Wednesday, January 3, 2018

പിറവി

പിറവി
★★★★

കാർത്തു ചാണകം മെഴുകിയ തറയിലിരുന്ന് തന്റെ മൂന്നാമത്തെ സന്തതിയായ മീനാക്ഷിയെ മടിയിലിരുത്തി, ഇടത് കൈമടക്കില്‍ തല താങ്ങി മുളം കുറ്റിയിൽ നിന്നും തേൻ വിരലിലൂടെ നാവിലേക്ക് ഇറ്റിക്കുകയായിരുന്നു. കുഞ്ഞുനാവ് കൊണ്ട് നുണച്ച് ഇറക്കുന്നതിനിടയില്‍ അവള്‍ അമ്മയെ ഒന്നുനോക്കി മോണ കാട്ടി പുഞ്ചിരിച്ചു, തേൻ നീട്ടിയ വിരല്‍ത്തുമ്പുകളില്‍ അള്ളിപ്പിടിച്ച് വിടര്‍ന്ന കണ്ണുകളില്‍ കുസൃതി വിരിയിച്ചു. കാർത്തുന്‍റെ മേലാകെ കുളിര് കോരി രോമം എഴുന്നേറ്റ് നിൽക്കുന്നതുപോലെ  തോന്നിച്ചു.
എന്തോ ഓര്‍ത്തിട്ടെന്നപോലെ അവളുടെ മുഖം വാടിയ പൂവുപോലെ ഒളിമങ്ങിപോയി. മനസ്സിനെ നീറ്റിക്കുന്ന ചിന്തകളില്‍ നിന്നും  ചിലത് വിതമ്പലുകളായി പുറത്തേക്ക് ചാടി.
"എന്നാലും എന്‍റെ ഈശ്വരാ....എന്‍റെ ആള്‍ക്ക് ഇങ്ങനെ ഒരു വിധി വരാൻ ഞാനും എന്‍റെ കുഞ്ഞുങ്ങളും എന്തു പിഴച്ചോ ?"

എട്ട് കൊല്ലങ്ങള്‍ക്കു മുന്പാണ് കാർത്തുവിന്റെ കഴുത്തില്‍ രാമനാഥൻ മഞ്ഞചരടില്‍ താലി കോര്‍ത്തു ചാര്‍ത്തിയത്. രണ്ട് പേരുടെയും വീട്ടുകാരും ഒരേ കോളനിയിലെ താമസക്കാരായിരുന്നിട്ടും രാമനാഥനും കാർത്തുവും താലികെട്ടിനു മുമ്പ് പരസ്പരം കണ്ടിട്ടേയില്ലാരുന്നു. പെണ്ണു കാണാന്‍ വന്ന കാരണവന്മാര്‍ കാർത്തുവിനോട് തിരക്കിയത് വെച്ചുവിളമ്പാനും, മുള വെട്ടാനും , കുട്ട ഉണ്ടാക്കാനും മറ്റും അറിയാമോന്നായിരുന്നു. രാമനാഥൻ ആ നേരമെല്ലാം മുറ്റത്തെ മാവിന്ചുവട്ടിൽ നിന്ന്  ബീഡി പുക വലിച്ചൂതി വിടുകയായിരുന്നു.

"അവനെവിടെ ? അവന് അവളോട് ഒന്നും  മിണ്ടേം... പറയുകയും വേണ്ടേ.........അങ്ങനെ വല്ല ആഗ്രഹമുണ്ടോ എന്നൊന്ന് ചോദിച്ചേ .."

കൂട്ടത്തില്‍ വയസ്സ് കൂടിയ മൂപ്പിലാൻ  വിളിച്ചു ചോദിച്ചു .

"ഇല്ലാ ...നമ്മുക്ക് പോകാം .."
ബീഡിക്കുറ്റി പടിവാതിലിൽ കുത്തി അണയ്ക്കുന്നതിനിടയില്‍ രാമനാഥൻ ഗൗരവത്തോടെ പറഞ്ഞു.....

കൂടെ പാർപ്പിക്കാൻ വന്നവനെ നിനക്ക് പിടിച്ചോന്ന്‍ കാർത്തുവിനോട് ഇതുവരെ ആരും ചോദിച്ചില്ല. അതുമാത്രമല്ല പെണ്ണു കാണല്‍ ചടങ്ങിന്റെ ഭാഗമായിരുന്നില്ല. അതുമല്ലെങ്കില്‍ പുറം ലോകത്തിന്‍റെ പരിഷ്കാര ചിഹ്നങ്ങള്‍ പ്രാചീന മനുഷ്യർ ജീവിക്കുന്ന കോളനികളില്‍ കൊടിക്കുത്തി തുടങ്ങിയിരുന്നില്ല എന്ന് പറയുന്നതാകും നല്ലത്.

കല്യാണം കഴിഞ്ഞ്‌ വര്‍ഷം ഒന്നു തികഞ്ഞപ്പോള്‍ കാർത്തൂ കടിഞ്ഞൂല്‍ പ്രസവം നടത്തി. അതിരാവിലെ കിഴക്കേ മലയിൽ സൂര്യദേവൻ പുഞ്ചിരിച്ചെഴുന്നുള്ളിയ നേരത്ത് ജന്മം കൊണ്ട സ്ത്രീജന്മം നമ്മുടെ  വംശത്തിനു ഐശ്വര്യമാണ് എന്ന്  കാരണവന്മാർ പുകള്‍ പറഞ്ഞു. കാർത്തിക നക്ഷത്രത്തിൽ ഭൂജാതയായത് കൊണ്ട് രാമനാഥന്‍റെ അച്ഛൻ, കുഞ്ഞിന് കാർത്തിക എന്ന പേരും നിർദേശിച്ചു. വെളിനാട്ടില്‍ നിന്നുവരുന്ന തടി, മുതലാളി ജയരാജിന്‍റെ കൂപ്പില്‍ പണിയെടുത്തും, ഒഴിവുസമയങ്ങളില്‍ കാട്ടിലെ തേനെടുത്തും രാമനാഥൻ കാർത്തുവിനെയും കുഞ്ഞിനേയും യാതൊരു ബുദ്ധിമുട്ടും അറിയിക്കാതെ നന്നായി വളർത്തി.....

കാർത്തു കാലങ്ങൾക്കുള്ളിൽ പിന്നെയും രണ്ട് കൂടി പെറ്റു. പെറ്റതെല്ലാം പെണ്‍കുട്ടികളും.. 
മൂന്നാമത്തെ പ്രസവും പെണ്ണായപ്പോള്‍ രാമനാഥൻ തന്‍റെ മനോവിഷമം കാർത്തുവിനെ അറിയിച്ചു.......
ദൈവം നമ്മുക്ക് ഒരു ആൺകുഞ്ഞിനെ തരുന്നില്ലല്ലോ ..!?"

"ദൈവം വിധിച്ചത് പെണ്ണായിരിക്കും അതിനു നമ്മുക്ക് എന്ത് ചെയ്യാൻ കഴിയും."
കാർത്തു കണവനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു......

ആ കാലഘട്ടത്തിലാണ് രാമനാഥന്‍റെ സ്വഭാവത്തില്‍ ചില മാറ്റങ്ങള്‍ കണ്ടുതുടങ്ങിയത്. അത് ആദ്യമറിഞ്ഞതും കാർത്തു തന്നെ. സംസാരം വടിവൊത്ത ഭാഷയായി..  പലപ്പോഴും വാചകങ്ങള്‍ക്ക് നീളം കൂടി തുടങ്ങി.. വായ് മൊഴികള്‍ പലതിന്‍റെയും മുന്നില്‍ കാർത്തു വായ്  തുറന്ന് നിന്നു.. തന്‍റെ കൈ പിടിച്ചവന്‍റെ തലയിൽ ഏതോ വലിയ ബാധ കേറിയെന്ന ചിന്തയില്‍ കാർത്തു നെഞ്ചു പൊട്ടി നിലവിളിച്ചു.....

കോളനിയിലെ സ്ത്രീകൾ അടക്കം പറഞ്ഞു തുടങ്ങി:
"അറിഞ്ഞോടി ?..നമ്മുടെ കാർത്തുവിന്‍റെ കണവന് ബാധ കൂടിയെന്നാ കേക്കണത്..... പാവം അവളും മക്കളും എന്ത് ചെയ്തിട്ടാണോ എന്തോ....!"

മൂപ്പന്‍ ചതുര പലകയില്‍ വെളുത്ത കരുക്കള്‍ നിരത്തി കൂട്ടിയും കുറിച്ചും പ്രാർത്ഥനയോടെ പറഞ്ഞു :

"ഉം... !..രക്ഷയില്ല.....വലിയ പുള്ളിയാണ് കേറിയിരിക്കുന്നത്....മാടനാണ് ആള് ..!"

"ഒഴിപ്പിക്കാന്‍ എന്താ വേണ്ടതെന്നു പറ മൂപ്പാ ..?"
രാമനാഥന്‍റെ അച്ഛന്റെ സ്വരം, അങ്ങനെ പറയുമ്പോള്‍ ഇടറിയിരുന്നു......

"ഉം ..കിഴക്കന്‍ മലയിൽ തുള്ളണം ..തുള്ളി ചെന്ന് കാട്ടാറും കടന്ന് മരക്കൊമ്പിലെ തേന്‍ മുളയിലാക്കണം ബാധയെ .. എന്നിട്ട്.. അതില് ഈ പൊടി ചാലിച്ച് ഉള്ളിൽ കൊടുക്കണം.... പേടിക്കണ്ടാ ..മല തുള്ളാന്‍ ആളെ വിടാനുള്ള ഏർപ്പാട് ചെയ്തോള്ളൂ....."

പിന്നീടുള്ള ദിവസങ്ങളില്‍ രാമനാഥൻ കൂപ്പില്‍ പണിക്ക് പോകുന്നത് നിര്‍ത്തി. ഈറ്റക്കൂട്ടങ്ങളോടും , കാറ്റിനോടും കിളികളോടും രാമനാഥൻ ഉച്ചത്തില്‍ സംസാരിച്ചു. ഈറ്റവെട്ടാന്‍ വന്ന പെണ്ണുങ്ങൾ കണ്ണു തുടച്ച് മൂക്കത്ത് വിരല്‍ വെച്ച്‌ ദൈവത്തെ വിളിച്ചു......

ചിലപ്പോളൊക്കെ രാമനാഥൻ മലമുകളില്‍ കയറി ഇരു കൈകളും മേലേയ്ക്കുയര്‍ത്തി ആകാശത്ത് നോക്കി വേദാന്തം പറയുമായിരുന്നു. മലവേടന്മാരെ തടഞ്ഞു നിര്‍ത്തി മൃഗബലി പാപമെന്ന് പറഞ്ഞുകൊണ്ടിരുന്നു... പഴ വര്‍ഗ്ഗങ്ങള്‍ തിന്ന് വിശപ്പടക്കുവാനും, ആറിലെ തെളിനീരു കുടിച്ച് ദാഹമകറ്റാനും അരുളി ചെയ്തുനടന്നു....

അന്ന് രാത്രി കാർത്തുവിനെ കെട്ടിപ്പിടിച്ച് കിടക്കുന്നുറങ്ങുമ്പോൾ രാമനാഥൻ പറഞ്ഞു :

"കാർത്തൂ... ഇനി നമുക്കൊരു ആണ്‍ കുഞ്ഞിനെ വേണം. സൂര്യനെപ്പോലെ പ്രകാശമുള്ള ഒരുവൻ. അവനെ  നീ  പ്രസവിക്കുന്ന ദിവസം ഇടി വെട്ടി മഴ പെയ്യും, പൂക്കള്‍ ചിരിച്ചു വിടരും, കിളികള്‍ ആര്‍പ്പു വിളിക്കും. അവന്‍റെ പിറവിയില്‍ പ്രകൃതി എല്ലാം മറന്നു ആഹ്ലാദിക്കും......!."

"എനിക്കിനി കുഞ്ഞേ വേണ്ടാ .... അടുത്തതും പെണ്ണായിപോയാൽ പിന്നെ നിങ്ങളുടെ അവസ്ഥ.... എനിയ്ക്ക് പേടിയാകുന്നു.. നമ്മുക്ക് ഈ മൂന്നെണ്ണം മതി.... ഇങ്ങക്ക് എന്തീനാ ഈ വാശി.....?"

"അങ്ങനെ പറ്റില്ല കാർത്തൂ..... .എനിയ്ക്കൊരു ആൺകുഞ്ഞിനെ വേണം..... അതെന്‍റെ ഗുരുദൈവമായ ചാത്തൻ പ്രവചിച്ചതാ...... അവന്‍ വെറും ഒരു കുഞ്ഞായല്ല ജന്മമെടുക്കുക..... എല്ലാം തികഞ്ഞവന്‍..... പഴയതും , പുതിയതുമായ എല്ലാ ശാസ്ത്രങ്ങളും, തത്വങ്ങളും തിരുത്തുവാനുള്ളതാണ് അവന്റെ പിറവി..... ഗര്‍ഭത്തിൽ ആയിരിക്കുമ്പോൾ ബ്രഹ്മത്തെ അറിഞ്ഞു വരുന്നവനായിരിക്കും...... തലയ്ക്കു മുകളില്‍ എരിയുന്ന സൂര്യനെപ്പോലെ അവന്‍ മണ്ണില്‍ ജ്വലിച്ചു നില്‍ക്കും...... രക്തം ചൊരിയാതെ അവന്‍ മണ്ണിലെ തിന്മയുടെ കറുപ്പ് മായിക്കും..... . വരും കാലം അവനെ വാഴ്ത്തി പറയും......  നമ്മുടെ പരമ്പരയും നമ്മളേയും അവനിലൂടെ അറിയപ്പെടും..."

"നിങ്ങളുടെ തലയ്ക്ക് ഇപ്പോൾ ചൂട് പിടിച്ചിരിക്കുകയാണ്..... പോയ്‌ക്കോ.....എന്നോട്  ഒന്നും ആക്കാന്‍ നിൽക്കണ്ട..... എനിക്കിനി ആണിനേയും പെണ്ണിനേയും വേണ്ടാ......."

കാർത്തുവിന്‍റെ വിതുമ്പലുകൾ രാമനാഥനെ ശരിക്കും പൊള്ളിച്ചു. അയാള്‍ കിടക്കപ്പായില്‍ നിന്നെഴുന്നേറ്റ്  മുറ്റത്തെയ്ക്കിറങ്ങി. അരണ്ട നിലാവെളിച്ചത്തില്‍ അയാള്‍ ബീഡി കത്തിച്ച് പുകയൂതി
അങ്ങോട്ടും ഇങ്ങോട്ടും നടന്നോണ്ടിരുന്നു.....

പിറ്റേദിവസം പുലരുമ്പോൾ രാമനാഥനെ കാണാതായി.. കാർത്തൂ നിലവിളിച്ചുകൊണ്ട് ഓരോ വീടുകൾ തോറും ഓടി നടന്നു .
മുകളിൽ കേറിക്കാണും..........ഇരുട്ടുമ്പോൾ താനേ തിരിച്ചെത്തും."
രാമനാഥന്‍റെ അച്ഛൻ കാർത്തുവിനെ സമാധാനിപ്പിച്ചു.....

രാമനാഥൻ ആ സമയം മല ഇറങ്ങി നാട്ടുവഴിയിലൂടെ ലക്ഷ്യമില്ലാതെ നടക്കുന്നുണ്ടായിരുന്നു..... കല്ലും, മുള്ളും നഗ്നപാദങ്ങളെ കുത്തി നോവിക്കുമ്പോഴും അയാളെ അലട്ടിയത് സ്വന്തം പുത്രന്റെ ഉജ്ജ്വല പിറവിയെക്കുറിച്ചുള്ള പൊള്ളുന്ന ചിന്തകളായിരുന്നു ..

"കാർത്തൂ അവന് ദിവ്യഗര്‍ഭം നിഷേധിച്ച സ്ഥിതിക്ക് അവന്‍റെ ജീവകോശങ്ങള്‍ ഇനി എവിടെ കൂടിച്ചേരും"?

നടത്തത്തിന്‍റെ വേഗത അയാളുടെ കിതപ്പ് കൂട്ടിക്കൊണ്ടേയിരുന്നു..... മലയിറങ്ങി വരുമ്പോൾ അടിവാരത്തിലെ ഷാപ്പിൽ നിന്നും രണ്ട് കുപ്പി കളളും മോന്തി കൈയിലുണ്ടായിരുന്ന പഴകിയ മുഷിഞ്ഞ നോട്ടുകൾ കള്ളുഷാപ്പുകാരന് കൊടുത്ത് പുറത്തിറങ്ങി യാത്ര തുടര്‍ന്നു.... 

നേരം ഇരുണ്ടു തുടങ്ങിയപ്പോഴേക്കും അയാള്‍ നഗരത്തിലെ റെയിൽവേ സ്റ്റേഷന് മുന്നിലെത്തിയിരുന്നു...  പ്ലാറ്റ്ഫോര്മിലെ ബഞ്ചിലിരിക്കുമ്പോള്‍ അയാള്‍ വീണ്ടും അസ്വസ്ഥനായി..... 
ഉച്ഛത്തിൽ കൂകി വിളിച്ചുകൊണ്ട് ഒരു തീവണ്ടി ഞരങ്ങി നീങ്ങി..... ആയിരം കാലുകളുള്ള ഒരു കുതിര ചിനച്ചു കുതിക്കുന്ന പോലെ അയാള്‍ക്ക്‌ തോന്നി..... 

പെട്ടെന്ന് പിന്നില്‍ നിന്ന് ഒരു തണുത്ത കൈ അയാളുടെ ചുമലില്‍ സ്ഥാനം പിടിച്ചു. അയാള്‍ തല ഉയര്‍ത്തി തുറിപ്പിച്ചു നോക്കി. ഇരു കൈകളും നിറച്ച് പല നിറത്തിലുള്ള കുപ്പിവളകള്‍ അണിഞ്ഞ ഒരു പെണ്‍കുട്ടി. അവള്‍ തിളങ്ങുന്ന പല്ലുകള്‍ കാട്ടി ചിരിച്ചു......

"എന്താ ഒറ്റയ്ക്കിരിക്കുന്നത്.. വരൂ നമുക്ക് അപ്പുറത്തേയ്ക്ക് പോകാം.. അവിടെ മുറിയുണ്ട്.... "

"എന്തിന് ?"
അയാള്‍ നെറ്റി ചുളിച്ചു...

"ഞാൻ പറയാം.... നിങ്ങള്‍ ആദ്യം എന്നോടൊപ്പം വരൂ.... എന്തിനാ പേടിക്കുന്നത് ?.. ഞാനൊരു പെണ്ണല്ലേ ?"

"ആണായാലും പേടിയൊന്നുമില്ല"
അയാളുടെ ശബ്ദം കൂടുതല്‍ പരുക്കനായി

"എങ്കില്‍ വരൂ.."

ഇത്തവണ അവള്‍ കൂടുതല്‍ സ്വാതന്ത്ര്യത്തോടെ അയാളുടെ കൈകളില്‍ പിടിച്ചു വലിച്ചു.
സ്റ്റേഷന്‍റെ പിറകുവശത്തായി കണ്ട നാടോടി കൂടാരങ്ങളിലൊന്നിലേയ്ക്ക് അവള്‍ അയാളെ കൂട്ടിക്കോണ്ടു പോയി. തുണി കൊണ്ട് നാല് വശവും മറച്ച, മുറി പോലെ തോന്നിക്കുന്ന ഒന്നില്‍ അവള്‍ അയാളെ പുല്‍പ്പായില്‍ ഇരുത്തി..... 

പനയോല നെയ്തുണ്ടാക്കിയ വാതില്‍പ്പാളി ചാരി അവള്‍ അയാള്‍ക്കരികിലിരുന്നു. അരണ്ട വെളിച്ചത്തില്‍ ഇരുവര്‍ക്കും കാഴ്ച അവ്യക്തമായിരുന്നു....

'ഇനിയെന്ത് 'എന്ന മട്ടില്‍ അയാള്‍ അവളെ നോക്കി.
അവള്‍ ചിരിച്ചു കൊണ്ട് അയാളെ തന്നിലേക്ക് അടുപ്പിച്ചുകൊണ്ട് കഴുത്തില്‍ കൈകള്‍ കോര്‍ത്ത്‌ മെയ്യോടു ചേര്‍ത്ത് പുല്പ്പായിലേയ്ക്ക് ചരിഞ്ഞു. അയാളുടെ ക്ഷൗരം ചെയ്യാത്ത മുഖത്ത് അമര്‍ത്തി ചുംബിക്കുമ്പോള്‍ അവള്‍ സൂചിമുനയേറ്റപോലെ ഞരങ്ങി. ഞരമ്പുകളില്‍ കാട്ടു കടന്നല്‍ കുത്തുന്നപോലെ രാമനാഥനും തോന്നി. അവളെ മാറിലേയ്ക്ക് വലിച്ചടുപ്പിച്ച് ചെഞ്ചുണ്ടില്‍ ചുംബിക്കാനൊരുങ്ങവേ കാതുകളില്‍ ഗുരുദേവനായ ചാത്തന്റെ  ഇടിമുഴക്കം കേട്ടു.

"രാമനാഥാ....... നിന്റെ തേജസ്വരൂപന്റെ പിറവിയ്ക്ക് വിളനിലം ഇതല്ല..... ഇതു വെറും പാഴ് മണ്ണ് .. നിന്‍റെ ഊര്‍ജ്ജവും സമയവും ഇവിടെ പാഴാക്കാനുള്ളതല്ലെന്നോര്‍ക്കുക ..!"

പിന്നീടെല്ലാം മിന്നല്‍ വേഗതയിലായിരുന്നു..... അയാള്‍ ശക്തിയോടെ അവളെ തള്ളി മാറ്റി..... പെണ്‍കുട്ടി ആകെ അങ്കലാപ്പിലായി ..

" എന്തു പറ്റി ..എന്താ എന്നെ ഇഷ്ടമായില്ലേ ?"
അവള്‍ വീണ്ടും അയാള്‍ക്ക്‌ നേരേ കൈ നീട്ടി.....പൊടുന്നനെ അയാള്‍ വാതില്‍ വലിച്ചു തുറന്ന് ശരവേഗതയില്‍ പുറത്തേയ്ക്ക് പാഞ്ഞു .

"നാശം.....താടീം മീശേം കണ്ടപ്പോഴേ തോന്നിയതാ...... ഇതു ശരിയാകില്ലെന്ന്.. കുളിക്കാത്ത നാറി........ ഇവനൊന്നും ഗുണം പിടിക്കില്ല ഒരിക്കലും !"
അവള്‍ കൈവിട്ടുപോയ  ഇരയെ മനസ്സറിഞ്ഞു ശപിച്ചു......!. 

രാമനാഥൻ അപ്പോഴേക്കും കിലോമീറ്ററുകൾ പിന്നിട്ടിരുന്നു .
ലക്ഷ്യബോധമില്ലാതെയുള്ള യാത്ര അയാളെ ഒരു നദിക്കരയില്‍ എത്തിച്ചു. അവിടെ ഏറെ നേരം അയാള്‍ കണ്ണടച്ചു നിന്നു. ആ നില്‍പ്പില്‍ അയാള്‍ തന്‍റെ മുന്‍ ജന്മങ്ങളിലൂടെ സഞ്ചരിച്ചു. ജന്മ പാപങ്ങളും, മരണവും മാറി മറിഞ്ഞ് ഒടുവില്‍ രാമനാഥനിലെത്തിയപ്പോള്‍ അയാള്‍ കണ്ണു തുറന്നു.....

"അമ്മേ, ഞാന്‍ ഒടുവില്‍ സഹായഹസ്തം തേടി നിന്‍റെ മുന്നിലെത്തിയിരിക്കുന്നു. ഒരുപാടലഞ്ഞു..... ഇഴ പിരിഞ്ഞ വഴികള്‍ പലതും താണ്ടി. ഒടുവില്‍ നിന്റെ മുന്നിലേയ്ക്ക് തന്നെ നേര്‍ വഴി തുറന്നു കിട്ടി ".
അയാള്‍ നദിയിലെ ജലം കൈയിൽ കോരി മുഖം കഴുകി.....

"ആദി ജീവന്‍റെ പ്രഭവ കേന്ദ്രമായി ഭവിച്ച മാതൃ ഗര്‍ഭമേ..
ഈയുള്ളവനെ നിന്നിലര്‍പ്പിക്കുന്നു .. ഇവനെ നിന്നിലേയ്ക്കു തിരിച്ചെടുത്ത്‌ പരിണാമങ്ങളുടെ രഹസ്യ അറകളില്‍ ആറ്റിക്കുറുക്കി വീണ്ടുമൊരുജ്ജ്വല പിറവിയ്ക്ക് കളമൊരുക്കിയാലും....."

രാമനാഥൻ കാലു കൊണ്ട് നദിയുടെ ആഴമൊന്നളന്നു. പിന്നെ നദി രാമനാഥനെ സ്വയം തന്നിലേയ്ക്കു അളന്നു ചേര്‍ത്തു..... ഉടല്‍ മുഴുവന്‍ മാതൃ ഗര്‍ഭത്തില്‍ ലയിച്ചപ്പോള്‍ രാമനാഥന്‍റെ  ഭൗതികചേതന പ്രാണഗതി തേടി മുകള്‍ തട്ടിലെത്തി കുമിളകള്‍ തീര്‍ത്തുകൊണ്ടിരുന്നു....... കൂട്ടത്തിൽ അരയിൽ സൂക്ഷിച്ച കറുപ്പിന്റെ പൊതികൾ വെള്ളത്തിൽ പൊങ്ങിക്കിടന്നു.

വീട്ടിലപ്പോഴും കാർത്തൂ നിലവിളിച്ചു കരയുന്ന മീനാക്ഷിയുടെ നാവിലേയ്ക്കു മുളംകുറ്റിയിൽ നിന്നും വിരൽത്തുമ്പിലൂടെ തേനിറ്റിയ്ക്ക്ന്നുണ്ടായിരുന്നു......

'എന്നെ പൊളളിച്ച വേനലുകളുടെ വേദന ശമിപ്പിക്കുവാനായി..'


ഒരിക്കൽ അവളെന്നോട് പറഞ്ഞു,

'നീയൊരു പർവ്വതമായി മാറണമെന്ന്, അതും ആർക്കും എത്തിപ്പെടാൻ കഴിയാത്ത ഒരിടത്ത് മാനം തൊട്ട് തലോടി വേണം നീ സ്ഥിതി ചെയ്യേണ്ടത്.'

എന്തിന് വേണ്ടി എന്ന ചോദ്യശരം മനസ്സിൽ ഇന്നും സൂക്ഷിക്കുന്നുണ്ട്. എല്ലാം ഉളളിൽ ഒതുക്കി ഞാൻ.... മൂളി കേട്ടു.....

അവൾ വീണ്ടും തുടർന്നു,
'ഞാൻ സ്വയം ഒരു മരമായി മാറും എന്നിട്ട് വേരുകളാൽ നിന്റെ ഹൃദയം മുഴുവൻ കുടിച്ചു തീർക്കും.'

മനസ്സിൽ ഞാൻ കരുതി,
'ഇവൾക്ക് ഇത് എന്നാ പറ്റി... വല്ല ബാധയും കയറിയോ ഫുൾ ഫിലോസഫി ആണല്ലോ.... ഒടുക്കത്തെ ഭാവനയും.... എന്തായാലും വിഷമിപ്പിക്കണ്ട എന്ന് കരുതി.... ഞാൻ പിന്നെയും മൂളി കേട്ടു.'

'തലയെടുപ്പുള്ള നിന്നിൽ ഞാൻ നിനേക്കാൾ ഉയരത്തിൽ തലയെടുപ്പോടെ ഒരു രാജ്ഞിയെ പോലെ നിൽക്കും.'

'ആഹാ കൊള്ളാല്ലോ നിന്റെ ആഗ്രഹം.'
അത് ഞാൻ സാധിച്ചുതരാം.... നീ ആഗ്രഹിച്ചതല്ലേ....
അങ്ങനെ,
സ്വയം ഞാൻ ഒരു പർവ്വതമായി മാറി 'അവൾക്കു വേണ്ടി'...

കുറച്ചു നാളുകൾക്ക് ശേഷം....

ഹൃദയം മുഴുവനായും കുടിച്ച് തീർത്ത് മടുത്തപ്പോൾ അവൾ മാനത്തെ സ്നേഹിച്ചു തുടങ്ങി. പിന്നീടവൾക്ക് പറക്കണമെന്ന് തോന്നി....
അങ്ങനെ,
മരമായി വേരുകൾ ഊന്നിയവൾ കടപുഴകി ഒരു ശലഭമായി മാറി....
ചിറകുകൾ വിരിഞ്ഞപ്പോൾ അവൾ പറന്നും പോയി...

അവൾക്ക് വേണ്ടി പർവ്വതമായി മാറിയ ഞാനോ ഇന്നും വേനലുകൾ അടർത്തി മാറ്റാൻ കഴിയാത്ത കിനാക്കളെ, 
സ്വയം കുഴിച്ചു മൂടിയ കുഴിമാടത്തിൽ നനവുകളെ തേടുന്നു.....

'എന്നെ പൊളളിച്ച വേനലുകളുടെ വേദന ശമിപ്പിക്കുവാനായി..'

ശവപ്പറമ്പിലെ കാവൽക്കാരി

നിങ്ങൾക്കെന്നെ നന്നായി 
അറിയാം...
എനിക്കെന്നെയാണ് അറിയാതെ 
പോയത്...

ശവപ്പറമ്പിലെ കാവൽക്കാരി 
അവളാണ് ഇനി എന്‍റെ
കൂട്ടുകാരി.....

ഇനി എന്‍റെ മനസ്സ് 
അറിയാൻ കഴിയുന്നത് 
അവൾക്കുമാത്രമായിരിക്കും....

അവൾക്കിന്നു ഞാൻ 
എന്‍റെ മനസ്സിന്‍റെ താക്കോൽ 
കൈമാറുകയാണ്.....

വിലാപങ്ങളും 
പ്രാർത്ഥനകളും അന്തരീക്ഷത്തിൽ 
ഉയരുമ്പോൾ അവൾക്കറിയാം 
തന്‍റെ വരവറിയിച്ചു ശവങ്ങൾ എഴുന്നുള്ളുന്നുണ്ടെന്ന്......

അവളുടെ മുഖം 
സൂര്യനെ പോലെ പ്രകാശഭരിതമാണിന്ന്
അവളുടെ അടിവസ്ത്രങ്ങൾക്കിടയിൽ 
ശൂന്യതയിൽ തിരുകി വെക്കാൻ 
കുറച്ചു നോട്ടുകൾ കിട്ടും...
അതുപോലെ,
വീട്ടിലെ അടുപ്പെരിയുകയും ചെയ്യും....

ഇന്നെന്‍റെ ചിന്തകൾ 
ആളിക്കത്തുമ്പോൾ 
അവൾക്കുത്സവമാണ്....
ഇനി ഒരിക്കലും തിരിച്ചുകിട്ടാത്ത 
നിമിഷങ്ങളാണ് അതെന്നുള്ള 
തിരിച്ചറിവ് നൽകുന്ന സന്തോഷം.......

സന്തോഷം 
അവളുടെ നയനങ്ങളെ വന്യമായി 
പൊള്ളിക്കാറുണ്ട്....
ഭ്രാന്തമായ അഭിനിവേശത്തിനൊടുവില്‍
തളര്‍ന്ന് വീഴുമ്പോള്‍ 
അവളുടെ മനസ്സും 
താളം തെറ്റിപോയിട്ടുണ്ടാകും......

അവളുടെ മനസ്സു 
അവൾക്കറിയാൻ കഴിയില്ലെങ്കിലും 
ഇന്നെനിക്കറിയാൻ കഴിയുന്നുണ്ട്....
അവളുടെ കണ്ണുകളിൽ നിറയെ ശവങ്ങളാണിന്ന്....
മലർന്നു കിടക്കുന്ന...
വെള്ളയിൽ പൊതിഞ്ഞ 
കുറേ ശവങ്ങൾ...

<3
വിനയൻ.

ഉടയുന്ന വിഗ്രഹം

ഉടയുന്ന വിഗ്രഹം 
================

ജങ്കാർ സർവീസ് മുടങ്ങിയത് കൊണ്ടായിരുന്നു. വല്ലാർപ്പാടത്തേക്ക് എറണാകുളം ഹൈക്കോർട്ട് വഴി പോകേണ്ടി വന്നത്. ജങ്കാർ ഉണ്ടെങ്കിൽ മൂന്ന് കിലോമീറ്റർ കൊണ്ട് ഓഫീസിൽ എത്താം. ഇതിപ്പോൾ മുപ്പതോളം കിലോമീറ്റർ ചുറ്റി കറങ്ങണം. സമയ നഷ്ടവും ഇന്ധന നഷ്ടവും പിന്നെ വെയിലും കൊള്ളണം. പോകാതിരിക്കാൻ പറ്റില്ലല്ലോ. സുഖമമായ യാത്ര തകരാറിലാക്കിയ ബോട്ട് സെർവിസിനെ കുറ്റം പറഞ്ഞുകൊണ്ട് എറണാകുളം വഴി യാത്ര ആരംഭിച്ചു. പോകുന്ന വഴിയിൽ ഓണകച്ചവടക്കാർ ഓണം കഴിഞ്ഞിട്ടും നിരത്തിലെ കച്ചവടം തകർക്കുകയാണ്. ബ്ലോക്കിൽ നിൽക്കുമ്പോൾ കണ്ണുകൾ വെറുതെ വഴിയോര കച്ചവടക്കാരിലേക്ക് ഓടി നടന്നു. പലവർണ്ണങ്ങളിൽ വസ്ത്രങ്ങൾ , വീട്ടു സാധനങ്ങൾ , പലഹാരങ്ങൾ എല്ലാം കച്ചവടത്തിൽ ഉണ്ട്. കുറച്ചു അകലെ നിന്നും കാതുകളിലേക്ക് ഒരു ശബ്ദം വന്നു പതിക്കുന്നു....

'ദൈവത്തിന് വെറും മൂന്നൂറ് രൂപ'....'ദൈവത്തിന് വെറും മൂന്നൂറ് രൂപ'.....'വലിയ ദൈവത്തിന് അറുന്നൂറ് രൂപ.'

അതാരാണപ്പോ ദൈവത്തിന് വിലയിട്ടേക്കുന്നത്..... സംഭവം കൊള്ളാലോ ഒന്ന് നോക്കിയേക്കാം എന്ന് കരുതി. സിഗ്നൽ വീണപ്പോൾ ഞാൻ ശബ്ദം കേട്ട ഭാഗത്തേക്ക് ബൈക്ക് ഒതുക്കി. ഒന്ന് രണ്ട് കുട്ടകൾ നിറയെ പല വർണ്ണങ്ങളിൽ തിളങ്ങി നിൽക്കുന്ന കൃഷ്ണവിഗ്രഹങ്ങൾ. അവയുടെ ഭംഗി ഞാൻ നന്നായി ആസ്വദിച്ചു. കൈയിൽ ഓടക്കുഴലും തിരുമുടിയിൽ പീലികൾ ചാർത്തി കള്ള കൃഷ്ണൻ വെയിലത്ത് അങ്ങനെ തിളങ്ങി നിൽക്കുകയാണ്. കൃഷ്ണന്റെ രാധയെപോലെ കൃഷ്ണനെ പോലെ ശ്യാമ വർണ്ണത്തിൽ തിളങ്ങി നിൽക്കുകയാണ് കലാകാരിയായ ആ പെൺകുട്ടിയും..... അവളാണ് ദൈവത്തിന് വിലയിട്ട് കച്ചവടം പൊടിപൊടിക്കുന്നത്.....

ചേട്ടാ.... നല്ല വിഗ്രഹങ്ങൾ ആണ് കണികണ്ടുണരാമെന്നും......
ദിവസം സന്തോഷവും ഐശ്വര്യവും നിറഞ്ഞതാകും.... പ്രതീക്ഷയുടെയും അതുപോലെ യാചനയുടെയും സ്വരം ഒരുപോലെ എനിയ്ക്ക് അവളിൽ നിന്നും കേൾക്കാൻ കഴിഞ്ഞു.....

ആവശ്യമില്ലെങ്കിലും.... ഞാൻ വെറുതേ ഒരു കൗതുകത്തിന് വേണ്ടി അവളോട് ചോദിച്ചു.....

ദൈവത്തിന് മൂന്നൂറു രൂപയാണോ വില ?

ചേട്ടാ.... ഈ വിഗ്രഹം മുന്നൂറ് രൂപയേ ഉള്ളൂ.... വലുതിന് അറുന്നൂറ് രൂപയും......
കൂട്ടത്തിൽ വലിയ ഒരു വിഗ്രഹം അവൾ എനിയ്ക്ക് നേരെ നീട്ടി.....

അമ്പടി കേമി...... ദൈവത്തിന് വില സ്വയം നിശ്ചയിച്ചു കച്ചവടം നടത്തുന്ന ഇവൾ ആള് കൊള്ളാല്ലോ ? എന്ന് ഞാൻ ചിന്തിച്ചു നിൽക്കുമ്പോൾ എന്‍റെ പ്രതികരണത്തിനായി ആകാംക്ഷയോടെ  അവൾ കാത്ത് നിൽക്കുകയായിരുന്നു......

മൗനം ഭേദിച്ചുകൊണ്ട് അവൾ വീണ്ടും തുടർന്നു,
ചേട്ടാ... വില കൂടുതൽ ആണെങ്കിൽ ഞാൻ കുറച്ചുതരാം.......

അതല്ല കാര്യം .. സത്യം പറഞ്ഞാൽ എനിക്ക്‌ വിഗ്രഹം വേണ്ട..... 
ആത്മാർത്ഥമായി പറഞ്ഞാൽ എനിയ്ക്ക് നല്ല  ചിരി വന്നു. ദൈവത്തിന്‍റെ വില കൂടുതലാണേൽ കുറക്കാമെന്ന്..  കുറച്ചു നേരത്തേക്കാണെങ്കിലും നമ്മുക്ക് ദൈവങ്ങളുടെ വില നിശ്ചയിക്കാനും കൂട്ടാനും കുറയ്ക്കാനും കഴിയുമല്ലേ..... ദൈവങ്ങളുടെ വില നിശ്ചയിക്കാൻ കഴിവുള്ളവൻ......!!! അങ്ങനെ ഓരോന്നും ഓർത്തപ്പോൾ എന്റെ മനസ്സാകെ ഒന്ന് കുളിർത്തു.. പക്ഷെ, അവളുടെ മുഖം മ്ലാനമായി.....

മനസ്സിൽ നിരാശ ഉണ്ടെങ്കിലും അവൾ അത് പുറത്ത് കാണിക്കാതെ. വിഗ്രഹങ്ങളുടെ നിർമ്മാണ പ്രക്രിയകൾ ഓരോന്നും വർണ്ണിച്ചു അതിലെ കഷ്ടപ്പാടുകൾ അവളിൽ തികഞ്ഞ ഒരു ബിസിനസ് മേക്കറെ ഞാൻ കണ്ടും കേട്ടുമറിഞ്ഞു.....

അവൾ ചോദിച്ചു,
ചേട്ടന്‍റെ പേരെന്താ ?

വിനയൻ. 

വിനയമുള്ള ചേട്ടാ..... ചേട്ടന് എന്തായാലും ഈ വിഗ്രഹം ആവശ്യമുണ്ടാകും പൂജാ മുറിയിൽ വെക്കാലോ ? കണി കാണാലോ..... കൃഷ്ണ ജയന്തി വരികയല്ലേ.......

അതിന് ഞാൻ ക്രിസ്ത്യാനിയാണല്ലോ കുട്ടീ.....

കള്ളൻ ആണ് നിങ്ങൾ കൃഷ്ണനെ പോലെ കള്ളൻ..... വിനയൻ എന്ന പേര് ഹിന്ദുക്കൾക്ക് ഉള്ളതല്ലേ..... വാങ്ങേണ്ടെങ്കിൽ വാങ്ങണ്ട.... കള്ളം പറയരുത്.......

ശരി.... ഞാൻ സമ്മതിച്ചു ഞാൻ കള്ളനാണ്...... വലിയ കള്ളൻ......
അവളുടെ നിഷ്കളങ്കതയ്ക്ക് മുന്നിൽ എന്‍റെ സത്യാവസ്ഥ ഞാൻ പറഞ്ഞില്ല......... ലൈസൻസ് എടുത്ത് കാണിച്ചു കൊടുക്കണമെന്നുണ്ടായിരുന്നു....... എന്തോ എനിക്കതിന് കഴിഞ്ഞില്ല.....

ഇതൊക്കെ ആരാണ് ഉണ്ടാക്കുന്നതെന്ന് വെറുതെ അവളോട് ചോദിച്ചു......

'ഞാൻ തന്നെയാണ് വിനയൻ ചേട്ടാ..... അച്ഛൻ പഠിപ്പിച്ചതാ.....'

'എന്നിട്ട് എവിടെ അച്ഛൻ ?'

'കിടപ്പിലാണ്..... തലകറങ്ങി വീണതാണ്....പിന്നെ എഴുന്നേറ്റില്ല....'

'വിനയേട്ടാ ഒരു പ്രതിമ വാങ്ങൂ പ്ലീസ്'

വഴിവക്കിലെ ആ മിടുക്കി കച്ചവടക്കാരി എന്‍റെ ആരൊക്കെയോ എന്നൊരു തോന്നൽ വെറും പതിനഞ്ച് മിനിറ്റ് കൊണ്ട് ആയതുപോലെ തോന്നി എനിയ്ക്ക്......

'ആട്ടെ അതൊക്കെ പോട്ടെ എന്താ ബിസിനസുകാരിയുടെ പേര് ?'

'മീര..'

'ആഹാ കണ്ണന്‍റെ മീര ആണല്ലോ.....'
മീര ഞാൻ പറഞ്ഞത് സത്യമാണ് എനിക്ക് ഈ വിഗ്രഹം ആവശ്യമില്ല..... വീട്ടിലെ പ്രാർത്ഥനാമുറിയിൽ ഇതിലും വലിയ യേശുവും , മേരിയും , ജോസഫും , അന്തോണിയും , സെബസ്റ്റിയാനോസും എല്ലാമുണ്ട്..... അവരെയൊക്കെ എത്ര വില കൊടുത്ത് വാങ്ങിയതാണെന്ന് എനിയ്ക്കറിയില്ല......

'എങ്കിൽ വിനയേട്ടന് ഈ വിഗ്രഹം... മറ്റാർക്കെങ്കിലും സന്തോഷത്തോടെ എങ്കിലും കൊടുത്തൂടെ.'

ഇവൾ എന്നെ വിടുന്ന ലക്ഷണമില്ല എന്നാ തോന്നുന്നത്. കൗതുകത്തോടെ എത്തി നോക്കി ആകെ ആപ്പിലായ അവസ്ഥയിലുമായി......

മനസ്സിലാ മനസ്സോടെ മീരയ്ക്ക് വേണ്ടി.... ഞാൻ ഒരു കൊച്ചു കൃഷ്ണവിഗ്രഹം വാങ്ങി......

'വിനയേട്ടൻ ഇരുന്നൂറ് രൂപ തന്നാൽ മതി...ഇത്രയും നേരം എന്നോട് സംസാരിച്ചതല്ലേ...'

മനസ്സിൽ ഒരു നീറ്റൽ......
മറ്റൊന്നും ആലോചിക്കാതെ അറുന്നൂറ് രൂപ എടുത്തവൾക്ക് കൊടുത്തു.......

'വിനയേട്ടാ ഇത് കൂടുതലുണ്ട്......'
അവൾ വേഗം ചാടി എണീറ്റു.... എനിയ്ക്കിത്രയും വേണ്ടാ....'

വിഗ്രഹം ബാഗിനുള്ളിലാക്കി.....
'അച്ഛന് വയ്യാ എന്നല്ലേ പറഞ്ഞത്.......അതുമല്ല ഒരുപാട് വെയില് കൊള്ളുന്നതല്ലേ..... എന്നോട് സംസാരിച്ചു കഷ്ടപ്പെട്ടതല്ലേ... അതിരിക്കട്ടെ കുട്ടി...... നിറഞ്ഞ മനസ്സോടെ നൽകിയതാണ്......'

'ഞാൻ നേരത്തെ പറഞ്ഞില്ലേ..... നിങ്ങൾ കള്ളനാണ്.... ശരിക്കും കള്ളൻ.....'

അവളുടെ മുഖത്തെ സന്തോഷവും പ്രസരിപ്പും കണ്ടു..... അവളോട് യാത്ര പറഞ്ഞു...... തിരക്കിലൂടെ ഞാൻ മറഞ്ഞു....

ഓഫീസിലെത്തി....തിരക്ക്.......
ഉച്ചകഴിഞ്ഞപ്പോൾ അവളുടെ മുഖം മനസ്സിലേക്ക് ഓടിയെത്തി....... വിഗ്രഹം പുറത്തെടുത്ത് അവളുടെ കരവിരുത് നന്നായി ആസ്വദിച്ചു..... നല്ല ജീവനുള്ള വിഗ്രഹം......... 
'എങ്കിൽ വിനയേട്ടന് ഈ വിഗ്രഹം... മറ്റാർക്കെങ്കിലും സന്തോഷത്തോടെ എങ്കിലും കൊടുത്തൂടെ.' അവളുടെ വാക്കുകൾ മനസ്സിലേക്ക് ഓടിയെത്തി.......
വീണ്ടും ഒരു കൗതുകം.....
പോകുന്ന വഴി അവളെ കാണുകയാണെങ്കിൽ അവൾക്ക് തന്നെ കൊടുത്തേക്കാം.......

ഷിഫ്റ്റ് കഴിഞ്ഞു ഞാൻ ഇറങ്ങി......
വരുന്ന വഴിയിൽ അവൾ ഇരിക്കുന്ന സ്ഥലത്ത്.... നല്ല തിരക്കുണ്ട്......... കച്ചവടം തകർക്കുയാണ് അവൾ എന്ന്  കരുതി..... ബൈക്ക് അപ്പുറം പാർക്ക് ചെയ്തു റോഡ് ക്രോസ് ചെയ്തു.... ഞാൻ അവളുടെ അടുക്കലെത്തി.....

ചിന്നി ചിതറി കിടക്കുന്ന വിഗ്രഹങ്ങൾ അവയിലൊക്കെ ചോരയുടെ നിറം..... മഞ്ചാടി മണികൾ പോലെ ചിന്നി ചിതറിയ തലച്ചോറിന്റെ അരികൾ..... അത് അവളുടെയായിരിക്കുമോ ? ദൈവമേ..... അതോ വിഗ്രഹങ്ങളുടെയോ...... കൂടി നിന്നവരിൽ ഞാൻ ആരാഞ്ഞു എന്താണ് പ്രശ്നമെന്ന്......
സമനിലതെറ്റിയ ഡ്രൈവറും വാഹനവും ഫുട്പാത്തിലേക്ക് കേറിയിറങ്ങി പോലും...... ഈ വിഗ്രഹങ്ങൾ വിറ്റിരുന്ന പെൺകുട്ടി സ്പോട്ടിൽ മരിച്ചു........ ആംബുലൻസ് വന്ന് ബോഡി കൊണ്ടുപോയി........ ഡ്രൈവർ മദ്യപിച്ചിരുന്നു..... പോലീസ് കൊണ്ടുപോയിട്ടുണ്ട്......

ഒരു ജീവിതമാണ് പൊലിഞ്ഞുപോയത്..... അവൾ വഴി അവളുടെ കുടുംബത്തിന്‍റെ..... ഇനി അവളുടെ അച്ഛന് ആരാണ് സഹായം..... മനസ്സ് കുറച്ചു നേരത്തേക്ക് കൈവിട്ടു പോയി...... കൈയിലിരിക്കുന്ന വിഗ്രഹം പൊതിഞ്ഞ കടലാസിൽ നനവ് പറ്റുന്ന പോലെ.......
കരഞ്ഞു കൊണ്ട് എന്‍റെ കൈപ്പിടിയിൽ നിന്നും ഊർന്നിറങ്ങിയ കൊച്ചുകൃഷ്ണൻ അവന്‍റെ അമ്മയുടെ അടുക്കലേക്ക് കരഞ്ഞുകൊണ്ട് യാത്രയായി.......

മനസ്സ് കല്ലാക്കി... ഞാൻ തിരിഞ്ഞു നടക്കുമ്പോൾ......
പുറകിൽ നിന്നും മീരയുടെ ശബ്ദം അലയടിക്കുന്നുണ്ടായിരുന്നൂ......

'വിനയേട്ടാ.....'
'കള്ളനാണ് നിങ്ങൾ കള്ളൻ..'

പെയ്തൊഴിയാതെ


പെയ്തൊഴിയാതെ
**********************
നീ എത്തിയല്ലേ വിനുവേട്ടാ,
എത്ര നേരമായി ഞാൻ ഈ ആൾക്കൂട്ടത്തിൽ നിന്നെ തിരയുന്നു. കാത്തിരുന്നു കാത്തിരുന്നു ഞാൻ മടുത്തൂ, എങ്കിലും എനിക്കൊരു വിശ്വാസമുണ്ടായിരുന്നു നീ ഉറപ്പായും വരുമെന്ന്. താമസിച്ചപ്പോൾ ഞാൻ കരുതി ഒരുപക്ഷെ നീ വരില്ലായിരിക്കുമെന്ന് ? നിന്നെ കാണാതെ പോകേണ്ടി വരുമല്ലോ എന്നോർത്ത് കുറച്ചൊന്നുമല്ല മനസ്സ് പിടഞ്ഞത്. വിനുവേട്ടന് എന്നും തിരക്കല്ലേ... ആ തിരക്കിനിടയിലും എന്നെ സ്നേഹിക്കുന്ന ഒരു ഹൃദയം ഉള്ളിന്‍റെയുള്ളിൽ ഉണ്ടെന്നെനിക്കറിയാം. അതുകൊണ്ട് എത്ര വൈകിയാലും വരുമെന്ന് എനിയ്ക്കറിയാമായിരുന്നു....!!! 

വിനുവേട്ടാ , എന്‍റെ വീട്ടിലേക്ക് വരാൻ നിനക്കെന്തിനാ ഇവളുടെ കൂട്ട് ? അതും ഈ മഴയത്ത് ? എന്തിനാ നീ അവളെ കൂടി ബുദ്ധിമുട്ടിച്ചത് ? ഒറ്റയ്ക്ക് വന്നാൽ പോരായിരുന്നില്ലേ ? ഇന്നെങ്കിലും ? ഞാനും വിനുവേട്ടനും മാത്രമുള്ള നമ്മുടെ മാത്രമായ ലോകം അവിടെ നമ്മുടെ പ്രണയം , എന്നും ഞാനും വിനുവേട്ടനും മാത്രം അറിഞ്ഞിരുന്ന വർണ്ണിക്കാൻ കഴിയാത്ത ഭംഗിയുള്ള ഒരു രഹസ്യമായിരുന്നില്ലേ അത്... ഒരാളെയും അറിയിക്കാതെ തൊട്ടടുത്തിരുന്ന സുഹൃത്തുക്കളെ പോലും അറിയിക്കാതെ നമ്മൾ കൊണ്ടുനടന്ന നമ്മുടെ മാത്രം രഹസ്യം...!! അതും പരസ്യമാക്കി വീട്ടിൽ മമ്മിയേയും പപ്പയേയും  അനിയത്തിമാരെയും അറിയിച്ചു വിവാഹം ആലോചിച്ചതും വിനയേട്ടനായിരുന്നില്ലേ.....!! ഞാൻ ഒരു മുസ്‌ലീം ആയിട്ട് കൂടി എന്നെ സ്വീകരിക്കാൻ അവർ മനസ്സ് കാണിച്ചതും , വിനയേട്ടന് എന്നോടുള്ള സ്നേഹം കൊണ്ട് മാത്രമല്ലേ....!!!
എനിയ്ക്ക് കുറേ കൂടി പ്രണയിക്കണമെന്നുണ്ടായിരുന്നു വിനയേട്ടനെ...!!!

വിനയേട്ടന് പ്രിയപ്പെട്ടതെല്ലാം ഞാനിന്ന് അണിഞ്ഞിട്ടുണ്ട്. ഞാവൽപ്പഴത്തിന്‍റെ നിറമുള്ള സൽവാർ അതും വിനയേട്ടൻ വാങ്ങി തന്നതുതന്നെ...!!! കറുത്ത നീളൻ പൊട്ട് , കാറ്റിൽ പാറി പറക്കുന്നതുപോലെ അഴിച്ചിട്ടിരിക്കുന്ന നീളൻ തലമുടികൾ , നിനക്കേറെ ഇഷ്ടമുള്ള  എന്‍റെ കണ്ണുകൾ മഷി എഴുതിയിട്ടുമുണ്ടിന്ന് ഞാൻ. ദേ നോക്കിയേ കാലിലിട്ടിരിക്കുന്ന കൊലുസുകൾ ഇത് കാണാഞ്ഞിട്ട് എത്ര പ്രാവശ്യം എന്നെ വഴക്ക് പറഞ്ഞിട്ടുണ്ട്. നിനക്ക് പ്രിയപ്പെട്ടതെല്ലാം ഞാൻ എന്നും എന്‍റെ നെഞ്ചോട് ചേർത്തുകൊണ്ട് നടന്നിട്ടേയുള്ളൂ. ഒരിക്കൽ പോലും ഞാൻ അതൊന്നും മാറ്റി നിർത്തിയിട്ടുമില്ല......!!!

നാം ഒരുമിച്ചുള്ള ഓരോ നിമിഷങ്ങൾക്കും ഭ്രാന്തമായ പ്രണയത്തിന്‍റെ സൗന്ദര്യം ഉണ്ടായിരുന്നു. ഇപ്പോൾ വീണ്ടും ആ സൗന്ദര്യം പതിന്മടങ്ങു എന്നിലേക്ക് എവിടെനിന്നോ വീണ്ടും ഒഴുകി വന്നതുപോലെ തോന്നുന്നു. വിനുവേട്ടാ നോക്കൂ ഈ പ്രകൃതിയും നമ്മുക്കൊപ്പം ചേർന്ന് ഈ നിമിഷത്തെ എത്ര സുന്ദരമാക്കുന്നു. നമ്മുക്ക് വേണ്ടി പെയ്യുന്ന ഈ മഴ അതിന് സാക്ഷിയല്ലേ. ഈ സുഖമുള്ള തണുപ്പ് നീ അറിയുന്നില്ലേ. നമ്മൾ ഒരുമിച്ചുണ്ടായ നിമിഷങ്ങളുടെ ഓർമ്മകൾ പുതുക്കുന്ന പോലെ. ചേതനയറ്റ എന്നെ നീ കാണുന്ന ഈ നിമിഷത്തിൽ [പോലും കാലം തെറ്റി പെയ്യുന്ന ഈ മഴയിലൂടെ അല്ലാതെ എനിക്കെങ്ങനെ നിന്നോടുള്ള സ്നേഹം അറിയിക്കാൻ കഴിയും. ആദ്യ കൂടിക്കാഴ്ചയിലും അവസാന കൂടിക്കാഴ്ചയിലും മഴ പെയ്യുന്നുണ്ടായിരുന്നു എന്ന് വിനുവേട്ടൻ എപ്പോഴും ഓർക്കണം....!!

എന്നെ ഒന്ന് നോക്കിയേ വിനുവേട്ടാ,
തുന്നി ചേർത്ത ഈ ശരീരത്തിനുമില്ലേ രാവിനെ പോലെയുള്ള ഭംഗി. മഴയുടേത് പോലെയുള്ള തണുപ്പ് ഈ ശരീരത്തിനുമില്ലേ ? നിന്‍റെ കൈയും പിടിച്ചു നിൽക്കുന്ന അനിയത്തിയേക്കാൾ സുന്ദരിയായിരിക്കുന്നില്ലേ ഞാനിന്ന്. എന്നും പറയും എത്ര വെളുത്തു തുടുത്തിരുന്നാലും എനിയ്ക്ക് സൗന്ദര്യമില്ല എന്ന് , ഇന്ന് പറ വിനുവേട്ടാ ഞാൻ സുന്ദരിയായിട്ടില്ലേ ?

ചുറ്റിനുമൊന്ന് നോക്കിയേ വിനുവേട്ടാ എല്ലാവരുടെയും മിഴികൾ പരക്കം പായുന്നത്. എല്ലാവരും അടക്കം പറയുന്നത് കേട്ടില്ലേ. എന്തിനാണ് ഞാൻ ആത്മഹത്യ ചെയ്തതെന്ന് അറിയാൻ. ആരും വിനുവേട്ടനെ കുറ്റപ്പെടുത്തില്ല. ഞാൻ ചെയ്തതും തെറ്റാണല്ലോ , കുഞ്ഞിനെ ഞാൻ അബോർട്ട് ചെയ്യാൻ പാടില്ലായിരുന്നു. ആരുമറിയാതെ സംഭവിച്ച തെറ്റാണെങ്കിലും ഞാൻ അത് വിനുവേട്ടനോട് പോലും പറയാതെ മറച്ചുവെച്ചു. ഞാൻ മൂന്ന് ദിവസം ലീവ് എടുത്തിരുന്നപ്പോളും എത്ര ചോദിച്ചിട്ടും ഞാൻ പറഞ്ഞില്ല. മറ്റൊന്നുമല്ല വിനുവേട്ടാ ഒരു കുഞ്ഞിനെ ഇപ്പോൾ വേണ്ടെന്ന് കരുതിയിട്ടാണ്. മാത്രമല്ല കല്യാണം കഴിയാത്ത ഞാൻ അന്യനാട്ടിൽ പോയി പിഴച്ചു എന്ന് കുടുംബക്കാരും അറിയരുതല്ലോ. പിന്നെ എന്‍റെ വിനുവേട്ടനുമായി കുറച്ചുകാലം കൂടി പ്രണയിച്ചു നടന്നതിന് ശേഷം മതിയല്ലോ എന്നും കരുതിയിട്ടാണ്....!!!

പക്ഷെ വിനുവേട്ടന്‍റെ കുത്തി കുത്തിയുള്ള ചോദ്യം ചെയ്യലിൽ ഞാനറിയാതെ സത്യം പറഞ്ഞുപോയതും. പിന്നീട് അവിടെയുണ്ടായ സ്വരച്ചേർച്ചയും അടിയും എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ. പിന്നെ എനിയ്ക്കും വാശിയായി. അതിനായി ഞാൻ കുറെയേറെ വേദനിപ്പിച്ചു. ഞാൻ പറയാതെ താമസം മാറി... കമ്പനി മാറി... പിന്നെ ഇത്തയുടെ ഒപ്പം ദുബായിലും പോയി.....!!!
ഒരുപാട് വേദനിപ്പിച്ചു ഞാൻ....!!!
എന്നോട് പൊറുക്കണം....!!!

ഇത്രയേറെ വർഷങ്ങൾ കഴിഞ്ഞിട്ടും ഞാൻ കെട്ടാതെ നിന്നത് എന്‍റെ വിനുവേട്ടന് വേണ്ടി മാത്രമാണ്. പക്ഷെ ഇന്ന് ഈ ശരീരത്തിൽ വിനുവേട്ടൻ അല്ലാതെ മറ്റൊരുവൻ തൊട്ടിരിക്കുന്നു. അതും ഞാനറിയാതെ എന്നെ ചതിച്ചതാണ് വിനുവേട്ടാ. അതിനുള്ള കാരണം ഞാൻ പറയില്ല എന്നോട് ചോദിക്കരുത്. ഒന്ന് മാത്രം പറയാം വിനുവേട്ടന്‍റെ നസ്രിൻ എന്നും വിനുവേട്ടനെ മാത്രമേ പ്രണയിച്ചിട്ടുള്ളൂ ഒപ്പം ജീവിച്ചിട്ടുള്ളൂ. ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്ക് പിന്നാലെ ഇനിയുമെന്‍റെ വിനുവേട്ടൻ അലയരുത്. കാലം അതിന്‍റെ ഓര്‍മകളില്‍ നിന്ന് എന്നെയും ഞാനീ തിരഞ്ഞെടുത്ത നിദ്രയേയും മറക്കും വരെ....!!!

വിനുവേട്ടൻ കല്യാണം കഴിക്കുന്നത് എനിക്ക് സഹിക്കില്ല , അതുൾക്കൊള്ളാൻ എനിയ്ക്ക് കഴിയുകയുമില്ല. പക്ഷെ കുത്തഴിഞ്ഞ ഈ ജീവിതത്തിൽ നിന്നും വിനുവേട്ടനെ സ്നേഹിക്കാനും കെയർ ചെയ്യാനും താലിയുടെ അവകാശവുമായി ഒരുത്തി വേണം. അവളോട് പറയണം നിന്‍റെ നസ്രിനെ പറ്റി "ഞാൻ മരിച്ചിട്ടില്ല ഞാൻ നിന്നിലൂടെ ജീവിച്ചിരിക്കുന്നുവെന്ന്. എന്‍റെ ജീവൻ നിന്നിലാണെന്നും നമ്മൾ പ്രണയിച്ചു കൊണ്ടേയിരിക്കുന്നുവെന്നും."

ഇന്നെങ്കിലും നിനക്ക് കുടിക്കാതെ വരായിരുന്നില്ലേ... 'താന്തോന്നി'....!!!
എനിക്കിഷ്ടമാണ് നീ അടുത്ത് വരുമ്പോൾ ഉണ്ടാകുന്ന മദ്യത്തിന്‍റെ വാസന.....!!!
കരയില്ല എന്നറിയാം ഉള്ളിൽ പോലും കരഞ്ഞെന്നെ വിഷമിപ്പിക്കല്ലേ വിനുവേട്ടാ......!!!


പ്രണയമഴ

പ്രണയമഴ
***********
കറുകറെ കാർമുകിൽ കൊമ്പനാനപ്പുറത്തേറി എഴുന്നളളി വരുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു. അന്ന് ഞാൻ നസ്രിന്റെ മടിയിൽ തല ചായ്ച്ചു, അങ്ങകലെ നിന്നും മഴ ഞങ്ങൾക്കരികിലേക്ക് എത്തുന്നതും കാത്ത് കിടക്കുകയായിരുന്നു.

ഇന്നിപ്പോൾ ഞാൻ ജീവൻ നിലനിർത്താൻ വേണ്ടി നെട്ടോട്ടമോടുകയാണ്, ജീവിതമെന്ന് പറയുന്നത് അങ്ങനെയല്ലേ ? മുൻകൂട്ടി നിശ്ചയിച്ചത് പോലെയൊന്നും കാര്യങ്ങൾ നടക്കില്ലല്ലോ, അപ്പോൾ ഏതൊക്കെയോ പാതകളിലൂടെ സഞ്ചരിച്ചലയുന്നു. അപ്പോഴും ഞാൻ സത്യത്തിൽ നസ്രിനെയും തിരയുമായിരുന്നു. അവളെ മാത്രം...!

മഴ കാർമുഖിലിൽ എഴുന്നളളി വരുന്നത് എനിക്ക് വീണ്ടും കാണാൻ കഴിയുന്നുണ്ട്. അതിങ്ങനെ കണ്ടുകൊണ്ടേയിരിക്കുന്നു...!

ഒരുപാട് പ്രണയിച്ചിരുന്ന മഴയോട് ഇന്നെനിക്ക് വെറുപ്പാണ്. ഓരോ തവണയും മഴ പെയ്യുമ്പോൾ നസ്രിന്റെ ഓർമ്മകളും എന്നിലേക്ക് ഓടിയെത്തുന്നു. നൊസ്റ്റാൾജിക്ക് ഫീൽ കൂടിയ മലയാളിയായത് കൊണ്ടാണോ അതോ എവിടെയോ ഒരു അരപിരി ലൂസായത്‌ കൊണ്ടാവണം മഴയോടും മഴ നനഞ്ഞു നിൽക്കുന്ന കന്യകയോടുമുള്ള മുടിഞ്ഞ പ്രണയം. ചെന്നൈയിലെ ചൂടിനെ കുളിരണിയിപ്പിച്ചു മഴ പെയ്തിരുന്നു. മറീന ബീച്ചിൽ ഞാൻ ഒറ്റയ്ക്കിരുന്നു ആ മഴ നനഞ്ഞു കുതിർന്നു. അപ്പോഴും ഓർമ്മയുടെ തേരിലേറി  കൊമ്പനാനപ്പുറത്തേറി എഴുന്നളളി കാർമുഖിൽ വന്നു, കൂടെ നസ്രിനും.....! 

ദുബായിലെ നരകിച്ച ജീവിതത്തിൽ ഒരു കണ്ടെയ്‌നർ മുറിയിലെ സ്ലൈഡിംഗ് ഗ്ലാസ്സിലും  തകരത്തിന് പുറത്തും മഴത്തുള്ളികൾ ചറ പറ പെയ്യുമ്പോഴും നസ്രീൻ എന്റെ ഓർമ്മകളിൽ നിറഞ്ഞു നിന്നു. മഴ എന്നെ വിടാതെ  പിന്തുടരുകയാണല്ലോ.

ഞാൻ നസ്രിനെ കുറിച്ചുള്ള ഓർമ്മകളുടെ തടവറയിലാണെന്ന് തോന്നുന്നു. ഈ ലോകത്ത് മഴ പെയ്യുന്നത് ചിലപ്പോൾ അവൾക്ക് വേണ്ടിയാകാം, പണ്ടൊരിക്കൽ ഞാൻ അവളോടങ്ങനെയാണ് പറഞ്ഞത്. എന്നിട്ടവൾ ചൂടിയിരുന്ന കുട കാറ്റത്ത് പാറി പറന്നു നടന്നു. അലസമായി പറന്നു നടന്ന അവളുടെ മുടിയിൽ നിന്നും, അവളുടെ തുടുത്ത കവിൾത്തടങ്ങളിൽ നിന്നും , നാണം കൊണ്ട് ചുമന്ന നീണ്ട മൂക്കിൽ നിന്നും മഴത്തുള്ളികൾ തെന്നി ചിതറി തെറിച്ചെന്നെയും നനയിച്ചപ്പോൾ, ഞാൻ അവളെ പുണർന്നു പിൻകഴുത്തിൽ അമർത്തി ചുംബിക്കുകയും അവളുടെ വയറിലും മുഖമർത്തി. സത്യമായും എന്നോട് ആരും ചോദിക്കരുത് എന്തിനാണ് ഞാൻ അങ്ങനെ ചെയ്തതെന്നു, കാരണം എനിക്ക് പോലും അറിയില്ല എന്തിനാണ് ഞാൻ അങ്ങനെ ചെയ്തതെന്ന്...

ഇടിയും മിന്നലുമൊക്കെയുണ്ടായിരുന്നു ഞാനും അവളും ഷോക്കേറ്റതുപോലെയായി. എവിടെന്നോ പെട്ടെന്ന് കിട്ടിയ ഒരു ഊർജ്ജം എന്റെ സിരകൾക്ക് ധൈര്യം പകർന്നുനൽകി, അവളുടെ ശരീരത്തിൽ എന്റെ മുഖം ഇഴുകിചേരുകയായിരുന്നു. കൊമ്പനാനപ്പുറത്തെഴുന്നുള്ളി വരുന്ന കാർമുഖിലും, പിന്നെ ഇടയ്ക്ക് ഇടയ്ക്ക് ചിമ്മി നോക്കുന്ന നക്ഷത്രങ്ങളും മാത്രം കണ്ടിരിക്കാം. പ്രകൃതിയുടെ സൗന്ദര്യം എന്നെ പച്ചപ്പ് കൊണ്ട് പൊന്നാടയണിച്ചിരിക്കാം, തവളകൾ കരഞ്ഞിരിക്കാം, കിളികൾ പാടിയിരിക്കാം, ഇതൊന്നും ഞാൻ അറിഞ്ഞില്ല. കുളിരണിയിപ്പിക്കുന്ന മഴയ്ക്ക് അന്ന് നല്ല ചൂടായിരുന്നു, നേരിയ ചൂട്. ആ ചൂടിൽ ഞാൻ അവളെ പുണർന്നു അവളോടൊപ്പം മഴയിൽ കിടന്നു. ചൂട് സഹിക്കാൻ കഴിയാതെ വന്നപ്പോൾ ഞാൻ എന്റെ വസ്ത്രങ്ങൾ ഊരിയെറിഞ്ഞിരിക്കാം ? ഒരുപക്ഷെ അവളുടെയും....
ശേ.....
ഞാൻ ഒരു മനുഷ്യനാണോ ? 
എന്നെ മാത്രമാണല്ലോ ആ സമയത്ത് ഞാൻ ഓർത്തത്, അതെന്റെ സ്വാർത്ഥത മാത്രമായിരുന്നില്ലേ ?
അവളുടെ കന്യകാത്വം നഷ്ടപ്പെട്ടതോർത്ത് വിലപിച്ചിരിക്കാം, അവളുടെ സ്വകാര്യമായ സമ്പാദ്യങ്ങൾ കവർന്നെടുത്ത എന്നെ വെറുക്കുന്നുണ്ടാകാം, പരിഹസിക്കുന്നുണ്ടാകാം, ശപിക്കുന്നുണ്ടാകാം, പുച്ഛിക്കുന്നുണ്ടാകാം, മഴയോടൊപ്പം ഒലിച്ചുപ്പോയ തന്റെ വികാരങ്ങളെ ഓർത്തു പൊട്ടി ചിരിച്ചിരിക്കാം ഒരു ഭ്രാന്തിയെപ്പോലെ, ഓർത്തെടുക്കാൻ കഴിയുന്നില്ല..ഞാൻ ഉണർന്നപ്പോൾ അവളെന്റെ മുടിയിഴകളെ നനുത്ത കൈവിരലുകളാൽ തഴുകുന്നുണ്ടായിരുന്നു. മാനം തെളിഞ്ഞപ്പോൾ സൂര്യപ്രകാശത്തിനു പിന്നിൽ മറഞ്ഞിരിക്കുന്ന നക്ഷത്രങ്ങൾ എന്നെ പുച്ഛിക്കുന്നതായും അസഭ്യം പുലമ്പുന്നതായും എനിയ്ക്ക് തോന്നി. ഞെട്ടിയെഴുന്നേറ്റ ഞാൻ വസ്ത്രങ്ങൾക്ക് വേണ്ടി പരതി, എന്നിട്ട് ഒരു കള്ളനെ പോലെ ഓടിയൊളിക്കുകയായിരുന്നു..... 
ചതിയൻ.....!
അതെ വഞ്ചകൻ ആണ് ഞാൻ......!

ഓർമ്മകൾ ഒരു ശാപം പോലെ എന്നെ പിന്തുടരുകയാണ്. ദുബായ് പോർട്ടിലിന്നിരിക്കുമ്പോൾ മഴ തകർത്തു പെയ്യുകയാണ്. എന്റെ കണ്ണുകളും , കൈകളും അവളെ അറിയാതെ തേടിപോകുന്നതുപോലെ. അവളുടെ മടിയിൽ തല ചായ്ച്ചുറങ്ങാൻ തോന്നുന്നു. നസ്രിൻ നിനക്ക് എന്നോട് ഒരു വാക്ക് പറയാമായിരുന്നു. എന്നിട്ടും ഒന്നും പറയാതെ നീ ഈ ലോകത്തിൽ നിന്നും തന്നെ പോയപ്പോൾ നിന്റെ ഓർമ്മകളുടെ ഇരുമ്പഴികൾക്കുളളിൽ അകപ്പെട്ടു പോയ ഒരു മോഷ്ടാവാണ് ഞാൻ... ഓർമ്മകളിൽ നിന്നും ഒരിക്കലും ഓടിയൊളിക്കാൻ കഴിയില്ലെന്ന് എനിയ്ക്ക് വ്യക്തമായി, കാരണം ഞാൻ നിന്നെ അത്രെയേറെ പ്രണയിച്ചിരുന്നു എന്നതാണ് സത്യവും. ഇനിയെനിക്ക് പോകണം എന്റെ നസ്രീന്റെ അടുത്തേക്ക് എന്നിട്ടെനിക്ക് അവളുടെ മടിയിൽ കിടന്നുറങ്ങണം ഞങ്ങൾ രണ്ടാൾക്കും മഴ നനഞ്ഞു അങ്ങനെ നടക്കണം.

ഒരു ട്രെയിൻ യാത്ര

ഒരു ട്രെയിൻ യാത്ര
★★★★★★★★★★

ചെന്നൈയിൽ നിന്നും നസ്രിനെ പിരിഞ്ഞതിന് ശേഷം എവിടെ പോയാലും തേടി നടക്കുന്ന മുഖം അവളുടെ മാത്രമായിരുന്നു. നാട്ടിൽ അന്വേഷിച്ചപ്പോൾ ഇത്തയോടൊപ്പം ദുബായിയിൽ പോയെന്നറിയാനാണ് കഴിഞ്ഞത്. നിരാശയോടെ ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ വീഴുകയായിരുന്നു ഞാൻ. 

മൂന്ന് വർഷങ്ങൾ കൊഴിഞ്ഞുപോയതറിഞ്ഞില്ല.....

അപ്രതീക്ഷിതമായിട്ടാണ് ആ കോൾ വന്നത്, മറ്റാരുടേയും അല്ല സുഹൃത്ത് ജോണിക്കുട്ടിയുടെ ആയിരുന്നു. വർഷങ്ങളോളം ഒരുമിച്ചു കോൾസെന്ററിൽ ജോലി ചെയ്തിരുന്ന ആത്മബന്ധം. നസ്രിനുമായി പിരിഞ്ഞതിന് ശേഷം ചെന്നൈ നഗരത്തെ എന്നന്നേക്കുമായി വെറുത്ത് എല്ലാം വിട്ടെറിഞ്ഞു വന്ന കൂട്ടത്തിൽ പൊട്ടിപ്പോയ കണ്ണികളിൽ ഒരാൾ. 
ജോണിക്കുട്ടി രണ്ടാഴച്ചത്തേയ്ക്ക് സൗദിയിലേക്ക് പോകുന്നു, അവന്റെ നേഴ്സായ ഭാര്യ പ്രഗ്‌നൻറ് ആണെന്നറിഞ്ഞുള്ള യാത്ര, കുറച്ചു നാളത്തേയ്ക്ക് അവന്റെ റെഡിമെയ്ഡ്ഷോപ്പ് നോക്കിനടത്താൻ വിശ്വസിച്ചു ഏൽപ്പിക്കാൻ ആരുമില്ലെന്നും, ഞാൻ അവിടെ പോയി കുറച്ചു നാൾ ഷോപ്പ് നോക്കി നടത്തണമെന്നും അവൻ ആവശ്യപ്പെട്ടു . അമ്മയുടെ ബിസിനസിൽ സഹായിയായി നിന്ന പരിചയത്തിന്റെ ധൈര്യത്തിലും മറ്റു ജോലി ഒന്നുമില്ലാതിരുന്നത് കൊണ്ടും ഞാൻ സമ്മതിച്ചു. 

"ഡാ, പിന്നെ ഞാൻ പറയുന്നത് കേട്ട് നീ ഞെട്ടരുത്.... നിന്നോട് വരാൻ പറയുന്നതിന് മറ്റൊരുദ്ദേശവും കൂടിയുണ്ട്."

"പറയടാ ജോണി.... വെറുതെ ആളെ ടെൻഷൻ ആക്കാതെ."

"നസ്രിനെ ഒരു ദിവസം ഇവിടെ ഞാൻ ട്രെയിനിൽ വെച്ചു കണ്ടായിരുന്നു.."

"നീ സീരിയസ് ആയിട്ട് പറയുകയാണോ ?"

"അതെടാ അതവൾ തന്നെയായിരുന്നു.... അവൾ ഡൽഹിയിൽ ഉണ്ട്. പക്ഷേ എവിടെയാണെന്ന് മാത്രം അറിയില്ല."

"അതൊക്കെ കണ്ടുപിടിക്കാം... എന്തായാലും ഞാൻ ഉടനെ പുറപ്പെടാം.."

എന്തെന്നില്ലാത്ത സന്തോഷം, മുഖം പ്രതീക്ഷയുടെ കിരണങ്ങളാൽ വെട്ടിതിളങ്ങാൻ തുടങ്ങി. അമ്മയോട് യാത്ര പറഞ്ഞു കൈയിൽ കിട്ടിയതെല്ലാം ബാഗിൽ കുത്തിനിറച്ചു പുറപ്പെട്ടു. കേരളാഎക്സ്പ്രസ് ലക്ഷ്യമാക്കി നേരെ തമ്പാനൂരിലേക്കുള്ള യാത്ര. യാത്രക്കാരെയും ബന്ധുമിത്രാദികളെയും യാത്രയയക്കാൻ വരുന്നവരുടെയും ഒടുക്കത്തെ തിരക്ക്. ആളുകളെ തട്ടിയും മുട്ടിയും ദേഷ്യപ്പെട്ടും ഞാൻ എന്റെ കോച്ചിന് മുൻപിൽ സ്ഥാനം പിടിച്ചു. കാഹളം മുഴക്കി പ്ലാറ്റ്ഫോമിലേക്ക് പയ്യെ പയ്യെ  ട്രെയിൻ വന്നുനിന്നു, മഴയും പെയ്യാൻ തുടങ്ങി. ഇറങ്ങാനുള്ള യാത്രക്കാരുടെ തിരക്കിനേക്കാൾ കയറാനുള്ള യാത്രക്കാരുടെ തിരക്കാണ് കൂടുതലും. ഒരുവിധം ഉന്തിയും തള്ളിയും ബാഗും ഷോൾഡറിലേന്തി ഉള്ളിൽ കയറി പറ്റി. സീറ്റ് നമ്പർ കണ്ടുപിടിച്ചു അപ്പർബെർത്തിൽ സ്ഥാനമുറപ്പിച്ചു. ചില സീറ്റുകൾ മാത്രമേ കാലിയായിട്ടുള്ളു. ബാക്കിയെല്ലാം ഏകദേശം ഫുളളായി.

ചൂളമടിച്ചു വീണ്ടും കേരളാഎക്സ്പ്രസ് കരയാൻ തുടങ്ങി. യാത്രയാക്കാൻ വന്നവർ ധൃതിയിൽ ട്രെയിനിൽ നിന്നും ചാടിയിറങ്ങി. പഠിക്കാൻ പോകുന്ന മക്കളെ നോക്കി കരയുന്ന അമ്മമാർ, ഭർത്താക്കൻമാരെ  യാത്രയയക്കാൻ വന്ന ഭാര്യമാരിൽ ചിലർ വിതുമ്പുന്നുണ്ട്, പട്ടാളക്കാരായ  മക്കളെ കെട്ടി പിടിക്കുന്ന അച്ഛൻമാർ, കുഞ്ഞുങ്ങളുടെ കരച്ചിൽ, ചായ വിൽക്കാൻ നടക്കുന്നവർ അങ്ങനെ കാഴ്ച്ചകൾ കണ്ടിരിക്കുമ്പോൾ ട്രെയിൻ മെല്ലെ പുറപ്പെട്ടു തുടങ്ങി.......

ഹോ എത്രയും പെട്ടെന്നൊന്ന് ഡൽഹിയിലെത്തിയാൽ മതി. പലപ്പോഴായി പോയിട്ടുണ്ട് ഡൽഹിയിൽ പക്ഷേ  ഇത്രയും പ്രതീക്ഷയോടെയും സന്തോഷത്തോടെയുമുള്ള  യാത്ര ഇതാദ്യാമായാണ്.

"ഹലോ.... ഐ ആം ദീപേഷ് ചാറ്റർജി.... ആൻഡ് യൂ ?"

എനിക്ക് നേരെ വന്ന കൈകൾ ഒരു ഹസ്തദാനത്തിൽ ഒതുക്കി.. ഐ ആം വിനയൻ എന്ന ഉത്തരവും നൽകി.  എന്തോ ആരോടും സംസാരിക്കാനുള്ള ഒരു മാനസികാവസ്ഥയിൽ അല്ലാത്തത് കൊണ്ട് ഞാൻ ഫോണുമെടുത്ത് കോൾ ചെയ്യാനുള്ളത് പോലെ അവിടെന്ന് മാറി ഡോർ സൈഡിലേക്ക് നീങ്ങി. അവിടെ നിന്നു കാറ്റും കൊണ്ട് യാത്ര ചെയ്യുന്നതിന് ഒരു പ്രേത്യേക സുഖമുണ്ട്....നസ്രിനും ഡോർ സൈഡിൽ നിന്ന് യാത്ര ചെയ്യാൻ ഒരുപാടിഷ്ടമായിരുന്നു. ചെന്നൈയിൽ ഞങ്ങൾ മെട്രോയിലെന്നും അങ്ങനെയായിരുന്നു യാത്ര ചെയ്തിരുന്നതും. ഓർമകളെ അയവിറക്കി അങ്ങനെ യാത്ര തുടർന്നുകൊണ്ടേയിരുന്നു.... ബാഗിൽ കരുതിയിരുന്ന മദ്യം മിക്സ് ചെയ്ത കോളാ കുപ്പിയുമെടുത്ത് കുടിച്ചങ്ങനെ കാറ്റ് കൊണ്ടിരുന്നുള്ള യാത്ര എപ്പോഴോ പഴയ ഓർമ്മകളിലേക്ക് വഴുതി വീണ മനസ്സും. കണ്ണുകൾ അടഞ്ഞു തുടങ്ങിയപ്പോൾ അപ്പർബെർത്തിൽ കയറിക്കൂടി, പിന്നെ എഴുന്നേറ്റത് നട്ടുച്ചയായപ്പോൾ....

"ഹലോ ഗുഡ്മോർണിംഗ്... ഡൂ യൂ സ്പീക്ക് ഹിന്ദി?"
ദീപേഷ് ചാറ്റർജിയുടെ ചോദ്യം കേട്ട് ഞാൻ പറഞ്ഞു, 

"നഹി... ഡൂ യൂ സ്പീക്ക് മലയാളം?"

"കുറച്ചു കുറച് അറിയാം"

ആള് കുഴപ്പമില്ല എന്ന്  തോന്നി പിന്നെ അയാളെ കൂടുതൽ കഷ്ട്ടപ്പെടുത്തണ്ടാ എന്ന് കരുതി കഷ്ടപ്പെട്ട് ഞാൻ ഹിന്ദി പറയാൻ തുടങ്ങി. അങ്ങനെ സംസാരിച്ചു സംസാരിച്ചു യാത്ര തുടർന്നോണ്ടേയിരുന്നു. പട്ടാളക്കാരായ ചില മലയാളികളുമായി ചങ്ങാത്തം കൂടി ചീട്ട് കളിയും സിഗരറ്റ് വലിയും മിലിട്ടറി ജവാനുമെല്ലാം അടിച്ചു, വളരെ സന്തോഷകരമായ ഒരു യാത്ര.

"വിനയ് ജീ, പ്ലീസ് കീപ്പ് മൈ വിസിറ്റിങ് കാർഡ്. നെക്സ്റ്റ് സ്റ്റേഷൻ ഭോപ്പാൽ ഹേ.... I will get down there..Nice to meeting you.."
തിരിച്ചുകൊടുക്കാൻ വിസിറ്റിങ് കാർഡ് ഒന്നും എന്റെ കൈയിൽ ഇല്ലായിരുന്നത് കൊണ്ട്. ദീപേഷിന്റെ ഫോൺ നമ്പർ വാങ്ങി മൊബൈലിൽ സേവ് ചെയ്തു. ട്രെയിൻ ഭോപ്പാൽ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലേക്ക് അടുക്കുകയാണ്. വേഗത കുറച്ചു മൂളലോടെ ട്രെയിൻ പൂർണ്ണമായും നിന്നു. ദീപേഷ് ചാറ്റർജിയെ സഹായിച്ചു അയാളുടെ ലഗ്ഗേജുമെടുത്ത് ഞാനും പുറത്തിറങ്ങി. പുറത്തിറങ്ങിയതും ദീപേഷ് ചാറ്റർജി യാത്ര പറഞ്ഞു തിടുക്കത്തിൽ യാത്രയായി. അങ്ങനെ അയാളെ യാത്രയാക്കിയ കണ്ണുകൾ ഭോപ്പാൽ സ്റ്റേഷനിൽ പരതി നടക്കാൻ തുടങ്ങി. ആൾക്കൂട്ടത്തിൽ നിന്നും എനിക്കിഷ്ട്ടപ്പെട്ട കണ്ണുകൾ ഒരു മിന്നായം പോലെ കണ്ടു. വീണ്ടും വീണ്ടും ആ കണ്ണുകളുടെ മുഖം തേടി തിരക്കിനിടയിൽ നിന്നും അൽപ്പം മാറി നിന്നും നോക്കിയപ്പോൾ അതവൾ തന്നെ നസ്രിൻ..... 

ഏതൊരാൾക്കൂട്ടത്തിലും ഞാൻ തിരയുന്ന മുഖം. എനിയ്ക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. എന്റെ ഹൃദയമിടിപ്പിന്റെ വേഗത കൂടി. കൈയും കാലും മരവിക്കുന്നൊരവസ്ഥ... എന്ത് ചെയ്യണമെന്നറിയില്ല. ട്രെയിനിനുള്ളിലേക്ക് ഓടിക്കയറി ബാഗെടുത്ത് ട്രെയിനിൽ നിന്നും ചാടിയിറങ്ങിയ ഞാൻ നസ്രിൻ നിന്ന പ്ലാറ്റ്ഫോമിലേക്ക് ഓടി, കാലുകൾക്ക് വേഗത കുറവാണെന്നു തോന്നുന്നു. അടുത്തെത്തിയപ്പോഴേക്കും അവൾ തിരിഞ്ഞു നടന്നിരുന്നു.ആൾക്കൂട്ടത്തിനിടയിൽ മറഞ്ഞു. 

നസ്രീൻ എന്ന്  ഉച്ചത്തിൽ വിളിച്ചാലോ എന്നോർത്തു,.... ഇനി ചിലപ്പോൾ എനിയ്ക്കുണ്ടായ ഹാലൂസിനേഷൻ ആയിരിക്കുമോ ? ഹേയ്... ഒരിക്കലുമല്ല അതവൾ തന്നെയാണ് എനിയ്ക്കുറപ്പാണ്. ഒന്നുകിൽ അവൾ എന്നെയും കണ്ടിരിക്കും.. അല്ലെങ്കിൽ പിന്നെ എന്തിനാണ് അവൾ മാറിക്കളഞ്ഞത് ? എന്നൊക്കെ സ്വയം ചിന്തിക്കാനും സംസാരിക്കാനും തുടങ്ങി. ആൾക്കൂട്ടത്തിൽ കണ്ണുകൾ നസ്രിനെ തിരഞ്ഞുക്കൊണ്ടിരുന്നു.... ഇനി അവൾ എന്നിൽ നിന്നും ഒളിച്ചോടുകയാണോ ? എന്തിനുവേണ്ടി ? ഒരെത്തും പിടിയും കിട്ടുന്നില്ല.....  കേരളാ എക്സ്‌പ്രസും പോയി, തളർന്ന ഞാൻ ക്യാന്റീനിൽ നിന്നും എന്തെങ്കിലും കുടിക്കാൻ പോയപ്പോൾ, പുറകിൽ നിന്നൊരു ശബ്ദം "വിനയേട്ടാ...."

കണ്ണുകൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. അതെന്റെ നസ്രീൻ ആയിരുന്നു....
ഓടിച്ചെന്നവളെ പൊക്കിയെടുക്കാൻ തോന്നിയെനിക്ക്... 
നിറഞ്ഞ കണ്ണുകളോടെ പരിഭവത്തോടെ ഞാൻ ചോദിച്ചു,

"എവിടെയായിരുന്നു നീ ഇത്രയും കാലം ? എന്തിനാണ് നീയെന്നിൽ നിന്നും ഓടിയകന്നത് ? ഞാൻ ഇപ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ നിന്നെ കണ്ടപ്പോൾ നിന്നിലേക്ക് ഓടിയെത്തിയതല്ലേ ? നീയെന്തിനാ മാറി കളഞ്ഞത് ?"

"വിനയേട്ടനെ ഞാനും കണ്ടിരുന്നു... പക്ഷേ ഞാൻ മാറി കളഞ്ഞതല്ലാ.."

"പിന്നെ ?"

"അത്...അതുപിന്നെ ഞാൻ എന്റെ ഹസ്ബന്റിനെ വെയിറ്റ് ചെയ്തുനിന്നതാണ്... മീറ്റ് മൈ ഹസ്ബൻഡ് ഋഷി.."

അടുത്തു നിന്ന ഹിന്ദിക്കാരനെ കാണിച്ചവൾ എന്നെ പരിചയപ്പെടുത്തിയപ്പോൾ. എന്റെ കാതുകളിൽ ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ലാ... കുറച്ചുനേരത്തേക്ക് ഞാൻ ചലനമറ്റു പോയിരുന്നു, ഈ ലോകം കീഴ്മേൽ മറയുന്നത് പോലെ തോന്നുന്നു....എന്ത് പറയണമെന്നെനിക്കറിയില്ലായിരുന്നു......

"ഋഷി He is my friend and we worked together in chennai so long......"

ഏറെ നാൾ കാത്തിരുന്നു...കാത്തിരുന്നു ഏതൊരാൾക്കൂട്ടത്തിലും തിരഞ്ഞിരുന്ന മുഖം. ഏറെ നാളുകൾക്ക് ശേഷം കണ്ടുമുട്ടിയപ്പോൾ ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല.... ഹൃദയത്തിലെ തേങ്ങൽ എന്റെ കണ്ണുകളിൽ പ്രതിഫലിക്കാൻ തുടങ്ങിയപ്പോൾ ഇനി അവിടെ നിൽക്കുന്നതിൽ പ്രസക്തിയില്ലെന്ന് തോന്നി. നസ്രിനോടും അവളുടെ ഹസ്സിനോടും ഒന്നും മിണ്ടാതെ യാത്രപോലും പറയാതെ നിറഞ്ഞ കണ്ണുകളുമായി അവ്യക്തമായ കാഴ്ചയിൽ ഞാൻ മടങ്ങി......

ഇനിയൊരിക്കലും നസ്രീൻ എന്റെയല്ല എന്ന തിരിച്ചറിവിൽ.. ഡൽഹിയിലേക്ക് യാത്രയായി... ജോണിക്കുട്ടിയുടെ കടയിൽ ഒരു മാസം നിന്നു. പിന്നെയവൻ വന്നപ്പോൾ അവനോടെല്ലാം പറഞ്ഞു തിരിച്ചു നാട്ടിലേക്ക് യാത്രയായി..

വീണ്ടും നിരാശയുടെ പടുക്കുഴിയിലേക്ക്......
മദ്യവും പുകച്ചുരുളുകളും മാത്രമായി പിന്നീടങ്ങോട്ട് കൂട്ടിന്.... വർഷങ്ങൾ കൊഴിഞ്ഞുകൊണ്ടേയിരുന്നു.....
നെറ്റ് കോളിൽ നിന്നുമെനിക്ക് കോളുകൾ വന്നോണ്ടേയിരുന്നു...
കുറേ നേരം മിണ്ടാതെയിരിക്കും...
അതൊരു പതിവായി.... ഒരിക്കൽ വെള്ളമടിച്ചു ബോധമില്ലാതിരിക്കുന്ന സമയത്ത് നെറ്റ് കോളിൽനിന്നും വന്ന കോൾ  അറ്റൻഡ് ചെയ്തു ഞാൻ ഒരുപാട് അസഭ്യം പറഞ്ഞപ്പോൾ മറുപടി വന്നു..

"വിനയേട്ടാ.... ഞാനാ നസ്രീൻ.."

"ഓഹ്  നീയോ, എന്താ ഇപ്പോൾ നിന്റെ പ്രശ്നം...... നീ കാരണം ഞാൻ ഇവിടെ വരെയായി...."

"വിനയേട്ടാ ഞാനിപ്പോൾ ഷാർജയിൽ ഇത്തയോടൊപ്പം ആണ്. എന്റെ കല്യാണമൊന്നും കഴിഞ്ഞിട്ടില്ലായിരുന്നു, അന്ന് പരിചയപ്പെടുത്തിയ ഋഷി എന്റെ കൂടെ വർക്ക് ചെയുന്ന സുഹൃത്ത് മാത്രമാണ്. വിനയേട്ടനെ ഇട്ടെറിഞ്ഞു പോയ എനിക്ക് മറ്റൊരു വിവാഹം ഇനിയൊരിക്കലും ഈ ലൈഫിൽ ഉണ്ടാകില്ല.. ഈ ജീവിത കാലം മുഴുവൻ ഓർക്കാൻ എന്റെ കൈയിൽ ആറ് വർഷത്തെ കുറേ നല്ല ഓർമ്മകൾ ഉണ്ട്. എനിക്കത് മതി കൂട്ടിന്. ഇനിയെന്റെ വിനയേട്ടൻ കുടിക്കരുത്.... കുടിക്കാം ആവശ്യത്തിന് മാത്രം... ആരും ഉപദേശിക്കുന്നത് ഇഷ്ട്ടമല്ലല്ലോ..."

ഹലോ... ഹലോ.... കോൾ കട്ടായി....
വീണ്ടും പ്രതീക്ഷയോടെയുള്ള കാത്തിരിപ്പ്.....

എബി

“നിനക്കറിയാമോ എബി എന്‍റെ പുതിയ കഥ നിന്നെക്കുറിച്ചാണ്....“
അവന്‍റെ നെഞ്ചിൽ തലവെച്ചുകിടന്നു ശില്പ അതുപറയുമ്പോൾ എബിന്‍റെ കണ്ണുകളിൽ ആശ്ചര്യമായിരുന്നു. അനുസരണയില്ലാതെ അഴിഞ്ഞുകിടന്ന അവളുടെ മുടിയിഴകളിൽ നിന്ന് പെട്ടന്ന് കൈവലിച്ച് അത്ഭുതത്തോടെ അവൻ ചോദിച്ചു:

“നീ എന്നെക്കുറിച്ചാണോ ഈ പറയുന്നത് ?"

“യെസ് മൈ ഡിയർ നിന്നെക്കുറിച്ച് തന്നെ.. ജീവിത സന്ധികളിലെ വിരഹത്തിന്‍റെ കയ്പ്പും , മരണത്തിന്‍റെ ശൂന്യതയും , ഏകാന്തതയുടെ നഷ്ടങ്ങളെക്കുറിച്ചെല്ലാം ഒരുപാടെഴുതി മടുത്തിരിക്കുന്നു.! ഇനി പുതിയതായെന്തെങ്കിലും എഴുതണമെന്നു ആഗ്രഹിക്കുന്നു. ഈ ഒരു എഴുത്തിലൂടെ ശില്പയെന്ന എഴുത്തുകാരിയുടെ മറ്റൊരു മുഖം കൂടി പൊതുജനം കാണട്ടെ. അഴിഞ്ഞുവീഴട്ടെ സമൂഹം എന്‍റെ മേൽ അടിച്ചേൽപ്പിച്ച സദാചാരത്തിന്‍റെ മുഖം മൂടി.

"ഒരു വിവാദമുണ്ടാക്കാം എന്നല്ലാതെ ഒരു കഥയുമില്ലാത്ത എന്നെക്കുറിച്ച് എന്തെഴുതാൻ കഴിയും നിനക്ക് ?.“

“ഇല്ല എബി.. കഥകളില്ലാത്ത ഈ ലോകത്ത് നിന്‍റെ കഥയ്ക്ക് പ്രസക്തിയേറെയുണ്ടാകും.“

“വെറുമൊരു പൈങ്കിളിക്കഥയേക്കാൾ നിലവാരമില്ലാത്ത നിലയിലേക്ക് എഴുത്തുകാരിയായ നിന്നെ മറ്റുള്ളവർ മുദ്രചാർത്തപ്പെടും എന്നല്ലാതെ മറ്റൊന്നും ഇത് കൊണ്ട് നിനക്ക് ഒരു നേട്ടമുണ്ടാകില്ല, മറിച്ചു നഷ്ട്ടങ്ങൾ ഏറെയും.”

“പ്രസക്തിയുണ്ട് എബി, ആർക്കും വേണ്ടാത്തവളായി എന്നെയീ നഗരത്തിരക്കുകളിലേക്കും നാല് ചുവരുകൾക്കും ഇടയിലേക്ക് എന്നെ തള്ളിവിട്ട്, കെട്ടുതാലിയും പൊട്ടിച്ചയാൾ പോയപ്പോൾ എനിക്ക് ഒരു ആശ്വാസവും സ്നേഹവും സൗഹൃദവും പകർന്നു നൽകിയത് നീയാണ്. ഇന്ന് നമ്മുടെ ഈ ബന്ധം എനിക്ക് പിരിയാൻ കഴിയാവുന്നതിലും അപ്പുറമായി എന്നിൽ വളർന്നിരിക്കുന്നു.”

ശില്പ ഇത്രയും വാചാലമായി കണ്ടിട്ടേയില്ല..അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കിയിരിക്കാനേ അവന് കഴിഞ്ഞുള്ളു. വീണ്ടും അവന്റെ കവിൾത്തടങ്ങളെ തഴുകി അവൾ കൂടുതൽ വാചാലയായി അതിനു പുറകേ കുറെയേറെ ചോദ്യങ്ങളും ഉത്തരങ്ങളും അവൾ സ്വയം പറഞ്ഞിരുന്നു...

“എബി, എന്തായിരുന്നു നമുക്കിടയിൽ പ്രണയമോ ? അതോ മറ്റെന്തെങ്കിലുമോ ?"

“ബാധ്യതകൾ തീർക്കാത്ത ഒരുതരം പ്രണയമായിരുന്നില്ലേ നമുക്കിടയിൽ...!“

“നാം ആദ്യമായി കണ്ടുമുട്ടിയതെന്നാണ് ? എങ്ങനെയാണ് ? അതിനെന്തു പ്രസക്തിയാണല്ലേ.? നീ പറയാറുള്ളതു പോലെ, ഇനി അടുത്ത കോൾ എപ്പോഴാവണം…അതുമാത്രമേ ഞാനും ചിന്തിക്കാറുള്ളു.“

അവന്‍റെ മാറിൽ അവളുടെ കൈകൾ തഴുകിക്കൊണ്ടിരിക്കുമ്പോഴും അതിശയോക്തിയോടെ അവളുടെ കണ്ണുകളിലേക്ക് നോക്കി നിൽക്കാനേ അവനായുള്ളൂ...

“നിന്നോടൊപ്പം ചിലവഴിക്കുന്ന സമയങ്ങളിൽ കിട്ടുന്ന ലഹരി. മറ്റൊരു സ്ത്രീയ്ക്കും കിട്ടിപ്പോകരുതെന്ന് പലപ്പോഴും ഞാൻ ശഠിച്ചുപോകാറുണ്ട്. എന്തൊക്കെയോ നേടിയെടുത്തെന്ന് സ്വയം തോന്നുന്ന ലഹരി. ഞാൻ ആഗ്രഹിച്ചതും നീ എനിക്ക് നല്കിയിരുന്നതും അതുമാത്രമാണല്ലോ ? അതിനുപകരമായി നിന്നോട് എന്ത് വേണമെന്ന് ചോദിക്കുമ്പോൾ ആർത്തിയോടെ എന്‍റെ പേഴ്‌സിലിരിക്കുന്ന പണത്തിലേക്ക് നിന്‍റെ കണ്ണുകൾ പോകുമ്പോഴും നിനക്ക് ആവശ്യമുള്ളത് എടുക്കാൻ പറയുമ്പോഴും എനിക്ക് നിന്നോട് തെല്ല് വെറുപ്പ് തോന്നിയിട്ടുമില്ല.“

കണ്ണീരുപോലെ ചുവന്നും വെളുത്തും നീലിച്ചും നേർത്ത ചില പാടകൾ മാത്രമേ നമുക്കിടയിൽ എന്നും ഒരു തടസ്സമായി അനുഭവപ്പെട്ടിരുന്നുള്ളൂ. ഒരുപക്ഷേ, അവയെ മാറ്റി നിർത്തിയത് നമ്മുടെ മനസ്സുകളെയായിരുന്നോ ? ഞാൻ സഞ്ചരിച്ച എന്‍റെ വഴികളിലൂടെ ഇമകൾ തേടിയുള്ള നിന്‍റെ യാത്രകൾ…വികാര വേലിയേറ്റങ്ങൾക്ക് ഒടുവിൽ ഓരോ സുഖ ലാസ്യത്തിലേക്കും നീ എന്നെ എടുത്തുയർത്തുമ്പോൾ എല്ലാം നേടിയെന്ന് അഹങ്കരിക്കുന്ന ഒരു പുരുഷനെ, സ്വയം വരച്ച വരയിലൂടെ നിന്നെ നടത്തിയ ഭാവമായിരുന്നോ എനിക്കെന്നുമറിയില്ല.?“

“എന്‍റെ പ്രിയ എഴുത്തുകാരി,നല്ല മൂഡിലാണല്ലോ നീ ഇന്ന്.?” അവളുടെ വെളുത്ത തുടുത്ത ചുവന്ന കവിളിനെ ഒരു കൊച്ചു നുള്ളു കൊണ്ട് ഒന്നുകൂടി തുടുപ്പിച്ചു തമാശ പോലെ അവൻ ചോദിച്ചു.

“എന്തുപറ്റി എബി , ബോറടിക്കുന്നുണ്ടോ നിനക്ക് ?”

“ഏയ്, ഒട്ടുമില്ല. ഞാൻ നല്ലൊരു കേൾവിക്കാരൻ ആണെന്ന് നിനക്കറിയില്ലേ ?.”

“പലപ്പോഴായി നിന്നോട് ചോദിക്കണമെന്ന് കരുതി ഞാൻ സ്വയം വിഴുങ്ങുന്ന ഒരു കാര്യം നിന്നോടിപ്പോൾ ചോദിക്കട്ടെ എബീ ?“

“ഉം, ചോദിക്ക്.?”

“എന്നെങ്കിലും നീയെന്നെ സ്നേഹിച്ചിട്ടുണ്ടോ എബി ?”

“നിന്നോടെന്നല്ല ശില്പ എനിക്കെല്ലാവരോടും സ്നേഹമാണ്.! പക്ഷേ, ഞാനൊരു കാര്യം മാത്രം പറയാം പകൽ സമത്ത് എന്‍റെ നേരെ മുഖം തിരിയ്ക്കാൻ അറപ്പില്ലാത്ത നിന്നോട് എനിക്ക് പ്രത്യേക മമത തോന്നിയിട്ടുണ്ട് അതിനപ്പുറമെന്നിൽ നിന്നും ഒന്നും നീ പ്രതീക്ഷിക്കരുത്...... അങ്ങനെയൊന്നെന്നിൽ നിന്നും ഉണ്ടാകാൻ പാടില്ല എന്ന് ഞാനും ആഗ്രഹിക്കുന്നുണ്ട്."

"നീ ഇതിൽ നിന്നുമെല്ലാം ഒരു മാറ്റം ആഗ്രഹിക്കിന്നില്ലേ എബി ?"

“ഞാനായി സ്വയം തിരഞ്ഞെടുത്ത ഒരു ജീവിതമാർഗ്ഗമല്ല ശില്പ ഇത്. സാഹചര്യങ്ങൾ എന്നെ അങ്ങനെ ആക്കിയതാണ്. ഇനി അതിൽ നിന്നുമൊരു മാറ്റം പ്രയാസകരമാണ്. മാത്രവുമല്ല , നീ അടക്കമുള്ള എന്‍റെ മറ്റ് പല കസ്റ്റമേഴ്‌സും അങ്ങനെയൊരു മാറ്റം ആഗ്രഹിക്കുന്നുമുണ്ടാവില്ല.”

“അപ്പോൾ എബി നീ ചെയ്യുന്ന ഈ പ്രവൃത്തി ശരിയാണെന്നാണോ നീ പറഞ്ഞു വരുന്നത് ?”

“ശില്പ ശരിത്തെറ്റുകളുടെ പുറകെ ഞാൻ അലയാറില്ല, എന്നെ തേടി വരുന്ന ശരിത്തെറ്റുകളെ ഞാനായി നിരാശപ്പെടുത്താറുമില്ല. ഓരൊ കസ്റ്റമേഴ്‌സിന്‍റെയും സുഖവും ആനന്ദവും അത് മാത്രമാണ് എന്‍റെ ഇപ്പോഴത്തെ ശരി.”

“അങ്ങനെയാകുമ്പോൾ നീ എന്‍റെ മുന്നിൽ അഭിനയിക്കുകയായിരുന്നു അല്ലേ ?”

“അതെ , ഈ മേഖലയിൽ അങ്ങനെ നിന്നാൽ മാത്രമേ മാർക്കറ്റുണ്ടാകൂ...” ചുണ്ടിലൊരു ചിരി ബാക്കിയാക്കി അവളോടങ്ങനെ പറഞ്ഞപ്പോൾ അവൾക്കും ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. സ്വയം അവൾ പറഞ്ഞു ഞാനിത്ര മണ്ടിയായി പോയല്ലേ... !! ഓരോ പ്രാവശ്യത്തെയും കൂടിക്കാഴ്ചയ്ക്ക് ശേഷം ഇനി വേണ്ടെന്നു മനസ്സിനെ പറഞ്ഞു വിലക്കുമ്പോഴും നിന്‍റെ സാമീപ്യവും സൗഹൃദവും അതിലുപരി നീ നൽകുന്ന സുഖവും സന്തോഷവും ഓർക്കുമ്പോഴൊക്കെ ഞാനറിയാതെ നിന്നെ വീണ്ടും വീണ്ടും വിളിച്ചു പോകുന്നു. എല്ലാ നേടിയെന്നെ ഒരു തോന്നൽ എന്നിലെ സ്ത്രീയ്ക്ക് തോന്നിയതുകൊണ്ടാവുമല്ലേ അങ്ങനെ ? എനിക്കറിയില്ല എബി ചിലപ്പോൾ ഞാൻ നിന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്നത് കൊണ്ടുമാകുമല്ലേ ?

നേരം വെളുത്ത് തുടങ്ങിയിരിക്കുന്നു. കിടക്കമുറിയിലെ ടേബിളിൽ കണ്ണിമചിമ്മാതെ കത്തി നിൽക്കുന്ന ടേബിൾ ലാമ്പ് കമ്പ്യൂട്ടർ മോണിറ്ററിലെ സ്ക്രീൻ-സേവറുകളിലെ പൂക്കൾ വിടർന്നു തുടങ്ങുന്നു. മുറിയിലെ കാഴ്ച്ചകളെ നോക്കി ഒരു മത്സ്യകന്യകയെ പോലെ കിടക്കുന്ന ശിൽപയുടെ അഴിഞ്ഞുകിടന്ന ഗൗൺ നേരെയിട്ടു അവൻ അവളെ പതുക്കെ തൊട്ടുണർത്തി വിളിച്ചെഴുന്നേല്പിച്ചു.

“ഞാൻ യാത്രയാകുന്നു ശില്പ...."

"നിനക്കിന്നും കൂടി എന്നോടൊപ്പം ചിലവഴിച്ചൂടെ എബി ?"

അവനത് അത്ര കാര്യമാക്കിയെന്ന് തോന്നിയില്ല. മേശപ്പുറത്തിരുന്ന അവളുടെ പേഴ്സിൽ നിന്നും അവന്‍റെ കൂലി മാത്രമെടുത്ത് ബാക്കിയുള്ളത് പേഴ്‌സിനുള്ളിൽ തിരിച്ചുവെച്ചു. പോകാൻ ഒരുങ്ങിയപ്പോൾ അവനവളോടായി പറഞ്ഞു.

“ശില്പമാർ ഒരുപാടുള്ള ഈ പട്ടണത്തിൽ ഇന്നെനിക്ക് കുറച്ചധികം ജോലി തിരക്കുണ്ട്. വീണ്ടും ഞാൻ തിരിച്ചു വരും എന്‍റെ കഥ നീ എഴുതി തീരുന്നതിന് മുൻപ്, ചിലപ്പോൾ നിനക്ക് സഹായകമായി നിനക്ക് വേണ്ട തിരുത്തലുകളും നിർദേശങ്ങളുമായി നിന്നോടൊപ്പം ചിലവഴിക്കാൻ കൂലിയൊന്നും വാങ്ങാതെ ഒരു പച്ച മനുഷ്യനായി. "..ഹാപ്പി ന്യൂ ഇയർ, ശില്പ..."