Sunday, May 10, 2015

എന്‍റെ എഴുത്തുപ്പുര ഗ്രൂപ്പിലെ വിഷുദിന പ്രത്യേക മത്സരത്തിലെ രചനകൾ വായിക്കാം....!!

....കണി......

കണികാണുവാൻ കൊതിച്ചൊരു നേരം...
കൈപിടിച്ചമ്മ കൊണ്ടുപോയി 
ദുഃഖക്കടലിൽ വീണു നീന്തുമൊരു ജീവിതയാത്രയിലൊരിക്കൽ....
ഇടയ്ക്കൊരു സന്തോഷത്തിനായി...
കണ്ണുപൊത്തി നടന്ന നേരം മുടിനീട്ടി കോമരം തുള്ളുന്നു ദുഃഖഭാരം..
കുഞ്ഞിളം നാവിൽ ആദ്യമായി വന്നൊരക്ഷരമച്ഛൻ...
അമ്മേ കണികാണിക്കുമോ നീയെനിക്ക്
കാണാത്തൊരച്ഛനെ ...
കണിയായി മതിയെനിക്ക് കാരുണ്യം തുളുമ്പും കണ്ണാലൊരിക്കലെങ്കിലും കൈകൂപ്പിയൊന്ന് കണ്ടിടട്ടേ അമ്മേ....
കഴിയുമോ നിനക്കൊരിക്കലെങ്കിലും കണ്ണു നിറയാതെ ചൊല്ലിടുമോ എനിക്കൊരുത്തരം...?
കരയില്ലമ്മേ ഞാനൊരിക്കലും കാണാത്ത കണിയായി കണ്ടിരുന്നോളാം...

കരയല്ലേ.....എന്നമ്മേ കരയല്ലേ...
എന്നും നിനക്കു പൊൻകണിയായി ഞാനില്ലേ....

By,

Vinu K Mohan.
===============================================

ഈശ്വരൻ നൽകിയ  കണി
======================== 

വിഷുവിന്റെ അന്ന് രാവിലെ 
 ബ്രേക്ക്‌ ഫാസ്റ്റ്‌ കഴിഞ്ഞ്‌ ഞാനും മക്കളും കൂടി ഉമ്മറത്തിരുന്ന് പത്രം വായിക്കെ..പ്രായമുള്ളൊരമ്മച്ചി 
 ഗേറ്റ്‌ കടന്നുവന്നു.അവരു ന ന്നേ ക്ഷീണിച്ചിരുന്നു..
ഞാൻ അവ രോടു കാര്യം ആരാഞ്ഞു..എനിക്കു അപ്പിടി വലിവാണു മോളേ.. മരുന്നിനൊന്നും കാശില്ല.നല്ല വിശപ്പുമുണ്ട്‌..എന്തെങ്കിലും കിട്ടിയിരുന്നെങ്കിൽ..!! അവർ വലിച്ചു കൊണ്ടു കഷ്ട പ്പെട്ടു പറഞ്ഞു.
ഒരു നിമിഷം ഞാൻ ഓർത്തു..
ഇന്നു ലോകത്തുള്ളവ രെല്ലാം ആർഭാട നിറവിൽ വിഷു ആഘോഷിക്കുന്നു.എല്ലാവരും സമൃദ്ധി കണികാണുവാനും ആഗ്രഹിക്കുന്നു..
ഇന്ന് ഒരു നേര ത്തെ അന്നത്തിനു വേണ്ടി എന്റെ മുന്നിൽ നിൽക്കുന്ന ഇവരാണു എന്റെ ഇന്നത്തെ കണി..ഈശ്വര നിശ്ചയം പോലെ..
ഞാൻ ആ അമ്മച്ചിയെ വിളിച്ചിരുത്തി ഭക്ഷണവും കൈനീട്ടമായി മരുന്നിനുള്ള പണവും നൽകി...അപ്പോൾ അവരുടെ മുഖത്തുകണ്ട സ ന്തോഷവും സംതൃപ്തിയും...ഞാൻ കണ്ട വില പ്പെട്ട വിഷുക്കണി..
നമുക്കു മുന്നിലേക്ക്‌ വരുന്ന ഇങ്ങനെയുള്ള ഈശ്വരന്മാരെ കാണാൻ കഴിഞ്ഞില്ലെങ്കിൽ....അരൂപിയായ സാക്ഷാൽ ഈശ്വര നെ നാം എങ്ങനെ കാണും..!!

By,
=========================================================

കൃഷ്ണാഹരേ .. കൃഷ്ണാഹരേ...കൃഷ്ണാഹരേ... കൃഷ്ണാഹരേ ..
മഞകണിപ്പൂക്കാളാൽ .....
കണിയൊരുക്കാം .
കൺമുന്നിൽ തെളിയുന്ന
കമനിയരുപമാണ്
ഇന്നെന്റെകണി....
കനിവോടെയനു(ഗഹിക്കണെ !
കണ്ണാകാർമുകിൽവർണ്ണാ.. 
ഇനി എന്റെ ഓർമ്മയിലെ വിഷുവിന് കുറിച്ചു. പറയാം. എന്റെ ചെറുതിലേ കണിയൊന്നു വെക്കുല്ലായിരുന്നു.കാരണംഎന്റെ ചേച്ചി വളരെ കുഞായിരിക്കുംപോൾ മരിച്ചുപോയി. എന്നാൽ ഞാൻ തനിയെകണിവെക്കാൻ ആയപ്പോൾ കണിവെയ്ക്കും. വീട്ടിൽ മൂന്നു കൃഷ്ണവി(ഗഹമുണ്ട്. എല്ലാം .ഞാൻ തന്നെ വാങിയതാണ്. എവിടെ കണ്ടാലും അപ്പോൾ തന്നെ വാങും. പടക്കതിന് വാശിപിടിക്കാറില്ല. സമയം ആകും പോൾ അച്ഛൻ വാങിച്ചുകൊണ്ടു വരും.കണിവെയ്ക്കാൻ എനിക്ക് വലിയ ഇഷ്ടം ആണ്. അതോരു രസംതന്നെയാണ്. ഒരു ഉത്സവത്തിന്റെ (പതിതിയാണ്. ആദ്യം ഭഗവാനെ കുളിപ്പിച്ച് ചന്ദനവുംകളഭവും ചാർത്തും.പിന്നെ മഞപട്ട് ഉടുപ്പിക്കും. ഭഗവാനെ പീഠത്തിൽ ഇരുത്തും.എന്നിട്ട് കണിക്കുള്ള സാധനങൾ ഒരുക്കിവെക്കാൻ തുടങും. ഒരു വലിയ ഉരുളി നിറയെ അരി,മാങാ,ആപ്പിൾ,മുന്തിരി,തക്കാളി,പയർ, വെള്ളരി,ചക്ക,പിന്നെ കോടിമുണ്ട്, വെറ്റിലയിൽ ദക്ഷിണ, ചന്ദനതിരി,കർപ്പൂരംനിലവിളക്ക് തുടങിയവ ഉണ്ടാവും കണിക്ക്. തലേദിവസം കത്തിക്കുന്ന നിലവിളക്ക് കേടാൻ പാടില്ല .അതിനാൽ ഞാൻ ഉണർന്നിരിക്കും. നേരം വെളുത്തുവരുംപോൾ വീട്ടിലേ എല്ലാവരെയും കണ്ണുപൊത്തികൊണ്ടുവന്ന് കണികാട്ടുന്നത് ഞാൻ ആണ്. ഇതിന്റെ ഇടയ്ക്ക് പടക്കം പൊട്ടിക്കും.കംപിതിരി,ലാത്തിരി , പൂത്തിരി,മത്താപ്പ്,കൊരോപ്പ്,ച(കം,തുടങി എല്ലാം ഉണ്ടാവും . പിന്നെ രാവിലെ കൃഷ്ണന്റെ വിഷുകൈനീട്ടം വാങാനും വഴിപാടുനടത്താനും ക്ഷേ(തത്തിലേക്കുംപോകും. അതുകഴിഞ്  അച്ഛൻ കൈനീട്ടം തരും. അതുവാങും. തിരിച്ച് വീട്ടിലെ എല്ലാവർക്കും കൈനീട്ടംകൊടും. പിന്നെ വിഷു കഞിവെക്കും. വൻ തേങാപാലിൽ വേവിച്ച് ശർക്കരപാനിയാക്കി അരിച്ചുചേർത്ത്.ഏലക്കയും നെയ്യിൽ കശുവണ്ടിയും ചേർത്ത് എടുക്കുന്ന കഞി എല്ലാവരും കുടിക്കും. അതുകഴിഞ് പിന്നെ സദ്യവട്ടം.വിഭവസമൃദ്ധമായ ഒരു കിടിലൻ സദ്യ. ഇന്നും ഓർക്കുംപോൾ ഹർഷോന്മാദം ആകുന്നു മനസ്സ്. അതിന്റെ നിർവൃതിയിൽ ഇന്നും ഞാൻ അറിയാതെ നുകരുന്നു. പക്ഷേ ! മുന്നുവർഷമായി ഞാൻ കണിയൊരുക്കാതെയും പടക്കുംപൊട്ടിക്കാതെയും കഴിയുന്നു . കാരണം .എന്റെ അച്ഛൻ മരിച്ചും പോയി. അച്ഛനേലും വലുതല്ല .എനിക്കു വിഷു. ആനോവ് ഇതുവരെ മനസിൽ നിന്നും മാഞിട്ടില്ല. എന്നാലും . വിഷുക്കണിയുടെ ആ സുന്ദരം നിമിഷങൾ ഇന്നും മനസിന്റെ ഓർമ്മ തൻ താഴ്വരയിൽ മങാതെ നിൽക്കുന്നു. ഓർമ്മകളെ നിങൾക്ക് ഓരായിരം നന്ദി ... 
    
  ..... ശുഭം ....
By,
=======================================================================

എന്‍റെ വിഷു അനുഭവം 
*********************************
ഒരു ക്രിസ്ത്യാനി എന്ന നിലയിൽ വിഷുവും വിഷുകൈനീട്ടവും വിഷുകണിയും ഒന്നും എന്‍റെ ജീവിതത്തിൽ 
പ്രാധാന്യം ഉള്ള കാര്യങ്ങൾ അല്ലായിരുന്നു.അടുത്തുള്ള വീടുകളിലും അങ്ങനെ കാര്യമായ ആഘോഷങ്ങൾ 
വിഷുവിന് ഉണ്ടാകാത്തതിനാൽ ഒരു വിഷു ആശംസയിൽ  ഒതുങ്ങി എന്‍റെ വിഷു അനുഭവം.
                                            പക്ഷേ ഒരിക്കൽ എന്‍റെ ജീവിതത്തിൽ ഞാൻ വിഷു അനുഭവിച്ചറിഞ്ഞു..കണി കണ്ടു..
കൈനീട്ടം കിട്ടി..സദ്യ ഉണ്ടു..പടക്കം പൊട്ടിച്ചു..എന്‍റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും
വിഷു ആഘോഷം.
                                പത്തു വർഷങ്ങൾക്ക് മുൻപ് ആയിരുന്നു അത്.കൃത്യമായി പറഞ്ഞാൽ 2005 ഏപ്രിൽ 14നു..
അടുത്ത വീട്ടിൽ പുതിയതായി താമസിക്കാൻ എത്തിയ ജയശ്രീ ആന്റിയും കുടുംബവുമായി വളരെ പെട്ടന്നു തന്നെ 
ഞങ്ങൾ അടുത്തു.വിഷു തലേന്ന്  കണി ഒരുക്കാനും സദ്യ ഉണ്ടാക്കാനും ഞങ്ങളും കൂടി.
                                      വിഷു നാളിൽ പുലർച്ചെ ആരോ തട്ടി വിളിക്കുന്നത് കേട്ട് കണ്ണു തിരുമ്മി ഞാൻ എഴുന്നേൽക്കാൻ തുടങ്ങിയപോൾ ആരോ എന്‍റെ കണ്ണു പൊത്തി.ആന്റിയുടെ മകൾ അമ്മുകുട്ടിയായിരുന്നു അത്.മീനുചേച്ചി കണ്ണു തുറക്കല്ലേ കണ്ണനെ കാണണ്ടേ എന്നു പറഞ്ഞവൾ എന്നെ അവരുടെ വീട്ടിലെ പൂജാമുറിയിലേക്ക് കൊണ്ട് പോയി..പതിയെ ഞാൻ കണ്ണു തുറന്നു നോക്കി.
                ഓട്ടുരുളിയിൽ കണിക്കൊന്നയും കണിവെള്ളരിയും ചക്കയും മാങ്ങയും മറ്റു ഫലങ്ങളും സ്വർണവും നാണയങ്ങളും കോടിമുണ്ടും കുഞ്ഞുചെപ്പിൽ സിന്ധൂരവും കണ്ണാടിയും ഭഗവത്ഗീതയും നിലവിളക്കും 
നടുക്ക് കൃഷ്ണ വിഗ്രഹവും.എത്ര നേരം അത് കണ്ട് നിന്നു എന്ന് ഓർമയില്ല.മീനു ചേച്ചി കണ്ണനെ ഇങ്ങനെ
കണ്ണു വെക്കല്ലേ എന്നു അമ്മുകുട്ടി പറഞ്ഞപ്പോളാണ് കണ്ണനിൽ നിന്ന് കണ്ണെടുത്തത്.പിന്നീട് ആന്റി എനിക്കും അനിയനും വിഷുകൈനീട്ടം തന്നു.ഉച്ചയ്ക്ക് സദ്യക്ക് ഞങ്ങളെ വീട്ടിലേക്ക് ക്ഷണിച്ചതു കൊണ്ട് അവരോടൊപ്പം ഉച്ചയൂണ്.വാഴയിലയിൽ വിഭവ സമൃദ്ധമായ സദ്യ.രാത്രി പടക്കം പൊട്ടിച്ചും കമ്പിത്തിരി കത്തിച്ചും ഞാൻ ആ വിഷു ആവോളം ആസ്വദിച്ചു,ആഘോഷിച്ചു..
                                                          ഇനി എല്ലാ വർഷവും വിഷു ആഘോഷിക്കാം എന്ന് ആന്റി അന്നു പറഞ്ഞു.പക്ഷെ അടുത്ത വിഷു ആഘോഷിക്കാൻ ആന്റി ഉണ്ടായിരുന്നില്ല.ഈ ലോകം വിട്ടു ആന്റി പോയപ്പോൾ ബാക്കിയായത് ഈ ഓർമകൾ ആണ്.പീന്നിട്‌ എത്രയെത്ര വിഷു പുലരികൾ കടന്നു പോയി.പക്ഷെ എന്നെ പുലർച്ചെ കണ്ണുപൊത്തി കണി കാണിക്കാൻ ആരും വന്നില്ല.സ്നേഹത്തോടെ കൈനീട്ടം തരാൻ ആ കൈകൾ ഉണ്ടായിരുന്നില്ല.വാത്സല്യത്തോടെ 
ഊണു വിളബാനും  പടക്കം പൊട്ടിക്കുമ്പോൾ കരുതലോടെ അടുത്ത് നിൽക്കാനും എന്‍റെ പ്രിയപ്പെട്ട ആന്റി ഇനി ഇല്ല .
                                       എല്ലാ വിഷുവിനും ഞാൻ പ്രാർത്ഥിക്കാറുണ്ട് ഒരിക്കൽ കൂടി ആ വിഷു കണി ഒന്നു കാണാൻ സാധിച്ചിരുന്നെങ്കിൽ എന്ന്.ഒന്നു കൂടി മനസ്സു നിറഞ്ഞ് ആ കാർവർണനെ ഒന്നു കാണാൻ കഴിയണേ എന്ന്. 

By,
=======================================================================

എന്‍റെ വിഷുകണി 
*************************
ആദ്യമേ  കണി കാണണമെന്ന് പറഞ്ഞു നീ വാശി പിടിച്ചപ്പോൾ 
നിനക്കാദ്യം നല്കിയത് ഞാൻ മാത്രമായിരുന്നു 
കണ്ണിനെ മറച്ച കൈകൾ മാറ്റിയപ്പോൾ 
വീണുടഞ്ഞ നിൻ കണ്ണുനീർ മുത്തുകളും
തകർന്നതെൻ ഹൃദയവും  
നിൻ ചിരിയിൽ തകർന്നതെൻ സ്വരവുമായിരുന്നു
വിഷു പിന്നെയും മുറതെറ്റാതെ എല്ലാ വർഷവും  വന്നു
പക്ഷേ 
നിനക്കായി നൽകാൻ എനിക്കും നീട്ടാൻ നിനക്കും 
കൈകൾ ഉണ്ടായിരുന്നില്ല.... 
കണ്ണില്‍ നിറയെ കൊന്നപ്പൂവും, കൈ നിറയെ നാണയങ്ങളും,. 
മനസ്സു നിറയെ നന്മയും സ്നേഹവും പകര്‍ന്ന് 
ഒരു വിഷു കൂടി പുലരുകയായി..
മനസ്സിൽ  നിനക്കായി നൽകാനുള്ള വിഷു കൈനീട്ടവുമായി 
ഞാനിന്നും കാത്തു നിൽക്കുന്നുണ്ട്....
ചരിത്രപെരുമകളിലെയും പഴമയിലെയും വിഷു എങ്ങനെയെന്നു എനിക്കറിയില്ല 
എന്‍റെ വിഷു ഇങ്ങനെയാണ്....
വിഷാദരഹിതമായ വിഷു....!!
എന്‍റെ എഴുത്തുപ്പുര ഗ്രൂപ്പിലെ എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ 'വിഷു ആശംസകള്‍'

By,
==========================================================================

എന്‍റെ വിഷുകണി
-----------------------------
നീലകാർവർണ്ണന്‍റെ നീലിമയാർന്ന കണികണ്ടുണരുന്നത്  
എന്നും എനിക്ക് പ്രിയമാണ്....
നിറുകയിൽ ചൂടിയ മയിൽപ്പീലിയുടെ ഇളക്കം എന്‍റെ കണ്ണിനു കുളിർമയായിരുന്നു 
ഗുരുവായൂർ അമ്പലനടയിലെ വീഥികളിൽ തിങ്ങി നിറഞ്ഞ 
നീലകാർവർണ്ണന്‍റെ സുന്ദരമായ വിഗ്രഹം കണ്ടു മടങ്ങുമ്പോൾ 
തിരിഞ്ഞു നോക്കിയത് നിനക്കോർമയില്ലേ ?
എന്‍റെ കണ്ണാ.....
നിന്നെ സ്വന്തമാക്കാൻ ആഗ്രഹിച്ച എന്‍റെ മനസ്സിന്‍റെ വെമ്പൽ 
അച്ഛന്‍റെ കൈയ്യിലെ നാണയതുട്ടുകൾക്കറിയില്ലല്ലോ 
ചെറുപ്പത്തിന്‍റെ വാശിയിൽ ഞാൻ സ്വന്തമാക്കിയില്ലേ 
ഓടക്കുഴലൂതി നിൽക്കുന്ന നിന്‍റെ വിഗ്രഹം....
ആയിരം പൊൻപ്രഭ തൂകി എന്‍റെ കണ്ണിലും ഹൃദയത്തിലും ;
ഇന്നും , എന്നും മായാതെ നിൽക്കുന്നു.....
നിന്‍റെ പാതികൂമ്പിയ താമരയിതളുപോലുള്ള മിഴികളിലെ പ്രണയം -
ഈ ഗോപികയ്ക്കും സ്വന്തമാണ്......

By,
=========================================================================

എന്‍റെ വിഷു ഓർമകൾ
======================

ആർത്തലച്ചു വരുന്ന തിരകൾ കടൽ ഭിത്തികളിൽ തട്ടി തിരിച്ചു പോകുന്നത് നോക്കി നില്ക്കെ തന്റെ മനസ്സിലും ഓർമ്മകളുടെ തിരമാലകൾ ആഞ്ഞടിക്കുകയാണെന്നു നിരഞ്ജനു തോന്നി..ഇന്നലെ വരെ ഹൃദയത്തെ കാർന്നു കൊണ്ടിരുന്ന ദുഖങ്ങൾ ഈ തിരകൾക്കൊപ്പം  ഒഴുകി പോകുന്നത് അയാൾ അറിയുന്നുണ്ടായിരുന്നു ..

'ഞാൻ നിരഞ്ജൻ ...നിങ്ങൾക്ക് എന്നെ അറിയുമായിരിക്കും ,സംശയിക്കണ്ട പ്രശസ്ത ഗായകൻ നിരഞ്ജൻ തന്നെ..പക്ഷെ ഗായകൻ നിരഞ്ജൻ എന്ന എന്നെ മാത്രമേ നിങ്ങൾ അറിയൂ,ഹരി ഗോവിന്ദൻ എന്ന അനാഥ ചെക്കനെ ആരും അറിയില്ല..'

               തിരകളെ അവയുടെ വഴിക്കു വിട്ട് പിന്തിരിഞ്ഞു നടക്കുമ്പോഴും യാന്ത്രികമായി കാർ ഡ്രൈവ് ചെയ്യുമ്പോഴും വർത്തമാന കാലത്തിൽ നിന്നും മനസ്സ് ഭൂതകാലത്തിലേക്ക് സഞ്ചരിച്ചു തുടങ്ങിയത് നിരഞ്ജൻ അറിയുന്നുണ്ടായിരുന്നില്ല.റോഡിന് ഇരുവശങ്ങളിൽ പൂത്തുലഞ്ഞു നില്ക്കുന്ന കണിക്കൊന്നകളും വിഷു കാഴ്ചകളും ഓർമ്മകളെ മാടി വിളിക്കുന്നുണ്ടായിരുന്നു.

               ഇതു പോലൊരു വിഷുക്കാലമാണ് തന്റെ ജീവിതം മാറ്റി മറിച്ചത്.കുട്ടിക്കാലത്ത് വിഷുവെന്നാൽ ഉത്സവമായിരുന്നു തന്റെ മനസ്സിൽ..ഒരാഴ്ച മുമ്പേ തുടങ്ങും ഒരുക്കങ്ങൾ.എല്ലാവര്ക്കും കോടിയെടുക്കുക,വീട് വൃത്തിയാക്കുക, എല്ലാം നേരത്തെ തുടങ്ങും.വിഷുവിന്റെ തലേ ദിവസം അമ്മക്ക് ഉറക്കമില്ലെന്നു തന്നെ പറയാം..കറികൾ ഉണ്ടാക്കുന്നതിലും പച്ചക്കറികൾ അരിഞ്ഞു വെക്കുന്നതിലും കണിയൊരുക്കുന്നതിലുമെല്ലാം അമ്മ ഉത്സാഹിച്ചു നടക്കും.അച്ഛനും താനും അപ്പോൾ പടക്കം പൊട്ടിക്കുന്ന തിരക്കിലാവും.ഇടയ്ക്ക് അമ്മ ഓടി അടുത്ത് വരും,സൂക്ഷിച്ചു പടക്കം പൊട്ടിക്കു ; എന്ന ഉപദേശവുമായി ...അതിരാവിലെ കുളിച് കസവു നേര്യതുമുടുത്ത് ചുണ്ടിൽ വിടർന്ന വാത്സല്യ പുഞ്ചിരിയുമായി അമ്മ വിളിച്ചെഴുന്നേൽപ്പിക്കും.ഉണർന്നു വരുമ്പോഴേക്കും അമ്മയുടെ കൈകൾ തന്റെ കണ്ണ് മൂടിയിട്ടുണ്ടാവും.പൂജാമുറിയിൽ ഒരുക്കി വച്ച വിഷുക്കണിയും കണ്ണന്റെ രൂപവും ....!!കുട്ടിക്കാലത്തെ ഏറ്റവും മനോഹരമായ ഒരു ഓർമ്മയാണ് അത്.പിന്നീട് അച്ഛൻ തരുന്ന കൈനീട്ടം..വർഷങ്ങൾ കടന്നു പോകവേ ഒരുപാട് പണം കയ്യിൽ വന്നെങ്കിലും,അച്ഛൻ തന്ന കൈനീട്ടത്തിന്റെ മഹത്വവും വലിപ്പവും താൻ നേടിയ പണത്തിനില്ലെന്നു തോന്നിയിട്ടുണ്ട്.മനസ്സിൽ പതിഞ്ഞു പോയ ഈ ഓർമ്മകളെ മാറ്റി നിർത്തിയാൽ വിഷു തനിക്ക് ദുഖമാണെന്നു പറയാം.കാരണം ഇത് പോലൊരു വിഷു നാളിലാണ് അച്ഛനും അമ്മയും തന്നെ തനിച്ചാക്കി പോയത്.കടക്കെണിയിൽ പെട്ട് എല്ലാം നശിച്ചപ്പോൾ രക്ഷപെടാൻ അവർ കണ്ടെത്തിയ എളുപ്പ വഴിയായിരുന്നു ആത്മഹത്യ.

                       പിന്നീടങ്ങോട്ട് അമ്മാവന്റെ വീട്ടിൽ ഹരി ഗോവിന്ദൻ എന്ന പത്തു വയസ്സുകാരന്റെ ജീവിതം ദുഖങ്ങളും ദുരിതങ്ങളും നിറഞ്ഞതായിരുന്നു.അമ്മാവന്റെയും അമ്മായിയുടെയും അവഗണനകൾക്കിടയിൽ ആകെയൊരു ആശ്വാസം മുത്തശ്ശി ആയിരുന്നു.മുത്തശ്ശിയുടെ മരണത്തോടെ യൗവനാരംഭത്തിൽ ആ വീട്ടിൽ നിന്ന് പടിയിറങ്ങുമ്പോൾ മുന്നിലൊരു  ലക്ഷ്യമുണ്ടായിരുന്നില്ല.കയ്യിൽ ആകെയുണ്ടായിരുന്നത് രണ്ടു ജോഡി വസ്ത്രം മാത്രം.അലച്ചിലിന്റെയും കഷ്ടപ്പാടുകളുടെയും അകമ്പടിയോടെയുള്ള ജീവിതം...കാലങ്ങൾക്ക് ശേഷം അമ്മയിൽ നിന്നു ലഭിച്ച സംഗീതം തന്നെ ഇന്നത്തെ നിരഞ്ജനാക്കി മാറ്റി.തുടർന്ന് തിരക്കുകളുടെ ദിനങ്ങളായിരുന്നു.സുഹൃത്തുക്കളും സഹചാരികളും ഒരുപാട് ഉണ്ടെങ്കിലും ഒറ്റപ്പെടലിന്റെ ദുഖം മനസ്സിനെ മഥിച്ചു കൊണ്ടിരുന്നപ്പോഴാണ് തന്റെയീ യാത്രയുടെ ആരംഭം.

                        ഒരുപാട് വർഷങ്ങൾക്കു ശേഷം ഈ വിഷു താൻ മനസ്സ് നിറഞ്ഞ് ആഘോഷിച്ചു...കുട്ടികാലത്തെ വിഷു ആഘൊഷമാക്കിയിരുന്നതു പോലെ.
'ഞാൻ തനിച്ച് എന്ത് ആഘോഷം എന്നല്ലേ നിങ്ങൾ ആലോചിക്കുന്നത്...?ഇപ്പോൾ  ഞാൻ തനിച്ചല്ല,ഇന്ന് എനിക്ക് ചുറ്റും ഒരുപാട് പേരുണ്ട്.എന്റെ അച്ഛന്റെയും അമ്മയുടെയും സ്ഥാനത്ത് ഒരുപാട് അച്ഛനമ്മമാർ..മുത്തശ്ശിമാർ,മുത്തച്ഛൻമാർ ....നിങ്ങളെ ഞാൻ പരിചയപ്പെടുത്താം.ഒരുപാട് അച്ഛനമ്മമാർ താമസിക്കുന്ന വീടാണ് ഇത്.എല്ലാവരും വൃദ്ധ സദനം  എന്ന് പേരിട്ടു വിളിക്കുമെങ്കിലും എനിക്ക് ഇവിടം "സ്വർഗം" എന്ന് വിളിക്കാനാണ് ഇഷ്ടം...അതെ..ഭൂമിയിലെ ഒരു കൊച്ചു സ്വർഗമാണ് ഇത്.ജീവിത തിരക്കുകൾക്കിടയിൽ മക്കൾക്ക് ഭാരമായി മാറുന്ന അച്ഛനമ്മമാരെ സന്തോഷത്തോടെ സ്വീകരിക്കുന്നു ഇവിടെ.ഇവിടെ ഞാനൊരു മകനാണ്...എല്ലാവരുടെയും കണ്ണിലുണ്ണിയായ മകൻ.ഈ വിഷു എനിക്ക് എന്റെ അച്ഛനെയും അമ്മയെയും മടക്കി തന്നു.

                                     
                                     തലേ ദിവസം തന്നെ "സ്വർഗ്ഗ"ത്തിൽ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു.അമ്മമാരെല്ലാം സദ്യവട്ടങ്ങൾക്കുള്ള തയ്യാറെടുപ്പിലും കണിയൊരുക്കുന്നതിലുള്ള തിരക്കിലുമായിരുന്നു.അച്ഛന്മാർ വീട് വൃത്തിയാക്കലും സദ്യക്ക് വേണ്ട ഇലകൾ മുറിക്കലും പടക്കം പൊട്ടിക്കലും പൂത്തിരി കത്തിക്കലുമായി തിരക്കിലാണ്.ഞാൻ ഇവരുടെ ഇടയിൽ ഒരു കൊച്ചുകുട്ടിയെ പോലെ ഓടി നടന്നു.പണ്ടെങ്ങോ നഷ്ടപ്പെട്ടു പോയ എന്റെ ബാല്യം തിരികെ കിട്ടിയ സന്തോഷത്തിലായിരുന്നു ഞാൻ.ഏറെ വൈകി കിടന്ന എന്നെ രാവിലെ വിളിച്ചുണർത്തിയത് ജാനകി മുത്തശ്ശിയാണ്.ഉണരുമ്പോഴേക്കും മുത്തശ്ശി കണ്ണു പൊത്തി.."മോനെ കണ്ണു തുറക്കല്ലേ..കണി കാണണ്ടേ.."എനിക്കപ്പോൾ അമ്മയെ ഓർമ്മ വന്നു.അമ്മ ചെയ്തിരുന്നതു പോലെ മുത്തശ്ശി എന്നെ പൂജാമുറിയിലേക്ക് നയിച്ചു.കണ്ണിൽ നിന്ന് മുത്തശ്ശിയുടെ കൈകൾ അടർന്നു മാറിയപ്പോൾ,കണ്ടു ഞാൻ...ഉണ്ണിക്കണ്ണന്റെ  തേജോമയമായ രൂപം....!!!!മഞ്ഞപ്പട്ടുടുത്ത് ..കളഭം ചാർത്തി ഓടക്കുഴലൂതുന്ന കണ്ണൻ..ഒരു വലിയ ഉരുളിയിൽ നിറയെ പച്ചക്കറികളും പഴവർഗങ്ങളും..ഒരു വലിയ ചക്ക,ചുറ്റും സുഗന്ധം പരത്തി എരിയുന്ന ചന്ദനത്തിരികളും കർപ്പൂരവും .ഒരു നിമിഷം ഞാൻ പഴയ അഞ്ചു വയസ്സുകാരനായതു പോലെ...കണ്ണന്റെ ചുണ്ടിൽ വിരിഞ്ഞു നിൽക്കുന്ന കള്ളപ്പുഞ്ചിരിയിൽ ലയിച്ചു നിൽക്കുമ്പോൾ ആകുലതകളും ദുഖങ്ങളും നീങ്ങി മനസ്സ് ശുദ്ധമായ ഒരു അനുഭവം.അങ്ങനെ എത്ര നേരം നിന്നുവെന്നറിയില്ല...മുത്തശ്ശി എന്റെ കൈ പിടിച്ച് ഒരു നാണയം കൈവെള്ളയിൽ വച്ച് തന്നപ്പോഴാണ് പരിസര ബോധമുണ്ടായത്..വർഷങ്ങൾക്കു ശേഷം എനിക്ക് കിട്ടുന്ന കൈനീട്ടം..അതെന്റെ കണ്ണുകളെ ഈറനണിയിച്ചു.എന്നെന്നേക്കുമായി എനിക്ക് നഷ്ടമായി എന്നു കരുതിയതെല്ലാം തിരിച്ചു കിട്ടിയതിന്റെ ആനന്ദാശ്രുവായിരുന്നു അത്.ചുറ്റും നോക്കിയപ്പോൾ എല്ലാവരും കുളിച്ച് പുത്തൻ കൊടിയുമുടുത്ത് വാത്സല്യം കലർന്ന പുഞ്ചിരിയുമായി എനിക്ക് ചുറ്റും..'മതി...ഈ ജന്മം തനിക്ക് ഇത് മാത്രം മതി..ഈ വിഷുവിന് ഉണ്ണിക്കണ്ണൻ തനിക്കു തന്ന ഏറ്റവും വലിയ കൈനീട്ടമാണ് തനിക്കു ചുറ്റും നില്ക്കുന്ന ഈ അച്ഛനമ്മമാർ...'.ഇതു പോലെ മഹത്വമേറിയ കൈനീട്ടം തനിക്ക് തന്ന കണ്ണനെ നന്ദിയോടെ നോക്കിയപ്പോൾ ആ കള്ളപ്പുഞ്ചിരിക്കു ഭംഗിയേറിയതു പോലെ.
                           

                                            കുളിച്ചു വന്നപോഴേക്കും പ്രാതൽ തയ്യാറായിരുന്നു...എല്ലാവരുടെയും കൂടെയിരുന്നു കഴിച്ചു..പിന്നെ അച്ഛൻമാരുടെയും അമ്മമാരുടെയും കൂടെ സദ്യ ഒരുക്കുന്നതിന്റെ തിരക്കായിരുന്നു.നല്ല കുത്തരി ചോറ്,സാമ്പാർ ,തോരൻ ,അവിയൽ,പച്ചടി,ഓലൻ ,എരിശ്ശേരി,പപ്പടം,പായസം  തുടങ്ങി എനിക്ക് പേര് അറിയാത്ത വിഭവങ്ങൾ വരെ ഉണ്ടായിരുന്നു.പായസം അച്ഛന്മാരുടെ വകയായിരുന്നു..അട പ്രഥമൻ.ഉച്ചക്ക് എല്ലാവരും നിലത്തിരുന്ന് വാഴയിലയിൽ സദ്യ കഴിച്ചു.ഒരുപാട് നാളുകൾക്ക് ശേഷം മനസ്സ് നിറഞ്ഞു താൻ സദ്യയുണ്ടു.അമ്മമാർ അടുത്തിരുന്ന് വാത്സല്യത്തോടെ ചോറൂട്ടുമ്പോൾ താനുമൊരു ഉണ്ണിക്കണ്ണനായി മാറിയതു പോലെ...

                                                   ഇന്നു താൻ തിരിച്ചു പോരുമ്പോൾ നിറകണ്ണുകളോടെ എല്ലാവരും ഉമ്മറത്തുണ്ടായിരുന്നു.അവരെ സമാധാനിപ്പിക്കാൻ വേണ്ടി ഒരാഴ്ചക്കുള്ളിൽ താൻ തിരിച്ചു വരുമെന്ന് പറഞ്ഞിട്ടും അവരുടെ മുഖങ്ങൾ വാടി തന്നെയിരുന്നു.യാത്ര പറഞ്ഞു പോന്നു കഴിഞ്ഞപ്പോൾ മനസ്സിന് വല്ലാത്ത ഭാരം തോന്നുന്നു.കാർ ഗേറ്റ് കടന്നു പോന്നിട്ടും ഉമ്മറത്ത് നിന്ന് പോകാതെ നോക്കി നിൽക്കുന്ന അവരുടെ രൂപം മനസ്സിൽ നിന്നു മായുന്നില്ല..തന്റെ ശരീരം കൂടെ പോന്നുവെങ്കിലും മനസ്സ് ഇപ്പോഴും 'സ്വർഗ്ഗ'ത്തിൽ തന്നെയാണെന്ന് നിരഞ്ജനു  മനസ്സിലായി.


                                                  കാർ തിരികെ 'സ്വർഗ്ഗ'ത്തിലേക്ക് വിടുമ്പോൾ നിരഞ്ജൻ തിരിച്ചറിയുകയായിരുന്നു തന്റെ ഇനിയുള്ള ജീവിതം ആ അച്ഛനമ്മമാരുടെ കൂടെയാണെന്ന്.മതാപിതാക്കളോടുള്ള കടമകളും ഉത്തരവാധിത്വങ്ങളും ചെയ്യുന്ന നല്ല മകനായി...കളിചിരികളും കുസൃതികളുമായി അവരെ സന്തോഷിപ്പിക്കുന്ന കൊച്ചു മകനായി...അങ്ങനെയങ്ങനെ...നിറഞ്ഞ സന്തോഷത്തോടെ നിരഞ്ജൻ തിരികെ പോകുമ്പോൾ  റോഡിന്റെ ഇരുവശങ്ങളിലുമുള്ള വാക മരങ്ങൾ കാറിനു മീതെ  പൂക്കൾ   പൊഴിക്കുന്നുണ്ടായിരുന്നു...അച്ഛന്റെയും അമ്മയുടെയും അനുഗ്രഹമാണിതെന്നു നിരന്ജന് തോന്നി. അകലങ്ങളിൽ എവിടെയോ ഇരുന്നു മരിച്ചു പോയ സ്വന്തം അച്ഛനും അമ്മയും മകന്റെ സന്തോഷത്തിൽ പങ്കു ചേരുന്നതാവാം ........... 

                                                                              .. ശുഭം...
By,
====================================================================

എന്‍റെ വിഷുകൈനീട്ടം ........
വിഷുപ്പുലരിയില്‍ കണി വെള്ളരിയും കണിക്കൊന്ന പൂക്കളും നിറപറയും കൊണ്ട് അലങ്കരിച്ച കണ്ണനെ കണി കണ്ടുണര്‍ന്നു. നാലു വയസ്സുകാരന്‍ കാശി നല്ല ഉറക്കം. നാലു മാസം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങള്‍ വേദയും, വൈഗയും തൊട്ടിലില്‍ കൈകാലിട്ടടിക്കുന്നു. ഓരോ വെള്ളിരൂപ - എന്തെന്നും എന്തിനെന്നും അറിയാത്ത ആ കുഞ്ഞു കൈകളില്‍ ബലമായി പിടിപ്പിച്ചു, ആചാരങ്ങളുടെ ഭാഗമായി. കുഞ്ഞു മക്കളുടെ ആദ്യ വിഷുകൈനീട്ടം . അടുക്കളയില്‍ ജോലിയിലായിരുന്ന അമ്മയ്കും ഭാര്യയ്കും കൈനീട്ടം കൊടുത്ത്, ഒരു ഗ്ളാസ്സ് ചായ മൊത്തിക്കുടിച്ചു കൊണ്ട് പത്രം മറിക്കവേ പൊടിക്കുഞ്ഞിന്‍റെ കരച്ചില്‍ കേട്ടു, കൂടെ ഭാര്യയുടെ വിളിയും... 'ദേ ഇങ്ങോട്ടു വന്നേ..... ഈ ചെക്കന്‍ വേദമോളെ കടിച്ചു'' ദേഷ്യം കൊണ്ടു് കുഞ്ഞു മക്കളുടെ മാത്രം അച്ഛനായി മാറി. വടി എടുത്ത് കാശിയെ അരിശം തീരും വരെ തല്ലി. ഉണരുമ്പോള്‍ കൊടുക്കുവാന്‍ കരുതി വച്ചിരുന്ന കൈനീട്ടം വിസ്മൃതിയില്‍ മുങ്ങിത്താണു. എന്‍റെ പൊന്നിന് വടി കൊണ്ടാണ് വിഷുകൈനീട്ടം നല്കിയത്. അവന്‍ ഏങ്ങലടിച്ചു കൊണ്ടു മൂലയിലേക്ക് ചുരുണ്ടു. രണ്ടു കൈകളും നീട്ടി അവനെ വാരിയെടുത്തു. അവന്‍ കുതറി. ''അച്ചച്ചി കൊള്ളത്തില്ല ... അച്ചാച്ചി ചീത്തയാ...... എനിക്കു് അച്ചാച്ചിയെ വേണ്ട... പൊക്കോ.......പോ.....'' അവന്‍റെ ഏങ്ങലടി ഉച്ചത്തിലായി. എന്‍റെ നെഞ്ചു പൊടിഞ്ഞു. അവന്‍ വേദനച്ചതിനേക്കാള്‍ എന്‍റെ എന്‍റെ മനസ്സു നോവുന്നത് ഞാനറിഞ്ഞു. മിഴികളില്‍ നനവ് പടരുന്നുവോ..... ആ കുഞ്ഞു മനസ്സിന്‍റെ വിങ്ങലടക്കുവാന്‍ അവന്‍ ആവശ്യപ്പട്ടതെല്ലാം വാങ്ങി നല്കി. വിഷുകൈനീട്ടവും നല്കി. ഞാന്‍ എന്‍റെ കുട്ടിക്കാലത്തേക്ക് തിരിഞ്ഞു നോക്കി.എന്‍റെ മകനേക്കാള്‍ കുസൃതി ആയിരുന്നു ഞാന്‍.എന്തെല്ലാം കാട്ടിക്കൂട്ടിയിരിക്കുന്നു.അപ്പോഴൊക്കെ അച്ചന്‍ തല്ലിയിട്ടുമുണ്ട്. ആ തല്ലിന്‍റെ വേദനയില്‍ അച്ഛനെ മനസ്സില്‍ ഒരുപാട് ശപിച്ചിട്ടുണ്ട്. അതോര്‍ത്തപ്പോള്‍ ഉള്ളം ഒന്നു കിടുങ്ങി. എന്‍റെ മകനെ തല്ലിയപ്പോള്‍ അവനനുഭവിച്ചതിലും കൂടുതല്‍ വേദന ഞാന്‍ അനുഭവിച്ചു എങ്കില്‍, മക്കളെ ജീവനു തുല്യം സ്നേഹിച്ചിരുന്ന എന്‍റെ അച്ഛന്‍റെ മനസ്സെത്ര വേദനിച്ചിട്ടുണ്ടാവും!!! ഈശ്വരാ ആ വേദന തിരിച്ചറിയാതെയാണല്ലോ അച്ഛനെ ഞാന്‍ ശപിച്ചിട്ടുള്ളത്, അറിവില്ലാത്ത പ്രായത്തില്‍ അറിവില്ലായ്മ കൊണ്ടാണെങ്കിലും മനം ഉരുകി ശപിച്ചതിനുള്ള കാലത്തിന്‍റെ ഓര്‍മ്മപ്പെടുത്തലാവാം ഈ വിഷു ദിനം. പശ്ചാത്താപത്തിന്‍റെ ഉമിത്തീയില്‍ എരിഞ്ഞടങ്ങലാവാം കാലം എനിക്കായി കരുതി വച്ച വിഷുകൈനീട്ടം ......  
എന്‍റെ വിഷുകൈനീട്ടം .....
By,
Sunu Sreedharan.===========================================================

വിഷുക്കണി
**************
ഒരുപിടി കൊന്നപ്പൂവും കൊച്ചുവാൽക്കണ്ണാടിയും
നിറഫല സമൃദ്ധിതൻ കുളിർക്കാഴ്ചയും....
കുഴലൂതിനിൽക്കുന്നൊരമ്പാടിക്കൺനന്റെ
നയനമനോഹരമാം ശിൽപവും...
തളിർ വെറ്റിലത്തുമ്പിൽ  കാണിക്കയായ്‌
വച്ച ഒരു വെള്ളിത്തുട്ടിന്റെ കാന്തിയും
ഉറക്കത്തിൽ കണ്ണുപൊത്തി യെന്നമ്മ
കാണിച്ചു തന്നൊരാ പൊൻ കണിയും
കണികണ്ടു തൊഴുതു നിൽക്കേ കൈക്കുമ്പിളിൽ
അച്ചൻ തന്നൊരാ കൈനീട്ടത്തിൻ കിലുക്കവും
ചേർത്തു പിടിച്ചു മുറുകെ പുണർന്നമ്മ
നെറുകിൽ തന്നൊരാ കുളിർ മുത്തവും
ഒരു ചെറുസ്വപ്നമായ്‌ മാഞ്ഞു പോയ്‌ എൻ മുന്നിൽ....
കുളിരോടെ ഞാനിന്നുമോർക്കുന്നിതാ.....

By,
Subhitha subhi subhi.
=====================================================================

വിഷു കണി 
------------------------

ഓട്ടുരുളിയും കണിവെള്ളരിയും
കൊന്ന പൂവും തീര്‍ഥ കിണ്ടിയും
കാര്‍മ്മുകില്‍ വര്‍ണ്ണനും
കണി കണ്ട് ഉണരും
പുലര്‍കാല മഞ്ഞില്‍
കുളിച്ചു നില്‍ക്കും പ്രഭാതമിന്നെവിടെ
വിഷു കൈനീട്ടമെവിടെ
ഇന്നലകളിലെ വിഷു പക്ഷി
പാടിയ പാട്ടിന്‍ ഈണമെവിടെ
കണ്ണു പൊത്തി കണി കാണിക്കും
കാരണവര്‍ എവിടെ
ഇരവിന്റെ നിനവുകളില്‍
കണി കണ്ടു ണരും
പ്രഭാതമിന്നെവിടെ
ഒരിറ്റു ദാഹജലത്തിനായ്
തീരം തേടും വാനമ്പാടീ
ഒരു പൊന്‍ വിഷുക്കണി യുമായ്‌
എന്നിലേക്ക് കടന്നുവന്ന നീയിന്നെവിടെ
നന്മ വറ്റിയ മര്‍ത്യ മനസ്സില്‍
ഒരായിരം കണിക്കൊന്ന
പൂത്തുലയട്ടെ സ മ്ര്ദ്ധിയായ്...

*** രചന :സുജിത്ത്.എം.നമ്പൂതിരി (എസ്.എം.നമ്പൂതിരി)***
സുജിത്ത്.എം
==================================================

അച്ചുവിൻറെ  വിഷുക്കണി ........
 

         അച്ചു കണ്ണ്തുറക്കില്ല . മുത്തശ്ശൻ കൈ പിടിച്ചാൽ മതി .ഉണ്ണികൃഷ്ണന്റെ മുമ്പിൽ  വരുമ്പോൾ പറഞ്ഞാൽ മതി .കണ്ണുതുറന്ന് ഞാൻ ഉണ്ണികൃഷ്ണനെ കണ്ടോളാം . രാത്രി വിഷുക്കണിക്ക്  എല്ലാം ഒരുക്കിവച്ചന്നു മുത്തശ്ശൻ പറഞ്ഞിരുന്നു . ?.ഞാനുറങ്ങിപ്പോയി . "ഫയർ വർക്ക്‌ " മാത്രം വേണ്ടട്ടോ .ഇവിടെ അമേരിക്കയിൽ അത് സമ്മതിക്കില്ല . പോലീസ് പിടിക്കും . ആദ്യം അച്ചുവിന് കണികാണണം .ഇന്നു എൻറെ അനിയൻ പാച്ചൂൻറെ ആദ്യത്തെ വിഷുവാ. അവനെ ഞാൻ തന്നെ കണികാണി ച്ചോളാം.എങ്ങേനാ അവനേ എടുക്വാ .......   

         അയ്യോ ..മുത്തശ്ശാ .ഇതെന്താ അവിടെ ഉണ്ണിക്രിഷ്ണണ്‍ ഇല്ലല്ലോ ?. ഒരു ഫോട്ടോ മാത്രെ ഉള്ളു .മഞ്ഞപ്പട്ടുടുത്ത്   ഉണ്ണികൃഷ്ണൻ ഉണ്ടാവുമെന്ന് മുത്തശ്ശൻ പറഞ്ഞിരുന്നില്ലേ  . അതുപോലെ  കൊന്നപ്പൂവും ഇല്ല . ഉണ്ണികൃഷ്ണന്റെ കാലിലെ സ്വർണ്ണ ചിലമ്പ് എറിഞ്ഞപ്പഴാണ് കൊന്നമരത്തിൽ സ്വർണ്ണ നിറമുള്ള കൊന്നപ്പൂവ് ഉണ്ടായത് എന്ന് മുത്തശ്ശൻ പറഞ്ഞിരുന്നു . അച്ചുവിന് കാണാൻ കൊതിയായിരുന്നു .കൊന്നപ്പൂവും ,കണിവെള്ളരിയും  വലിയ നിലവിളക്കുമില്ല .എല്ലാം കണിക്കു വേണമെന്ന് മുത്തശ്ശൻ പറഞ്ഞിരുന്നതല്ലേ . ഇവിടെ  ഉണ്ണിക്രിഷ്ണന്റെ  ഒരു ചെറിയ ഫോട്ടോ മാത്രം .അതുപോലെ ഒരു കുഞ്ഞു വിളക്കും .അത് കഷ്ട്ടായിട്ടോ .    അച്ചുവിന് സങ്കടം വരുന്നുണ്ടിട്ടോ . അമേരിക്കയിൽ വന്നപ്പോൾ മുതൽ  ഒരു ഉണ്ണികൃഷ്ണനെ വേണന്നു  അച്ചുവിന് തോന്നിയതാ  . മുത്തശ്ശൻ ഇന്നലെ പറഞ്ഞപ്പോൾ വിഷുവിന് കണികാണാൻ ഉണ്ടാകുമെന്നുവിചാരിച്ചു . അച്ചുവിനെ മുത്തശ്ശൻ പറ്റിച്ചു .കഷ് ട്ടോണ്ടുട്ടോ .

         ഉണ്ണികൃഷ്ണൻ നരകാസുരാൻ എന്ന ദുഷ്ട്ടനെ കൊന്ന ദിവസമാ വിഷു  .അച്ചുവിനും ദുഷ്ട്ടൻ മാരെ ഇഷ്ട്ടമല്ല . കൃഷ്ണൻ എത്ര ദുഷ്ടൻ മ്മാരേ ആണ് കൊന്നിരിക്കുന്നത് !. എൻറെ ഒരു ഫ്രണ്ട് ഉണ്ട് മഹീൻ .അവനും ഒരു ചെറിയ ദുഷ്ട്ടനാ .എന്നാലും അവനെ കൊല്ലണ്ട .രാവിലെ കണികണ്ട് കഴിഞ്ഞ്.അച്ചുകുളിച്ച് കസവുമുണ്ടുടുത്ത് വരും .മുത്തശ്ശൻ വിഷുകൈനീട്ടം തരണം എല്ലാവരും തരും .അനിയനുകിട്ടുന്നതും എടുക്കാം .അവൻ കൊച്ചുകുട്ടിയല്ലേ .

        ഇതെല്ലാം കൂടി കുറേ ഡോളർ ഉണ്ടല്ലോ ..അത് മുഴുവൻ ഞാൻ മുത്തശ്ശനു തരാം .അച്ചുവിന് "ടോയി " വാങ്ങാമെന്നു വിചാരിച്ചായിരുന്നു .അനിയനും ഒരു" ടോയി "കണ്ടുവച്ചിരുന്നു . സാരമില്ല ..മുത്തശ്ശൻ ഇന്ത്യയിൽ പോകുമ്പോൾ ഒരു നല്ല ഉണ്ണികൃഷ്ണനെ വാങ്ങി ക്കൊണ്ടുവന്നാൽ മതി .ഗുരുവായൂര് കിട്ടും എന്ന് അമ്മമ്മ പറഞ്ഞു .എന്നും അച്ചുവിന് കാണാനാ .അച്ചുവിൻറെ  ബെസ്റ്റ് ഫ്രണ്ടാ ഉണ്ണിക്രി ഷ്ണൻ .               

By,

Aniyan thalayattumpilly.
=================================================================

വിഷുക്കൈനീട്ടം
                 

നിൻ വിറയാർന്ന ഹസ്തത്തിൽ നിന്നുമേറ്റുവാങ്ങിയ വിഷുക്കൈനീട്ട മിന്നുമെൻഹൃത്തിൽ നോവായ് നിറഞ്ഞുവെന്നോർമ്മയിൽ
വിഷുപുലരിയിലെൻ തോഴർ 
ആഹ്ളാദത്താലുല്ലസിക്കുബോളമ്മേ..
നിൻ തേങ്ങലറിഞ്ഞിരുന്നു ഞാൻ എന്തുനൽകും മകനേ നിനക്ക് ഞാൻ
വിഷുക്കനീട്ടമെന്നു പരിതപിച്ചെൻചാരെ
അശ്രുകണങ്ങളാൽ നീയമ്മേ......
ഇന്നെനിക്കാരു നൽകും സ്നേഹത്തിൽ  ചാലിച്ച  വിഷുക്കൈനീട്ടം .....
അമ്മേ നീയെൻ സ്വപ്നത്തിൽ വന്നണഞ്ഞ് നൽകുമോ നിൻ സ്നേഹമാം വിഷുക്കൈനീട്ടം.....
       
By,        
രേഷ്മ എം ബാവ മൂപ്പൻ
===================================================================
കണ്ണനും കണിക്കൊന്നയും 
---------------------------------------------

വിഷുവിന്‍റെയന്നു അതിരാവിലേ വന്നമ്മ...
വിഷുക്കണി കാണുവാന്‍ വിളിച്ചുണര്‍ത്തും...

കണ്ണുകള്‍ പൊത്തി കരുണയോടെന്‍റെമ്മ...
കാണിയുടെ അരികിലെക്കാനയിക്കും...

കണിയുടെ മുന്‍പിലായ്‌ എത്തിയാല്‍ കൈവിട്ടു..
കണികാണുവാന്‍ എന്നെ അനുവദിക്കും....

കണ്‍കള്‍ തുറന്നു ഞാന്‍ നോക്കുമ്പോള്‍ കാണുന്നു..
കള്ളനാം കണ്ണന്‍റെ കമനീയ രൂപം..

കോടിയും കൊന്നയും കണിവെള്ളരികളും..
മറ്റു ഫലങ്ങളും തേങ്ങാ മുറികളും...

ചുറ്റിലും ഭംഗി കൂട്ടുവാന്‍ പിന്നേയും...
ചുവന്ന ചിരാതും നിലവിളക്കും...

സാംബ്രാണി പുകയുന്ന ചന്ദനത്തിരികളും..
സാക്ഷാല്‍ ശ്രീ കണ്ണന്‍റെ തിരു സന്നിധി...

കണി കണ്ടു കഴിയുമ്പോള്‍, അച്ഛന്‍ വിളിച്ചീടും..
കൈനീട്ടം വാങ്ങുവാന്‍ വന്നീടുകാ...

കൈനീട്ടവും വാങ്ങി കമ്പിത്തിരികളുമായ്..
കുട്ടികള്‍ ഞങ്ങളന്നാഘോഷിക്കും....


By
Mukundan Nair
===================================================================

വിഷുക്കണി
*************
ഒരുപിടി കൊന്നപ്പൂവും കൊച്ചുവാൽക്കണ്ണാടിയും
നിറഫല സമൃദ്ധിതൻ കുളിർക്കാഴ്ചയും....
കുഴലൂതിനിൽക്കുന്നൊരമ്പാടിക്കൺനന്റെ
നയനമനോഹരമാം ശിൽപവും...
തളിർ വെറ്റിലത്തുമ്പിൽ  കാണിക്കയായ്‌
വച്ച ഒരു വെള്ളിത്തുട്ടിന്റെ കാന്തിയും
ഉറക്കത്തിൽ കണ്ണുപൊത്തി യെന്നമ്മ
കാണിച്ചു തന്നൊരാ പൊൻ കണിയും
കണികണ്ടു തൊഴുതു നിൽക്കേ കൈക്കുമ്പിളിൽ
അച്ചൻ തന്നൊരാ കൈനീട്ടത്തിൻ കിലുക്കവും
ചേർത്തു പിടിച്ചു മുറുകെ പുണർന്നമ്മ
നെറുകിൽ തന്നൊരാ കുളിർ മുത്തവും
ഒരു ചെറുസ്വപ്നമായ്‌ മാഞ്ഞു പോയ്‌ എൻ മുന്നിൽ....
കുളിരോടെ ഞാനിന്നുമോർക്കുന്നിതാ.....

By,
Subhitha Santhosh.
=================================================================

ഓർമ്മക്കൈനീട്ടം.....
വിഷുവും ഓണവുമൊക്കെ എനിക്ക് മധുരമുളള ഓർമ്മകളാണ്.അറിയാതെ ഒരിത്തിരി കണ്ണിർ പൊഴിക്കുന്ന ഓർമ്മകൾ. .മുത്തച്ഛനുമുന്നിൽ കൈനീട്ടി നിന്ന ഒരു നല്ല കാലത്തിന്റെ ഓർമ്മകൾ. .മനസ്സിലൊരുപാട് സ്നേഹവും വിശ്വാസവും സ്വപ്നങ്ങളുമൊക്കെ പകർന്ന് നൽകി എന്നെതനിച്ചാക്കി, ...സ്നേഹത്തിന്റെ രഥത്തിലേറി ദൂരെയെങ്ങോ പറന്നകന്ന എന്റെ പ്രിയപ്പെട്ടവരുടെ ഓർമ്മകളാണെന്റ്റെ വിഷു .......
വൈകുന്നേരമാകുമ്പോളെല്ലാവരുമെത്തും പിന്നെയൊരാഘോഷമാണ്...കോന്നപ്പൂക്കൾ പറിക്കാനും കണിവെളളരി വാങ്ങനും..അങ്ങിനെയങ്ങിനെ എന്തു രസമായിരുന്നെന്നോ...ഓർമ്മകളെന്നെ വീണ്ടും ആ മധുരമുളള ബാല്യത്തിലേക്ക് കൂട്ടിക്കൊണ്ട്പോകുന്നു...
വലിയ ഓട്ടുരുളി കഴുകി വയ്ക്കും അച്ഛൻപെങ്ങൾ...പിന്നെ കിണ്ടി., വാൽക്കണ്ണാടി , പുത്തൻ കസവ്മുണ്ട് , മാംമ്പഴം , ചക്കപ്ഴം അങ്ങിനെ അങ്ങിനെ സമൃദ്ധിയുടെ നിറവാണ്....ഇത്രയുമൊക്കെയാകുമ്പോൾ കൈനിറയെ പടക്കവുമായ് അച്ഛനും അമ്മാവനുമൊക്കെയെത്തും....പിന്നെ ആഘോഷമാണ്. ...വിഷുവുത്സവത്തിന്റ്റെയാഘോഷം....എന്നും പേടിയായിരുന്നു പടക്കവും കമ്പിത്തിരിയുമൊക്കെ..ഉളളിൽ നിറഞ്ഞ കൗതുകത്തോടെ ദൂരെ തൂണിനുപിന്നിൽ മറഞ്ഞു നിന്നു നോക്കികാണുന്ന ആ കുഞ്ഞുപട്ടുപാവാടക്കാരിയെ അച്ഛൻ പൊക്കിയെടുത്ത് ബഹളങ്ങൾക്ക് നടുവിൽ നിർത്തുമായിലുന്നു പേടിച്ചരണ്ട് ആ കുഞ്ഞിക്കണ്ണ് നിറച്ച് അച്ഛന്റെ നെന്ചോടു ചേർന്ന് നിൽക്കുമ്പോൾ ആ കൈകളിൽ സുരക്ഷിതയായിരുന്നൂ ഞാൻ....
പക്ഷേ ഇന്ന് സ്വയം പടക്കം പൊട്ടിച്ചെറിഞ്ഞും കമ്പിത്തിരി കത്തിച്ചും സന്തോഷം അഭിനയിക്കേണ്ടിയിരിക്കുന്നൂ...ഇന്നഭയം തേടാനച്ഛനില്ല എന്നിലഭയം തേടാൻ കൊതിക്കുന്നഅമ്മയെ വേദനിപ്പിക്കാനാകില്ലല്ലോ....
ഓർമ്മൾക്ക് വല്ലാത്ത സുഖമാണ്... അല്ലേ.....,
രാത്രിയിലെല്ലാവരൊടുമൊപ്പമിരുന്ന് കണിയൊരുക്കും അപ്പോളുമെന്റ്റെ കണ്ണനെ എനിക്ക് തന്നെ വയ്ക്കണമായിരുന്നു..ഏറ്റവുമൊടുവിൽ തിരിയിട്ട് ഉറങ്ങാൻ പോകും പിന്നെ രാവിലെ കണ്ണുപൊത്തിക്കൊണ്ടമ്മ എണീപ്പിച്ച് കണികാണിയ്ക്കും...മഞ്ഞപട്ടുടുത്തു കയ്യിലോടക്കുഴലുമായെന്റ്റെ ഉണ്ണിക്കണ്ണൻ....
മുത്തച്ഛനപ്പോൾ ക്ഷേത്രത്തിലേക്ക് പോയിട്ടുണ്ടാകും പിന്നെ ഓടിപ്പോയ് കുളിച്ച് കുഞ്ഞിപ്പട്ടുപാവാടയൊക്കെയിട്ട് വന്ന് കാത്തിരിക്കും കൈയ്നീട്ടത്തിനായ്..മുത്തച്ഛൻ വന്ന ഉടനെ കൈനീട്ടമാണ് പിന്നെ അച്ഛന്റെ പിന്നെ മുത്തച്ഛനെ കാണാൻ എത്തുന്നവരുടെയൊക്കെ ....ഹാ ഓർമ്മൾക്കെന്തു സുഖം....
ഇന്നു പട്ടുപാവാട കസവുനേര്യതിനു വഴിമാറിയപ്പോൾ കാത്തിരിക്കാനോ ഒന്നിച്ചുചേർന്നാഘോഷിക്കുവാനോ ആരുമൊപ്പമില്ല...എങ്കിലും ദുഖമില്ല കാരണം ആ നല്ല നാളുകളുടെ ഓർമ്മകളുണ്ടെന്നോടൊപ്പം, ....പിന്നെയെന്റ്റ ഉണ്ണിക്കണ്ണനും അച്ഛൻ പകർന്നുതന്ന സ്വപ്നങ്ങളും......

By,

=============================================================

 വിഷുവിന്റെ നേര്ക്കാഴ്ച ............



അമ്മ തൻ ചൊല്ലി വിഷു എന്നതിൻ പെരുമ .....

വാക്കാൽ പെരുമയല്ല വിഷു , സമത്ത്വതിൻ പെരുമ ,,,,,,,,

ദേവൻ പറഞ്ഞു , വിഷുവിൻ ദിനം പോലും സമത്വതിലാണെൻ ,,,,,,,,,

നിങ്ങൾ തുടങ്ങണം  ദിനം കണിയാൽ,,,,,,,,,,,,

കണിയാക്കണം കണിക്കൊന്ന , പൂവും ,ഫലങ്ങളും ,,,,

ധാന്യവുംദേവനും , എല്ലാം ഒന്നിക്കണം ,,,,,

കാണുവിൻ കണി നിറ ഭക്തി പ്രസന്നതയാൽ ,,,,,,,

തുടങ്ങട്ടെ നിൻ ദിനം ഐശ്വര്യ പൂർണമായ്.......,,,,,,

ഒരുക്കട്ടെ നിൻ കണി നരയാൽ അടുത്തവർ ,,,,,,,,

അവരാണ് വീടിൻ വിളക്കെന്നു ഓര്ക്കണം .,,,,,,,,

കൊടുക്കണം കൈ നീട്ടം ,,പുടവയും ,, നിൻ കയ്യാൽ ഉള്ളത് ,,,

തുടങ്ങണം  ദിനം ദാനതിൻ മഹത്വമായ് .,,,,,,,,,,,

ഒരുക്കണം നിൻ  വിഷു പ്രകൃതിയാൽ മാത്രമായ്‌,,,,,,,,,,,,

ഓര്ക്കണം പ്രകൃതിയാണ് നിൻ സമ്രുധിയെൻ,,,,,,,,,,,

ഒരുങ്ങണം കര്ഷകാ ഐശ്വര്യ നാളിനായ്‌ ,,,,,,

തുടങ്ങിടാം ഭക്തിയായ്  നാളിൽ പൂർണമായ് ,,,,,,


പക്ഷെ ,,,,,!!!!!

അമ്മ തൻ ചൊല്ലി എന്നോട് പക്ഷെ ,,,, !!!!


അറിയുമോ നിനക്കിന്നത്തെ വിഷുവിനെ, ??

വിഷുവിൻ ഐശ്വര്യം വിഷതാൽ കരിഞ്ഞത് ,,,,,,!!!!

പലതുണ്ട് വിഷങ്ങൾ , വിഷമതാൽ മോഴിയട്ടെ ,,,,,

വിഷുവിൻ പെരുമ സമത്വമല്ലിന്നു ,,,,,,,

തെരുവിൻ മക്കൾക്ക്‌ വിഷുവിന്നുംഎച്ചിലിൽ ..............

ഭക്ഷണം കളഞ്ഞവർ ആഘോഷമാകു്പോൾ........................

കണിയാൽ തുടങ്ങുവാൻ കണികൊന്നയില്ലിന്നു ,,,,,,,,,,,

പൂവും , ഫലങ്ങളും , ധാന്യവും , വിഷമാണെൻ ഓർക്കണം............

പൂക്കുനില്ലവൾകനിയാവാൻ പോലുമേ ,,,,,,,,

വിഷം കുത്തിനോവിച്ചു ,പുഷ്പിച്ചു കൊന്നയെ ,,,,,,,,,,,,,,,,,,,,,


ഫലങ്ങളും , ധാന്യവും , കുളിപിച്ചു വിഷം കൊണ്ട് ,,,,

കണിയാവാൻ മുന്നിൽ വിഷതാൽ വിഭവങ്ങൾ.............


ഇതെല്ലാം കണികാണാൻ വാങ്ങിയവാൻ തൻ മനം ,,,,,

അതിലേറെ വിഷമാണെന്ന് നാം ഓർക്കണം ,,,,,,,,,,,

ഭക്തിയെന്നത് വിഗ്രഹം മാത്രമായ്‌ ,,,,,,,,,,,,

പിന്നെ എങ്ങനെ തുടങ്ങീടും   ദിനം , ഐശ്വര്യമായ് ,,,,,,,,,,,,,

കണിയൊരുക്കാൻ നരയുള്ളവർ വീട്ടില് ഇല്ലെന്നു നീ ഓർക്കണം ,,,,,,,

നരകണ്ടാൽ , മക്കൾ കൊണ്ടുവിട്ടതോ ,, 

വൃദ്ധ സദനങ്ങളിൽ അല്ലയോ ,,,,,,

അവരായിരുന്നു വീട്ടിന വിളക്കാനേൻ ഓര്ക്കാതെ ,,,,,

കണിയൊരുക്കാൻ ഓടുന്നു കണ്‍   തുറക്കാതെ   മാനവാൻ,,,,,,,,     

കൊടുക്കുന്നു കൈ നീട്ടം നീട്ടാത കൈകളിൽ,,,,,,

നീട്ടുന്നോര്ക്ക്  ഇല്ലെന്നു ചൊല്ലുന്നു മാനവൻ,,,,,,,,,,,,

ധാനതിനല്ലിത്,,, പേരിന്നു മാത്രമായ്‌ ,,,,,,, 

തട്ടുന്ന കൈകള ദൈവതിന്റെതെന്നു ഓർക്കണം ,,,,,,,,,,

വിശുവോരുക്കുവാൻ ഓടി പ്രകൃതിയിലെക്കവാൻ ,,,,,,,,,,

തിരഞ്ഞിട്ടും കണ്ടില്ല പ്രകൃതി തൻ സമൃദിയെ,.............

ഇതൊന്നും അറിഞ്ഞതേയില്ല മണ്ണിന് മിത്രമാം കർഷകൻ ,,,,,,,

തളിച്ചൊരു വിഷതിനാൽ മരിച്ച പ്രകൃതിതൻ സത്യം .........

വിഷതാൽ സമൃധിയാനിൻ,,,,, 

വിഷുവെന്ന് ,,,

അറിയുന്നില്ല എന്നിട്ടും ,,,,

മരിച്ചു പോയ്‌ മാനവന്റെമനസ്സിന്  ഉള്ക്കാഴ്ച  വിഷതിനാൽ ,,,,,,,,,,,

മാറുമോ മാനവാ ,,,,, അടുത്ത തലമുരക്കായ് എങ്കിലും ,,,,,,,,,
മാറ്റുമോ ?? നിൻ ശീലം ,,, ദൈവതിനായ് എങ്കിലും ,,,,,,,,,,,,

അടുത്ത വിഷുവെങ്കിലും,,, വിഷമല്ലാതാവട്ടെ ,,,,,,,,,,,,,,


ഈൗ കവിത ചൊല്ലിയതോ .....,,,,,, മായമില്ലാത്ത വിഷമില്ലാത്ത ,,,,, ലോകത്തിന് സത്യം ........ അമ്മയെന്ന സത്യം,,,,,,,,,,,,



ഇനി കണി കാണണം അമ്മയെ ,,, വിഷമില്ലാതാകുവാൻ ,,,,,,,,,,,,,,,,,,,,,,





ഇയു..............
==============================================

വിഷുകണിയും കൈന്നിട്ടവും

ഇത്തവണ മൊബൈലിലെ വാൾപെപ്പറിലെ കണിക്കൊന്നയെ കാണാൻ പറ്റുകയുള്ളൂ ..

ബാംഗളൂരിൽ നിന്നും നാട്ടിലേക്കുള്ള ബസിൽ കയറി എന്തായലും നാട്ടിലേത്തിയ ശേഷം അമ്മയുടെ കൈയിൽ നിന്ന് കൈന്നിട്ടം വാങ്ങണം ,അത് കൊണ്ട് തന്നെ
നാട്ടിൽ ഇറങ്ങി ആട്ടോയ്ക കൊടുക്കാനുള്ള ചിലറ മാറി കൈയിൽ വെച്ചു.

യാത്ര തുടങ്ങി അടുത്തിരുന്ന ആൾ
ഒന്ന് പുഞ്ചിരിച്ചു കൂടിയില്ല ഭയങ്കര ഗൗരവം പ്രകൃതി ഭംഗി നോക്കിയിരുന്ന് ഉറങ്ങി ഞാൻ..

ഏതാണ്ട് കൂറെ നേരം കഴിഞ്ഞപ്പോൾ ഒരു ഞെരുക്കൽ കേട്ടാണ് ഞാൻ ഉണറന്നത് നോക്കിയപ്പോ പുള്ളി തിരിഞ്ഞ് മറിഞ്ഞ് കിടക്കുന്നു..ഫോണിൽ സമയം നോക്കിയെ ഞാൻ ഞെട്ടി
1:30am ഇത്തവണത്തെ എൻെറ കണി ആളുടെ മൂഡായിരുന്നു ദേഷ്യത്തോടെ ആളെ ഞാൻ നോക്കി
അപ്പോഴാണ് ശ്രദ്ധയിലപ്പെട്ടത് ആളെ നെഞ്ച് വേദന കൊണ്ട് പുളയുകയാണ്.

പെട്ടെന്ന് തന്നെ അടുത്തൊരു ആശുപത്രിയിലേക്ക് bus പുറപ്പെട്ടു
അയാളെ അവിടെ അഡ്മിറ്റ് ചെയ്തു ബസ് തിരികെ പോയി എനിക്ക് ആളൊടൊപ്പം നിൽക്കേണ്ടി വന്നു.

ആൾ നോർമ്മൽ ആയി റൂമിൽ കയറി കണ്ടു അയാൾ എന്നെ നോക്കി പുഞ്ചിരിച്ചു ...ഇതിൽപ്പരം വലിയൊരു കൈന്നിട്ടം എനിക്ക് കിട്ടാനില്ല, ആ പുഞ്ചിരി..

ഞാൻ ഒരാളുടെ ജീവൻ രക്ഷിച്ചിരിക്കുന്നു ...

By,
=========================================================

വിഷു കൈനീട്ടം
------------------------
ഞാന്‍ പഴയൊരു കുട്ടനാടന്‍
കൃത്യമായി പറഞ്ഞാല്‍ നെടുമുടി ക്കാരന്‍.
ഏതാണ്ട് അറുപതുകളുടെ അവസാന വര്‍ഷക്കാലം.
ഞാന്‍ ആറിലോ ഏഴിലോ പഠിക്കുന്നു. 
മീനം കഴിഞ്ഞു  മേടമെത്തുന്നു. വിഷു ഹാ .. ഹാ... ഹാ... വിഷുത്തലേന്ന് പക്ഷേ പട്ടിണി യായിരുന്നു. ഇല്ലായ്മ കൊണ്ട്. അച്ഛന്‍ വീട്ടിലെത്തിയിട്ടല്ല.  വള്ളി നിക്കറിട്ട ഈ ആറാം ക്ളാസു കാരനും പടക്കം വേണം കണിക്ക് കൊന്ന പ്പൂക്കളും വേണം. അമ്മച്ചീഎന്തേലും പറ.ആരോടെങ്കിലും കടം ചോതീര്. അമ്മച്ചി കൈ മലര്‍ത്തി. ഒണ്ടാരുന്നേല് നിന്നെ പട്ടിണി ക്കിടുമോ?
ഏതായാലും അച്ഛനെത്തട്ടെ. അമ്മച്ചി ആറ്റില്‍ അലക്കാനും കുളിക്കാനും പോയി. ഞാനൊറ്റ മോനാണേ. അച്ഛന്‍ വരാന്‍ വൈകിയാലോ?
 
എന്താ വഴി ഞാനോചിച്ചു. കണ്ടത്തീന്ന് നെല്‍ക്കതി രൂരി വിറ്റു കാശുണ്ടാക്കാന്‍ കഴിയില്ല. കണ്ടത്തിലിപ്പം കച്ചി മാത്രേയുള്ളൂ. കതിരൂ വില്‍ക്കുന്ന വിദ്യ അറീല്ല അല്ലെ? വിളഞ്ഞു കിടക്കുന്ന പാടവരമ്പിലൂടെ ഒരുസഞ്ചീം തൂക്കി ഒറ്റ നടപ്പാ. വിളഞ്ഞു കിടക്കുന്ന നെല്‍ക്കതിര്‍ ഇരു കൈകള്‍ കൊണ്ടും ഊരിയെടുത്ത് സഞ്ചീലാക്കും. എന്നിട്ടൊറ്റ ഓട്ടം വെച്ചു കൊടുക്കും. വിശാലമായ പുഞ്ചപ്പാടത്തിന് ഇത് വലിയൊരു നഷ്ടമല്ല.  പക്ഷേ കുട്ടിള്‍ക്ക് ഉല്‍സവ പ്പറമ്പിലെ ചില്ലറ ചെലവുള്‍ക്കത് ധാരാളം.
കുത്തിയിരുന്ന് തല പുകച്ചു. ഞങ്ങടെ പഴേ വീടിന്‍റ അകത്തളത്തില്‍ ഭിത്തിയില്‍ ഒരു സമ്പാദ്യ ച്ചെപ്പുണ്ട്. അത് ഭിത്തിയില്‍ സിമന്‍റു ചെയ്തു പിടിപ്പിച്ചിരിക്കുവാ. അതില്‍ അച്ഛനുമമ്മച്ചീം നാണയം ഇടുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. ഭിത്തിയിലായതി നാല്‍ കുലുക്കി നോക്കാനു മാവില്ല. 
ഞാന്‍ ചിന്തിച്ചുറച്ചു.ആ സമ്പാദ്യപ്പെട്ടി പൊട്ടിക്കുക.

ഭിത്തീന്ന് പെട്ടി അടര്‍ത്തി. എണ്ണി നോക്കിയപ്പം അന്തം വിട്ട് കണ്ണു മിഴിച്ചു. 113 രുപ. ഇന്നത്തെ ഏകദേശം 1500 രൂപ. പണം ഒരു പൊതിധയാ ക്കി വള്ളിനിക്കറിന്‍റ പോക്കറ്റിലിട്ടു.
കുളികഴിഞ്ഞമ്മ വന്നപ്പം ഞാന്‍ വിളിച്ചു കൂവീ. അമ്മച്ചീ ഞാന്‍ കൊന്നപ്പൂ പറിക്കാന്‍ പോവ്വാ. വീടീന്നിറങ്ങി പാട വരമ്പിലൂടൊറ്റ ഓട്ടം. 3 കിലോമീറ്റര്‍ അകലെയുള്ള വാലേഴത്തു ശശിയുടെ (ഇന്നത്തെ ചലച്ചിത്ര നടന്‍ നെടുമുടി വേണു വിന്‍റെ നാട്ടിലെ പ്പേര്) ആവീട്ടു മുറ്റള്ള കൂറ്റന്‍ കൊന്നമരം പൂത്തുലഞ്ഞ് ചിരിച്ചു നില്ക്കുന്നു. പൂ പറിക്കാന്‍ കുറേപ്പേരുണ്ട്. ഞാനും മരത്തില്‍ വലിഞ്ഞു കേറി ആവശ്യത്തിലധികം പൂങ്കുലകള്‍ ഒടിച്ചെടുത്തു. 
തിരിച്ചൊടി പടക്കക്കടയില്‍ എത്തി ആഗ്രഹിച്ച പടക്കങ്ങള്‍ വാങ്ങി. 65 രുപ  വീട്ടിലെ ത്തിയപ്പൊള്‍ അന്തി മയങ്ങി. പടക്കങ്ങളെല്ലം ഒളിപ്പിച്ചു വച്ചു. 

താമസിച്ചതിനു കൊറേ വഴക്കു കേട്ടു. കണിപ്പൂക്കള്‍ കണ്ടപ്പോള്‍ അമ്മച്ചീക്കു സന്തോഷമായി. എവിടേന്നാ മോനേ ഇത്രേം കണിപ്പൂവ്. നെടുമുടി വേണൂന്‍റെ വീട്ടീന്നാ (അന്ന്താരമല്ല). 
അമ്മ മനോഹരമായി വിഷു ക്കണി ഒരുക്കി ക്കിടന്നു.

വെളുപ്പാന്‍ കാലത്ത് എന്‍റെ പായില്‍ വന്ന് കണികാട്ടാന്‍ വിളിക്കുമ്പോള്‍ ഞാനില്ല,
മുറ്റത്തപ്പോള്‍ വെടിക്കെട്ടു പൂരം തകര്‍ത്തു പൊടിപൊടിച്ചു കേറി. അലൂമിനിയം കുടത്തിലും മണ്‍ കുടത്തിലും എല്ലാം പടക്കം പോട്ടി. അന്തം വിട്ടു മിഴിച്ചുനിന്ന അമ്മയുടെ മുന്നിലേക്ക് ഒരു മത്താപ്പൂവും കത്തിച്ച് ചിരിയുമായ് ഞാനെത്തി. ആദ്യം അമ്മച്ചി യൊന്നു ചിരിച്ചുവോ എന്തോ. പിന്നെ യെന്‍റെ തുടകളില്‍ പടക്കങ്ങള്‍ പൊട്ടിയോ? ഓര്‍മ്മയില്ലാ. എവിടുന്നാടാ ണം? ഞാന്‍ പൊട്ടി ക്കരഞ്ഞു. പൊട്ടി ക്കരഞ്ഞ എന്‍റെ രണ്ടു കണ്ണുകളും അമ്മച്ചീടെ ഇരുകൈകളും കൊണ്ടു പൊത്തി. എന്നെ മാറോട് ചേര്‍ത്ത് അമ്മ യൊരുക്കിയ വിഷുക്കണിക്കു മുന്നിലെത്തിച്ച് കൈകളെടുത്തു കണി കാണിച്ചു. കണിയില്‍ നിറയേം കൊന്നപ്പൂക്കള്‍ മറ്റൊന്നും ഞാന്‍ ശ്രദ്ധിച്ചില്ല. പെട്ടെന്ന് കീശയില്‍ നിന്ന് മിച്ചമുണ്ടായിരുന്ന 48 രൂപയുടെ നാണയത്തുട്ടുകള്‍ അമ്മയെ ഏല്പിച്ചു.
അതുമുഴുവനും അമ്മച്ചി വിഷു കൈനീട്ടമാണെന്ന് പറഞ്ഞ് എന്‍റെ ഇരു കൈകളിലുമായി വച്ചു തന്നു.
ഞാനൊനൊന്നു വിതുമ്പിയോ
പശ്ചാത്താപത്താലൊ
വിഷു കിടിലനാക്കിയ സന്തോഷം കൊണ്ടോ അതോ അമ്മച്ചി തന്ന വിഷുക്കൈ നീട്ടത്തിന്‍റെ ആര്‍ദ്രത യാലോ.
അറിയില്ല!

By,

Mohanan Vk.
===========================================================

By,
Unnikrishna Menon.


















No comments: