Wednesday, January 3, 2018

നിരപരാധി

നിരപരാധി  

സ്നേഹവാത്സല്യങ്ങളുടെ തടങ്കലിൽ ഞാൻ സ്വന്തം കൂടപിറപ്പിന്‍റെ കുഴിമാടത്തിൽ നിന്നും ശാന്തമായ പ്രാർത്ഥനയ്ക്ക് ശേഷം പ്രതീക്ഷകളൊന്നുമില്ലാതെ ഇനിയൊരിക്കലും ജീവിതത്തിലേക്ക് തിരിച്ചുവരാൻ കഴിയാതെ കണ്ണീർ വറ്റിയ അമ്മയോടും അനിയത്തിയോടും പ്രിയപ്പെട്ടവരോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ ജോർജിന്‍റെ മിഴികൾ ഒന്ന് നിറഞ്ഞുവെങ്കിലും തുളുമ്പിയിരുന്നില്ല, അങ്ങനെ സംഭവിച്ചാൽ അവിടെ ഒരു കണ്ണീർപ്പുഴ തന്നെ ഒഴുകിയേനെ. മനസ്സിനെ കടിഞ്ഞാണിട്ട് പാകപ്പെടുത്തിയ ഒരു സത്യ ക്രിസ്ത്യാനിയുടെ യഥാർത്ഥ എണ്ണക്കൂട്ടുകളിൽ ചാലിച്ച ചിത്രമായിരുന്നു ആ യാത്ര പറച്ചിലിന്‍റെ മൂകമായ അന്തരീക്ഷത്തിൽ ചുറ്റും കൂടിയവർക്ക് ദർശിക്കാനായത്.

ഒരു വശത്ത് നീതിയുടെ കിരണങ്ങൾക്ക് വെളിച്ചമില്ലാതെ പ്രതീക്ഷകളില്ലാതാവുമ്പോൾ തടവറയ്ക്കുള്ളിലേക്ക് വീണ്ടും യാത്രയാകുന്ന യൗവ്വനത്തിന്‍റെ നല്ല കാലം നിരസിച്ചവനായി ജോർജ് മാറുമ്പോൾ സഹനത്തിന്‍റെയും വിശ്വാസത്തിന്‍റെയും കാര്യത്തിൽ അമ്മ സിസിലിയുടെ മുന്നിൽ പരാജിതനാകുകയായിരുന്നു ഞാൻ.

പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് ഭർത്താവ് മരിച്ചു . ചിറക് മുളയ്ക്കാത്ത മൂന്ന് കുഞ്ഞുങ്ങളെ സിസിലിയുടെ കൈകളിൽ ഏൽപ്പിച്ചാണ് അയാൾ വിടപറഞ്ഞത്. ഏതൊരു അമ്മയും സ്വന്തം മക്കളെ എങ്ങിനെയൊക്കെ കഷ്ട്ടപ്പെട്ട് വളർത്തി വലുതാക്കുന്നത് പോലെ തന്നെയായിരുന്നു ഞങ്ങളെയും വളർത്തിയത്. ഭർത്താവിന്‍റെ വേർപാടിന്‍റെ വേദന കുറഞ്ഞുവരുമ്പോഴായിരുന്നു തനിക്ക് തണലായി മാറേണ്ട ഇളയ മകൻ ജോർജ് മൂന്ന് വർഷം മുൻപ് കോയമ്പത്തൂരിൽ നടന്ന സ്ഫോടന കേസിലെ കൂട്ടുപ്രതിയാക്കി തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോയത്. സത്യത്തിൽ ജോർജ്ജ് നിരപരാധിയായിരുന്നു കള്ള കേസ് ഫയൽ ചെയ്തതായിരുന്നു. ആ ഒരു കേസിന്‍റെ പേരിൽ കാര്യം തിരക്കുകയോ അന്വേഷിക്കുകയോ ചെയ്യാൻ ആരുമുണ്ടായില്ല. 
നാട്ടിലെ പ്രമുഖരായിട്ടുള്ള രാഷ്ട്രീയകക്ഷികളാലും നാട്ടുകാരാലും വെറുക്കപ്പെട്ട് ഒറ്റപ്പെട്ട് വീട്ടിലെ നാല് ചുവരുകൾക്കുള്ളിൽ കഴിയേണ്ടി വന്ന ആ അമ്മയ്ക്ക് ഒറ്റപ്പെടുത്തലുകളും തിരസ്കരിക്കലുമെല്ലാം ആൾ ബലമില്ലാത്ത ചില നന്മകൾ മാത്രം മനസ്സിൽ കൊണ്ട് നടക്കുന്ന പൗരസമിതിക്കാരും ചില മതസാംസ്കാരിക കൂട്ടായ്മകളും മാത്രമായിരുന്നു ആ അമ്മയ്ക്ക് സാന്ത്വനവും ആശ്വാസവുമേകിയത്. അതായിരുന്നു ആ അമ്മയുടെ ഏറ്റവും വലിയ ഒരു ധൈര്യവും....
സത്യം മനസ്സിലാക്കിയ നാട്ടുകാരുടെയും പൗരസമിതിയുടെയും ഇടപെടലിൽ ജോർജ് നിരപരാധിയാണെന്നും പറഞ്ഞു പോരാട്ടത്തിന് ഇറങ്ങിയത് ആ സ്ത്രീയ്ക്ക് വലിയൊരു ശക്തിയാണ് പകർന്നത്.

കുറച്ചു മാസങ്ങൾക്ക് മുൻപ് അഞ്ച് ദിവസത്തെ ജാമ്യത്തിന് നാട്ടിലെത്തിയപ്പോൾ മരണമടഞ്ഞ സഹോദരന്‍റെ കല്യാണത്തിനെത്തിയപ്പോൾ ആ സന്തോഷ മുഹൂർത്തത്തിൽ പങ്കുകൊണ്ട നാട്ടുകാരുടെയും കൂട്ടുകാരുടെയും കൂടെ സ്‌ഫോടനക്കേസിലെ ചില പ്രതികളായ സുഹൃത്തുക്കളുടെ കൂടെ ജോർജിനെ കണ്ടപ്പോൾ ആ അമ്മയുടെ ചിരിക്കുന്ന സന്തോഷം നിറഞ്ഞ മുഖം ഇന്നും ഓർമ്മയിലുണ്ട്.... കഴിഞ്ഞ ദിവസം ആ അമ്മ കേട്ടത് ആറുമാസം മുമ്പ് കല്യാണത്തിനുശേഷം മോന്‍റെ മരണ വാർത്തയായിരുന്നു.... ഈ ഒരു കാരണത്താൽ നീതിപീഠത്തിന് കുറച്ച് മനുഷ്യത്വവും നീതിയും കരുണയും കാണിച്ചിട്ടും തമിഴ്നാട് അഭിഭാഷകൻ എതിർക്കുക മാത്രമല്ല ഒരു മൃഗത്തെ പോലെ ആക്ഷേപിക്കാനും മറന്നില്ല.... എങ്കിലും പ്രത്യേക ഉപാധികളോടെ അഞ്ച് ദിവസത്തെ ജാമ്യം ലഭിക്കുകയായിരുന്നു.....

ജോർജ് മടങ്ങിപോകുന്ന ദിവസം അമ്മയേയും ജോർജിനേയും കാണാൻ പോയ കൂട്ടുകാരോടും അവിടെ ചുറ്റും തടിച്ചു കൂടിയ നാട്ടുകാരോടും സിസിലിയമ്മ പറഞ്ഞതെല്ലാവരുടെയും കാതുകളിൽ ഒരത്ഭുതമായി വാക്കുകൾ പ്രതിധ്വനിച്ചുകൊണ്ടിരുന്നു.....

"എന്‍റെ പൊന്നുമോന് സ്വർഗ്ഗരാജ്യം ലഭിക്കുന്നതിന് വേണ്ടിയും നിത്യശാന്തി ലഭിക്കുന്നതിനും വേണ്ടി നിങ്ങൾ എല്ലാവരും ദൈവത്തോട് പ്രാർത്ഥിക്കുക" ........... 
ആ വാക്കുകൾ സ്നേഹത്തിൽ മുങ്ങി മറ്റൊരു തലത്തിൽ നിന്നും മനസുരുകി പുറത്തേക്കൊഴുകുന്ന അഭ്യർത്ഥനയായി കൂടി നിന്നവർക്ക് തോന്നി ........... 
സിസിലി അമ്മയ്ക്കും മകനും നീ സ്വർഗ്ഗരാജ്യവും ശാന്തിയും സമാധാനവും നൽകണമേ എന്ന പ്രാർത്ഥനയോടെ ഈ ലോകത്തിലെ എല്ലാ പീഡിതർക്കും നിത്യശാന്തി എളുപ്പമാക്കണേ പിതാവേ.. 

വിടപറയുന്നു ഞാനും........ 
ഇനി ജോർജ്ജെന്ന ഞാൻ മരിച്ചവനല്ലോ.....

No comments: