Monday, June 15, 2015

തിരിച്ചുവരും ഞാൻ.....!!

കണ്ണിൽ ഇരുട്ട് കേറും മുൻപേ ,
സ്വയം കണ്ണടച്ചു ഇരുട്ടാക്കിയവന് ;
രാത്രിയുടെ മടിത്തട്ടിൽ ചുമ്പിച്ചമർന്നു -
ഒളിയുന്ന വെയിൽ നാളങ്ങളോട് പുച്ഛമായിരുന്നു.....!!

നിറംമങ്ങിയ സ്വപ്നങ്ങളിൽ ,
നഷ്ടബോധം മാത്രം ബാക്കിയാക്കി ;
എന്‍റെ മരവിച്ച ശരീരം അടക്കം ചെയ്യ്തത് ഇന്നലെയായിരുന്നു......!!

ആറടിമണ്ണ് തരേണ്ടതിനു പകരം ,
നിങ്ങൾ നൽകിയതോ നാലടി മണ്ണും ;
ഇടുങ്ങിയ കുഴിമാടത്തിലും നിങ്ങളെന്നെ -
ശ്വാസം മുട്ടിക്കുമ്പോൾ എനിക്കെവിടെയാണ് സ്വസ്ഥത.....!!

ഞാനിനി ഒരിക്കലും തിരിച്ചു വരില്ലെന്നുറപ്പാക്കി ,
മണ്ണിന്‍റെ നനവ്‌ മാറാത്ത എന്‍റെ -
കുഴിമാടത്തിൽ നിന്നും നേരംപോക്കുകൾ പറഞ്ഞും ;
സീരിയൽ കഥകളും , സെൽഫികളും എടുത്തു നടന്നകലുന്നു നിങ്ങൾ....!!

ഞാനെന്‍റെ തീരുമാനം മാറ്റുന്നു ,
മരവിച്ചു പുഴുവരിച്ച് ശവകൂട്ടത്തിനിടയിൽ ;
മണ്ണിന്റെ ചൂട് പറ്റികിടന്ന മൗനം വാചാലമാകാൻ  -
ശവഗന്ധവും പേറി തിരിച്ചുവരും ഞാൻ.....!!

ഇനിയുമൊരു ജന്മമുണ്ടെങ്കിൽ ,
ഒരു നുറുങ്ങു വെളിച്ചവും തേടി ഞാൻ വരും ;
ബാക്കി വെച്ച കടങ്ങൾ തീർക്കാൻ....!!

No comments: