Wednesday, January 3, 2018

പ്രണയമഴ

പ്രണയമഴ
***********
കറുകറെ കാർമുകിൽ കൊമ്പനാനപ്പുറത്തേറി എഴുന്നളളി വരുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു. അന്ന് ഞാൻ നസ്രിന്റെ മടിയിൽ തല ചായ്ച്ചു, അങ്ങകലെ നിന്നും മഴ ഞങ്ങൾക്കരികിലേക്ക് എത്തുന്നതും കാത്ത് കിടക്കുകയായിരുന്നു.

ഇന്നിപ്പോൾ ഞാൻ ജീവൻ നിലനിർത്താൻ വേണ്ടി നെട്ടോട്ടമോടുകയാണ്, ജീവിതമെന്ന് പറയുന്നത് അങ്ങനെയല്ലേ ? മുൻകൂട്ടി നിശ്ചയിച്ചത് പോലെയൊന്നും കാര്യങ്ങൾ നടക്കില്ലല്ലോ, അപ്പോൾ ഏതൊക്കെയോ പാതകളിലൂടെ സഞ്ചരിച്ചലയുന്നു. അപ്പോഴും ഞാൻ സത്യത്തിൽ നസ്രിനെയും തിരയുമായിരുന്നു. അവളെ മാത്രം...!

മഴ കാർമുഖിലിൽ എഴുന്നളളി വരുന്നത് എനിക്ക് വീണ്ടും കാണാൻ കഴിയുന്നുണ്ട്. അതിങ്ങനെ കണ്ടുകൊണ്ടേയിരിക്കുന്നു...!

ഒരുപാട് പ്രണയിച്ചിരുന്ന മഴയോട് ഇന്നെനിക്ക് വെറുപ്പാണ്. ഓരോ തവണയും മഴ പെയ്യുമ്പോൾ നസ്രിന്റെ ഓർമ്മകളും എന്നിലേക്ക് ഓടിയെത്തുന്നു. നൊസ്റ്റാൾജിക്ക് ഫീൽ കൂടിയ മലയാളിയായത് കൊണ്ടാണോ അതോ എവിടെയോ ഒരു അരപിരി ലൂസായത്‌ കൊണ്ടാവണം മഴയോടും മഴ നനഞ്ഞു നിൽക്കുന്ന കന്യകയോടുമുള്ള മുടിഞ്ഞ പ്രണയം. ചെന്നൈയിലെ ചൂടിനെ കുളിരണിയിപ്പിച്ചു മഴ പെയ്തിരുന്നു. മറീന ബീച്ചിൽ ഞാൻ ഒറ്റയ്ക്കിരുന്നു ആ മഴ നനഞ്ഞു കുതിർന്നു. അപ്പോഴും ഓർമ്മയുടെ തേരിലേറി  കൊമ്പനാനപ്പുറത്തേറി എഴുന്നളളി കാർമുഖിൽ വന്നു, കൂടെ നസ്രിനും.....! 

ദുബായിലെ നരകിച്ച ജീവിതത്തിൽ ഒരു കണ്ടെയ്‌നർ മുറിയിലെ സ്ലൈഡിംഗ് ഗ്ലാസ്സിലും  തകരത്തിന് പുറത്തും മഴത്തുള്ളികൾ ചറ പറ പെയ്യുമ്പോഴും നസ്രീൻ എന്റെ ഓർമ്മകളിൽ നിറഞ്ഞു നിന്നു. മഴ എന്നെ വിടാതെ  പിന്തുടരുകയാണല്ലോ.

ഞാൻ നസ്രിനെ കുറിച്ചുള്ള ഓർമ്മകളുടെ തടവറയിലാണെന്ന് തോന്നുന്നു. ഈ ലോകത്ത് മഴ പെയ്യുന്നത് ചിലപ്പോൾ അവൾക്ക് വേണ്ടിയാകാം, പണ്ടൊരിക്കൽ ഞാൻ അവളോടങ്ങനെയാണ് പറഞ്ഞത്. എന്നിട്ടവൾ ചൂടിയിരുന്ന കുട കാറ്റത്ത് പാറി പറന്നു നടന്നു. അലസമായി പറന്നു നടന്ന അവളുടെ മുടിയിൽ നിന്നും, അവളുടെ തുടുത്ത കവിൾത്തടങ്ങളിൽ നിന്നും , നാണം കൊണ്ട് ചുമന്ന നീണ്ട മൂക്കിൽ നിന്നും മഴത്തുള്ളികൾ തെന്നി ചിതറി തെറിച്ചെന്നെയും നനയിച്ചപ്പോൾ, ഞാൻ അവളെ പുണർന്നു പിൻകഴുത്തിൽ അമർത്തി ചുംബിക്കുകയും അവളുടെ വയറിലും മുഖമർത്തി. സത്യമായും എന്നോട് ആരും ചോദിക്കരുത് എന്തിനാണ് ഞാൻ അങ്ങനെ ചെയ്തതെന്നു, കാരണം എനിക്ക് പോലും അറിയില്ല എന്തിനാണ് ഞാൻ അങ്ങനെ ചെയ്തതെന്ന്...

ഇടിയും മിന്നലുമൊക്കെയുണ്ടായിരുന്നു ഞാനും അവളും ഷോക്കേറ്റതുപോലെയായി. എവിടെന്നോ പെട്ടെന്ന് കിട്ടിയ ഒരു ഊർജ്ജം എന്റെ സിരകൾക്ക് ധൈര്യം പകർന്നുനൽകി, അവളുടെ ശരീരത്തിൽ എന്റെ മുഖം ഇഴുകിചേരുകയായിരുന്നു. കൊമ്പനാനപ്പുറത്തെഴുന്നുള്ളി വരുന്ന കാർമുഖിലും, പിന്നെ ഇടയ്ക്ക് ഇടയ്ക്ക് ചിമ്മി നോക്കുന്ന നക്ഷത്രങ്ങളും മാത്രം കണ്ടിരിക്കാം. പ്രകൃതിയുടെ സൗന്ദര്യം എന്നെ പച്ചപ്പ് കൊണ്ട് പൊന്നാടയണിച്ചിരിക്കാം, തവളകൾ കരഞ്ഞിരിക്കാം, കിളികൾ പാടിയിരിക്കാം, ഇതൊന്നും ഞാൻ അറിഞ്ഞില്ല. കുളിരണിയിപ്പിക്കുന്ന മഴയ്ക്ക് അന്ന് നല്ല ചൂടായിരുന്നു, നേരിയ ചൂട്. ആ ചൂടിൽ ഞാൻ അവളെ പുണർന്നു അവളോടൊപ്പം മഴയിൽ കിടന്നു. ചൂട് സഹിക്കാൻ കഴിയാതെ വന്നപ്പോൾ ഞാൻ എന്റെ വസ്ത്രങ്ങൾ ഊരിയെറിഞ്ഞിരിക്കാം ? ഒരുപക്ഷെ അവളുടെയും....
ശേ.....
ഞാൻ ഒരു മനുഷ്യനാണോ ? 
എന്നെ മാത്രമാണല്ലോ ആ സമയത്ത് ഞാൻ ഓർത്തത്, അതെന്റെ സ്വാർത്ഥത മാത്രമായിരുന്നില്ലേ ?
അവളുടെ കന്യകാത്വം നഷ്ടപ്പെട്ടതോർത്ത് വിലപിച്ചിരിക്കാം, അവളുടെ സ്വകാര്യമായ സമ്പാദ്യങ്ങൾ കവർന്നെടുത്ത എന്നെ വെറുക്കുന്നുണ്ടാകാം, പരിഹസിക്കുന്നുണ്ടാകാം, ശപിക്കുന്നുണ്ടാകാം, പുച്ഛിക്കുന്നുണ്ടാകാം, മഴയോടൊപ്പം ഒലിച്ചുപ്പോയ തന്റെ വികാരങ്ങളെ ഓർത്തു പൊട്ടി ചിരിച്ചിരിക്കാം ഒരു ഭ്രാന്തിയെപ്പോലെ, ഓർത്തെടുക്കാൻ കഴിയുന്നില്ല..ഞാൻ ഉണർന്നപ്പോൾ അവളെന്റെ മുടിയിഴകളെ നനുത്ത കൈവിരലുകളാൽ തഴുകുന്നുണ്ടായിരുന്നു. മാനം തെളിഞ്ഞപ്പോൾ സൂര്യപ്രകാശത്തിനു പിന്നിൽ മറഞ്ഞിരിക്കുന്ന നക്ഷത്രങ്ങൾ എന്നെ പുച്ഛിക്കുന്നതായും അസഭ്യം പുലമ്പുന്നതായും എനിയ്ക്ക് തോന്നി. ഞെട്ടിയെഴുന്നേറ്റ ഞാൻ വസ്ത്രങ്ങൾക്ക് വേണ്ടി പരതി, എന്നിട്ട് ഒരു കള്ളനെ പോലെ ഓടിയൊളിക്കുകയായിരുന്നു..... 
ചതിയൻ.....!
അതെ വഞ്ചകൻ ആണ് ഞാൻ......!

ഓർമ്മകൾ ഒരു ശാപം പോലെ എന്നെ പിന്തുടരുകയാണ്. ദുബായ് പോർട്ടിലിന്നിരിക്കുമ്പോൾ മഴ തകർത്തു പെയ്യുകയാണ്. എന്റെ കണ്ണുകളും , കൈകളും അവളെ അറിയാതെ തേടിപോകുന്നതുപോലെ. അവളുടെ മടിയിൽ തല ചായ്ച്ചുറങ്ങാൻ തോന്നുന്നു. നസ്രിൻ നിനക്ക് എന്നോട് ഒരു വാക്ക് പറയാമായിരുന്നു. എന്നിട്ടും ഒന്നും പറയാതെ നീ ഈ ലോകത്തിൽ നിന്നും തന്നെ പോയപ്പോൾ നിന്റെ ഓർമ്മകളുടെ ഇരുമ്പഴികൾക്കുളളിൽ അകപ്പെട്ടു പോയ ഒരു മോഷ്ടാവാണ് ഞാൻ... ഓർമ്മകളിൽ നിന്നും ഒരിക്കലും ഓടിയൊളിക്കാൻ കഴിയില്ലെന്ന് എനിയ്ക്ക് വ്യക്തമായി, കാരണം ഞാൻ നിന്നെ അത്രെയേറെ പ്രണയിച്ചിരുന്നു എന്നതാണ് സത്യവും. ഇനിയെനിക്ക് പോകണം എന്റെ നസ്രീന്റെ അടുത്തേക്ക് എന്നിട്ടെനിക്ക് അവളുടെ മടിയിൽ കിടന്നുറങ്ങണം ഞങ്ങൾ രണ്ടാൾക്കും മഴ നനഞ്ഞു അങ്ങനെ നടക്കണം.

No comments: