"ജയേ.....എടീ ജയേ.... നാശം പിടിച്ചവളെവിടെ പോയി കിടക്കുവാ ?... നിന്‍റെയീ അലവലാതി സന്തതി ആ കിണറ്റിൻ കരയിൽ ഓടിക്കളിച്ചു നടക്കുന്നത് കണ്ടില്ലേ....! കിണറ്റിലോട്ടെങ്ങാനും വീണ് ഒന്നൊടുങ്ങി കിട്ടിയാൽ മതിയായിരുന്നു.... അങ്ങനെ സംഭവിച്ചാലും നാട്ടുകാർ ഓരോന്നും പറഞ്ഞുവരുമല്ലോ.... തന്തയില്ലാത്ത കുഞ്ഞിനെ പീഡിപ്പിച്ചെന്നും കൊന്നുവെന്നും വരുത്തി തീർക്കുമല്ലോ...." സരസ്വതിയമ്മ മകളോട് നട്ടുച്ചയ്ക്ക് തന്നെ തല്ലുപിടിച്ച് തുടങ്ങി..
ജയയുടെ കെട്ട്യോൻ സജീവന് വേറൊരുത്തിയുമായി ജീവിക്കാൻ വേണ്ടി, തന്നെ ഇവിടെ കൊണ്ട് ആക്കിയതാണെന്ന് ജയ ആരോടും പറഞ്ഞട്ടില്ല. ഇന്നോ നാളെയോ വരുമെന്ന് മറ്റുള്ളവരോട് പറഞ്ഞു പിടിച്ചു നിൽക്കാൻ തുടങ്ങിയിട്ട് ആറ് മാസത്തിൽ കൂടുതലായി, ഇതുവരെ തന്നെയോ കുഞ്ഞിനെയോ ഒന്ന് തിരിഞ്ഞു നോക്കിയട്ടുപോലുമില്ല ആ മനുഷ്യൻ...
സജീവൻ മോളെ ഉപേക്ഷിച്ചു പോയതിലല്ല സരസ്വതിയമ്മയ്ക്ക് കലി... ആ തെണ്ടിയുടെ അതേ പ്രതിരൂപം കൊത്തിവെച്ചിരിക്കുകയാ ഈ അസുരവിത്തിൽ. ഈ തെണ്ടി ചെക്കൻ കാരണമാണ് അവർക്ക് പുറത്തിറങ്ങി മറ്റുള്ളവരുടെ മുഖത്തേക്ക് നോക്കാൻ കഴിയാത്തതെന്ന് വിശ്വസിക്കുകയാണ്.....
"ഇന്നെന്താ സ്വരസ്വതിയമ്മ ഇത്രയും വൈകിയതെന്ന്..."
അടുക്കളയിലേക്ക് ഊണ് എടുക്കാൻ വന്ന അമ്മയോട് ജീന പറഞ്ഞു. സരസ്വതിയമ്മയുടെ അയല്പക്കമാണ് രണ്ടടി വെച്ചാൽ എത്താവുന്ന ദൂരമേയുള്ളൂ....
"പാവം ആ കൊച്ചുകുഞ്ഞെന്ത് പിഴച്ചുവോ ആവോ ഇത്രയും പഴി കേൾക്കാനായി...തന്തയിട്ടേച്ചു പോയതിൽ ആ കൊച്ചെന്ത് തെറ്റ് ചെയ്തിട്ടാ..അവസരം കിട്ടുമ്പോളൊക്കെ അതിനെ ഒരുപാട് ഉപദ്രവിക്കുകയും ചെയ്യും...പാവം കുഞ്ഞ്."
"അയാൾ ഇപ്പൊ വരാറേയില്ലേ അമ്മേ?"
"ഇല്ലാന്ന് തോന്നുന്നു, എത്ര ഗംഭീരമായിട്ടായിരുന്നു മരിക്കുന്നതിന് മുൻപ് കൃഷ്ണേട്ടൻ ജയയുടെ കല്യാണം നടത്തി കൊടുത്തത്. സ്ത്രീധനം ചോദിച്ചതിലും കൂടുതൽ കൊടുക്കുകയും ചെയ്തു എന്നിട്ടും അവൾക്കീ ഗതി വന്നല്ലോ എന്നോർക്കുമ്പോൾ ഒരു സങ്കടം.... ജയ വന്ന് നിൽക്കാൻ തുടങ്ങിയതിനു ശേഷം അവർക്ക് നമ്മളായിട്ട് ലോഹ്യം പറച്ചിലൊക്കെ നിന്നില്ലേ...ഒരു പക്ഷെ നാണക്കേട് കൊണ്ടാകും, ചെറുത് കിട്ടിയാൽ വലുതാക്കി പറഞ്ഞുപരത്തുന്ന നാട്ടുകാരെ ഭയന്നാവും ചിലപ്പോൾ നമ്മളോടൊന്നും പറയാത്തതും..
"അയാൾ ദുബായിക്കാരനെന്നും പറഞ്ഞല്ലേ അവളെ കല്യാണം കഴിച്ചത്?" ജീന എന്തോ ഓർത്തിട്ടെന്നപ്പോലെ അമ്മയോട് ചോദിച്ചു....
"കള്ളം പറഞ്ഞുള്ള വിവാഹമായിരുന്നു അത്..അയാൾ അവളെ കെട്ടി കൊണ്ട് പോയതിന് ശേഷം ദുബായ് കണ്ടിട്ടില്ല, അവിടെന്ന് പുറത്താക്കിയതാണെന്നും മറ്റുമാണ് കേട്ടറിവ്, മദ്യപിച്ചു എന്നും അവളെ തല്ലുമായിരുന്നു എന്നാണ്...അവരുടെ അടുത്ത വീട്ടിൽ താമസിക്കുന്ന ലക്ഷ്മിക്കുട്ടി പറഞ്ഞത്.. ചക്കയോ മാങ്ങയോ പോലായിരുന്നു മനുഷ്യരെങ്കിൽ മനസ്സ് തുറന്നു നോക്കായിരുന്നു..എല്ലാം ആ പെണ്ണിന്‍റെ വിധിയാണ്..." ത്രേസിയാമ്മ മകളോട് പറഞ്ഞു....
"അവളെക്കാൾ മുന്നേ കല്യാണം കഴിച്ചു അയച്ചതാ നിന്നെ....എന്നിട്ടിപ്പോൾ....."
പറയേണ്ടിയിരുന്നില്ല എന്നോർത്ത് ജീനയെ നോക്കി അവർ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി....
ജീനയുടെ മുഖം പൊടുന്നെന്നെ വാടി...
ശരിയാണ്.... തന്‍റെയും ജോൺസേട്ടന്‍റെയും കല്യാണം കഴിഞ്ഞിട്ട് അഞ്ചുകൊല്ലമായി ഇതുവരെയും ഒരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യമുണ്ടായിട്ടില്ല.....ഡോക്ടർമാരെ മാറി മാറി കാണിച്ചിട്ടും രണ്ടുപേർക്കും ഒരു കുഴപ്പവുമില്ലെന്നാണ് പറയുന്നതും... എന്നിട്ടും ഒരു കുഞ്ഞിനെ പോലും ദൈവം അനുഗ്രഹിച്ചു നൽകുന്നുമില്ല....
പ്രാർത്ഥനയും നേർച്ചയും മുടക്കാതെ നേരുകയും ചെയ്യുന്നുണ്ട്...എന്നിട്ടും ശ്രമത്തിന് ഫലം കാണുന്നുമില്ല...മനസ്സ് നീറ്റി ജീവിക്കാൻ മാത്രമാണ് വിധിയും....
"നീ വിഷമിക്കാതെ ജീനെ നമ്മുക്കുമുണ്ടാകും ഒരു കുഞ്ഞു" എന്ന് ജോൺസേട്ടന്‍റെ പല്ലവി സ്ഥിരം കേട്ടു അവളുടെ മനസ്സ് മടുത്തുതുടങ്ങി... തന്നെ ആശ്വസിപ്പിക്കാനോ അതോ സ്വയം ആശ്വാസം കണ്ടെത്താനാണോ ജോൺസേട്ടൻ അങ്ങനെ പറയുന്നതെന്നും അവൾക്കറിയില്ല....
ജീന, ജയയെയും കുഞ്ഞിനേയും കുറിച്ചോർത്ത് ദുഃഖിച്ചു... തന്‍റെ അതെ മാനസികാവസ്ഥയിൽ തന്നെയായിരിക്കും അവളും, നാട്ടുകാരുടെ ചോദ്യശരങ്ങളെ ഭയന്നും നാണക്കേട് കൊണ്ടും താനും പുറത്തിറങ്ങാതെയായിരിക്കുന്നു.... എല്ലാവരുടെയും ചോദ്യം കുഞ്ഞായില്ലേ ? വിശേഷമൊന്നുമില്ലേ ? ഇപ്പഴും ട്രീറ്റ്മെന്റിലാണോ ? എന്നൊക്കെയുള്ള ചോദ്യങ്ങളിൽ നിന്നും ഒളിച്ചോടാനായി താനും വീട്ടിലെ പണികളിൽ മുഴുകിയും ടി.വിയും കണ്ടിരുപ്പല്ലേ.....
"അ..അമ്മേ....അമ്മാ....
വിക്കി വിക്കിയുള്ള ആ വിളി കേട്ടാണ് ജീന തിരിഞ്ഞു നോക്കിയത്..
തൊട്ടുപിന്നിൽ ആ കുഞ്ഞോമന തന്നെ അമ്മെന്ന് വിളിക്കുന്നു....ജയയുടെ നാല് വയസുകാരൻ.....വിഷ്ണു...എന്ത് ചെയ്യണമെന്നറിയാതെ ആ വിളി കെട്ടവൾ തരിച്ചു നിന്നു.....
"വിഷ്ണുമോന്‍ എന്താ വിളിച്ചേ ...ഒന്ന് കൂടെ കേൾക്കട്ടെ ..ഒന്നൂടെ വിളിച്ചേ മോൻ... !"
കൊല്ലങ്ങളായി താൻ പ്രാർത്ഥനയിലും നേർച്ചയിലും കേൾക്കാൻ കൊതിച്ചൊരു വാക്കാണ് മോനിപ്പോൾ വിളിച്ചത് എന്നോർത്ത് അവളുടെ ശബദം ഇടറിയിരുന്നു .........
ആ കുഞ്ഞോമനയെ എടുത്തുയർത്തി തന്‍റെ മാറോട് ചേർത്തണക്കുമ്പോഴും പ്രസവിക്കാത്ത ഒരമ്മയുടെ വാത്സല്യം നെഞ്ചിൽ നിന്നും ചുരന്നൊരു മഴയായി പെയ്തിറങ്ങുകയായിരുന്നു.......
No comments:
Post a Comment