Wednesday, January 3, 2018

പിറവി

പിറവി
★★★★

കാർത്തു ചാണകം മെഴുകിയ തറയിലിരുന്ന് തന്റെ മൂന്നാമത്തെ സന്തതിയായ മീനാക്ഷിയെ മടിയിലിരുത്തി, ഇടത് കൈമടക്കില്‍ തല താങ്ങി മുളം കുറ്റിയിൽ നിന്നും തേൻ വിരലിലൂടെ നാവിലേക്ക് ഇറ്റിക്കുകയായിരുന്നു. കുഞ്ഞുനാവ് കൊണ്ട് നുണച്ച് ഇറക്കുന്നതിനിടയില്‍ അവള്‍ അമ്മയെ ഒന്നുനോക്കി മോണ കാട്ടി പുഞ്ചിരിച്ചു, തേൻ നീട്ടിയ വിരല്‍ത്തുമ്പുകളില്‍ അള്ളിപ്പിടിച്ച് വിടര്‍ന്ന കണ്ണുകളില്‍ കുസൃതി വിരിയിച്ചു. കാർത്തുന്‍റെ മേലാകെ കുളിര് കോരി രോമം എഴുന്നേറ്റ് നിൽക്കുന്നതുപോലെ  തോന്നിച്ചു.
എന്തോ ഓര്‍ത്തിട്ടെന്നപോലെ അവളുടെ മുഖം വാടിയ പൂവുപോലെ ഒളിമങ്ങിപോയി. മനസ്സിനെ നീറ്റിക്കുന്ന ചിന്തകളില്‍ നിന്നും  ചിലത് വിതമ്പലുകളായി പുറത്തേക്ക് ചാടി.
"എന്നാലും എന്‍റെ ഈശ്വരാ....എന്‍റെ ആള്‍ക്ക് ഇങ്ങനെ ഒരു വിധി വരാൻ ഞാനും എന്‍റെ കുഞ്ഞുങ്ങളും എന്തു പിഴച്ചോ ?"

എട്ട് കൊല്ലങ്ങള്‍ക്കു മുന്പാണ് കാർത്തുവിന്റെ കഴുത്തില്‍ രാമനാഥൻ മഞ്ഞചരടില്‍ താലി കോര്‍ത്തു ചാര്‍ത്തിയത്. രണ്ട് പേരുടെയും വീട്ടുകാരും ഒരേ കോളനിയിലെ താമസക്കാരായിരുന്നിട്ടും രാമനാഥനും കാർത്തുവും താലികെട്ടിനു മുമ്പ് പരസ്പരം കണ്ടിട്ടേയില്ലാരുന്നു. പെണ്ണു കാണാന്‍ വന്ന കാരണവന്മാര്‍ കാർത്തുവിനോട് തിരക്കിയത് വെച്ചുവിളമ്പാനും, മുള വെട്ടാനും , കുട്ട ഉണ്ടാക്കാനും മറ്റും അറിയാമോന്നായിരുന്നു. രാമനാഥൻ ആ നേരമെല്ലാം മുറ്റത്തെ മാവിന്ചുവട്ടിൽ നിന്ന്  ബീഡി പുക വലിച്ചൂതി വിടുകയായിരുന്നു.

"അവനെവിടെ ? അവന് അവളോട് ഒന്നും  മിണ്ടേം... പറയുകയും വേണ്ടേ.........അങ്ങനെ വല്ല ആഗ്രഹമുണ്ടോ എന്നൊന്ന് ചോദിച്ചേ .."

കൂട്ടത്തില്‍ വയസ്സ് കൂടിയ മൂപ്പിലാൻ  വിളിച്ചു ചോദിച്ചു .

"ഇല്ലാ ...നമ്മുക്ക് പോകാം .."
ബീഡിക്കുറ്റി പടിവാതിലിൽ കുത്തി അണയ്ക്കുന്നതിനിടയില്‍ രാമനാഥൻ ഗൗരവത്തോടെ പറഞ്ഞു.....

കൂടെ പാർപ്പിക്കാൻ വന്നവനെ നിനക്ക് പിടിച്ചോന്ന്‍ കാർത്തുവിനോട് ഇതുവരെ ആരും ചോദിച്ചില്ല. അതുമാത്രമല്ല പെണ്ണു കാണല്‍ ചടങ്ങിന്റെ ഭാഗമായിരുന്നില്ല. അതുമല്ലെങ്കില്‍ പുറം ലോകത്തിന്‍റെ പരിഷ്കാര ചിഹ്നങ്ങള്‍ പ്രാചീന മനുഷ്യർ ജീവിക്കുന്ന കോളനികളില്‍ കൊടിക്കുത്തി തുടങ്ങിയിരുന്നില്ല എന്ന് പറയുന്നതാകും നല്ലത്.

കല്യാണം കഴിഞ്ഞ്‌ വര്‍ഷം ഒന്നു തികഞ്ഞപ്പോള്‍ കാർത്തൂ കടിഞ്ഞൂല്‍ പ്രസവം നടത്തി. അതിരാവിലെ കിഴക്കേ മലയിൽ സൂര്യദേവൻ പുഞ്ചിരിച്ചെഴുന്നുള്ളിയ നേരത്ത് ജന്മം കൊണ്ട സ്ത്രീജന്മം നമ്മുടെ  വംശത്തിനു ഐശ്വര്യമാണ് എന്ന്  കാരണവന്മാർ പുകള്‍ പറഞ്ഞു. കാർത്തിക നക്ഷത്രത്തിൽ ഭൂജാതയായത് കൊണ്ട് രാമനാഥന്‍റെ അച്ഛൻ, കുഞ്ഞിന് കാർത്തിക എന്ന പേരും നിർദേശിച്ചു. വെളിനാട്ടില്‍ നിന്നുവരുന്ന തടി, മുതലാളി ജയരാജിന്‍റെ കൂപ്പില്‍ പണിയെടുത്തും, ഒഴിവുസമയങ്ങളില്‍ കാട്ടിലെ തേനെടുത്തും രാമനാഥൻ കാർത്തുവിനെയും കുഞ്ഞിനേയും യാതൊരു ബുദ്ധിമുട്ടും അറിയിക്കാതെ നന്നായി വളർത്തി.....

കാർത്തു കാലങ്ങൾക്കുള്ളിൽ പിന്നെയും രണ്ട് കൂടി പെറ്റു. പെറ്റതെല്ലാം പെണ്‍കുട്ടികളും.. 
മൂന്നാമത്തെ പ്രസവും പെണ്ണായപ്പോള്‍ രാമനാഥൻ തന്‍റെ മനോവിഷമം കാർത്തുവിനെ അറിയിച്ചു.......
ദൈവം നമ്മുക്ക് ഒരു ആൺകുഞ്ഞിനെ തരുന്നില്ലല്ലോ ..!?"

"ദൈവം വിധിച്ചത് പെണ്ണായിരിക്കും അതിനു നമ്മുക്ക് എന്ത് ചെയ്യാൻ കഴിയും."
കാർത്തു കണവനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു......

ആ കാലഘട്ടത്തിലാണ് രാമനാഥന്‍റെ സ്വഭാവത്തില്‍ ചില മാറ്റങ്ങള്‍ കണ്ടുതുടങ്ങിയത്. അത് ആദ്യമറിഞ്ഞതും കാർത്തു തന്നെ. സംസാരം വടിവൊത്ത ഭാഷയായി..  പലപ്പോഴും വാചകങ്ങള്‍ക്ക് നീളം കൂടി തുടങ്ങി.. വായ് മൊഴികള്‍ പലതിന്‍റെയും മുന്നില്‍ കാർത്തു വായ്  തുറന്ന് നിന്നു.. തന്‍റെ കൈ പിടിച്ചവന്‍റെ തലയിൽ ഏതോ വലിയ ബാധ കേറിയെന്ന ചിന്തയില്‍ കാർത്തു നെഞ്ചു പൊട്ടി നിലവിളിച്ചു.....

കോളനിയിലെ സ്ത്രീകൾ അടക്കം പറഞ്ഞു തുടങ്ങി:
"അറിഞ്ഞോടി ?..നമ്മുടെ കാർത്തുവിന്‍റെ കണവന് ബാധ കൂടിയെന്നാ കേക്കണത്..... പാവം അവളും മക്കളും എന്ത് ചെയ്തിട്ടാണോ എന്തോ....!"

മൂപ്പന്‍ ചതുര പലകയില്‍ വെളുത്ത കരുക്കള്‍ നിരത്തി കൂട്ടിയും കുറിച്ചും പ്രാർത്ഥനയോടെ പറഞ്ഞു :

"ഉം... !..രക്ഷയില്ല.....വലിയ പുള്ളിയാണ് കേറിയിരിക്കുന്നത്....മാടനാണ് ആള് ..!"

"ഒഴിപ്പിക്കാന്‍ എന്താ വേണ്ടതെന്നു പറ മൂപ്പാ ..?"
രാമനാഥന്‍റെ അച്ഛന്റെ സ്വരം, അങ്ങനെ പറയുമ്പോള്‍ ഇടറിയിരുന്നു......

"ഉം ..കിഴക്കന്‍ മലയിൽ തുള്ളണം ..തുള്ളി ചെന്ന് കാട്ടാറും കടന്ന് മരക്കൊമ്പിലെ തേന്‍ മുളയിലാക്കണം ബാധയെ .. എന്നിട്ട്.. അതില് ഈ പൊടി ചാലിച്ച് ഉള്ളിൽ കൊടുക്കണം.... പേടിക്കണ്ടാ ..മല തുള്ളാന്‍ ആളെ വിടാനുള്ള ഏർപ്പാട് ചെയ്തോള്ളൂ....."

പിന്നീടുള്ള ദിവസങ്ങളില്‍ രാമനാഥൻ കൂപ്പില്‍ പണിക്ക് പോകുന്നത് നിര്‍ത്തി. ഈറ്റക്കൂട്ടങ്ങളോടും , കാറ്റിനോടും കിളികളോടും രാമനാഥൻ ഉച്ചത്തില്‍ സംസാരിച്ചു. ഈറ്റവെട്ടാന്‍ വന്ന പെണ്ണുങ്ങൾ കണ്ണു തുടച്ച് മൂക്കത്ത് വിരല്‍ വെച്ച്‌ ദൈവത്തെ വിളിച്ചു......

ചിലപ്പോളൊക്കെ രാമനാഥൻ മലമുകളില്‍ കയറി ഇരു കൈകളും മേലേയ്ക്കുയര്‍ത്തി ആകാശത്ത് നോക്കി വേദാന്തം പറയുമായിരുന്നു. മലവേടന്മാരെ തടഞ്ഞു നിര്‍ത്തി മൃഗബലി പാപമെന്ന് പറഞ്ഞുകൊണ്ടിരുന്നു... പഴ വര്‍ഗ്ഗങ്ങള്‍ തിന്ന് വിശപ്പടക്കുവാനും, ആറിലെ തെളിനീരു കുടിച്ച് ദാഹമകറ്റാനും അരുളി ചെയ്തുനടന്നു....

അന്ന് രാത്രി കാർത്തുവിനെ കെട്ടിപ്പിടിച്ച് കിടക്കുന്നുറങ്ങുമ്പോൾ രാമനാഥൻ പറഞ്ഞു :

"കാർത്തൂ... ഇനി നമുക്കൊരു ആണ്‍ കുഞ്ഞിനെ വേണം. സൂര്യനെപ്പോലെ പ്രകാശമുള്ള ഒരുവൻ. അവനെ  നീ  പ്രസവിക്കുന്ന ദിവസം ഇടി വെട്ടി മഴ പെയ്യും, പൂക്കള്‍ ചിരിച്ചു വിടരും, കിളികള്‍ ആര്‍പ്പു വിളിക്കും. അവന്‍റെ പിറവിയില്‍ പ്രകൃതി എല്ലാം മറന്നു ആഹ്ലാദിക്കും......!."

"എനിക്കിനി കുഞ്ഞേ വേണ്ടാ .... അടുത്തതും പെണ്ണായിപോയാൽ പിന്നെ നിങ്ങളുടെ അവസ്ഥ.... എനിയ്ക്ക് പേടിയാകുന്നു.. നമ്മുക്ക് ഈ മൂന്നെണ്ണം മതി.... ഇങ്ങക്ക് എന്തീനാ ഈ വാശി.....?"

"അങ്ങനെ പറ്റില്ല കാർത്തൂ..... .എനിയ്ക്കൊരു ആൺകുഞ്ഞിനെ വേണം..... അതെന്‍റെ ഗുരുദൈവമായ ചാത്തൻ പ്രവചിച്ചതാ...... അവന്‍ വെറും ഒരു കുഞ്ഞായല്ല ജന്മമെടുക്കുക..... എല്ലാം തികഞ്ഞവന്‍..... പഴയതും , പുതിയതുമായ എല്ലാ ശാസ്ത്രങ്ങളും, തത്വങ്ങളും തിരുത്തുവാനുള്ളതാണ് അവന്റെ പിറവി..... ഗര്‍ഭത്തിൽ ആയിരിക്കുമ്പോൾ ബ്രഹ്മത്തെ അറിഞ്ഞു വരുന്നവനായിരിക്കും...... തലയ്ക്കു മുകളില്‍ എരിയുന്ന സൂര്യനെപ്പോലെ അവന്‍ മണ്ണില്‍ ജ്വലിച്ചു നില്‍ക്കും...... രക്തം ചൊരിയാതെ അവന്‍ മണ്ണിലെ തിന്മയുടെ കറുപ്പ് മായിക്കും..... . വരും കാലം അവനെ വാഴ്ത്തി പറയും......  നമ്മുടെ പരമ്പരയും നമ്മളേയും അവനിലൂടെ അറിയപ്പെടും..."

"നിങ്ങളുടെ തലയ്ക്ക് ഇപ്പോൾ ചൂട് പിടിച്ചിരിക്കുകയാണ്..... പോയ്‌ക്കോ.....എന്നോട്  ഒന്നും ആക്കാന്‍ നിൽക്കണ്ട..... എനിക്കിനി ആണിനേയും പെണ്ണിനേയും വേണ്ടാ......."

കാർത്തുവിന്‍റെ വിതുമ്പലുകൾ രാമനാഥനെ ശരിക്കും പൊള്ളിച്ചു. അയാള്‍ കിടക്കപ്പായില്‍ നിന്നെഴുന്നേറ്റ്  മുറ്റത്തെയ്ക്കിറങ്ങി. അരണ്ട നിലാവെളിച്ചത്തില്‍ അയാള്‍ ബീഡി കത്തിച്ച് പുകയൂതി
അങ്ങോട്ടും ഇങ്ങോട്ടും നടന്നോണ്ടിരുന്നു.....

പിറ്റേദിവസം പുലരുമ്പോൾ രാമനാഥനെ കാണാതായി.. കാർത്തൂ നിലവിളിച്ചുകൊണ്ട് ഓരോ വീടുകൾ തോറും ഓടി നടന്നു .
മുകളിൽ കേറിക്കാണും..........ഇരുട്ടുമ്പോൾ താനേ തിരിച്ചെത്തും."
രാമനാഥന്‍റെ അച്ഛൻ കാർത്തുവിനെ സമാധാനിപ്പിച്ചു.....

രാമനാഥൻ ആ സമയം മല ഇറങ്ങി നാട്ടുവഴിയിലൂടെ ലക്ഷ്യമില്ലാതെ നടക്കുന്നുണ്ടായിരുന്നു..... കല്ലും, മുള്ളും നഗ്നപാദങ്ങളെ കുത്തി നോവിക്കുമ്പോഴും അയാളെ അലട്ടിയത് സ്വന്തം പുത്രന്റെ ഉജ്ജ്വല പിറവിയെക്കുറിച്ചുള്ള പൊള്ളുന്ന ചിന്തകളായിരുന്നു ..

"കാർത്തൂ അവന് ദിവ്യഗര്‍ഭം നിഷേധിച്ച സ്ഥിതിക്ക് അവന്‍റെ ജീവകോശങ്ങള്‍ ഇനി എവിടെ കൂടിച്ചേരും"?

നടത്തത്തിന്‍റെ വേഗത അയാളുടെ കിതപ്പ് കൂട്ടിക്കൊണ്ടേയിരുന്നു..... മലയിറങ്ങി വരുമ്പോൾ അടിവാരത്തിലെ ഷാപ്പിൽ നിന്നും രണ്ട് കുപ്പി കളളും മോന്തി കൈയിലുണ്ടായിരുന്ന പഴകിയ മുഷിഞ്ഞ നോട്ടുകൾ കള്ളുഷാപ്പുകാരന് കൊടുത്ത് പുറത്തിറങ്ങി യാത്ര തുടര്‍ന്നു.... 

നേരം ഇരുണ്ടു തുടങ്ങിയപ്പോഴേക്കും അയാള്‍ നഗരത്തിലെ റെയിൽവേ സ്റ്റേഷന് മുന്നിലെത്തിയിരുന്നു...  പ്ലാറ്റ്ഫോര്മിലെ ബഞ്ചിലിരിക്കുമ്പോള്‍ അയാള്‍ വീണ്ടും അസ്വസ്ഥനായി..... 
ഉച്ഛത്തിൽ കൂകി വിളിച്ചുകൊണ്ട് ഒരു തീവണ്ടി ഞരങ്ങി നീങ്ങി..... ആയിരം കാലുകളുള്ള ഒരു കുതിര ചിനച്ചു കുതിക്കുന്ന പോലെ അയാള്‍ക്ക്‌ തോന്നി..... 

പെട്ടെന്ന് പിന്നില്‍ നിന്ന് ഒരു തണുത്ത കൈ അയാളുടെ ചുമലില്‍ സ്ഥാനം പിടിച്ചു. അയാള്‍ തല ഉയര്‍ത്തി തുറിപ്പിച്ചു നോക്കി. ഇരു കൈകളും നിറച്ച് പല നിറത്തിലുള്ള കുപ്പിവളകള്‍ അണിഞ്ഞ ഒരു പെണ്‍കുട്ടി. അവള്‍ തിളങ്ങുന്ന പല്ലുകള്‍ കാട്ടി ചിരിച്ചു......

"എന്താ ഒറ്റയ്ക്കിരിക്കുന്നത്.. വരൂ നമുക്ക് അപ്പുറത്തേയ്ക്ക് പോകാം.. അവിടെ മുറിയുണ്ട്.... "

"എന്തിന് ?"
അയാള്‍ നെറ്റി ചുളിച്ചു...

"ഞാൻ പറയാം.... നിങ്ങള്‍ ആദ്യം എന്നോടൊപ്പം വരൂ.... എന്തിനാ പേടിക്കുന്നത് ?.. ഞാനൊരു പെണ്ണല്ലേ ?"

"ആണായാലും പേടിയൊന്നുമില്ല"
അയാളുടെ ശബ്ദം കൂടുതല്‍ പരുക്കനായി

"എങ്കില്‍ വരൂ.."

ഇത്തവണ അവള്‍ കൂടുതല്‍ സ്വാതന്ത്ര്യത്തോടെ അയാളുടെ കൈകളില്‍ പിടിച്ചു വലിച്ചു.
സ്റ്റേഷന്‍റെ പിറകുവശത്തായി കണ്ട നാടോടി കൂടാരങ്ങളിലൊന്നിലേയ്ക്ക് അവള്‍ അയാളെ കൂട്ടിക്കോണ്ടു പോയി. തുണി കൊണ്ട് നാല് വശവും മറച്ച, മുറി പോലെ തോന്നിക്കുന്ന ഒന്നില്‍ അവള്‍ അയാളെ പുല്‍പ്പായില്‍ ഇരുത്തി..... 

പനയോല നെയ്തുണ്ടാക്കിയ വാതില്‍പ്പാളി ചാരി അവള്‍ അയാള്‍ക്കരികിലിരുന്നു. അരണ്ട വെളിച്ചത്തില്‍ ഇരുവര്‍ക്കും കാഴ്ച അവ്യക്തമായിരുന്നു....

'ഇനിയെന്ത് 'എന്ന മട്ടില്‍ അയാള്‍ അവളെ നോക്കി.
അവള്‍ ചിരിച്ചു കൊണ്ട് അയാളെ തന്നിലേക്ക് അടുപ്പിച്ചുകൊണ്ട് കഴുത്തില്‍ കൈകള്‍ കോര്‍ത്ത്‌ മെയ്യോടു ചേര്‍ത്ത് പുല്പ്പായിലേയ്ക്ക് ചരിഞ്ഞു. അയാളുടെ ക്ഷൗരം ചെയ്യാത്ത മുഖത്ത് അമര്‍ത്തി ചുംബിക്കുമ്പോള്‍ അവള്‍ സൂചിമുനയേറ്റപോലെ ഞരങ്ങി. ഞരമ്പുകളില്‍ കാട്ടു കടന്നല്‍ കുത്തുന്നപോലെ രാമനാഥനും തോന്നി. അവളെ മാറിലേയ്ക്ക് വലിച്ചടുപ്പിച്ച് ചെഞ്ചുണ്ടില്‍ ചുംബിക്കാനൊരുങ്ങവേ കാതുകളില്‍ ഗുരുദേവനായ ചാത്തന്റെ  ഇടിമുഴക്കം കേട്ടു.

"രാമനാഥാ....... നിന്റെ തേജസ്വരൂപന്റെ പിറവിയ്ക്ക് വിളനിലം ഇതല്ല..... ഇതു വെറും പാഴ് മണ്ണ് .. നിന്‍റെ ഊര്‍ജ്ജവും സമയവും ഇവിടെ പാഴാക്കാനുള്ളതല്ലെന്നോര്‍ക്കുക ..!"

പിന്നീടെല്ലാം മിന്നല്‍ വേഗതയിലായിരുന്നു..... അയാള്‍ ശക്തിയോടെ അവളെ തള്ളി മാറ്റി..... പെണ്‍കുട്ടി ആകെ അങ്കലാപ്പിലായി ..

" എന്തു പറ്റി ..എന്താ എന്നെ ഇഷ്ടമായില്ലേ ?"
അവള്‍ വീണ്ടും അയാള്‍ക്ക്‌ നേരേ കൈ നീട്ടി.....പൊടുന്നനെ അയാള്‍ വാതില്‍ വലിച്ചു തുറന്ന് ശരവേഗതയില്‍ പുറത്തേയ്ക്ക് പാഞ്ഞു .

"നാശം.....താടീം മീശേം കണ്ടപ്പോഴേ തോന്നിയതാ...... ഇതു ശരിയാകില്ലെന്ന്.. കുളിക്കാത്ത നാറി........ ഇവനൊന്നും ഗുണം പിടിക്കില്ല ഒരിക്കലും !"
അവള്‍ കൈവിട്ടുപോയ  ഇരയെ മനസ്സറിഞ്ഞു ശപിച്ചു......!. 

രാമനാഥൻ അപ്പോഴേക്കും കിലോമീറ്ററുകൾ പിന്നിട്ടിരുന്നു .
ലക്ഷ്യബോധമില്ലാതെയുള്ള യാത്ര അയാളെ ഒരു നദിക്കരയില്‍ എത്തിച്ചു. അവിടെ ഏറെ നേരം അയാള്‍ കണ്ണടച്ചു നിന്നു. ആ നില്‍പ്പില്‍ അയാള്‍ തന്‍റെ മുന്‍ ജന്മങ്ങളിലൂടെ സഞ്ചരിച്ചു. ജന്മ പാപങ്ങളും, മരണവും മാറി മറിഞ്ഞ് ഒടുവില്‍ രാമനാഥനിലെത്തിയപ്പോള്‍ അയാള്‍ കണ്ണു തുറന്നു.....

"അമ്മേ, ഞാന്‍ ഒടുവില്‍ സഹായഹസ്തം തേടി നിന്‍റെ മുന്നിലെത്തിയിരിക്കുന്നു. ഒരുപാടലഞ്ഞു..... ഇഴ പിരിഞ്ഞ വഴികള്‍ പലതും താണ്ടി. ഒടുവില്‍ നിന്റെ മുന്നിലേയ്ക്ക് തന്നെ നേര്‍ വഴി തുറന്നു കിട്ടി ".
അയാള്‍ നദിയിലെ ജലം കൈയിൽ കോരി മുഖം കഴുകി.....

"ആദി ജീവന്‍റെ പ്രഭവ കേന്ദ്രമായി ഭവിച്ച മാതൃ ഗര്‍ഭമേ..
ഈയുള്ളവനെ നിന്നിലര്‍പ്പിക്കുന്നു .. ഇവനെ നിന്നിലേയ്ക്കു തിരിച്ചെടുത്ത്‌ പരിണാമങ്ങളുടെ രഹസ്യ അറകളില്‍ ആറ്റിക്കുറുക്കി വീണ്ടുമൊരുജ്ജ്വല പിറവിയ്ക്ക് കളമൊരുക്കിയാലും....."

രാമനാഥൻ കാലു കൊണ്ട് നദിയുടെ ആഴമൊന്നളന്നു. പിന്നെ നദി രാമനാഥനെ സ്വയം തന്നിലേയ്ക്കു അളന്നു ചേര്‍ത്തു..... ഉടല്‍ മുഴുവന്‍ മാതൃ ഗര്‍ഭത്തില്‍ ലയിച്ചപ്പോള്‍ രാമനാഥന്‍റെ  ഭൗതികചേതന പ്രാണഗതി തേടി മുകള്‍ തട്ടിലെത്തി കുമിളകള്‍ തീര്‍ത്തുകൊണ്ടിരുന്നു....... കൂട്ടത്തിൽ അരയിൽ സൂക്ഷിച്ച കറുപ്പിന്റെ പൊതികൾ വെള്ളത്തിൽ പൊങ്ങിക്കിടന്നു.

വീട്ടിലപ്പോഴും കാർത്തൂ നിലവിളിച്ചു കരയുന്ന മീനാക്ഷിയുടെ നാവിലേയ്ക്കു മുളംകുറ്റിയിൽ നിന്നും വിരൽത്തുമ്പിലൂടെ തേനിറ്റിയ്ക്ക്ന്നുണ്ടായിരുന്നു......

No comments: