Sunday, April 30, 2017

ഷേർളി

ചെന്നൈയിൽ കസ്റ്റമർ കെയറിൽ ജോലിചെയ്യുമ്പോൾ താമസം ആവടിയിലെ ഒരു ആന്ധ്രാക്കാരൻ ഉദയഭാനു അങ്കിളും അദ്ദേഹത്തിന്‍റെ ഭാര്യയും കൂടി ഒരു ബിൽഡിംഗ്‌ വാടകയ്‌ക്കെടുത്തു ഫുഡ് & അക്കോമഡേഷൻ നൽകുന്ന ശ്രീ ഉദയാ ഹോസ്റ്റലിൽ ആയിരുന്നു. ഹോസ്റ്റൽ എന്നൊന്നും പറയാൻ പറ്റില്ല പട്ടിക്കൂട് പോലുള്ള  ഒരു കുടുസു മുറിയിൽ അഞ്ച് പേരെ കിടത്തി ഓരോരുത്തരിൽ നിന്നും മൂവായിരം രൂപ വാങ്ങി കീശ നിറയ്ക്കാനുള്ള ഒരു വിദ്വാന്റെ തന്ത്രം.  ഒരിക്കൽ ഫുഡ് കഴിക്കാൻ പോയപ്പോൾ ചോറിൽ സോഡാപൊടി മിക്സ് ചെയ്യുന്നത് കണ്ടു ചോദ്യം ചെയ്തതിനെ തുടർന്നാണ് അവിടെന്നു പുറത്താകുന്നത്. 

കസ്റ്റമർ കെയറിൽ കൂടെ വർക്ക് ചെയ്തുകൊണ്ടിരുന്ന ഫെഡറിക്കിന്‍റെ കൂടെ താമസിക്കാൻ കരാറായി. ചെന്നൈ നഗരത്തിന്‍റെ മറ്റൊരു മുഖഭാവം ഞാൻ കണ്ടുതുടങ്ങിയത് ഫെഡറിക്കിലൂടെയായിരുന്നു. രണ്ടു മുറിയും ഒരു അറ്റാച്ചിട് ബാത്റൂമും അടങ്ങുന്ന കൊച്ചു വീട്. ഒരു മുറി എനിക്കായി തന്നു എന്നിട്ട് പറഞ്ഞു കഥാകാരന് ഇവിടെ കിടന്നു കുത്തികുറിക്കാം എന്‍റെ കാര്യങ്ങളിൽ ഇടപെടാനോ എന്നെകുറിച്ച് എഴുതാനോ കുത്തി കുറിക്കാനോ ആണ് ഭാവമെങ്കിൽ ചവിട്ടി ഞാൻ പുറത്താക്കും എന്നൊരു താക്കീതും. എന്തായാലും അവന്‍റെ കഥാകാരൻ വിളി എനിക്ക് ഏറെ രസിച്ചു. 

ചെന്നൈയുടെ അഴുക്ക് ചാലിൽ കിടന്നു വളർന്നു വലുതായവനാണ് ഫെഡറിക്ക് ആളൊരു താന്തോന്നിയായിരുന്നു കള്ള് , കഞ്ചാവ് , മദിരാശി എന്ന് വേണ്ട അവനില്ലാത്ത ദുശീലങ്ങൾ ഒന്നും തന്നെയില്ലായിരുന്നു. അവന്‍റെ മമ്മി മലയാളിയും ഡാഡി തമിഴനുമായിരുന്നു. രണ്ടാളും അവനു പതിനാറ് വയസ്സുള്ളപ്പോൾ ഒരു ആക്സിഡന്റിൽ മരണമടഞ്ഞു പിന്നീട് അങ്ങോട്ട് അവൻ ഈ കോളനിയിലെ ചീഞ്ഞതും നാറിയതുമായ ദിനരാത്രങ്ങളിലെ വിഴുപ്പുകള്‍ക്കിടയില്‍ എല്ലാം കണ്ടും കേട്ടുമാണ് വളര്‍ന്നു വലുതായത്. അത്തിപ്പേട്ട് ചിന്ന കോളനിയിൽ രണ്ട് സെന്റ് സ്ഥലവും ഒരു കൊച്ചുവീടും മാത്രമായിരുന്നു അവനുവേണ്ടി ഡാഡിയും മമ്മിയും ബാക്കിവെച്ചിരുന്നത്. ഞാനും ഫെഡറിക്കും ഉറ്റ ചങ്ങാതിമാരായി മാറാൻ അധികം സമയമൊന്നും എടുത്തില്ല. 

ഒരു ദിവസം ഞാൻ ഷിഫ്റ്റ് കഴിഞ്ഞു വരുമ്പോൾ ഫെഡറിക്കിന്‍റെ മുറിയിൽ നിന്നും ഇക്കിളി ശബ്ദങ്ങളുടെ ശീൽക്കാരങ്ങൾ കേൾക്കുന്നു. ഞാൻ ഡ്രസ്സ് ഒക്കെ മാറി ചുണ്ടിൽ ഒരു സിഗരറ്റും കൊളുത്തി ബാത്ത്റൂമിൽ പോയി വന്നു മുറിയിൽ കിടന്നു ചിന്തകളിൽ ഊളിയിടുമ്പോഴാണ് ഫെഡറിക്കിന്‍റെ കഥാകാരാ എന്നുള്ള വിളി. 

"ഡാ....... ഇവളാണ് നേഹ, കൽക്കട്ടക്കാരിയാ, ഒരു സഹകരണ മനോഭാവവുമില്ലെന്നേ....."

ഞാൻ ചോദിച്ചു, "എന്നിട്ട് നീ എല്ലാം പഠിപ്പിച്ചു കൊടുത്തോ ? "

"പിന്നല്ലാതെ ഇനി ഇവളെ കൊണ്ട് പോകുന്നവർക്ക് പണിയൊന്നും എടുക്കേണ്ടി വരില്ല. എല്ലാം ഞാൻ അറിഞ്ഞു പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്....."

"അപ്പോൾ ഓകെ കഥാകാരൻ ഫ്രീ ആണെങ്കിൽ ഉടുത്തു വാ ട്രിപ്ലിക്കൻ വരെ ഒന്ന് പോയിട്ട് വരാം..."

ഞാനും അവനോടൊപ്പം പുറത്തേക്കിറങ്ങി. പോകുന്ന വഴിക്ക് നേഹയ്ക്ക് കുറച്ചു ക്യാഷും കൊടുത്തയച്ചവൻ യാത്രയാക്കി. ഞങ്ങൾ ഇരുവരും മെട്രോ ട്രെയിനിൽ കയറി ട്രിപ്ലിക്കൻ സ്റ്റേഷനിൽ ഇറങ്ങി ബീച്ചിൽ പോയിരുന്നു കുറച്ചു നേരം കാറ്റ് കൊണ്ട് സന്ധ്യയായപ്പോൾ അവിടെയുള്ള ഒരു കോളനിയിലൂടെ കയറി ഇറങ്ങി ഏതോ ഒരു വീടിന്റെ വാതിലിൽ മുട്ടി  ഒരു സ്ത്രീയുടെ കൈയിൽ നിന്നും ഒരു വലിയ പാക്കറ്റ് കഞ്ചാവും വാങ്ങി, തിരിച്ചു അത്തിപ്പേട്ടിലെക്ക് യാത്രയായി. അത്തിപ്പേട്ടിലെ ടാസ്മാക്കിൽ നിന്നും ഒരു ഫുൾ ബോട്ടിൽ ബ്രാണ്ടിയും വാങ്ങി പിന്നെ കുറച്ചു മിച്ചറും ഒരു പാക്കറ്റ് സിഗരറ്റും ബീഡിയുമൊക്കെ വാങ്ങി റൂമിലെത്തി. ഫെഡറിക്കും ഞാനും കൂടി കുപ്പി പൊട്ടിച്ചൊഴിച്ച് അടിക്കാൻ തുടങ്ങി. ഇടയ്ക്കിടയ്ക്ക് ഫെഡറിക്ക് ആരും അറിയാത്ത ചെന്നൈ നഗരത്തെ കുറിച്ച് നടത്തിയ വർണ്ണനയിൽ ഞാൻ ഭ്രമിച്ചിരുന്നു. 

ഞാൻ അവനോടു പറഞ്ഞു 
ഇനി നീ പോകുമ്പോൾ എന്നെയും കൂടെ കൂട്ടണം....

"വേണ്ടാ കഥാകാരാ  നീ നല്ല പിള്ളയാണ് വഴി തെറ്റണ്ടാ.. ഞാനായിട്ട് നിന്നെ വഴി തെറ്റിക്കുകയുമില്ലാ...."

"അങ്ങനെയൊന്നുമല്ല ഫെഡറു എന്തെങ്കിലും അനുഭവങ്ങളിൽ നിന്നും എഴുതുവാൻ ഒരു സ്പാർക്ക് ലഭിക്കുന്നതിനു വേണ്ടിയാണ്..."

"അങ്ങനെയിപ്പോൾ മോൻ കൂടുതലായി ഒന്നും കടലാസിലും ബസ് ടിക്കറ്റിനു പുറകിലുമൊന്നും കുത്താനും കുറിക്കാനും നിൽക്കണ്ട. നല്ല സ്വയമ്പൻ പോഞ്ചയുണ്ട് ഒരെണ്ണം ചുരുട്ടട്ടെ.... ??"

"ആഹ് അതെങ്കിൽ  ഒരെണ്ണം ചുരുട്ടി താ....."

അവൻ ചുരുട്ടിയ കഞ്ചാവ് ബീഡിയിൽ നിന്നും പുക വലിച്ചു കയറ്റി മറ്റൊരു ലോകത്തിൽ, ഞാനും പാറിപ്പറന്നു നടന്നു പിന്നീടെപ്പോഴോ തളർന്നു കിടന്നുറങ്ങിപോയി..

കുറച്ചു നാളുകൾക്ക് ശേഷം വീണ്ടും ഞങ്ങൾക്ക് ഒരുമിച്ചു ഓഫ് കിട്ടി. ഫെഡറിക്ക് രാവിലെ തന്നെ വിളിച്ചു എഴുന്നേൽപ്പിച്ചു, 
"കഥാകാരാ നീ വരുന്നുണ്ടോ ? വന്നാൽ ചിലപ്പോൾ നിനക്ക് വല്ല സ്പാർക്കും കിട്ടിയാലോ ?"

 സംഗതി എനിക്ക് മനസിലായി ഞാൻ വേഗം റെഡിയായി. അവൻ എന്നെയും കൂട്ടി  ത്യാഗരാജ നഗറിലേക്ക് പോയി പിന്നെ അവിടെന്നു ഏകദേശം രണ്ടു  കിലോമീറ്റർ ഉള്ളിലോട്ടു സഞ്ചരിച്ചു ആളുകൾ തിങ്ങി പാർക്കുന്ന ഒരു വൃത്തിക്കെട്ട തെരുവിലൂടെ നടന്നു ഒടുവിൽ ഒരു പഴയ വീടിനു മുന്നിലെത്തി ഗേറ്റ് തുറന്നു അകത്തേക്ക് കയറി, വരാന്തയിൽ എന്നെ ഇരുത്തിയതിനു ശേഷം  ഫെഡറിക്ക് അകത്തേക്ക് കയറി പോയി. ഞാനവിടെയിരുന്നു ചുറ്റുപ്പാടും ഒന്ന് കണ്ണോടിച്ചു നോക്കി കായ്ഫലമില്ലാത്ത ഒരു തെങ്ങു മാത്രമാണ് അവിടത്തെ ആകെയുള്ള ഒരു പച്ചപ്പെന്നു പറയാനുള്ളത്. പിന്നെ മുറ്റത്തു ഉലാത്തികൊണ്ടിരിക്കുന്ന കുറച്ചു ടർക്കി കോഴികളും അവയുടെ കളകള  ശബ്ദത്തേക്കാൾ ഉച്ചത്തിൽ എന്‍റെ ഹൃദയമിടിപ്പുകൾ എല്ലാവർക്കും കേൾക്കാൻ കഴിയുന്നുണ്ടോ എന്നൊരു സംശയമില്ലാതില്ല...

ഫെഡറിക്ക് വന്നെന്നെ അകത്തേക്ക് കൂട്ടി കൊണ്ടുപോയി. ചുണ്ടിൽ മുറുക്കാൻ ചവച്ചതിന്‍റെ ചുവപ്പുമായി  ഒരു മധ്യവയസ്ക്ക എന്നെയും ഫെഡറിക്കിനെയും ഒരു മുറിയിൽ കൂട്ടി കൊണ്ടുപോയി പറഞ്ഞു ഇവർ മൂന്നുപേരും മലയാളികളാണ്. ഒരുവൾ മുപ്പതു വയസ്സടുത്ത് വരും പിന്നെ രണ്ടുപേർ ഇരുപത്തിയഞ്ചു വയസ്സിനുള്ളിലുള്ളവരും. സാരിയും , ചുരിദാറും പിന്നെ ടി-ഷർട്ടും സ്കേർട്ടും ധരിച്ചു നിൽക്കുന്ന മൂന്ന് പേർ.

ഇവരിൽ ആരെ വേണം എന്ന ചോദ്യവുമായി മധ്യവയസ്ക്ക വാതിലിൽ നിൽക്കുന്നു....

ഫെഡറിക്ക് ചോദ്യഭാവത്തിൽ എന്നെയും നോക്കി....

ഞാൻ മൂന്നുപേരെയും മാറി മാറി നോക്കി. ഹൃദയമിടിപ്പിൻ വേഗത കൂടി കൂടി വന്നു......
അതിൽ ടി-ഷർട്ടും സ്കേർട്ടും ധരിച്ചിരുന്നവളുടെ മുഖം എന്നെ ഏറെ ആകർഷിച്ചു. നിസാഹായതയുടെ ചുവരുകൾക്കുള്ളിൽ ബന്ധനസ്ഥയായ ഒരു പാഴ്ജന്മം, അവളുടെ പേടമാൻ കണ്ണുകളിലേക്ക് നോക്കിയപ്പോൾ എവിടെയോ ഒരടുപ്പം ഞങ്ങൾ തമ്മിലുള്ളതുപോലെ, നൊമ്പരത്തിൻ മുഖംമൂടി മറച്ചു വെച്ചവൾ ചിരിച്ചു നിൽക്കുന്നതായി തോന്നി. 

ഫെഡറിക്കിനോട് പറഞ്ഞു ടി-ഷർട്ട് ഇട്ട കുട്ടി കൊള്ളാം.....

ഫെഡറിക്ക് അവളോട് ചോദിച്ചു 

"എന്താ നിന്‍റെ പേര് ...?"

"ഷേർളി"

ഷേർളി .......നല്ല പേര് എന്ന് ഞാനും പറഞ്ഞു......

"ഷേർളി നീ വേഗം ഒരുങ്ങു "എന്ന് പറഞ്ഞു ആ മധ്യവയസ്ക്ക മുറിയടച്ചു. ഞങ്ങളെയും കൂട്ടി വരാന്തയിലേക്ക് വന്നിരുന്നു. 
എന്നിട്ടവർ പറഞ്ഞു..... 

"ഫെഡറിക്കിന് അറിയാല്ലോ ഈ ഫീൽഡിൽ മലയാളി പെൺകുട്ടികളെ കിട്ടാൻ കുറച്ചല്ല ബുദ്ധിമുട്ടെന്ന് ഒരു ഭാഗ്യത്തിന് കിട്ടിയതാ ഈ മൂന്നുപേരെയും. റേറ്റ് കുറച്ചു കൂടുതലാണ് അഞ്ചായിരം തരണം അതിലൊട്ടും കുറയാൻ പാടില്ല....."

ഷേർളി ഉടുത്തൊരുങ്ങി വന്നു.
ഒരുങ്ങിയതുപോലെ വന്നു എന്ന് പറയുന്നതാകും സത്യം. ഉറക്കത്തിൽ നിന്നും എഴുന്നേറ്റു വന്നതുപോലെ അലസമായി പാറി നടക്കുന്ന മുടിയിഴകൾ കുളിക്കാതെ വന്നപോലെയുണ്ട് എന്നാലും നല്ല ചന്തമുണ്ട് ഷേർളിയെ കാണാൻ.....

നിങ്ങൾ ഷേർളിയെ വൈകിട്ട് ഏഴു മണിക്ക് മുൻപായി ടി-നഗർ ബസ് സ്റ്റോപ്പിൽ എത്തിക്കണം. വൈകിയാൽ പേയ്‌മെന്റ് ഡബിൾ ആകും എന്ന് ആ മധ്യവയസ്ക്ക ഓർമിപ്പിച്ചു....

കഷ്ട്ടം പകൽ സമയം ജോലി ചെയ്താലും അവളെ രാത്രയിലും ഉറക്കുകയില്ല എന്ന് തോന്നുന്നു ഈ ആർത്തി തള്ള എന്ന് മനസ്സിൽ പറഞ്ഞു ഞാനും ഫെഡറിക്കും ഷേർളിയേയും കൂട്ടി നടന്നു. 

ഫെഡറിക്ക് പറഞ്ഞു എന്നാൽ പിന്നെ കഥാകാരൻ പോയി സ്പാർക്ക് കിട്ടുമോന്ന് നോക്ക്..
കുത്തികുറിക്കുകയോ കൊത്തിപ്പറിക്കുകയോ ചെയ്യ്, കുറെ നാളായിട്ടു വായിൽ വെള്ളവുമൂറി എന്‍റെ പുറകിൽ നടക്കുകയല്ലേ ഒരു സ്പാർക്കിനു വേണ്ടി. ഞാൻ ട്രിപ്ലിക്കൻ വരെ പോയി നമ്മുടെ സ്ഥിരം സാധനം മേടിച്ചു. കൂട്ടുകാരുടെ റൂമിൽ ചെറിയൊരു പാർട്ടിയുണ്ട്. ഏഴു മണിക്ക് ഞാൻ ഇവിടെ ബസ് സ്റ്റോപ്പിൽ ഉണ്ടാകും പോയിട്ട് വാ എന്നും പറഞ്ഞു മുറിയുടെ താക്കോലും തന്നു എന്നെ പറഞ്ഞു വിട്ടു.

ഞാൻ ഷേർളിയുമായി പോകുന്ന വഴി അവൾക്ക് നല്ലൊരു ചുരിദാർ വാങ്ങി കൊടുക്കണമെന്ന് വിചാരിച്ചു നേരെ ശരവണയിൽ കയറി അവൾക്കിഷ്ടമുള്ള ഒരു ചുരിദാർ എടുക്കാൻ പറഞ്ഞു. 

നിറഞ്ഞ കണ്ണുകളോടെ അവൾ പറഞ്ഞു എനിക്ക് വേണ്ടാ....

ഞാൻ വീണ്ടും നിർബന്ധിച്ചു ഒരെണ്ണം എടുക്കൂ എന്‍റെ ഒരു സന്തോഷമല്ലേ പ്ലീസ് ഒരെണ്ണം സെലക്ട് ചെയ്യൂ...

മനസില്ലാ മനസ്സോടെ എന്‍റെ നിർബന്ധത്തിന് വഴങ്ങി അവൾ ഒരു ചുരിദാർ വാങ്ങി. പിന്നെ കുറച്ചു കോസ്മെറ്റിക്സ് ഐറ്റംസ് കൂടി വാങ്ങി ഞങ്ങൾ പുറത്തിറങ്ങി. ബസ് പിടിച്ചു നേരെ അത്തിപ്പേട്ട് ചിന്നകോളനിയിലെത്തി മുറി തുറന്നു അകത്തു കയറി. നല്ല ചുട്ടുപൊള്ളുന്ന വെയിലേറ്റ് തളർന്നിരുന്നു ഞാനും ഷേർളിയും. ഞാൻ അവളോട് പറഞ്ഞു പോയി കുളിച്ചിട്ടു പുതിയ ചുരിദാർ  ഉടുത്തു വരു.  

തലയാട്ടി സമ്മതിച്ചു അവൾ കുളിക്കാൻ പോയി....

കുളിച്ചിറങ്ങി വന്നപ്പോൾ മുൻപ് കണ്ടതിനേക്കാൾ പതിന്മടങ്ങു സുന്ദരിയായി അവളെ കാണപ്പെട്ടു. പക്ഷെ ദുഃഖ ഭാവം അവളുടെ മുഖത്ത് അപ്പോഴും വേട്ടയാടുന്നുണ്ടായിരുന്നു. ഞാൻ കടുപ്പത്തിൽ ഒരു ചായ ഇട്ടു അവൾക്കും കൊടുത്തു ഒരു ഗ്ലാസ്.  എന്നിട്ടു ഞാൻ ചോദിച്ചു എങ്ങനെയുണ്ട് ഷേർളി എന്‍റെ ചായ കൊള്ളാമോ ?

അവൾ ഉം എന്ന് മൂളി......

ഞാൻ അവളോട് ആവശ്യപ്പെട്ടു, പോയി കണ്ണെഴുതി വരാൻ....
കണ്ണെഴുതി വന്നപ്പോൾ അവളുടെ മുഖകാന്തി വീണ്ടും പ്രസരിച്ചു.....

"ഷേർളി, നാട്ടിൽ എവിടെയാണ് വീട് ?"

ഒട്ടും താല്പര്യമില്ലാതെ അവൾ പറഞ്ഞു കാസർകോഡ്. 

"ഞാൻ ഒരിക്കൽ വന്നിട്ടുണ്ട് കാസർകോഡിൽ കൂർഗിൽ പോയ സമയത്ത് ."
"ഷേർളി ,വല്ലതും കഴിച്ചതായിരുന്നോ ?"

"ഇല്ല കഴിച്ചില്ല , 
എനിക്ക് വിശപ്പില്ല സാരമില്ല അല്ലെങ്കിലും രാവിലെ ഒന്നും കഴിക്കാറില്ല അതൊരു ശീലമായി.... നിങ്ങളെ പോലുള്ളവർക്കല്ലേ വിശപ്പ് അത് തീർക്കാനല്ലേ എന്നെ കൊണ്ടുവന്നതും"
അതവൾ പറഞ്ഞപ്പോൾ അറിയാതെയെങ്കിലും ഉള്ളൊന്നു പിടഞ്ഞു....

ഞാൻ അവൾക്ക് ടിവി വെച്ച് കൊടുത്തിട്ട് കണ്ടിരിക്കാൻ പറഞ്ഞിട്ട് ഇപ്പോൾ വരാമെന്നു പറഞ്ഞു പുറത്തിറങ്ങി. അടുത്തുള്ള ഹോട്ടലിൽ നിന്നും നല്ല ചൂട് ദോശയും ചട്നിയും സാമ്പാറും പിന്നെ വടയും വാങ്ങി തിരിച്ചു വന്നിട്ടവളോട് കഴിക്കാൻ പറഞ്ഞു. ഞാനും അവളോടൊപ്പം ഇരുന്നു കഴിച്ചു. ഷേർളിയുടെ പാത്രത്തിലെ സാമ്പാറും ചട്നിയും തീർന്നെന്ന് കണ്ടപ്പോൾ  ഞാൻ വീണ്ടും അവൾക്ക് കറി ഒഴിച്ചു കൊടുത്തു......
എന്തിനിങ്ങനെയൊക്കെ ചെയ്യുന്നുവെന്ന മട്ടിൽ അവളെന്‍റെ കണ്ണുകളിലേക്ക് നോക്കി. ഒടുവിൽ കഴിച്ചു കഴിഞ്ഞപ്പോൾ ഞാൻ അവളുടെയും എന്‍റെയും പാത്രം കഴുകിവെച്ചു. എന്നിട്ടവളോട് ചോദിച്ചു ഉച്ചയ്ക്കത്തേയ്ക്കു വല്ലതും കഴിക്കേണ്ടെ ഷേർളിയ്ക്കു ചോറും കറിയുമൊക്കെ പാചകം ചെയ്യാനറിയാമോ ?

ഇല്ലെന്ന് അവൾ തലയാട്ടി.....

ഷേർളിയുടെ അമ്മ അതൊന്നും പഠിപ്പിച്ചില്ലേ ?

കാർമേഘം വന്നു മൂടിയതുപോലെ മുഖം താഴ്ത്തി അവളെന്‍റെ അരികിൽ തന്നെ നിന്നൂ.....

അരി കഴുകി കൊണ്ടിരിക്കുന്നതിനിടയിൽ ഞാൻ വീണ്ടും ചോദിച്ചു...
എന്താ ഷേർളി ഒന്നും മിണ്ടാതെ നിൽക്കുന്നത് ? പാചകമൊന്നും ഷേർളിയുടെ 'അമ്മ പഠിപ്പിച്ചു തന്നില്ലേ ??

നിങ്ങളെന്നെ കൂട്ടികൊണ്ടു വന്ന കാര്യം സാധിച്ചാൽ പോരെ, എന്തിനാണ് അതുമിതും ചോദിച്ചു എന്നെ ചോദ്യം ചെയ്യുന്നതെന്ന് അവൾ കുറച്ചു അലോഹ്യത്തോടെ എന്നോട് പറഞ്ഞു.

ഞാൻ അവളുടെ മുഖത്തേക്ക് നോക്കി, 
പൊയ്മുഖം കൊണ്ട് മറച്ചു വെയ്ക്കുകയാണവൾ അതിനു പിന്നിൽ പൊട്ടിത്തെറിക്കാൻ വെമ്പി നിൽക്കുന്ന നൊമ്പരങ്ങളുടെ അഗ്നിപർവ്വതം പുകയുന്നുണ്ടെന്ന് എനിക്ക് തോന്നി. 

"ഷേർളി പോയി അവിടെയിരുന്നു ടി.വി കണ്ടോളു ഞാൻ ദേ ഇപ്പോൾ വരാം. "

കുറച്ചു നേരം എന്നോടൊപ്പം തന്നെ അവിടെ നിന്നതിനു ശേഷം അവൾ ടി.വി കാണാൻ പോയി. ഇടയ്ക്കിടയ്ക്ക് വന്നെത്തി നോക്കുകയും ചെയ്യും.

അങ്ങനെ വീണ്ടും വന്നപ്പോൾ 
എന്നോട് ക്ഷമ ചോദിച്ചു നേരത്തെ അങ്ങനെ പറഞ്ഞതിന്....

ഞാൻ അത് സാരമില്ല എന്നു ഷേർളിയെ സമാധാനിപ്പിച്ചു....

അതല്ല എന്‍റെ അമ്മയുടെ കൊള്ളര്തായ്മയിൽ നിന്നും ഓടിയൊളിച്ചു ആണ് ഞാനിങ്ങനെ ആയിത്തീർന്നത് 

ഞാൻ ആശ്ചര്യത്തോടെ ചോദിച്ചു അതെങ്ങനെ... ??

ഞാൻ ജനിച്ചപ്പോൾ തന്നെ അമ്മ മരിച്ചു. എനിക്ക് പുതിയൊരു അമ്മയെ നൽകാൻ അച്ഛൻ വീണ്ടും വിവാഹം കഴിച്ചു. കുറച്ചു നാൾ കഴിഞ്ഞപ്പോൾ അച്ഛനും  മരിച്ചു കൊന്നതാണോ സ്വാഭാവിക മരണമാണോ എന്നൊന്നും അറിയില്ലായിരുന്നു. പിന്നീട് അവരുടെ കാമുകൻ ഞങ്ങളുടെ വീട്ടിലെ നിത്യസന്ദർശകനായി അയാളുടെ നോട്ടം എന്നിലേക്കുമെത്തി. അങ്ങനെ ഞാൻ അവിടെന്നു രക്ഷപ്പെടാൻ എന്നെ സ്നേഹിച്ചിരുന്ന രാഹുലിനോട് ഈ കാര്യങ്ങൾ എല്ലാം തുറന്നു പറഞ്ഞു, കുറച്ചു ദിവസങ്ങൾ കഴിഞ്ഞു അവനുമായി ഒളിച്ചോടാൻ തീരുമാനിച്ചു. പക്ഷെ രണ്ടാനമ്മയുടെ ചതിയിൽ എനിക്കെന്‍റെ ശരീരം അവരുടെ കാമുകന് അടിയറവു വെക്കേണ്ടി വന്നു. ഭക്ഷണത്തിൽ മയക്ക് പൊടി നൽകി എന്നെ കാമുകന് കാഴ്ച്ച വെക്കുകയായിരുന്നു അവർ ചെയ്തത്. പിന്നെ നിർബന്ധിപ്പിച്ചു എന്നെ കല്യാണം കഴിപ്പിക്കാൻ ശ്രമിച്ചു. ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയപ്പോൾ അവർ എന്നെ ആൻഡ്രയിലുള്ള  അവരുടെ ബന്ധു വീട്ടിലേക്ക് മാറ്റി എന്നെ തളച്ചിടുകയായിരുന്നു. 
അവിടെന്നു എന്നെ ഈ നിലയിലാക്കിയതും അവരാണ്.... 

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ എനിക്കൊന്നും പിന്നെ ചോദിക്കാൻ തോന്നിയില്ല....
അവൾ തനിയെ അപ്പുറത്തെ മുറിയിൽ പോയിരുന്നു......

ഞാൻ ഊണ് പാകമാക്കിയതിനു ശേഷം, രണ്ട് പാത്രത്തിൽ ചോറും കറിയുമായി അവൾക്കരികിൽ എത്തി കഴിക്കാൻ ആവശ്യപ്പെട്ടു. അങ്ങനെ കഴിച്ചുകൊണ്ടിരിക്കുമ്പോൾ അവളെന്നോട് ചോദിച്ചു.....

അഞ്ചായിരം രൂപ മുടക്കി എന്നെ കൊണ്ടുവന്നത്,  എനിക്ക് ചായയും ചോറുമൊക്കെ വെച്ച് വിളമ്പി തന്നു എന്നെ സൽക്കരിക്കാൻ ആയിരുന്നോ ???

ആഹ് എനിക്കറിയില്ല, എന്നും പറഞ്ഞു ഞാനവളുടെ ചോദ്യത്തിന് 
ഉത്തരമായി നല്ലൊരു ചിരി സമ്മാനിച്ചു......

വീണ്ടും അവൾ എന്നോട് ചോദിച്ചു ? 
എന്താ വാടകയ്‌ക്കെടുത്ത എന്നോട് നിനക്ക് പ്രണയമാണോ ?......
എന്നിട്ടവൾ പൊട്ടിച്ചിരിച്ചു......

ഞാൻ ഒന്ന് പരുങ്ങിയെങ്കിലും.. നീ ചിരിച്ചു കണ്ടല്ലോ ഷേർളി എനിക്കത് മതി....
സന്തോഷമായി......

അങ്ങനെ ഊണ് കഴിച്ചതിന് ശേഷം ഞാനും ഷേർളിയും കൂടി മുറിയിൽ നിന്നുമിറങ്ങി. പുറത്തേക്ക് നടന്നു.
അവൾ ആശ്ചര്യത്തോടെ എന്‍റെ കണ്ണുകളിലേക്ക് തന്നെ നോക്കി എന്തൊക്കെയോ മൊഴിയുന്നത് പോലെ എനിക്ക് തോന്നി.....റോഡ് മുറിച്ചു കടക്കുമ്പോൾ ഞാൻ അവളുടെ കൈകളിൽ പിടിച്ചു നടന്നു അതവളുടെ കണ്ണുകൾ പറഞ്ഞു തന്നു എനിക്ക് അവൾക്കതിഷ്ടമായെന്നു. ബസിൽ കയറി തിക്കിലും തിരക്കിലും സീറ്റ് കിട്ടാതെ നിൽക്കുമ്പോൾ ഞാൻ അവളെ ആരും മുട്ടാതിരിക്കാൻ ഒരു രക്ഷാകവചം പോലെ നിന്നു. ടി നഗറിൽ എത്തി ഏഴ് മണിയാകാൻ ഇനിയും ഒരുപാട് സമയമുണ്ട്. 

ഷേർളി തീയറ്ററിൽ പോയി  സിനിമ കണ്ടിട്ടുണ്ടോ ? എന്ന് ഞാൻ ചോദിച്ചു ??

ഇല്ല എന്നവൾ പറഞ്ഞു......

ഉടൻ തന്നെ ഒരു ആട്ടോ പിടിച്ചു അടുത്തുള്ള മൾട്ടിപ്ലസ് തീയറ്ററിൽ പോയിറങ്ങി....

അവൾ ചോദിച്ചു നിങ്ങൾക്ക് വട്ടാണോ ?
എന്നെ നിങ്ങൾക്ക് ആവശ്യമില്ലേ ?
എന്നെ സന്തോഷിപ്പിക്കാൻ ആണോ നിങ്ങൾ അഞ്ചായിരം മുടക്കി അത് കൂടാതെ എനിക്ക് ഡ്രസും , ഭക്ഷണമൊക്കെ വാങ്ങി തന്നത്....

സത്യത്തിൽ നിങ്ങൾക്ക് എന്നോട് പ്രേമമാണോ ?
അതോ മറ്റെന്തെങ്കിലുമാണോ നിങ്ങളുടെ മനസിൽ ?
എന്തായാലും തുറന്നു പറയണം ?
എന്നാൽ മാത്രമേ ഇനി ഞാൻ എങ്ങടും വരുകയുള്ളൂ......

ഷേർളി നീ എന്‍റെ ആരാണെന്ന് എനിക്കറിയില്ല. ആദ്യമായി നിന്നെ കണ്ടപ്പോൾ നിന്‍റെ കണ്ണുകൾ എന്നോട് പറഞ്ഞു നമ്മൾ തമ്മിൽ എന്തോ ഒരടുപ്പം ഉണ്ടെന്ന്......
ആ അടുപ്പം എനിക്ക് നഷ്ടപ്പെട്ട എന്‍റെ പ്രണയം തന്നെയായിരുന്നു....
അവളുടെ കണ്ണുകൾ പോലെയാണ് നിന്‍റെയും കണ്ണുകൾ...
ഒരിക്കൽ പോലും ഒരു പെണ്ണിനെ പ്രാപിക്കാൻ വേണ്ടി പണം മുടക്കി വന്നവനല്ല ഞാൻ......
മാംസം വിറ്റു ജീവിക്കുന്നവരുടെ അവസ്ഥയും അനുഭവും ചോദിച്ചറിയണമെന്ന് മാത്രമേ ഞാൻ കരുതിയിട്ടുള്ളൂ.....
ഷേർളി നീ എനിക്ക് സമ്മാനിച്ചത് ഞാൻ കുഴിച്ചു മൂടിയ ഒരു പിടി നല്ല സ്വപ്നങ്ങളെയാണ്.....

എങ്കിൽ പോയി ടിക്കറ്റ് എടുക്ക് എന്നവൾ പറഞ്ഞു.
അങ്ങനെ ഞങ്ങൾ ഇരുവരും സിനിമ കൊണ്ടിരിക്കുമ്പോൾ തണുത്തിട്ടാണെന്നു തോന്നുന്നു അവൾ എന്നോട് മുട്ടിയിരുന്നു. ഞാൻ അവളെ നോക്കിയപ്പോൾ അവളുടെ കണ്ണുകൾ കേഴുന്നുണ്ടായിരുന്നു എന്നെ മുട്ടിയിരിക്കുവാൻ. സിനിമ കണ്ടുകഴിഞ്ഞു തിരക്കിലൂടെ നടന്നു പോകുമ്പോൾ അവൾ എന്നെ മുട്ടിയൊരുമി നടന്നു. എന്‍റെ കൈയിൽ അവളുടെ കൈ കോർത്തു പിടിച്ചു നടന്നു. ഒരുപക്ഷെ അവളത് ആഗ്രഹിക്കുന്നുണ്ടാകും.....

ത്യാഗരാജ നഗറിലെ ബസ് സ്റ്റോപ്പിൽ എത്തി. എന്‍റെ അരികിൽ നിന്ന് അവൾ ഇടയ്ക്കിടയ്ക്ക് എന്‍റെ കണ്ണുകളിലേക്ക് നോക്കി നിന്നു. 
അവളെ വിളിക്കാൻ ഏഴ് മണിയായപ്പോൾ ഒരു ആട്ടോ വന്നു...
അവൾ ആട്ടോകാരനടുത്ത് പോയി എന്തൊക്കെയോ സംസാരിച്ചതിന് ശേഷം അയാളെ പറഞ്ഞു വിട്ടിട്ട് വീണ്ടും എന്‍റെ അടുക്കൽ വന്നു നിന്നു.....

എന്തെ...!
പോകുന്നില്ലേ ? ഞാനവളോട് ചോദിച്ചു......

കുറച്ചു നേരം കഴിയട്ടെ... 
നിങ്ങളുടെ കൂട്ടുകാരൻ വന്നിട്ട്, നിങ്ങളെ യാത്രയാക്കിയതിനു ശേഷം ഞാൻ പോകാം.....

ഞാനവളുടെ ആരൊക്കെയോ ആയി തീരുകയായിരുന്നുവെന്ന് എനിക്ക് മനസിലായി..
അവളെന്‍റെ നഷ്ടപ്പെട്ടു പോയ പ്രണയം എനിക്ക് തിരികെ നൽകാൻ വന്നവളാണോ ? എനിക്കും തോന്നി....

സമയം വൈകിത്തുടങ്ങി..... 
കുറച്ചു കഴിഞ്ഞപ്പോൾ ഫെഡറിക്ക് വന്നു. ആഹാ ഇവളെ വിളിക്കാൻ ഇതുവരെ ആരും വന്നില്ലേ. ??

വന്നു... 
അവൾ കുറച്ചു കഴിഞ്ഞു പോകാമെന്നു പറഞ്ഞു നിൽക്കുകയാണ്....

ആഹാ കഥാകാരൻ ആള് കൊള്ളാല്ലോ കുത്തിക്കുറിച്ചു കുത്തികുറിച്ചു കാര്യങ്ങൾ അവിടം വരേയായോ ?

എടി പെണ്ണേ നീ പോകാൻ നോക്ക്......
എന്ന് പരുഷമായ ശബ്ദത്തിൽ ഫെഡറിക്ക് അവളോട് ആവശ്യപ്പെട്ടു...

എന്‍റെ കണ്ണുകളിലേക്ക് നോക്കി യാത്ര ചോദിച്ചു കൊണ്ടവൾ...
ഒരു ആട്ടോയ്ക്ക് കൈ കാണിച്ചു....
എന്നോട് എന്തോ പറയാൻ അവൾ വെമ്പുന്നുണ്ടായിരുന്നു എന്ന് ആ കണ്ണുകളിൽ നിന്നും വായിച്ചെടുത്തു...
ഒന്നും പറയാനാകാതെ ഷേർളി യാത്രയായി.......

മുറിയിൽ വന്നു 
ഫെഡറിക്കു വാങ്ങി വന്ന കുപ്പിയിൽ നിന്നും കുറച്ചെടുത്ത് വെള്ളം ചേർക്കാതെ കുടിച്ചു. ഒന്നും മിണ്ടാതെ മുറിയിൽ പോയി സിഗരറ്റും വലിച്ചു തിരിഞ്ഞും മറിഞ്ഞും കിടന്നു.മനസ്സിനൊരു വല്ലായ്‌മപോലെ....

എന്ത് പറ്റി കഥാകാരൻ ആള് ക്ഷീണിച്ചു പോയോ ? എന്താ ഒന്നും മിണ്ടാതെ അങ്ങട് കിടന്നത്....

അറിയില്ല ഫെഡറിക്കെ ഷേർളി പോയപ്പോൾ ഉള്ളിൽ എവിടെയോ ഒരു തേങ്ങൽ....

മണ്ണാംക്കട്ട...
കഥാകാരന് വട്ടായെന്നു തോന്നുന്നു...സാഹിത്യം തലയ്ക്ക് പിടിച്ചിട്ടാണ്....
രണ്ടെണ്ണം കൂടി അടിച്ചിട്ട് കിടന്നോ അപ്പോൾ എല്ലാ വിഷമവും മാറും...
വാടാ......

വീണ്ടും എഴുന്നേറ്റ് ഫെഡറിക്കിന് കമ്പനി കൊടുത്തിരുന്നപ്പോൾ എല്ലാം ഞാൻ ഷേർളിയുടെ കാര്യമാണ് സംസാരിച്ചു കൊണ്ടിരുന്നത്. നടന്നതെല്ലാം ഞാൻ ഫെഡറിക്കിനോട് വിവരിച്ചപ്പോൾ കഷ്ടം ഞാനും കൂടെ വന്നാൽ മതിയായിരുന്നു വെറുതെ അയ്യായിരം കളഞ്ഞപ്പോൾ കഥാകാരന് സന്തോഷമായല്ലോ അല്ലേ.....

ദിവസങ്ങൾ കഴിഞ്ഞു മനസ്സിനൊരു സമാധാനവുമില്ല. ഷേർളി ഒരു ചോദ്യ ചിഹ്നമായി എപ്പഴും ചിന്തകളിൽ കയറി വരുന്നു. 
ഒരാത്മ ബന്ധം പോലെ തോന്നുന്നു.......
എങ്ങനെയെങ്കിലും അവളെ അവിടെന്നു രക്ഷപ്പെടുത്തണം ബാക്കിയൊക്കെ വഴിയേ ഫേസ് ചെയ്യാം...
കൈയിൽ അഞ്ചായിരവുമായി ഞാൻ വീണ്ടും ഷേർളിയെ അന്വേഷിച്ചു ചെന്നു. 
ആ കിളവിക്ക് എന്നെ കണ്ടതും ആളെ  മനസിലായി...

അഞ്ചായിരം രൂപ അവർക്ക് നേരെ നീട്ടി.
എനിക്ക് ഷേർളിയെ വേണമെന്ന് ഞാൻ അവരോട് ആവശ്യപ്പെട്ടു..

അയ്യോ അവൾ ഇന്നലെ ഇവിടെന്നു പോയല്ലോ സാറേ...

എങ്ങോട്ടാണ് അവൾ പോയത് ?

അതിപ്പോൾ പറയാൻ പറ്റില്ല സാറേ ...ഇതൊക്കെ ഒരു കോൺട്രാക്ട് അല്ലെ സാറേ ഇവിടെ ഒന്നോ രണ്ടോ ആഴ്ച്ച കൊണ്ട് വിടും പിന്നെ മറ്റെവിടെക്കെങ്കിലും കൊണ്ട് പോകും... എന്നവർ എന്നോട് പറഞ്ഞു...

ഉള്ളൊന്നു പൊള്ളിയതുപോലെ,
ഞാൻ വീണ്ടും ആ സ്ത്രീയോട് ചോദിച്ചു ഷേർളിയെ കണ്ടെത്താൻ വല്ല മാർഗ്ഗവുമുണ്ടോ ?

ഒരു രക്ഷയുമില്ല സാറേ ബോംബെയിലോ , ഗോവയിലോ വല്ലതും ആകുമിപ്പോൾ അതുമല്ലെങ്കിൽ മറ്റെവിടെയെങ്കിലും... ഹിന്ദിക്കാരികൾ ഉണ്ട് മതിയോ ?

വേണ്ടാ എന്നും പറഞ്ഞു ഞാനവിടെന്നു ഇറങ്ങി നടക്കുമ്പോൾ....
എന്‍റെയുള്ളിൽ നഷ്ടബോധങ്ങളുടെ തിരമാലകൾ ആഞ്ഞടിക്കുകയായിരുന്നു....
ഷേർളി പോകാൻ നേരം ആഗ്രഹിച്ചത് ഒരുപക്ഷെ എന്‍റെ ഫോൺ നമ്പർ ആയിരിക്കുമോ ?
ഞാനാണെങ്കിൽ അവൾ പോകാൻ നേരം എന്‍റെ നമ്പർ കൊടുക്കാനും മറന്നു...
നിരാശ നിറഞ്ഞ മനസുമായി യാന്ത്രികമായ ഹൃദയത്തോടെ ഞാൻ മുറിയിലേക്ക് തിരിച്ചു....

മാംസദാഹികളെ ശമിപ്പിച്ചു ശരീരം വിറ്റു ജീവിക്കാൻ ഇറങ്ങി തിരിച്ചവൾ.... 
വിലയുള്ള പെണ്ണാണവൾ...
ഒരു ദിവസത്തേക്ക് മാത്രം ഞാൻ കടമെടുത്ത പ്രണയം......
എന്തിനാണ് ഞാൻ ഷേർളിയെ ഓർത്ത് ഇത്രയധിയകം ദുഃഖിക്കുന്നത്. ഒരുപക്ഷെ എനിക്ക് നഷ്ടപ്പെട്ട പ്രണയം ഞാൻ അവളിൽ കണ്ടെത്തിയ സന്തോഷം കൊണ്ടാണോ ?
അതോ വീണ്ടും നഷ്ടപ്പെടുത്തിയത് കൊണ്ടോ ?
ഉത്തരമില്ലാത്ത ചോദ്യവുമായി ഷേർളി ഇന്നും എന്നെ വേട്ടയാടികൊണ്ടിരിക്കുന്നു.....

No comments: