Wednesday, January 3, 2018

ഉടയുന്ന വിഗ്രഹം

ഉടയുന്ന വിഗ്രഹം 
================

ജങ്കാർ സർവീസ് മുടങ്ങിയത് കൊണ്ടായിരുന്നു. വല്ലാർപ്പാടത്തേക്ക് എറണാകുളം ഹൈക്കോർട്ട് വഴി പോകേണ്ടി വന്നത്. ജങ്കാർ ഉണ്ടെങ്കിൽ മൂന്ന് കിലോമീറ്റർ കൊണ്ട് ഓഫീസിൽ എത്താം. ഇതിപ്പോൾ മുപ്പതോളം കിലോമീറ്റർ ചുറ്റി കറങ്ങണം. സമയ നഷ്ടവും ഇന്ധന നഷ്ടവും പിന്നെ വെയിലും കൊള്ളണം. പോകാതിരിക്കാൻ പറ്റില്ലല്ലോ. സുഖമമായ യാത്ര തകരാറിലാക്കിയ ബോട്ട് സെർവിസിനെ കുറ്റം പറഞ്ഞുകൊണ്ട് എറണാകുളം വഴി യാത്ര ആരംഭിച്ചു. പോകുന്ന വഴിയിൽ ഓണകച്ചവടക്കാർ ഓണം കഴിഞ്ഞിട്ടും നിരത്തിലെ കച്ചവടം തകർക്കുകയാണ്. ബ്ലോക്കിൽ നിൽക്കുമ്പോൾ കണ്ണുകൾ വെറുതെ വഴിയോര കച്ചവടക്കാരിലേക്ക് ഓടി നടന്നു. പലവർണ്ണങ്ങളിൽ വസ്ത്രങ്ങൾ , വീട്ടു സാധനങ്ങൾ , പലഹാരങ്ങൾ എല്ലാം കച്ചവടത്തിൽ ഉണ്ട്. കുറച്ചു അകലെ നിന്നും കാതുകളിലേക്ക് ഒരു ശബ്ദം വന്നു പതിക്കുന്നു....

'ദൈവത്തിന് വെറും മൂന്നൂറ് രൂപ'....'ദൈവത്തിന് വെറും മൂന്നൂറ് രൂപ'.....'വലിയ ദൈവത്തിന് അറുന്നൂറ് രൂപ.'

അതാരാണപ്പോ ദൈവത്തിന് വിലയിട്ടേക്കുന്നത്..... സംഭവം കൊള്ളാലോ ഒന്ന് നോക്കിയേക്കാം എന്ന് കരുതി. സിഗ്നൽ വീണപ്പോൾ ഞാൻ ശബ്ദം കേട്ട ഭാഗത്തേക്ക് ബൈക്ക് ഒതുക്കി. ഒന്ന് രണ്ട് കുട്ടകൾ നിറയെ പല വർണ്ണങ്ങളിൽ തിളങ്ങി നിൽക്കുന്ന കൃഷ്ണവിഗ്രഹങ്ങൾ. അവയുടെ ഭംഗി ഞാൻ നന്നായി ആസ്വദിച്ചു. കൈയിൽ ഓടക്കുഴലും തിരുമുടിയിൽ പീലികൾ ചാർത്തി കള്ള കൃഷ്ണൻ വെയിലത്ത് അങ്ങനെ തിളങ്ങി നിൽക്കുകയാണ്. കൃഷ്ണന്റെ രാധയെപോലെ കൃഷ്ണനെ പോലെ ശ്യാമ വർണ്ണത്തിൽ തിളങ്ങി നിൽക്കുകയാണ് കലാകാരിയായ ആ പെൺകുട്ടിയും..... അവളാണ് ദൈവത്തിന് വിലയിട്ട് കച്ചവടം പൊടിപൊടിക്കുന്നത്.....

ചേട്ടാ.... നല്ല വിഗ്രഹങ്ങൾ ആണ് കണികണ്ടുണരാമെന്നും......
ദിവസം സന്തോഷവും ഐശ്വര്യവും നിറഞ്ഞതാകും.... പ്രതീക്ഷയുടെയും അതുപോലെ യാചനയുടെയും സ്വരം ഒരുപോലെ എനിയ്ക്ക് അവളിൽ നിന്നും കേൾക്കാൻ കഴിഞ്ഞു.....

ആവശ്യമില്ലെങ്കിലും.... ഞാൻ വെറുതേ ഒരു കൗതുകത്തിന് വേണ്ടി അവളോട് ചോദിച്ചു.....

ദൈവത്തിന് മൂന്നൂറു രൂപയാണോ വില ?

ചേട്ടാ.... ഈ വിഗ്രഹം മുന്നൂറ് രൂപയേ ഉള്ളൂ.... വലുതിന് അറുന്നൂറ് രൂപയും......
കൂട്ടത്തിൽ വലിയ ഒരു വിഗ്രഹം അവൾ എനിയ്ക്ക് നേരെ നീട്ടി.....

അമ്പടി കേമി...... ദൈവത്തിന് വില സ്വയം നിശ്ചയിച്ചു കച്ചവടം നടത്തുന്ന ഇവൾ ആള് കൊള്ളാല്ലോ ? എന്ന് ഞാൻ ചിന്തിച്ചു നിൽക്കുമ്പോൾ എന്‍റെ പ്രതികരണത്തിനായി ആകാംക്ഷയോടെ  അവൾ കാത്ത് നിൽക്കുകയായിരുന്നു......

മൗനം ഭേദിച്ചുകൊണ്ട് അവൾ വീണ്ടും തുടർന്നു,
ചേട്ടാ... വില കൂടുതൽ ആണെങ്കിൽ ഞാൻ കുറച്ചുതരാം.......

അതല്ല കാര്യം .. സത്യം പറഞ്ഞാൽ എനിക്ക്‌ വിഗ്രഹം വേണ്ട..... 
ആത്മാർത്ഥമായി പറഞ്ഞാൽ എനിയ്ക്ക് നല്ല  ചിരി വന്നു. ദൈവത്തിന്‍റെ വില കൂടുതലാണേൽ കുറക്കാമെന്ന്..  കുറച്ചു നേരത്തേക്കാണെങ്കിലും നമ്മുക്ക് ദൈവങ്ങളുടെ വില നിശ്ചയിക്കാനും കൂട്ടാനും കുറയ്ക്കാനും കഴിയുമല്ലേ..... ദൈവങ്ങളുടെ വില നിശ്ചയിക്കാൻ കഴിവുള്ളവൻ......!!! അങ്ങനെ ഓരോന്നും ഓർത്തപ്പോൾ എന്റെ മനസ്സാകെ ഒന്ന് കുളിർത്തു.. പക്ഷെ, അവളുടെ മുഖം മ്ലാനമായി.....

മനസ്സിൽ നിരാശ ഉണ്ടെങ്കിലും അവൾ അത് പുറത്ത് കാണിക്കാതെ. വിഗ്രഹങ്ങളുടെ നിർമ്മാണ പ്രക്രിയകൾ ഓരോന്നും വർണ്ണിച്ചു അതിലെ കഷ്ടപ്പാടുകൾ അവളിൽ തികഞ്ഞ ഒരു ബിസിനസ് മേക്കറെ ഞാൻ കണ്ടും കേട്ടുമറിഞ്ഞു.....

അവൾ ചോദിച്ചു,
ചേട്ടന്‍റെ പേരെന്താ ?

വിനയൻ. 

വിനയമുള്ള ചേട്ടാ..... ചേട്ടന് എന്തായാലും ഈ വിഗ്രഹം ആവശ്യമുണ്ടാകും പൂജാ മുറിയിൽ വെക്കാലോ ? കണി കാണാലോ..... കൃഷ്ണ ജയന്തി വരികയല്ലേ.......

അതിന് ഞാൻ ക്രിസ്ത്യാനിയാണല്ലോ കുട്ടീ.....

കള്ളൻ ആണ് നിങ്ങൾ കൃഷ്ണനെ പോലെ കള്ളൻ..... വിനയൻ എന്ന പേര് ഹിന്ദുക്കൾക്ക് ഉള്ളതല്ലേ..... വാങ്ങേണ്ടെങ്കിൽ വാങ്ങണ്ട.... കള്ളം പറയരുത്.......

ശരി.... ഞാൻ സമ്മതിച്ചു ഞാൻ കള്ളനാണ്...... വലിയ കള്ളൻ......
അവളുടെ നിഷ്കളങ്കതയ്ക്ക് മുന്നിൽ എന്‍റെ സത്യാവസ്ഥ ഞാൻ പറഞ്ഞില്ല......... ലൈസൻസ് എടുത്ത് കാണിച്ചു കൊടുക്കണമെന്നുണ്ടായിരുന്നു....... എന്തോ എനിക്കതിന് കഴിഞ്ഞില്ല.....

ഇതൊക്കെ ആരാണ് ഉണ്ടാക്കുന്നതെന്ന് വെറുതെ അവളോട് ചോദിച്ചു......

'ഞാൻ തന്നെയാണ് വിനയൻ ചേട്ടാ..... അച്ഛൻ പഠിപ്പിച്ചതാ.....'

'എന്നിട്ട് എവിടെ അച്ഛൻ ?'

'കിടപ്പിലാണ്..... തലകറങ്ങി വീണതാണ്....പിന്നെ എഴുന്നേറ്റില്ല....'

'വിനയേട്ടാ ഒരു പ്രതിമ വാങ്ങൂ പ്ലീസ്'

വഴിവക്കിലെ ആ മിടുക്കി കച്ചവടക്കാരി എന്‍റെ ആരൊക്കെയോ എന്നൊരു തോന്നൽ വെറും പതിനഞ്ച് മിനിറ്റ് കൊണ്ട് ആയതുപോലെ തോന്നി എനിയ്ക്ക്......

'ആട്ടെ അതൊക്കെ പോട്ടെ എന്താ ബിസിനസുകാരിയുടെ പേര് ?'

'മീര..'

'ആഹാ കണ്ണന്‍റെ മീര ആണല്ലോ.....'
മീര ഞാൻ പറഞ്ഞത് സത്യമാണ് എനിക്ക് ഈ വിഗ്രഹം ആവശ്യമില്ല..... വീട്ടിലെ പ്രാർത്ഥനാമുറിയിൽ ഇതിലും വലിയ യേശുവും , മേരിയും , ജോസഫും , അന്തോണിയും , സെബസ്റ്റിയാനോസും എല്ലാമുണ്ട്..... അവരെയൊക്കെ എത്ര വില കൊടുത്ത് വാങ്ങിയതാണെന്ന് എനിയ്ക്കറിയില്ല......

'എങ്കിൽ വിനയേട്ടന് ഈ വിഗ്രഹം... മറ്റാർക്കെങ്കിലും സന്തോഷത്തോടെ എങ്കിലും കൊടുത്തൂടെ.'

ഇവൾ എന്നെ വിടുന്ന ലക്ഷണമില്ല എന്നാ തോന്നുന്നത്. കൗതുകത്തോടെ എത്തി നോക്കി ആകെ ആപ്പിലായ അവസ്ഥയിലുമായി......

മനസ്സിലാ മനസ്സോടെ മീരയ്ക്ക് വേണ്ടി.... ഞാൻ ഒരു കൊച്ചു കൃഷ്ണവിഗ്രഹം വാങ്ങി......

'വിനയേട്ടൻ ഇരുന്നൂറ് രൂപ തന്നാൽ മതി...ഇത്രയും നേരം എന്നോട് സംസാരിച്ചതല്ലേ...'

മനസ്സിൽ ഒരു നീറ്റൽ......
മറ്റൊന്നും ആലോചിക്കാതെ അറുന്നൂറ് രൂപ എടുത്തവൾക്ക് കൊടുത്തു.......

'വിനയേട്ടാ ഇത് കൂടുതലുണ്ട്......'
അവൾ വേഗം ചാടി എണീറ്റു.... എനിയ്ക്കിത്രയും വേണ്ടാ....'

വിഗ്രഹം ബാഗിനുള്ളിലാക്കി.....
'അച്ഛന് വയ്യാ എന്നല്ലേ പറഞ്ഞത്.......അതുമല്ല ഒരുപാട് വെയില് കൊള്ളുന്നതല്ലേ..... എന്നോട് സംസാരിച്ചു കഷ്ടപ്പെട്ടതല്ലേ... അതിരിക്കട്ടെ കുട്ടി...... നിറഞ്ഞ മനസ്സോടെ നൽകിയതാണ്......'

'ഞാൻ നേരത്തെ പറഞ്ഞില്ലേ..... നിങ്ങൾ കള്ളനാണ്.... ശരിക്കും കള്ളൻ.....'

അവളുടെ മുഖത്തെ സന്തോഷവും പ്രസരിപ്പും കണ്ടു..... അവളോട് യാത്ര പറഞ്ഞു...... തിരക്കിലൂടെ ഞാൻ മറഞ്ഞു....

ഓഫീസിലെത്തി....തിരക്ക്.......
ഉച്ചകഴിഞ്ഞപ്പോൾ അവളുടെ മുഖം മനസ്സിലേക്ക് ഓടിയെത്തി....... വിഗ്രഹം പുറത്തെടുത്ത് അവളുടെ കരവിരുത് നന്നായി ആസ്വദിച്ചു..... നല്ല ജീവനുള്ള വിഗ്രഹം......... 
'എങ്കിൽ വിനയേട്ടന് ഈ വിഗ്രഹം... മറ്റാർക്കെങ്കിലും സന്തോഷത്തോടെ എങ്കിലും കൊടുത്തൂടെ.' അവളുടെ വാക്കുകൾ മനസ്സിലേക്ക് ഓടിയെത്തി.......
വീണ്ടും ഒരു കൗതുകം.....
പോകുന്ന വഴി അവളെ കാണുകയാണെങ്കിൽ അവൾക്ക് തന്നെ കൊടുത്തേക്കാം.......

ഷിഫ്റ്റ് കഴിഞ്ഞു ഞാൻ ഇറങ്ങി......
വരുന്ന വഴിയിൽ അവൾ ഇരിക്കുന്ന സ്ഥലത്ത്.... നല്ല തിരക്കുണ്ട്......... കച്ചവടം തകർക്കുയാണ് അവൾ എന്ന്  കരുതി..... ബൈക്ക് അപ്പുറം പാർക്ക് ചെയ്തു റോഡ് ക്രോസ് ചെയ്തു.... ഞാൻ അവളുടെ അടുക്കലെത്തി.....

ചിന്നി ചിതറി കിടക്കുന്ന വിഗ്രഹങ്ങൾ അവയിലൊക്കെ ചോരയുടെ നിറം..... മഞ്ചാടി മണികൾ പോലെ ചിന്നി ചിതറിയ തലച്ചോറിന്റെ അരികൾ..... അത് അവളുടെയായിരിക്കുമോ ? ദൈവമേ..... അതോ വിഗ്രഹങ്ങളുടെയോ...... കൂടി നിന്നവരിൽ ഞാൻ ആരാഞ്ഞു എന്താണ് പ്രശ്നമെന്ന്......
സമനിലതെറ്റിയ ഡ്രൈവറും വാഹനവും ഫുട്പാത്തിലേക്ക് കേറിയിറങ്ങി പോലും...... ഈ വിഗ്രഹങ്ങൾ വിറ്റിരുന്ന പെൺകുട്ടി സ്പോട്ടിൽ മരിച്ചു........ ആംബുലൻസ് വന്ന് ബോഡി കൊണ്ടുപോയി........ ഡ്രൈവർ മദ്യപിച്ചിരുന്നു..... പോലീസ് കൊണ്ടുപോയിട്ടുണ്ട്......

ഒരു ജീവിതമാണ് പൊലിഞ്ഞുപോയത്..... അവൾ വഴി അവളുടെ കുടുംബത്തിന്‍റെ..... ഇനി അവളുടെ അച്ഛന് ആരാണ് സഹായം..... മനസ്സ് കുറച്ചു നേരത്തേക്ക് കൈവിട്ടു പോയി...... കൈയിലിരിക്കുന്ന വിഗ്രഹം പൊതിഞ്ഞ കടലാസിൽ നനവ് പറ്റുന്ന പോലെ.......
കരഞ്ഞു കൊണ്ട് എന്‍റെ കൈപ്പിടിയിൽ നിന്നും ഊർന്നിറങ്ങിയ കൊച്ചുകൃഷ്ണൻ അവന്‍റെ അമ്മയുടെ അടുക്കലേക്ക് കരഞ്ഞുകൊണ്ട് യാത്രയായി.......

മനസ്സ് കല്ലാക്കി... ഞാൻ തിരിഞ്ഞു നടക്കുമ്പോൾ......
പുറകിൽ നിന്നും മീരയുടെ ശബ്ദം അലയടിക്കുന്നുണ്ടായിരുന്നൂ......

'വിനയേട്ടാ.....'
'കള്ളനാണ് നിങ്ങൾ കള്ളൻ..'

No comments: