Thursday, February 19, 2015

ഉറുമ്പും ഞാനും

എങ്ങോട്ട് പോകണമെന്നറിയാതെ ഞാൻ വഴിയോരത്ത് വെറുതെ നിൽക്കുകയായിരുന്നു ജോലിക്ക് പോകുന്നതിലെനിക്ക് മടിയായിരുന്നു

അന്നേരം ഉറുമ്പ് തന്റെ കൂര കെട്ടുകയായിരുന്നു.. അതിനു മടിയുടെ ലാഞ്ചന പോലുമില്ലായിരുന്നു.. 

പലരും മുന്നിലൂടെ കടന്നുപോയി.. ഞാന് ബുദ്ധിജീവി നാട്യം ഭാവിച്ചു ആരെയും മൈന്റു ചെയ്തില്ല.. എന്നെയും ആരും നോക്കാന് മെനക്കെട്ടില്ല.. ഉറുമ്പ് തന്റെ മുന്നിലൂടെ കടന്നുപോയ മറ്റുറുമ്പുകളെ പരസ്പരം മൂക്കുകള് മുട്ടിച്ചെന്നപോലെ സലാം പറഞ്ഞു.. എന്റെ അടുത്ത് ഒരു കൂട്ടുകാരന് വന്നിരുന്നു.. ഉറുമ്പിന്റെ അടുത്ത് കുറേ കൂട്ടുകാരുണ്ടായിരുന്നു.. എന്റെ കയ്യില് ഉണ്ടായിരുന്ന ചൂട് കടലപ്പൊതി ഞാനവനില് നിന്നും മറച്ചു വെച്ചു.. പങ്കുവെക്കല് എനിക്കിഷ്ടമല്ലായിരുന്നു..

താഴെ വീണ ഒരു കടല ഉറുമ്പ് വന്നെടുത്തു… ആ കൊച്ചു കടലമണിക്ക് നൂറു കണക്കിന് അവകാശികളെ ആ കുഞ്ഞന് ഉറുമ്പ് കണ്ടെത്തിക്കഴിഞ്ഞിരുന്നു..

മഴ വന്നപ്പോള് ഞാന് ഇരിപ്പ് വെയിറ്റിംഗ് ഷെഡിലേക്ക് മാറ്റി..
എന്റെ കൂട്ടുകാരനും.. ഉറുമ്പ് പക്ഷെ ഒരു കൊച്ചു വെള്ളപ്പൊക്കത്തില് ഒലിച്ചുപോയിരുന്നു.. എനിക്ക് പോകാന് തിടുക്കമായി..മഴ ഒട്ടു കുറയുന്നുമില്ല..എന്റെ കൂട്ടുകാരനും പോകണമെന്നായി .
പക്ഷെ എന്റെ കുടയില് അവനെ കയറ്റാന് എനിക്ക് മടിയായിരുന്നു.
എനിക്ക് വേറെ വഴി ആണ് പോകേണ്ടത് എന്നും പറഞ്ഞു ഞാന് അവനെ ഒറ്റയ്ക്ക് വിട്ടിട്ടു കുടനിവര്ത്തി ഇറങ്ങി നടന്നു..

നല്ല മഴ..
നടക്കുന്ന വഴി ഞാന് നമ്മുടെ പഴയ ഉറുമ്പിനെ കണ്ടു..
കക്ഷി ഒരു ഇലയുടെ പുറത്തു കയറി ഒഴുകിപോകുകയായിരുന്നു.. സൂക്ഷിച്ചു നോക്കിയപ്പോള് സംഗതി വ്യക്തമായി.. തന്റെ കൂട്ടുകാരെ മുഴുവന് ആ ഇലത്തോണിയില് കയറ്റി രക്ഷിക്കാന് ഉള്ള ശ്രമമാണ്.. ഞാന് ചെയ്യുന്നതിനൊക്കെ വിപരീതം പ്രവര്ത്തിക്കുന്ന അവന് വല്യ ഉറുമ്പ് പുണ്യാളന്…
ഇപ്പോള് കാണാം ആരാ വലിയവന് ആരാ നിസാരന് എന്ന് ..

ഞാന് വെക്കം ആ ഇലത്തോണി മറിച്ചിട്ടു.. എല്ലാ ഉറുമ്പുകളും വീണ്ടും കുത്തൊഴുക്കില് പെട്ട് ഒഴുകിയകന്നു..
ഞാനാ കാഴ്ച കണ്ടു രസിച്ചു.

നോക്കുമ്പോള് നമ്മുടെ പ്രധാന ഉറുമ്പ് മാത്രം ഇതാ രക്ഷപെട്ട് കരക്ക് കയറി വരുന്നു.. എനിക്ക് ദേഷ്യം വന്നു .. ഞാനവനെ പിടികൂടി.. തള്ളവിരലിനും ചൂണ്ടുവിരലിനും ഇടയിലിട്ടു അവനെ ഞെരടി.. അനക്കമറ്റപ്പോള് ‘എന്റെ മുന്നില് നീ വെറും കൃമി’ എന്ന് പറഞ്ഞുകൊണ്ട് അവനെ ഞൊടിച്ചു തെറിപ്പിച്ചു .. എനിക്ക് ഏകദേശം തൃപ്തിയായി..

ഞാന് പിന്നെയും ആ മഴയത്ത് നടന്നു .. പെട്ടന്നൊരു കൊള്ളിയാന് മാനത്ത് മിന്നി.. ചിന്തകളില് പഴയ ഉറുമ്പ് കടന്നു വന്നു ..

അധ്വാനത്തിന്റെ മഹിമയറിയാത്ത,ആരോടും കുശലം പറയാത്ത ,
പങ്കുവെക്കാനറിയാത്ത ,സഹായമനസ്ഥിതി ഇല്ലാത്ത , ഇഷ്ടമില്ലാത്തവരെ നിഷ്കരുണം കൊല്ലുന്ന ഞാനാണോ
അതോ ഞാന് കൊന്ന ഉറുമ്പ് ആണോ തമ്മില് ഭേദം ?

ആരായിരുന്നു സത്യത്തില് വലിയവന്..? ആലോചിക്കുന്തോറും ഉറുമ്പിനു എന്നെക്കാള് ഈ ഭൂമിയില് ജീവിക്കാന് എന്തുകൊണ്ടും അര്ഹതയുണ്ടായിരുന്നു എന്നെനിക്കു മനസ്സിലായി..
മഴയുടെ ശക്തി കൂടിയിരുന്നു..

വീണ്ടുമൊരു കൊള്ളിയാന് കൂടി മിന്നിപ്പാഞ്ഞു … heart emoticon പക്ഷെ ഇത്തവണ അതെന്റെ ഉള്ളിന്റെയുള്ളില് ആയിരുന്നെന്നു മാത്രം ..