കടലമ്മയുടെ മടിത്തട്ടിലേക്ക് ചുംബിച്ചുറങ്ങാൻ തയ്യാറെടുക്കുന്ന അസ്തമയ സൂര്യന്‍റെ പ്രണയം കണ്ടു നാണത്തോടെ ഞാൻ ഏകനായി നോക്കെത്താ ദൂരത്ത് കണ്ണുകളോടിച്ചു കടലോരക്കാഴ്ച്ചകളിൽ മുഴുകിയിരുന്നു. ഇന്നത്തെ അസ്തമയം എന്നെ അസ്വസ്ഥനാകുന്നു, നിന്‍റെ കൂടെ തോളോടുരുമ്മി ഇങ്ങനെ കടലോരക്കാഴ്ച്ചകൾ കണ്ടിരിക്കുമ്പോൾ മനസ്സിന് എന്തെന്നില്ലാത്ത ഒരു കുളിർമയും സന്തോഷവും അനുഭവപ്പെടുമെന്ന് അവൾ എപ്പോഴും പറയുമായിരുന്നു.
എന്‍റെ ജീവിത്തത്തിലെ പ്രണയവും ഇന്നിവിടെ അസ്തമിക്കുകയാണെന്നുള്ള സത്യം ഉൾക്കൊള്ളാൻ ഇനിയുമെനിക്ക് കഴിയുന്നില്ല. നടപ്പാതയിലെ വഴിവിളക്കുകൾ പ്രകാശപൂരിതമാകുന്നു പക്ഷെ കണ്ണിലേക്കും മനസ്സിലേക്കും ഇരുട്ട് മാത്രമാണ് കയറിവരുന്നത്, എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്....? ഇരമ്പിവരുന്ന തിരമാലയെ പോലെ, എന്‍റെ ഹൃദയത്തിൽ തട്ടിത്തെറിച്ച് ആ ചോദ്യത്തിന് ഉത്തരം നൽകാനാകാതെ മടങ്ങിപ്പോകുകയാണല്ലോ മനസ്സും.
വഴിവിളക്കിലെ പ്രകാശത്തിന് ചുറ്റും തലതല്ലി കരയുന്ന ഈയാംപാറ്റകളിൽ ചിലതെല്ലാം ചിറകുകൾ കൊഴിഞ്ഞു എന്‍റെ ചുറ്റും വീണ് ഇഴയുന്നവയോട് ഞാനും പറഞ്ഞു, "നിങ്ങളെപോലെയാണ് ഞാനും നിങ്ങൾക്ക് ചിറകില്ലാതെ പറക്കാനും കഴിയില്ല എനിക്ക് അവളില്ലാതെ ജീവിക്കുവാനും. "
ആരുമില്ലാത്തവർക്ക് കടലമ്മയുണ്ടെന്നുള്ള വിശ്വാസത്തിൽ ഞാൻ കടലമ്മയുടെ അരികിലേക്ക് എന്‍റെ സങ്കടം പറയാൻ അവളോടൊരുമിച്ച് നടന്ന നടപ്പാതയിലൂടെ ഒറ്റയ്ക്ക് നടന്നിറങ്ങി.
അമ്മേ.... മറ്റാരേക്കാളും നിനക്കറിയാലോ ആരുമില്ലാത്ത എന്നെ വളർത്തി വലുതാക്കിയത് നീയാണെന്ന്, കൈയിൽ പണമില്ലാത്തത് കൊണ്ടാണ് ഇന്ന് ഞാനാ വലിയ മണ്പാത്രം ഉടച്ചത്. മുക്കുവനായ എന്നെ മൂന്ന് വർഷങ്ങൾക്ക് മുൻപ് അവൾ പ്രണയിക്കുമ്പോൾ നൽകിയ സമ്മാനമായിരുന്നു ആ വലിയ മണ്പാത്രം. അതൊരിക്കലും പൊട്ടിക്കരുത് നമ്മുടെ വിവാഹശേഷം ആദ്യരാത്രിയിൽ നമ്മുക്കൊരുമിച്ചിരുന്നു പൊട്ടിച്ച് എണ്ണി തിട്ടപ്പെടുത്തണമെന്നും ആ പണത്തിന് അവൾക്കൊരു സ്വർണ്ണകൊലുസ്സു വാങ്ങിക്കൊടുക്കണമെന്നും അവൾ പറഞ്ഞിരുന്നു. അതിനു മുൻപ് നീ ഇത് ഉടച്ച് പണമെടുത്ത് കുടിച്ചു കൂത്താടുകയോ ആരെയെങ്കിലും സഹായിക്കുകയോ ചെയ്‌താൽ പിന്നെ ഞാനുമായി ഒരു ബന്ധവും ഉണ്ടാകില്ലെന്ന് പറഞ്ഞവൾ എന്നെക്കൊണ്ട് സത്യം ചെയ്യിച്ചു. അതിൽ ആദ്യമായി ഒരു രൂപയുടെ നാണയവും നിക്ഷേപിച്ചതവളായിരുന്നു, ആ മൺപാത്രമാണല്ലോ അമ്മേ ഞാനിന്നു പൊട്ടിച്ചത്.
മൂന്നുവർഷവും കിട്ടുന്നതെല്ലാം ഞാനതിൽ നിക്ഷേപിച്ചു ആ മണ്പാത്രം നിറച്ചുകൊണ്ടേയിരുന്നു. അവൾക്കൊരു സ്വർണ്ണകൊലുസ്സു വാങ്ങുന്നതിനും പിന്നെ അവൾക്കൊരു സ്വർണ്ണ മൂക്കുത്തിയും വാങ്ങി കൊടുക്കണമെന്ന വ്യഗ്രതയിൽ ഞാൻ കുടത്തിൽ രൂപകൾ നിറച്ചുകൊണ്ടേയിരുന്നു. ഇനി അതിന്‍റെ ആവശ്യമില്ലല്ലോ അമ്മേ.... ഞാനും അവളും തമ്മിൽ ഇനി ഒരു ബന്ധവും ഉണ്ടാകുകയുമില്ലല്ലോ.
കഴിഞ്ഞ ഒരാഴ്ച്ചയായി ഞാൻ കടലിലേക്ക് ഇറങ്ങിയിട്ട് കൈയിൽ പണവുമില്ല. അവസാനമായി അവൾക്കെന്തെങ്കിലും സമ്മാനം വാങ്ങി കൊടുക്കണമെന്ന് കരുതിയാണ് ഞാനത് ഉടച്ചത്. ആകെ സ്വരുക്കൂട്ടിയത് പതിനേഴായിരം രൂപ. പിന്നെയും വേണമല്ലോ ബാക്കി എന്നോർത്ത് ഞാൻ എന്‍റെ വയറ്റിപിഴപ്പായ കൊച്ചു വള്ളവും വലയും തെക്കേലെ തോമസിന് വിൽക്കുകയായിരുന്നു മുപ്പതിനായിരം രൂപയും കിട്ടി.
ആദ്യമായി ശീതികരിച്ച കടയ്ക്കുള്ളിൽ പോയി ടൈയിട്ട് നിൽക്കുന്ന സുന്ദരൻ ചെക്കനോട് പതിഞ്ഞ സ്വരത്തോടെ പറഞ്ഞു ആകെ നാൽപ്പത്തിയേഴായിരം രൂപയുണ്ട്, ഈ തുകയ്ക്ക് എനിക്കൊരു കൊലുസ്സും കല്ലു വെച്ച മൂക്കുത്തിയും വേണമെന്ന്. ഇരിക്കാൻ പറഞ്ഞിട്ടും അവിടെയിരിക്കുന്ന കസേരയുടെ ഭംഗി കണ്ടപ്പോൾ ഇരിക്കാനും തോന്നിയില്ല, മനസ്സിനാകെ ഒരു വെപ്രാളമായിരുന്നു. ഒടുവിൽ ടൈയിട്ട സുന്ദരൻ സ്വർണ്ണ കൊലുസും മൂക്കുത്തിയുമായി വന്നു എന്‍റെ മുന്നിൽ ഇരുന്നു കണക്കുകൾ നിരത്തി. ജീവിതത്തിന്‍റെ കണക്കു കൂട്ടലുകളുടെ താളം തെറ്റിയ എനിക്ക് അതൊന്നും മനസിലായതുമില്ല. ആ ഉരുപ്പടികളുമായി ഞാൻ നല്ല വസ്ത്രം ധരിച്ച് വൈകുന്നേരം അവളുടെ വീട്ടിലേക്ക് പോയി.
ഇന്ന് അത്താഴ വിരുന്നു സൽക്കരമാണല്ലോ, അവളുടെ വീട്ടിൽ എനിക്ക് ക്ഷണമില്ലാഞ്ഞിട്ടും ഒരു നോക്ക് അവളെ കാണാനും പിന്നെ അവസാനമായി അവൾക്ക് കൊടുക്കുവാനുള്ള സമ്മാനവുമായി അപ്രതീക്ഷിതമായി ഞാനവളുടെ വലിയ വീട്ടിലേക്ക് കയറിച്ചെന്നു. അറബികഥകളിലെ രാജ്ഞിയെപ്പോലെ ഉടുത്തൊരുങ്ങി തോഴിമാരോടൊപ്പം ഇരിക്കുന്ന അവൾക്ക് ഞാൻ വാങ്ങിയ സമ്മാനം കൊടുക്കുമ്പോഴും എന്‍റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. പ്രതീക്ഷിക്കാതെ എന്നെ കണ്ട ഞെരുക്കത്തിലും ഞാൻ നൽകിയ സമ്മാനത്തിലും ആശ്ചര്യം കൊണ്ട് വിടർന്ന അവളുടെ കണ്ണുകളിൽ സന്തോഷം ഞാൻ കാണുന്നുണ്ടായിരുന്നു. എല്ലാമറിഞ്ഞിട്ടും ഒന്നുമറിയാതെ എന്ന ഭാവത്തിലോ... അതുമല്ലെങ്കിൽ നിസ്സഹായതയുടെ നിശബ്ദതയിൽ കരയാതിരിക്കാന്‍ ധരിച്ചിരിക്കുന്ന മുഖം മൂടിയാണോ അതെന്നെനിക്ക് മനസിലാക്കാൻ കഴിയാതെ പോയി.
എന്തൊക്കെയോ എവിടെയൊക്കെയോ നഷ്ടപ്പെടുന്ന ഒരവസ്ഥ. ശ്രുതിമധുരമായ ആ പന്തലിൽ ഒരു അപശ്രുതി പോലെ മനസ്സിന്‍റെ താളം തെറ്റുവാന്‍ തുടങ്ങിയിട്ട് എത്രയോ നാളുകളായിരിക്കുന്നു. അമൂല്യമായതെന്തോ നഷ്ടപ്പെടുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും ഒരുപാട് വൈകിയിരുന്നു. ഇനി അങ്ങോട്ട് ഒരിക്കലും മായ്ക്കാൻ കഴിയാത്ത ഒരു ദുരന്തമാകാൻ പോകുന്ന നഷ്ടം ഇനിയുള്ള കാലം എന്നെ വേട്ടയാടുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.
കടലോരം വൃത്തിയാക്കുന്നതിന്‍റെ ഭാഗമായി വന്ന കോളേജ് കുട്ടികളുടെ കൂട്ടത്തിൽ അവളെ പരിചയപ്പെടുകയും പിന്നീടത് പ്രണയമായി വളരുമ്പോഴും എന്‍റെ കൂട്ടുകാർ പറഞ്ഞതായിരുന്നു
"വലിയ വീട്ടിലെ പെണ്ണുങ്ങൾക്ക് ഇതൊക്കെ ഒരു നേരമ്പോക്ക് മാത്രമാണെടാ...കുറച്ചു കഴിയുമ്പോൾ അവൾ നിന്നെയിട്ടേച്ചും പോകുമെന്ന്"
അന്നവൾ തന്ന ഉറപ്പ്, അത്രമാത്രമായിരുന്നു ....
ഈ ലോകം അവസാനിച്ചാലും എന്നെ വിട്ടുപിരിയില്ലെന്ന് പറഞ്ഞവൾ എല്ലാം നിമിഷ നേരം കൊണ്ടല്ലേ ഇട്ടെറിഞ്ഞു പോയത്.
അവസാനമായി അവളോട് കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞിറങ്ങുമ്പോഴും എന്‍റെ ജീവൻ അവൾക്ക് നല്കിയിട്ട് പോരുന്നത് പോലെയാണെനിക്ക് തോന്നിയതും. നാളെ അവളുടെ വിവാഹമാണ്, പോകണമെന്നുണ്ട് .....പക്ഷെ സാധിക്കുന്നില്ല, മനസ്സനുവദിക്കുന്നില്ല അമ്മേ.....
അവൾ പോകുമ്പോൾ എന്‍റെ ജീവനും കൊണ്ടാണല്ലോ എന്നന്നേക്കുമായി എന്നെ പിരിഞ്ഞു പോകുന്നതുപോലൊരു തോന്നൽ. നഷ്ടസ്വപ്നങ്ങള്‍ അനുസരണയില്ലാതെ പറന്നു നടക്കുന്ന ഈയാംപാറ്റകളെ പോലെ ചിറകടിച്ചെത്തുന്നു...
ഇനിയുള്ള വൈകുന്നേരങ്ങളിൽ ഈ കടലോരത്ത് ഞാൻ ആർക്ക് വേണ്ടിയാണ് കാത്തിരിക്കുക????
തിരമാലകൾ നൃത്തം വെയ്ക്കുന്ന ഈ തീരങ്ങളുടെ സംഗീതം കേട്ട് കണ്ണുകളിൽ നോക്കിയിരിക്കാൻ അവളില്ലല്ലോ അമ്മേ......
അവളുടെ കളിചിരി കൊഞ്ചലുകളും പരിഭവങ്ങളും ഇനിയില്ലല്ലോ അമ്മേ.....
എന്‍റെ മനസ്സിനെ അർബ്ബു്ദം ബാധിച്ചിരിക്കുന്നു അതെനിക്കെന്നുമൊരു തീരാവേദനയാണ് അമ്മേ, അവളുടെ ഓര്‍മ്മകളും പേറി ഈ ലോകത്തോട് മത്സരിച്ചു ജീവിക്കാൻ എനിക്ക് ശക്തിയില്ലമ്മേ...
ഞാനും വരുന്നു എന്‍റെ അമ്മയുടെ മടിത്തട്ടിലേക്ക് മയങ്ങാൻ.... ഞാൻ കടലമ്മയുടെ അടുത്തേയ്ക് പതുക്കെ നടന്നു.
No comments:
Post a Comment