“നിനക്കറിയാമോ എബി എന്‍റെ പുതിയ കഥ നിന്നെക്കുറിച്ചാണ്....“
അവന്‍റെ നെഞ്ചിൽ തലവെച്ചുകിടന്നു ശില്പ അതുപറയുമ്പോൾ എബിന്‍റെ കണ്ണുകളിൽ ആശ്ചര്യമായിരുന്നു. അനുസരണയില്ലാതെ അഴിഞ്ഞുകിടന്ന അവളുടെ മുടിയിഴകളിൽ നിന്ന് പെട്ടന്ന് കൈവലിച്ച് അത്ഭുതത്തോടെ അവൻ ചോദിച്ചു:
“നീ എന്നെക്കുറിച്ചാണോ ഈ പറയുന്നത് ?"
“യെസ് മൈ ഡിയർ നിന്നെക്കുറിച്ച് തന്നെ.. ജീവിത സന്ധികളിലെ വിരഹത്തിന്‍റെ കയ്പ്പും , മരണത്തിന്‍റെ ശൂന്യതയും , ഏകാന്തതയുടെ നഷ്ടങ്ങളെക്കുറിച്ചെല്ലാം ഒരുപാടെഴുതി മടുത്തിരിക്കുന്നു.! ഇനി പുതിയതായെന്തെങ്കിലും എഴുതണമെന്നു ആഗ്രഹിക്കുന്നു. ഈ ഒരു എഴുത്തിലൂടെ ശില്പയെന്ന എഴുത്തുകാരിയുടെ മറ്റൊരു മുഖം കൂടി പൊതുജനം കാണട്ടെ. അഴിഞ്ഞുവീഴട്ടെ സമൂഹം എന്‍റെ മേൽ അടിച്ചേൽപ്പിച്ച സദാചാരത്തിന്‍റെ മുഖം മൂടി.
"ഒരു വിവാദമുണ്ടാക്കാം എന്നല്ലാതെ ഒരു കഥയുമില്ലാത്ത എന്നെക്കുറിച്ച് എന്തെഴുതാൻ കഴിയും നിനക്ക് ?.“
“ഇല്ല എബി.. കഥകളില്ലാത്ത ഈ ലോകത്ത് നിന്‍റെ കഥയ്ക്ക് പ്രസക്തിയേറെയുണ്ടാകും.“
“വെറുമൊരു പൈങ്കിളിക്കഥയേക്കാൾ നിലവാരമില്ലാത്ത നിലയിലേക്ക് എഴുത്തുകാരിയായ നിന്നെ മറ്റുള്ളവർ മുദ്രചാർത്തപ്പെടും എന്നല്ലാതെ മറ്റൊന്നും ഇത് കൊണ്ട് നിനക്ക് ഒരു നേട്ടമുണ്ടാകില്ല, മറിച്ചു നഷ്ട്ടങ്ങൾ ഏറെയും.”
“പ്രസക്തിയുണ്ട് എബി, ആർക്കും വേണ്ടാത്തവളായി എന്നെയീ നഗരത്തിരക്കുകളിലേക്കും നാല് ചുവരുകൾക്കും ഇടയിലേക്ക് എന്നെ തള്ളിവിട്ട്, കെട്ടുതാലിയും പൊട്ടിച്ചയാൾ പോയപ്പോൾ എനിക്ക് ഒരു ആശ്വാസവും സ്നേഹവും സൗഹൃദവും പകർന്നു നൽകിയത് നീയാണ്. ഇന്ന് നമ്മുടെ ഈ ബന്ധം എനിക്ക് പിരിയാൻ കഴിയാവുന്നതിലും അപ്പുറമായി എന്നിൽ വളർന്നിരിക്കുന്നു.”
ശില്പ ഇത്രയും വാചാലമായി കണ്ടിട്ടേയില്ല..അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കിയിരിക്കാനേ അവന് കഴിഞ്ഞുള്ളു. വീണ്ടും അവന്റെ കവിൾത്തടങ്ങളെ തഴുകി അവൾ കൂടുതൽ വാചാലയായി അതിനു പുറകേ കുറെയേറെ ചോദ്യങ്ങളും ഉത്തരങ്ങളും അവൾ സ്വയം പറഞ്ഞിരുന്നു...
“എബി, എന്തായിരുന്നു നമുക്കിടയിൽ പ്രണയമോ ? അതോ മറ്റെന്തെങ്കിലുമോ ?"
“ബാധ്യതകൾ തീർക്കാത്ത ഒരുതരം പ്രണയമായിരുന്നില്ലേ നമുക്കിടയിൽ...!“
“നാം ആദ്യമായി കണ്ടുമുട്ടിയതെന്നാണ് ? എങ്ങനെയാണ് ? അതിനെന്തു പ്രസക്തിയാണല്ലേ.? നീ പറയാറുള്ളതു പോലെ, ഇനി അടുത്ത കോൾ എപ്പോഴാവണം…അതുമാത്രമേ ഞാനും ചിന്തിക്കാറുള്ളു.“
അവന്‍റെ മാറിൽ അവളുടെ കൈകൾ തഴുകിക്കൊണ്ടിരിക്കുമ്പോഴും അതിശയോക്തിയോടെ അവളുടെ കണ്ണുകളിലേക്ക് നോക്കി നിൽക്കാനേ അവനായുള്ളൂ...
“നിന്നോടൊപ്പം ചിലവഴിക്കുന്ന സമയങ്ങളിൽ കിട്ടുന്ന ലഹരി. മറ്റൊരു സ്ത്രീയ്ക്കും കിട്ടിപ്പോകരുതെന്ന് പലപ്പോഴും ഞാൻ ശഠിച്ചുപോകാറുണ്ട്. എന്തൊക്കെയോ നേടിയെടുത്തെന്ന് സ്വയം തോന്നുന്ന ലഹരി. ഞാൻ ആഗ്രഹിച്ചതും നീ എനിക്ക് നല്കിയിരുന്നതും അതുമാത്രമാണല്ലോ ? അതിനുപകരമായി നിന്നോട് എന്ത് വേണമെന്ന് ചോദിക്കുമ്പോൾ ആർത്തിയോടെ എന്‍റെ പേഴ്‌സിലിരിക്കുന്ന പണത്തിലേക്ക് നിന്‍റെ കണ്ണുകൾ പോകുമ്പോഴും നിനക്ക് ആവശ്യമുള്ളത് എടുക്കാൻ പറയുമ്പോഴും എനിക്ക് നിന്നോട് തെല്ല് വെറുപ്പ് തോന്നിയിട്ടുമില്ല.“
കണ്ണീരുപോലെ ചുവന്നും വെളുത്തും നീലിച്ചും നേർത്ത ചില പാടകൾ മാത്രമേ നമുക്കിടയിൽ എന്നും ഒരു തടസ്സമായി അനുഭവപ്പെട്ടിരുന്നുള്ളൂ. ഒരുപക്ഷേ, അവയെ മാറ്റി നിർത്തിയത് നമ്മുടെ മനസ്സുകളെയായിരുന്നോ ? ഞാൻ സഞ്ചരിച്ച എന്‍റെ വഴികളിലൂടെ ഇമകൾ തേടിയുള്ള നിന്‍റെ യാത്രകൾ…വികാര വേലിയേറ്റങ്ങൾക്ക് ഒടുവിൽ ഓരോ സുഖ ലാസ്യത്തിലേക്കും നീ എന്നെ എടുത്തുയർത്തുമ്പോൾ എല്ലാം നേടിയെന്ന് അഹങ്കരിക്കുന്ന ഒരു പുരുഷനെ, സ്വയം വരച്ച വരയിലൂടെ നിന്നെ നടത്തിയ ഭാവമായിരുന്നോ എനിക്കെന്നുമറിയില്ല.?“
“എന്‍റെ പ്രിയ എഴുത്തുകാരി,നല്ല മൂഡിലാണല്ലോ നീ ഇന്ന്.?” അവളുടെ വെളുത്ത തുടുത്ത ചുവന്ന കവിളിനെ ഒരു കൊച്ചു നുള്ളു കൊണ്ട് ഒന്നുകൂടി തുടുപ്പിച്ചു തമാശ പോലെ അവൻ ചോദിച്ചു.
“എന്തുപറ്റി എബി , ബോറടിക്കുന്നുണ്ടോ നിനക്ക് ?”
“ഏയ്, ഒട്ടുമില്ല. ഞാൻ നല്ലൊരു കേൾവിക്കാരൻ ആണെന്ന് നിനക്കറിയില്ലേ ?.”
“പലപ്പോഴായി നിന്നോട് ചോദിക്കണമെന്ന് കരുതി ഞാൻ സ്വയം വിഴുങ്ങുന്ന ഒരു കാര്യം നിന്നോടിപ്പോൾ ചോദിക്കട്ടെ എബീ ?“
“ഉം, ചോദിക്ക്.?”
“എന്നെങ്കിലും നീയെന്നെ സ്നേഹിച്ചിട്ടുണ്ടോ എബി ?”
“നിന്നോടെന്നല്ല ശില്പ എനിക്കെല്ലാവരോടും സ്നേഹമാണ്.! പക്ഷേ, ഞാനൊരു കാര്യം മാത്രം പറയാം പകൽ സമത്ത് എന്‍റെ നേരെ മുഖം തിരിയ്ക്കാൻ അറപ്പില്ലാത്ത നിന്നോട് എനിക്ക് പ്രത്യേക മമത തോന്നിയിട്ടുണ്ട് അതിനപ്പുറമെന്നിൽ നിന്നും ഒന്നും നീ പ്രതീക്ഷിക്കരുത്...... അങ്ങനെയൊന്നെന്നിൽ നിന്നും ഉണ്ടാകാൻ പാടില്ല എന്ന് ഞാനും ആഗ്രഹിക്കുന്നുണ്ട്."
"നീ ഇതിൽ നിന്നുമെല്ലാം ഒരു മാറ്റം ആഗ്രഹിക്കിന്നില്ലേ എബി ?"
“ഞാനായി സ്വയം തിരഞ്ഞെടുത്ത ഒരു ജീവിതമാർഗ്ഗമല്ല ശില്പ ഇത്. സാഹചര്യങ്ങൾ എന്നെ അങ്ങനെ ആക്കിയതാണ്. ഇനി അതിൽ നിന്നുമൊരു മാറ്റം പ്രയാസകരമാണ്. മാത്രവുമല്ല , നീ അടക്കമുള്ള എന്‍റെ മറ്റ് പല കസ്റ്റമേഴ്‌സും അങ്ങനെയൊരു മാറ്റം ആഗ്രഹിക്കുന്നുമുണ്ടാവില്ല.”
“അപ്പോൾ എബി നീ ചെയ്യുന്ന ഈ പ്രവൃത്തി ശരിയാണെന്നാണോ നീ പറഞ്ഞു വരുന്നത് ?”
“ശില്പ ശരിത്തെറ്റുകളുടെ പുറകെ ഞാൻ അലയാറില്ല, എന്നെ തേടി വരുന്ന ശരിത്തെറ്റുകളെ ഞാനായി നിരാശപ്പെടുത്താറുമില്ല. ഓരൊ കസ്റ്റമേഴ്‌സിന്‍റെയും സുഖവും ആനന്ദവും അത് മാത്രമാണ് എന്‍റെ ഇപ്പോഴത്തെ ശരി.”
“അങ്ങനെയാകുമ്പോൾ നീ എന്‍റെ മുന്നിൽ അഭിനയിക്കുകയായിരുന്നു അല്ലേ ?”
“അതെ , ഈ മേഖലയിൽ അങ്ങനെ നിന്നാൽ മാത്രമേ മാർക്കറ്റുണ്ടാകൂ...” ചുണ്ടിലൊരു ചിരി ബാക്കിയാക്കി അവളോടങ്ങനെ പറഞ്ഞപ്പോൾ അവൾക്കും ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. സ്വയം അവൾ പറഞ്ഞു ഞാനിത്ര മണ്ടിയായി പോയല്ലേ... !! ഓരോ പ്രാവശ്യത്തെയും കൂടിക്കാഴ്ചയ്ക്ക് ശേഷം ഇനി വേണ്ടെന്നു മനസ്സിനെ പറഞ്ഞു വിലക്കുമ്പോഴും നിന്‍റെ സാമീപ്യവും സൗഹൃദവും അതിലുപരി നീ നൽകുന്ന സുഖവും സന്തോഷവും ഓർക്കുമ്പോഴൊക്കെ ഞാനറിയാതെ നിന്നെ വീണ്ടും വീണ്ടും വിളിച്ചു പോകുന്നു. എല്ലാ നേടിയെന്നെ ഒരു തോന്നൽ എന്നിലെ സ്ത്രീയ്ക്ക് തോന്നിയതുകൊണ്ടാവുമല്ലേ അങ്ങനെ ? എനിക്കറിയില്ല എബി ചിലപ്പോൾ ഞാൻ നിന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്നത് കൊണ്ടുമാകുമല്ലേ ?
നേരം വെളുത്ത് തുടങ്ങിയിരിക്കുന്നു. കിടക്കമുറിയിലെ ടേബിളിൽ കണ്ണിമചിമ്മാതെ കത്തി നിൽക്കുന്ന ടേബിൾ ലാമ്പ് കമ്പ്യൂട്ടർ മോണിറ്ററിലെ സ്ക്രീൻ-സേവറുകളിലെ പൂക്കൾ വിടർന്നു തുടങ്ങുന്നു. മുറിയിലെ കാഴ്ച്ചകളെ നോക്കി ഒരു മത്സ്യകന്യകയെ പോലെ കിടക്കുന്ന ശിൽപയുടെ അഴിഞ്ഞുകിടന്ന ഗൗൺ നേരെയിട്ടു അവൻ അവളെ പതുക്കെ തൊട്ടുണർത്തി വിളിച്ചെഴുന്നേല്പിച്ചു.
“ഞാൻ യാത്രയാകുന്നു ശില്പ...."
"നിനക്കിന്നും കൂടി എന്നോടൊപ്പം ചിലവഴിച്ചൂടെ എബി ?"
അവനത് അത്ര കാര്യമാക്കിയെന്ന് തോന്നിയില്ല. മേശപ്പുറത്തിരുന്ന അവളുടെ പേഴ്സിൽ നിന്നും അവന്‍റെ കൂലി മാത്രമെടുത്ത് ബാക്കിയുള്ളത് പേഴ്‌സിനുള്ളിൽ തിരിച്ചുവെച്ചു. പോകാൻ ഒരുങ്ങിയപ്പോൾ അവനവളോടായി പറഞ്ഞു.
“ശില്പമാർ ഒരുപാടുള്ള ഈ പട്ടണത്തിൽ ഇന്നെനിക്ക് കുറച്ചധികം ജോലി തിരക്കുണ്ട്. വീണ്ടും ഞാൻ തിരിച്ചു വരും എന്‍റെ കഥ നീ എഴുതി തീരുന്നതിന് മുൻപ്, ചിലപ്പോൾ നിനക്ക് സഹായകമായി നിനക്ക് വേണ്ട തിരുത്തലുകളും നിർദേശങ്ങളുമായി നിന്നോടൊപ്പം ചിലവഴിക്കാൻ കൂലിയൊന്നും വാങ്ങാതെ ഒരു പച്ച മനുഷ്യനായി. "..ഹാപ്പി ന്യൂ ഇയർ, ശില്പ..."
No comments:
Post a Comment