പരസ്പരം അറിയാത്ത രണ്ടുപേർ എന്നാൽ നിത്യേന കാണുന്നവർ... എങ്ങനെയെന്നല്ലേ? സോഷ്യൽ മീഡിയ എന്ന വലിയ ശൃംഖലയിൽ ബന്ധിപ്പിച്ചിരിക്കുന്ന കണ്ണികളായിരുന്നു ഇരുവരും. എഴുത്തിന്‍റെ വിശാലമായ ലോകത്തിലായിരുന്നു അവർ കണ്ടുമുട്ടിയതും അറിഞ്ഞിരുന്നതും. എഴുത്തിലൂടെ ഒരു ആത്മബന്ധം ഉടലെടുത്ത ആ ഹൃദയങ്ങൾ അവരുടെ കൊച്ചു കൊച്ചു സന്തോഷങ്ങളും, ദുഃഖങ്ങളും, കുട്ടിക്കുറുമ്പുകളുമൊക്കെ വരികളിലൂടെ പങ്കുവെച്ചു. തികച്ചും അപരിചിതരായ കഥാകാരനായ 'ഫിലിപ്പ്' എന്ന ഞാനും 'എമിലിയും' ഇന്‍റെർനെറ്റ് എന്ന വിശാലമായ ലോകത്തിലൂടെ കണ്ടുമുട്ടിയവരായിരുന്നു.
എമിലിയുടെ എഴുത്തുകൾ വായിക്കുമ്പോൾ വേദനയിലും സന്തോഷം കണ്ടെത്തുന്ന പ്രകൃതമായാണ് തോന്നിയത്. ഏകദേശം ഒരു വർഷത്തിനു ശേഷമായിരുന്നു ഞാൻ എമിലിയോട് ഒരു ഹായ് പറയുന്നത് തന്നെ.
"ഹായ് മിസ്റ്റർ ഫിലിപ്പ്.
ഒരുപാട് നാളായിട്ട് നമ്മൾ കാണുന്നു... ഒന്ന് പരിചയപ്പെടണം എന്ന് ഞാനും വിചാരിക്കാൻ തുടങ്ങിയിട്ട് കുറച്ചുനാളുകളായി. പിന്നെ വിചാരിക്കും വേണ്ടാ നിങ്ങൾക്ക് ഇഷ്ടമായില്ലെങ്കിലോ"..!
"ഇതേ ചിന്താഗതിയിൽ ആയിരുന്നു ഞാനും"....
"പിന്നെന്താ ഇപ്പോൾ ഒരു ഹായ് പറഞ്ഞത് ?
അവളുടെ ചോദ്യത്തിന് മുന്പിൽ ചെറുതായൊന്ന് പരിഭ്രമിച്ചെങ്കിലും ഉത്തരം നൽകി.
"ഇന്നലെ എമിലി എഴുതിയ വരികൾ എന്നെ വല്ലാതെ ഹോണ്ട് ചെയ്യുന്നു, അതെന്താണെന്ന് അറിയാൻ വേണ്ടി മാത്രമായാണ് ഒരു ഹായ് പറഞ്ഞത്"....
"ഉം..."
പുറത്തു നല്ല കാറ്റ് വീശുന്നുണ്ട് ജനാലയിലൂടെ മഴത്തുളളികൾ ശക്തിയായി അകത്തേക്ക് കാറ്റിനോടൊപ്പം തെന്നിതെറിച്ചുകൊണ്ടിരുന്നു..
"എമിലി ഇവിടെ നല്ല മഴ പെയ്യുന്നുണ്ട്, ഇടിവെട്ടും മിന്നലും ഉണ്ടാകുന്നെങ്കിൽ ഞാൻ നെറ്റ് ഓഫ് ചെയ്തു ഫോൺ മാറ്റി വെയ്ക്കും കേട്ടോ ? അവിടെ മഴയുണ്ടോ."
"ഇല്ലേയില്ല, ഇവിടെ കാലാവസ്ഥ ഇപ്പോൾ അഞ്ച് ഡിഗ്രിയാണ്."
ഞാനതുകേട്ട് അതിശയിച്ചുപോയി.
"അപ്പോൾ എമിലികേരളത്തിൽ അല്ലേ"....
"കേരളത്തിൽ ഞാൻ വന്നിട്ട് പോലുമില്ല. ഞാൻ ലിവർപൂളിൽ ആണ്.
ലിവർ പൂൾ അറിയുമോ മിസ്റ്റർ ഫിലിപ്പിന്"
ഒരു അന്താളിപ്പോടെ ഞാൻ ഉത്തരം നൽകി.
"അറിയാം ലണ്ടനിൽ അല്ലേ. ലിവർ പൂളിൽ അല്ലേ സെഫ്ടോൺ പാർക്ക്"
"ഞാൻ സെഫ്ടോൺ പാർക്കിനു അടുത്തുള്ള വിക്ടോറിയ റോഡിലെ ഐർവൽ ലൈനിൽ ആണ് താമസം. സെഫ്ടോൺ പാർക്ക് ഫിലിപ്പിന് എങ്ങനെ അറിയാം... ഇവിടെ ആരെങ്കിലും ഉണ്ടോ ?"
"സെഫ്ടോൺ പാർക്ക് പാം ഹൗസ് പ്രിസർവേഷൻ ട്രസ്റ്റിനെ കുറിച്ചുള്ള ഒരു ഫീച്ചർ ടി.വിയിൽ കണ്ടിട്ടുണ്ട് അങ്ങനെ അറിയാം. എമിലി കേരളത്തിലായിരിക്കുമെന്നാണ് ഞാൻ കരുതിയിരുന്നത്."
"ഓഹ്.... ഗോഡ് നോ വേ...
ഐ ആം എമിലിയാനോ അഡ്രിയാൻ. എല്ലാവരും എന്നെ എമിലി എന്ന് വിളിക്കും. പകുതി മലയാളിയും പകുതി ഇംഗ്ലീഷും. നല്ലൊന്നാന്തരം സങ്കരയിനമെന്ന് വേണേൽ പറയാം വയസ് ഇരുപത്തിനാല് ബേബീസ് കെയറിലും പിന്നെ പാർട് ടൈം ആയി ഹോട്ടൽ വെയിറ്ററുമാകുന്നു. ഫിലിപ്പ് എന്തുചെയ്യുന്നു ?"
"അറബിക്കടലിന്‍റെ റാണിയുടെ സൗന്ദര്യം ആസ്വദിക്കാൻ വരുന്ന നിങ്ങളെപ്പോലുള്ള വിദേശികൾക്ക് താമസിക്കാനുള്ള ഒരു ഹോംസ്റ്റേയിൽ വർക്ക് ചെയ്യുന്നു."
"അപ്പോൾ എന്നെങ്കിലും ഇന്ത്യയിൽ വരുമ്പോൾ അവിടെ ഫിലിപ്പിന്‍റെ ഹോംസ്റ്റേയിൽ ഫ്രീ ആയി എനിക്ക് താമസിക്കാലോ അല്ലേ."
ഞങ്ങളുടെ സംസാരം അങ്ങനെ നീണ്ടു നീണ്ടു ഉറങ്ങാൻ വരെ മറന്നുപോയി. ഒടുവിൽ എമിലി പറഞ്ഞു,
"അവിടെ ഇപ്പോൾ വെളുപ്പിന് മൂന്ന് മണിയായി കാണില്ലേ... ഉറങ്ങുന്നില്ലേ ഫിലിപ്പ് ?"
"സംസാരിച്ചു സമയം പോയതറിഞ്ഞില്ല, നൈസ് റ്റു മീറ്റ് യൂ എമിലി സീ യൂ എഗൈൻ."
സംസാരം നിറുത്തി മഴയുടെ കുളിരിൽ പുതച്ചുറങ്ങുമ്പോൾ ആയിരുന്നു ചിന്തിച്ചത്, എന്താണ് അവളുടെ എഴുത്തുകൾ ഇത്രയും വേദനിപ്പിക്കുന്നത് എന്ന് ചോദിക്കാൻ മറന്നു. വേഗം തന്നെ അവൾക്ക് വീണ്ടും മെസ്സേജ് അയച്ചു.
"എമിലി ഞാൻ ചോദിക്കാൻ മറന്ന ഒരു കാര്യം ചോദിച്ചോട്ടെ? എന്താ എമിലിയുടെ എഴുത്തുകൾക്ക് ഇത്രയും വേദനകൾ അനുഭവപ്പെടുന്നത് ?"
"വായിക്കുന്നവർക്ക് തോന്നുന്നതാണ് അങ്ങനെ, എനിക്ക് ഒരു വേദനയുമില്ല. ഞാൻ അവന് വിശപ്പടക്കാൻ തിന്നാൻ കൊടുത്തിട്ടും വീണ്ടും വീണ്ടും എന്നെ കാർന്നു തിന്നുകയാണ്."
"ആര് ?
എന്ത് ?
എനിക്കൊന്നും മനസിലായില്ല ? വ്യക്തമായി പറയു എമിലി."
"ക്യാൻസർ..
ത്രോട്ട് ക്യാൻസർ ആണ് എനിക്ക്."
"ചികിത്സിക്കുന്നില്ലേ ?"
"ഉണ്ട്.
എങ്കിൽ ഇനി സമാധാനമായി കിടന്നുറങ്ങിക്കോളൂ."
"ഉം".
മഴയുടെ കുളിരിലും ഞാൻ വിയർക്കുന്നുണ്ടായിരുന്നു, അവൾ എന്‍റെ ആരുമല്ല പിന്നെന്തിന് ഞാൻ ഇത്രയും ടെൻഷൻ ആകണം. ഒരുപക്ഷെ അവളുടെ എഴുത്തുകളോടുള്ള ആരാധനയാകാം അതിന് കാരണം എന്തായാലും നല്ലത് മാത്രം വരുത്തണേന്ന് ദൈവത്തോട് പ്രാർത്ഥിച്ചു കിടന്നുറങ്ങി.
കർട്ടനുകൾക്കിടയിലൂടെ മുറിയിൽ പ്രഭാതം ഒരു തണുത്ത കാറ്റിലൂടെ എന്നെ വിളിച്ചുണർത്തി. വാതിൽ തുറന്നു സിറ്റ് ഔട്ടിൽ നിന്നുകൊണ്ട് നനുത്ത പ്രഭാതത്തിൻ സൗന്ദര്യം ആസ്വദിച്ചു. മഴയിൽ നനഞ്ഞു കുതിർന്ന തെങ്ങോലകളുടെ പച്ചപ്പിന് മുകളിലൂടെ നീല പുതപ്പു വിരിച്ചു മേഘവും. മേഘങ്ങളുടെ ഇടയിലൂടെ ഒളികണ്ണാൽ നോക്കി പുഞ്ചിരി തൂകുന്ന സൂര്യനു ചുറ്റും വട്ടമിട്ടു പറക്കുന്ന പരുന്തുകളെയും നോക്കി നിൽക്കുമ്പോൾ മൊബൈലിൽ നിന്നും അലാറം മുഴങ്ങുന്നു. അകത്ത് കയറി മൊബൈൽ അലാറം ഓഫ് ചെയ്തു പ്രഭാതകർമ്മങ്ങൾക്കായുള്ള സമയം ചിലവഴിച്ചു. രാവിലത്തെ കാപ്പികുടിയും കഴിഞ്ഞു ബുക്കിംഗ് വന്നിട്ടുണ്ടോ എന്ന് നോക്കുവനായി കമ്പ്യൂട്ടറും ഓൺ ചെയ്തു ചെക്കിംഗ് ഇൻ ഒന്നുമില്ലെന്ന് ഉറപ്പുവരുത്തി പാട്ട് കേട്ടിരിക്കുമ്പോഴാണ് "ശരീരം നോവിക്കുന്ന വേദനയേക്കാൾ എനിക്ക് നോവുന്നതു മനസ് വേദനിക്കുമ്പോൾ ആണ്." എന്ന എമിലിയുടെ അപ്‌ഡേഷൻ കാണുന്നത്. ഉടനെ എമിലിയ്ക്ക് ഒരു ഗുഡ്മോർണിംഗ് അയച്ചിട്ടു ചോദിച്ചു ആരാ ഇപ്പോൾ മനസ് വേദനിപ്പിച്ചത് ?
"ഗുഡ്മോർണിംഗ്..
മറ്റാരുമല്ല മനസ് വേദനിപ്പിച്ചത് എന്‍റെ കാമുകൻ തന്നെയാണ്. അവസാനമായി എന്‍റെ ശരീരത്തെ ഭോഗിച്ചതിന് ശേഷം പോകാൻ നേരം അവൻ പറഞ്ഞത് ക്യാൻസർ രോഗിയായ എന്നെയിനി വേണ്ടെന്നാണ് ഒരുമിച്ചുള്ള ജീവിതം റിസ്ക് ആയിരിക്കും, ക്യാൻസർ വന്നാൽ പിന്നെ പോകില്ലെന്നും അത് പരമ്പരകളെയും ബാധിക്കുന്ന ഒരു രോഗവുമാകും അതുകൊണ്ട് ബ്രെയ്ക്കപ്പ് ആകാമെന്ന് വളരെ സിംപിൾ ആയി പറഞ്ഞിട്ട് പോയി. പിന്നെ ഉറക്കവും വന്നില്ല ഇപ്പോൾ സമയം വെളുപ്പിന് നാലരയാകുന്നു. ഡോക്ടർ വിലക്കിയിട്ടുള്ളതാണ് സിഗരറ്റ് വലിക്കരുതെന്ന് പക്ഷെ ഇപ്പോൾ ഞാൻ വലിക്കുകയും കുടിക്കുകയും ചെയ്യുന്നു. ഫിലിപ്പ് വലിക്കുകയും കുടിക്കുകയും ചെയ്യുന്ന വ്യക്തിയാണോ ?"
"അതെ.... ഡോക്ടർ പറഞ്ഞതല്ലേ വലിക്കരുത് എന്ന് പിന്നെയും എന്തിനാണ് വലിക്കുന്നത് ?"
"വലിച്ചാലും മരിക്കും.. വലിച്ചില്ലെങ്കിലും മരിക്കും.... അപ്പോൾ പിന്നെ വലിച്ചു മരിക്കാമെന്നു കരുതി."
അവളുടെ ഹാസ്യാത്മകമായ ഉത്തരം എനിക്കത്ര പിടിച്ചില്ല. ആഹ് എന്തെങ്കിലും ചെയ്യു വലിച്ചു മരിക്കൂ എനിക്കെന്താ എന്നും പറഞ്ഞു ഞാൻ പിന്നീട് വന്ന അവളുടെ ഉത്തരങ്ങൾക്ക് മുഖം കൊടുക്കാതെ പാട്ട് കേട്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ +44 7446 304836 എന്ന നമ്പറിൽ നിന്നും ഒരു കോൾ വരുന്നു എമിലി ആണെന്ന് മനസിലായതുകൊണ്ട് ഫോൺ അറ്റൻഡ് ചെയ്തില്ല. വീണ്ടും അതെ നമ്പറിൽ നിന്നും കോൾ വരുന്നു ഇപ്രാവശ്യം ഞാൻ കോൾ എടുത്തു. മറുഭാഗത്ത് നിന്നും കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് പ്രസംഗം കേൾക്കുന്ന പോലെ ഒരാവസ്ഥയായിരുന്നു. പിന്നീടാണ് മനസിലായത് തലയ്ക്ക് ലഹരി പിടിച്ച ഉന്മാദാവസ്ഥയിൽ എമിലി എന്നെ ചീത്ത വിളിക്കുകയായിരുന്നു എന്ന്. കുറച്ചു കഴിഞ്ഞപ്പോൾ കോൾ കട്ടായി ഒന്നുകിൽ ബാലൻസ് തീർന്നു കാണും അല്ലെങ്കിൽ ഉറങ്ങികാണുമെന്ന് കരുതി ഞാൻ എന്‍റെ ജോലികളിൽ വ്യാപൃതനായി.
രാത്രിയിൽ എമിലി വീണ്ടും കോൾ ചെയ്തു, ഞാൻ അറ്റൻഡ് ചെയ്തപ്പോൾ മറുഭാഗത്ത് നിന്നും....
"സോറി മിസ്റ്റർ ഫിലിപ്പ്, ഞാൻ കുറച്ചു ഓവർ ആയി സംസാരിച്ചു. മനപൂർവ്വമല്ല... മദ്യത്തിന്‍റെ ലഹരിയിൽ സംഭവിച്ചുപോയതാണ്. എന്നോട് ക്ഷമിക്കണം."
എനിക്ക് വ്യക്തമായി മനസിലായില്ല ഇംഗ്ലീഷ് കലർന്ന മലയാളം, എങ്കിലും അവളുടെ മലയാളം കേൾക്കാൻ നല്ല രസമുണ്ടായിരുന്നു. തെരുവിന്‍റെ ശബ്ദകോലാഹലങ്ങൾ കേൾക്കാമായിരുന്നു.
"എമിലി ഇപ്പോൾ എവിടെയാണ് ?"
"ഞാൻ ഇപ്പോൾ വാൾക്കർ ആർട് ഗ്യാലറിയുടെ മുന്നിലൂടെയുള്ള തെരുവിലൂടെ ബസ് സ്റ്റേഷനിലേക്ക് നടക്കുന്നു."
"അവിടെ താറാവിൻ കൂട്ടങ്ങളുടെ കരച്ചിൽ കേൾക്കുന്നുണ്ടല്ലോ ?"
.
"കനാലിലൂടെ ഒഴുകി നടക്കുന്ന വെള്ള നിറമുള്ള ഗൂസുകളുടെ കരച്ചിൽ ആണത്."
"എമിലിയുടെ മലയാളം കേൾക്കാൻ നല്ല രസമുണ്ട്. മലയാളം എങ്ങനെയാണ് സംസാരിക്കാൻ പഠിച്ചത് ?"
"അമ്മ മലയാളിയാണ് ഫിലിപ്പ്, കുഞ്ഞായിരിക്കുമ്പോൾ തന്നെ അമ്മ എന്നെ മലയാളം എഴുതാനും വായിക്കാനും പഠിപ്പിച്ചു. അതുമാത്രമല്ല തൊട്ടടുത്ത ബ്ളോക്കിലും മലയാളി ഫാമിലി ആയിരുന്നു അവരോടൊക്കെ സംസാരിച്ചു കളിച്ചു നടന്നു വളർന്നതൊക്കെ കൊണ്ട് മലയാളം എനിക്കറിയാം."
പിന്നീട് വിളിക്കാമെന്നും പറഞ്ഞവൾ പെട്ടെന്ന് കോൾ കട്ട് ചെയ്തു.
പുറത്തു ആരോ ഫോട്ടോ എടുക്കുന്നത് പോലെ ഇടയ്ക്കിടയ്ക്ക് കൊള്ളിയാൻ മിന്നുന്നുണ്ടായിരുന്നു. പുറത്തു നിന്നുമുള്ള നല്ല തണുത്ത കാറ്റ് മുറിയാകെ കയറി ഇറങ്ങി വിലസി നടന്നു. ഉറക്കം വരാത്തത് കൊണ്ട് ഞാൻ എഴുന്നേറ്റ് മേശയ്കരികിലുള്ള കസേര വലിച്ച് അതിലിരുന്നു എന്തെങ്കിലും എഴുതാം എന്ന് കരുതി പേന കൈയിലെടുത്ത് പേപ്പറിൽ പേനത്തുമ്പ് മുട്ടിക്കാതെ ഇങ്ങനെ ആലോചിച്ചിരുന്നു. ഒടുവിൽ ഞാൻ തലക്കെട്ട് എഴുതി "എമിലി" എമിലിയെ കുറിച്ച് അറിയുന്ന കാര്യങ്ങൾ ഞാൻ ഒരു കഥപോലെ എഴുതി തുടങ്ങി. കണ്ണുകളിൽ കടന്നുകൂടിയ ഉറക്കം എന്നെ ആ മേശപുറത്ത് തലവെച്ച് കിടക്കാൻ നിർബന്ധിച്ചു. ചീവീടുകളുടെയും തവളകളുടെയും സംഗീതം കേട്ട് ഞാൻ അറിയാതെ മയങ്ങിപോയി. പിന്നീട് ഉണർന്നപ്പോൾ സമയം നോക്കി, മൂന്ന് മണിയാകുന്നു. പേപ്പറും പേനയുമെല്ലാം മേശയ്ക്കുള്ളിൽ എടുത്തുവെച്ചു കട്ടിലിൽ കയറി കിടന്നുറങ്ങി. വെളുപ്പിന് ആറ് മണിയായപ്പോൾ എമിലിയുടെ കോൾ വന്നു...
"ഗുഡ്മോർണിംഗ് ഫിലിപ്പ്,
ഉറക്കമാണോ അതോ എഴുന്നേറ്റോ ?"
"ഉറക്കത്തിന്‍റെ മോഹാല്യാസത്തിൽ ഞാൻ പറഞ്ഞു എഴുന്നേൽക്കാൻ പോകുകയായിരുന്നു എന്ന്."
"ഐ ഡോണ്ട് നോ ഫിലിപ്പ്, നിങ്ങളോട് അങ്ങനെ സംസാരിക്കേണ്ടി വന്നതിൽ വിഷമമുണ്ട്, അതുകൊണ്ടാണ് ഞാൻ വീണ്ടും വീണ്ടും വിളിക്കുന്നത്. എന്നോട് പിണക്കമൊന്നുമില്ലല്ലോ ?"
സിഗരറ്റ് വലിക്കാതിരുന്നാൽ പിണക്കമൊന്നുമില്ലെന്ന് ഞാൻ പറഞ്ഞപ്പോൾ, എല്ലാം മറന്നു ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു. ഓകെ ഞാൻ വലിക്കാതിരിക്കാം. കുടിക്കുകയുമരുത് പകരം മെഡിസിൻ കഴിച്ചു ട്രീറ്റ്മെന്റ് മുടക്കരുത് എന്നും കൂടി ഞാൻ ചേർത്തു. എമിലി എനിക്ക് സത്യം ചെയ്തു തന്നു.
ഫിലിപ്പിന് എന്നെ കാണുവാൻ ആഗ്രഹമുണ്ടോ? കീമോ തെറാപ്പി ആരംഭിച്ചാൽ പിന്നെ തലമുടിയുണ്ടാകില്ല അതുകൊണ്ടു ഇപ്പോൾ കണ്ടോളൂ എന്നുപറഞ്ഞു വീഡിയോ കോളിംഗ് ചെയ്തു...
ചെമ്പിച്ച നിറത്തിൽ അനുസരണയില്ലാതെ പാറി നടക്കുന്ന തലമുടിയും പൂച്ചകണ്ണുകളുമുള്ള വെളുത്ത് മെലിഞ്ഞ സുന്ദരി.
"ഈ സൗന്ദര്യമെല്ലാം കൊഴിഞ്ഞു പോകും ഫിലിപ്പ് നീ സൗന്ദര്യത്തിൽ തല്പരനാണോ ?"
"കുറച്ചൊക്കെ..."
"ബാഹ്യസൗന്ദര്യം വെറും മിഥ്യയാണ് ഫിലിപ്പ് ആന്തരിക സൗന്ദര്യം ആസ്വദിക്കണം എങ്കിൽ മാത്രമേ ജീവിതത്തിൽ അർത്ഥമുണ്ടാകൂ...സ്നേഹപൂർണമാകൂ..."
ശരിയാണ് എന്ന് ഞാനും പറഞ്ഞു കോൾ കട്ട് ചെയ്തു...
കാലം തെറ്റി പെയ്യുന്ന മഴ പുറത്തു തകർത്താടുന്നുണ്ടായിരുന്നു..എമിലിയും ഞാനും എന്നും സംസാരിക്കുകയും ചാറ്റ് ചെയ്യുകയും നല്ല സൗഹൃദം വളർത്തിയെടുക്കുകയും ചെയ്തു. ആറുമാസം കടന്നുപോയതറിഞ്ഞില്ല.....
കുറച്ചുദിവസങ്ങളായി എമിലിയെ കാണുന്നില്ല, ഞാൻ എമിലിയെ അങ്ങോട്ട് വിളിച്ചുനോക്കി ഫോൺ ഓഫുമാണ് എന്തുപറ്റിയെന്നറിയാതെ വിഷമത്തിലായ ഞാൻ എമിലിയുടെ ഫോണിൽ സദാ വിളിച്ചുകൊണ്ടിരുന്നു. വോയിസ് കോളിൽ വോയിസ് മെസ്സേജ് അയച്ചു എമിലിയുടെ ഫോൺ കോളും കാത്തിരുന്നു.... പിന്നീട് എപ്പോൾ ഫോൺ എടുക്കുമ്പോഴും എമിലിയെ വിളിച്ചുനോക്കുന്നത് ഒരു പതിവായി മാറി അങ്ങനെ ഒരുമാസം കടന്നുപോയി.....
ഒരിക്കൽ അത്ഭുതപ്പെടുത്തികൊണ്ട് എമിലിയുടെ വീഡിയോ കോൾ. തലമുടിയെല്ലാം കൊഴിഞ്ഞുപോയത് വന്നുതുടങ്ങുന്നേയുള്ളൂ. വിഷാദഭാവത്തോടു കൂടി അവൾ പുഞ്ചിരി തൂകി....
ഇത്രയും നാൾ എവിടെയായിരുന്നു എന്ന് ഞാൻ ചോദിച്ചപ്പോൾ അവൾ പറഞ്ഞു ട്രീറ്റ്മെന്റിൽ ആയിരുന്നു. പെട്ടെന്നായിരുന്നു സ്‌പ്രെഡ് ആയതു ഇപ്പോൾ കുഴപ്പമില്ല.
ഓകെ ഫിലിപ്പ് കുറച്ചുകാര്യങ്ങൾ പറയാനുണ്ട്, ഞാൻ പിന്നീട് വിളിക്കാം ഇതും പറഞ്ഞു കോൾ കട്ട് ചെയ്തു. രാത്രിയിൽ എമിലിയുടെ മെസ്സേജ് ഉണ്ടായിരുന്നു ഫിലിപ്പ് എനിക്കിനി അധികനാൾ പിടിച്ചുനിൽക്കാൻ കഴിയുമെന്ന് തോന്നുന്നില്ല, മരണം മുന്നിൽ കാണുന്നത് പോലെ ഒരാഗ്രഹമുണ്ട് ഇന്ത്യയിൽ വരണമെന്നും എല്ലാ സ്ഥലങ്ങളും കണ്ടു ഫിലിപ്പിനേയും മീറ്റ് ചെയ്തു മടങ്ങണമെന്നും പക്ഷെ അതിനുള്ള പണം സമ്പാദിക്കണം, കുറച്ചു സമയമെടുക്കും.
അവളുടെ ആ സംസാരത്തിലെ ഭയം ഞാൻ മനസിലാക്കിയിരുന്നു. എമിലിയ്ക്ക് പോസിറ്റിവ് ആയി മറുപടി അയച്ചു മാനസികമായി ഒരു ധൈര്യം അവൾക്ക് പകരാൻ ഞാൻ മറന്നില്ല. അങ്ങനെ അവളുടെ വേദനാസംഹാരിയായി ഞാൻ മാറുകയായിരുന്നു.
മാനസികമായി ഞങ്ങൾ ഒരുപാട് അടുത്തു വരുമ്പോഴായിരുന്നു എമിലിയുടെ ഭാഗത്ത് നിന്നും ഒരു അകൽച്ച ഉണ്ടാകുന്നത്. ഫോൺ വിളിയോ , മെസ്സേജിംഗോ അയക്കുകയോ ഒന്നുമില്ല വല്ലപ്പോഴും സുഖവിവരം തിരക്കിയുള്ള സന്ദേശങ്ങളിൽ മാത്രം ഒതുങ്ങി. ദിവസങ്ങളും , ആഴ്ച്ചകളും , മാസങ്ങളും പിന്നിട്ട് പിന്നെ ഞാനും മെസ്സേജ് ചെയ്യുകയോ വിളിക്കുകയോ ചെയ്യാതെയായി. അകന്നുമാറുന്ന ഒരാളെ ശല്യപ്പെടുത്തേണ്ട എന്ന് കരുതി ഞാനും അകന്നുതുടങ്ങിയെങ്കിലും എന്നും രാത്രിയിൽ എഴുതുമായിരുന്നു ഞാൻ അറിഞ്ഞതും മനസിലാക്കിയതുമായ എമിലിയെ കുറിച്ച്.
പിന്നീട് ഞാൻ എഴുതിയത് തികച്ചും എന്‍റെ ഭാവനയിൽ നിന്നും എമിലി അങ്ങനെയായിരിക്കും അല്ലെങ്കിൽ അവൾ ഇങ്ങനെയായിരിക്കുമെന്ന ഊഹാപോഹങ്ങളിലൂടെ എഴുതിക്കൊണ്ടിരുന്നു. മഴക്കാലം ആരംഭിച്ചു, ഇനി വിദേശികളുടെ വരവ് തീരെ ഉണ്ടാകില്ല ഇനിയുള്ള നാലഞ്ച് മാസങ്ങൾ ഓഫ് സീസൺ ആണ്. മഴയെ സ്നേഹിക്കുന്ന വിദേശികൾ മാത്രം വരും അവർ പൊതുവെ സൈലന്റ് ആയിരിക്കും, എപ്പോഴും വായനയിലും വിശ്രമത്തിലും തല്പരരായിരിക്കും. പുറത്ത് കാഴ്ചകൾ കാണാൻ പോകുന്നത് വളരെ ചുരുക്കമായിരിക്കും.
രാവിലെ നല്ല മഴ പെയ്തുകൊണ്ടിരിക്കുമ്പോൾ ഹോംസ്റ്റേയുടെ മുന്നിൽ ഒരു ടാക്സി വന്നു നിന്നു, കാറിൽ നിന്നും ഹോൺ മുഴങ്ങുന്നത് കേട്ടാണ് ഞാൻ ശ്രദ്ധിച്ചത്. അതിനു ഇന്ന് ബുക്കിംഗ് ഒന്നുമില്ലല്ലോ ചിലപ്പോൾ ഡയറക്ട് ഇന്കോയറി & ബൂക്കിംഗിന് വേണ്ടി വന്നവരാകും. എതായാലും ഡോർ തുറന്നു ഒരു കുടയും നിവർത്തി കൈയിൽ മറ്റൊരു കുടയുമായി ഞാൻ കാറിനടുത്തേക്ക് പോയി ഡ്രൈവർ ചില്ല് താഴ്ത്തി പറഞ്ഞു,
"വഴി കണ്ടുപിടിക്കാൻ കുറച്ചു ബുദ്ധിമുട്ടി ഫ്ലെമിംഗോസ് ഹോംസ്റ്റേ അന്വേഷിച്ചു വന്ന ഗസ്റ്റ് ആണ്, എയർപോർട്ടിൽ നിന്നും കയറിയതാണ്".
ഞാൻ കൈയിലുണ്ടായിരുന്ന കുട നിവർത്തി ബാക്ക് ഡോർ ഓപ്പൺ ചെയ്തു ഗസ്റ്റിനെ വെൽക്കം ചെയ്തതും ഒരു കൊള്ളിയാൻ ഏറ്റതുപോലെയായിപ്പോയി...... കാറിനുള്ളിൽ 'എമിലി'.
വാട് എ ഗ്രെറ്റ് സർപ്രൈസ്....
"പ്ലീസ് വെൽക്കം എമിലി"
ഞാൻ ഗ്രീറ്റ് ചെയ്തപ്പോൾ നിനക്കെന്നെ അത്ര പെട്ടെന്നു മനസിലായോ എന്ന് ചോദിച്ചുകൊണ്ട് അവൾ കാറിൽ നിന്നുമിറങ്ങി. എന്‍റെ കുടയിലേക്ക് കയറിയ എമിലിയെ ഞാൻ അകത്ത് കൊണ്ടാക്കി അവളുടെ ലഗ്ഗേജ് കാറിൽ നിന്നുമെടുക്കാൻ ഡ്രൈവറെയും സഹായിച്ചു. ലഗേജുമായി റിസപ്‌ഷൻ ഏരിയായിൽ വന്നു. രജിസ്റ്ററിൽ എമിലിയുടെ പേരും അഡ്രസ്സും എല്ലാം എഴുതിച്ചു ചെക്കിംഗ് ചെയ്യിച്ചു. പാസ്‌പോർട്ടും വാങ്ങി സ്കാൻ ചെയ്ത് അവൾക്കു മടക്കി കൊടുത്ത് മുകളിലത്തെ നിലയിലെ മുറി അവൾക്കായി നൽകി.
"പറയു ഫിലിപ്പ് നിനക്കെങ്ങനെ എന്നെ മനസിലായി... ?"
"നിന്‍റെ ഈ പൂച്ച കണ്ണുകളും പിന്നെ ആ ചിരിയും മനസിൽ പതിഞ്ഞതാണ്. ഒരാളെ ഒരിക്കൽ കണ്ടാൽ പിന്നെ അയാളെ ഏതു കോലത്തിൽ കണ്ടാലും മനസിലാക്കാനുള്ള കഴിവ് എനിക്കുണ്ട്."
"അതിനു ഞാൻ അന്നുള്ള ആ കോലത്തിലെ അല്ലല്ലോ ഇപ്പോൾ, പിന്നെങ്ങനെയാ നീ എന്നെ ഇത്ര എളുപ്പം കണ്ടുപിടിച്ചത് ?"
ഒരുപക്ഷെ നീയെന്‍റെ മനസിൽ അത്രത്തോളം പതിഞ്ഞതുകൊണ്ടാവാം എന്ന് ഞാൻ ഉത്തരം നൽകി. അവളോട് റസ്റ്റ് ചെയ്യാൻ പറഞ്ഞു ഞാൻ താഴെ വന്ന് എമിലിയുടെ പാസ്പോർട് വിവരങ്ങൾ ടൂറിസം സൈറ്റിൽ അപ്‌ഡേറ്റ് ചെയ്തു. പിന്നീട് എന്‍റെ മുറിയിൽ കയറി നനഞ്ഞ വസ്ത്രം മാറ്റി മറ്റൊരെണ്ണം ധരിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ എമിലി താഴെ വന്നു.
"ചെറിയ ഹോംസ്റ്റേ ആണെങ്കിലും നൈസ്.... വേറെ ഗസ്റ്റ് ഒന്നുമില്ലെ ഫിലിപ്പ് ?"
"ജർമ്മൻ കപ്പിൾസ് ഉണ്ടായിരുന്നു അവർ ഇന്നലെയാണ് ചെക്ക് ഔട്ട് ചെയ്തത് .ഇപ്പോൾ ഓഫ് സീസൺ അല്ലെ പിന്നെ നല്ല മഴയും അതുകൊണ്ട് ഗസ്റ്റുകൾ കുറവായിരിക്കും."
"എനിക്ക് മഴ ഇഷ്ടമാണ് അതുകൊണ്ടാണ് ഞാൻ വന്നത്. പിന്നെ ഫിലിപ്പിനൊരു സർപ്രൈസും ആയിക്കോട്ടെ എന്ന് കരുതി."
"ശരിക്കും എന്നെ ഞെട്ടിച്ചു കളഞ്ഞു എമിലി ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല ഇങ്ങനെയൊരു കൂടിക്കാഴ്ച്ച."
"ഇനി ചിലപ്പോൾ ഒരിക്കലും കാണാൻ കഴിഞ്ഞില്ലെങ്കിലോ എന്ന് കരുതിയാണ്.... എനിക്ക് ഫിലിപ്പിനെ കാണണമെന്നും തോന്നി."
"ഹേയ് അങ്ങനെയൊന്നുമില്ല, എമിലി അതൊക്കെ മനസിന്‍റെ ഭയം കൊണ്ടു നിനക്ക് തോന്നുന്നതാണ്.
ഇപ്പോൾ കുഴപ്പമൊന്നുമില്ലല്ലോ അല്ലെ ?"
എന്‍റെ ചോദ്യത്തിന് അവൾ ഉത്തരം പറഞ്ഞില്ല, ഞാൻ വീണ്ടും ചോദിച്ചപ്പോൾ ആണ് അവൾ പറഞ്ഞത് ഓപ്പറേഷൻ കഴിഞ്ഞു വിശ്രമത്തിൽ ആയിരുന്നെന്ന്.
" പൂർണ്ണമായും മാറിയിട്ടില്ല ഫിലിപ്പ്, വീണ്ടും മാറ്റൊരിടത്തു സ്‌പ്രെഡ് ആകുന്നുണ്ട് എ സ്റ്റേജ് ആയത്കൊണ്ട് കുഴപ്പമില്ലെന്നാണ് ഡോക്ടർ പറഞ്ഞത്. എന്നാലും ഉള്ളിലൊരു ഭയം ഇതെന്നെ പൂർണമായും കാർന്നുതിന്നുമോയെന്ന്.... "
"ഒരിക്കലും അങ്ങനെയൊന്നും സംഭവിക്കില്ല ധൈര്യമായി മുന്നോട്ട് ജീവിതത്തെ നയിക്കൂ എന്‍റെ ലിവർപൂളിലെ വിരുന്നുകാരി...."
"ലിവർപൂളിലെ വിരുന്നുകാരി....... കൊള്ളാലോ അതെനിക്ക് ഇഷ്ടമായി... "
"എങ്കിൽ ഇന്ന് ഉച്ചയ്ക്കത്തെ ഭക്ഷണം എന്‍റെ ഗ്രാൻഡ്മായുടെ വീട്ടിൽ നിന്നുമാകാം വേഗം റെഡിയായിക്കൊള്ളൂ , അവിടെ എല്ലാം റെഡിയാക്കി കാണും ഞാൻ നേരത്തെ വിളിച്ചു പറഞ്ഞിട്ടുണ്ടായിരുന്നു... "
"എവിടെയാ ഗ്രാൻഡ്മായുടെ വീട് ?"
"ദേ തൊട്ടപ്പുറത്തു കാണുന്നത് തന്നെയാണ് വീട്...."
"അപ്പോൾ ഈ ഡ്രസ്സ് തന്നെ പോരെ ?"
മതി ഈ ട്രൗസർ വേണമെങ്കിൽ മാറ്റിക്കോള്ളൂ, എന്ന് ഞാൻ പറഞ്ഞപ്പോൾ എങ്കിൽ ഒരു മിനിറ്റ് പറഞ്ഞവൾ മുറിയിൽ പോയി ഒരു ലോംഗ് സ്കേർട്ടും ഷർട്ടും ധരിച്ചു പുറത്തേക്കിറങ്ങി വന്നപ്പോൾ ഞാൻ ആദ്യമായി എമിലിയെ കണ്ട അതെ സൗന്ദര്യം പക്ഷെ അനുസരണയില്ലാത്ത നടക്കുന്ന തലമുടി മാത്രമില്ല പകരം ബോയ് കട്ട് സ്റ്റൈൽ തലമുടി വളർന്നു വരുന്നതേയുള്ളൂ..
എമിലിയെയും കൂട്ടി അമ്മൂമ്മയുടെ അടുത്ത് പോയപ്പോൾ ഡൈനിംഗ് ടേബിളിൽ വാഴയിലയിൽ ഒരു ചെറു സദ്യ തന്നെ ഒരുക്കിയിട്ടുണ്ടായിരുന്നു. കുത്തരി ചോറും ക്യാബേജ് തോരൻ , അവിയൽ , വെള്ളരി പച്ചടി , ബീറ്റ്‌റൂട് പച്ചടി , ഇഞ്ചി കറി , പരിപ്പ് , സാമ്പാർ , പൈനാപ്പിൾ പുളിശ്ശേരി , പപ്പടം , അച്ചാർ പിന്നെ പായസവും എഴുതുപതുകളിലെത്തിയ അമ്മൂമ്മയ്ക്ക് കൂടുതൽ കറികളൊക്കെ ഉണ്ടാക്കുന്നത് ബുദ്ധിമുട്ടായതു കൊണ്ട് ഇത്രെയും കറികളിൽ ചുരുക്കിയത്.
ഞാൻ അവൾക്ക് കേരളാ സ്റ്റൈൽ മീല്സിനെ കുറിച്ചും അത് കഴിക്കേണ്ട രീതികളെ കുറിച്ചുമൊക്കെ വിവരിച്ചു കൊടുത്ത് അമ്മൂമ്മയെ പരിചയപ്പെടുത്തി കൊടുത്ത് പായസവും കുടിച്ചു കഴിഞ്ഞതിന് ശേഷം നേരെ കഥകളി സെന്‍റെറിൽ പോയി കഥകളിയും കണ്ടു സന്ധ്യയായപ്പോൾ അറബികടലിന്‍റെ മനോഹാരിതയും കണ്ടു കടലോരത്തിനു മാറ്റു കൂട്ടുവാനായി നീളത്തിൽ കല്ലുകൾ അടുക്കിക്കെട്ടിയുണ്ടാക്കിയ വഴിയിലൂടെ നടന്നു നീങ്ങി. പുറത്തു നല്ല തണുപ്പുണ്ടായിരുന്നു ഒരുപക്ഷേ ഇപ്പോൾ മഴ പെയ്തേക്കുമെന്ന് തോന്നി. വിക്ടോറിയ തെരുവിൽ സഞ്ചാരികളുടെ തിരക്ക് തുടങ്ങിയിരിക്കുന്നു. അവിടെയുള്ള വഴിയോര റസ്റ്റോറന്റുകളിൽ വിളക്കുകൾ തെളിഞ്ഞു വരുന്നു
ഞാൻ എമിലിയുടെ കൈകൾ പിടിച്ചു റോഡ് മുറിച്ചു കടന്നു റസ്‌റ്റോറന്റിലെ ഒരു ഒഴിഞ്ഞ കുടക്കീഴിലെ ടേബിളിൽ ഇരുന്നു. ആ ടേബിളിലെ കുടക്കീഴിൽ തൂക്കിയിട്ടിരുന്ന റാന്തൽ വെളിച്ചത്തിൽ അവളുടെ മുഖം തിളങ്ങി കണ്ടു ആരെയും ആകര്‍ഷിക്കുന്ന ഒരു ഭാവം അവളില്‍ ഉറങ്ങിക്കിടന്നിരുന്നതായി എനിക്ക് തോന്നി. എമിലിയുടെ പുഞ്ചിരിയും വെളുത്ത ശരീരത്തിന്‍റെ വടിവൊത്ത രൂപ ഭംഗിയും ചാര നിറമാര്‍ന്ന പൂച്ചകണ്ണുകളും എന്നെ കീഴ്പ്പെടുത്തിയിരുന്നു അവളുടെ മുഖത്തെ ജാള്യത ഞാൻ നോക്കി ആസ്വദിക്കുന്നുണ്ടായിരുന്നു. അവിടെന്നു സീ-ഫുഡ് ഡിന്നർ കഴിച്ചു നേരെ ഹോംസ്റ്റേയിലേക്ക് പതുക്കെ നടന്നു.
രാത്രിയിലെ ഫോർട്ട്കൊച്ചിയുടെ തെരുവോരങ്ങളുടെ ഭംഗി ആസ്വദിച്ചു എമിലിയും എന്‍റെ കൂടെ ചേർന്ന് നടന്നു. മുന്നറിയിപ്പില്ലാതെ പെയ്ത മഴയിൽ ഞാൻ എമിലിയുടെ കൈയും പിടിച്ചു അടുത്തുള്ള ഒരു കടയിലേക്ക് മഴ കൊള്ളാതിരിക്കാൻ കയറി നിന്നു.
"എന്തിനാ കയറി നിന്നതു മഴ നനഞ്ഞു നടക്കാമായിരുന്നു നമ്മുക്ക്. ഇനി ഈ ഭാഗ്യം കിട്ടിയില്ലെങ്കിലോ......"
അവൾ മഴയത്തേക്കെന്നെ പിടിച്ചിറക്കി. മഴയുടെ സുഖം ആസ്വദിച്ചുകൊണ്ടു ഞങ്ങൾ മഴ നനഞ്ഞു ഹോംസ്റ്റേയിലെത്തി. അവൾ മുകളിലേക്ക് പടവുകൾ കയറിപ്പോയി.... അവിടെ നിന്നും ഉച്ചത്തിൽ വിളിച്ചു പറഞ്ഞു
"ഫിലിപ്പ് ഇന്നത്തെ മദ്യം എന്‍റെ വക ? കൂടുന്നോ നീ ?"
വരാമെന്ന അർത്ഥത്തിൽ ഞാൻ പുഞ്ചിരിച്ചു...
നല്ലൊരു കുളിയും കഴിഞ്ഞു ഡ്രസ്സ് മാറി മുകളിൽ ചെന്ന് കതകിൽ മുട്ടി വിളിച്ചു. അവൾ കുളിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ വരാമെന്നു പറഞ്ഞതനുസരിച്ചൂ ഞാൻ താഴെ മുറിയിൽ പോയിരുന്ന് എമിലിയുടെ സ്റ്റോറി എഴുതിക്കൊണ്ടിരുന്നപ്പോൾ വയലറ്റ് കളർ ലോംഗ് ഫ്രോക്കുമിട്ട് മുറിയാകെ സുഗന്ധം പരത്തികൊണ്ടു അവൾ മുറിയിലേക്ക് കയറി വന്നു......
"ആഹാ കഥാകാരൻ എഴുതുകയാണോ ? എന്താ എഴുതുന്നത് കാണട്ടെ ?"
"ഒന്നുമില്ല എമിലി, അത്... ഞാൻ.... വെറുതെ ഒരു കഥ എഴുതുകയായിരുന്നു...."
"വരൂ നമ്മുക്ക് റൂഫ് ടോപ്പിന് കീഴിൽ പോയിരിക്കാം."
മുകളിലെ കിച്ചണിൽ നിന്നും റൂഫ് ടോപ്പിൽ ആണ് ഗെസ്റ്റുകൾക്കുള്ള ഭക്ഷണം സെർവ് ചെയ്യുന്നത്. മനോഹരമാണവിടം ഡിം ലൈറ്റുകളും മ്യൂസിക്കും പിന്നെ ഇരിപ്പിടങ്ങളും മറ്റു സൗകര്യങ്ങളുമൊക്കെ അറേഞ്ച് ചെയ്തിട്ടുണ്ട്. അവൾ ആദ്യമേ എനിക്ക് നന്ദി പറഞ്ഞു നല്ലൊരു ഉച്ച ഭക്ഷണത്തിനും പിന്നെ മഴ നനഞ്ഞതിനും.
അവൾ കൊണ്ട് വന്ന സ്കോച്ച് വിസ്കി ഗ്ലാസിലേക്ക് പകർത്തി വെള്ളമൊഴിക്കാതെ ഐസ് ക്യൂബ് മാത്രമിട്ട് എമിലിയും. അവളെ അനുകരിച്ച് ഞാനും അതുപോലെ ഒഴിച്ചെടുത്ത് എന്നിട്ട് അവൾക്ക് ചിയേഴ്‌സ് പറഞ്ഞു ഒറ്റ വലിക്ക് അകത്താക്കിയത് കണ്ടു അതിശയത്തോടെ എമിലി പറഞ്ഞു
"ഫിലിപ്പ്, ഇത് സിപ് ചെയ്തു കുടിക്കേണ്ട ഡ്രിങ്ക് ആണ് ? ഇങ്ങനെ ഒറ്റവലിക്ക് കുടിച്ചാൽ വയറ് കത്തത്തേയുള്ളൂ..."
"ഞങ്ങൾ മലയാളികളിൽ ഭൂരിപക്ഷം പേർക്കും ഇങ്ങനെ കുടിക്കുവാനാനു ഇഷ്ടം അതുകൊണ്ടാണ്. ഇനി സിപ് ചെയ്തു കുടിക്കാം ഞാൻ....."
വയറു കത്താതിരിക്കാൻ ഞാൻ ഇപ്പോൾ വരാമെന്നു പറഞ്ഞു കിച്ചണിൽ പോയി എഗ് സ്‌ക്രാംബിൾഡും പിന്നെ സോസേജ് ഫ്രൈയും ചെയ്തു കൊണ്ട് വന്നു സൈഡ് ഡിഷിനു. എന്നിട്ടു ഞാൻ ഒരു സിഗരറ്റ് കൊളുത്തി വലിച്ചു ശൂന്യതയിലേക്ക് പുകച്ചുരുളുകൾ ഊതിവിട്ടുകൊണ്ടിരുന്നു ...
"എമിലി ഇപ്പോൾ വലിക്കാറുണ്ടോ ?"
"ഇല്ല."
"പിന്നെ, എന്തിനാണ് നീ കുടിക്കുന്നത് ?"
"സന്തോഷം വരുമ്പോളും സങ്കടം വരുമ്പോളും അറിയാതെ രണ്ടെണ്ണം അല്ലെങ്കിൽ മൂന്ന് പെഗ് കഴിച്ചു പോകും. അതും കുറച്ചിരിക്കുകയാണ് ഞാനിപ്പോൾ... നീ നേരത്തെ എഴുതിയിരുന്നത് എന്താണ് ? എന്നോടെന്തോ നീ മറച്ചു വെയ്ക്കുന്നത് പോലെ ഫീൽ ചെയ്തു ?"
"ഹേയ്, ഒന്നുമില്ല എമിലി, അത് വെറുതെ ഞാൻ ഓരോന്നും എഴുതി കൊണ്ടിരുന്നതാണ് നതിംഗ് സ്‌പെഷ്യൽ." വീണ്ടും ഞാൻ അടുത്ത പെഗ് ഒഴിച്ച് മ്യൂസിക്ക് പ്ലേ ചെയ്തു കുറച്ചു മാറി നിന്നു ഒരു സിഗരറ്റ് കത്തിച്ചു ടെറസിൽ നിന്നും ആകാശത്തിലേക്ക് കണ്ണുകൾ പായിച്ചു നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ എമിലിയും വന്നെന്‍റെ തോളോട് ചേർന്ന് കൈവെച്ചു ആകാശത്തേക്ക് നോക്കി നിന്നു.
"എന്‍റെ അടുത്ത എഴുത്തിന് ഒരു ടൈറ്റിൽ നീയെനിക്ക് സമ്മാനിച്ചു 'ലിവർപൂളിലെ വിരുന്നുകാരി' ഞാൻ അതുവെച്ചു എന്‍റെ സ്റ്റോറി എഴുതിയാലോ എന്ന് ആലോചിക്കുകയാണ് ? എന്താണ് ഫിലിപ്പിന്‍റെ അഭിപ്രായം ?"
"സത്യം പറഞ്ഞാൽ വായിക്കാൻ എനിക്കിഷ്ടമാണ്. എഴുതുമ്പോൾ എനിക്കത്ര ഇഷ്ടമല്ല എന്തുകൊണ്ടെന്നാൽ ഭൂരിഭാഗവും എഴുത്തുകാർ സ്വയം മാന്യത കൈവരിച്ചു മറ്റുള്ളവരെയെല്ലാം അപരാധികളായി ചിത്രീകരിക്കുകയും ചെയ്ത് എഴുതുന്നവരല്ലേ. ജീവിതത്തിലുണ്ടാകുന്ന ചെറിയ മുള്ളു കൊണ്ടേൽക്കുന്ന മുറിവിനെ പോലും തൂമ്പ കൊണ്ടു വെട്ടി വലിയ മുറിവാക്കി കഥയെഴുതി അങ്ങനെ സഹാതാപം പിടിച്ചുവാങ്ങി വായനക്കാരെ മണ്ടന്മാരാക്കുകയല്ലേ ഭൂരിപക്ഷം എഴുത്തുകാരും ചെയ്യുന്നത്. പച്ചയായി ജീവിതത്തെ കോറിയിടാൻ ധൈര്യമുണ്ടെങ്കിൽ , നിനക്ക് മനസ് തുറന്നു എഴുതാൻ കഴിയുമെങ്കിൽ മാത്രം, നീ സ്വന്തം കഥ അതിഭാവുകത്വമില്ലാതെ എഴുതുക."
"എല്ലാവരും ഫിലിപ്പ് പറയുന്ന പോലെ എഴുതുന്നവരായിരിക്കണമെന്നും ഇല്ലല്ലോ എന്നവൾ വിയോജിപ്പ് പ്രകടിപ്പിച്ചു."
വീണ്ടും ഓരോ പെഗ് കൂടി ഒഴിച്ച് സംസാരം തുടർന്നൂ..
"ഫിലിപ്പിന് അറിയാമോ ഞാൻ എന്തുകൊണ്ടാണ് ഇന്ത്യ കണ്ടുകഴിഞ്ഞു കേരളത്തിൽ നിന്നെ കാണാൻ വന്നതെന്ന് ?"
"അറിയില്ല..."
"മരണത്തിലേക്ക് വഴുതിപോയ എന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ട് വന്നത് ഒരർത്ഥത്തിൽ നീ നൽകിയ ധൈര്യവും പിന്നെ നിന്‍റെ സൗഹൃദവുമാണ്. അതെനിക്ക് രോഗത്തോട് പ്രതിരോധിക്കാൻ ശക്തി നൽകി അങ്ങനെ ഇപ്പോൾ മാറി വരുന്നു. മെഡിസിൻ എല്ലാം മുടങ്ങാതെയും കഴിക്കുന്നുണ്ട്.... എങ്കിലും ഉള്ളിൽ ഒരു ഭയം , അതാണ് ഓടിപിടിച്ച് ഞാൻ നിന്നെ കാണാൻ വന്നത്...."
ഒരു തമാശയെന്നപോലെ ചിരിച്ചു കൊണ്ട് ഞാൻ ചോദിച്ചു ?
"അല്ലാതെ എന്നെ ഇഷ്ടമുള്ളത് കൊണ്ടല്ലല്ലേ"
"ഇഷ്ടമുള്ളത് കൊണ്ടല്ലേ നിന്നോട് ഇങ്ങനെ ചേർന്ന് നിൽക്കുന്നതും തോളോട് കൈ ചേർത്ത് നിൽക്കുന്നതും. ഞാൻ നിന്നെ പ്രണയിക്കുന്നു...ഐ ലവ് യു.... എന്ന് പറഞ്ഞാൽ മാത്രമേ ഇഷ്ടപ്പെടാൻ പാടുള്ളൂ എന്നുണ്ടോ ?"
'ഹേയ് അതില്ല... അപ്പോൾ നീ ഇങ്ങോട്ടു വരുന്നതിനുള്ള പണം എങ്ങനെ സ്വരുക്കൂട്ടി..."
'അതുപറഞ്ഞാൽ ചിലപ്പോൾ നിനക്കെന്നോട് ദേഷ്യമായല്ലോ ഫിലിപ്പ് ?"
"ഞാനെന്തിനാ നിന്നോട് ദേഷ്യപ്പെടുന്നത് ? ധൈര്യമായി പറയൂ...."
"ഞാനെന്‍റെ സ്വത്തുക്കൾ എല്ലാം വിറ്റു ....അധികമൊന്നുമില്ല അപ്പാർട്മെന്റും കാറും അങ്ങനെ ചിലതെല്ലാം....."
"അതെന്തിന് നീ അങ്ങനെ ചെയ്തത് ?"
"അതൊക്കെ ഉണ്ടായിട്ടും ഞാൻ ജീവനോടെ ഇല്ലെങ്കിൽ കാര്യമില്ലല്ലോ "
"എന്തിന് ? അതിന്‍റെ ആവശ്യം ഉണ്ടായിരുന്നോ? നിനക്കതിന് കാര്യമായി പ്രശ്നങ്ങളൊന്നുമില്ലല്ലോ എമിലി ? ഇനി തിരിച്ചു പോയാൽ താമസവും മറ്റും."
[മൗനം മാത്രം......]
"അല്ലെങ്കിൽ തന്നെ, കയറി കിടക്കാൻ ഉള്ള വീട് വിൽക്കാമോ ? മണ്ടത്തരമല്ലേ കാണിച്ചത് തിരിച്ചുപോയാൽ നീ എവിടെ താമസിക്കും ?"
[വീണ്ടും മൗനം മാത്രം.....]
ഒരു പെഗ് കൂടി ഞാൻ ഒഴിച്ചുകുടിച്ചു എമിലിയോട് ഗുഡ്നൈറ്റ് പറഞ്ഞു താഴെ എന്‍റെ മുറിയിലേക്ക് പോയി. ഉള്ളിലെ ദേഷ്യം അവളോട് പ്രകടമാക്കാതിരിക്കാനാണ് ഞാനങ്ങനെ ചെയ്തത്. ഒരുപക്ഷെ അതവളെ ഇൻസൾട്ട് ചെയ്തപോലെയാകാം.. എനിക്കൊരു തലകറക്കം പോലെ..... മുറിയിൽ ചെന്ന് കസേരയിൽ ഇരുന്നു ഞാൻ. അരമണിക്കൂറിന് ശേഷം എമിലി എന്‍റെ മുറിയിലേക്ക് കടന്നുവന്നു തോളുകളിൽ കൈകൾ വെച്ചു
അമർത്തി തടവികൊണ്ട് അവൾ ചോദിച്ചു....
"ഫിലിപ്പ് നിന്‍റെ മുറി നന്നായി ഒരുക്കിയിരിക്കുന്നല്ലോ....
ചെറുതെങ്കിലും മനോഹരമായി അലങ്കരിച്ചിരിക്കുന്ന മുറി ഒരു കൊച്ചു ജനാലയും.... ചെറിയൊരു മേശയും അതിനു പറ്റിയൊരു കൊച്ചു കസേരയും... പിന്നെ ഒരു കട്ടിലും.... ഭിത്തിയുടെ ഒരു ഭാഗത്ത് മുഖം നോക്കാനുള്ള ഒരു വലിയ കണ്ണാടിയും അതിനു മുന്നില്‍ കുറെ മേയ്ക്കപ്പ് സാധനങ്ങളും അടുക്കി വെച്ചിരുന്നു. ബാല്ക്കണിയിലേക്ക് തുറക്കുന്ന ചെറിയൊരു വാതിലും കൊള്ളാലോ....എന്താ ഫിലിപ്പ് എന്നോട് പിണക്കാമാണോ ? എന്തിനാണ് നീ മുകളിൽ നിന്നും ഇറങ്ങി ഇവിടെ വന്നിരിക്കുന്നത്?"
ഞാനൊന്നും മറുപടി പറഞ്ഞില്ല... അനങ്ങാതെ അവിടെ തന്നെയിരുന്നു.....
"അത് ഫിലിപ്പ് ഒരുപാട് പ്രശ്‌നങ്ങൾ ഉണ്ട്, എനിക്ക് എന്‍റെ പ്രോപ്പർട്ടി , കാർ എല്ലാം വിൽക്കേണ്ടി വന്നു. ആ പണം കൊണ്ടല്ലേ ഞാൻ ഫിലിപ്പിനെ കാണാൻ വന്നത്."
"എമിലി നീയെന്തൊക്കെയാണ് പറയുന്നത്"
"ഫിലിപ്പ് നീ അറിയാത്ത കുറെയേറെ ഉണ്ട് എന്‍റെ ജീവIതത്തിൽ.."
എമിലിയുടെ വലിഞ്ഞു മുറുകിയ മുഖത്ത് നിന്നും അവളുടെ ഉള്ളിലുള്ള നേരിപ്പോട് എത്രയെന്ന് എനിക്ക് മനസിലാക്കാമായിരുന്നു. ഞാനൊരു നല്ല ശ്രോതാവിനെപ്പോലെ അതിശയത്തോടെ അവളുടെ മുഖത്തേയ്ക്ക് നോക്കി നിന്നു. എമിലി ഒരു സിഗറേറ്റ് എടുത്തു കൊളുത്തി മനസ്സിനെ ഒന്ന് നിയന്ത്രിച്ച ശേഷം എനിക്ക് മുഖം തരാതെ പറഞ്ഞു തുടങ്ങി.
"എന്‍റെ പാരേന്റ്‌സ്, അവരെക്കുറിച്ചു ഞാൻ പറഞ്ഞത് രണ്ടു പേരും മരിച്ചു എന്നാണ്, അത് കളവായിരുന്നു, എന്‍റെ ഡാഡിയെ മരിച്ചതായുള്ളൂ ഫിലിപ്പ്..... എന്‍റെ മമ്മി ഇപ്പോഴുമുണ്ട്. "
ഞാൻ ശ്വാസം അടക്കിപ്പിടിച്ചിരുന്നു.....
"ഡാഡിയെ എനിക്കൊരുപാട് ഇഷ്ടമായിരുന്നു, മമ്മി എപ്പോഴും ഫ്രണ്ട്‌സുമൊത്തു ബാറും കറക്കവും ആയി നടന്നു, വീട്ടിൽ എന്നും വഴക്കായിരുന്നു. അറ്റാക് ആയിരുന്നു ഡാഡിയുടെ മരണകാരണം, അന്ന് രാത്രി ഡാഡിയും മമ്മയും റൂമിൽ വഴക്കിട്ടിരുന്നു. എന്താണെന്ന് എനിക്കറിയില്ല.... ഡാഡി പക്ഷേ സ്വത്തൊക്കെ എന്‍റെ പേരിൽ എഴുതി വെച്ചിരുന്നു. മമ്മിയ്ക്ക് ആ ദേഷ്യം എന്നോടുണ്ടായിരുന്നു.... പിന്നീട് മമ്മിയും ബോയ് ഫ്രണ്ടും അവിടെ ആയി താമസം. സ്വത്ത് നഷ്ടമാകാതിരിക്കാൻ മമ്മിയുടെ ബോയ് ഫ്രണ്ടിനെ എന്നോട് വിവാഹം ചെയ്യാൻ പറഞ്ഞു. ഞാൻ സമ്മതിച്ചില്ല ഫിലിപ്പ്.... ഞാൻ എങ്ങിനെ......"
എമിലി കരയുമെന്നു തോന്നിയെങ്കിലും എന്നെ അത്ഭുതപ്പെടുത്തി കൊണ്ടവൾ ചിരിച്ചു. ഞാൻ എഴുന്നേൽക്കാൻ ഭാവിച്ചപ്പോൾ അവൾ കൈ കൊണ്ട് വിലക്കി.
"ഫിലിപ്പിനോട് എനിക്കെല്ലാം പറയണം.....
ഒരു ദിവസം മമ്മിയുമായി ഞാൻ വഴക്കായി. അതിന്‍റെ പക അവർ തീർത്തത് അന്ന് രാത്രി അവരുടെ കാമുകനെ എന്‍റെ റൂമിൽ കയറ്റി വിട്ടാണ് ഫിലിപ്പ്. അയാൾ എന്നെ അടിച്ചു, ഞാനും അയാളെ തിരിച്ചടിച്ചു, മമ്മിയും അയാളും എന്നെ ഉപദ്രവിച്ചു. ഇനിയും നീ വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ ഇതിലും മോശമായിരിക്കും അനുഭവം എന്നു പറഞ്ഞവർ റൂം പുറത്തു നിന്നും പൂട്ടി"
ഞാൻ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു എമിലിയുടെ തോളിൽ പിടിച്ചു കുലുക്കി.... എനിക്കാകെ അസ്വസ്ഥത തോന്നി...
"എമിലി.... എനിക്കിത് വിശ്വസിക്കാൻ സാധിക്കില്ല, നിന്‍റെ സ്വന്തം അമ്മ ഇങ്ങിനെ ചെയ്യുമോ. അതും അങ്ങിനെയൊരു രാജ്യത്ത്.... ഞാൻ വിശ്വസിക്കില്ല... എനിക്കതിന് കഴിയുന്നില്ല.... "
എമിലി എന്നെ നോക്കി പുഞ്ചിരിച്ചു.
"ഫിലിപ്പ് റിലാക്സ്... അവിടെ ഇരിക്കു. ആരും വിശ്വസിക്കില്ല, എനിക്കറിയാം. മമ്മിയുടെ അവസ്‌ഥ അതായിരുന്നു. അയാൾക്ക് മമ്മി കുറെ പണം കൊടുക്കാനുണ്ടായിരുന്നു.
ഇനിയും അവിടെ നിന്നാൽ പ്രശ്നമാകും എന്നെനിക്ക് തോന്നി ഞാൻ എന്‍റെ ഒരു ഫ്രണ്ടിന്‍റെ കൂടെ താമസിച്ചു, അവളുടെ ഡാഡി പ്രോപ്പർട്ടി വിറ്റു തന്നു, മമ്മിയ്ക്കും കാമുകനും എതിരെ കേസ് കൊടുപ്പിച്ചു. അവിടെ നിന്നാൽ അയാൾ എന്നെ അപകടപ്പെടുത്തിയേനെ. ഈ യാത്ര ഒരു ഒളിച്ചോട്ടമായിരുന്നു.... എവിടേയ്ക്ക് പോകും എന്നു ചിന്തിച്ചപ്പോൾ നിന്‍റെ മുഖം ആണ് ഓർമ്മ വന്നത് ഫിലിപ്പ്. "
[മൗനം മാത്രം.....]
മൗനത്തെ വാചാലമാക്കി എമിലി
"അതൊക്കെ വിട്ടുകളയൂ ഫിലിപ്പ്, ആയുസ്സുണ്ടെങ്കിൽ ഇനിയും നമ്മുക്കിതൊക്കെ വീണ്ടും ഉണ്ടാക്കാവുന്നതല്ലേയുള്ളൂ...."
"ഉം... ശരിയാണ് എമിലി നീ ചെയ്തത്..... അത് തന്നെയായിരുന്നു ചെയ്യേണ്ടത്...."
"ഞാൻ വളരെ സീരിയസ് ആയിട്ട് ഫിലിപ്പിനോട് മറ്റൊരു കാര്യം ചോദിച്ചോട്ടെ."
"ഉം...ചോദിക്കൂ.."
"നീ ഒരു പെണ്ണിനെ സ്‌നേഹിക്കുമ്പോൾ അവളുടെ ശരീരത്തെയാണോ അതോ മനസിനെയാണോ സ്നേഹിക്കുന്നത് ?"
ഉത്തരം നൽകാനാകാതെ ഞാൻ വീണ്ടും മൗനമായി ഇരുന്നൂ....
കുറച്ചു നേരം അവളും മൗനമായി....അങ്ങനെ എന്‍റെ മുറി നിശബ്ദത കൊണ്ട് വീർപ്പുമുട്ടിയപ്പോൾ ഞാനായി തന്നെ ആ നിശ്ശബ്ദതയെ ഭഞ്ജിച്ചു.....
"സ്നേഹിക്കുന്നവൾ പരിശുദ്ധയായിരിക്കണമെന്ന് ഏതൊരാൾക്കും നിർബന്ധമുണ്ടാകില്ലേ ? എമിലി....."
"അതെന്ത് കൊണ്ട് ?
ശരീരത്തെ അല്ലേ അപ്പോൾ നിങ്ങൾ പുരുഷന്മാർ പ്രണയിക്കുന്നത് ? അവളുടെ മനസിനെയാണ് നിങ്ങൾ സ്നേഹിക്കുന്നതെങ്കിൽ ഇങ്ങനെ പറയാൻ ഒരിക്കലും കഴിയില്ലല്ലോ ഫിലിപ്പിന്......"
"അതൊരുപക്ഷെ കാഴ്ചപ്പാടുകളുടെയും സംസ്കാരങ്ങളുടെയും തെറ്റ്കൊണ്ടാണെങ്ങ്കിലോ ?"
"അതുതന്നെയാണ് ഫിലിപ്പ് ഞാനും പറഞ്ഞത്....
നീ സ്നേഹിക്കുമ്പോൾ ഒരുവളുടെ മനസിനെ സ്നേഹിക്കുക....
ഒരിക്കലും അവളുടെ ശരീരത്തോടു ആകരുത് നിന്റെ സ്നേഹം..... അവളുടെ ശരീരം എത്ര കളങ്കപ്പെട്ടാലും അവളുടെ മനസ് കളങ്കപ്പെടില്ല അത് പോലെ അവളുടെ പ്രണയവും....."
"ചില ചോദ്യങ്ങള്‍ക്ക് അര്‍ത്ഥമുണ്ടാകില്ല എമിലി....
ചിലതിനാവട്ടെ ഉത്തരങ്ങളും......."
വീണ്ടും ഞങ്ങൾക്കിടയിൽ നിശബ്ദത പടർന്നു പന്തലിച്ചു.....
മേശപ്പുറത്തു നിന്നും അവൾ സിഗരറ്റ് പാക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്തു കത്തിച്ചു വലിച്ചു..... നൂല് പൊട്ടിയ പട്ടംപോലെ പുകച്ചുരുളുകൾ വായുവിലൂടൊഴുകി ശൂന്യതയിൽ ഞെരിഞ്ഞമരുന്നുണ്ടായിരുന്നു. ഓരോ പുകച്ചുരുളുകൾ വലിച്ചുകഴിയുന്തോറും അവളുടെ മനസ്സ് തണുക്കുന്നതായി എനിക്ക് തോന്നി.....
"ശാന്തതയോടെ ഞാൻ ചോദിച്ചു നീ വലി നിറുത്തിയിരുന്നതല്ലേ ? പിന്നെന്തിനാണ് എമിലി വലിച്ചത് ? എനിക്ക് സത്യം ചെയ്തതുമല്ലേ ഇനി വലിക്കില്ലാ എന്ന്...."
"എല്ലാം ശരിയാണ് ഫിലിപ്പ്,
അതല്ലേ നിന്‍റെ മുന്നിൽ നിന്നും തന്നെ വലിച്ചത്. പ്രോമിസ് ബ്രെക്ക് ചെയ്തതും അതുകൊണ്ടു തന്നെയാണ്...എത്രയും പെട്ടെന്ന് ചാകുന്നെങ്കിൽ അത്രെയും നല്ലത്...."
"അങ്ങനെയൊന്നുമില്ല, എമിലി വാ നമ്മുക്ക് മുകളിൽ പോയിരിക്കാം. എല്ലാം വിറ്റു നീ എന്നെ കാണാൻ വന്നതാണെന്ന് കേട്ടപ്പോൾ എനിക്ക് അത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല അതുകൊണ്ടാണ് ഞാൻ ഗുഡ്‌നൈറ്റ് പറഞ്ഞു ഇറങ്ങിയത്...
ഐ ആം സോറി...."
ചിരിച്ചുകൊണ്ട്....
"അതിന് നിന്നെ കാണാൻ വേണ്ടിയല്ലല്ലോ ഞാൻ വന്നത്.... എന്‍റെ നാടും നാട്ടുകാരെയും ഇവിടത്തെ പ്രകൃതി രമണീയതയുമെല്ലാം ആസ്വദിക്കാൻ കാണാൻ വന്നതാണ്....ഇവിടെ വരെ വന്നതുകൊണ്ട് ഫിലിപ്പിനേയും കണ്ടേക്കാമെന്ന് കരുതി."
പുറത്തു നല്ല മഴ പെതുകൊണ്ടിരുന്നു.....
മുകളിലേക്ക് പോകാൻ ഞാൻ കസേരയിൽ നിന്നും എഴുന്നേറ്റപ്പാടെ എമിലി എന്നെ വട്ടം കെട്ടിപിടിച്ചു.... ജനാലയിലൂടെ കയറിഇറങ്ങുന്ന തണുത്തകാറ്റിനു പോലും എന്‍റെ ശരീരത്തെ ആ സമയം തണുപ്പിക്കാൻ കഴിഞ്ഞില്ല...
'നീ എന്നേ പ്രണയിക്കുകയാണോ ഫിലിപ്പ് ?
എന്‍റെ ശരീരത്തെയാണോ അതോ മനസിനെ ആണോ നീ സ്നേഹിക്കുന്നത് ???"
"ഇഷ്ടമാണ് എമിലി എനിക്ക് നിന്നെ....
നിന്‍റെ നല്ല മനസ് കാണാനും അറിയാനും കഴിഞ്ഞതിൽ ഞാൻ ഭാഗ്യവാൻ ആണ്...."
ആ സംസാരത്തിനിടയിൽ എപ്പോഴോ കിടക്കയിലേക്ക് അവളുമായി വീണത് മാത്രം ഓർക്കാനാവുന്നുണ്ട്...
അവള്‍ ശാന്തമായി എന്നിലേക്ക് പെയ്തിറങ്ങി... .
എപ്പോഴൊക്കെയോ വന്യമായി തോരാതെ പെയ്തപ്പോൾ... നിർവചിക്കാൻ കഴിയാത്ത ഒരനുഭൂതി എന്‍റെ സിരകളെ ഉണര്‍ത്തിയിരുന്നു......
ഒടുവില്‍ ഞങ്ങൾ ഇരുവരും തളര്‍ന്നുറങ്ങിയിരുന്നു....
രാത്രിയുടെ ഏതോ യാമത്തിൽ ഞാൻ ഉണർന്നപ്പോൾ എമിലിയെ കാണുന്നില്ല ഞാൻ എഴുന്നേറ്റു അവളുടെ മുറിയിൽ പോയി നോക്കി അവളവിടെയില്ല. മുകളിൽ ടെറസിൽ പോയി നോക്കിയപ്പോൾ അവളവിടെയിരുന്നു മഴയുടെ സംഗീതം ആസ്വദിച്ചു സ്കോച് കുടിക്കുകയാണ്. എന്നെ കണ്ടു അവൾ പുഞ്ചിരിക്കാൻ ഒരു വിഫലമായ ശ്രമം തന്നെ നടത്തി പക്ഷെ നാണത്താൽ അവൾക്കതിന് കഴിയുന്നില്ല. അര്‍ത്ഥമുള്ള , ഉത്തരമുള്ള , ഒരു ചോദ്യമാണ് അവളുടെ ജീവിതമെന്ന് എനിക്ക് തോന്നി.. അവളുടെ മുന്നിലെ കസേരയിൽ ഇരുന്നു തണുപ്പ് മാറ്റാൻ ഞാനും ഒരു പെഗ് ഒഴിച്ചു എന്നിട്ടു ഒരു സിഗരറ്റും കത്തിച്ചു പുക വായുവിലേക്ക് ഊതി.....
"ഫിലിപ്പ് ,
പെട്ടെന്നുണ്ടായ ഒരു ഫീൽ...ആരോടും ഇതുവരെ തോന്നാത്ത ഒരു ഫീൽ...എനിക്ക് തോന്നിപ്പോയി എനിക്ക് എന്നെ ആ സമയം കൺട്രോൾ ചെയ്യാൻ കഴിഞ്ഞില്ല.... ഐ ആം സോറി.... എന്നെപോലെ ശരീര ശുദ്ധിയില്ലാത്ത ഒരുവളുടെ കൂടെ നിനക്ക് കിടക്കേണ്ടി വന്നതിൽ എനിക്ക് വിഷമമുണ്ട്......."
എഴുന്നേറ്റ് അവളുടെ അരികിലെ കസേരയിൽ പോയിരുന്നു....
"എനിക്ക് വിഷമമില്ലെങ്കിലോ ഞാൻ നിന്‍റെ ശരീരത്തെ അല്ല സ്നേഹിച്ചത് മനസിനെയാണ്... എന്നാലും ഇങ്ങനയൊക്കെ ഉപദ്രവിക്കാമോടീ..."
അവളും ഞാനും ചിരിച്ചും സംസാരിച്ചും നേരം വെളുപ്പിച്ചു...... പിന്നെയുള്ള ഇരുപത് ദിവസങ്ങൾ ഞാനും അവളും പാറി പറന്നു നടന്നു കേരളമൊട്ടാകെ.... മനസ് കൊണ്ടും ശരീരം കൊണ്ടും ഞങ്ങൾ കൂടുതൽ അടുത്തു..... അവൾ ലിവർപൂളിലേക്ക് തിരിച്ചു പോകാനൊരുങ്ങിയ രാത്രിയിൽ ഞാനവൾക്ക് ഞങ്ങളുടെ രണ്ടുപേരുടെയും ഫോട്ടോസ് ചെറിയ ഫ്രയിമിലാക്കി ലാമിനേറ്റ് ചെയ്തു കൊടുത്തു....
"ലിവർപൂളിൽ നിന്നും വന്നെന്‍റെ മനസിൽ കൂടൊരുക്കിയ വിരുന്നുകാരി...നീ യാത്രയാകുകയാണ് അപ്പോൾ ?"
"അതെ ഫിലിപ്പ് ,
ഞാൻ മടങ്ങുകയാണ്.....മടങ്ങിയല്ലേ പറ്റൂ...രണ്ടു രാജ്യങ്ങൾ തമ്മിൽ തീർത്തിരിക്കുന്നു ചില അതിർവരമ്പുകൾ അത് ഭേദിക്കാൻ നമ്മുക്കാകില്ലല്ലോ."
നീയും കൂടെ വരുന്നോ എന്ന് അവൾ ചോദിക്കുന്നതായി ആ കണ്ണുകളിൽ നിന്നും ഞാൻ വായിച്ചെടുത്തു.... "ഇനി എന്നാണ് എലീന നമ്മൾ വീണ്ടും കാണുക ??"
"എന്നോട് ചേർന്നിരുന്നു എന്‍റെ കൈ തടവികൊണ്ടവൾ പറഞ്ഞു അറിയില്ല ഫിലിപ്പ്......."
"ഞാനിതുപോലെയൊക്കെ തന്നെ ഇവിടെയുണ്ടാകും......"
"ഞാൻ ഉണ്ടാകുമോ എന്നെനിക്കറിയില്ല ഫിലിപ്പ്....."
"അങ്ങനെ പറയരുത് എമിലി.....
നീ ഉണ്ടാകും ഇതുപോലെ പൂർണ ആരോഗ്യവതിയായി..... ഇതുപോലെ വീണ്ടും നിനക്ക് വരാൻ കഴിയും.....അരുതാത്തതൊന്നും പറയണ്ടാ നീ......"
സമയം വെളുപ്പിന് നാലാകുന്നു...
എയർപോർട്ടിലേക്ക് പോകാനുള്ള ടാക്സി പുറത്തു ഹോൺ മുഴക്കി.....
എമിലിയുടെ കവിളുകളിൽ എന്‍റെ കവിളുകൾ ചേർത്തുരഞ്ഞു ചുണ്ടുകൾ തമ്മിൽ ചുംബിച്ചു യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഉള്ളിന്‍റെയുള്ളിൽ വല്ലാത്തൊരു നീറ്റല്‍ കുടിയേറിപ്പാർത്തിരുന്നു.....
"ഞാൻ ഇനിയും വരും ഫിലിപ്പ്....വരാതിരിക്കാൻ എനിക്കാകില്ലല്ലോ."
"എനിക്ക് ലിവർപൂളിലേക്ക് നിന്‍റെ അടുക്കലേക്ക് വരാൻ ഒരിക്കലും കഴിയില്ല....എങ്കിലും സ്വപ്നങ്ങളുടെ തേരിലേറി ഞാൻ വരും...."
"സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ കഴിയും ഫിലിപ്പ്, നമ്മൾ ശ്രമിക്കണമെന്ന് മാത്രം."
വീണ്ടും അവളെന്നെ ഗാഢമായി പുണർന്നു. ചുംബന പൂക്കൾ കൊണ്ടെന്നെ മൂടി...
ആ നിമിഷം ഏതോ ഓർമയിൽ എന്‍റെ കണ്ണിൽ നിന്നും ഒലിച്ചിറങ്ങിയ കണ്ണുനീർ തുള്ളികൾ ഞാൻ അവളുടെ മനസിനെ എത്രത്തോളം സ്നേഹിച്ചിരുന്നെന്നുള്ള ഒരു കഥ പറയാനുണ്ടായിരുന്നു........
എമിലി യാത്രയായി.....
പുസ്തക പ്രകാശന ചടങ്ങിൽ സ്റ്റേജിൽ പ്രസംഗിച്ചിരുന്ന അദ്ധ്യക്ഷൻ ഡോക്ട്ർ മുഞ്ഞിനാട് സാർ രണ്ടു വാക്ക് മൈക്കിലേക്ക് സംസാരിക്കുവാൻ എന്നെ ക്ഷണിച്ചപ്പോൾ ആയിരുന്നു ഓർമകളിൽ നിന്നും ഞാനുണർന്നത്. ഞാനെഴുതിയ എന്‍റെ പുതിയ നോവൽ 'എമിലി'യെ കുറിച്ച് വാ തോരാതെ സംസാരിച്ചു. എമിലി എന്ന സ്ത്രീയുടെ ജീവിതത്തെ കുറിച്ചു..... അവളുടെ പ്രണയത്തെ..... പിന്നെ ജീവിതത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാടുകളെ നാം നോക്കി കാണേണ്ട വിധത്തെ കുറിച്ചെല്ലാം.....
'എമിലി' പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്ത വിശിഷ്ട അതിഥികൾക്കെല്ലാം നന്ദി വാക്ക് പറഞ്ഞു കൊണ്ട്. സ്റ്റേജിൽ നിന്നുമിറങ്ങി മുന്നിലെ സീറ്റിലിരുന്നു നിറകണ്ണുകളുമായി പുഞ്ചിരി തൂക്കിയ ലിവർപൂളിലെ വിരുന്നുകാരിയും എന്‍റെ ഭാര്യയുമായ എമിലിയേയും എട്ടുമാസം പ്രായമുള്ള ഞങ്ങളുടെ മകൾ മിഷേലുമായി 'എമിലി' പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്ത വിശിഷ്ട അതിഥികളോടൊപ്പം നിന്നു ഒരു സെൽഫിയുമെടുത്ത് ഞങ്ങൾ യാത്രയായി.....