പെയ്തൊഴിയാതെ
**********************
നീ എത്തിയല്ലേ വിനുവേട്ടാ,
എത്ര നേരമായി ഞാൻ ഈ ആൾക്കൂട്ടത്തിൽ നിന്നെ തിരയുന്നു. കാത്തിരുന്നു കാത്തിരുന്നു ഞാൻ മടുത്തൂ, എങ്കിലും എനിക്കൊരു വിശ്വാസമുണ്ടായിരുന്നു നീ ഉറപ്പായും വരുമെന്ന്. താമസിച്ചപ്പോൾ ഞാൻ കരുതി ഒരുപക്ഷെ നീ വരില്ലായിരിക്കുമെന്ന് ? നിന്നെ കാണാതെ പോകേണ്ടി വരുമല്ലോ എന്നോർത്ത് കുറച്ചൊന്നുമല്ല മനസ്സ് പിടഞ്ഞത്. വിനുവേട്ടന് എന്നും തിരക്കല്ലേ... ആ തിരക്കിനിടയിലും എന്നെ സ്നേഹിക്കുന്ന ഒരു ഹൃദയം ഉള്ളിന്‍റെയുള്ളിൽ ഉണ്ടെന്നെനിക്കറിയാം. അതുകൊണ്ട് എത്ര വൈകിയാലും വരുമെന്ന് എനിയ്ക്കറിയാമായിരുന്നു....!!!
വിനുവേട്ടാ , എന്‍റെ വീട്ടിലേക്ക് വരാൻ നിനക്കെന്തിനാ ഇവളുടെ കൂട്ട് ? അതും ഈ മഴയത്ത് ? എന്തിനാ നീ അവളെ കൂടി ബുദ്ധിമുട്ടിച്ചത് ? ഒറ്റയ്ക്ക് വന്നാൽ പോരായിരുന്നില്ലേ ? ഇന്നെങ്കിലും ? ഞാനും വിനുവേട്ടനും മാത്രമുള്ള നമ്മുടെ മാത്രമായ ലോകം അവിടെ നമ്മുടെ പ്രണയം , എന്നും ഞാനും വിനുവേട്ടനും മാത്രം അറിഞ്ഞിരുന്ന വർണ്ണിക്കാൻ കഴിയാത്ത ഭംഗിയുള്ള ഒരു രഹസ്യമായിരുന്നില്ലേ അത്... ഒരാളെയും അറിയിക്കാതെ തൊട്ടടുത്തിരുന്ന സുഹൃത്തുക്കളെ പോലും അറിയിക്കാതെ നമ്മൾ കൊണ്ടുനടന്ന നമ്മുടെ മാത്രം രഹസ്യം...!! അതും പരസ്യമാക്കി വീട്ടിൽ മമ്മിയേയും പപ്പയേയും അനിയത്തിമാരെയും അറിയിച്ചു വിവാഹം ആലോചിച്ചതും വിനയേട്ടനായിരുന്നില്ലേ.....!! ഞാൻ ഒരു മുസ്‌ലീം ആയിട്ട് കൂടി എന്നെ സ്വീകരിക്കാൻ അവർ മനസ്സ് കാണിച്ചതും , വിനയേട്ടന് എന്നോടുള്ള സ്നേഹം കൊണ്ട് മാത്രമല്ലേ....!!!
എനിയ്ക്ക് കുറേ കൂടി പ്രണയിക്കണമെന്നുണ്ടായിരുന്നു വിനയേട്ടനെ...!!!
വിനയേട്ടന് പ്രിയപ്പെട്ടതെല്ലാം ഞാനിന്ന് അണിഞ്ഞിട്ടുണ്ട്. ഞാവൽപ്പഴത്തിന്‍റെ നിറമുള്ള സൽവാർ അതും വിനയേട്ടൻ വാങ്ങി തന്നതുതന്നെ...!!! കറുത്ത നീളൻ പൊട്ട് , കാറ്റിൽ പാറി പറക്കുന്നതുപോലെ അഴിച്ചിട്ടിരിക്കുന്ന നീളൻ തലമുടികൾ , നിനക്കേറെ ഇഷ്ടമുള്ള എന്‍റെ കണ്ണുകൾ മഷി എഴുതിയിട്ടുമുണ്ടിന്ന് ഞാൻ. ദേ നോക്കിയേ കാലിലിട്ടിരിക്കുന്ന കൊലുസുകൾ ഇത് കാണാഞ്ഞിട്ട് എത്ര പ്രാവശ്യം എന്നെ വഴക്ക് പറഞ്ഞിട്ടുണ്ട്. നിനക്ക് പ്രിയപ്പെട്ടതെല്ലാം ഞാൻ എന്നും എന്‍റെ നെഞ്ചോട് ചേർത്തുകൊണ്ട് നടന്നിട്ടേയുള്ളൂ. ഒരിക്കൽ പോലും ഞാൻ അതൊന്നും മാറ്റി നിർത്തിയിട്ടുമില്ല......!!!
നാം ഒരുമിച്ചുള്ള ഓരോ നിമിഷങ്ങൾക്കും ഭ്രാന്തമായ പ്രണയത്തിന്‍റെ സൗന്ദര്യം ഉണ്ടായിരുന്നു. ഇപ്പോൾ വീണ്ടും ആ സൗന്ദര്യം പതിന്മടങ്ങു എന്നിലേക്ക് എവിടെനിന്നോ വീണ്ടും ഒഴുകി വന്നതുപോലെ തോന്നുന്നു. വിനുവേട്ടാ നോക്കൂ ഈ പ്രകൃതിയും നമ്മുക്കൊപ്പം ചേർന്ന് ഈ നിമിഷത്തെ എത്ര സുന്ദരമാക്കുന്നു. നമ്മുക്ക് വേണ്ടി പെയ്യുന്ന ഈ മഴ അതിന് സാക്ഷിയല്ലേ. ഈ സുഖമുള്ള തണുപ്പ് നീ അറിയുന്നില്ലേ. നമ്മൾ ഒരുമിച്ചുണ്ടായ നിമിഷങ്ങളുടെ ഓർമ്മകൾ പുതുക്കുന്ന പോലെ. ചേതനയറ്റ എന്നെ നീ കാണുന്ന ഈ നിമിഷത്തിൽ [പോലും കാലം തെറ്റി പെയ്യുന്ന ഈ മഴയിലൂടെ അല്ലാതെ എനിക്കെങ്ങനെ നിന്നോടുള്ള സ്നേഹം അറിയിക്കാൻ കഴിയും. ആദ്യ കൂടിക്കാഴ്ചയിലും അവസാന കൂടിക്കാഴ്ചയിലും മഴ പെയ്യുന്നുണ്ടായിരുന്നു എന്ന് വിനുവേട്ടൻ എപ്പോഴും ഓർക്കണം....!!
എന്നെ ഒന്ന് നോക്കിയേ വിനുവേട്ടാ,
തുന്നി ചേർത്ത ഈ ശരീരത്തിനുമില്ലേ രാവിനെ പോലെയുള്ള ഭംഗി. മഴയുടേത് പോലെയുള്ള തണുപ്പ് ഈ ശരീരത്തിനുമില്ലേ ? നിന്‍റെ കൈയും പിടിച്ചു നിൽക്കുന്ന അനിയത്തിയേക്കാൾ സുന്ദരിയായിരിക്കുന്നില്ലേ ഞാനിന്ന്. എന്നും പറയും എത്ര വെളുത്തു തുടുത്തിരുന്നാലും എനിയ്ക്ക് സൗന്ദര്യമില്ല എന്ന് , ഇന്ന് പറ വിനുവേട്ടാ ഞാൻ സുന്ദരിയായിട്ടില്ലേ ?
ചുറ്റിനുമൊന്ന് നോക്കിയേ വിനുവേട്ടാ എല്ലാവരുടെയും മിഴികൾ പരക്കം പായുന്നത്. എല്ലാവരും അടക്കം പറയുന്നത് കേട്ടില്ലേ. എന്തിനാണ് ഞാൻ ആത്മഹത്യ ചെയ്തതെന്ന് അറിയാൻ. ആരും വിനുവേട്ടനെ കുറ്റപ്പെടുത്തില്ല. ഞാൻ ചെയ്തതും തെറ്റാണല്ലോ , കുഞ്ഞിനെ ഞാൻ അബോർട്ട് ചെയ്യാൻ പാടില്ലായിരുന്നു. ആരുമറിയാതെ സംഭവിച്ച തെറ്റാണെങ്കിലും ഞാൻ അത് വിനുവേട്ടനോട് പോലും പറയാതെ മറച്ചുവെച്ചു. ഞാൻ മൂന്ന് ദിവസം ലീവ് എടുത്തിരുന്നപ്പോളും എത്ര ചോദിച്ചിട്ടും ഞാൻ പറഞ്ഞില്ല. മറ്റൊന്നുമല്ല വിനുവേട്ടാ ഒരു കുഞ്ഞിനെ ഇപ്പോൾ വേണ്ടെന്ന് കരുതിയിട്ടാണ്. മാത്രമല്ല കല്യാണം കഴിയാത്ത ഞാൻ അന്യനാട്ടിൽ പോയി പിഴച്ചു എന്ന് കുടുംബക്കാരും അറിയരുതല്ലോ. പിന്നെ എന്‍റെ വിനുവേട്ടനുമായി കുറച്ചുകാലം കൂടി പ്രണയിച്ചു നടന്നതിന് ശേഷം മതിയല്ലോ എന്നും കരുതിയിട്ടാണ്....!!!
പക്ഷെ വിനുവേട്ടന്‍റെ കുത്തി കുത്തിയുള്ള ചോദ്യം ചെയ്യലിൽ ഞാനറിയാതെ സത്യം പറഞ്ഞുപോയതും. പിന്നീട് അവിടെയുണ്ടായ സ്വരച്ചേർച്ചയും അടിയും എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ. പിന്നെ എനിയ്ക്കും വാശിയായി. അതിനായി ഞാൻ കുറെയേറെ വേദനിപ്പിച്ചു. ഞാൻ പറയാതെ താമസം മാറി... കമ്പനി മാറി... പിന്നെ ഇത്തയുടെ ഒപ്പം ദുബായിലും പോയി.....!!!
ഒരുപാട് വേദനിപ്പിച്ചു ഞാൻ....!!!
എന്നോട് പൊറുക്കണം....!!!
ഇത്രയേറെ വർഷങ്ങൾ കഴിഞ്ഞിട്ടും ഞാൻ കെട്ടാതെ നിന്നത് എന്‍റെ വിനുവേട്ടന് വേണ്ടി മാത്രമാണ്. പക്ഷെ ഇന്ന് ഈ ശരീരത്തിൽ വിനുവേട്ടൻ അല്ലാതെ മറ്റൊരുവൻ തൊട്ടിരിക്കുന്നു. അതും ഞാനറിയാതെ എന്നെ ചതിച്ചതാണ് വിനുവേട്ടാ. അതിനുള്ള കാരണം ഞാൻ പറയില്ല എന്നോട് ചോദിക്കരുത്. ഒന്ന് മാത്രം പറയാം വിനുവേട്ടന്‍റെ നസ്രിൻ എന്നും വിനുവേട്ടനെ മാത്രമേ പ്രണയിച്ചിട്ടുള്ളൂ ഒപ്പം ജീവിച്ചിട്ടുള്ളൂ. ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്ക് പിന്നാലെ ഇനിയുമെന്‍റെ വിനുവേട്ടൻ അലയരുത്. കാലം അതിന്‍റെ ഓര്‍മകളില്‍ നിന്ന് എന്നെയും ഞാനീ തിരഞ്ഞെടുത്ത നിദ്രയേയും മറക്കും വരെ....!!!
വിനുവേട്ടൻ കല്യാണം കഴിക്കുന്നത് എനിക്ക് സഹിക്കില്ല , അതുൾക്കൊള്ളാൻ എനിയ്ക്ക് കഴിയുകയുമില്ല. പക്ഷെ കുത്തഴിഞ്ഞ ഈ ജീവിതത്തിൽ നിന്നും വിനുവേട്ടനെ സ്നേഹിക്കാനും കെയർ ചെയ്യാനും താലിയുടെ അവകാശവുമായി ഒരുത്തി വേണം. അവളോട് പറയണം നിന്‍റെ നസ്രിനെ പറ്റി "ഞാൻ മരിച്ചിട്ടില്ല ഞാൻ നിന്നിലൂടെ ജീവിച്ചിരിക്കുന്നുവെന്ന്. എന്‍റെ ജീവൻ നിന്നിലാണെന്നും നമ്മൾ പ്രണയിച്ചു കൊണ്ടേയിരിക്കുന്നുവെന്നും."
ഇന്നെങ്കിലും നിനക്ക് കുടിക്കാതെ വരായിരുന്നില്ലേ... 'താന്തോന്നി'....!!!
എനിക്കിഷ്ടമാണ് നീ അടുത്ത് വരുമ്പോൾ ഉണ്ടാകുന്ന മദ്യത്തിന്‍റെ വാസന.....!!!
കരയില്ല എന്നറിയാം ഉള്ളിൽ പോലും കരഞ്ഞെന്നെ വിഷമിപ്പിക്കല്ലേ വിനുവേട്ടാ......!!!
No comments:
Post a Comment