Wednesday, January 3, 2018

ഒരു ട്രെയിൻ യാത്ര

ഒരു ട്രെയിൻ യാത്ര
★★★★★★★★★★

ചെന്നൈയിൽ നിന്നും നസ്രിനെ പിരിഞ്ഞതിന് ശേഷം എവിടെ പോയാലും തേടി നടക്കുന്ന മുഖം അവളുടെ മാത്രമായിരുന്നു. നാട്ടിൽ അന്വേഷിച്ചപ്പോൾ ഇത്തയോടൊപ്പം ദുബായിയിൽ പോയെന്നറിയാനാണ് കഴിഞ്ഞത്. നിരാശയോടെ ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ വീഴുകയായിരുന്നു ഞാൻ. 

മൂന്ന് വർഷങ്ങൾ കൊഴിഞ്ഞുപോയതറിഞ്ഞില്ല.....

അപ്രതീക്ഷിതമായിട്ടാണ് ആ കോൾ വന്നത്, മറ്റാരുടേയും അല്ല സുഹൃത്ത് ജോണിക്കുട്ടിയുടെ ആയിരുന്നു. വർഷങ്ങളോളം ഒരുമിച്ചു കോൾസെന്ററിൽ ജോലി ചെയ്തിരുന്ന ആത്മബന്ധം. നസ്രിനുമായി പിരിഞ്ഞതിന് ശേഷം ചെന്നൈ നഗരത്തെ എന്നന്നേക്കുമായി വെറുത്ത് എല്ലാം വിട്ടെറിഞ്ഞു വന്ന കൂട്ടത്തിൽ പൊട്ടിപ്പോയ കണ്ണികളിൽ ഒരാൾ. 
ജോണിക്കുട്ടി രണ്ടാഴച്ചത്തേയ്ക്ക് സൗദിയിലേക്ക് പോകുന്നു, അവന്റെ നേഴ്സായ ഭാര്യ പ്രഗ്‌നൻറ് ആണെന്നറിഞ്ഞുള്ള യാത്ര, കുറച്ചു നാളത്തേയ്ക്ക് അവന്റെ റെഡിമെയ്ഡ്ഷോപ്പ് നോക്കിനടത്താൻ വിശ്വസിച്ചു ഏൽപ്പിക്കാൻ ആരുമില്ലെന്നും, ഞാൻ അവിടെ പോയി കുറച്ചു നാൾ ഷോപ്പ് നോക്കി നടത്തണമെന്നും അവൻ ആവശ്യപ്പെട്ടു . അമ്മയുടെ ബിസിനസിൽ സഹായിയായി നിന്ന പരിചയത്തിന്റെ ധൈര്യത്തിലും മറ്റു ജോലി ഒന്നുമില്ലാതിരുന്നത് കൊണ്ടും ഞാൻ സമ്മതിച്ചു. 

"ഡാ, പിന്നെ ഞാൻ പറയുന്നത് കേട്ട് നീ ഞെട്ടരുത്.... നിന്നോട് വരാൻ പറയുന്നതിന് മറ്റൊരുദ്ദേശവും കൂടിയുണ്ട്."

"പറയടാ ജോണി.... വെറുതെ ആളെ ടെൻഷൻ ആക്കാതെ."

"നസ്രിനെ ഒരു ദിവസം ഇവിടെ ഞാൻ ട്രെയിനിൽ വെച്ചു കണ്ടായിരുന്നു.."

"നീ സീരിയസ് ആയിട്ട് പറയുകയാണോ ?"

"അതെടാ അതവൾ തന്നെയായിരുന്നു.... അവൾ ഡൽഹിയിൽ ഉണ്ട്. പക്ഷേ എവിടെയാണെന്ന് മാത്രം അറിയില്ല."

"അതൊക്കെ കണ്ടുപിടിക്കാം... എന്തായാലും ഞാൻ ഉടനെ പുറപ്പെടാം.."

എന്തെന്നില്ലാത്ത സന്തോഷം, മുഖം പ്രതീക്ഷയുടെ കിരണങ്ങളാൽ വെട്ടിതിളങ്ങാൻ തുടങ്ങി. അമ്മയോട് യാത്ര പറഞ്ഞു കൈയിൽ കിട്ടിയതെല്ലാം ബാഗിൽ കുത്തിനിറച്ചു പുറപ്പെട്ടു. കേരളാഎക്സ്പ്രസ് ലക്ഷ്യമാക്കി നേരെ തമ്പാനൂരിലേക്കുള്ള യാത്ര. യാത്രക്കാരെയും ബന്ധുമിത്രാദികളെയും യാത്രയയക്കാൻ വരുന്നവരുടെയും ഒടുക്കത്തെ തിരക്ക്. ആളുകളെ തട്ടിയും മുട്ടിയും ദേഷ്യപ്പെട്ടും ഞാൻ എന്റെ കോച്ചിന് മുൻപിൽ സ്ഥാനം പിടിച്ചു. കാഹളം മുഴക്കി പ്ലാറ്റ്ഫോമിലേക്ക് പയ്യെ പയ്യെ  ട്രെയിൻ വന്നുനിന്നു, മഴയും പെയ്യാൻ തുടങ്ങി. ഇറങ്ങാനുള്ള യാത്രക്കാരുടെ തിരക്കിനേക്കാൾ കയറാനുള്ള യാത്രക്കാരുടെ തിരക്കാണ് കൂടുതലും. ഒരുവിധം ഉന്തിയും തള്ളിയും ബാഗും ഷോൾഡറിലേന്തി ഉള്ളിൽ കയറി പറ്റി. സീറ്റ് നമ്പർ കണ്ടുപിടിച്ചു അപ്പർബെർത്തിൽ സ്ഥാനമുറപ്പിച്ചു. ചില സീറ്റുകൾ മാത്രമേ കാലിയായിട്ടുള്ളു. ബാക്കിയെല്ലാം ഏകദേശം ഫുളളായി.

ചൂളമടിച്ചു വീണ്ടും കേരളാഎക്സ്പ്രസ് കരയാൻ തുടങ്ങി. യാത്രയാക്കാൻ വന്നവർ ധൃതിയിൽ ട്രെയിനിൽ നിന്നും ചാടിയിറങ്ങി. പഠിക്കാൻ പോകുന്ന മക്കളെ നോക്കി കരയുന്ന അമ്മമാർ, ഭർത്താക്കൻമാരെ  യാത്രയയക്കാൻ വന്ന ഭാര്യമാരിൽ ചിലർ വിതുമ്പുന്നുണ്ട്, പട്ടാളക്കാരായ  മക്കളെ കെട്ടി പിടിക്കുന്ന അച്ഛൻമാർ, കുഞ്ഞുങ്ങളുടെ കരച്ചിൽ, ചായ വിൽക്കാൻ നടക്കുന്നവർ അങ്ങനെ കാഴ്ച്ചകൾ കണ്ടിരിക്കുമ്പോൾ ട്രെയിൻ മെല്ലെ പുറപ്പെട്ടു തുടങ്ങി.......

ഹോ എത്രയും പെട്ടെന്നൊന്ന് ഡൽഹിയിലെത്തിയാൽ മതി. പലപ്പോഴായി പോയിട്ടുണ്ട് ഡൽഹിയിൽ പക്ഷേ  ഇത്രയും പ്രതീക്ഷയോടെയും സന്തോഷത്തോടെയുമുള്ള  യാത്ര ഇതാദ്യാമായാണ്.

"ഹലോ.... ഐ ആം ദീപേഷ് ചാറ്റർജി.... ആൻഡ് യൂ ?"

എനിക്ക് നേരെ വന്ന കൈകൾ ഒരു ഹസ്തദാനത്തിൽ ഒതുക്കി.. ഐ ആം വിനയൻ എന്ന ഉത്തരവും നൽകി.  എന്തോ ആരോടും സംസാരിക്കാനുള്ള ഒരു മാനസികാവസ്ഥയിൽ അല്ലാത്തത് കൊണ്ട് ഞാൻ ഫോണുമെടുത്ത് കോൾ ചെയ്യാനുള്ളത് പോലെ അവിടെന്ന് മാറി ഡോർ സൈഡിലേക്ക് നീങ്ങി. അവിടെ നിന്നു കാറ്റും കൊണ്ട് യാത്ര ചെയ്യുന്നതിന് ഒരു പ്രേത്യേക സുഖമുണ്ട്....നസ്രിനും ഡോർ സൈഡിൽ നിന്ന് യാത്ര ചെയ്യാൻ ഒരുപാടിഷ്ടമായിരുന്നു. ചെന്നൈയിൽ ഞങ്ങൾ മെട്രോയിലെന്നും അങ്ങനെയായിരുന്നു യാത്ര ചെയ്തിരുന്നതും. ഓർമകളെ അയവിറക്കി അങ്ങനെ യാത്ര തുടർന്നുകൊണ്ടേയിരുന്നു.... ബാഗിൽ കരുതിയിരുന്ന മദ്യം മിക്സ് ചെയ്ത കോളാ കുപ്പിയുമെടുത്ത് കുടിച്ചങ്ങനെ കാറ്റ് കൊണ്ടിരുന്നുള്ള യാത്ര എപ്പോഴോ പഴയ ഓർമ്മകളിലേക്ക് വഴുതി വീണ മനസ്സും. കണ്ണുകൾ അടഞ്ഞു തുടങ്ങിയപ്പോൾ അപ്പർബെർത്തിൽ കയറിക്കൂടി, പിന്നെ എഴുന്നേറ്റത് നട്ടുച്ചയായപ്പോൾ....

"ഹലോ ഗുഡ്മോർണിംഗ്... ഡൂ യൂ സ്പീക്ക് ഹിന്ദി?"
ദീപേഷ് ചാറ്റർജിയുടെ ചോദ്യം കേട്ട് ഞാൻ പറഞ്ഞു, 

"നഹി... ഡൂ യൂ സ്പീക്ക് മലയാളം?"

"കുറച്ചു കുറച് അറിയാം"

ആള് കുഴപ്പമില്ല എന്ന്  തോന്നി പിന്നെ അയാളെ കൂടുതൽ കഷ്ട്ടപ്പെടുത്തണ്ടാ എന്ന് കരുതി കഷ്ടപ്പെട്ട് ഞാൻ ഹിന്ദി പറയാൻ തുടങ്ങി. അങ്ങനെ സംസാരിച്ചു സംസാരിച്ചു യാത്ര തുടർന്നോണ്ടേയിരുന്നു. പട്ടാളക്കാരായ ചില മലയാളികളുമായി ചങ്ങാത്തം കൂടി ചീട്ട് കളിയും സിഗരറ്റ് വലിയും മിലിട്ടറി ജവാനുമെല്ലാം അടിച്ചു, വളരെ സന്തോഷകരമായ ഒരു യാത്ര.

"വിനയ് ജീ, പ്ലീസ് കീപ്പ് മൈ വിസിറ്റിങ് കാർഡ്. നെക്സ്റ്റ് സ്റ്റേഷൻ ഭോപ്പാൽ ഹേ.... I will get down there..Nice to meeting you.."
തിരിച്ചുകൊടുക്കാൻ വിസിറ്റിങ് കാർഡ് ഒന്നും എന്റെ കൈയിൽ ഇല്ലായിരുന്നത് കൊണ്ട്. ദീപേഷിന്റെ ഫോൺ നമ്പർ വാങ്ങി മൊബൈലിൽ സേവ് ചെയ്തു. ട്രെയിൻ ഭോപ്പാൽ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലേക്ക് അടുക്കുകയാണ്. വേഗത കുറച്ചു മൂളലോടെ ട്രെയിൻ പൂർണ്ണമായും നിന്നു. ദീപേഷ് ചാറ്റർജിയെ സഹായിച്ചു അയാളുടെ ലഗ്ഗേജുമെടുത്ത് ഞാനും പുറത്തിറങ്ങി. പുറത്തിറങ്ങിയതും ദീപേഷ് ചാറ്റർജി യാത്ര പറഞ്ഞു തിടുക്കത്തിൽ യാത്രയായി. അങ്ങനെ അയാളെ യാത്രയാക്കിയ കണ്ണുകൾ ഭോപ്പാൽ സ്റ്റേഷനിൽ പരതി നടക്കാൻ തുടങ്ങി. ആൾക്കൂട്ടത്തിൽ നിന്നും എനിക്കിഷ്ട്ടപ്പെട്ട കണ്ണുകൾ ഒരു മിന്നായം പോലെ കണ്ടു. വീണ്ടും വീണ്ടും ആ കണ്ണുകളുടെ മുഖം തേടി തിരക്കിനിടയിൽ നിന്നും അൽപ്പം മാറി നിന്നും നോക്കിയപ്പോൾ അതവൾ തന്നെ നസ്രിൻ..... 

ഏതൊരാൾക്കൂട്ടത്തിലും ഞാൻ തിരയുന്ന മുഖം. എനിയ്ക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. എന്റെ ഹൃദയമിടിപ്പിന്റെ വേഗത കൂടി. കൈയും കാലും മരവിക്കുന്നൊരവസ്ഥ... എന്ത് ചെയ്യണമെന്നറിയില്ല. ട്രെയിനിനുള്ളിലേക്ക് ഓടിക്കയറി ബാഗെടുത്ത് ട്രെയിനിൽ നിന്നും ചാടിയിറങ്ങിയ ഞാൻ നസ്രിൻ നിന്ന പ്ലാറ്റ്ഫോമിലേക്ക് ഓടി, കാലുകൾക്ക് വേഗത കുറവാണെന്നു തോന്നുന്നു. അടുത്തെത്തിയപ്പോഴേക്കും അവൾ തിരിഞ്ഞു നടന്നിരുന്നു.ആൾക്കൂട്ടത്തിനിടയിൽ മറഞ്ഞു. 

നസ്രീൻ എന്ന്  ഉച്ചത്തിൽ വിളിച്ചാലോ എന്നോർത്തു,.... ഇനി ചിലപ്പോൾ എനിയ്ക്കുണ്ടായ ഹാലൂസിനേഷൻ ആയിരിക്കുമോ ? ഹേയ്... ഒരിക്കലുമല്ല അതവൾ തന്നെയാണ് എനിയ്ക്കുറപ്പാണ്. ഒന്നുകിൽ അവൾ എന്നെയും കണ്ടിരിക്കും.. അല്ലെങ്കിൽ പിന്നെ എന്തിനാണ് അവൾ മാറിക്കളഞ്ഞത് ? എന്നൊക്കെ സ്വയം ചിന്തിക്കാനും സംസാരിക്കാനും തുടങ്ങി. ആൾക്കൂട്ടത്തിൽ കണ്ണുകൾ നസ്രിനെ തിരഞ്ഞുക്കൊണ്ടിരുന്നു.... ഇനി അവൾ എന്നിൽ നിന്നും ഒളിച്ചോടുകയാണോ ? എന്തിനുവേണ്ടി ? ഒരെത്തും പിടിയും കിട്ടുന്നില്ല.....  കേരളാ എക്സ്‌പ്രസും പോയി, തളർന്ന ഞാൻ ക്യാന്റീനിൽ നിന്നും എന്തെങ്കിലും കുടിക്കാൻ പോയപ്പോൾ, പുറകിൽ നിന്നൊരു ശബ്ദം "വിനയേട്ടാ...."

കണ്ണുകൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. അതെന്റെ നസ്രീൻ ആയിരുന്നു....
ഓടിച്ചെന്നവളെ പൊക്കിയെടുക്കാൻ തോന്നിയെനിക്ക്... 
നിറഞ്ഞ കണ്ണുകളോടെ പരിഭവത്തോടെ ഞാൻ ചോദിച്ചു,

"എവിടെയായിരുന്നു നീ ഇത്രയും കാലം ? എന്തിനാണ് നീയെന്നിൽ നിന്നും ഓടിയകന്നത് ? ഞാൻ ഇപ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ നിന്നെ കണ്ടപ്പോൾ നിന്നിലേക്ക് ഓടിയെത്തിയതല്ലേ ? നീയെന്തിനാ മാറി കളഞ്ഞത് ?"

"വിനയേട്ടനെ ഞാനും കണ്ടിരുന്നു... പക്ഷേ ഞാൻ മാറി കളഞ്ഞതല്ലാ.."

"പിന്നെ ?"

"അത്...അതുപിന്നെ ഞാൻ എന്റെ ഹസ്ബന്റിനെ വെയിറ്റ് ചെയ്തുനിന്നതാണ്... മീറ്റ് മൈ ഹസ്ബൻഡ് ഋഷി.."

അടുത്തു നിന്ന ഹിന്ദിക്കാരനെ കാണിച്ചവൾ എന്നെ പരിചയപ്പെടുത്തിയപ്പോൾ. എന്റെ കാതുകളിൽ ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ലാ... കുറച്ചുനേരത്തേക്ക് ഞാൻ ചലനമറ്റു പോയിരുന്നു, ഈ ലോകം കീഴ്മേൽ മറയുന്നത് പോലെ തോന്നുന്നു....എന്ത് പറയണമെന്നെനിക്കറിയില്ലായിരുന്നു......

"ഋഷി He is my friend and we worked together in chennai so long......"

ഏറെ നാൾ കാത്തിരുന്നു...കാത്തിരുന്നു ഏതൊരാൾക്കൂട്ടത്തിലും തിരഞ്ഞിരുന്ന മുഖം. ഏറെ നാളുകൾക്ക് ശേഷം കണ്ടുമുട്ടിയപ്പോൾ ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല.... ഹൃദയത്തിലെ തേങ്ങൽ എന്റെ കണ്ണുകളിൽ പ്രതിഫലിക്കാൻ തുടങ്ങിയപ്പോൾ ഇനി അവിടെ നിൽക്കുന്നതിൽ പ്രസക്തിയില്ലെന്ന് തോന്നി. നസ്രിനോടും അവളുടെ ഹസ്സിനോടും ഒന്നും മിണ്ടാതെ യാത്രപോലും പറയാതെ നിറഞ്ഞ കണ്ണുകളുമായി അവ്യക്തമായ കാഴ്ചയിൽ ഞാൻ മടങ്ങി......

ഇനിയൊരിക്കലും നസ്രീൻ എന്റെയല്ല എന്ന തിരിച്ചറിവിൽ.. ഡൽഹിയിലേക്ക് യാത്രയായി... ജോണിക്കുട്ടിയുടെ കടയിൽ ഒരു മാസം നിന്നു. പിന്നെയവൻ വന്നപ്പോൾ അവനോടെല്ലാം പറഞ്ഞു തിരിച്ചു നാട്ടിലേക്ക് യാത്രയായി..

വീണ്ടും നിരാശയുടെ പടുക്കുഴിയിലേക്ക്......
മദ്യവും പുകച്ചുരുളുകളും മാത്രമായി പിന്നീടങ്ങോട്ട് കൂട്ടിന്.... വർഷങ്ങൾ കൊഴിഞ്ഞുകൊണ്ടേയിരുന്നു.....
നെറ്റ് കോളിൽ നിന്നുമെനിക്ക് കോളുകൾ വന്നോണ്ടേയിരുന്നു...
കുറേ നേരം മിണ്ടാതെയിരിക്കും...
അതൊരു പതിവായി.... ഒരിക്കൽ വെള്ളമടിച്ചു ബോധമില്ലാതിരിക്കുന്ന സമയത്ത് നെറ്റ് കോളിൽനിന്നും വന്ന കോൾ  അറ്റൻഡ് ചെയ്തു ഞാൻ ഒരുപാട് അസഭ്യം പറഞ്ഞപ്പോൾ മറുപടി വന്നു..

"വിനയേട്ടാ.... ഞാനാ നസ്രീൻ.."

"ഓഹ്  നീയോ, എന്താ ഇപ്പോൾ നിന്റെ പ്രശ്നം...... നീ കാരണം ഞാൻ ഇവിടെ വരെയായി...."

"വിനയേട്ടാ ഞാനിപ്പോൾ ഷാർജയിൽ ഇത്തയോടൊപ്പം ആണ്. എന്റെ കല്യാണമൊന്നും കഴിഞ്ഞിട്ടില്ലായിരുന്നു, അന്ന് പരിചയപ്പെടുത്തിയ ഋഷി എന്റെ കൂടെ വർക്ക് ചെയുന്ന സുഹൃത്ത് മാത്രമാണ്. വിനയേട്ടനെ ഇട്ടെറിഞ്ഞു പോയ എനിക്ക് മറ്റൊരു വിവാഹം ഇനിയൊരിക്കലും ഈ ലൈഫിൽ ഉണ്ടാകില്ല.. ഈ ജീവിത കാലം മുഴുവൻ ഓർക്കാൻ എന്റെ കൈയിൽ ആറ് വർഷത്തെ കുറേ നല്ല ഓർമ്മകൾ ഉണ്ട്. എനിക്കത് മതി കൂട്ടിന്. ഇനിയെന്റെ വിനയേട്ടൻ കുടിക്കരുത്.... കുടിക്കാം ആവശ്യത്തിന് മാത്രം... ആരും ഉപദേശിക്കുന്നത് ഇഷ്ട്ടമല്ലല്ലോ..."

ഹലോ... ഹലോ.... കോൾ കട്ടായി....
വീണ്ടും പ്രതീക്ഷയോടെയുള്ള കാത്തിരിപ്പ്.....

No comments: