ഒരിക്കൽ അവളെന്നോട് പറഞ്ഞു,
'നീയൊരു പർവ്വതമായി മാറണമെന്ന്, അതും ആർക്കും എത്തിപ്പെടാൻ കഴിയാത്ത ഒരിടത്ത് മാനം തൊട്ട് തലോടി വേണം നീ സ്ഥിതി ചെയ്യേണ്ടത്.'
എന്തിന് വേണ്ടി എന്ന ചോദ്യശരം മനസ്സിൽ ഇന്നും സൂക്ഷിക്കുന്നുണ്ട്. എല്ലാം ഉളളിൽ ഒതുക്കി ഞാൻ.... മൂളി കേട്ടു.....
അവൾ വീണ്ടും തുടർന്നു,
'ഞാൻ സ്വയം ഒരു മരമായി മാറും എന്നിട്ട് വേരുകളാൽ നിന്റെ ഹൃദയം മുഴുവൻ കുടിച്ചു തീർക്കും.'
മനസ്സിൽ ഞാൻ കരുതി,
'ഇവൾക്ക് ഇത് എന്നാ പറ്റി... വല്ല ബാധയും കയറിയോ ഫുൾ ഫിലോസഫി ആണല്ലോ.... ഒടുക്കത്തെ ഭാവനയും.... എന്തായാലും വിഷമിപ്പിക്കണ്ട എന്ന് കരുതി.... ഞാൻ പിന്നെയും മൂളി കേട്ടു.'
'തലയെടുപ്പുള്ള നിന്നിൽ ഞാൻ നിനേക്കാൾ ഉയരത്തിൽ തലയെടുപ്പോടെ ഒരു രാജ്ഞിയെ പോലെ നിൽക്കും.'
'ആഹാ കൊള്ളാല്ലോ നിന്റെ ആഗ്രഹം.'
അത് ഞാൻ സാധിച്ചുതരാം.... നീ ആഗ്രഹിച്ചതല്ലേ....
അങ്ങനെ,
സ്വയം ഞാൻ ഒരു പർവ്വതമായി മാറി 'അവൾക്കു വേണ്ടി'...
കുറച്ചു നാളുകൾക്ക് ശേഷം....
ഹൃദയം മുഴുവനായും കുടിച്ച് തീർത്ത് മടുത്തപ്പോൾ അവൾ മാനത്തെ സ്നേഹിച്ചു തുടങ്ങി. പിന്നീടവൾക്ക് പറക്കണമെന്ന് തോന്നി....
അങ്ങനെ,
മരമായി വേരുകൾ ഊന്നിയവൾ കടപുഴകി ഒരു ശലഭമായി മാറി....
ചിറകുകൾ വിരിഞ്ഞപ്പോൾ അവൾ പറന്നും പോയി...
അവൾക്ക് വേണ്ടി പർവ്വതമായി മാറിയ ഞാനോ ഇന്നും വേനലുകൾ അടർത്തി മാറ്റാൻ കഴിയാത്ത കിനാക്കളെ,
സ്വയം കുഴിച്ചു മൂടിയ കുഴിമാടത്തിൽ നനവുകളെ തേടുന്നു.....
'എന്നെ പൊളളിച്ച വേനലുകളുടെ വേദന ശമിപ്പിക്കുവാനായി..'
No comments:
Post a Comment