് എണ്ണി തിട്ടപ്പെടുത്തണമെന്നും ആ പണത്തിന് അവൾക്കൊരു സ്വർണ്ണകൊലുസ്സു വാങ്ങിക്കൊടുക്കണമെന്നും അവൾ പറഞ്ഞിരുന്നു. അതിനു മുൻപ് നീ ഇത് ഉടച്ച് പണമെടുത്ത് കുടിച്ചു കൂത്താടുകയോ ആരെയെങ്കിലും സഹായിക്കുകയോ ചെയ്‌താൽ പിന്നെ ഞാനുമായി ഒരു ബന്ധവും ഉണ്ടാകില്ലെന്ന് പറഞ്ഞവൾ എന്നെക്കൊണ്ട് സത്യം ചെയ്യിച്ചു.  അതിൽ ആദ്യമായി ഒരു രൂപയുടെ നാണയവും നിക്ഷേപിച്ചതവളായിരുന്നു, ആ മൺപാത്രമാണല്ലോ അമ്മേ ഞാനിന്നു പൊട്ടിച്ചത്.

മൂന്നുവർഷവും കിട്ടുന്നതെല്ലാം ഞാനതിൽ നിക്ഷേപിച്ചു ആ മണ്പാത്രം നിറച്ചുകൊണ്ടേയിരുന്നു.  അവൾക്കൊരു സ്വർണ്ണകൊലുസ്സു വാങ്ങുന്നതിനും പിന്നെ അവൾക്കൊരു സ്വർണ്ണ മൂക്കുത്തിയും വാങ്ങി കൊടുക്കണമെന്ന വ്യഗ്രതയിൽ ഞാൻ കുടത്തിൽ രൂപകൾ നിറച്ചുകൊണ്ടേയിരുന്നു. ഇനി അതിന്‍റെ ആവശ്യമില്ലല്ലോ അമ്മേ.... ഞാനും അവളും തമ്മിൽ ഇനി ഒരു ബന്ധവും ഉണ്ടാകുകയുമില്ലല്ലോ. 

കഴിഞ്ഞ ഒരാഴ്ച്ചയായി ഞാൻ കടലിലേക്ക് ഇറങ്ങിയിട്ട് കൈയിൽ പണവുമില്ല. അവസാനമായി അവൾക്കെന്തെങ്കിലും സമ്മാനം വാങ്ങി കൊടുക്കണമെന്ന് കരുതിയാണ് ഞാനത് ഉടച്ചത്. ആകെ സ്വരുക്കൂട്ടിയത് പതിനേഴായിരം രൂപ. പിന്നെയും വേണമല്ലോ ബാക്കി എന്നോർത്ത് ഞാൻ എന്‍റെ വയറ്റിപിഴപ്പായ കൊച്ചു വള്ളവും വലയും തെക്കേലെ തോമസിന് വിൽക്കുകയായിരുന്നു മുപ്പതിനായിരം രൂപയും കിട്ടി. 

ആദ്യമായി ശീതികരിച്ച കടയ്ക്കുള്ളിൽ പോയി ടൈയിട്ട് നിൽക്കുന്ന സുന്ദരൻ ചെക്കനോട് പതിഞ്ഞ സ്വരത്തോടെ പറഞ്ഞു ആകെ നാൽപ്പത്തിയേഴായിരം രൂപയുണ്ട്, ഈ തുകയ്ക്ക് എനിക്കൊരു   കൊലുസ്സും കല്ലു വെച്ച മൂക്കുത്തിയും വേണമെന്ന്. ഇരിക്കാൻ പറഞ്ഞിട്ടും അവിടെയിരിക്കുന്ന കസേരയുടെ ഭംഗി കണ്ടപ്പോൾ ഇരിക്കാനും തോന്നിയില്ല, മനസ്സിനാകെ ഒരു വെപ്രാളമായിരുന്നു. ഒടുവിൽ ടൈയിട്ട സുന്ദരൻ സ്വർണ്ണ  കൊലുസും മൂക്കുത്തിയുമായി വന്നു എന്‍റെ മുന്നിൽ ഇരുന്നു കണക്കുകൾ നിരത്തി. ജീവിതത്തിന്‍റെ കണക്കു കൂട്ടലുകളുടെ താളം തെറ്റിയ എനിക്ക് അതൊന്നും മനസിലായതുമില്ല.  ആ  ഉരുപ്പടികളുമായി ഞാൻ നല്ല വസ്ത്രം ധരിച്ച് വൈകുന്നേരം അവളുടെ വീട്ടിലേക്ക് പോയി. 

ഇന്ന് അത്താഴ വിരുന്നു സൽക്കരമാണല്ലോ, അവളുടെ വീട്ടിൽ എനിക്ക് ക്ഷണമില്ലാഞ്ഞിട്ടും ഒരു നോക്ക് അവളെ കാണാനും പിന്നെ അവസാനമായി അവൾക്ക് കൊടുക്കുവാനുള്ള സമ്മാനവുമായി അപ്രതീക്ഷിതമായി ഞാനവളുടെ വലിയ വീട്ടിലേക്ക് കയറിച്ചെന്നു. അറബികഥകളിലെ രാജ്ഞിയെപ്പോലെ ഉടുത്തൊരുങ്ങി തോഴിമാരോടൊപ്പം ഇരിക്കുന്ന അവൾക്ക് ഞാൻ വാങ്ങിയ സമ്മാനം കൊടുക്കുമ്പോഴും എന്‍റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.  പ്രതീക്ഷിക്കാതെ എന്നെ കണ്ട ഞെരുക്കത്തിലും ഞാൻ നൽകിയ സമ്മാനത്തിലും ആശ്ചര്യം കൊണ്ട് വിടർന്ന അവളുടെ കണ്ണുകളിൽ സന്തോഷം ഞാൻ കാണുന്നുണ്ടായിരുന്നു. എല്ലാമറിഞ്ഞിട്ടും ഒന്നുമറിയാതെ എന്ന ഭാവത്തിലോ... അതുമല്ലെങ്കിൽ നിസ്സഹായതയുടെ നിശബ്ദതയിൽ  കരയാതിരിക്കാന്‍ ധരിച്ചിരിക്കുന്ന മുഖം മൂടിയാണോ അതെന്നെനിക്ക് മനസിലാക്കാൻ  കഴിയാതെ പോയി.

എന്തൊക്കെയോ എവിടെയൊക്കെയോ നഷ്ടപ്പെടുന്ന ഒരവസ്ഥ. ശ്രുതിമധുരമായ ആ പന്തലിൽ ഒരു അപശ്രുതി പോലെ മനസ്സിന്‍റെ താളം തെറ്റുവാന്‍ തുടങ്ങിയിട്ട് എത്രയോ നാളുകളായിരിക്കുന്നു. അമൂല്യമായതെന്തോ നഷ്ടപ്പെടുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും ഒരുപാട് വൈകിയിരുന്നു. ഇനി അങ്ങോട്ട് ഒരിക്കലും മായ്ക്കാൻ കഴിയാത്ത ഒരു ദുരന്തമാകാൻ പോകുന്ന നഷ്ടം ഇനിയുള്ള കാലം എന്നെ വേട്ടയാടുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. 

കടലോരം വൃത്തിയാക്കുന്നതിന്‍റെ ഭാഗമായി വന്ന കോളേജ് കുട്ടികളുടെ കൂട്ടത്തിൽ അവളെ പരിചയപ്പെടുകയും പിന്നീടത് പ്രണയമായി വളരുമ്പോഴും എന്‍റെ കൂട്ടുകാർ പറഞ്ഞതായിരുന്നു 
"വലിയ വീട്ടിലെ പെണ്ണുങ്ങൾക്ക് ഇതൊക്കെ ഒരു നേരമ്പോക്ക് മാത്രമാണെടാ...കുറച്ചു കഴിയുമ്പോൾ അവൾ നിന്നെയിട്ടേച്ചും പോകുമെന്ന്"
 അന്നവൾ തന്ന ഉറപ്പ്, അത്രമാത്രമായിരുന്നു ....
ഈ ലോകം അവസാനിച്ചാലും എന്നെ വിട്ടുപിരിയില്ലെന്ന് പറഞ്ഞവൾ എല്ലാം നിമിഷ നേരം കൊണ്ടല്ലേ ഇട്ടെറിഞ്ഞു പോയത്.

അവസാനമായി അവളോട് കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞിറങ്ങുമ്പോഴും എന്‍റെ ജീവൻ അവൾക്ക് നല്കിയിട്ട് പോരുന്നത് പോലെയാണെനിക്ക് തോന്നിയതും. നാളെ അവളുടെ വിവാഹമാണ്, പോകണമെന്നുണ്ട് .....പക്ഷെ സാധിക്കുന്നില്ല, മനസ്സനുവദിക്കുന്നില്ല അമ്മേ..... 
അവൾ പോകുമ്പോൾ എന്‍റെ ജീവനും കൊണ്ടാണല്ലോ എന്നന്നേക്കുമായി എന്നെ പിരിഞ്ഞു പോകുന്നതുപോലൊരു തോന്നൽ. നഷ്ടസ്വപ്നങ്ങള്‍ അനുസരണയില്ലാതെ പറന്നു നടക്കുന്ന ഈയാംപാറ്റകളെ  പോലെ ചിറകടിച്ചെത്തുന്നു... 

ഇനിയുള്ള വൈകുന്നേരങ്ങളിൽ ഈ കടലോരത്ത് ഞാൻ ആർക്ക് വേണ്ടിയാണ് കാത്തിരിക്കുക???? 

തിരമാലകൾ നൃത്തം വെയ്ക്കുന്ന ഈ തീരങ്ങളുടെ സംഗീതം കേട്ട് കണ്ണുകളിൽ നോക്കിയിരിക്കാൻ അവളില്ലല്ലോ അമ്മേ......

അവളുടെ കളിചിരി കൊഞ്ചലുകളും പരിഭവങ്ങളും ഇനിയില്ലല്ലോ അമ്മേ.....

എന്‍റെ മനസ്സിനെ അർബ്ബു്ദം ബാധിച്ചിരിക്കുന്നു അതെനിക്കെന്നുമൊരു തീരാവേദനയാണ് അമ്മേ, അവളുടെ ഓര്‍മ്മകളും പേറി ഈ ലോകത്തോട് മത്സരിച്ചു ജീവിക്കാൻ എനിക്ക് ശക്തിയില്ലമ്മേ... 
ഞാനും വരുന്നു എന്‍റെ അമ്മയുടെ മടിത്തട്ടിലേക്ക് മയങ്ങാൻ.... ഞാൻ കടലമ്മയുടെ അടുത്തേയ്ക് പതുക്കെ നടന്നു.

പ്രണയമഴ


നിനക്ക് മഴയോടാണോ അതോ എന്നോടാണോ കൂടുതൽ പ്രണയം ? എനിക്കിപ്പോൾ അറിയണമെന്നവൾ വാശിപിടിച്ചപ്പോൾ ഞാൻ പറഞ്ഞു,

'മഴ നനഞ്ഞു നിൽക്കുന്ന നിന്നോടാണെനിക്ക് പ്രണയം.'

വീണ്ടും പാടാം സഖീ..നിനക്കായ്‌ വിരഹഗാനം ഞാന്‍.... ഒരു വിഷാദഗാനം ഞാന്‍...


സംഗീത പ്രേമികളെ ഗസല്‍ പെരുമഴയില്‍ നനക്കുന്ന കലാകാരന്‍ ഉമ്പായി മാഷോടൊപ്പം ഒരു സെൽഫി... (05-06-2017)
ആ മാന്ത്രിക വിരലുകള്‍ ഹാര്‍മോണിയകട്ടകളില്‍ തഴുകി, ചുണ്ടുകള്‍ ചലിക്കുമ്പോള്‍ അറിയാതെ,അറിയാതെ നാം വേറൊരു ലോകത്ത് പറന്നു നടക്കും....  

വീണ്ടും പാടാം സഖീ..നിനക്കായ്‌ വിരഹഗാനം ഞാന്‍.... ഒരു വിഷാദഗാനം ഞാന്‍.... 

ഇതും ഒരു അമ്മ.


"ജയേ.....എടീ ജയേ.... നാശം പിടിച്ചവളെവിടെ പോയി കിടക്കുവാ ?... നിന്‍റെയീ അലവലാതി സന്തതി ആ കിണറ്റിൻ കരയിൽ ഓടിക്കളിച്ചു നടക്കുന്നത് കണ്ടില്ലേ....! കിണറ്റിലോട്ടെങ്ങാനും വീണ് ഒന്നൊടുങ്ങി കിട്ടിയാൽ മതിയായിരുന്നു.... അങ്ങനെ സംഭവിച്ചാലും നാട്ടുകാർ ഓരോന്നും പറഞ്ഞുവരുമല്ലോ.... തന്തയില്ലാത്ത കുഞ്ഞിനെ പീഡിപ്പിച്ചെന്നും കൊന്നുവെന്നും വരുത്തി തീർക്കുമല്ലോ...." സരസ്വതിയമ്മ മകളോട് നട്ടുച്ചയ്ക്ക് തന്നെ തല്ലുപിടിച്ച് തുടങ്ങി..

ജയയുടെ കെട്ട്യോൻ സജീവന് വേറൊരുത്തിയുമായി ജീവിക്കാൻ വേണ്ടി, തന്നെ ഇവിടെ കൊണ്ട് ആക്കിയതാണെന്ന് ജയ ആരോടും പറഞ്ഞട്ടില്ല. ഇന്നോ നാളെയോ വരുമെന്ന് മറ്റുള്ളവരോട് പറഞ്ഞു പിടിച്ചു നിൽക്കാൻ തുടങ്ങിയിട്ട് ആറ് മാസത്തിൽ കൂടുതലായി, ഇതുവരെ തന്നെയോ കുഞ്ഞിനെയോ ഒന്ന് തിരിഞ്ഞു നോക്കിയട്ടുപോലുമില്ല ആ മനുഷ്യൻ...

സജീവൻ മോളെ ഉപേക്ഷിച്ചു പോയതിലല്ല സരസ്വതിയമ്മയ്ക്ക് കലി... ആ തെണ്ടിയുടെ അതേ പ്രതിരൂപം കൊത്തിവെച്ചിരിക്കുകയാ ഈ അസുരവിത്തിൽ. ഈ തെണ്ടി ചെക്കൻ കാരണമാണ് അവർക്ക് പുറത്തിറങ്ങി മറ്റുള്ളവരുടെ മുഖത്തേക്ക് നോക്കാൻ കഴിയാത്തതെന്ന് വിശ്വസിക്കുകയാണ്.....

"ഇന്നെന്താ സ്വരസ്വതിയമ്മ ഇത്രയും വൈകിയതെന്ന്..."
അടുക്കളയിലേക്ക് ഊണ് എടുക്കാൻ വന്ന അമ്മയോട് ജീന പറഞ്ഞു. സരസ്വതിയമ്മയുടെ അയല്പക്കമാണ് രണ്ടടി വെച്ചാൽ എത്താവുന്ന ദൂരമേയുള്ളൂ....

"പാവം ആ കൊച്ചുകുഞ്ഞെന്ത് പിഴച്ചുവോ ആവോ ഇത്രയും പഴി കേൾക്കാനായി...തന്തയിട്ടേച്ചു പോയതിൽ ആ കൊച്ചെന്ത് തെറ്റ് ചെയ്തിട്ടാ..അവസരം കിട്ടുമ്പോളൊക്കെ അതിനെ ഒരുപാട് ഉപദ്രവിക്കുകയും ചെയ്യും...പാവം കുഞ്ഞ്."

"അയാൾ ഇപ്പൊ വരാറേയില്ലേ അമ്മേ?"

"ഇല്ലാന്ന് തോന്നുന്നു, എത്ര ഗംഭീരമായിട്ടായിരുന്നു മരിക്കുന്നതിന് മുൻപ് കൃഷ്ണേട്ടൻ ജയയുടെ കല്യാണം നടത്തി കൊടുത്തത്. സ്ത്രീധനം ചോദിച്ചതിലും കൂടുതൽ കൊടുക്കുകയും ചെയ്തു എന്നിട്ടും അവൾക്കീ ഗതി വന്നല്ലോ എന്നോർക്കുമ്പോൾ ഒരു സങ്കടം.... ജയ വന്ന് നിൽക്കാൻ തുടങ്ങിയതിനു ശേഷം അവർക്ക് നമ്മളായിട്ട് ലോഹ്യം പറച്ചിലൊക്കെ നിന്നില്ലേ...ഒരു പക്ഷെ നാണക്കേട് കൊണ്ടാകും, ചെറുത് കിട്ടിയാൽ വലുതാക്കി പറഞ്ഞുപരത്തുന്ന നാട്ടുകാരെ ഭയന്നാവും ചിലപ്പോൾ നമ്മളോടൊന്നും പറയാത്തതും..

"അയാൾ ദുബായിക്കാരനെന്നും പറഞ്ഞല്ലേ അവളെ കല്യാണം കഴിച്ചത്?" ജീന എന്തോ ഓർത്തിട്ടെന്നപ്പോലെ അമ്മയോട് ചോദിച്ചു....

"കള്ളം പറഞ്ഞുള്ള വിവാഹമായിരുന്നു അത്..അയാൾ അവളെ കെട്ടി കൊണ്ട് പോയതിന് ശേഷം ദുബായ് കണ്ടിട്ടില്ല, അവിടെന്ന് പുറത്താക്കിയതാണെന്നും മറ്റുമാണ് കേട്ടറിവ്, മദ്യപിച്ചു എന്നും അവളെ തല്ലുമായിരുന്നു എന്നാണ്...അവരുടെ അടുത്ത വീട്ടിൽ താമസിക്കുന്ന ലക്ഷ്മിക്കുട്ടി പറഞ്ഞത്.. ചക്കയോ മാങ്ങയോ പോലായിരുന്നു മനുഷ്യരെങ്കിൽ മനസ്സ് തുറന്നു നോക്കായിരുന്നു..എല്ലാം ആ പെണ്ണിന്‍റെ വിധിയാണ്..." ത്രേസിയാമ്മ മകളോട് പറഞ്ഞു....

"അവളെക്കാൾ മുന്നേ കല്യാണം കഴിച്ചു അയച്ചതാ നിന്നെ....എന്നിട്ടിപ്പോൾ....."
പറയേണ്ടിയിരുന്നില്ല എന്നോർത്ത് ജീനയെ നോക്കി അവർ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി....

ജീനയുടെ മുഖം പൊടുന്നെന്നെ വാടി...
ശരിയാണ്.... തന്‍റെയും ജോൺസേട്ടന്‍റെയും കല്യാണം കഴിഞ്ഞിട്ട് അഞ്ചുകൊല്ലമായി ഇതുവരെയും ഒരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യമുണ്ടായിട്ടില്ല.....ഡോക്ടർമാരെ മാറി മാറി കാണിച്ചിട്ടും രണ്ടുപേർക്കും ഒരു കുഴപ്പവുമില്ലെന്നാണ് പറയുന്നതും... എന്നിട്ടും ഒരു കുഞ്ഞിനെ പോലും ദൈവം അനുഗ്രഹിച്ചു നൽകുന്നുമില്ല....

പ്രാർത്ഥനയും നേർച്ചയും മുടക്കാതെ നേരുകയും ചെയ്യുന്നുണ്ട്...എന്നിട്ടും ശ്രമത്തിന്‌ ഫലം കാണുന്നുമില്ല...മനസ്സ് നീറ്റി ജീവിക്കാൻ മാത്രമാണ് വിധിയും....
"നീ വിഷമിക്കാതെ ജീനെ നമ്മുക്കുമുണ്ടാകും ഒരു കുഞ്ഞു" എന്ന് ജോൺസേട്ടന്‍റെ പല്ലവി സ്ഥിരം കേട്ടു അവളുടെ മനസ്സ് മടുത്തുതുടങ്ങി... തന്നെ ആശ്വസിപ്പിക്കാനോ അതോ സ്വയം ആശ്വാസം കണ്ടെത്താനാണോ ജോൺസേട്ടൻ അങ്ങനെ പറയുന്നതെന്നും അവൾക്കറിയില്ല....

ജീന, ജയയെയും കുഞ്ഞിനേയും കുറിച്ചോർത്ത് ദുഃഖിച്ചു... തന്‍റെ അതെ മാനസികാവസ്ഥയിൽ തന്നെയായിരിക്കും അവളും, നാട്ടുകാരുടെ ചോദ്യശരങ്ങളെ ഭയന്നും നാണക്കേട് കൊണ്ടും താനും പുറത്തിറങ്ങാതെയായിരിക്കുന്നു.... എല്ലാവരുടെയും ചോദ്യം കുഞ്ഞായില്ലേ ? വിശേഷമൊന്നുമില്ലേ ? ഇപ്പഴും ട്രീറ്റ്മെന്റിലാണോ ? എന്നൊക്കെയുള്ള ചോദ്യങ്ങളിൽ നിന്നും ഒളിച്ചോടാനായി താനും വീട്ടിലെ പണികളിൽ മുഴുകിയും ടി.വിയും കണ്ടിരുപ്പല്ലേ.....

"അ..അമ്മേ....അമ്മാ....
വിക്കി വിക്കിയുള്ള ആ വിളി കേട്ടാണ് ജീന തിരിഞ്ഞു നോക്കിയത്..
തൊട്ടുപിന്നിൽ ആ കുഞ്ഞോമന തന്നെ അമ്മെന്ന് വിളിക്കുന്നു....ജയയുടെ നാല് വയസുകാരൻ.....വിഷ്ണു...എന്ത് ചെയ്യണമെന്നറിയാതെ ആ വിളി കെട്ടവൾ തരിച്ചു നിന്നു.....

"വിഷ്ണുമോന്‍ എന്താ വിളിച്ചേ ...ഒന്ന് കൂടെ കേൾക്കട്ടെ ..ഒന്നൂടെ വിളിച്ചേ മോൻ... !"
കൊല്ലങ്ങളായി താൻ പ്രാർത്ഥനയിലും നേർച്ചയിലും കേൾക്കാൻ കൊതിച്ചൊരു വാക്കാണ് മോനിപ്പോൾ വിളിച്ചത് എന്നോർത്ത് അവളുടെ ശബദം ഇടറിയിരുന്നു .........
ആ കുഞ്ഞോമനയെ എടുത്തുയർത്തി തന്‍റെ മാറോട് ചേർത്തണക്കുമ്പോഴും പ്രസവിക്കാത്ത ഒരമ്മയുടെ വാത്സല്യം നെഞ്ചിൽ നിന്നും ചുരന്നൊരു മഴയായി പെയ്തിറങ്ങുകയായിരുന്നു.......

അഭിപ്രായങ്ങളെയും വിമർശങ്ങളെയും തള്ളികളയാറില്ല.


ഒരു പോസ്റ്റിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ അർഹിക്കുന്ന മാന്യത നൽകി സഭ്യതയോടെ പറയാനുള്ള അന്തസ്സ് ഞാൻ പാലിക്കുന്നുണ്ട് എന്ന് തന്നെയാണ് എന്‍റെ വിശ്വാസം. ആക്ഷേപ ഹാസ്യത്തിലൂടെയായാലും കാര്യവിവരണ ബോധത്തിലൂടെയായാലും അതിലെ തെറ്റുകൾ ചൂണ്ടി കാണിച്ചാൽ, അത് ഉൾക്കൊള്ളാനുള്ള മിനിമം യോഗ്യതയെങ്കിലും ഒരു വ്യക്തിക്ക് ഉണ്ടാകുന്നത് നല്ലതാണ്. 

എനിയ്ക്ക് അഭിപ്രായങ്ങളെ തള്ളികളയാൻ അറിയില്ല,  അഭിപ്രായ വ്യത്യാസങ്ങളെ  ഉത്തരവാദിത്വത്തോടെ മാനിക്കുകയും അതിലെ നെല്ലും പതിരും വേർതിരിച്ചു പറഞ്ഞ അഭിപ്രായത്തോട് നീതി പുലർത്തുകയും ചെയ്യാറുണ്ട്. എല്ലാവരും ഒരുപോലെ ആകണമെന്നില്ലല്ലോ ? അങ്ങനെ ആയിരുന്നെങ്കിൽ എല്ലാ മനുഷ്യർക്കും ഒരേ മുഖ സാദൃശ്യം ഈശ്വരൻ നൽകുമായിരുന്നു. പലരുടെയും ചിന്തകളും അഭിപ്രായങ്ങളും ഒരേ തലത്തിൽ ആയിരിക്കില്ല എന്നതാണ് സത്യം.

ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തി കാണിക്കുന്ന  നാലാംകിട രാഷ്ട്രീയക്കാരെ പോലെയാകരുത് നാം.  മനുഷ്യനായാൽ  ഒരിക്കലും അഭിപ്രായത്തെ തള്ളികളയാതിരിക്കുക. ഒരു വ്യക്തിയുടെ അഭിപ്രായത്തെ നിങ്ങൾക്ക് എതിർക്കാം പക്ഷെ ആ വ്യക്തിയുടെ അഭിപ്രായവും അത് പ്രകടമാക്കിയ അവകാശത്തെയും മാനിക്കാനുള്ള ഒരു മനസ്സുമാണ് സഹിഷ്ണുതയുള്ള ഒരു വ്യക്തിക്ക് ആദ്യം ഉണ്ടാകേണ്ടത് അതില്ലാത്തവർ വളരെ പ്രയാസപ്പെട്ട് തന്നെ അത് നേടിയെടുക്കുകയും വേണം.

കാള പെറ്റു എന്ന് കേൾക്കുമ്പോൾ തന്നെ കയറെടുക്കുന്ന ഇടുങ്ങിയ ചിന്താഗതിയിലേക്ക്  മലയാളി മനസ്സുകൾ അധഃപതിക്കരുതേ എന്നുമൊരു അപേക്ഷയുണ്ട്. ഈയിടെ  ഒരു അഭിപ്രായം പറഞ്ഞതിനെ തുടർന്ന് ഉണ്ടായ കോലാഹലങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ ഒരു ദുഃഖം  അഭിപ്രായം പറഞ്ഞ വ്യക്തിക്കുമുണ്ടാകുന്നത് സ്വാഭാവികമാണ്. നിങ്ങൾക്ക് ഇഷ്ടപ്പെടാത്തതൊന്നും ഞാൻ പറയാൻ പാടില്ല എന്ന് നിങ്ങൾ പറയുന്നതാണ് അസഹിഷ്ണുത.  

എനിക്ക് ശരിയെന്ന് തോന്നുന്നതും തെറ്റെന്ന് തോന്നുന്നതും അത്  എന്ത് തന്നെയായാലും ഞാൻ പ്രകടിപ്പിക്കും. ജാസ്‌ത്യാലുള്ളത് തൂത്താൽ പോകില്ലല്ലോ (ജന്മസിദ്ധമായി കിട്ടിയതാണേ അല്ലാതെ ഇന്നലെ മുറ്റത്ത് മുള്ളിയപ്പോൾ തെറിച്ചു വീണ് കിട്ടിയതല്ല.) ഓരോ വ്യക്തിക്കും സഭ്യമായി അന്തസ്സോടെ ഏതൊരു അഭിപ്രായവും ഏതൊരു രീതിയിലും രേഖപ്പെടുത്താം എന്ന് വിശ്വസിക്കുന്നു ഞാനും ഈ ജനാധിപത്യ രാജ്യത്തിലെ ഒരു പൗരൻ ആണ്. പറഞ്ഞ അഭിപ്രായത്തോട് നീതിപുലർത്താൻ കഴിയാതെ ആ വ്യക്തിയെ കരുവാക്കി കൂട്ടമായി വേട്ടയാടപ്പെടുന്ന രീതി കാണുമ്പോൾ പുച്ഛമാണ് തോന്നുന്നത്. എല്ലാം അഭിപ്രായങ്ങളും  തുറന്ന മനസ്സോടെ കേൾക്കാൻ നമുക്ക് കഴിയണം അവിടെയാണ് സഹിഷ്ണുത.

Rose Varghese Thanks


മഴയിൽ ഒരു കുട.


ഇന്നലെ വൈകുന്നേരം വീട്ടിലേക്കുള്ള പച്ചക്കറി വാങ്ങാൻ പോയപ്പോൾ, ഒരു സാധു കടയുടെ സൈഡിൽ മഴ നനഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുകയുണ്ടായി. പ്രായമുള്ള ഒരു വല്യപ്പനാണ് ഏത് ഭാഷക്കാരൻ ആണെന്ന് എനിക്കറിയില്ല.
നല്ല ശക്തിയായ മഴ പെയ്യുന്നുമുണ്ട്....
കടയിൽ നിന്നും പച്ചക്കറികൾ വാങ്ങി തിരിച്ചു പോരാൻ നേരം ഞാൻ എന്‍റെ കുട അയാൾക്ക് കൊടുത്ത്, അഭിമാനിയായ അയാൾ കൈ കൂപ്പി വേണ്ട... വേണ്ട.... എന്ന് ആംഗ്യം കാണിക്കുന്നുണ്ട്...
ഒരിക്കൽ നീട്ടിയ കൈ പിൻവലിക്കുന്നത് എനിക്കിഷ്ടമല്ലാത്തത് കൊണ്ട് ഞാനാ വൃദ്ധന് എന്‍റെ കുട നിർബന്ധിപ്പിച്ച് കൊടുത്തിട്ട് ആ പെരുമഴയിൽ നനഞ്ഞുതിർന്ന് വീട്ടിലേക്ക് മടങ്ങി....
പുറകിൽ നിന്നും കടയിലുള്ളവർ പറയുന്നത് കേൾക്കാമായിരുന്നു, "എനിക്ക് വട്ടാണെന്ന്".....
കുടയും ചൂടി പോയവൻ മഴ നനഞ്ഞു വരുന്നത് കണ്ടു 'അമ്മക്കിളി' ചോദിച്ചപ്പോൾ കാര്യം പറഞ്ഞു,
അവിടെയും അമ്മക്കിളിയുടെ ഡയലോഗ് "നിനക്ക് വട്ടാണ്"......
വീട്ടിൽ നാലോ അഞ്ചോ കുടയുണ്ട്, വെറുതെ മഴ കൊള്ളാതെ ഇരിക്കുന്നതിനേക്കാൾ നല്ലത് അവയൊക്കെ ഉപയോഗപ്രദമാകട്ടെ എന്ന് ഞാൻ പറഞ്ഞപ്പോൾ അങ്കിളിന്‍റെ മോളും പറഞ്ഞത് ഇതുതന്നെയാണ് "നിനക്ക് മുഴുവട്ടാണ്...."

Vinayan Philip

മനസ്സ് നീറിപുകയുന്നത് ആർക്കും കാണാൻ കഴിയില്ലലോ എങ്കിൽ പിന്നെ ഫോട്ടോയിൽ നീറിപുകയുന്നത് എങ്ങനെയെന്ന് കാണിക്കാമെന്ന് കരുതി....

മഴയും ഞാനും


മഴ പോലെ സുന്ദരമാണ് എന്‍റെ മഴയോർമ്മകളും എത്ര പറഞ്ഞാലും തീരാത്തത്ര ഓർമ്മകളാണ് മഴ പെയ്യുന്നതു പോലെ മനസ്സിലേക്ക് ഓടിയെത്തുന്നത്. കണ്ണീരിന്‍റെ ഉപ്പുരസവും മധുരിക്കുന്നതുമായ നനഞ്ഞൊട്ടി നിൽക്കുന്ന ഓർമ്മകളെ കുതിരാൻ അനുവദിക്കാതെ മനസ്സിലിന്നുമൊരു തോരാത്ത മഴയായി അവയെല്ലാം പെയ്തുകൊണ്ടിരിക്കുന്നു. ആ ഓർമ്മകളെ കോർത്തിണക്കാൻ പ്രയാസമേറിയതാകുന്നു എന്ന തിരിച്ചറിവോടെ ജീവിതത്തിലുണ്ടായ മഴയോർമ്മകളുടെ നനുത്ത അനുഭവത്തിലേക്കാണ് മനസ്സിലെ മഴയോർമ്മകൾ സഞ്ചരിക്കുന്നത്.

ചന്നം ചിന്നം പെയ്യുന്ന മഴയിലൂടെ മനസ്സ് ഭൂതകാലത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, മഴ ചൊല്ലി പഠിപ്പിച്ചതെല്ലാം ഓർത്തെടുക്കുന്നതിനോടൊപ്പം അതിൽ ചിലതെല്ലാം ഞാൻ കുത്തിക്കുറിക്കാൻ ശ്രമിക്കുകയാണ്. എന്‍റെ മഴയോർമ്മകൾക്ക് ചിലപ്പോൾ മഴവില്ലിന്‍റെ നിറമില്ലായിരിക്കാം പക്ഷേ മിഴിനീരിന്‍റെ നനവുണ്ടായിരിക്കും.

മഴയോടുള്ള എന്‍റെ ഭ്രാന്തമായ അഭിനിവേശം കാണുമ്പോൾ എല്ലാവരും എന്നെ കളിയാക്കുമായിരുന്നു, അപ്പോഴെല്ലാം അമ്മ രക്ഷകയായി എത്തും എന്നിട്ട് പറയും,

"എന്‍റെ മോനെ, നിങ്ങൾ ആരും കളിയാക്കേണ്ട കാര്യമില്ല... അവനെ ഞാൻ പെറ്റത് കർക്കിടകത്തിലെ പെരുമഴ തകർത്തു പെയ്യുന്ന സമയത്തായിരുന്നു, മാത്രവുമല്ല ആശുപത്രി വിട്ട് വീട്ടിലേക്ക് വരുമ്പോഴും നല്ല മഴയായിരുന്നു.... അതാണ് അവന് മഴയോടിത്രയും ഇഷ്ടം...."

അമ്മ അങ്ങനെ പറയുമ്പോൾ ഞാനും ചിന്തിക്കാറുണ്ട് ഒരുപക്ഷെ അതാകുമോ മഴയോടെനിക്ക് ഇത്രയും പ്രണയമെന്ന്? പിന്നീടാണ് ഞാൻ ആ സത്യം മനസ്സിലാക്കിയത്. മെയ് മാസത്തിലെ ചുട്ടുപഴുത്ത വേനലിൽ പിറന്ന എന്നെ അമ്മയും കളിയാക്കുകയായിരുന്നു എന്നുള്ളത്. അമ്മ അങ്ങനെ കളിയാക്കുമ്പോഴും അറിഞ്ഞുകൊണ്ട് ഞാൻ ഇന്നും ആ കഥ കേട്ട് രസിക്കാറുണ്ട്.

ഓടിന്‍റെ ഇറയത്ത് നിന്നും വരിവരിയായി മഴനൂലുകളെപോലെ മുറ്റത്തേക്ക് ഉതിർന്നു പെയ്യുന്ന മഴത്തുള്ളികളെ എനിക്ക് ആദ്യമായി പരിചയപ്പെടുത്തിയതും ആ മഴയുടെ ചാറ്റലിൽ എന്നെ നനയിച്ചതും എന്‍റെ അമ്മ തന്നെയായിരുന്നു. പിന്നീട് മഴ വെള്ളത്തിൽ നിന്നും മാക്രികുഞ്ഞുങ്ങളെ പിടിച്ചു ചില്ല് കുപ്പിയിലിട്ടു മീൻ കുഞ്ഞുങ്ങളാണെന്നും പറഞ്ഞെന്നെ പറ്റിച്ചു ഊട്ടിയതും, പിന്നെ പിന്നെ ഞാൻ ഓടിനടക്കാൻ തുടങ്ങിയപ്പോൾ മഴ പെയ്യുമ്പോൾ ഇറയത്തേക്ക് ഇറങ്ങി ഓടുകയും കെട്ടികിടക്കുന്ന മഴവെള്ളത്തിൽ കിടന്നുരുണ്ട് കളിക്കുമായിരുന്ന എന്നെ വഴക്ക് പറഞ്ഞു തല്ലുകയും പിന്നീട് തല തോർത്തി തരുന്നതും ഉമ്മകൾ സമ്മാനിച്ച് എന്നെ ആശ്വസിപ്പിക്കുകയും ചെയ്യുന്നതുമെല്ലാം എന്‍റെ സ്നേഹമഴയായ അമ്മയായിരുന്നു.

അഞ്ചോ ആറോ വയസ്സുള്ളപ്പോൾ ഉണ്ടായ ഒരു അനുഭവമെനിക്ക് ഇന്നും ചിരിയുടെ മഴയോർമ്മയാണ് സമ്മാനിക്കുന്നത്. ഞങ്ങളുടെ വീടിന് മുൻപിൽ കൂടി വലിയൊരു തോട് ഒഴുകുന്നുണ്ട് തടി പാലമായിരുന്നു അന്നൊക്കെ തോടിനു മുകളിലൂടെ നടക്കാൻ ഉണ്ടായിരുന്നത്. പാലം കയറിയിറങ്ങി വേണം വീടിന് മുൻപിൽ നിന്നും റോഡിലേക്കെത്താൻ. വൈകുന്നേരം അയല്പക്കങ്ങളിൽ പോയിരുന്നു സംസാരിക്കുന്നത് അന്നത്തെ സ്ത്രീകളുടെ ഒരു പ്രധാന വിനോദമായിരുന്നു, ആ വിനോദം (എന്‍റെ അമ്മ) മെറ്റിക്കുമുണ്ടായിരുന്നു.

അമ്മ കുശലം പറയാൻ പോകുന്ന ബാല്യകാല സുഹൃത്തായ ഉഷാന്റിയുടെ മകൻ കുമാറും ഞാനും ഒരേ പ്രായവും സുഹൃത്തുക്കളുമായിരുന്നു. അറബിക്കടലിൽ നിന്നും വെള്ളം കേറിയിറങ്ങി ഒഴുകുന്ന തോടായിരുന്നു ഞങ്ങളുടെ വീടിന് മുൻപിലൂടെ ഒഴുകിയിരുന്നത് , പണ്ടൊക്കെ പായ്വഞ്ചികളിൽ എറണാകുളം കമ്പോളത്തിലേക്ക് ചരക്കുകൾ കൊണ്ട് പോയിരുന്നത് ഈ തോടുകളിലൂടെയായിരുന്നു. സാമാന്യം വലിപ്പമുള്ള തോടായിരുന്നത് കൊണ്ട് മഴക്കാലത്ത് നല്ല ഒഴുക്കായിരിക്കും. അന്ന് നല്ല ഒഴുക്കുണ്ടായിരുന്നതിനാൽ തോട് നിറഞ്ഞു പാലം കാണാത്ത അവസ്ഥയായിരുന്നു, അമ്മയെ കൊണ്ട് കടലാസ് വഞ്ചികൾ ഉണ്ടാക്കിച്ച് ഞാനും കുമാറും പൊടിമഴ നനഞ്ഞു തോട്ടിൽ കൊണ്ട് പോയി കടലാസ് കപ്പലുകൾ ഇറക്കി അതൊഴുകി പോകുന്നത് നോക്കി രസിച്ചങ്ങനെ നിൽക്കും. അവിടെയും ഒരു മത്സരമുണ്ട് ആദ്യം ആരുടെ കപ്പലാണ് മുന്നിലെത്തുന്നത് അവരായിരിക്കും വിജയിയാകുക. അമ്മയുടെ ചീത്തവിളിയൊന്നും വകവെയ്ക്കാതെ മഴ നനഞ്ഞങ്ങനെ നിൽക്കുമ്പോഴാണ് കുമാർ പറയുന്നത്,

"നിനക്ക് വെള്ളത്തിൽ ബോംബിടുന്നത് എങ്ങനെയെന്ന് അറിയുമോ?"

"ഇല്ല."

അവൻ ഓടിപ്പോയി ഒരു കല്ലെടുത്ത് കൊണ്ട് വന്ന് കടിച്ചു പറിക്കുന്നതുപോലെ കാണിച്ചിട്ട് വെള്ളത്തിലേക്ക് ഒരേറ്, കല്ല് വീണതും ഞങ്ങളുടെ മേലാസകലം വെള്ളം തെറിച്ചു വീണു. അവൻ ദൂരദർശനിൽ ഏതോ സിനിമയിൽ കണ്ടത് അനുകരിച്ചതാണ് ഈ ബോംബേറ്.
പിന്നീട് ഞങ്ങൾ തമ്മിൽ വാശിയായി,
ഞങ്ങൾ രണ്ടുപേരും വാശിക്ക് വലിയ കല്ലുകൾ എടുത്തെറിഞ്ഞു കൂടുതൽ വെള്ളം കലക്കി തെറിപ്പിച്ചു. അത് പതുക്കെ ഒരു മത്സരമായി മാറി. വാശി മൂത്ത ഞാൻ ഒടുവിൽ വലിയൊരു പാറക്കല്ല് രണ്ടു കൈയും കൊണ്ട് കഷ്ട്ടപ്പെട്ടു പൊക്കി പാലത്തിലേക്ക് ഏഞ്ഞു വലിച്ചു വന്ന് വെള്ളത്തിലേക്ക് ഇട്ടതും കല്ലിന്‍റെ ഭാരത്തോടൊപ്പം ഞാനും തലയും കുത്തി തോട്ടിലെ ഒഴുക്ക് വെള്ളത്തിലേക്ക് ഒരൊറ്റ വീഴ്ച്ച.

ബ്ലും......!

ഈ കാഴ്ച്ച കണ്ടോടി വന്ന അമ്മ "അയ്യോ... എന്‍റെ മോനെ...." എന്നു വിളിച്ചുകൊണ്ട് തോട്ടിലേക്ക് സിനിമാ സ്റ്റൈലിൽ ഒരൊറ്റ ചാട്ടം. എന്നെ രക്ഷപെടുത്താൻ ചാടിയ അമ്മയ്ക്കോ നീന്തലുമറിയില്ല, ഞാനൊന്ന് മുങ്ങി പൊങ്ങുമ്പോഴേക്കും അമ്മയും ഒന്ന് മുങ്ങി പൊങ്ങും. ഒടുവിൽ മൂന്നോ നാലോ പ്രാവശ്യം മുങ്ങി പൊങ്ങിയപ്പോഴേക്കും അമ്മയ്ക്ക് എന്നെ പിടുത്തം കിട്ടി. പിന്നെയും ഞങ്ങൾ രണ്ടാളും തോട്ടിലെ വെള്ളം കുടിച്ചു കുറച്ചുകൂടി മുങ്ങിയും പൊങ്ങിയും ഒഴുക്കിലൂടെ ഒഴുകിയപ്പോഴേക്കും നാട്ടുകാർ ചാടി നീന്തി വന്നു അമ്മയുടെ തലമുടിയിൽ പിടിച്ചുവലിച്ച് ഞങ്ങളെ കരയ്ക്ക് കയറ്റി. നാട്ടുകാരെല്ലാം അവിടെ കൂടിയിരുന്നു എല്ലാവരെയും ധീരതയ്ക്കുള്ള അവാർഡ് കൊടുക്കുന്നതുപോലെ അമ്മയെ അഭിനന്ദിക്കുകയും എന്നെ വഴക്കുപറയുകയും ചെയ്തു. ഞാൻ അമ്മയുടെ കൈയും ചുറ്റിപിടിച്ചു തലതാഴ്ത്തി വീട്ടിലേക്ക് നടന്നു. അന്ന് കിട്ടിയ അടിയുടെ ചൂടിന് ശേഷം പിന്നീട് ആ കളിക്ക് മുതിർന്നട്ടില്ല, വേഗം നീന്തലും പഠിച്ചു.

സ്‌കൂളിൽ പോകുമ്പോൾ കുടയുണ്ടെങ്കിലും അത്
ചൂടാതെ, മഴ നനഞ്ഞു പോകുന്ന വഴിയിലൊക്കെ കെട്ടികിടക്കുന്ന മഴവെള്ളത്തിൽ ചെരിപ്പ് കാലിൽ നിന്നും അടിച്ചു തെറിപ്പിച്ചും വെള്ളത്തിൽ കാലുകൾ കൊണ്ട് പടക്കം പൊട്ടിച്ചും കളിക്കുമായിരുന്നു. വീട്ടിലേക്ക് മടങ്ങിയെത്തുമ്പോൾ കൈയിലെ ചോറ്റുപാത്രത്തിൽ വെള്ളം നിറച്ചു ഗപ്പി കുഞ്ഞുങ്ങളെ പിടിച്ചു കൊണ്ടുവരും, ബാഗും ബുക്കും യൂണിഫോമും നനയ്ക്കുന്നതിന് കിട്ടിയ അടിയുടെ ചൂട് ഇന്നും ഓർമ്മയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.

ഞങ്ങളുടെ തൊടിയിലൂടെ ഒഴുകി വരുന്ന വെള്ളം ഒരു കൈതോടെന്നപോലെ ഇടവഴിക്കരികിലൂടെ ഒഴുകിയിരുന്നു, കൂട്ടുകാരോടൊപ്പം ആ തെളി നീരില്‍ തോർത്ത് കൊണ്ട് മീനുകളെ പിടിക്കുന്നത് ഒരു രസമായിരുന്നു. ഈ കൈതോടിനും അപ്പുറത്തായിരുന്നു എന്‍റെ അപ്പാപ്പന്‍റെ പാടം.
ഈ മഴ സമയത്തായിരിക്കും മിക്കവാറും കൊയ്ത്തു വരിക. കുറെ പണിക്കാരുണ്ടാകും കൊയ്യാന്‍,
മഴ കാരണം പലപ്പോഴും വൈകുന്നേരം വരെ കൊയ്ത കറ്റ ചുരുട്ടുകള്‍ കൊണ്ടുവരാന്‍ കഴിയാതെ പാടത്തു തന്നെ കിടക്കുന്നുണ്ടാകും. രാത്രി വീണ്ടും മഴ പെയ്യുമ്പോള്‍ ഇത് മുഴുവന്‍ ഒഴുകി പോകുകയും ചെയ്യും, കുറേയൊക്കെ താഴെ കണ്ടങ്ങളില്‍ നിന്നും കിട്ടും ബാക്കിയെല്ലാം ഒലിച്ചുപോകും. നിറഞ്ഞു കവിഞ്ഞൊഴുകുന്ന തോട്ടിലൂടെ പണിക്കാരുടെ ഒപ്പം കൂടി, കറ്റ തലയില് വെച്ച് വരുമ്പോൾ ഞാൻ വെള്ളത്തിന്‍റെ ഒഴുക്കില്‍പ്പെട്ട് വീഴുന്നതും കറ്റ ഒഴുകിപോകുന്ന കാഴ്ച്ചയെല്ലാം മനോഹര ദൃശ്യങ്ങളായി ഇന്നും മനസ്സിലുണ്ട്.

കൗമാരപ്രായത്തിൽ തിമര്‍ത്തു പെയ്യുന്ന മഴയുള്ള സമയത്ത് മൂടി പുതച്ചു കിടന്നു മഴയുടെ സംഗീതം കേള്‍ക്കാനും, പ്രതീക്ഷിക്കാതെ പെയ്യുന്ന വേനല്‍ മഴയില്‍ നനഞ്ഞു കുളിച്ചു നടക്കാനും, മഴയോടൊപ്പം വീഴുന്ന ആലിപ്പഴം പെറുക്കാനും, മിന്നല്‍ കാണുമ്പോൾ നോക്കി നില്ക്കാനും അതിന്‍റെ ഭീകര ശബ്ദം കേള്‍ക്കുമ്പോള്‍ പേടിച്ചു ചെവി പൊത്താനും മഴയുടെ കുളിരിൽ പനിച്ചു മൂടി പുതച്ചു കിടക്കുമ്പോൾ ഇടയ്ക്കിടയ്ക്ക് ചൂടു ചുക്ക് കാപ്പിയുമായി വന്നെന്നെ അമ്മ ശകാരിക്കുകയും പരിചരിക്കുന്നതുമൊക്കെ ഇന്നും ഞാൻ കൊതിക്കാറുണ്ട്. പിന്നീടെപ്പൊഴോ മഴയ്ക്ക് പ്രണയത്തിന്‍റെ ഭാവങ്ങൾ കണ്ടുതുടങ്ങിയ കാലവും ഇന്നലെ പെയ്ത മഴയിൽ നനഞ്ഞ സുഖമാണ്. ആ സുഖത്തിന് വിരഹത്തിന്‍റെ മറ്റൊരു ഭാവം കൂടിയുണ്ടെന്ന് മനസിലാക്കി തന്നതും ഇതേ മഴ തന്നെയായിരുന്നു........

ഞാനേറെ ആരാധിക്കുന്ന എന്‍റെ റോൾമോഡലായ അച്ഛന്‍റെ ജീവൻ കവർന്നതും ഇതേ മഴയായിരുന്നു.

പെരുമഴയത്ത് അന്നച്ഛൻ ബൈക്കിൽ വന്നിറങ്ങി വീട്ടിലേക്ക് കയറാൻ ശ്രമിക്കുമ്പോൾ പടിക്കെട്ടിന്‌ മുന്നിലെ പായലിൽ വഴുതി തറയിൽ നെറ്റിയടിച്ചു വീണു. പിന്നീട് അവിടെന്നെഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും ബോധം നഷ്ട്ടപ്പെട്ട് താഴെ വീണു. കരഞ്ഞു കൊണ്ട് ഞാനും അമ്മയും അനിയത്തിമാരും വേഗം അച്ഛനെ പൊക്കിയെടുത്ത് ഹോസ്പിറ്റലിൽ എത്തിച്ചത് ഇതേ മഴ നനഞ്ഞായിരുന്നു...
അന്ന് പെയ്ത മഴയ്ക്ക് കണ്ണീരിന്‍റെ ഭാവമായിരുന്നു...

തീവ്രപരിചരണ വിഭാഗത്തിലായിരുന്ന അച്ഛന് ബോധം വന്നപ്പോൾ എന്‍റെയും അമ്മയുടെയും കൈയിൽ പിടിച്ചു പറഞ്ഞു,

"കരയല്ലേ എനിക്കൊന്നുമില്ല, ആരും പേടിക്കണ്ടാ.... കരഞ്ഞു നീ മക്കളെ കൂടി വിഷമിപ്പിക്കല്ലേ മെറ്റി."

ഞങ്ങളുടെ കൈയിൽ മുറുകെ പിടിച്ച അച്ഛന്‍റെ കൈകൾ പിന്നീട് ആ പിടുത്തം വിടാതെ ഒന്നും മിണ്ടാതെ കണ്ണുകളടച്ച് അനക്കമറ്റ് കിടക്കുന്ന ആ കാഴ്ച്ച ഈറനോടെ നോക്കി നിൽക്കാനേ ഞങ്ങൾക്കായുള്ളൂ.... ആംബുലൻസിൽ ബോഡി വീട്ടിലേക്ക് കൊണ്ട് വരുമ്പോഴും ഇറക്കുമ്പോഴും ഇതേ മഴ പെയ്തുകൊണ്ടിരുന്നു... സെമിത്തേരിയിലേക്ക് കൊണ്ട് പോകുമ്പോഴും മഴ ഞങ്ങളെ പിന്തുടരുന്നുണ്ടായിരുന്നു. കുഴിയിൽ ടാർപ്പോള വലിച്ചുകെട്ടി ഒരേ ഒരു ആൺസന്തതിയെന്ന നിലയിൽ ഓരോന്നിനും മുന്നിട്ട് നിൽക്കുമ്പോൾ ഞാൻ കരയുന്നതു ആരെയും അറിയിക്കാതിരിക്കാൻ എന്നെ സഹായിച്ചതും ഈ മഴ തന്നെയായിരുന്നു.

കുഴിയിൽ വെള്ളം നിറഞ്ഞിരുന്നു, ആ വെള്ളത്തിലേക്ക് കയറിട്ട് ശവപ്പെട്ടി ഇറക്കാൻ തുനിഞ്ഞപ്പോൾ മാത്രമാണ് ഞാൻ പൊട്ടിത്തെറിച്ചതും ഇപ്പോൾ ഇറക്കരുതെന്നും പറഞ്ഞു കുഴിയിലിറങ്ങി ഒരു ഭ്രാന്തനെ പോലെ വെള്ളമെല്ലാം കോരികളഞ്ഞതും. ആ ഓർമ്മകൾ ഇന്നും മഴയ്ക്ക് കണ്ണീരുപ്പിന്‍റെ രുചി നൽകുന്നുണ്ട്.

കാൽപ്പനികതയിൽ മുങ്ങിയ മഴയോർമ്മകളുടെ വരികളേക്കാൾ ആഴമുള്ളതാണ് നേരിന്‍റെ നോവിൽ പൊതിഞ്ഞ എന്‍റെയീ മഴയോർമ്മകൾക്ക്. അവിചാരിതമായ മഴയില്‍ പ്രിയപ്പെട്ടവര്‍ മണ്മറയുമ്പോൾ അവര്‍ ബാക്കിവച്ചുപോയ ചുടുനിശ്വാസങ്ങളൊക്കെ മഴവെള്ളത്തോടൊപ്പം ജലാശയത്തിലേക്ക്‌ അലിഞ്ഞുചേരുമെന്നല്ലേ. എല്ലാത്തിനും മൂകസാക്ഷിയായി ഈ മഴ മാത്രമാണെന്നുമെനിക്കറിയാം....

ഇന്ന് കാലം മാറിയപ്പോൾ കോലവും മാറി പാടങ്ങളൊക്കെ നികത്തി കോൺക്രീറ്റ് ഫ്‌ളാറ്റുകൾ തലപൊക്കി നിൽക്കുന്നു. തോടിന്‍റെ വലിപ്പം കുറച്ചു റോഡിന് വീതികൂട്ടിയിരിക്കുന്നു ഇപ്പോഴും മരപ്പാലം ഉണ്ട്. ഒട്ടുമിക്ക വീട്ടുകാരും റോഡ് മുറിച്ചു കടക്കാൻ കോൺക്രീറ്റ് പാലങ്ങളാക്കി. ഞങ്ങളുടെ തറവാട് വീട് ഭാഗം വെച്ചെങ്കിലും ആരും അവിടെ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലാത്തത് കാരണം ഇന്നും ഒരു ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ പഴയ വീട് പ്രൗഡിയോടെ നിലനിൽക്കുന്നു. ആ വീട്ടിൽ ഇരുന്നു ഈ ഓർമകളെ കുത്തിക്കുറിക്കുമ്പോൾ പുറത്ത് മഴ പെയ്യുന്നുണ്ട് പൊട്ടിയ ഓടുകളിലൂടെ മുറിയ്ക്കകത്തും മഴവെള്ളം വീഴുന്നുണ്ട്.......അതുപോലെ ഒന്ന് രണ്ടു തുള്ളികൾ എന്‍റെ കണ്ണിൽ നിന്നും....!