Saturday, April 18, 2015

" മുട്ടിലിഴയും ജന്മങ്ങൾ "


പല തരത്തിലുള്ള കച്ചവടക്കാരും അവരുടെ കടകളിലേയ്ക്ക് വിളിച്ചു കയറ്റാൻ ശ്രമിക്കുന്ന ദല്ലാളന്മാരുടെ ശബ്ദകോലാഹല
ങ്ങളും  , തീർത്ഥാടകരും , തല മൊട്ടയടിച്ച് കടലിൽ കുളിക്കാൻ വരുന്നവരും , കടലു കാണാൻ വരുന്നവരും , വിദേശികളും , സ്വദേശികളും , അന്യസംസ്ഥാന തീർത്ഥാടകരും , തൊഴിലാളികളും , മണ്ണിൽ ഓടി നടക്കുന്ന ബാല്യങ്ങളും , ഒട്ടക സവാരിനടത്തുന്നവരും  , കുതിര സവാരി നടത്തുന്നവരും , മീൻ പിടുത്തക്കാരും , കടലിനോടു കഥ പറഞ്ഞിരിക്കുന്ന ബുദ്ധി ജീവികളും ,  തലമുടിയിൽ കനകാംബരവും ചൂടി മാംസദാഹികളെ തേടി നടക്കുന്നവരും , കഴുകൻ കണ്ണുകളുമായി റാഞ്ചാൻ നടക്കുന്ന മോഷ്ട്ടാക്കളും , കാമുകീ കാമുകന്മാർ , കുടുംബാംഗങ്ങൾ ,  പോലീസുകാർ ,  അങ്ങനെ ഒട്ടനവധി തരക്കാരേ കൊണ്ട്ജ നസാന്ദ്രമാണീ കടലോരം അതുപോലെ തന്നെ വൃത്തിഹീനവുമാണ്....


പക്ഷേ ഇതൊന്നും വക വെക്കാതെ കടലിന്‍റെ മറുകര ലക്ഷ്യമാക്കി വിദൂരതയിലേക്ക് കണ്ണും നട്ടിരിക്കുകയാണ് ഞാൻ ;

ആ കാഴ്ച്ചയിൽ സുനാമിയിൽ പൊലിഞ്ഞു പോയ ആത്മാക്കളുടെ നിലവിളിയോ  , മണ്ണുമാന്തി കപ്പലിന്‍റെ മണിമുഴക്കമോ ഒന്നും തന്നെ എന്നെ സ്വാധീനിച്ചില്ല....

ഞാൻ മറ്റേതോ ലോകത്തിലായിരുന്നു കാരണം എന്‍റെ അമ്മയ്ക്ക് കൊടുത്ത വാക്ക് ഞാൻ പാലിക്കുകയാണ് , ആ സന്തോഷത്തിൽ എല്ലാം മതി മറന്നുപോയി....


ഓർമ വന്നതിനു ശേഷം രണ്ടു പ്രാവശ്യമാണ് ഞാനിവിടെ വന്നിട്ടുള്ളത് ഇപ്പോൾ നീണ്ട 20 വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് വീണ്ടും ഞാനീ പുണ്യഭൂമിയിൽ കാലുകുത്തിയിരിക്കുന്നത്. ഞാനിപ്പോൾ നിൽക്കുന്നത് കിഴക്കിന്റെ ലൂർദെന്നറിയപ്പെടുന്ന ഇന്ത്യയിലെ ക്രൈസ്തവരുടെ പ്രധാന തീർഥാടന കേന്ദ്രമായ തമിഴ്‌ നാട്ടിലെ നാഗപട്ടണം ജില്ലയിലെ വേളാങ്കണ്ണി എന്ന ചെറിയ പട്ടണത്തിലുള്ള ആരോഗ്യ മാതാ ദേവാലയമായ വേളാങ്കണ്ണി പള്ളിയുടെ തിരുമുറ്റത്താണ് സെപ്റ്റംബർ മാസത്തിലെ എട്ടുനോമ്പ് പെരുന്നാളായത് കൊണ്ട് വൻ ഭക്തജന തിരക്കാണ്, പള്ളിയുടെ പരിസരവും വേളാങ്കണ്ണി പട്ടണവുമെല്ലാം ജനസമുദ്രമായി മാറിയിരിക്കുന്നു. തിക്കിലും തിരക്കിലും ഉന്തും , തള്ളും കൊണ്ട്  വേണം അതിനിടയിലൂടെ നടക്കാൻ , പള്ളിയുമായി ബന്ധപ്പെട്ട പരിസര വ്യാപാര കടകളിലും , പലവിധ നേർച്ചകൾക്കും മറ്റുമായി കൗണ്ടറിലേക്കുള്ള നീണ്ട നിരയിലേക്ക് എത്തിപ്പെടണമെന്ന ലക്ഷ്യവുമായി താൽക്കാലികമായി ബംഗാൾ ഉൾക്കടലിനോട് ചേർന്ന് കൈവരിയായി വീഴുന്ന കാവേരിയോടു വിടചൊല്ലി ഞാൻ ഹോട്ടലിലേക്ക് തിരികെ നടക്കുമ്പോൾ...... 


എന്‍റെ അമ്മയ്ക്ക് കൊടുത്ത വാക്ക് ഞാൻ പാലിച്ച്തിന്‍റെ സന്തോഷം മാത്രമായിരുന്നു മനസ്സിൽ തിര തല്ലിയിരുന്നത്...


ആ സന്തോഷത്തിൽ പങ്കു ചേരാൻ അച്ഛനുണ്ടായിരുന്നില്ല നല്ലവരെ ദൈവം നേരത്തെ വിളിക്കുമെന്ന് പറയുന്നത് ശരിയാണെന്ന് എനിക്കും തോന്നാറുണ്ട്... ബാക്കിയെല്ലാവരുമുണ്ട് അമ്മ , അനിയത്തിമാർ , അമ്മൂമ്മ , അങ്കിൾസ് , ആന്റീസ് , അവരുടെയെല്ലാം മക്കൾസ് , കസിൻസ് അങ്ങനെ കുടുംബത്തിലെ ജീവിച്ചിരിക്കുന്ന എല്ലാ അംഗങ്ങളെയും കൂട്ടി വേളാങ്കണി പള്ളിയിൽ കൊണ്ടുപോകാമെന്ന എന്‍റെ അമ്മയ്ക്ക് കൊടുത്ത വാക്കും , വേളാങ്കണി മാതാവിന് കൊടുത്ത വാക്കും പാലിച്ചു എന്‍റെ നേർച്ച പൂർത്തീകരിച്ചു.....


ഹോട്ടലിലെത്തി കുളിച്ചു ഭക്ഷണം കഴിച്ചു എല്ലാവരും ചേർന്ന് രാത്രയിൽ പള്ളിയിലേക്ക് പോയി. എല്ലാവർക്കും  നേർച്ചകൾ പലതായിരുന്നു നേരാനും , വീട്ടാനുമുണ്ടായിരുന്നത്. 

ഹിന്ദുക്കളുടെ വഴിപാടുകളെ ഓർമിപ്പിക്കുന്ന തരത്തിലുള്ള പുഷ്‌പാര്‍ച്ചനകൾ , ശയന പ്രദക്ഷിണം, തൊട്ടിലു കെട്ടല്‍, തല മുണ്ഡനം ചെയ്യല്‍ തുടങ്ങിയ ഒരുപാട്‌ നേര്‍ച്ചകള്‍ ഇവിടെ കാണാം. 
മലയാളികളിൽ അധികാമാരും മൊട്ടയടിക്കാറില്ല കൂടുതലും അന്യസംസ്ഥാന വിശ്വാസികൾ ആണത്തിൽ കൂടുതലും. 
ഞങ്ങളുടെ നേർച്ചയിൽ കൂടുതലും മെഴുകുതിരികളും , ആൾരൂപങ്ങളും ആയിരുന്നു , പിന്നേ പേര് ചൊല്ലി കുർബാന  മരിച്ചവർക്ക് വേണ്ടിയും അങ്ങനെ കുറച്ചു പേർ നീണ്ട നിരയിൽ സ്ഥാനം പിടിച്ചു.... ഞാനും കസിൻസും കൂടി ചുറ്റിനും കറങ്ങി നടക്കുമ്പോൾ പലതരം നേർച്ചകൾക്കായി കാത്തിരിക്കുന്നവർ , പലതരം അസുഖം മാറ്റാൻ നേർച്ചയ്ക്കായി നിൽക്കുന്നവർ , ആരോഗ്യമാതവിന്‍റെ കാണിക്കയിൽ പോസ്റ്റ്‌ ചെയ്യാൻ കത്തെഴുതുന്നവർ , വിലയേറിയ ചെറിയ പൊൻകുരിശുമായി നിൽക്കുന്നവർ , പണവുമായി നിൽക്കുന്നവർ , യാചകരുടെ നീണ്ട നിര , അങ്ങനെ ഒരുപാട് ഒരുപാട് കാഴ്ചകൾ കണ്ടു ഹോട്ടലിലേക്ക് എല്ലാവരും മടങ്ങി. ഞാനും കസിൻസും കുറച്ചു കൂടി കറങ്ങി ആരവങ്ങൾ കഴിഞ്ഞു രാതിയിൽ വൈദ്യുത വിളക്കുകൾ കണ്ണടയ്ക്കുന്ന നേരം അകലെ നിന്നും കടൽ തിരമാലകളുടെ താരാട്ടും കേട്ട് , മുകളിൽ നക്ഷത്രങ്ങളുടെ പുഞ്ചിരിയും നോക്കി കിടന്നു നേരം പരപരാ വെളുക്കുന്നതിനു മുന്നേ ഹോട്ടലിലെത്തി കുറച്ചു നേരം കൂടി കിടന്നു ഉറങ്ങി...  

പിറ്റേന്ന് പുലർച്ചെ 9 മണിക്കാണ് മലയാളം കുർബാന...!!!

രാവിലെ പള്ളിയിലേക്ക് പോകുന്ന വഴി ഒരുപാട് വിശ്വാസികൾ  മുട്ടിലിഴഞ്ഞു പള്ളിയിലേക്ക് പോകുന്നതെന്‍റെ ശ്രദ്ധയിൽപെട്ടു അതിനെകുറിച്ച് ചോദിച്ചപ്പോൾ പലതരം പാപ പരിഹാരങ്ങൾക്ക് വേണ്ടിയാണിങ്ങനെ ചെയ്യുന്നതെന്നായിരുന്നു മറുപടികളും....
വിശ്വാസികൾ മുട്ടിലിഴയുന്ന കാഴ്ച്ച എന്നിലേൽപ്പിച്ച മുറിവ് മറ്റൊന്നായിരുന്നു പെട്ടെന്ന്ഞാൻ ആ പാവം മുട്ടിലിഴഞ്ഞ ജന്മങ്ങളോട് ചെയ്ത മഹാ ക്രൂരതയെ പറ്റി ഓർത്തുപ്പോയി.....
 കഥ മറ്റൊന്നായിരുന്നു അതിനുള്ള പരിഹാരമാകില്ല ഈ മുട്ടിലിഴയുന്നതെന്ന് എനിക്കറിയാം എന്നാലും ഞാനും അത് ഒരു നേർച്ചയായി ചെയ്യാൻ തീരുമാനിച്ചു......
ഞാൻ ചെയ്ത ക്രൂരതയുടെ കഥ ഞാനോർത്തു പോയി അവിടെ വെച്ചു എന്‍റെ മനസ്സ്  കേരളത്തിലെ ഫോർട്ട്‌ കൊച്ചിയിലേക്ക് യാത്രയായി.....

കൊച്ചി ഇപ്പോൾ പഴയ കൊച്ചി അല്ല , പഴയ സൗന്ദര്യം നഷ്ട്ടമായിരിക്കുന്നു....


1996 കളിലെ ഫോർട്ട്‌ കൊച്ചിയുടെ സൗന്ദര്യം നഷ്ട്ടപ്പെട്ടിരുന്നില്ല , ആധുനികതയിലേക്ക് വളരുന്നതെയുണ്ടായിരുന്നുള്ളൂ..... തുലാമാസത്തിലെ മഴ തകർത്ത് പെയ്യുകയാണ് തോടുകൾ കവിഞ്ഞൊഴുകി തോട് കടന്നു വീട്ടിലേക്കു കേറുവാൻ മരപ്പാലമാണ് ഇട്ടിരിക്കുന്നത് , മരപ്പാലങ്ങൾ മുങ്ങി വീടിലെ പറമ്പിൽ വെള്ളം പൊങ്ങിയാൽ മുറ്റത്ത് നിറയെ ചെറു മീനുകളും , തവളകളും ,  ആമകളെയുമെല്ലാം എപ്പോഴും കാണാം..... 

മഴയത്ത് കുളിക്കാനും , വെള്ളത്തിൽ കളിയും , ഓടിൽ നിന്നും വീഴുന്ന മഴവെള്ളം തട്ടികളിച്ചും , കടലാസ് വഞ്ചികൾ ഉണ്ടാക്കി വിടുന്നതുമെല്ലാം മനസ്സിലേക്കൊടിയെത്തി.... 
രാത്രിയിലെ ഇടിവെട്ടും , മിന്നലോടു കൂടിയുമുളള മഴ ചിലപ്പോൾ രണ്ടു , മൂന്ന് ദിവസം തുടർച്ചയായും മഴ പെയ്യും....
മഴിയില്ലെങ്കിൽ ചീവീടുകളുടെയും , തവളകളുടെയും , നത്തുകളുടെയും , പിന്നെ കൊച്ചിക്കാരുടെ സ്വന്തം കൊതുകുകളുടെയും താരാട്ടും , മൂളി പാട്ടുമൊക്കെയാണ്രാത്രിയിലെ ഉറക്കത്തിനു കൂട്ട്.....

അങ്ങനെയിരിക്കെ അപ്പൂപ്പന്‍റെ ഓർമദിവസത്തിൽ തറവാട്ടു വീട്ടിൽ എല്ലാവരും ഒത്തുകൂടി , കസിൻസുമായി കൂട്ടുകൂടിയാൽ പിന്നെ അല്ലറ ചില്ലറ വെള്ളമടിയും വാചകമടിയും സ്ഥിരമായിരുന്നു.. അന്നൊക്കെ വെള്ളമടിയുടെ ആരംഭാവസ്ഥയിൽ ആയിരുന്നു ഞാൻ കൂടി പോയാൽ ഒരു ബിയർ കഴിക്കും.....

ഞങൾ 4 വലിയ കസിൻസും പിന്നെ 2 പീക്കിരികളും ഞങ്ങളുടെ കൂട്ടത്തിലെ ഒരംഗമായ ഞങ്ങളുടെ സ്വന്തം അമ്മാവനും (അങ്കിളും) അമ്മാവാ എന്നാണ് കളിയാക്കി വിളിക്കാറുളത് ആള് നല്ലൊന്നാന്തരം കുക്കും , പിന്നെ വെള്ളമടി പാർട്ടിയുമാണ് , കൊതുകിന്‍റെ ശല്യം കാരണം ബാക്കിയെല്ലാവരും അങ്കിളിന്റെ വീട്ടിലാണ് കിടക്കാൻ പോകുന്നത്.... തലമൂത്തവരും , മാതാപിതാക്കളും പോയി കഴിഞ്ഞാൽ പിന്നെ ഞങളുടെ ലോകമാണ്....

വട്ടത്തിൽ ചുറ്റിയിരുന്നു വെള്ളമടിയും , ഭക്ഷണം കഴിപ്പും മുച്ചീട്ട് കളിയുമാണ് ഞങ്ങളുടെ പ്രധാന വിനോദം. അങ്ങനെയിരിക്കുമ്പോൾ അമ്മാവൻ പറഞ്ഞു നമ്മുക്കെല്ലാവർക്കും പച്ച  തവളയെ പിടിച്ചാലോ , തോടും , ഓടയമെല്ലാം നിറഞ്ഞു നിൽക്കുകയാ ഒരുപാടു തവളകളുണ്ട്, നല്ല ഇറച്ചിയുമാണ് കഴിക്കാൻ എന്നൊക്കെ അമ്മാവന്റെ വാതോരാതെയുള്ള പ്രസംഗവും കൂടി ആയപ്പോൾ വായിൽ കപ്പലോടിക്കാൻ പാകത്തിൽ വെള്ളം നിറഞ്ഞു....!!

ഞാൻ അന്നുവരെ തവളയിറച്ചി കഴിച്ചട്ടില്ല....
നസ്രാണിയായത്‌ കൊണ്ട് കഴിക്കാത്ത ഇറച്ചികകളും വളരെ ചുരുക്കവുമാണ് കോഴി , താറാവ് , കാട , കാക്ക , ആമ ,പന്നി , മരപ്പട്ടി , കീരി , കരിംബൂച്ച , പശു , പോത്ത് , എരുമ , ആട് , വവ്വാൽ , മുയല് , ചേര , മത്സ്യങ്ങൾ , ഞവണിക്ക മുതലായ നീണ്ട നിരകൾ കഴിച്ചിട്ടുണ്ടായിരുന്നു പക്ഷെ തവള കഴിച്ചട്ടില്ലായിരുന്നു....

പച്ച തവളയെ കുറിച്ച് അമ്മാവന്‍റെ പഠന ക്ലാസ് കഴിഞ്ഞതിനു ശേഷം രാത്രി 10 മണിക്ക് മൂന്നു ഗ്രൂപ്പുകളായി തിരിഞ്ഞു കൈയ്യിൽ ചാക്കും , ട്ടോർച്ചുമായി തവള പിടുത്തതിനിറങ്ങി.....


തോട്ടിലും , ഓടയിലും ക്രോം ക്രോം കരയുന്നവരെയും , വെള്ളത്തിൽ  തലയും പൊക്കി പൊങ്ങി കിടക്കുന്നവരുടേയും കണ്ണുകളിലേക്ക് ട്ടോർച്ചടിച്ചു പുറകിലൂടെ ഒറ്റ പിടുത്തം ചിലപ്പോൾ ഒന്ന് എടുത്താൽ ഒന്ന് ഫ്രീ ഇണ ചേർന്നിരിക്കുന്നവരായിരുന്നു അങ്ങനെയുള്ളവർ....

എന്തായാലും നല്ല രസമായിരുന്നു..... 
ഇടയ്ക്ക് മാത്രമുണ്ടായിരുന്ന കൊള്ളിയാന്‍റെ വെളിച്ചത്തിൽ തവളകളെ നോക്കി നോക്കി പിടിച്ചു ചാക്കിലാക്കി വീട്ടിലേക്കു വന്നു.... 
അങ്ങനെ 3 ചാക്ക് നിറച്ചും തവളകൾ , ചുറ്റിനുമിരുന്നു വെള്ളമടി തുടങ്ങി..... ചാക്കിനുള്ളിൽ ശ്വാസം മുട്ടി കരയുന്ന ക്രോം ക്രോം നിലവിളികൾ ഞങ്ങൾ ആരും ചെവി കൊണ്ടില്ല , അമ്മാവൻ പലകയും  , കത്തിയും , പാത്രങ്ങളുമെല്ലാം കൊണ്ടുവന്നു ചുറ്റിനുമിരുന്നു പണി ആരംഭിക്കും എന്‍റെ പണിയായിരുന്നു തവളയുടെ പിൻകാലുകൾ വെട്ടിയെടുത്തു തവളയെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞു കളയും , ചെറിയ പീക്കിരികൾ വെട്ടി ഇട്ട തവളയുടെ തുടകളുടെ തൊലിയുരിയും , മൂത്ത കസിൻ ചേട്ടനും , അമ്മാവനും കൂടി തുടയ്ക്കുള്ളിലെ ഞരമ്പ്‌ സസൂക്ഷ്മം എടുത്തു കളയും അതു കഴിച്ചാൽ ആസ്മയും , വലിവുമുണ്ടാകുമത്രേ....

ജീവിതത്തിൽ ഞാൻ ഇന്നേ വരെ ഞാൻ കഴിച്ചിട്ടുള്ള  ഇറച്ചികളെക്കാൾ രുചികരമായിരുന്നു തവള കാൽ ഫ്രൈ , നേരം വെളുക്കുവോളം കാലു വെട്ടി ഫ്രൈ ചെയ്തു വെള്ളവുമടിച്ചു ആർത്തിയോടെ തിന്നു , ബാക്കിയുള്ളവർക്ക് കൊടുക്കാനായി അല്ലെങ്കിൽ നാളത്തേക്ക് എടുക്കാനായി കുറേ കാലുകൾ ഫ്രിഡ്ജിൽ വെച്ചു ബോധം പോയപ്പോൾ എല്ലാവരും കിടന്നുറങ്ങി....

എനിക്ക് വെളുപ്പാം കാലത്തെ എഴുന്നേല്ല്ക്കുന്ന ദുശീലമുണ്ട് മുറ്റത്ത്‌ മുള്ലാനിറങ്ങി , കൊള്ളിയാൻ നന്നായിട്ടുണ്ട്  , ശക്തിയേറിയ ഒരു കൊള്ളിയാൻ വന്നപ്പോൾ മുറ്റത്ത് എന്തെക്കെയോ കിടന്നിഴയുന്നത് ഞാൻ കണ്ടു , കല്ലുകൾ ഓടിനടക്കുകയാണോ ദൈവമേ ഇതെന്തൊരു മറിമായം വീണ്ടും ഞാൻ സൂക്ഷിച്ചു നോക്കി കാലു വെട്ടിയിട്ട തവളകൾ രണ്ടു കൈയ്യുമായി മുട്ടിലിഴഞ്ഞു തോട്ടിലേക്ക് നീങ്ങുന്നു വേദനാജനകമായ ഒരു കാഴ്ച്ച ആയിരുന്നു അത്..... 

ഞാൻ അകത്ത് പോയി പുറത്തെ ബൾബിന്‍റെ സ്വിച്ച് ഇട്ടു എന്നിട്ട് കൈയ്യിൽ ട്ടൊർച്ചുമെടുത്തു മുറ്റത്തിറങ്ങി നോക്കിയപ്പോൾ യുദ്ധഭൂമിയിൽ കൈയ്യ്കളും,  കാലുകൾ നഷ്ട്ടപ്പെട്ട് ചോരയിൽ കുളിച്ച് കിടക്കുന്ന മിലിട്ടറി പട്ടാളക്കാരെ മാത്രമേ ഇതിനു മുൻപ്ഞാൻ അങ്ങനെ കണ്ടിട്ടുള്ളൂ അതും സിനിമാ ടാക്കീസിലും , ടി.വിയിലും മാത്രം...!!!

പിന്കാലുകളില്ലാതെ ചേതനയറ്റ ഭാഗത്ത് ചോരയും മണ്ണുമെല്ലാം പുരണ്ടു തോട്ടിലേക്ക് ഇഴയുന്നവർ മുറ്റം നിറയെ കാലുകളില്ലാത്ത തവളകൾ , തോട്ടിലേക്ക് പോയി ട്ടോർച്ചടിച്ചു നോക്കിയപ്പോൾ ചത്തു പൊങ്ങി മലർന്നു  കിടക്കുന്നവരും ഒരുപാട് തവളകൾ കാലുകളില്ലാതെ എങ്ങനെ നീന്താൻ , മനസ്സറിയാതെ ഞാൻ ദൈവത്തെ വിളിച്ചു കരഞ്ഞുപോയി....

വീണ്ടുമൊരു ശക്തിയേറിയ കൊള്ളിയാൻ തോട്ടിലെ വെള്ളത്തിൽ തട്ടി വെളിച്ചം പ്രതിഫലിച്ചപ്പോൾ ഞാൻ ഒരു ക്രൂരന്‍റെ മുഖം തോട്ടിൽ കണ്ടു... ആ കൊളിയാൻ എന്‍റെ മനസിലാണ് മുറിവുണ്ടാക്കിയത്......


മുട്ടിലിഴയുന്ന വിശ്വാസികളെ കണ്ടപ്പോൾ , ഞാൻ വെട്ടി കൊന്ന പാവം തവളകൾ "മുട്ടിലിഴയുന്ന ജന്മങ്ങൾ" എനിക്കവരെ ഓർമ്മ വന്നു , പെട്ടെന്നു ഞാൻ പള്ളിമുറ്റത്ത് ബോധം നഷ്ട്ടപ്പെട്ട് കുഴഞ്ഞു വീണു,,,,

മുഖത്ത് വെള്ളം തളിച്ചപ്പോൾ ഞാൻ ക്ഷീണിതനായിരുന്നു ചുറ്റിനും ബന്ധുമിത്രാതികൾ , നഴ്സുമാർ , ഡോക്ട്ടർമാർ , കരഞ്ഞു കൊണ്ട് അമ്മയും സഹോദരിമാരും നിൽക്കുന്നു.... 
ഞാൻ പെട്ടെന്ന് ചാടിയെഴുന്നേൽക്കാൻ ശ്രമിച്ചു കഴിയുന്നില്ല , അതിനുള്ള ശക്തിയും ശേഷിയും എനിക്കില്ല , ഞാൻ  പരിഭ്രാന്തനായി ഡോക്ട്ടർമാരും , നഴ്സുമാരും എന്നെ പിടിച്ചു മയക്കാനുള്ള കുത്ത് വെച്ചു എന്നെയുറക്കി.....
പിറ്റേന്നു രാവിലെ കണ്ണു തുറന്നപ്പോൾ ഇതേ അവസ്ഥ വീണ്ടും ഞാൻ ഞെട്ടിയുണർന്നു ചാടി എഴുന്നേല്ക്കാൻ നോക്കി.....

കരഞ്ഞു കൊണ്ട് ഉച്ചത്തിൽ അമ്മ പറഞ്ഞു നീ എഴുന്നേൽക്കണ്ട നിന്‍റെ കാലുകൾ മുറിച്ചു മാറ്റി.....

നീണ്ട മൂന്ന് ദിവസത്തെ അബോധാവസ്ഥയിൽ നിന്നുമാണ് നീ ഇന്നലെ ഉണർന്നത് വെള്ളമടിച്ച് ബോധമില്ലാതെ ബൈക്കോടിച്ച് പോയ നീ ബസ്സുമായി കൂട്ടിയിടിച്ച് നിന്‍റെ കാലുകൾ മുറിച്ച് മാറ്റേണ്ടി വന്നു ജീവൻ മാത്രമേ രക്ഷിക്കാനയുള്ളൂ ഇവർക്ക്, എന്നും പറഞ്ഞു അമ്മ കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രി മുറിയിൽ നിലവിളിച്ച് കരഞ്ഞപ്പോൾ ആണ് ഞാൻ ആ സത്യം തിരിച്ചറിഞ്ഞത് എന്‍റെ കാലുകൾ മുറിച്ചു മാറ്റിയിരിക്കുന്നു വേദന എന്നെ കാർന്നു തിന്നാൻ തിടുക്കം കൂട്ടുന്നു , ബാക്കിയെല്ലാം  ഞാൻ കണ്ട സ്വപ്നമായിരുന്നു.....

ഇനിമുതൽ ഞാനും " മുട്ടിലിഴയും " ....... 

No comments: