Wednesday, June 14, 2017

മഴയും ഞാനും


മഴ പോലെ സുന്ദരമാണ് എന്‍റെ മഴയോർമ്മകളും എത്ര പറഞ്ഞാലും തീരാത്തത്ര ഓർമ്മകളാണ് മഴ പെയ്യുന്നതു പോലെ മനസ്സിലേക്ക് ഓടിയെത്തുന്നത്. കണ്ണീരിന്‍റെ ഉപ്പുരസവും മധുരിക്കുന്നതുമായ നനഞ്ഞൊട്ടി നിൽക്കുന്ന ഓർമ്മകളെ കുതിരാൻ അനുവദിക്കാതെ മനസ്സിലിന്നുമൊരു തോരാത്ത മഴയായി അവയെല്ലാം പെയ്തുകൊണ്ടിരിക്കുന്നു. ആ ഓർമ്മകളെ കോർത്തിണക്കാൻ പ്രയാസമേറിയതാകുന്നു എന്ന തിരിച്ചറിവോടെ ജീവിതത്തിലുണ്ടായ മഴയോർമ്മകളുടെ നനുത്ത അനുഭവത്തിലേക്കാണ് മനസ്സിലെ മഴയോർമ്മകൾ സഞ്ചരിക്കുന്നത്.

ചന്നം ചിന്നം പെയ്യുന്ന മഴയിലൂടെ മനസ്സ് ഭൂതകാലത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, മഴ ചൊല്ലി പഠിപ്പിച്ചതെല്ലാം ഓർത്തെടുക്കുന്നതിനോടൊപ്പം അതിൽ ചിലതെല്ലാം ഞാൻ കുത്തിക്കുറിക്കാൻ ശ്രമിക്കുകയാണ്. എന്‍റെ മഴയോർമ്മകൾക്ക് ചിലപ്പോൾ മഴവില്ലിന്‍റെ നിറമില്ലായിരിക്കാം പക്ഷേ മിഴിനീരിന്‍റെ നനവുണ്ടായിരിക്കും.

മഴയോടുള്ള എന്‍റെ ഭ്രാന്തമായ അഭിനിവേശം കാണുമ്പോൾ എല്ലാവരും എന്നെ കളിയാക്കുമായിരുന്നു, അപ്പോഴെല്ലാം അമ്മ രക്ഷകയായി എത്തും എന്നിട്ട് പറയും,

"എന്‍റെ മോനെ, നിങ്ങൾ ആരും കളിയാക്കേണ്ട കാര്യമില്ല... അവനെ ഞാൻ പെറ്റത് കർക്കിടകത്തിലെ പെരുമഴ തകർത്തു പെയ്യുന്ന സമയത്തായിരുന്നു, മാത്രവുമല്ല ആശുപത്രി വിട്ട് വീട്ടിലേക്ക് വരുമ്പോഴും നല്ല മഴയായിരുന്നു.... അതാണ് അവന് മഴയോടിത്രയും ഇഷ്ടം...."

അമ്മ അങ്ങനെ പറയുമ്പോൾ ഞാനും ചിന്തിക്കാറുണ്ട് ഒരുപക്ഷെ അതാകുമോ മഴയോടെനിക്ക് ഇത്രയും പ്രണയമെന്ന്? പിന്നീടാണ് ഞാൻ ആ സത്യം മനസ്സിലാക്കിയത്. മെയ് മാസത്തിലെ ചുട്ടുപഴുത്ത വേനലിൽ പിറന്ന എന്നെ അമ്മയും കളിയാക്കുകയായിരുന്നു എന്നുള്ളത്. അമ്മ അങ്ങനെ കളിയാക്കുമ്പോഴും അറിഞ്ഞുകൊണ്ട് ഞാൻ ഇന്നും ആ കഥ കേട്ട് രസിക്കാറുണ്ട്.

ഓടിന്‍റെ ഇറയത്ത് നിന്നും വരിവരിയായി മഴനൂലുകളെപോലെ മുറ്റത്തേക്ക് ഉതിർന്നു പെയ്യുന്ന മഴത്തുള്ളികളെ എനിക്ക് ആദ്യമായി പരിചയപ്പെടുത്തിയതും ആ മഴയുടെ ചാറ്റലിൽ എന്നെ നനയിച്ചതും എന്‍റെ അമ്മ തന്നെയായിരുന്നു. പിന്നീട് മഴ വെള്ളത്തിൽ നിന്നും മാക്രികുഞ്ഞുങ്ങളെ പിടിച്ചു ചില്ല് കുപ്പിയിലിട്ടു മീൻ കുഞ്ഞുങ്ങളാണെന്നും പറഞ്ഞെന്നെ പറ്റിച്ചു ഊട്ടിയതും, പിന്നെ പിന്നെ ഞാൻ ഓടിനടക്കാൻ തുടങ്ങിയപ്പോൾ മഴ പെയ്യുമ്പോൾ ഇറയത്തേക്ക് ഇറങ്ങി ഓടുകയും കെട്ടികിടക്കുന്ന മഴവെള്ളത്തിൽ കിടന്നുരുണ്ട് കളിക്കുമായിരുന്ന എന്നെ വഴക്ക് പറഞ്ഞു തല്ലുകയും പിന്നീട് തല തോർത്തി തരുന്നതും ഉമ്മകൾ സമ്മാനിച്ച് എന്നെ ആശ്വസിപ്പിക്കുകയും ചെയ്യുന്നതുമെല്ലാം എന്‍റെ സ്നേഹമഴയായ അമ്മയായിരുന്നു.

അഞ്ചോ ആറോ വയസ്സുള്ളപ്പോൾ ഉണ്ടായ ഒരു അനുഭവമെനിക്ക് ഇന്നും ചിരിയുടെ മഴയോർമ്മയാണ് സമ്മാനിക്കുന്നത്. ഞങ്ങളുടെ വീടിന് മുൻപിൽ കൂടി വലിയൊരു തോട് ഒഴുകുന്നുണ്ട് തടി പാലമായിരുന്നു അന്നൊക്കെ തോടിനു മുകളിലൂടെ നടക്കാൻ ഉണ്ടായിരുന്നത്. പാലം കയറിയിറങ്ങി വേണം വീടിന് മുൻപിൽ നിന്നും റോഡിലേക്കെത്താൻ. വൈകുന്നേരം അയല്പക്കങ്ങളിൽ പോയിരുന്നു സംസാരിക്കുന്നത് അന്നത്തെ സ്ത്രീകളുടെ ഒരു പ്രധാന വിനോദമായിരുന്നു, ആ വിനോദം (എന്‍റെ അമ്മ) മെറ്റിക്കുമുണ്ടായിരുന്നു.

അമ്മ കുശലം പറയാൻ പോകുന്ന ബാല്യകാല സുഹൃത്തായ ഉഷാന്റിയുടെ മകൻ കുമാറും ഞാനും ഒരേ പ്രായവും സുഹൃത്തുക്കളുമായിരുന്നു. അറബിക്കടലിൽ നിന്നും വെള്ളം കേറിയിറങ്ങി ഒഴുകുന്ന തോടായിരുന്നു ഞങ്ങളുടെ വീടിന് മുൻപിലൂടെ ഒഴുകിയിരുന്നത് , പണ്ടൊക്കെ പായ്വഞ്ചികളിൽ എറണാകുളം കമ്പോളത്തിലേക്ക് ചരക്കുകൾ കൊണ്ട് പോയിരുന്നത് ഈ തോടുകളിലൂടെയായിരുന്നു. സാമാന്യം വലിപ്പമുള്ള തോടായിരുന്നത് കൊണ്ട് മഴക്കാലത്ത് നല്ല ഒഴുക്കായിരിക്കും. അന്ന് നല്ല ഒഴുക്കുണ്ടായിരുന്നതിനാൽ തോട് നിറഞ്ഞു പാലം കാണാത്ത അവസ്ഥയായിരുന്നു, അമ്മയെ കൊണ്ട് കടലാസ് വഞ്ചികൾ ഉണ്ടാക്കിച്ച് ഞാനും കുമാറും പൊടിമഴ നനഞ്ഞു തോട്ടിൽ കൊണ്ട് പോയി കടലാസ് കപ്പലുകൾ ഇറക്കി അതൊഴുകി പോകുന്നത് നോക്കി രസിച്ചങ്ങനെ നിൽക്കും. അവിടെയും ഒരു മത്സരമുണ്ട് ആദ്യം ആരുടെ കപ്പലാണ് മുന്നിലെത്തുന്നത് അവരായിരിക്കും വിജയിയാകുക. അമ്മയുടെ ചീത്തവിളിയൊന്നും വകവെയ്ക്കാതെ മഴ നനഞ്ഞങ്ങനെ നിൽക്കുമ്പോഴാണ് കുമാർ പറയുന്നത്,

"നിനക്ക് വെള്ളത്തിൽ ബോംബിടുന്നത് എങ്ങനെയെന്ന് അറിയുമോ?"

"ഇല്ല."

അവൻ ഓടിപ്പോയി ഒരു കല്ലെടുത്ത് കൊണ്ട് വന്ന് കടിച്ചു പറിക്കുന്നതുപോലെ കാണിച്ചിട്ട് വെള്ളത്തിലേക്ക് ഒരേറ്, കല്ല് വീണതും ഞങ്ങളുടെ മേലാസകലം വെള്ളം തെറിച്ചു വീണു. അവൻ ദൂരദർശനിൽ ഏതോ സിനിമയിൽ കണ്ടത് അനുകരിച്ചതാണ് ഈ ബോംബേറ്.
പിന്നീട് ഞങ്ങൾ തമ്മിൽ വാശിയായി,
ഞങ്ങൾ രണ്ടുപേരും വാശിക്ക് വലിയ കല്ലുകൾ എടുത്തെറിഞ്ഞു കൂടുതൽ വെള്ളം കലക്കി തെറിപ്പിച്ചു. അത് പതുക്കെ ഒരു മത്സരമായി മാറി. വാശി മൂത്ത ഞാൻ ഒടുവിൽ വലിയൊരു പാറക്കല്ല് രണ്ടു കൈയും കൊണ്ട് കഷ്ട്ടപ്പെട്ടു പൊക്കി പാലത്തിലേക്ക് ഏഞ്ഞു വലിച്ചു വന്ന് വെള്ളത്തിലേക്ക് ഇട്ടതും കല്ലിന്‍റെ ഭാരത്തോടൊപ്പം ഞാനും തലയും കുത്തി തോട്ടിലെ ഒഴുക്ക് വെള്ളത്തിലേക്ക് ഒരൊറ്റ വീഴ്ച്ച.

ബ്ലും......!

ഈ കാഴ്ച്ച കണ്ടോടി വന്ന അമ്മ "അയ്യോ... എന്‍റെ മോനെ...." എന്നു വിളിച്ചുകൊണ്ട് തോട്ടിലേക്ക് സിനിമാ സ്റ്റൈലിൽ ഒരൊറ്റ ചാട്ടം. എന്നെ രക്ഷപെടുത്താൻ ചാടിയ അമ്മയ്ക്കോ നീന്തലുമറിയില്ല, ഞാനൊന്ന് മുങ്ങി പൊങ്ങുമ്പോഴേക്കും അമ്മയും ഒന്ന് മുങ്ങി പൊങ്ങും. ഒടുവിൽ മൂന്നോ നാലോ പ്രാവശ്യം മുങ്ങി പൊങ്ങിയപ്പോഴേക്കും അമ്മയ്ക്ക് എന്നെ പിടുത്തം കിട്ടി. പിന്നെയും ഞങ്ങൾ രണ്ടാളും തോട്ടിലെ വെള്ളം കുടിച്ചു കുറച്ചുകൂടി മുങ്ങിയും പൊങ്ങിയും ഒഴുക്കിലൂടെ ഒഴുകിയപ്പോഴേക്കും നാട്ടുകാർ ചാടി നീന്തി വന്നു അമ്മയുടെ തലമുടിയിൽ പിടിച്ചുവലിച്ച് ഞങ്ങളെ കരയ്ക്ക് കയറ്റി. നാട്ടുകാരെല്ലാം അവിടെ കൂടിയിരുന്നു എല്ലാവരെയും ധീരതയ്ക്കുള്ള അവാർഡ് കൊടുക്കുന്നതുപോലെ അമ്മയെ അഭിനന്ദിക്കുകയും എന്നെ വഴക്കുപറയുകയും ചെയ്തു. ഞാൻ അമ്മയുടെ കൈയും ചുറ്റിപിടിച്ചു തലതാഴ്ത്തി വീട്ടിലേക്ക് നടന്നു. അന്ന് കിട്ടിയ അടിയുടെ ചൂടിന് ശേഷം പിന്നീട് ആ കളിക്ക് മുതിർന്നട്ടില്ല, വേഗം നീന്തലും പഠിച്ചു.

സ്‌കൂളിൽ പോകുമ്പോൾ കുടയുണ്ടെങ്കിലും അത്
ചൂടാതെ, മഴ നനഞ്ഞു പോകുന്ന വഴിയിലൊക്കെ കെട്ടികിടക്കുന്ന മഴവെള്ളത്തിൽ ചെരിപ്പ് കാലിൽ നിന്നും അടിച്ചു തെറിപ്പിച്ചും വെള്ളത്തിൽ കാലുകൾ കൊണ്ട് പടക്കം പൊട്ടിച്ചും കളിക്കുമായിരുന്നു. വീട്ടിലേക്ക് മടങ്ങിയെത്തുമ്പോൾ കൈയിലെ ചോറ്റുപാത്രത്തിൽ വെള്ളം നിറച്ചു ഗപ്പി കുഞ്ഞുങ്ങളെ പിടിച്ചു കൊണ്ടുവരും, ബാഗും ബുക്കും യൂണിഫോമും നനയ്ക്കുന്നതിന് കിട്ടിയ അടിയുടെ ചൂട് ഇന്നും ഓർമ്മയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.

ഞങ്ങളുടെ തൊടിയിലൂടെ ഒഴുകി വരുന്ന വെള്ളം ഒരു കൈതോടെന്നപോലെ ഇടവഴിക്കരികിലൂടെ ഒഴുകിയിരുന്നു, കൂട്ടുകാരോടൊപ്പം ആ തെളി നീരില്‍ തോർത്ത് കൊണ്ട് മീനുകളെ പിടിക്കുന്നത് ഒരു രസമായിരുന്നു. ഈ കൈതോടിനും അപ്പുറത്തായിരുന്നു എന്‍റെ അപ്പാപ്പന്‍റെ പാടം.
ഈ മഴ സമയത്തായിരിക്കും മിക്കവാറും കൊയ്ത്തു വരിക. കുറെ പണിക്കാരുണ്ടാകും കൊയ്യാന്‍,
മഴ കാരണം പലപ്പോഴും വൈകുന്നേരം വരെ കൊയ്ത കറ്റ ചുരുട്ടുകള്‍ കൊണ്ടുവരാന്‍ കഴിയാതെ പാടത്തു തന്നെ കിടക്കുന്നുണ്ടാകും. രാത്രി വീണ്ടും മഴ പെയ്യുമ്പോള്‍ ഇത് മുഴുവന്‍ ഒഴുകി പോകുകയും ചെയ്യും, കുറേയൊക്കെ താഴെ കണ്ടങ്ങളില്‍ നിന്നും കിട്ടും ബാക്കിയെല്ലാം ഒലിച്ചുപോകും. നിറഞ്ഞു കവിഞ്ഞൊഴുകുന്ന തോട്ടിലൂടെ പണിക്കാരുടെ ഒപ്പം കൂടി, കറ്റ തലയില് വെച്ച് വരുമ്പോൾ ഞാൻ വെള്ളത്തിന്‍റെ ഒഴുക്കില്‍പ്പെട്ട് വീഴുന്നതും കറ്റ ഒഴുകിപോകുന്ന കാഴ്ച്ചയെല്ലാം മനോഹര ദൃശ്യങ്ങളായി ഇന്നും മനസ്സിലുണ്ട്.

കൗമാരപ്രായത്തിൽ തിമര്‍ത്തു പെയ്യുന്ന മഴയുള്ള സമയത്ത് മൂടി പുതച്ചു കിടന്നു മഴയുടെ സംഗീതം കേള്‍ക്കാനും, പ്രതീക്ഷിക്കാതെ പെയ്യുന്ന വേനല്‍ മഴയില്‍ നനഞ്ഞു കുളിച്ചു നടക്കാനും, മഴയോടൊപ്പം വീഴുന്ന ആലിപ്പഴം പെറുക്കാനും, മിന്നല്‍ കാണുമ്പോൾ നോക്കി നില്ക്കാനും അതിന്‍റെ ഭീകര ശബ്ദം കേള്‍ക്കുമ്പോള്‍ പേടിച്ചു ചെവി പൊത്താനും മഴയുടെ കുളിരിൽ പനിച്ചു മൂടി പുതച്ചു കിടക്കുമ്പോൾ ഇടയ്ക്കിടയ്ക്ക് ചൂടു ചുക്ക് കാപ്പിയുമായി വന്നെന്നെ അമ്മ ശകാരിക്കുകയും പരിചരിക്കുന്നതുമൊക്കെ ഇന്നും ഞാൻ കൊതിക്കാറുണ്ട്. പിന്നീടെപ്പൊഴോ മഴയ്ക്ക് പ്രണയത്തിന്‍റെ ഭാവങ്ങൾ കണ്ടുതുടങ്ങിയ കാലവും ഇന്നലെ പെയ്ത മഴയിൽ നനഞ്ഞ സുഖമാണ്. ആ സുഖത്തിന് വിരഹത്തിന്‍റെ മറ്റൊരു ഭാവം കൂടിയുണ്ടെന്ന് മനസിലാക്കി തന്നതും ഇതേ മഴ തന്നെയായിരുന്നു........

ഞാനേറെ ആരാധിക്കുന്ന എന്‍റെ റോൾമോഡലായ അച്ഛന്‍റെ ജീവൻ കവർന്നതും ഇതേ മഴയായിരുന്നു.

പെരുമഴയത്ത് അന്നച്ഛൻ ബൈക്കിൽ വന്നിറങ്ങി വീട്ടിലേക്ക് കയറാൻ ശ്രമിക്കുമ്പോൾ പടിക്കെട്ടിന്‌ മുന്നിലെ പായലിൽ വഴുതി തറയിൽ നെറ്റിയടിച്ചു വീണു. പിന്നീട് അവിടെന്നെഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും ബോധം നഷ്ട്ടപ്പെട്ട് താഴെ വീണു. കരഞ്ഞു കൊണ്ട് ഞാനും അമ്മയും അനിയത്തിമാരും വേഗം അച്ഛനെ പൊക്കിയെടുത്ത് ഹോസ്പിറ്റലിൽ എത്തിച്ചത് ഇതേ മഴ നനഞ്ഞായിരുന്നു...
അന്ന് പെയ്ത മഴയ്ക്ക് കണ്ണീരിന്‍റെ ഭാവമായിരുന്നു...

തീവ്രപരിചരണ വിഭാഗത്തിലായിരുന്ന അച്ഛന് ബോധം വന്നപ്പോൾ എന്‍റെയും അമ്മയുടെയും കൈയിൽ പിടിച്ചു പറഞ്ഞു,

"കരയല്ലേ എനിക്കൊന്നുമില്ല, ആരും പേടിക്കണ്ടാ.... കരഞ്ഞു നീ മക്കളെ കൂടി വിഷമിപ്പിക്കല്ലേ മെറ്റി."

ഞങ്ങളുടെ കൈയിൽ മുറുകെ പിടിച്ച അച്ഛന്‍റെ കൈകൾ പിന്നീട് ആ പിടുത്തം വിടാതെ ഒന്നും മിണ്ടാതെ കണ്ണുകളടച്ച് അനക്കമറ്റ് കിടക്കുന്ന ആ കാഴ്ച്ച ഈറനോടെ നോക്കി നിൽക്കാനേ ഞങ്ങൾക്കായുള്ളൂ.... ആംബുലൻസിൽ ബോഡി വീട്ടിലേക്ക് കൊണ്ട് വരുമ്പോഴും ഇറക്കുമ്പോഴും ഇതേ മഴ പെയ്തുകൊണ്ടിരുന്നു... സെമിത്തേരിയിലേക്ക് കൊണ്ട് പോകുമ്പോഴും മഴ ഞങ്ങളെ പിന്തുടരുന്നുണ്ടായിരുന്നു. കുഴിയിൽ ടാർപ്പോള വലിച്ചുകെട്ടി ഒരേ ഒരു ആൺസന്തതിയെന്ന നിലയിൽ ഓരോന്നിനും മുന്നിട്ട് നിൽക്കുമ്പോൾ ഞാൻ കരയുന്നതു ആരെയും അറിയിക്കാതിരിക്കാൻ എന്നെ സഹായിച്ചതും ഈ മഴ തന്നെയായിരുന്നു.

കുഴിയിൽ വെള്ളം നിറഞ്ഞിരുന്നു, ആ വെള്ളത്തിലേക്ക് കയറിട്ട് ശവപ്പെട്ടി ഇറക്കാൻ തുനിഞ്ഞപ്പോൾ മാത്രമാണ് ഞാൻ പൊട്ടിത്തെറിച്ചതും ഇപ്പോൾ ഇറക്കരുതെന്നും പറഞ്ഞു കുഴിയിലിറങ്ങി ഒരു ഭ്രാന്തനെ പോലെ വെള്ളമെല്ലാം കോരികളഞ്ഞതും. ആ ഓർമ്മകൾ ഇന്നും മഴയ്ക്ക് കണ്ണീരുപ്പിന്‍റെ രുചി നൽകുന്നുണ്ട്.

കാൽപ്പനികതയിൽ മുങ്ങിയ മഴയോർമ്മകളുടെ വരികളേക്കാൾ ആഴമുള്ളതാണ് നേരിന്‍റെ നോവിൽ പൊതിഞ്ഞ എന്‍റെയീ മഴയോർമ്മകൾക്ക്. അവിചാരിതമായ മഴയില്‍ പ്രിയപ്പെട്ടവര്‍ മണ്മറയുമ്പോൾ അവര്‍ ബാക്കിവച്ചുപോയ ചുടുനിശ്വാസങ്ങളൊക്കെ മഴവെള്ളത്തോടൊപ്പം ജലാശയത്തിലേക്ക്‌ അലിഞ്ഞുചേരുമെന്നല്ലേ. എല്ലാത്തിനും മൂകസാക്ഷിയായി ഈ മഴ മാത്രമാണെന്നുമെനിക്കറിയാം....

ഇന്ന് കാലം മാറിയപ്പോൾ കോലവും മാറി പാടങ്ങളൊക്കെ നികത്തി കോൺക്രീറ്റ് ഫ്‌ളാറ്റുകൾ തലപൊക്കി നിൽക്കുന്നു. തോടിന്‍റെ വലിപ്പം കുറച്ചു റോഡിന് വീതികൂട്ടിയിരിക്കുന്നു ഇപ്പോഴും മരപ്പാലം ഉണ്ട്. ഒട്ടുമിക്ക വീട്ടുകാരും റോഡ് മുറിച്ചു കടക്കാൻ കോൺക്രീറ്റ് പാലങ്ങളാക്കി. ഞങ്ങളുടെ തറവാട് വീട് ഭാഗം വെച്ചെങ്കിലും ആരും അവിടെ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലാത്തത് കാരണം ഇന്നും ഒരു ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ പഴയ വീട് പ്രൗഡിയോടെ നിലനിൽക്കുന്നു. ആ വീട്ടിൽ ഇരുന്നു ഈ ഓർമകളെ കുത്തിക്കുറിക്കുമ്പോൾ പുറത്ത് മഴ പെയ്യുന്നുണ്ട് പൊട്ടിയ ഓടുകളിലൂടെ മുറിയ്ക്കകത്തും മഴവെള്ളം വീഴുന്നുണ്ട്.......അതുപോലെ ഒന്ന് രണ്ടു തുള്ളികൾ എന്‍റെ കണ്ണിൽ നിന്നും....!

No comments: