രാവിലെ മനോരമ പത്രം വായിക്കുന്നതിനിടയിലാണ് ഫോട്ടോയിൽ കണ്ട പെൺകുട്ടിയെ എവിടെയോ കണ്ടതുപോലെ തോന്നിയത്, സൂക്ഷ്മതയോടെ ഞാൻ വീണ്ടും നോക്കിയപ്പോളാണ് മനസിലായത് അത് മെർലിൻ ആണെന്നുള്ളത്. പത്രത്തിൽ കണ്ട ഫോട്ടോയും വാർത്തയും അത്ര സുഖകരവുമല്ല. പ്രശസ്ത സിനിമാ നടിയുടെ ഒപ്പം അനാശാസ്യത്തിന് എറണാകുളത്തെ സ്റ്റാർ ഹോട്ടലിൽ അറസ്റ്റിലായ ഫോട്ടോ ആണ് കണ്ടത്. മനസ്സ് വല്ലാതെ കലുഷിതമായിരിക്കുന്നല്ലോ, വീണ്ടും ഒരു കൂടിക്കാഴ്ച്ച ഇങ്ങനെയാകുമെന്ന് ഞാനും പ്രതീക്ഷിച്ചിരുന്നില്ല.
പത്ത് വർഷങ്ങൾക്ക് മുൻപ്...
ജോൺ ബ്രിട്ടാസിന്‍റെ ബാംഗ്ളൂർ ബേസ്ഡ് ഡാൻസ് കമ്പനിയിൽ ആയിരുന്നു ഞാനും പെർഫോം ചെയ്തിരുന്നത്. രണ്ടാഴ്ച്ചയോ ഒരു മാസമോ ഉണ്ടാകും പ്രാക്ടീസ്. അത്രയും ദിവസം ഞാൻ താമസിക്കുക ബാഗ്ളൂരിലെ അശോക് നഗറിലെ ഔട്ടർ റിംഗ് റോഡിലെ S.S അപ്പാർട്മെന്റിൽ താമസിച്ചിരുന്ന എന്‍റെ ആത്മസുഹൃത്ത് രഞ്ജിത്തിനൊപ്പമാണ്. രഞ്ജിത്തിനെ കുറിച്ച് പറയുകയാണെങ്കിൽ ഹോട്ടൽ മാനേജമെന്റ് ഡിഗ്രി ഒക്കെ കഴിഞ്ഞു കബ്ബൺ പാർക്കിനടുത്തുള്ള താജ് റെസിഡൻസിയിൽ ബുക്കിംഗ് സെക്ഷനിൽ വർക്ക് ചെയ്യുന്നു. ജോലി ചെയ്യേണ്ട ആവശ്യമൊന്നും അവനില്ലായിരുന്നു അച്ഛനും അമ്മയും കുവൈത്തിൽ ആണ് ജോലി ചെയ്യുന്നത് അവർ രണ്ടാളും അയച്ചു കൊടുക്കുന്ന ക്യാഷ് മാത്രം മതി അടിച്ചുപൊളിച്ചു ജീവിക്കാൻ. നാട്ടിൽ ആണെങ്കിൽ രണ്ടു വീട് വാടകയ്ക്ക് കൊടുത്തിട്ടുണ്ട് അത് വഴി കിട്ടുന്ന വക വേറെയും. പിന്നെന്തിന് ജോലിക്ക് പോകുന്നു എന്ന് ചോദിച്ചാൽ.... വലിയും , കുടിയും കുറയ്ക്കണം... പിന്നെ ഒരു ടൈം പാസുമായല്ലോ.
നല്ലൊന്നാന്തരം പ്ലേ ബോയിയും ആണ് രഞ്ജിത്ത്. ഞാനും അവനും കൂടിയാൽ പിന്നെ ഒരുത്സവമായിരിക്കും അവന്‍റെ അപ്പാർട്മെന്റിൽ അരങ്ങേറുക. അവന്‍റെ ഗേൾ ഫ്രണ്ട്സും അവരുടെ കൂട്ടുകാരും എല്ലാം വരും. പിന്നെ കള്ളും കഞ്ചാവുമായി നേരം വെളുക്കുവോളം ഡാൻസ് പാർട്ടിയാകും. ഉച്ചയാകുമ്പോൾ ഓരോർത്തർക്കും ബോധം വരുന്നതിനനുസരിച്ച് കളം വിടുകയായിരുന്നു പതിവ്. ഏറ്റവും അവസാനം എഴുന്നേൽക്കുന്നത് ഞാനും രഞ്ജിത്തുമാകും പിന്നെ ഫ്രഷ് ആയി താഴോട്ടിറങ്ങും. ഫ്ലാറ്റ് ക്ളീൻ ചെയ്യാനുള്ള പണവും , ചാവിയും റിസപ്‌ഷനിൽ ഏല്പിച്ചിട്ട് ആണ് പുറത്തേക്കിറങ്ങുക. നേരെ ഏതേലും ഹോട്ടലിൽ പോയി നന്നായി ഭക്ഷണം കഴിച്ചതിനു ശേഷം നേരെ എസ്റ്റീം മാളിലേക്ക് പോകും. അവിടെയാണ് ഞങ്ങളുടെ വായ്നോട്ടം ആക്റ്റിവിറ്റിസ് നടക്കുക.
ഒരു ദിവസം,
പതിവ് പോലെ വായ്നോട്ടമെല്ലാം മതിയാക്കി. ഞങ്ങൾ ബൊമ്മണഹള്ളിയിലുള്ള നൈറ്റ് അറ്റ് ടെൻ ഡാൻസ് ബാറിലേക്ക് പോയത്. ഞങ്ങൾ ഇരുവരും ബിയറും കുടിച്ചു സുന്ദരിമാരുടെ അംഗലാവണ്യവും ചുവടുകളും നോക്കി രസിച്ചിരിക്കുമ്പോളായിരുന്നു വ്യത്യസ്തമായ രീതിയിൽ നൃത്തച്ചുവടുകൾ ചെയ്യുന്ന പെൺകുട്ടിയെ ഞാൻ ശ്രദ്ധിച്ചത്.
"ഡാ രഞ്ജി...നീയാ പെൺകുട്ടിയെ കണ്ടോ?"
"ഏത് ?"
"എടാ ആ നീല ടോപ്പും ബ്ലാക്ക് ജീൻസുമിട്ട കുട്ടി"
"ആഹ് കൊള്ളാം.."
"അവൾ മലയാളി ആണെന്ന് എനിക്ക് തോന്നുന്നെടാ"
"അതെന്താ ഇപ്പൊ അങ്ങനെ തോന്നാൻ"
"അവളുടെ ചുവടുകളും മുദ്രകളുമൊക്കെ ഒരു മോഹിനി ആട്ടക്കാരിയുടെ പോലുണ്ട്"
"ബാംഗ്ലൂരിൽ ഒരുവിധപ്പെട്ട ഡാൻസ് ബാറുകളിലൊക്ക ഞാൻ കയറി ഇറങ്ങിയിട്ടുണ്ട്. അവിടെയെല്ലാം നിന്നെയും കൊണ്ടുപോയിട്ടുമുണ്ട് ഇന്നുവരെ ഒരു മലയാളി പെണ്ണിനേയും ഞാൻ കണ്ടിട്ടില്ല."
വെയിറ്ററിനെ വിളിച്ചു അഞ്ഞൂറ് രൂപയുടെ നോട്ട് ചില്ലറയാക്കി തരാൻ പറഞ്ഞു. പത്തിന്റെയും അൻപതിന്റെയും നോട്ടുകൾ ഞാൻ അവൾക്ക് നേരെ നീട്ടി അത് വാങ്ങുവാൻ അവൾ വരുമ്പോഴും ആ കണ്ണുകൾ ഞാൻ നോക്കി മനസിലാക്കിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. ഉച്ചത്തിൽ ഉള്ള ഹിന്ദി പാട്ടുകളുടെ റീമിക്സ് ശബ്ദകോലാഹലത്തിനിടയിൽ അവളുടെ മുഖത്തോട് ചേർന്നു ആ ചെവിയിൽ ഞാൻ ചോദിച്ചു. "വാട്സ് യുവർ ഗുഡ് നെയിം"
"സോണിയ"
"ആർ യു കേരളൈറ്റ്"
"നോ ഐ ആം ഫ്രം പൂനൈ"
അങ്ങനെ പെട്ടെന്നൊന്നും അവള് പിടി തരുന്ന കോളില്ല എന്നും മനസിലായി. ഒട്ടും നിരാശനാകാതെ ദിവസവും നൈറ്റ് അറ്റ് ടെൻ ഡാൻസ് ബാറിൽ ഞാനും രഞ്ജിത്തും പോകുമായിരുന്നു. അവിടെയിരുന്നു കിംഗ് ഫിഷർ ബിയർ ബോട്ടിൽ ചുണ്ടുകളോട് ചേർത്ത് കുടിക്കുമ്പോഴും മുൻപിലൂടെ നൃത്തം വെയ്ക്കുന്ന തരുണീമണികളുടെ മേൽ ആയിരുന്നില്ല നോട്ടം. അടുത്ത ഊഴത്തിനായി കാത്തിരിക്കുന്ന അവളുടെ കണ്ണിലേക്കായിരുന്നു. ആ നോട്ടം പലപ്പോഴും അലോസരപ്പെടുത്തുന്നതായും ചിലപ്പോൾ ആ നോട്ടം അവൾ ആസ്വദിക്കുന്നതായും തോന്നി. ഡാൻസ് ബാറിലെ സപ്ലയർ ചേട്ടന്മാർക്ക് കൈമടക്ക് കൊടുത്ത് സ്വാധീനിക്കാൻ ശ്രമിച്ചപ്പോഴൊക്ക അവരും പറഞ്ഞത് അവൾ പൂനൈക്കാരിയാണെന്നാണ്. അവളുടെ ഊഴമെത്തുമ്പോൾ അവളെ പ്രലോഭിപ്പിക്കുക എന്ന ലക്ഷ്യവുമായി എണ്ണി നോക്കാതെ എത്രയോ നൂറിന്റെ നോട്ടുകൾ കൊണ്ട് ഞാനവളെ അഭിഷേകം ചെയ്തിരിക്കുന്നു. വശ്യമോഹത്തോടു കൂടിയുള്ള ഒരു പുഞ്ചിരി, ചിലപ്പോൾ ഒരു ഹസ്തദാനം, മറ്റു ചിലപ്പോൾ കവിളിൽ അവളുടെ കവിളുകൾ വന്ന് മുട്ടിയുരുമ്മി ചെവിയിൽ നന്ദി പറയും.
ആഴ്ച്ചകൾ കടന്നുപോയി ഒരു രക്ഷയുമില്ല,
അവൾ മലയാളി ആണെന്ന് തോന്നിയതാകും എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ തുടങ്ങി. കൈയിലെ ക്യാഷ് പോയത് മിച്ചമെന്നല്ലാതെ കാര്യായിട്ട് ഒന്നും നടന്നതുമില്ല, അങ്ങനെ ഞാനും രഞ്ജിത്തും നൈറ്റ് അറ്റ് ടെനിൽ പോകുന്നത് നിറുത്തലാക്കി. ഓൾഡ് മദ്രാസ് റോഡിനടുത്തുള്ള സ്വതന്ത്ര നഗറിലുള്ള ബ്രിട്ടാസ് ഡാൻസ് അക്കാദമിയിൽ പ്രാക്ടീസിനു പോകുമ്പോൾ സോണിയയും അവിടെയുണ്ടായിരുന്നു. കൂടെ കളിക്കുന്ന മംഗലാപുരംകാരിയും മലയാളിയുമായ സ്വപ്നയോട് ഞാൻ ചോദിച്ചു ,
"ഇവൾ സോണിയ അല്ലേ ഇവൾ എന്താ ഇവിടെ ഡാൻസിന് വന്നേക്കുന്നത് ?"
"അത് സോണിയ ഒന്നുമല്ല, മെർലിൻ എന്നാണ് ആ കുട്ടിയുടെ പേര് മലയാളി ആണ്. അവരുടെ കോളേജിലേക്ക് വേണ്ടി പെർഫോം ചെയ്യാൻ ഡാൻസ് പഠിക്കാൻ വന്നതാണ്."
ഓഹോ, തേടിയ വള്ളി കാലിൽ ചുറ്റിയ സന്തോഷത്തോടെ ഞാൻ നേരെ സോണിയയുടെ അടുക്കലേക്ക് ഓടി.
"വാട് എ സർപ്രൈസ്. നൈസ് റ്റു മീറ്റ് യു സോണിയ"
അവൾ ആകെ അവിടെ നിന്നു പരുങ്ങുന്നതായി എനിക്ക് തോന്നി.
" നിന്റെ പേര് മെർലിൻ ആണെന്നും നീ മലയാളി ആണെന്നുമൊക്കെ ഞാനറിഞ്ഞു എന്തായാലും ദൈവം എന്ന് പറയുന്ന ആളുണ്ടെന്ന് എനിക്കിപ്പോൾ വിശ്വാസമായി".
അങ്ങനെ അവിടെ വെച്ച് ഞങ്ങൾ പര്സപരം ഫ്രണ്ട്സായി. മൂന്ന് ദിവസം മെർലിനും ഫ്രണ്ട്സും ഡാൻസ് പഠിക്കാൻ വന്നിരുന്നു, അവൾ തിരിച്ചുപോകുമ്പോൾ അവളുടെ ഫോൺ നമ്പറും ഞാൻ വാങ്ങിയിരുന്നു.. പിന്നെ ഫോൺ വിളിയിലൂടെ അടുത്തറിഞ്ഞപ്പോളാണ് അവൾ പറഞ്ഞത് നേഴ്സിംഗ് വിദ്യാർത്ഥിനിയായ അവൾക്ക് ഫീസ് അടയ്ക്കാനും ഹോസ്റ്റൽ ഫീ അടയ്ക്കാനുമുള്ള ബുദ്ധിമുട്ട് കൊണ്ട് പഠനം നിറുത്തേണ്ടി വരുന്ന അവസ്ഥയിലായപ്പോഴാണ് കൂട്ടുകാരിയുടെ ഒപ്പം ഡാൻസ് ബാറിലേക്ക് നൃത്തം ചെയ്യാൻ നിർബന്ധിതയായതെന്ന്. ഇത്തരം കഥകളൊക്കെ ബാംഗ്ലൂരിൽ സർവ്വസാധാരണമാണ്. അശോക് നഗറിലെ അപ്പാർട്ട്മെന്റിലേക്ക് ഞാനവളെ എന്നും ക്ഷണിച്ചിരുന്നു, പക്ഷെ അവൾ വരാൻ കൂട്ടാക്കിയിരുന്നില്ല.
അവളെ കാണണമെന്ന് തോന്നുമ്പോഴൊക്കെ ഡാൻസ് ബാറിൽ പോയി അവളെ കണ്ടു കണ്ണുകൾ കൊണ്ട് സംസാരിക്കുമായിരുന്നു അതുകഴിഞ്ഞാൽ ഫോണിലെ സംസാരവും..... നിർബന്ധം സഹിക്കാൻ വയ്യാതെ അവൾ രണ്ടുദിവസം അപ്പാർട്ട്മെന്റിലേക്ക് വന്നു താമസിക്കാമെന്ന് സമ്മതം മൂളി. അവളെ വരവേൽക്കുന്നതിന്റെ ഭാഗമായി ഞാനും രഞ്ജിത്തും മുറികളൊക്കെ വൃത്തിയാക്കി അലങ്കരിച്ചു മനോഹരമാക്കി. അവൾ വന്നു ഞങ്ങൾ മൂന്നാളും നല്ല സുഹൃത്തുക്കളെ പോലെ കഴിഞ്ഞു ഒരുമിച്ചിരുന്നു ബിയർ കുടിച്ചു.... പെണ്ണല്ലേ രണ്ട് ബിയർ കുടിച്ചതും ഫീലിംഗ്സ് പറയാൻ തുടങ്ങി.... ഞാൻ അവളെ അനുനയിപ്പിച്ച് മുറിയിൽ കൊണ്ടുപോയി കിടത്തി.......
അവൾ ഉറങ്ങാൻ കൂട്ടാക്കിയില്ല, അവൾ പറയാൻ തുടങ്ങി....
"നിനക്കറിയുമോ ഞാൻ നശിച്ചവളാണ്. എന്നെ ഈ നഗരം അങ്ങനെ ആക്കിയെടുത്തതാണ്. നേഴ്‌സിംഗിന് വന്നപ്പോൾ സീനിയേഴ്സ് റാഗിങ്. ശരീരത്തിൽ മാറിടം കൂടുതലുള്ളവരെ അവർ നോട് ചെയ്തു വെക്കും. അവന്മാർക്ക് പിടിക്കാൻ നിന്നുകൊടുത്തില്ലെങ്കിൽ അവർ മറ്റെന്തെങ്കിലും ചെയ്യുമോ എന്ന ഭയമാണ്. സെമസ്റ്റർ ജയിക്കുമെന്ന് ഉറപ്പുണ്ടെങ്കിലും ചില സാറുമാർ മനഃപൂർവ്വം തോൽപ്പിക്കും അവന്മാർക്ക് കിടന്നു കൊടുക്കാൻ വേണ്ടി. ഇങ്ങനെയൊക്കെയായിട്ടും പിടിച്ചു നിന്നു, ഒടുവിൽ പറ്റാത്തെ വന്നപ്പോൾ പഠനം മതിയാക്കി തിരിച്ചുപോയാലോ എന്ന് ചിന്തിച്ചു. നാട്ടിലെ കർഷകരായ അപ്പച്ചന്റെയും അമ്മച്ചിയുടെയും ആഗ്രഹം സാധിക്കാതെ വരുമല്ലോ എന്നോർത്തപ്പോൾ അവർ കടമെടുത്ത വായ്പ്പകളും മറ്റും തിരിച്ചടക്കാൻ സാധിക്കാത്ത അവസ്ഥയെല്ലാം ചിന്തിച്ചു ഞാൻ ഇങ്ങനെയൊക്കെ ആയി. അവളെന്നെ കെട്ടിപ്പുണർന്നു കരഞ്ഞു... സാരമില്ല എന്ന ഭാവത്തിൽ ഞാൻ എങ്ങനെയൊക്കെയോ അവളുടെ പിടിയിൽ നിന്നും സ്വതന്ത്രനായി അവളെ കിടത്തിയുറക്കി. പിറ്റേന്ന് എഴുന്നേൽക്കുമ്പോൾ ഒരു സോറിയും ഞാൻ കുറച്ചു ഓവർ ആയിപ്പോയെന്നും പറഞ്ഞു ഫ്രഷ് ആയി അവൾ പോയി.
അങ്ങനെ അവൾ ഞങ്ങളുടെ അപ്പാർട്ട്മെന്റിൽ എല്ലാ വെള്ളിയാഴ്ച്ചയും വരും തിങ്കൾ പോകുകയും ചെയ്യും. അങ്ങനെ വരുമ്പോൾ ഒക്കെ അവളുടെ വയനാടൻ കഥകളും ഹോസ്റ്റൽ കഥകളും പറഞ്ഞു ഞങ്ങൾക്കുള്ള ഭക്ഷണവും വെച്ച് വിളമ്പി തരുമായിരുന്നു മെർലിൻ. ഒരു ദിവസം അവൾ രാവിലെ കയറി വന്നു എന്നോട് പറഞ്ഞു കുടിക്കാൻ ബിയർ വേണമെന്ന്. ഫ്രിഡ്ജിൽ ഉണ്ടായിരുന്ന ബിയർ ഞാനവൾക്ക് കൊടുത്തു. അത് കുടിച്ചു തീർന്നതും അവൾക്ക് വീണ്ടും ബിയർ വേണമെന്ന് ആവശ്യപ്പെട്ടു, ഇത്തവണ ഞാൻ പുറത്തു പോയി ഒരു കേസ് ബിയർ വാങ്ങി വന്നു ഫ്രിഡ്ജിൽ വെച്ചു. ഓരോന്നെടുത്തു ഞാനും അവളും കുടിച്ചു കൊണ്ടിരുന്നു.
"എന്ത് പറ്റി മെർലിൻ? നീയിന്ന് ഒരുപാട് കുടിക്കുന്നല്ലോ?"
"നിനക്കറിയില്ലേ ഇപ്പൊഴായപ്പോൾ എനിക്ക് കുടിക്കാതെ കഴിയുന്നില്ല"
അവളുടെ ശബ്ദത്തിൽ നിരാശയുടെ വേദന നിറഞ്ഞിട്ടുണ്ടായിരുന്നു. അവള്‍ സോഫായിൽ നിന്നെഴുന്നേറ്റു ജനാലയ്ക്കരുകിലേക്ക് നീങ്ങി കുറെ നേരം പുറത്തേക്കു നോക്കി നിന്നു. ജനാലയിലൂടെ അകത്തേക്ക് വീശിയ തണുത്ത കാറ്റ് അവളെ വട്ടം പിടിച്ചു. ഇടയ്ക്കിടെ റിംഗ് റോഡിലൂടെ കുതിച്ചു പായുന്ന വാഹനങ്ങളുടെ ഇരമ്പലുകളും ആൾക്കൂട്ടങ്ങളുടെ ശബ്ദവും ഒരു അധികപ്പറ്റായി മാറിയപ്പോൾ അവൾ ജനാലയടച്ചു.
"ഇവിടെ വരുമ്പോൾ നിങ്ങളുമായി അടുത്തിടപഴകുമ്പോൾ മാത്രമാണ് ഞാനിപ്പോൾ ഒരു പെണ്ണാകുന്നത്. അല്ലാത്ത സമയങ്ങളിലൊക്കെ ഒരു തരം അഭിനയം മാത്രമാണ്. വല്ലവന്റെയും വിയർപ്പിന്റെ ഉപ്പുരസം രുചിക്കേണ്ടി വരുന്ന ഒരുതരം നാടകമായി പോകുന്നു ജീവിതം.."
മെർലിനോട് എന്തുപറയണമെന്നറിയാതെ വാക്കുകൾ കിട്ടാതെ വന്നപ്പോൾ, ഞാനവളെ എന്നിലേക്ക് തിരിച്ചു നിറുത്തി അവളുടെ കണ്ണുകളിൽ നിന്നും പൊടിഞ്ഞ കണ്ണുനീർ തട്ടി തെറിപ്പിച്ചു എന്റെ കരവലയത്തിലൊതുക്കി മാറോട് ചേർത്ത് ആശ്വസിപ്പിച്ചു. മുഖമുയർത്തി അവൾ വീണ്ടും തുടർന്നു....
ഡാൻസ് ബാർ നടത്തിപ്പുകാരുടെ ബ്ളാക്ക് മെയിലിംഗ് ഒട്ടു സഹിക്കാനാവുന്നില്ല. വലിയ മറ്റവന്മാരൊക്കെ ബുക്ക് ചെയ്തിട്ട് പോകും പിറ്റേ ദിവസം അവന്റെ ഫ്‌ളാറ്റിൽ ചെന്ന് അവനോടു സഹകരിച്ചില്ലെങ്കിൽ കൊന്നുകളയുമെന്ന ഭീഷണിയും... ശാരീരികമായി വയ്യാത്ത ആർത്തവ സമയങ്ങളിൽ പോലും ബന്ധപ്പെടേണ്ടതായി വന്നിട്ടുണ്ട്.... ചോര വരാതിരിക്കാൻവേണ്ടി പഞ്ഞി ഉള്ളിലേക്കു തിരുകി വെച്ചിട്ടു വരെ കസ്റ്റമറിനെ ത്രിപ്ത്തിപ്പെടുത്തേണ്ടി വന്നിട്ടുണ്ട്.....എല്ലാം ഇട്ടെറിഞ്ഞു ഓടി രക്ഷപ്പെടണമെന്നുണ്ട്, നേഴ്സിംഗ് കഴിഞ്ഞിരുന്നെങ്കിൽ എനിക്ക് എങ്ങനെയും രക്ഷപ്പെടാമായിരുന്നു.... ഡാൻസ് ബാറിൽ ചെന്ന് പെട്ടതാണ് നാശമായത്. പലപ്പോഴും ഞാൻ ആഗ്രഹിക്കാറുണ്ട് നിന്റെ സ്നേഹം സത്യമായിരുന്നെങ്കിൽ....എന്നെ നീ മനസിലാക്കുമെങ്കിൽ....... വൃത്തികെട്ട ഈ ജീവിതം ഉപേക്ഷിച്ച് നിന്റെ കൂടെ ജീവിക്കാമായിരുന്നു എന്നൊരു ആഗ്രഹം തോന്നി തുടങ്ങിയിട്ടുണ്ട്... നിന്നെ പരിചയപ്പെട്ടു സംസാരിക്കുമ്പോഴും ഇവിടെ നിങ്ങളോടൊപ്പം ഒരാളായി ജീവിക്കുമ്പോഴും ഞാനറിയാതെ എന്നിൽ പൂവിട്ട പ്രണയമായിരുന്നു നീ.....
എനിക്കറിയാം നിനക്ക് എന്നോട് പ്രണയമില്ല. എന്നോടുള്ള താല്പര്യം എന്നോടൊപ്പം കിടക്കാൻ വേണ്ടിയാണെന്ന് നിന്നേക്കാൾ നന്നായിട്ടു എനിക്കറിയാമായിരുന്നു. അവളുടെ വാക്കുകളും കണ്ണുനീരിന്റെ നനവും എന്റെ നെഞ്ചിലാകെ പടർന്നു ഹൃദയത്തിനു പൊള്ളലേൽക്കുന്ന അവസ്ഥയിലായി. നീ വിഷമിക്കാതെ നിന്നെ എനിക്ക് മനസിലാകും അങ്ങനെയൊരു ആഗ്രഹമുണ്ടായിട്ടും അവസരങ്ങൾ ലഭിച്ചിട്ടും നീ എന്നെ തൊട്ട് നോവിച്ചതുപോലുമില്ല... പക്ഷെ നിന്റെ കൂട്ടുകാരൻ രഞ്ജിത്ത് എന്നോട് ചോദിച്ചു നീ പോയി കഴിയുമ്പോൾ ഇവിടെ വന്നു രണ്ടുദിവസത്തേക്ക് അവനെ സന്തോഷിപ്പിക്കണമെന്ന്, അതിനായി അൻപതിനായിരം രൂപയും ഓഫർ ചെയ്തു എനിയ്ക്ക്....
നീ ഇന്ന് പോകുകയല്ലേ അതാണ് ഞാൻ നേരത്തെ വന്നത്, പിന്നെ രഞ്ജിത്ത് ജോലിക്കു പോകുമെന്നും എനിക്കറിയാല്ലോ..... നിനക്ക് ഇന്ന് വൈകുന്നേരം വരെ എന്നിൽ ആനന്ദം കണ്ടെത്താം....
പതിവില്ലാതെ പാഞ്ഞെത്തിയ മഴത്തുള്ളികൾ ജനാലയിലേക്കും സിറ്റ് ഔട്ടിലെ പ്ലാസ്റ്റിക്ക് കസേരയിലും തല തല്ലി കരയുന്ന ശബ്ദം എനിക്ക് കേൾക്കാമായിരുന്നു..... സോഫയിലേക്ക് എന്നെ തള്ളിയിട്ട് മെർലിൻ എന്റെ നെഞ്ചത്ത് ചാരികിടന്നു.....അവളുടെ ശ്വാസത്തിന് ബിയറിന്റെ ഗന്ധമുണ്ടായിരുന്നു, ആ ശ്വാസം എന്നിലേക്ക് കൂടുതലായി തുളച്ചുകയറാൻ തുടങ്ങിയപ്പോൾ പരിസരബോധം വീണ്ടെടുത്ത് ഞാൻ എഴുന്നേറ്റു......
"മെർലിൻ നീ പറഞ്ഞത് ശരിയാണ്. മാന്യതയുടെ മുഖംമൂടി ധരിച്ച് നിന്നെ പരിചയപ്പെട്ടു, അടുത്തു... നീ പറഞ്ഞതെല്ലാം സത്യം തന്നെയാണ്..... പക്ഷെ നിന്റെ വിഷമങ്ങൾ അറിഞ്ഞതോടെ എനിക്ക് നിന്നോട് അങ്ങനെയൊരു വികാരം തോന്നിയിട്ടേയില്ല..... നീ എന്റെ നല്ലൊരു സുഹൃത്താണ്.... അതിൽ കവിഞ്ഞൊരു ആഗ്രഹവും എനിക്കിപ്പോൾ നിന്നോടില്ല..... ഞാനിന്ന് വൈകുന്നേരം പോകും. ഇനി അടുത്ത പ്രോഗ്രാമിന് എന്നെ വിളിക്കുമ്പോൾ മാത്രമാകും ഞാനിവിടെ വരിക....... ഏതായാലും നീ നേഴ്സിംഗ് കഴിയുന്നത് വരെ പിടിച്ചുനിൽക്കുക... അതല്ലെങ്കിൽ എന്നോടൊപ്പം പുറപ്പെടുക പഠിത്തം വേണ്ടെന്നു വെച്ച് വയനാട്ടിലേക്ക് മടങ്ങുക......."
"അയ്യോ അത് പറ്റില്ല, എന്റെ അപ്പച്ചന്റെയും അമ്മച്ചിയുടെയും സ്വപ്നമാണ്. ഇനി ഒരു സെമസ്റ്റർ കൂടിയുണ്ട്... പിന്നെന്തിനാണ് ഞാൻ ഇത്രയും കഷ്ട്ടപ്പെട്ടത്."
"അതല്ല നിനക്ക് അവരുടെ റാക്കറ്റിൽ നിന്നും രക്ഷപ്പെടാൻ ആകില്ല. ഇപ്പോൾ സംഭവിച്ചത് സംഭവിച്ചു ഇനി കൂടുതലായി അബദ്ധത്തിൽ ചെന്ന് സ്വയം വീഴണോ?"
"ഇല്ല.. ഒരു വർഷത്തിനുള്ളിൽ ഞാൻ രക്ഷപ്പെടും ഇവിടുന്നു..."
അന്ന് വൈകുന്നേരം,
രഞ്ജിത്ത് വന്നതിനു ശേഷം മെർലിനും രഞ്ജിത്തും എന്നെ ബസ് സ്റ്റാൻഡിലേക്ക് ഡ്രോപ്പ് ചെയ്യാൻ വന്നു. അന്നവിടെ വെച്ചാണ് അവസാനമായി ഞാനവളെ കാണുന്നതും ഹഗ് ചെയ്തു പിരിയുന്നതും. പിന്നീട് എനിക്ക് ബാംഗ്ലൂരിൽ പോകേണ്ടി വന്നില്ല. പപ്പയുടെ പെട്ടെന്നുണ്ടായ മരണം ഞങ്ങളുടെ കുടുംബത്തെ തളർത്തുകയായിരുന്നു. ഇടയ്ക്കിടയ്ക്ക് മെർലിനുമായി സംസാരിക്കുമായിരുന്നു പിന്നീട് അവളുടെ നമ്പർ ചേഞ്ച് ആയി... രഞ്ജിത്തിനെ വിളിച്ചു അന്വേഷിച്ചു അവനും കാണാറില്ല..... നൈറ്റ് അറ്റ് ടെനിലും മെർലിനെ കണ്ടില്ലെന്നാണ് അവനും പറഞ്ഞത്..........
പിന്നീട് വർഷങ്ങൾക്ക് ശേഷം മെർലിനെ കാണുന്നത് ഈ പത്രവാർത്തയിലാണ്. കുറച്ചു ദിവസം കഴിഞ്ഞു....അവളുടെ ഫോട്ടോ വീണ്ടും കണ്ടു... അതും പത്രത്തിൽ തന്നെയായിരുന്നു....ചരമ കോളത്തിൽ....സ്വന്തം ജീവിതം ഒരു മുഴം കയറിൽ അവൾ തീർക്കുകയായിരുന്നു.....
No comments:
Post a Comment